കാറ്റ് ഹൃദയത്തോട് ചെയ്തത്
ചെറുകാറ്റ്
ഹൃദയത്തിൽ ചില
വിത്തുകൾ വിതച്ച പോലെ....
വളക്കൂറുള്ള രക്തം കുടിച്ച്
തേനൂറും
സ്വപ്നങ്ങൾ തിന്ന്
ഒരു ചുവന്ന പൂന്തോട്ടം ഉണ്ടാകട്ടെ....
അന്നേരം
ഒരു പൂമ്പൊടിയോളം
ചെറുതായി
ഞാനെന്റെ ഹൃദയത്തിലേക്കു
പതുങ്ങും...
അടുത്ത തവണ പൂനിലാവുമായി
കാറ്റ് വരുമ്പോൾ
ഹൃദയത്തോട്
അവൻ ചെയ്യുന്നതെന്തെന്ന്
ഒളിച്ചിരുന്ന് കാണും....
കണ്ണുകൾ കൊണ്ടാരംഗം
ഒപ്പിയെടുത്ത്
രാഗരേണുക്കൾകൊണ്ടൊരു
കവിതയെഴുതും.....
സുനിത ഗണേഷ്************************
പനിക്കിനാക്കൾഇവിടെയീ പനി പുതച്ച്
കുളിരു കുടിച്ചു കിടക്കാനെത്ര സുഖമാണ്,,,,
നിന്റെ സ്നേഹപ്പുതപ്പാണതെങ്കിൽ,,,,
കൊച്ചു കുശുമ്പുകളുടെ മഞ്ചാടിമണികൾ പെറുക്കി കൂട്ടി വച്ചിട്ടുണ്ട് ഞാൻ അതിനടിയിൽ എനിക്ക് കൂട്ടായി,,,,
ഇടയ്ക്കൊക്കെ നഷ്ട സ്മൃതികളുടെ ചെന്നിക്കുത്തുകളും,,,,
നോവുകളുമെന്നെ മൂടുന്നുണ്ട്,,,,
എങ്കിലും ആകുളിരോർമ്മകളെല്ലാം
കളയാതെ കൊള്ളണം,,,
രാസ ഗുളികകൾ,,,
രസം കൊല്ലുമെന്ന് പേടിച്ച്,,,,
ഞാനത് കഴിക്കാതിരിക്കയാണ്,,,
എന്റെയീ,,, കിനാക്കാഴ്ചകൾ കൈവിട്ടു പോയാലോ,,,,
എന്ന് പേടിച്ച്,,,,,
ശ്രീല അനിൽ
************************
ഒറ്റ യൂണിഫോം'നനഞ്ഞ തുണി ഉണങ്ങുന്നതെങ്ങനെ'
ക്ലാസ്സിലെ 'സ്വർണ്ണമഴ'യിലെ ചോദ്യം.
വെയിലത്തിട്ടാലുണങ്ങും,
ഇസ്തിരിയിട്ടാലുണങ്ങും,
വാഷിംങ്ങ് മെഷീനിൽ
സ്പിന്നിലിട്ടാലുണങ്ങും,
അപ്പോഴാണ് പിന്നിലെ ബെഞ്ചിലെ
നനഞ്ഞ കുപ്പായം നോക്കി
ഡോക്ടർ രാമദാസന്റെ മകൾ
'സുരേശനിട്ടാലുമുണങ്ങും'
എന്ന് പറഞ്ഞു ചിരിക്കാൻ തുടങ്ങിയത്...
ഗഫൂർ കരുവണ്ണൂർ
************************
അമ്മ ഒരു ബൂമറാങ്ങ് തന്നെഅടുക്കളയെ വിരിയിക്കുവാൻ
ചൂടുപകരുന്നവൾ....
അന്നപാനങ്ങളുടെ ശതാവതാരങ്ങളിൽ
അടുക്കളക്കുള്ളിൽ നിറഞ്ഞാടുന്നവൾ
വീടിന്റെ കൂർക്കംവലിക്കു മുന്നിൽ
ഇരുളിലേക്ക് തന്റെ വാതിൽ
കൊട്ടിയടക്കുന്നവൾ......
കുടുംബത്തിന്റെ കുപ്പയൊന്നാകെ
വാരിയൊഴിവാക്കാനുള്ള പാഴ്മുറം
ഒടുവിൽ തട്ടിക്കുടഞ്ഞ്
കുറ്റിച്ചൂലിനോടൊപ്പം
വീണ്ടും അടുക്കളമൂലയിൽ
സ്ഥാനം പിടിക്കുന്നവൾ......
സഞ്ചിതൂക്കി പടിയിറങ്ങുമ്പോൾ
സ്നേഹചുംബനങ്ങൾ കൊതിച്ച്
തന്റേതെല്ലാം ഭദ്രമല്ലേയെന്ന്
പാളിപ്പാളി നോക്കുന്നവൾ.....
യാത്ര പറഞ്ഞിറങ്ങാൻകൊതിച്ച്
തിരിഞ്ഞു നോക്കുമ്പോൾ വക്ക് പൊട്ടിയ കുപ്പിപ്പാത്രം പോലെ
ഉള്ളിൽ നിന്നും വലിച്ചെറിയുന്ന
ബൈ ബൈ പറച്ചിലുകളിൽ
നിറയുന്ന കണ്ണകളിൽ
പുഞ്ചിരിയെ കടിച്ചുപിടിക്കാൻ ശ്രമിച്ച്
ഉള്ളിലെവേദന സ്വയം
കുടിച്ചു തീർക്കുന്നവൾ.....
ആർക്കും വേണ്ടാത്ത താനിനി
എന്തിനെന്ന പിറുപിറുപ്പിന്റെ
ഏകാന്ത വഴികളിൽ
ഇനി തിരിച്ചില്ലെന്ന ശപഥവുമായി
വൈകിയ വണ്ടിക്ക് കുതിച്ചു
കിതച്ചോടുന്നവൾ......
നേരമാറുമ്പോൾ തന്റെ
പടകുടീരത്തിലേക്കു തന്നെ
പാഞ്ഞു പറന്നണയുന്നവൾ.....
കൊക്കിൽ ചൂണ്ടിയ തീൻ പണ്ടത്തെ
പങ്കു വയ്ക്കുമ്പോൾ
പുകഞ്ഞുയരുന്ന പിടിവലികളിൽ
തനിക്കുകിട്ടാത്ത പങ്കിനെ
ന്യായീകരിക്കുന്നവൾ....
ഈ അമ്മ
ഒരു ബൂമറാങ്ങ് തന്നെ.....
നാലു വാതിലുകളുടെ മറവിൽ
പരിഹാസക്കണ്ണുകളിൽ
നിലാവു നിറയുമ്പോൾ
കൂമ്പുന്ന ചെന്താമര...
സങ്കടപ്പൊള്ളലുകളിൽ
വിങ്ങിവിരിയുന്ന നീലാമ്പൽമൊട്ട്...
ഈ അമ്മ
നാണമില്ലാത്ത
ഒരു ബൂമറാങ്ങ് തന്നെ !
ദേവി.കെ.എസ്
************************
അവളില്ലാത്ത വീട്ഇളയവൻ
മുഖം ചുളിച്ച്
ഉപ്പുമാവ്
വാരി വിഴുങ്ങിയപ്പോൾ
ഉപ്പളവുകളുടെ
ഭൂമിയിലെ
മൺ നനവിൽ
അവളുടെ
ജമന്തി പൂക്കൾ
വിടർന്നത്
ആദ്യമായി
കാണുകയായിരുന്നു...
രണ്ടാമത്തവൻ
വാഷിംഗ് മെഷീനിരികെ
യൂണിഫോം
അലക്കിയില്ലെന്നു
പറഞ്ഞ് കരഞ്ഞിരുന്നപ്പോഴാണ്
അവളുടെ
മെലിഞ്ഞു വെളുത്ത
വിരലിലെ മോതിരം
കാഴ്ച്ചകൾക്കപ്പുറത്തേക്ക്
തിളങ്ങി ഓടിപോയത്....
മൂത്തവൾ
വയറുവേദനിച്ച്
ഡോക്ടറുടെ
അരികിലേക്ക്
വിളിച്ചതിന്
വിസമ്മതം പറഞ്ഞത്
അവളുണ്ടായിരുന്നെങ്കിൽ
ആർത്തവമാണെന്ന്
തിരിച്ചറിഞ്ഞ്
മകളെ വാരിപുണർന്നേനെ
എന്ന് തോന്നിയപ്പോൾ
ആദ്യമായി
അവളീ വീട്ടിലുണ്ടായിരുന്നെ
ങ്കിലെന്ന് അതിയായി
ആഗ്രഹിച്ചുപോയി....
ഫ്രിഡ്ജ് തുറന്ന്
ശ്യൂന്യമായ
വാട്ടർ ബോട്ടിലേക്ക്
നോക്കിയപ്പോൾ
അവളുടെ
വിയർപ്പുമണം
അടുക്കളയിൽ നിന്നും
കുമിഞ്ഞുവരുന്നുണ്ടെന്നു
കരുതി
അവളില്ലാത്തത് ഓർക്കാതെ
ഈ രാത്രി
അവളെന്തെടുക്കുവാണെന്ന്
നോക്കിപോകുമ്പോഴാണ്
അടുക്കള ജനാലകൾ
ഞാൻ തീർത്ത
ജയിൽ കമ്പികളാണെന്ന്
എന്നിലൊരു തിരിച്ചറിവുണ്ടായത്...
അടുക്കള ചുമരുകളിൽ
പാത്രങ്ങളുടെ
അച്ചടക്കമില്ലായ്മയിൽ
നിന്നാവണം
അവൾ കണ്ടുമടുത്ത
അവളുടെ
അകാശങ്ങളിൽ നിന്ന്
അമ്മയുടെ വീട്ടിൽ
വിരുന്നു പോകണമെന്ന്
ശാഠ്യം പിടിച്ചത്
ഞാനപ്പോൾ
നിന്റെ കാമുകനെ
കാണനല്ലേടി
എന്ന് പറഞ്ഞു
മുഖത്തടിച്ച
കൈകളിലേക്ക്
നോക്കിയപ്പോൾ
ഭീതിനിറച്ച
അവളുടെ കണ്ണുകൾ
വീർത്തുന്തിയത് കണ്ട്
ഒരു പൊട്ടിക്കരച്ചിൽ
തൊണ്ടയിൽ കുരുങ്ങി
പോവുന്നു...
നാവ്..വരൾച്ച ബാധിച്ച
ഭൂ പ്രദേശമാകുന്നു....
മരിച്ചു കിടന്നപ്പോൾ
നീ ഇല്ലെങ്കിൽ
മനോഹരമായേനെ
എന്ന് മന്ത്രിച്ച
മനസിപ്പോൾ
അവളെ പ്രണയിച്ചു പോകുന്നു...
വികാരത്തിന്റെ
വേലിയേറ്റങ്ങളിൽ
ഒരുകടലിരമ്പുമ്പോൾ
നഗ്നയാവുന്നതും
മുടിവാരികെട്ടുന്നതും
അനുഭവപ്പെടാറുണ്ട്..
എന്റെ വിശപ്പടങ്ങാൻ
മാത്രം
സ്നേഹിച്ചത്
അവളെന്നെങ്കിലും
മനസിലാക്കി കാണണം..
അസിൻ ആയ്ശി
************************
കുപ്പിവളപ്പൊട്ടുകൾകുഞ്ഞണിപ്പൂവവൾ - പേര് 'ചെന്താമര',
താമരച്ചെണ്ടുപോൽ നിർമ്മലയാൾ;
ഉണ്ടായിരുന്നു രണ്ടാങ്ങളമാരവർ-
രണ്ടുമിടംവലം നിന്നിരുന്നൂ;
കണ്ടായിരുന്നു ഞാൻ ചെണ്ടമേളത്തിന്റെ-
രണ്ടുകാതം ദൂരെ കുണ്ഠിതരായ്,
കപ്പലണ്ടിക്കൂന കാക്കുവാൻ കാവലായ്-
ക്കൊണ്ടു കളിച്ചിടാപ്പൈതങ്ങളായ്...
നിന്നു ഞാൻ ചെറ്റുനേരം മമ ബാല്യത്തി-
ന്നാനന്ദമുത്സാഹമുത്സവത്തിൻ-
കേളികൾ,വേലകൾ, കൂട്ടുകളികളും
ആനവാലിന്നുള്ള മത്സരവും...
ഓർത്തുപോയ് തെല്ലിട ; ചെണ്ട മുറുകവേ,
ഒർമ്മപ്പിറാക്കൾ പറന്നുപോകേ,
മേളക്കൊഴുപ്പിന്റെയാരവതീരത്തു-
ശംഖു പെറുക്കുന്ന കുട്ടിയായ് ഞാൻ...
പിറ്റേന്നു പത്തിന്റെ പുത്തൻകടലാസു-
നോട്ടൊന്നു കൃത്യമായ്ക്കൊണ്ടു ചെന്നൂ;
കപ്പലണ്ടിക്കൂന മെല്ലിച്ചു ശുഷ്കിച്ചു
നില്പതു കണ്ടെൻ മനം നിറഞ്ഞൂ.
പത്തിന്നു ചേലിൽ മടക്കിയ കുമ്പിളിൻ-
രണ്ടു കടലപ്പൊതിയുമായി-
നിന്നു ഞാൻ തെല്ലൊന്നു ശങ്കിച്ചു ചോദിച്ചു:
"ചെന്താമര യിന്നു വന്നതില്ലേ ?"
" ഉണ്ടവളപ്പുറേ, കുപ്പിവളയുമാ-
യമ്മയും ചേട്ടനും കൂടെയുണ്ട്...
ഞാനുമെൻറപ്പനും കടലവിറ്റിപ്പൊളി-
ക്കച്ചവടം പൊടിപൂരമാക്കും... "
ചൊല്ലി, യടുത്ത കടലാസു നോട്ടിന്നു
കുമ്പിൾ മടക്കിയാ കുസൃതിപ്പോൾ..
പട്ടം പറത്തിയീ മുറ്റത്തു പാറുവാ-
നാ പിഞ്ചുബാല്യം കൊതിക്കുകില്ലേ...!!
"വളകൾക്കിതെത്രയാ''ണെന്നു തിരക്കി ഞാൻ,
ചെന്താമരച്ചൊടി വിരിഞ്ഞു കാണാൻ;
നീലയിൽ,മഞ്ഞയിൽ, ചോപ്പിൻ നിറങ്ങളിൽ
കണ്ണുചിമ്മുന്നണിക്കൈവളകൾ...
അമ്പതു രൂപയ്ക്കു പച്ചനിറത്തിലെ-
സ്വർണ്ണം തിളങ്ങും തരിവളകൾ-
വാങ്ങി ഞാൻ, പിന്നെ, യാ "ത്താമരക്കൈകളി-
ലിട്ടുകൊൾകെ'' ന്നു ചിരിച്ചു ചൊന്നൂ...
സ്വർണ്ണവർണ്ണം ചേർന്ന പച്ചവളകൾ തൻ
പൂക്കണിയാക്കുഞ്ഞു കണ്ണിണയിൽ,
കത്തിച്ചൊരായിരം പൂത്തിരിയപ്പൊളേ-
പൂത്തുലഞ്ഞാ കുഞ്ഞു ചെണ്ടുമലർ...
"വേണ്ട, വേണ്ടീപ്പെണ്ണു വളയിടില്ലിഷ്ടമ-
ല്ലതിനാലിവൾക്കിതു വേണ്ടതില്ല...''
അമ്മ പൊടുന്നനെയെന്റെ കരം കവർ-
ന്നാവളപ്പായ്ക്കറ്റു വച്ചൊഴിഞ്ഞൂ...
കരിമഷിച്ചാലുകൾ കുടുകുടെത്തൂകിയാ-
ക്കവിളുകൾ കാളിന്ദിയായൊഴുകെ;
നിമിഷാർദ്ധ നേരത്തു പൂത്തൊരാപ്പൂവിന്റെ-
ഞെട്ടറ്റു വീണതെൻ ഹൃത്തിലല്ലോ...!
ആ പിഞ്ചുനെഞ്ചകം നീറിച്ചതെന്നുടെ,
ബാലിശ കർമ്മശരങ്ങളല്ലോ...!
പിന്നെയെന്നമ്പലയുത്സവപ്പൊയ്കയിൽ
ചെന്താമരകൾ വിരിഞ്ഞതില്ലാ..!
കരളിന്റെ കദനച്ചെളിമണൽക്കുണ്ടിലാ
കുപ്പിവളപ്പൊട്ടു പൂണ്ടിരിപ്പൂ..
എന്നുമെൻ നെഞ്ചിന്റെ നൊമ്പരത്തിങ്ങലാ-
യാവളക്കണ്ണുകൾ മിന്നിനില്പൂ...!!
ഡോ.വിനിത അനിൽകുമാർ
************************
സ്വപ്നഭാഷണം തപാൽ മാർഗ്ഗംവേദനയുടെ സമുദ്രത്തിൽ
കരയറിയാതെ
ഒരൊറ്റക്കണ്ണൻ മത്സ്യമായി
താൻ നീന്തി നടക്കുന്ന
സ്വപ്നം കണ്ടതിന്റെ പിറ്റേന്ന്
അയാൾ പ്രണയിനിക്കെഴുതി
പാവപ്പെട്ടവനായ
മുക്കുവന്റെ വലയിൽപെട്ട്
സ്നേഹമുള്ള മീൻവിൽപ്പനക്കാരനിലൂടെ
ഊണുമേശയിൽ
നിന്റെ പ്രിയപ്പെട്ട ഭോജ്യമായി
എനിക്കെത്തണം
മത്സ്യക്കഷണങ്ങളുടെ
കൂട്ടത്തിൽനിന്ന്
നിന്നെ ഞാനെങ്ങനെ തിരിച്ചറിയും
മറുപടിക്കത്തിൽ അവൾ ചോദിച്ചു.
തപാൽ സമരം തീർന്നതിന്റെ
പിറ്റേന്ന്
പഴകിയടർന്ന്
പൊളിഞ്ഞ് കീറിയ നിലയിൽ
അവൾക്ക് കിട്ടിയ കത്തിൽ
അടയാളത്തെപ്പറ്റി കുറിച്ചിരുന്നു
ഇങ്ങനെ
തുറന്നിരിക്കുന്ന
എന്റെ ഒറ്റക്കണ്ണ്
ഉറ്റുനോക്കുന്നത്
നിന്നെ തന്നെയായിരിക്കും.
കുഴൂർ വിൽസൻ
************************
അതിജീവനംകവിതതൻ
കാമുകീകാമുകരാവാം
കവിതയായ്ത്തീർന്നു രസിക്കാം
കസ്തൂരിഗന്ധമായ് അലിയാം
കവിളിണച്ചോപ്പിൽ ചുവക്കാം
കരിമഷിക്കണ്ണിൽപ്പിടയ്ക്കാം
കരളുകൾ നീറിപ്പിടയാം
കവിതയിൽ കദനമായ് നിറയാം
കദനക്കവിതയായ് മാറാം................ എങ്കിലോ
കഴുമരച്ചോട്ടിൽ പൊലിയാതെ
കരളുറപ്പോടെ കഴിയാം....
ശ്രീലേഖ
************************
പെൺകണ്ണാടികൾപണ്ടു തൊട്ടേ
പൊട്ടുതൊട്ട് പൊട്ടുതൊട്ട്
ഒരു പെണ്ണകം സൂക്ഷിക്കുന്നുണ്ട്
ഓരോ കണ്ണാടിയും...
അത്ര
കൂർത്തതല്ലാത്തവയ്ക്കു പോലും
ഇത്രയ്ക്ക് ചീകിയെറിയാൻ
ഉടൽ ബാക്കി വെച്ചവർ.....
ഒടുവിൽ
ചിതറിപ്പോയ
കണ്ണാടിയും പെണ്ണും
തിരിച്ചറിയുന്നു,
നമ്മൾ പരസ്പരം
മാറിപ്പോയ ഉടലുകൾ
സൂക്ഷിച്ചവർ.......
വിനോദ് ആലത്തിയൂർ
************************
കഥകൾക്കപ്പുറം...
തിരക്കുകളൊഴിഞ്ഞ് പത്രം കയ്യിലേക്കെടുക്കുമ്പോൾ അവൾ ക്ഷീണിതയായിരുന്നു. പത്രത്തിൻെറ ആദ്യ പുറം വിടർത്തി ആ വാർത്തയിലേക്ക് കണ്ണുകൾ ചലിക്കുമ്പോൾ അപ്രതീക്ഷിതമായതെന്തോ സംഭവിച്ച മട്ടിൽ അവളുടെ ഹൃദയമിടിപ്പുകൾ കൂടി. വാർത്തയിലെ വിവരണം വായിക്കാനായി മനസ്സ് പിടഞ്ഞു. പക്ഷെ കണ്ണുകളിലെ തളർച്ച, അക്ഷരങ്ങളെ ഒളിപ്പിച്ചു നിർത്തി.ആ ദിനപ്പത്രവുമായവൾ മെല്ലെ കസേരയിലേക്കു ചാരി.
.ഇന്നലെ.. ഏറ്റവുമൊടുവിലായി അവനെ കണ്ട നിമിഷങ്ങളെ കുറിച്ചോർത്തവൾ വിവശയായി. ഒരുമിച്ചു നടന്ന വഴികളും പുണർന്നുപോയ കാറ്റും അസൂയയോടെ നോക്കിയ പൂക്കളും തണൽ വിരിച്ച് കുളിർമയേകിയ മരങ്ങളും അവളുടെ മനസ്സിലൂടെ കടന്നു പോയി..
വർഷങ്ങളുടെ ദൈർഘ്യമുള്ള പ്രണയം !
പരസ്പരം ജീവിതത്തിലേക്ക് ക്ഷണിക്കുവാനുള്ള ധൈര്യമില്ലാതെ പോയ നിമിഷങ്ങളെയോർത്തവൾ ദു:ഖിതയായി.
അവനെ ആദ്യമായി കണ്ട നിമിഷങ്ങൾ അവൾക്കു മുന്നിൽ തെളിഞ്ഞു.
പ്രതിഷേധറാലിയുടെ നായകൻ ! സാധാരണക്കാരൻെറ ജീവനും ജീവിതത്തിനും സംരക്ഷണമൂല്യങ്ങൾ ചാർത്തുന്ന ആദർശധീരൻ ! വാക്കുകളുടെ സൂഷ്മതയും മൗനങ്ങളുടെ വിങ്ങലിൽ ചിതറിയ അക്ഷരങ്ങളും ജീവിതത്തിൻെറ ലാളിത്യവും അവൾക്കുള്ളിലെ പ്രണയബിംബം ഊട്ടിയുറപ്പിച്ചു - കാലം !
വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ട നിമിഷങ്ങൾ..
ജീവിത യാഥാർത്ഥ്യങ്ങളിൽ പലപ്പോഴും ഓർത്തെടുക്കാൻ മടി കാണിച്ച , നൊമ്പരമായി മാറിയ പ്രണയം !
അവസാനമായി യാത്ര പറഞ്ഞു പിരിയുമ്പോൾ ആ മരച്ചുവട്ടിൽ അവൻ നോക്കിനിന്ന ആ തീഷ്ണത ! അവളുടെ കണ്ണുകളിൽ അതൊരു പ്രകാശ ഗോളമായി മിന്നി.
ഏതോ ഒരുൾപ്രേരണയാലെന്ന പോലെ അവളുണർന്നു. കൊടുംങ്കാറ്റു പോലെ അവർ കണ്ടു പിരിഞ്ഞ - പ്രിയപ്പെട്ടവൻെറ ജീവൻ പൊലിഞ്ഞ വീഥിയിലേക്കവളൊരു ഭ്രാന്തിയെ പോലെ കുതിച്ചു. ധൃതിയിൽ നടന്ന അവളുടെ അഴിഞ്ഞുലഞ്ഞ തലമുടി അവൾക്കൊപ്പമെത്താൻ വിഷമിച്ചു. കണ്ണുകളിൽ പെയ്യാൻ തുളുമ്പി നിന്ന നീർക്കണങ്ങൾ ഏതോ ലക്ഷ്യസ്ഥാനം നോക്കി നിന്നു.
അവസാനമായി കണ്ട ആ നഗരവീഥിയിലെ കറുത്ത ടാറിനരുകിലേക്ക് ചിതറിക്കിടന്ന ഉണങ്ങിയ രക്തക്കറയിലേക്കവൾ നോക്കി. ആ ചുവന്ന തുള്ളികളിൽ തുടിച്ച ജീവൻെറ മിടിപ്പ് അവളുടെ ചെവികളിൽ മുഴങ്ങി. ആ ശബ്ദം അവൾക്ക് അസഹനീയമായി തോന്നി. കൈകൾ മുറുകെ ചേർത്ത് ചെവികളടച്ച്, കറുപ്പും ചുവപ്പും ഇടകലർത്തി പാകിയ നടപ്പാതയിലൂടെ അവൾ ഓടി മറഞ്ഞു.... :
ദിവ്യ.സി.ആർ
************************
പിന്നെയാവാം ....
വിഷം തിന്നു മടുത്തു
കൃഷി ചെയ്യണം
പിന്നെയാവാം....
കൊഴുപ്പേറിവീർത്തു
പുലർച്ചക്കെണീറ്റ് നടക്കണം
പിന്നെയാവാം....
അകത്തൊതുങ്ങി മരവിച്ചു
അയൽക്കാരോട് കൂട്ടുകൂടണം
പിന്നെയാവാം....
സുഖിച്ചു മടുത്തു
വല്ലതും ത്യജിക്കണം
പിന്നെയാവാം....
മനസ്സ് നന്നാവണം
ക്ഷമിച്ചു പഠിക്കണം
പിന്നെയാവാം.....
ഒടുവിൽ നാട്ടുകാർ പറഞ്ഞു
ഉടൻ വേണം
പിന്നെയാവാൻ പറ്റില്ല
വെച്ചിരുന്നാൽ നാറും.....
മുൻതഷിർ കരുളായി
************************
ഒറ്റ
സ്വർഗ്ഗം വല്ലാതെ മുഷിയുമ്പോൾ ദൈവം
ഭൂമിയിലേക്കിറങ്ങി വരാറുണ്ടാവണം,
ഒറ്റപ്പെട്ടു പോയ
മനുഷ്യരെയും,ഉപേക്ഷിക്കപ്പെട്ട
കുഞ്ഞുങ്ങളെയും കൂടെ കൂട്ടാൻ...
സ്വർഗത്തിന്റെ നരച്ച പടവുകളിൽ,
വിശുദ്ധവ്യാകുലതകളിലുഴറി എത്ര
സന്ധ്യകളിൽ ദൈവം ഇരുന്നിട്ടുണ്ടാവണം...
മരണം പോലെയുള്ള തണുപ്പ് പുതച്ച് എത്ര
രാത്രികളുടെ ഏകാന്തത രുചിച്ചിട്ടുണ്ടാവണം..
ഒറ്റപ്പെടലെന്നത് വാക്കുകളെല്ലാം
കേൾക്കാനാളില്ലാതെ
ചിതറിപ്പോകലാണെന്ന്,
ഉമ്മകളെല്ലാം ആർക്കും വേണ്ടാതെ
ചുണ്ടിലിരുന്നുണങ്ങിപ്പോകലാണെന്ന്
ദൈവത്തോളം അറിയുന്നവരാരുണ്ട്?
ഷീലാ റാണി
************************
സ്മാർട്ട് ഫോൺ
എന്റെ മുഖമൊന്ന് കാണുമ്പോൾ മിഴി തുറക്കും,
എന്റെ വിരൽത്തുമ്പ് കൊള്ളുമ്പോൾ പുഞ്ചിരിക്കും,
ഇരുണ്ട വയറിന്മേൽ
കോറുമ്പോൾ
അറിയാതെ ഉണരുന്ന,
പ്രാണപ്രേയസീയാണെന്റെ
സ്മാർട്ട്ഫോൺ.
സജിമോൻ തൈപ്പറമ്പ്
************************
മൗനത്തിന്റെ മുറിപ്പാടുകൾ
മൗനം മുറിഞ്ഞ രാവുകൾക്കിടയിലൂടെ അന്ധകാരത്തിന്റെ പതിഞ്ഞ കാലൊച്ച
മൗനം ജനിക്കുന്ന സമയത്ത്
നേരം മറന്നൊരു ചുടുകാറ്റ് വീശുന്നു
അന്ധകാരത്തിന്റെ പേടികളിലൊന്നിൽ
മൗനം നുകർന്നു പാല പൂക്കുന്നു
മൗനത്തിന്റെ വരണ്ട നീലിച്ച പാദങ്ങളിൽ ഇളംചൂടുവിട്ട് തണുപ്പ് പടരുന്നു
* * * * * * * * * * * * * * * * * * *
കാണായകലെയാക്കോണിൽ മനക്കണ്ണിൽ കിങ്ങിണിയിട്ടൊരാ പിഞ്ചു പാദങ്ങളും കണ്ണീരണിഞ്ഞ തവിട്ടു മിഴികളും
ഇവിടെയുപേക്ഷിച്ചു നീയിനി മടങ്ങുക.... ഇളന്നീരുമണക്കുന്നൊരരുമക്കിടാവിനെ
ഇനി മേലിൽ നീയിനി ഇവിടെയുപേക്ഷിക്കുക.. നീ നിന്റെ നിഴലിനെ കീറിമുറിക്കുക....
ഇളംചൂടു മാറാത്തൊരീ കബന്ധത്തെ
വിട്ടിട്ടു നീയിനി പറന്നുപോയ്ക്കൊള്ളുക....
ഉമിത്തീയ് നീറുന്നൊരഗ്നിയെ വിട്ട്
ബലിച്ചോറ് തിന്നുവാനുയിർത്തെഴുന്നേൽക്കുക....
ഈയന്ധമാം നാകം മറന്ന്,ഉപേക്ഷിച്ച്
കാണാത്ത ലോകത്തിൻ കാലൊച്ച കേൾക്കുക
* * * * * * * * * * * * * * * * * * * * * * * *
മൗനം മുറിഞ്ഞൊരാ ചിരിച്ചിപ്പിയുടഞ്ഞു ഒരുപാടു മുത്തുകളൂർന്നുടയുന്നു
മൗനം മുറിഞ്ഞിതാ മുറിപ്പാടു വീഴുന്നു
മുറിപ്പാടിൽ പടരുന്ന ചെന്നിണം കൊണ്ടെന്റെ
മുറ്റത്തെ തെച്ചിക്കു ചായം നിറക്കുക..
വേദന തിങ്ങുമെൻ ചീഞ്ഞ മുറിപ്പാട്
ആത്മാവിലെങ്ങോ കാക്ക ചികയുന്നു ഈയന്ധകാരത്തിൻ മരുപ്പടർപ്പടർന്ന്
ഞാനെന്റെ പിറകിൽ മരുപ്പച്ച തീർക്കുന്നു.. ഇവിടെ ഞാനെന്റെ സ്വത്വത്തെ വിട്ട് കാണാമറയത്തേക്കിതാ യാത്രയാവുന്നു....
അഷിബ ഗിരീഷ്
************************
കൂരായണൻ
അച്ഛനായിരുന്നല്ലോ
ഇത്രനാള്‍ പാലം
ഇപ്പോള്‍
പഴക്കം വഴുക്കുന്നോ....
പൊളിഞ്ഞ പുറത്തേറി
നടത്തം സുഖമല്ലെന്നറിഞ്ഞു
പിന്‍വാങ്ങിയോ?
അമ്മയായിരുന്നല്ലോ
അടുപ്പില്‍
കനലൂതിത്തെളിയെ
കരിനിറഹൃദയം
കടഞ്ഞവള്‍.....
ചേച്ചിയായിരുന്നല്ലോ
പൊതിച്ചോറൂട്ടി
വയര്‍നിറച്ചും
ചിണുങ്ങുമ്പോളുറക്കി
നിലാവിന്‍റെ
നിറവു പകര്‍ന്നവള്‍.....
ചേട്ടനായിരുന്നല്ലോ
പുസ്തകം ചുമന്നേറെ-
ത്തളരാതൊരു
തോളിലെടുത്തും
അക്ഷരത്തീക്കളത്തില്‍
നടത്തിയോന്‍... :
ഓര്‍മ്മയില്ലെന്നോ
ഇവരെങ്ങു പോയെന്നോ?
പാലം കടക്കെ നാരായണ
പാലം കടന്നാല്‍ കൂരായണ.
വിനോദ് വൈശാഖി
************************
കവിതഓരോ പിണക്കത്തിനപ്പുറവും
ഇനിയാവര്‍ത്തിക്കില്ലെന്ന് എഴുതിയൊപ്പിടാറുണ്ട്.
ഇല്ലിമുള്ളിനാല്‍ തീര്‍ത്ത വേലികളതിരിട്ട
നാട്ടുവഴിയിലൂടെ നടന്നു ശീലിച്ചവനു
ജനിതകമായി ലഭിച്ചതാണ്,
കൂടെനടക്കുന്നവളുടെ ആത്മാവില്‍
കോറിവരയ്ക്കാന്‍ അപകര്‍ഷതയുടെ മുനകള്‍.....
വേദനിക്കുന്നുവെന്നു നീ പറയുമ്പോഴെല്ലാം
പ്രണയം നിറയുന്നോരാ ഹൃദയമിനിയും മരവിച്ചില്ലെന്നു ആശ്വസിക്കുന്ന, കുഷ്ഠം ബാധിച്ച മനസ്സുണ്ടെനിക്ക്......
യോഗ്യതയളക്കുന്ന ഉപകരണമല്ലെന്നോരായിരംവട്ടം
നീ പറഞ്ഞൊഴിയുമ്പോഴും,
സ്വന്തം അയോഗ്യതകള്‍ തേടിപോവുന്ന മനസ്സിനെപ്പോഴും
അകലുന്ന നിമിഷത്തെക്കുറിച്ചുള്ള ഭയമാണ് ,
ഞാനാദ്യം നുണഞ്ഞ മധുരം നീയല്ലെന്ന
മുന്‍അനുഭവത്തിന്‍റെ ഉണങ്ങാമുറിവിന്‍റെ
നീറ്റലിലേക്കു വീണ്ടും യാത്രപോവുന്ന നമ്മുടെ വിരഹവേളകള്‍.......
കണ്ണുനീരിന്‍ കൈലാസ മാനസസരോവരത്തില്‍
പൗര്‍ണ്ണമി രാവില്‍ പറന്നിറങ്ങുന്ന
അരയന്നങ്ങള്‍ നമ്മളാണെന്ന്‍,
അടുക്കുമ്പോഴെല്ലാം നീ? കാതില്‍ പറയുന്നു.........
സനൂപ് മന്നാടിയാർ
************************
ഒറ്റവരിക്കഥകൾ
മൗനം
വാക്കുകൾ കൊണ്ടല്ല മൗനം കൊണ്ടെഴുതുന്നതാണ്, മൗനത്തിന്റെ സ്ഥോടനമാണ് കഥ.
കണ്ണ് തെളിയുന്നില്ല
ചാനൽ ചർച്ചകൾ 'ക്കിടയിൽ അവതാരകന്റെ കണ്ണിനു താഴെ ഒരു ഉറുമ്പ് വന്നു കടിച്ചു കൊണ്ട് പറഞ്ഞു: 'അറിയുന്നവൻ പറയുകയും പറയുന്നവൻ അറിയുകയും ചെയ്യുന്നില്ല.''
വാക്കിന്റെ താക്കോൽ
വാക്കിന്റെ ഉള്ളിലിരുന്നു ഒരു കഥ കരയുന്നതാരും കാണാഞ്ഞത് വാക്കിന്റെ വാതിൽ തുറക്കാനുള്ള താക്കോൽ ഇല്ലാത്തതുകൊണ്ടാണ്.
ശ്മശാനത്തിലെ പൂ
ഭൂമിക്കടിയിലെവിടെയോ അയാളെക്കുറിച്ച് ആരോ സ്നേഹത്തോടെ സംസാരിച്ചപ്പോൾ മണ്ണിനടിയിലെ വാസസ്ഥലത്തു മരിച്ചു കിടന്ന അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയുകയും ശ്മശാനത്തിൽ അയാളുടെ തലയ്ക്കരികെയുള്ള ചെടിയിൽ ഒരു പൂവിരിയുകയും ചെയ്തു.
പി.കെ.പാറക്കടവ്
************************
കവിതചോറിൽ കല്ല് കടിച്ചതിനായിരുന്നു
അടുക്കളപ്പണിക്ക് പോയ വീട്ടീന്നും
അവളെ പടിയിറക്കി വിട്ടത്..
പിന്നെ
മൂന്ന് നാള് പട്ടിണിയായിരുന്നു.
മൂന്നാംനാള് പാടത്ത് പണിക്കിറങ്ങി,
ചേറിലും ചെളിയിലും
പകലന്തിയോളം വിയർപ്പൊഴുക്കി.
നെറ്റിയിലമർത്തി ചുംബിച്ച കുങ്കുമചോപ്പ്
വെള്ളപ്പൊക്കത്തിലൊലിച്ചു
പോയതിന്റെ
ഓർമ്മ ദിവസമായിരുന്നു ഇന്നലെ
ഉച്ചക്ക് ഉണ്ണാനിരിക്കുമ്പോൾ
ചോറിൽ കല്ലുകടിച്ചെന്ന് പറഞ്ഞ്
സദ്യ മുഴുവിപ്പിക്കാതെ
പാത്രം തട്ടിതെറുപ്പിച്ചിറങ്ങിപ്പോയ
ഇളയവൻ
നേരം മോന്തിയാവുമ്പോഴേക്കും ചിലപ്പോൾ
തിരികെ വന്നേക്കാം
എന്നാലും
ആകെപ്പാടെയുള്ള തുണ്ട് ഭൂമി സ്വന്തം
പേരിലേക്കാക്കാത്തതിൽ
പടിയിറങ്ങിപ്പോയ മൂത്തവൻ
ഇനിയെന്നാവും തിരികെ വരുന്നത് ?
ഉള്ളം കയ്യിലെത്ര ചേർത്ത് പിടിച്ചിട്ടും
മണ്ണ് തന്നെ ചതിക്കുകയാണല്ലോ എന്ന്
അവളൊറ്റക്കിരുന്ന് പരിഭവിച്ചു
എന്നിട്ടവളോർത്തു -
തന്നെപ്പോലെ മണ്ണും നിരപരാധിയാണല്ലോന്ന്
താനും മണ്ണും രണ്ടല്ലല്ലോ എന്ന്..
എത്ര സ്നേഹിച്ചൂട്ടിവളർത്തിയാലും
മൂപ്പെത്തിയാൽ
വിളയെ വിട്ട് പിരിയേണ്ടവരാണല്ലോ
നമ്മളെന്ന്
എന്നിട്ടവളൊന്നുകൂടെ ഓർത്തു -
എത്ര പിണങ്ങിപ്പിരിഞ്ഞാലും
നമ്മുടെ നെഞ്ചിലേക്കല്ലാതെ അവരെങ്ങോട്ട്
പോകാനെന്ന്..
അന്തിയായിട്ടും
ഇളയവനെ കാണാതായപ്പോഴാണ്
കുങ്കുമചോപ്പ്ള്ള ആ നെഞ്ചിൽ തലവെച്ച്
അവളുറങ്ങാൻ കിടന്നത്
ഇറങ്ങിപ്പോയവരെല്ലാം
നാളെ നേരം പുലരുമ്പൊഴേക്കും തിരികെ
യെത്തുമെന്ന്
ഉറങ്ങാൻനേരം അവളുറപ്പിച്ചിരുന്നു !!
ജിംഷാദ് ഗുരുവായൂർ
************************