15-07-19


📚📚📚📚📚📚📚
ആത്മകഥ - ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ





 നിയമപണ്ഡിതൻ, സുപ്രീം കോടതിയിലെ പ്രഗത്ഭനായ ന്യായാധിപൻ, മനുഷ്യാവകാശ പ്രവർത്തകൻ, സർവോപരി അത്യുത്തമനായ ഒരു മനുഷ്യൻ എന്നീ നിലകളിൽ രാജ്യത്തിനകത്തും പുറത്തും ശ്രദ്ധേയനായ ഒരു പ്രതിഭയുടെ ആത്മകഥയാണ് അവതരിപ്പിക്കുന്നത് എന്നത് ഏറെ അഭിമാനകരവും ചാരിതാർത്ഥ്യജനകവുമാണ്.

   മലയാളിയുടെ പൊതുമണ്ഡലത്തിൽ ആകെ മാനം നക്ഷത്രശോഭ പരത്തിയ സമാനതകളില്ലാത്ത മഹാനുഭാവൻ ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ആത്മകഥ.' 'ആത്മകഥ' എന്നു തന്നെ പേരിട്ടിരിക്കുന്ന ഈ കൃതി ഇംഗ്ലീഷിൽ നിന്ന് പരിഭാഷപ്പെടുത്തിയത് വിവർത്തനത്തിന് ലിംക വേൾഡ് റെക്കോർഡ്സ് ഉടമയായ ശ്രീ.എം.പി.സദാശിവനാണ്. 331 പേജുകളിലായി പരന്നു കിടക്കുന്ന ഈ ജീവിത ഗീതി ഡി.സി.ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പേജുകളുടെ എണ്ണം ഒരു ആത്മകഥയെ സംബന്ധിച്ചിടത്തോളം അത്ര തന്നെ സംഗതമല്ലെങ്കിലും ഈ ആത്മകഥയെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ്. കാരണം ജീവിത സായന്തനത്തിൽ 93-ാം വയസിലാണ് ജ .വി.ആർ.കൃഷ്ണയ്യർ ആത്മകഥാരചനയിലേക്ക് കടക്കുന്നത്. ഒടിഞ്ഞ പ്ലാസ്റ്ററിട്ട ഇടതു കൈയുമായി ആശുപത്രിക്കിടക്കയിലിരുന്ന് ആത്മകഥ രചിക്കുന്ന കൃഷ്ണയ്യരുടെ ചിത്രം നമ്മോട് ഏറെ സംസാരിക്കുന്നുമുണ്ട്.
  
1915 നവംബർ 15ന് പാലക്കാട് ജില്ലയിലെ വൈദ്യനാഥപുരത്ത് ജനിച്ച കൃഷ്ണയ്യർ ഒരു വിശ്വ പൗരനായി വളർന്ന് ഒടുവിൽ 2014 ഡിസംബർ 4ന് കഥാവശേഷനായി.നിയമജ്ഞൻ, രാഷ്ട്രതന്ത്രജ്ഞൻ, ന്യായാധിപൻ, ഭരണാധികാരി, സംഘാടകൻ, വാഗ്മി, നിയമസഭാംഗം, മന്ത്രി, പൊതുപ്രവർത്തകൻ, സംസ്കാരിക നായകൻ, 71 -ലധികം പുസ്തകങ്ങളുടെ രചയിതാവ്, ജീവിത സായന്തനത്തിൽ പോലും ജനകീയ സമരമുഖങ്ങളിലെ സജീവ സാന്നിധ്യം... സംഭവബഹുലമായ ഒരു ജീവിതകഥയുടെ ആവിഷ്കാരമാണീ പുസ്തകം.

കേരളത്തിന്റെ ചരിത്ര സന്ധികളിലൊക്കെ കൃത്യമായി ഇടപെടൽ നടത്തി എന്നതു തന്നെയാണ് വി.ആർ കൃഷ്ണയ്യർ എന്ന വ്യക്തിയുടെ പ്രാമുഖ്യത്തിനുള്ള പ്രധാന കാരണം. മദ്രാസ് നിയമസഭാംഗമായുംകേരള സംസ്ഥാനത്തിലെ ആദ്യ ഇ.എം.എസ് മന്ത്രിസഭയിലെ [1957-59 ) നിയമ-ജയിൽ-സാമൂഹ്യക്ഷേമ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ചവച്ചു.കേരളത്തിലെ ജയിലുകളെ ബന്ധപ്പെട്ട വകുപ്പുകളുടെ പരീക്ഷണശാലയാക്കാൻ അദ്ദേഹം തീരുമാനിച്ചതിനു പിന്നിൽ ഒരു കാരണമുണ്ട്. 1948-ൽ ഒരു മാസം അദ്ദേഹത്തിന് ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ജയിലിലെ ദുരിതങ്ങൾ അദ്ദേഹം നേരിട്ടറിഞ്ഞു.ജയിൽ പരിഷ്കരണവുമായി ബന്ധപ്പെട്ട് തനിക്കു ലഭിച്ച ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസ മായിരുന്നു അതെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ജയിലുകൾ മനുഷ്യത്വരഹിതമായ നരകങ്ങളായി മാറുന്ന ഇക്കാലത്ത് നമ്മുടെ ഭരണാധികാരികളും നീതി പാലകരും കൃഷ്ണയ്യരുടെ ജയിൽ പരിഷ്കരണങ്ങളുടെ മഹനീയ മാതൃകകൾ വായിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.

ബർണാഡ് ഷാ പറഞ്ഞത് അദ്ദേഹം ആത്മകഥയിൽ ഉദ്ധരിക്കുന്നു:
മെച്ചപ്പെടുത്തുകയെന്നതാണ് ശിക്ഷയുടെ ഉദ്ദേശ്യം. മുറിവേല്പിച്ചതു കൊണ്ട് ആരും മെച്ചപ്പെട്ടിട്ടില്ല. ഇതാണ് സ്വഭാവ സംസ്കരണ നയത്തിന്റെ സാരം.

മന്ത്രിയായിരുന്നപ്പോൾ അദ്ദേഹം നടത്തിയ ജനകീയവും മാനുഷികവും ധാർമ്മികവുമായ ഇടപെടലുകൾ പിന്നീട് ജഡ്ജിയായപ്പോൾ 'സ്ഥാന വസ്ത്രമണിഞ്ഞ സഹോദരൻ ' എന്ന പദവിക്ക് അദ്ദേഹത്തെ അർഹനാക്കി." പോലീസിന്റെ അക്രമ രാഹിത്യം പ്രാവർത്തികമാകണമെങ്കിൽ, ആഭ്യന്തര മന്ത്രി മുതൽ താഴെയറ്റത്ത് പോലീസ് കോൺസ്റ്റബിൾ വരെയുള്ളവരുടെ ആത്മാവിൽ മഹാത്മാഗാന്ധിയുടെ സന്ദേശമെത്തിയിരിക്കണം. - കൃഷ്ണയ്യരുടെ വാക്കുകൾക്ക് സമകാലിക പ്രസക്തിയേറുന്നു.

തന്റെ പ്രാണപ്രേയസി ശാരദാ കൃഷ്ണയ്യരുമൊത്തുള്ള സ്വപ്ന സമാനമായ ദാമ്പത്യ ജീവിതം അദ്ദേഹത്തിന്റെ ആത്മകഥയ്ക്ക് കാല്പനിക ചാരുതയേകുന്നു. ശാരദയും ഞാനും - ഒരു വിശുദ്ധ ഗാനം എന്നാണ് അദ്ദേഹം ഒരധ്യായത്തിന് പേരു നൽകിയിരിക്കുന്നത്. അന്യോന്യ മൂന്നുവടികളായി ജീവിച്ച അവരുടെ ദാമ്പത്യം സ്നേഹ സൗരഭ്യം നിറഞ്ഞതായിരുന്നു. 1974ൽ അമേരിക്കയിലെ മിൽ വോക്കിയിൽ വച്ച് ഹൃദയശസ്ത്രക്രിയയെ തുടർന്ന് ശാരദ കൃഷ്ണയ്യർ മരിക്കുന്നതും പിന്നീടിങ്ങോട്ട് മരണാനന്തര ജീവിതത്തിന്റെ നാനാർത്ഥങ്ങൾ തേടിയുള്ള അദ്ദേഹത്തിന്റെ അലച്ചിലുകളുമെല്ലാം ആത്മകഥയ്ക്ക്ദാർശനിക ഭാവം നൽകുന്നുണ്ട്. മരണാനന്തര ജീവിതത്തെ പറ്റിയും ആത്മാവിനെ പറ്റിയുമുള്ള അന്വേഷണങ്ങൾDeath and After എന്ന കൃതിയ്ക്ക് വഴിയൊരുക്കി.

ഈ ആത്മകഥ ഏറ്റുവാങ്ങിക്കൊണ്ട് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.സി.ല ഹോട്ടി പറഞ്ഞ വാക്കുകൾ കൂട്ടിച്ചേർത്തുകൊണ്ട് അവസാനിപ്പിക്കാം:
"' ജീവിതത്തിൽ എന്തെങ്കിലും നേട്ടമുണ്ടാക്കണമെന്നാഗ്രഹിക്കുന്ന ഏതൊരു ചെറുപ്പക്കാരനും- രാഷ്ട്രീയ പ്രവർത്തകനോ സാമൂഹ്യ പ്രവർത്തകനോ അഭിഭാഷകനോ ന്യായാധിപനോ വിദ്യാർത്ഥിയോ അധ്യാപക നോ അതൊന്നുമല്ലെങ്കിൽ കൊള്ളാവുന്ന എന്തെങ്കിലും വായിക്കണമെന്നാഗ്രഹിക്കുന്ന ഏതൊരാളും - അവശ്യം വായിച്ചിരിക്കേണ്ടതു മാത്രമല്ല, ഗഹനമായി പഠിച്ചിരിക്കേണ്ടതുമായ ഒന്നാണ് ഈ ആത്മകഥ ".

രജനി സുബോധ്
🌾🌾🌾🌾🌾🌾