15-06-19


ഇതാണ് ഞാൻ
ആത്മായനം
ജസീന റഹീം
മംഗളവും മനോരമയും മാത്രം വായിച്ചു നടന്ന എന്റെ വായനയെ അതിരുകളില്ലാതെ വിശാലമാക്കിയത് ഫാത്തിമയിലെ സമ്പന്നമായ ലൈബ്രറിയായിരുന്നു.. ഞാൻ ഏറ്റവുമധികം പുസ്തകങ്ങൾ വായിച്ചത് ഡിഗ്രി ഒന്നാം വർഷമാണ്.. അന്നെന്റെ കൂട്ടുകാർ പുസ്തകങ്ങൾ മാത്രമായിരുന്നു.. ബഷീറും തകഴിയും മാധവിക്കുട്ടിയും ചുള്ളിക്കാടും വിക്ടർ ഹ്യൂഗോയുമെല്ലാം മാറി മാറി എന്റൊപ്പം ബസ്സു കേറി  മഴ പെയ്താൽ ചോരുന്ന എന്റെ വീട്ടിലേക്ക് വരികയും ദിവസങ്ങളോളം താമസിക്കുകയും ചെയ്തു.. രാത്രിയും പകലുമെല്ലാം  ഞാൻ വായിക്കുമ്പോൾ "ഒന്നും പഠിക്കാനില്ലേ.. നിനക്ക്.?. എന്ന ഉമ്മായുടെ ചോദ്യത്തിന് ഇതെല്ലാം പഠിക്കാനുള്ളതാണെന്ന് കളവ് പറഞ്ഞെങ്കിലും അന്ന് വായിച്ചതൊക്കെയും ജീവിതത്തിൽ എപ്പോഴൊക്കെയോ എനിക്ക് ഗുണപ്പെട്ടു .. കയറും,സുന്ദരികളും സുന്ദരന്മാരും തുടങ്ങി വലിപ്പമേറിയ പുസ്തകങ്ങൾ വരെ ബസിലെ തിക്കിലും എന്റൊപ്പം കൂടി.ഖസാക്കിലൂടെ,മയ്യഴിയിലൂടെ, അതിരാണിപ്പാടത്തൂടെ ഞാൻ തനിച്ച് അലഞ്ഞു നടന്നു.. എന്റെ അധ്യാപകരെക്കാൾ ലൈബ്രേറിയൻ ചേട്ടനോടായിരുന്നു എനിക്കിഷ്ടം തോന്നിയത്..ഫാത്തിമ കോളേജിന്റെ ക്യാമ്പസ് ഗേറ്റ് മുതൽ തൊഴുകൈകളോടെ ഒതുക്കത്തിൽ നിൽക്കുന്ന സൈപ്രസ് മരക്കാഴ്ചകളിലൂടെ നടപ്പാത തുടങ്ങി ആകാശത്തിന്റെ അനന്തതയിലേക്ക് ഇരു കൈകളൂം വിടർത്തി ലോകത്തിന്റെ മുഴുവൻ വേദനകളും ഏറ്റുവാങ്ങാൻ ശാന്തസുന്ദരമായ കണ്ണുകളോടെ കാത്തു നിൽക്കുന്ന ദൈവപുത്രന്റെ സവിധത്തിലെത്തിച്ചേരുകയും ചെയ്യുന്നു.. ശങ്കേഴ്സ് ഹോസ്പിറ്റൽ ജംഗ്ഷനിൽ ബസിറങ്ങി റെയിൽവേ മേൽപ്പാലം കടന്ന് കർബലയിലെത്തി .. ടി.ടി.സി കോളേജിന്റെ ഗ്രൗണ്ടിലൂടെ ക്വാട്രാങ്കിളിലേക്ക് പോകുന്നതായിരുന്നു പതിവ് വഴി.. കർബലയിലെ ഗേറ്റടച്ചാൽ മാത്രം പ്രധാന ഗേറ്റു വഴി നേരെ ക്ലാസ്സിലേക്ക് പോയി.. ചിലപ്പോഴൊക്കെ ബസിറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ ഷമിതയെയോ മറ്റേതെങ്കിലും കൂട്ടുകാരെയോ കിട്ടി.. ആരോടും സംസാരിക്കാത്ത,ചുമലുകൾ താഴ്ത്തി നടക്കുന്ന മനോജ് കുമാർ എന്ന മനുവിനെ പലപ്പോഴും കോളേജിലേക്കുള്ള നടത്തയിൽ അടുത്ത് കാണുമ്പോഴും ഒരു ക്ലാസ്സിലായിട്ടും  ഒന്നും മിണ്ടാതെ നടന്നു പോയി.. ഇതേ മനു പിന്നീട് എന്റെ അടുത്ത കൂട്ടുകാരനായതും ചില യാദൃശ്ചികതകളിലൂടെയായിരുന്നു..
നീളൻ പാവാടയും,ഉടുപ്പുമായിരുന്നു ഒന്നാം വർഷത്തെ സ്ഥിരം  വേഷം..  അന്ന് ക്യാമ്പസുകളിൽ ഒരാഡംബര വസ്ത്രമായിരുന്നു ചുരിദാർ.. ഫാത്തിമയെ സംബന്ധിച്ച് ധാരാളം ആംഗ്ലോ ഇന്ത്യൻ കുട്ടികളും അവരുടെ അൾട്രാ മോഡേൺ വസ്ത്രങ്ങളും ക്യാമ്പസിനെ എന്നും.. എല്ലാവരെയും.. ഒരു തരം ലഹരിപിടിപ്പിക്കുന്നതായിരുന്നു.. സൈക്കോളജിക്കാരും ഇംഗ്ലീഷുകാരും ക്യാമ്പസിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.. സ്റ്റൈലും.. ഭാഷയും.. വേഷവും കൊണ്ടായിരുന്നു...
 കൂട്ടുകാർ പലരും പ്രണയജോഡികളായി നടക്കുമ്പോഴും ഒഴിഞ്ഞ കോണുകളിൽ വർത്തമാനം പറയുമ്പോഴും ഇവരൊക്കെ ഇങ്ങനെ വായ് തോരാതെ പറയുന്നതെന്തായിരിക്കുമെന്ന് ഞാനതിശയപ്പെട്ടു.. ഒരിക്കൽ പ്രണയിനിയായ എന്റെ കൂട്ടുകാരിയോട് ഒട്ടും നാണമില്ലാതെ ഞാനത് ചോദിക്കയും ചെയ്തു.. " നിന്നോട് അവനെന്താടീ ..പറയുന്നതെ.. "ന്ന എന്റെ ചോദ്യത്തിന് അവൾ തന്ന മറുപടി.. " ആ വൃത്തികെട്ടവൻ .. ഇന്നലെ രണ്ടട്ടകളെ കാണിച്ചിട്ട് അത് നോക്കാൻ പറഞ്ഞൂ..." ന്നായിരുന്നു..
 രണ്ടട്ടേ നോക്കാൻ പറഞ്ഞതിലെന്താ തെറ്റെ..ന്ന് ഞാൻ ചിന്തിച്ചു നിൽക്കവെ .. ബാക്കി കൂടി അവൾ പറഞ്ഞു.. "ടീ.. അട്ടകൾ കെട്ടിപ്പിടിച്ച് കിടക്കയാര്ന്ന്.. "
 മറ്റുള്ളവരുടെ പ്രണയം കണ്ടും  കേട്ടും  നടന്നിട്ടും ഞാൻ ആണൊരുത്തനെയും നോക്കാൻ ധൈര്യപ്പെട്ടില്ല.. കാരണം എന്റെ അപകർഷകതകൾ...ഒരാൾക്കും ഇഷ്ടപ്പെടാനാകും വിധം ഒന്നുമില്ലാതിരുന്ന ഞാൻ എന്റെ ലോകത്തിൽ ചുങ്ങിച്ചുരുങ്ങാൻ ശ്രമിച്ചു..
                ഞാൻ ഡിഗ്രി രണ്ടാം വർഷവും ജാസ് മൂന്നാം വർഷവും എത്തിയപ്പോഴാണ് ജാസിന്  വിവാഹാലോചന വന്നത്.ജാസന്ന് ഹാഫ് സാരിയിലേക്ക് കടന്നിരുന്നു.. അവളെ ഇഷ്ടത്തോടെ നോക്കി നടന്നവരുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു.. അന്നത്തെ അവളുടെ സൗമ്യഭാവവും മണ്ണിനെ നോവിക്കാതെയുള്ള നടപ്പും കണ്ടാൽ പാവമാണെന്ന് ആരും കരുതിപ്പോകുമായിരുന്നു.. എന്നാൽ ഞങ്ങൾ പകലുകൾ ഘോരയുദ്ധത്തിൽ ഏർപ്പെടുകയും രാത്രിയിൽ വേലന്റെ പ്രേതത്തെ പേടിച്ച് കെട്ടിപ്പിടിച്ചുറങ്ങുകയും ചെയ്തു..വാപ്പ തമിഴ്നാട്ടിലേക്ക് വർഷങ്ങൾ നടത്തിയ ലോറി യാത്രകളിൽ നിന്നായിരുന്നു .. ആര്യങ്കാവിനപ്പുറം പുളിയറ നിന്നും അവൾക്കാദ്യത്തെയും അവസാനത്തെയും ആലോചന വന്നത്.. പുനലൂർ നിന്നും തമിഴ് നാട്ടിലേക്ക് വർഷങ്ങൾ മുന്നേ ചെന്നെത്തിയവരായിരുന്നു ചെക്കൻ വീട്ടുകാർ.. അവർക്കവിടെ ഹോട്ടലും .. അഞ്ചാറ് കടകളും ഒക്കെയായിരുന്നു.. ബഷീർ അഹമ്മദ് എന്ന ചെറുക്കൻ ജാസിനെ പെണ്ണുകാണാൻ വന്നു.. പെണ്ണുകാണൽ കഴിഞ്ഞ് ഇഷ്ടവുമറിയിച്ച്‌ ചെറുക്കൻ പോയി.. ഇപ്പോൾ കല്യാണം വേണ്ടെന്നും പഠിക്കണമെന്നും.ജോലി വാങ്ങണമെന്നുമൊക്കെ പറഞ്ഞ് അവൾ ഉറക്കെ നിലിവിളിക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ.. മാത്രമല്ല ..അവൾക്കുമുണ്ടായിരുന്നു ഒരിഷ്ടം.. അതിന് സാക്ഷിയായിരുന്ന ഞാൻ അവൾ മറ്റൊരു കല്യാണത്തിന് സമ്മതിക്കില്ലെന്ന് ഉറപ്പിച്ചു.. അവൾടെ ഡിഗ്രി മൂന്നാം വർഷത്തിലുമെത്തിയിരുന്നു.. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവൾ കല്യാണത്തിന് സമ്മതമറിയിച്ചു...
***************

അച്ഛൻ
ലാലൂർ വിനോദ്

മിഴിദൂരത്തിലെന്നും
കരുതലിൻ
കുടപിടിച്ചെത്തുന്ന
നിറവാണെന്നുമെൻ
അച്ഛൻ....

വെയിലിന്റെ ചൂടിലും
സ്നേഹത്തണൽ
തരാൻ ഓടിയെത്തും
നിഴലന്റെ അച്ഛൻ...

കല്ലുചോക്കിന്റെ
വെണ്മയിൽ..
ആദ്യകുറിച്ചിട്ട തേനൂറും
വാക്കെന്റെ അച്ഛൻ.

വാടിയ ചില്ലപോൽ
തളർന്നിരുന്നാലും
എനിക്കായ് പൂക്കും
നിലകടമ്പന്റെ അച്ഛൻ..

ചാരുകസേരയിൽ
ദൂരെ മിഴിനട്ടു
സ്വപ്നങ്ങൾ നെയ്യുന്ന
സായൂജ്യ ചിത്രമെന്നച്ചൻ..

വാട്ടിയ ചുരലിൻ
നോവിലും പതറാത്ത
നേരിന്റെ നന്മയാം
കാരുണ്യ ദീപമാണച്ചൻ..
അരവയറൊളിപ്പിച്ചു
എൻ പശിയടക്കിയ
അന്നദാതാവിന്റെ
മായിക രൂപമെന്നച്ഛൻ.
പനിവന്ന് തുള്ളിച്ച
മേനിയിൽ കുളിരിന്റെ
തുണിനനച്ചിട്ട
സ്നേഹഭിഷഗ്വരനച്ചൻ..

സ്വപ്നങ്ങൾ നെയ്യുവാൻ
അക്ഷരകൂട്ടിനു
നിദ്രകൾ പണയം വെച്ച
വ്യർത്ഥ വ്യാപാരിയച്ചൻ..

ഉള്ളുരുകുമ്പോഴും
പുഞ്ചിരി കൊന്ന
ചുണ്ടിൽ കണിവെച്ച
മേട പുലരിയച്ചൻ
എനിക്കെന്നുമുയരുവാൻ
ശോഷിച്ച ചുമലുകൾ
പടിയായി തന്നൊരു
ആത്മശിലയെന്റെയച്ചൻ.
കുറ്റവും ശിക്ഷയും
നീതിതൻ തട്ടിലെ
തുലമെന്നോതിയ
തത്വപ്രതാപമെന്നച്ചൻ
മക്കളെ അടവെച്ചു
കാക്കുവാൻ എന്നും
അമ്മയ്ക്ക് തൂവൽ
വിരിച്ച വേഴാമ്പലച്ഛൻ
പാതിരാ മഴയിലും
ജീവിത ചൂടിലും
തളരാതെ പാടിയ
പാവം ക്രൗഞ്ചമെന്നച്ഛൻ
വാക്കിന്റെ ശരവേഗം
രക്തം പൊടിച്ചിട്ടും
ശാപശരമെയ്യാത്ത
ഭീഷ്മരെന്നച്ചൻ..
ഒടുവിൽ നഷ്ടത്തിൽ
ശരശയ്യമേൽ
സ്‌നേഹതീർത്ഥം
കൊതിച്ച രൂപമച്ചൻ..
എരിയുന്ന ചിതയിലും
ജീവനില്ലാതെ ചിരിതൂകി
ഒരു പിടിച്ചാരമായി
വിളതന്ന കതിരാണച്ചൻ..
ഇനിയെന്തെഴുതണം
വാക്കുകൾ അടരുന്ന
ഗദ്ഗധ ചെരുവിൽ
ആർദ്ര ഗീതമായ്
ഇനിയുമെൻ അച്ഛനെ....
***************

മഴ...
യൂസഫ് നടുവണ്ണൂർ
ഒരേ ആകാശത്തിന് ചോട്ടിൽ
ഒരേ മഴ കൊണ്ടിട്ടും
നാമെന്താണ്
ഒരേ പോലെ നനയാത്തത്?
കണ്ണിനും കാതിനുമിടയിലൂടെ
മഴ നാരുകൾ
തോരണം തൂക്കിയിട്ടും
കൺതടം വിട്ട്
പതഞ്ഞൊഴുകുന്ന
നദി ഉപ്പുരസം കൈവിടുന്നില്ല.
മഴയില്ലെങ്കിലും വറ്റാത്ത
തടാകം
ഉള്ളിൽ നിറയുന്നതു കൊണ്ടാവാം
നമ്മുടെ നീർച്ചാലുകൾ
ഒരിക്കലും വറ്റിപ്പോകാത്തത്!
ഉമ്മറത്തും പിന്നാമ്പുറത്തും
വശങ്ങളിലും
ഒരേ വേഗത്തിൽ
ഒരേ സ്പന്ദനത്തിൽ
പെയ്തിറങ്ങിയിട്ടും
ചില ഒച്ചകളുടെ
ഏറ്റക്കുറച്ചിലുകളിൽ
നമ്മുടെ മഴ
മുറിഞ്ഞുപോകുന്നു.
മഴ തൊട്ടു തൊട്ടാണ്
നാമിങ്ങനെ ഉണങ്ങാനാവാത്ത വിധം
കുതിർന്നു തീർന്നത്!
അലിഞ്ഞലിഞ്ഞില്ലാതാവുമ്പോഴുള്ള
പിടച്ചിലിന്റെ നേരിയ ചൂടിൽ
നനഞ്ഞു പോയവയ്ക്കെല്ലാം
വീണ്ടും ചിറക് മുളയ്ക്കുന്നു.
മഴയുടെ കൈ പിടിച്ചു നടക്കാൻ
ഏതോ ഒരിടവഴി
ഇപ്പോഴും നമ്മെ
കാത്തിരിക്കുന്നുണ്ടാവുമോ?
***************

കല്പാന്തം...
(പി.കുഞ്ഞിരാമൻ നായർക്ക്)
കവിത.എസ്.കെ
പുഴ കടന്നൊരാൾ മെല്ലെ നീങ്ങുന്നുവോ
ചൊരിമണലിൽ തൻ കാല്പാടുവീഴ്ത്തിയോ?
പുഴ ചിരിക്കുന്നു മന്ദമായ്, ഓളത്തിൽ
തെളിനിലാവതാ മുങ്ങി നിവർന്നു പോയ് ..
കടവിലൊറ്റക്കു നിന്നൊരാൾ മൂകമായ്
കനലു മൂടിയ നെഞ്ചകം വിങ്ങിയോ?
പ്രിയമൊരാളെത്തും എന്ന പ്രതീക്ഷയിൽ
കാത്തുകാത്താ മണലിൽ കിടന്നുവോ?
മഴയിൽ, കാറ്റിൽ, വെയിലിൽ, വരമ്പിലും
പുഴയിൽ,പൂവിൽ,ശിശുവിൽ,വനത്തിലും
കവിത തേടി അലഞ്ഞു നടന്നൊരാൾ,
കവിത കാത്ത് നിദ്ര വെടിഞ്ഞൊരാൾ,
ഒരു കിനാവു പോലവൾ വന്നിരുന്നതും
ഹൃദയവാതിൽ മലർക്കെ തുറന്നതും
കവിതയായി മനസ്സിൽ പിറന്നതും
വരികളായി കുറിച്ചുവെച്ചെന്നതും
വഴിയതേറേയും പോകേണ്ടതുണ്ടല്ലോ..!
പഥികരാരും തുണയായി ഇല്ലല്ലോ ..!
കദനമേറെ കരിങ്കാറു പോലെയോ
വിരഹമായി വഴികൾ നിറഞ്ഞതോ.
കടവിതെന്നേ ശൂന്യമായ് പോയതും
കനവു ചിന്നിയ ചിത്രമായ് തീർന്നതും
പുഴ കരയുന്നു നേർത്തൊരീണത്തിലായ്
തെളിനിലാവതാ മേഘത്തിലാണ്ടു പോയ്..

***************

തീയിൽ കത്താതെ നിൽക്കുന്ന പച്ചമരം...
ഷീബ ദിൽഷാദ്
കഴിയുന്നത്ര സത്യസന്ധമായി എങ്ങനെ കവിതയെഴുതാം, അതിനനുയോജ്യമായ ഭാഷയേത് ? വാക്കുകൾ കൂടുതൽ ഉപയോഗിച്ചാൽ കവിതയുടെ ഭംഗി കൂടുമോ? ഇങ്ങനെയൊക്കെ ചിന്തിച്ച് കവിതകൾ വായിക്കുന്നു... ആനുകാലികങ്ങളിൽ ,നവമാധ്യമങ്ങളിൽ... കവിത എത്രയെത്ര വിഭിന്ന ഭാവങ്ങളിൽ വരുന്നു.. ജനകീയതയാണോ കവിതയുടെ ഉദാത്തത? പ്രശസ്തി കവിതയുടെ നിലവാരത്തെ ഉയർത്തുന്നുണ്ടോ? നവ മാധ്യമങ്ങളിൽ വരുന്ന കവിതകളിൽ വായനക്കാരുടെ, ആരാധകരുടെ എണ്ണം കൂടുന്നത് മികച്ച കവിതകൾക്കാണോ. ഒരു പാട് ചിന്തിച്ചു
അല്ല, അല്ല.... ഭൗതികമായ നിർവ്വചനങ്ങൾക്ക് വഴങ്ങാത്തതാണ് കവിത.അത് ഒരിക്കൽ അഗ്നിപർവ്വതം പോലെ തീ തുപ്പുന്നു. ചിലപ്പോൾ ഹിമം പോലെ തണുത്തുറയുന്നു. എഴുതുമ്പോൾ മാത്രമവൻ കവിയും, എഴുതാതിരിക്കുമ്പോൾ കവിയല്ലാതെയുമാവുന്നില്ല. അവന്റെ മൗനം ആയിരം ചോദ്യങ്ങളിലൂടെ, ഉത്തരങ്ങളിലൂടെ, സൗന്ദര്യത്തിലൂടെ, വിരൂപത്തിലൂടെ കടന്നുപോകുന്നു. കവിതയും ജീവിതവും കൊണ്ട് പുകയുന്നു . മനുഷ്യന്റെ ഒറ്റയാവൽ ... നിങ്ങളെ സ്പർശിക്കുന്നത് അവൻ തിരസ്കരിക്കുന്നു. ചില നേരങ്ങളിൽ വിക്ഷുബ്ധമായി, നൃശംസതയോടെ, അങ്ങേയറ്റം ഹീനവും വന്യവുമായി, പ്രതികാരോത്സുകമായി, ചിന്തയുടെ അജ്ഞാതമായ ഉറവകളെ ഉണർത്തുന്നു.. ഹൃദയമാണതിന്റെ ഊറ്റ്. കവിയുടെ രക്തം അതിലെവിടെയോ പൊടിയുന്നു, കവിയുടെ ചിന്ത ജ്ഞാതത്തിൽ നിന്ന് അജ്ഞാതത്തിലേക്ക് പകർത്തി വയ്ക്കുന്ന അരൂപികളായ ചിത്രങ്ങൾ, ചരിക്കുന്ന പാതകൾ നമ്മെ ഗ്രഹിപ്പിക്കുന്നു.. ഈർപ്പം പോലെ അത് നമ്മുടെ ഉറക്കത്തിലും, ഉണർച്ചയിലും കൺപോളകൾക്കടിയിൽ തങ്ങിനിൽക്കും, രുചി ഭേദങ്ങളെ നിർണ്ണയിയ്ക്കും, ചിലപ്പോൾ വാഴക്കൂമ്പിൽ തളർന്നിരിക്കുന്ന ഒരു സൂചിമുഖിയുടെ കാഴ്ചയായി, മറ്റൊരിക്കൽ വിപ്ളവത്തിൽ ചോരയൊഴുക്കുന്ന ഒരു മുഴുവൻ ദേശമായി, പലായനത്തിൽ തളർന്നു വീഴുന്നവന്റെ മുറിവുകളായി, ബലാത്സംഗത്തിൽ നിലവിളിക്കുന്ന പച്ച മാംസമായി അത് വായനക്കാരന്റെ ഹൃദയത്തിൽ അടിഞ്ഞുകിടക്കും.. ആ കവിത ഗദ്യത്തിനും പദ്യത്തിനും ആയിരമായിരം വാക്കുകൾക്കും പകരം മൗനം കൊണ്ട് ഭാഷ്യപ്പെടുന്നു ,പ്രിയരേ എന്നിലെ കവി തിരയുന്നതും അതു തന്നെ മൗനം കൊണ്ട് കാവ്യപ്പെട്ട ആ ഭാഷയെ..!
***************

വായന
ദേവി.കെ.എസ്

നിന്നെ വായിക്കുമ്പോൾ
എന്റെ കണ്ണിന്
തിമിരമാണ് .....
വാക്കുകൾ ഇരട്ടിച്ച്
കണ്ണീരായി ഇറ്റുവീഴുന്നു
നീ നടന്ന വഴികളിലേക്ക്
നോക്കുമ്പോൾ
ഒരു മഞ്ഞുമറ
കണ്ണിനെ പുൽകുന്നു
അവ്യക്തതയിലും നീ
തിരിഞ്ഞു നിന്ന്
കൈത്തലം നീട്ടുമ്പോൾ
മേലാപ്പുപൊട്ടി വീണ
മഴ പോലെ
ഞാൻ നിന്നിലേക്കലിയുന്നു!
***************

കളയാൻ തോന്നുന്നില്ല
കെ.ആർ.രഘു
പത്താംക്ലാസിലെ
പഴയ ഓട്ടോഗ്രാഫ്.
കണ്ണുകളൊഴികെ
എല്ലാം ചിതലെടുത്ത ഫോട്ടോ.
റബ്ബറടപ്പുള്ള
അഞ്ചുപൈസയുടെ മഷിക്കുപ്പിക്കു
പകരം കൊടുക്കാൻ
സുനാമിത്തിരകൾ കയറിയിറങ്ങിയ
ധനുഷ്ക്കോടിയിൽ നിന്നു
വാങ്ങിയ ശംഖുമാല.
ചൂളമടിച്ചു പഠിച്ച
യേശുദാസിന്റെ
സ്വർഗ്ഗഗായികേ എന്ന പാട്ട്.
വരമ്പിന്റെ നടുക്കുവച്ചുള്ള
വഴിമാറലിൽ
അടുത്തുകൂടി പോയ കാറ്റ്.
ഇവിടെയുണ്ടെന്നറിയിക്കാൻ
ചുരുട്ടിയ
ഇടംകൈയ്ക്കു മുകളിൽ വെച്ച
കപ്പയിലയിൽ
മറുകൈ കൊണ്ട്
ഏമത്തിൽ അടിച്ചുണ്ടാക്കിയ ഒച്ച.
തൊട്ടപ്പോൾ
പൊളളിയ ചെറുവിരൽത്തുമ്പ്.
ശപിക്കപ്പെട്ട ജന്മമാണ്,
ഇനി
കാണാൻ ശ്രമിക്കരുതെന്നു്
പെൻസിൽ കൊണ്ടെഴുതിയ കത്ത്.
മുറ്റത്തിനു താഴെ
പഴുത്ത ചാമ്പയ്ക്കകൾ
പൊഴിഞ്ഞു കിടക്കുന്ന വീട്.
മീതേ
കറുത്ത പൂപ്പലാണെങ്കിലും
കളയാൻ തോന്നുന്നില്ല,
ഉപ്പിലിട്ട കണ്ണിമാങ്ങകൾ.
***************

ഒരുമ്പെട്ടോൾ...
ജസി കാരാട്
ചാണകം മെഴുകിയ തിണ്ടിൽ
ഒറ്റയ്ക്കായിരുന്നു അവൾ..
മുറ്റത്തെ മാവിൻ ചുവട്ടിൽ അവനും...
അച്ഛൻ നേരത്തെ മരിച്ചു പോയിരുന്നതിനാൽ
അവൾക്ക് അവൻ അച്ഛനാണെന്നു തോന്നി
ഏട്ടന്മാരാരും ഇല്ലാത്തതിനാൽ ഏട്ടനാണെന്നും.അമ്മയെ കാണാതെ വളർന്നവനായതിനാൽ അവന് അവൾ അമ്മയാണെന്നു തോന്നി
അനിയത്തിമാരില്ലാത്തതിനാൽ
അനിയത്തിയാണെന്നും
തിണ്ടിൻ മുകളിൽ നിന്ന് അവൾ മുറ്റത്തേയ്ക്കിറങ്ങി
മാവിൻ ചുവട്ടിൽ നിന്നും അവൻ
ഇടവഴിയിലേയ്ക്കും
പാടവരമ്പത്തിരുന്ന് അവർ ഇല്ലായ്മകളുടെ
ചുമടിറക്കി
കുസൃതിക്കഥകൾ പറഞ്ഞു
കണ്ണീർ മുത്തുകൾ പരസ്പരം തുടച്ചു
മുടിയിഴകൾക്കിടയിലൂടെ എണ്ണിപ്പെറുക്കി വിരലോടിച്ചു
അവനൊരു ദേവനാണെന്ന് അവളറിഞ്ഞു
കോവിലമ്മയാണവളെന്നവനും
കൈകോർത്തു പിടിച്ച് അവർ കാറ്റിനൊപ്പം ആടി
കുയിലിനൊപ്പം പാടി
പീലി നിർത്തി മയിലിനോടൊപ്പം മാനം നോക്കി.
മഴയും, മഞ്ഞും, വെയിലും കടന്നു പോയതറിയാതെ വയൽ മധ്യത്തിലങ്ങനെ നിന്നു പോയി.
''ടീ .... മൂധേവീ :. ന്റെ ചെക്കനെ കണ്ണു കാണിച്ചു കറക്കിക്കളഞ്ഞല്ലോ ടീ.. നീ .:
അമ്മായിയപ്പൻ നെഞ്ചത്തടിച്ചു.
അവൾക്കൊന്നും തോന്നിയില്ല.
പുളികൊമ്പേൽ.. പിടിക്കാനായിട്ടല്ലേ
നീയിറങ്ങീത്
നാട്ടുകൂട്ടം വിധിച്ചു.
അവൾ പാറ പോലെയുറച്ചു നിന്നു..പക്ഷെ
എന്റെ വിളി കേട്ടതേ  നീയെന്തിനാണിറങ്ങി വന്നത് എന്നവൻ ചോദിച്ചതേ അവൾ,വരണ്ടുണങ്ങിപ്പോയി...  പിന്നെ, തീക്കൊള്ളിയായി ......
***************

മായക്കണ്ണാടി
ശ്രീലാ അനിൽ
കണ്ണാടിയെ പ്രണയിക്കാത്തവർ ആരുണ്ട്?
ഓരോ നോട്ടത്തിലും നമ്മെ തന്നെ കാണിക്കുന്നവൾ,,,
സ്വയമൊന്നു കാണാൻ മറ്റുവഴിയില്ലെന്നിരിക്കെ
അവളെ നോക്കാതെയെങ്ങനെ?
പുതു നോട്ടങ്ങളിൽ
പുതു കാഴ്ചകളാണവളെന്നിൽ നിറയ്ക്കുന്നത്
പക്ഷേ ആ കാഴ്ചകൾ പ്രതിബിംബമാണ്.....
അയഥാർഥം....
അങ്ങനെ എന്നെ കാണാത്തൊരാൾ
ഞാൻ മാത്രമെന്ന്
നീയാണെന്നെ ഓർമ്മിപ്പിക്കുന്നത്
ആ തിരിച്ചറിവിൽ നിന്നാണ് ഞാൻ
ഛായാ മുഖിയായി പുനർജനിച്ചത്,,,,
അതെ ഭീമൻ എറിഞ്ഞുടച്ച അതേ ഛായാമുഖി......
മായക്കണ്ണാടി
തന്നിൽ ആരുനോക്കിയാലും
അവരുടെ പ്രേയസീരൂപം വരയ്ക്കുന്ന ഛായാമുഖി
ദ്രൗപദി മുഖം നോക്കിയപ്പോൾ
അവളുടെ ഹൃദയത്തിനുള്ളിലെ
പ്രേമരൂപന്റെ....
 അർജുന്റെ ചിത്രം.....
 കാട്ടിക്കൊടുത്തവൾ ഛായാമുഖി,,,,,
അത് കണ്ട ഭീമനാണ്
നൊന്ത് .... നൊന്ത് ....,നീറിപ്പോയത്.....
ഭീമ ഹൃദയത്തിൽ നിന്നും വിരിഞ്ഞത് ദ്രൗപദി ചിത്രമാണ്
നീചനായ കീചകനും
 ദ്രുപദനന്ദിനിയെ തന്നെ കാട്ടിക്കൊടുത്ത അതേ ഛായാമുഖി
തിരിച്ചു കിട്ടാത്ത
നീചപ്രണയത്തെ
എറിഞ്ഞുടച്ചു ഭീമൻ.....
എന്നിലേക്ക്
ഈ ഛായാമുഖിയിലേയ്ക്ക്
നീ ഒന്നു നോക്കൂ.....
ഇപ്പോൾ തെളിയുന്നത് എന്റെ രൂപമല്ലേ?
മോഹമാണ്......
മോഹങ്ങൾക്ക് അതിരില്ലല്ലോ....
പക്ഷേ ഒന്നറിയാം
ഞാനാണു നോക്കിയതെങ്കിൽ
നിന്റെ മുഖം മാത്രമാവും
അത് കാട്ടിത്തരിക.......
***************👇🏻

ഒരിറ്റു വെളിച്ചം.
നരേന്ദ്രൻ.എ.എൻ
ആതുരേസു മനുസ്സേസു
വിഹായാമ അനാതുരാ...
ദു:ഖിതരായ മനുഷ്യർക്കൊപ്പം
ദു:ഖമേൽക്കാതെ നമുക്കിരിക്കാം...
ബന്ധുവായതുകൊണ്ടും
ജോലിയുടെ ഭാഗമായതുകൊണ്ടും രോഗികൾക്കൊപ്പം കഴിയുന്നവരുണ്ട്.
അത് അവരുടെ ഉത്തരവാദിത്വമാണ്.
ഒരു കെട്ടുപാടുമില്ലാഞ്ഞിട്ടും
രോഗികൾക്കൊപ്പം കഴിയുന്നവരുണ്ട്.
അവർ പ്രകാശം പരത്തുന്ന
ദേവതകളെന്നു വിളിക്കപ്പെടുന്നു.
പീതി ഭക്ഖാ ഭവിസ്സാമാ
ദേവാ ആഭസ്സരാ യഥാ...
ശരീരവും മനസ്സും തളരുമ്പോഴും
അവക്കു മുകളിൽ
കെടാതെ ബോധം ജ്വലിക്കാറുണ്ട്
ചിലരിൽ.
കടലിൽ മുങ്ങുമ്പോഴും
തിരകൾക്കു മുകളിൽ ഒരു നാളമായി...
എന്നാൽ
കൂടെയുള്ളവരുടെ രോദനം പോലും
എന്നെ സ്തബ്ധനാക്കുന്നുവല്ലോ...
ചുറ്റും പരക്കുന്ന ഇരുട്ടിലേക്കു
ഞാൻ നോക്കിയിരിക്കുന്നു.
ഒരിറ്റു വെളിച്ചം!
പക്ഷേ,ആകാശത്തിലെ സിംഹാസനം
ശൂന്യമായിത്തന്നെയിരിക്കുന്നു.
ഹേ,വൈദ്യനാഥ!
എന്റെ വിളക്കു ഞാൻ തന്നെ
കൊളുത്തേണ്ടി വരുന്നല്ലോ!
അന്ധകാരേന ഓനത്ഥ
പദീപം ന ഗവേസ്സഥ?
നീയെന്താണ് വിളക്കു കൊളുത്താതെ
ഇരുട്ടത്തു തന്നെയിരിക്കുന്നത്?
***************