15-04-19

അത് ഞാനായിരുന്നു
അഷിത,ശിഹാബുദ്ദീൻ പോയ്തുംകടവ്
മാതൃഭൂമി
പേജ്144
വില175
________
"പുറത്തുവരാത്ത ഒരു നിലവിളിയായിരുന്നു ഞാൻ"

       മലയാളികളെ ഏറ്റവുമധികം സംഭ്രമിപ്പിച്ച തുറന്നുപറച്ചിൽ ഏതായിരുന്നു. മാധവികുട്ടിയുടെ എന്റെ കഥയോ ,ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ ചിദംബരസ്മരണകളോ, കുഞ്ഞബ്ദുള്ളയുടെ നഷ്ടജാതകമോ,പി കുഞ്ഞിരാമൻ നായരുടെ ആത്മകഥകളോ. തെരഞ്ഞെടുപ്പിന് ധാരാളം ഓപ്ഷൻ ഉണ്ടായിരുന്നു- അഷിതയുടെ ഉള്ളുരുക്കം പുറത്തുവരുന്നതുവരെ. മാതൃഭൂമി ആഴ്ചപതിപ്പിലൂടെ അഷിതയുടെ ജീവിതത്തിലേക്ക് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മലയാളികളെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചുകൊണ്ട് കടന്നുവന്നപ്പോൾ പൂർവ്വ കഥകളെല്ലാം വെറും പഴങ്കഥകൾ ആയിപ്പോയി. തൻറെ മരണത്തിനുശേഷം മാത്രമേ ഈ തുറന്നു പറച്ചിൽ മലയാളികളിൽ എത്താവൂ എന്ന ജാമ്യത്തോടെയാണ് അവർ തന്റെ ജീവിതം വെളിപ്പെടുത്തിയത്.
മാതൃഭൂമി ആഴ്ചപ്പതിപ്പ് മീശ വടിച്ച ഒഴിവിലേക്ക് സുഭാഷ് ചന്ദ്രൻ പത്രാധിപരായി എത്തിയപ്പോൾ പിടിച്ചുനിൽക്കാൻ ഒരു തീപ്പൊരി തപ്പിയെടുത്ത തോടെ, മലയാളികൾ അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചു പോയി. ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത അഷിതയെക്കൊണ്ട് സുഭാഷ് ചന്ദ്രനോട് "വരുന്നതൊക്കെ സഹിക്കാൻ റെഡിണെങ്കിൽ കൊടുത്തോളൂ''എന്ന് പറയിച്ചത് ആവശ്യക്കാരന്റെ ഔചിത്യമില്ലായ്മ ഒന്നു കൊണ്ടുമാത്രാണെന്ന അവകാശവാദം നാം അംഗീകരിക്കുക. ഒരുവർഷത്തെ നിരന്തരമായ ശ്രമത്തിലൂടെ യാണ് ശിഹാബുദ്ദീൻ ഈ ദീർഘ സംഭാഷണം തയ്യാറാക്കിയത്. മിതഭാഷിയും അന്തർമുഖി യുമായ ഒരു എഴുത്തുകാരിയുടെ സ്തോഭം നിറഞ്ഞ ജീവിതം അങ്ങനെ അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ വെളിച്ചം കണ്ടു . അത് അടിച്ചു വന്നാൽ "ഒരുപാട് പേർക്ക് എന്നെ ഓർത്തു വിഷമമാകും പിന്നെ എന്നെ വിളിക്കാനും ആശ്വസിപ്പിക്കാനും ഒക്കെ ആളുകൾ മത്സരിക്കും. എനിക്കാണെങ്കിൽ ഇപ്പോൾ ദുഃഖിക്കാൻ തീരെ നേരമില്ല. അതാ, ജനലിനപ്പുറം നല്ല പോക്കുവെയിൽ തിളങ്ങുന്നു. അതിനെ ഇങ്ങനെ ആസ്വദിച്ച് ,ചുമ്മാ ഇവിടെ മൗനമിയിരിക്കുന്നതല്ലേ രസം",എന്ന് ചിന്തിച്ചിരുന്ന എഴുത്തുകാരിയുടെ മനസ്സുമാറ്റംകൊണ്ട് സുഭാഷ് ചന്ദ്രനും മാതൃഭൂമി ആഴ്ചപ്പതിപ്പിനും ഗുണമുണ്ടായി. ആഴ്ചപ്പതിപ്പിന് പ്രചാരം കൂടി .അഞ്ചാം ലക്കത്തിൽ അഭിമുഖം അവസാനിക്കാനാകുമ്പോഴേക്കും അന്നേവരെ അറിയപ്പെടാതിരുന്ന മറ്റൊരു അഷിതയെ വായിച്ച് കേരളം അന്ധാളിച്ചു .ഇത്രമാത്രം ആധികൾ നിറഞ്ഞ ഒരു പെൺകുട്ടിക്കാലത്തെ മലയാളികൾ ആദ്യമായി വായിക്കുകയായിരുന്നു. അഭിമുഖം തീർന്ന ചൊവ്വാഴ്ച അവർ പറഞ്ഞു. "സന്തോഷിക്കണോ ദുഖിക്കണൊ എന്നറിയില്ല. ആളുകൾക്ക് ഇപ്പോൾ എന്നോട് ഇഷ്ടം കൂടിയിട്ടുണ്ട് .നിൻറെ കാര്യമാണ് കഷ്ടം .ഇനി കച്ചവടം മുന്നോട്ടുകൊണ്ടുപോകാൻ നീ എന്ത് ചെയ്യും". പണ്ട് മാധവികുട്ടി മലയാള നാടിൻറെ പ്രചാരം അതിൻറെ എക്കാലത്തെയും വലുപ്പത്തിലേക്ക് എത്തിച്ച കാര്യമാവും അവരുടെ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നത്. (അതിൻറെ ഹാങ്ങോവറിൽ നിത്യകന്യകയെ തേടി പ്രസിദ്ധീകരിച്ചത് ഇടയ്ക്ക് വച്ച് നിർത്തേണ്ടി വന്നതും മനസ്സിൽ ഉണ്ടാവും!)

     "ആദ്യത്തെ നോവൽ എഴുതിയപ്പോൾ അച്ഛൻറെ അടികൊണ്ട് ഞാൻ വീണുപോയി. പതിനേഴ് വയസ്സുള്ള പെൺകുട്ടിയാണ് .അച്ഛൻ മടിയിൽ പിടിച്ചു കിടത്തിയിട്ട് ഇനി എഴുതുമോ എന്ന് ചോദിച്ചു കാൽതൊട്ട് തലവരെ ഫോട്ടോ ഫ്രെയിം കൊണ്ട് അടി തുടങ്ങി .തല വരെ അടിച്ച് പിന്നെ അത് നിർത്തി. കാലിൻറെ അടിയിൽ തുരുതുരാ അടിക്കൽ ആയി .അവിടെ അടിക്കുമ്പോൾ ആണ് ശരിക്കും വേദനിക്കുക. അത്രയും ബ്രൂട്ടൽ ആയിരുന്നു ഓരോ സിറ്റുവേഷനും". നവംബർ 25ന്റെ ലക്കത്തിൽ നൽകിയ പരസ്യത്തിലെ വാക്യങ്ങളാണ് ഇത്. ഇതിനെക്കാൾ തീക്ഷ്ണമാണ് ഒന്നാം ലക്കത്തിൽ തന്നെ വന്ന മറ്റുചില പരാമർശങ്ങൾ.
      ഇടയിൽ ചില ഭാഗങ്ങളിൽ എഡിറ്ററുടെ കത്രിക വീണിട്ടുണ്ടെന്ന് മനസ്സിലായപ്പോൾ, "എന്തിനാണ് ചിലതെല്ലാം വെട്ടിമാറ്റിയത് "എന്ന് അവർ അന്വേഷിച്ചു .ആകെ കുറച്ചു വെളിച്ചങ്ങളേ ബാക്കിയുള്ളൂ, അതും നാം ഇരുട്ടിൽ ആക്കണോ എന്ന് എഡിറ്റർ ആത്മഗതം നടത്തിയത്രേ! പുസ്തകം അടിക്കുമ്പോൾ താൻ അതൊക്കെയും വീണ്ടും ചേർക്കും എന്നവർ പറഞ്ഞുവെങ്കിലും ഒടുവിൽ വേണ്ടെന്നുവച്ചുവത്രേ. പുസ്തകത്തിൽ അതൊന്നും ചേർത്തിട്ടില്ല. സുഭാഷ് ചന്ദ്രൻ മലയാളത്തിനോട് നടത്തിയ കയ്യേറ്റം നമുക്ക് പൊറുക്കാതിരിക്കാം.
       അഷിത സ്വന്തം മകളല്ലെന്നും മറ്റേതോ സാഹിത്യകാരൻെറ കുട്ടിയാണെന്നും അവരുടെ അച്ഛൻ വിശ്വസിച്ചിരുന്നു. പലപ്പോഴും അവിശ്വസനീയമായ കരുത്തോടെ അത് പുറത്തു വന്നിട്ടുമുണ്ട്. പക്ഷേ അമ്മയുടെ നിസ്സംഗത; അതിൻറെ കാരണം മനസ്സിലാകണമെങ്കിൽ മറ്റു ചിലതുകൂടി നാം അറിയേണ്ടിയിരിക്കുന്നു. മലയാളത്തിലെ ഏറ്റവും ക്രൂരമായ പെൺകുട്ടിക്കാലം സാഹിത്യലോകത്ത് ചലനങ്ങൾ ഉണ്ടാക്കുന്നുണ്ട് .ഒന്നാം പതിപ്പ് പെട്ടന്ന് വിറ്റഴിഞ്ഞു. രണ്ടാം പതിപ്പ് വിപണിയിൽ എത്തിയിരിക്കുന്നു. മാതൃഭൂമി ബുക്സ്ന് ഇത് കൊയ്ത്തുകാലമാണ്. ഇതിൻറെ പതിപ്പുകൾ ഇനിയും ഇറങ്ങി കൊണ്ടേയിരിക്കും .കാരണം അതിലടയാളപ്പെട്ട ജീവിതം അത്രമേൽ ആതുരവും അനന്യവുമാണ്.
ആഴ്ചപ്പതിപ്പിൽ വന്നതുമാത്രമല്ല
പുസ്തകത്തിലുള്ളത്. ശ്രദ്ധേയമായമൂന്നുകഥ. ഗുരു നിത്യചൈതന്യയതിക്കുറിച്ചുള്ള സ്മൃതി, മാധവിക്കുട്ടിയെക്കുറിച്ച് ഓർമ്മക്കുറിപ്പ് ,അഷിത ഓർമ്മിക്കപ്പെടുന്ന കുറിപ്പുകൾ ,അങ്ങനെ വായനക്കാരെ പ്രലോഭിപ്പിക്കുന്ന ഒരുപിടി സംഗതികൾ ഈ പുസ്തകത്തിലുണ്ട്.

       തന്നെ വീട്ടുകാർ എങ്ങനെയാണ് പരിഗണിച്ചിരുന്നത് എന്ന് അഷിതയുടെ  തീയോർമ്മകളിലൂടെനാം നടുങ്ങിത്തുടങ്ങുക.

     പത്തൊമ്പതാം വയസ്സിൽ എഴുതിയ ഒരു കീറ് ആകാശം എന്ന കഥ ചവറാണെന്ന് സുജാത ടീച്ചർ പറഞ്ഞത് ശേഷം അഷിത നോവലെറ്റുകൾ എഴുതിയിട്ടില്ല .17 ,18 വയസ്സ് പ്രായമുള്ളപ്പോൾ മന്ത്രവാദിയുടെ അടുത്തത് ഭ്രാന്തിന് ചികിത്സിക്കാൻ കൊണ്ടുപോയ അച്ഛൻറെ അതിക്രൂരത ആ കഥയിൽ ഉണ്ടായിരുന്നു .

   എം.കൃഷ്ണൻ നായർ ഒരിക്കൽ 'ചവച്ചുതുപ്പിയ കരിമ്പിൻചണ്ടി'എന്ന് ഒരു കഥയെക്കുറിച്ച് പറഞ്ഞത് വീട്ടുകാർ എന്നും പറഞ്ഞ് കളിയാക്കും. സ്ത്രീയെ കുറിച്ച് സമൂഹത്തിൻറെ കാഴ്ചപ്പാട് ഒറ്റ ഉദാഹരണം കൊണ്ടാണ് വിവരിക്കുന്നത്. പഴയകാലത്ത് വാസ്തു നോക്കിയാൽ മതി സ്ത്രീയെ നിരന്തരമായി തടവിലിടാൻ ഉള്ള ഒരു രീതിയാണ് അതിൻറെ നിർമ്മാണരീതി .ഫ്രെയ്സ് ഇല്ലേ, അകത്തുള്ളയാൾ എന്നൊക്കെ .അവൾ ഒരിക്കലും പുറത്തു വരില്ല.
 മാധവികുട്ടിയെ ചൊല്ലി ധാരാളം വഴക്ക് കേട്ട് അഷിത അവരെ വായിച്ചിട്ടില്ല .
മാധവിക്കുട്ടി എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു കിട്ടിയതിൽ ഒരു അംശം പോലും തിരിച്ചു കൊടുത്തിട്ടില്ല. ഞാൻ എപ്പോഴും വഴക്ക് കൂടുമായിരുന്നു, അഷിത സങ്കടപ്പെടുന്നു. പതിനേഴാം വയസ്സിൽ സൂയിസൈഡ് അറ്റമ്ന്റ് ചെയ്തു. അതിൽ നിന്ന് തിരിച്ചുവന്നു. ഇനി ആത്മഹത്യ ചെയ്യാൻ ശ്രമിക്കില്ല എന്ന് വിചാരിച്ചതും സ്നേഹരാഹിത്യത്തിൽനിന്നാണ്. 20 വയസ്സിൽ ഒക്കെ മാസത്തിൽ 20 ദിവസത്തോളം നീണ്ടുനിൽക്കുന്ന ബ്ലീഡിങ് കൊണ്ട് ബുദ്ധിമുട്ടി. ഡോക്ടറെ കാണാൻവീട്ടുകാരുടെഅനുവാദത്തിനുപോലും ആത്മഹത്യ ശ്രമം ചെയ്യേണ്ടിവന്നു .കഴുത്തിൽ കുരുക്കിട്ടുനിൽക്കുന്നത് കണ്ട അമ്മ ,ചാടിയിട്ട് കുരുക്കു മുറുകാൻ വെയിറ്റ് ചെയ്യുന്നതാണ് കണ്ടതത്രേ! അതിൽ പിന്നെയാണ് ആത്മഹത്യാശ്രമം ഉപേക്ഷിച്ചത് .

   ഗുരു നിത്യചൈതന്യയതി ജീവിതത്തിലേക്ക് വന്നതിനുശേഷമാണ് ലോകം തന്നെപ്പറ്റി എന്തുപറഞ്ഞാലും പ്രശ്നം ഇല്ലാതായത് .ഗുരു തൻറെ കഴിഞ്ഞ ജന്മമായി പരിചയപ്പെടുത്തിയ ഒരു പുസ്തകമുണ്ട്  .'മിസ്റ്റർ ഗോഡ് ദിസ് ഈസ് അന്ന". അന്നയുടെ സ്ഥാനത്ത് അഷിതയെ നിർത്തിയാൽ അന്ന പറയുന്നതെല്ലാം അഷിതയും പറയും എന്ന് ഗുരു എഴുതിയിരുന്നു .അടുത്ത ജന്മത്തിൽ അലക്കുകാരി ആയാലും എഴുത്തുകാരി ആവരുതെന്നവർ മോഹിക്കുന്നു.  എഴുത്ത്  അത്രയ്ക്ക് വേദനാജനകമാണ് .
     മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ മൂന്നാമതൊരാളാണ് അഷിതയെ ഏറ്റവും മഥിച്ച കഥ .'പകരം ഒരാൾ' മുണ്ടൂർ കൃഷ്ണൻകുട്ടി ക്കുവേണ്ടി എഴുതിയതാണ്.

തൻറെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടു എന്ന് തോന്നുന്ന കഥകളായിഅവർ  തെരഞ്ഞെടുക്കുന്നത് -ഒരു സ്ത്രീയും പറയാത്തത്, മേഘവിസ്ഫോടനങ്ങൾ, കല്ലുവെച്ച നുണകൾ, പൊരുൾ, ഒത്തുതീർപ്പുകൾ ,അമ്മ എന്നോട് പറഞ്ഞ നുണകൾ-എന്നിവയാണ്.
തൻറെ ബാല്യത്തെ, ജീവിതത്തെ, ഒറ്റവാക്കിൽ അവർ നിർവചിക്കുന്നത് നോക്കുക,
"പുറത്തുവരാത്ത ഒരു നിലവിളിയായിരുന്നു ഞാൻ"
ഈ ഓർമ്മക്കുറിപ്പുകൾ വായിക്കുന്നവർക്കും ഇതൊരു അതിശയോക്തിയായി തോന്നുകയില്ല.

ഞാൻ ഈ കുറിപ്പിൽ നോവുന്ന ഓർമ്മകളെ വിട്ടുകളഞ്ഞിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ,ആ വാക്കുകളുടെ അഗ്നിയിൽ ഒറ്റ വായനയുടെ ഉരുക്കത്തിന്, വായനക്കാരനും പുസ്തകത്തിനും ഇടയിലെ തടസമായി ഒരാളും ഉണ്ടാകരുതല്ലോ!

  സമകാലിക മലയാളത്തിലൂടെ ശ്രീബാല കെ മേനോൻ മലയാളികളോട് പറഞ്ഞത്; അഷിതയെ കുറിച്ച് സംഭാഷണ രൂപത്തിൽ ഒരു പുസ്തകം ഉണ്ടാക്കാമെന്ന് സമ്മതിപ്പിച്ചതും, സംഭാഷണത്തിനു വേണ്ടി ശിഹാബുദ്ദീനെ കണ്ടെത്തിയതും ,ഈ സംഭാഷണത്തിന് നേർ സാക്ഷിയായിരുന്നതും, താനാണെന്നാണ് .സംഗതി സത്യമാണെങ്കിൽ( മൗനം മരണമാകുന്നു) ശിഹാബുദ്ദീൻ തിരക്കിനിടയിൽ വിട്ടു പോയതാവും!

രതീഷ് കുമാർ