15-04-19c

📚📚📚📚📚

സ്വാതന്ത്ര്യത്തിലേക്കുള്ള വഴി
ഇരുണ്ട തീരത്തെ ഇദ്ദ
സംഗീത ഗൗസ്
ഒലിവ്പബ്ലിക്കേഷൻ
വില: 75 രൂപ


സ്വർണക്കൂട്ടിൽ അകപ്പെട്ട പക്ഷിയുടെ സ്വാതന്ത്ര്യദാഹത്തിന്റെ തീക്ഷ്ണത പകരുന്ന മുപ്പത്തഞ്ച് കവിതകളുടെ സമാഹാരം.അതാണ് തിരൂർ സ്വദേശിനിയായ സംഗീത ഗൗസിന്റെ "ഇരുണ്ട തീരത്തെ ഇദ്ദ." ഹൃദയത്തിൽ മുറിവേറ്റവളുടെ ചെന്നിണ പ്രവാഹമാണത്.'അവ(ൾ )ശിഷ്ടം' എന്ന ഒറ്റക്കവിത മതി സ്ത്രീയവസ്ഥകളുടെ എക്കാലത്തെയും തീക്ഷ്ണത നമ്മെ അനുഭവിപ്പിക്കാൻ.. അവൾക്കു ചാർത്തിക്കിട്ടിയ ചില്ലക്ഷരത്തിന് ദൈവവും പിശാചും ഉത്തരവാദിയല്ല. പിന്നെയാര് എന്ന ചോദ്യം അമ്മ ചൊല്ലിപ്പഠിപ്പിച്ചതിലൊന്നും കേട്ടിട്ടില്ല... പിന്നെ,ആരാണ് പ്രതി എന്ന ചോദ്യം ഒരു വ്യവസ്ഥ സൃഷ്ടിച്ചെടുത്ത സമൂഹത്തിനു നേരെ ഉയരുന്ന ചാട്ടുളി തന്നെ..
"രാവോളം പണിയുണ്ട്
രാത്രിയും എന്റേതല്ല
ഞാൻ തന്നെ എനിക്കായല്ല
ഒരു വശം അമ്മ
മറു വശം ഭാര്യ
പിന്നെ ഇണ
വേതനമില്ലാത്ത വേലക്കാരി
വീടെന്ന കൂട്ടിലെ
പറക്കാത്ത പക്ഷി...
കണ്ടു പഠിച്ച പാഠഭാഗം
രണ്ടായിക്കീറി
ഇന്നലെയോടൊപ്പം കുഴിച്ചുമൂടാം.."
ആ കുഴിച്ചു മൂടപ്പെട്ടത് അവശിഷ്ടമായി പരിണമിക്കുന്നത് പൊള്ളലോടെ നാമറിയുന്നു.
    വർത്തമാനകാല ദുരന്തങ്ങൾ വേട്ടയാടുമ്പോഴും കഥ കേട്ട് കദനം വെടിയാനും കുടുകുടെ ചിരിക്കാനും കളി ചിരികളിൽ തളിർത്തു പൂക്കാനുമാഗ്രഹിച്ച് പൂർവ്വത്തിലേക്ക് മടങ്ങാൻ ഹൃദയം കൊണ്ട് കൊതിക്കുന്ന കവയിത്രിയെ 'തളിർപ്പ് ' എന്ന കവിതയിൽ കാണാം.കയ്പ്പും മധുരവും എരിവും ചവർപ്പും പുളിയുമായി മാറുന്ന കറിക്കൂട്ടുകളത്രേ  ആ അനുഭവത്തീച്ചൂളയുടെ കാഴ്ചപ്പാടിൽ ജീവിതം..കരളിലെ കദനം കണ്ണ് പറയുകയും ചുണ്ടത് ഒപ്പിയെടുത്ത് ഉപ്പാണെന്ന് ശഠിക്കുകയും ചെയ്യുന്ന ജീവിത ദർശനം..എന്നാൽ, ജീവിത ദു:ഖങ്ങളിൽ അടയിരിക്കാതെ കരളിൽ  കൂട്ടായുള്ള ആയിരം കിനാക്കളോടൊപ്പം വാനം നോക്കി പറന്നുയരാനും ആ സനേഹപ്പക്ഷി കൊതിക്കുന്നുണ്ട്.
                എല്ലാ ജീവിതാവസ്ഥകളും ഒരു അജ്ഞാത രാജാവിന്റെ വാഞ്ഛിതമാണെന്ന പരമാർത്ഥം അവർ തിരിച്ചറിയുന്നു.അതു കൊണ്ടു തന്നെ വഴിമുട്ടിയ വാക്കുകൾക്കൊടുവിൽ തന്റെ ചേതന ആയിരം സൂര്യചന്ദ്രന്മാരെ തൊട്ട് തന്റെ സ്വർഗരാജ്യം വീണ്ടെടുക്കുക തന്നെ ചെയ്യുമെന്ന പ്രത്യാശ പുലർത്തുന്ന കവയിത്രിയെ 'കൽപ്പനകളിലെ തലവര ' എന്ന കവിതയിൽ നമുക്ക് കണ്ടെത്താനാവും.
                സ്ത്രീത്വത്തിന്റെ സ്വത്വവും സത്തയും ഉൾക്കൊള്ളാത്ത സമൂഹ മനസ്സിനു നേർക്ക് ഉയർത്തുന്ന കൂരമ്പത്രേ 'സന്ധി സമാസങ്ങൾ' എന്ന കവിത. പെണ്ണ് അക്ഷരം മാഞ്ഞ ഒരു പാഠപുസ്തകമാണ്, അന്യമായ ഒരദ്ധ്യായമാണ്.
  "പേറ്റ് നോവിൻ രുചിയറിയാൻ
   പെണ്ണേ നിനക്കെന്തിന് ജ്ഞാനം
   നോവറിയുമ്പോൾ
   ശബ്ദമരുത് ..
   തോറ്റു പോവുകിൽ
   വാക്കുകളരുത് ..
   നല്ലവൾ ചമഞ്ഞ്
    പിന്നിൽ നടക്കുക"
എന്ന പൊള്ളുന്ന വാക്കുകൾ കൊണ്ടാണ് പുരുഷാധിപത്യത്തിന്റെ കുടിലതയെ അവൾ ചോദ്യം ചെയ്യുന്നത് ..
 "കിടപ്പുമുറിയിൽ മനസ്സഴിച്ചു വെക്കുക
  നഗ്നമായ നിന്റെ ശരീരത്തെ
  അൽപ്പനേരത്തേക്ക് മാംസമാക്കുക
   കണ്ണടച്ചില്ലേ
   കൂരിരുട്ടെന്ന് ചൊല്ലുക... " എന്നു കൂടി ബലാൽക്കാരത്തിന്റെ നീറ്റൽ പേറുന്ന ആ മനസ്സ് പിറുപിറുക്കുന്നു. അതാണ്, ആധുനിക ലോകത്തിന്റെ പുതിയ സന്ധി സമാസങ്ങളെന്ന് അവൾ അർത്ഥശങ്കക്കിടയില്ലാതെ ഉച്ചൈസ്തരം പ്രഖ്യാപിക്കുക കൂടി ചെയ്യുന്നു.''വൈരുദ്ധ്യം" എന്ന കൊച്ചു കവിതയും സ്ത്രീയവസ്ഥകളുടെ നേർസാക്ഷ്യം തന്നെ...
"കറിക്കുപ്പില്ലല്ലോ എന്നവൻ
കണ്ണീരുണ്ടല്ലോ വേണ്ടുവോളമെന്നവൾ
എരിവും പുളിയും തീരെയില്ലല്ലോ എന്നവൻ
നിങ്ങളുടെ വാക്കുകൾക്കുണ്ടല്ലോ എന്നവൾ
ഇന്ന് വിരിച്ച വിരിപ്പിൽ എത്ര നിറങ്ങളെന്നവൻ
അതെന്റെ സ്വപ്നങ്ങളാണെന്നവളും."
 ഇവിടെയെല്ലാം, തീക്ഷ്ണമായ ജീവിതാനുഭങ്ങളിൽ നീറുന്ന, ഒപ്പം സ്വാതന്ത്ര്യം ദാഹിക്കുന്ന ഒരു വ്യക്തി സത്തയെ ആസ്വാദകന് കണ്ടെടുക്കാനാവും.
        സ്ത്രീക്ക് ഇരുണ്ട ലോകത്ത് വിലക്കു തീർക്കുന്നതിനോടുള്ള പ്രതിഷേധവും ഇരുട്ടിലകപ്പെട്ടവളുടെ രോദനവും ചങ്ങലക്കണ്ണികളറുക്കാനുള്ള അദമ്യമായ വെമ്പലും 'ഇരുണ്ട തീരത്തെ ഇദ്ദ ' എന്ന കവിത അനാവൃതമാക്കുന്നു.ഒരു നാൾ ചില്ല വിട്ട് പറന്നകന്ന ആൺകുയിലിനോട് കരളിൽ നിറയുന്ന സ്‌നേഹ വായ്പിനാൽ ധ്യാനഭാവത്തോടെ സഹജമായി സംഭവിക്കേണ്ട ഇദ്ദ എന്ന ആചാരത്തെ കേവലം നിർബന്ധമായ ഒരു ചടങ്ങാക്കി അതിന്റെ ആന്തരിക ചൈതന്യം നഷ്ടപ്പെടുത്തിയതിന്റെ പ്രതിഷേധവും പൊള്ളുന്ന ഈ കവിത പങ്കുവെക്കുന്നുണ്ട്. ഇദ്ദ ഒരു ആചാരം എന്ന നില വിട്ട് ഒരു ബിംബമായി ദാർശനിക തലത്തിലേക്കുയരുന്നതിന്റെ സൂചനകൾ കവിതയിൽ പല ഭാഗത്തും കണ്ടെടുക്കാനാവും.അറിയാതെ ഒരു ചിരിയെങ്ങാനും വിരുന്നു വന്നാൽ അരുതാത്തവളെന്ന് മുദ്ര വീഴും, അതിനാൽ ആടയാഭരണങ്ങൾ അഴിച്ചു വെച്ച്, അഴലിന്റെ കൂട്ടിൽ ചേക്കേറുക എന്ന ആക്ഷേപഹാസ്യം യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ നെഞ്ചിൽ ആഞ്ഞ് തറക്കുക തന്നെ ചെയ്യും.     
                      സ്ത്രീയനുഭവങ്ങളുടെ തീക്ഷ്ണ വൈരുധ്യങ്ങളോട് സന്ധിയില്ലാ സമരം ചെയ്യുന്നതിനിടയിലും, പാരി:സ്ഥിതിക വിനാശങ്ങളെ പറ്റി ശക്തമായ താക്കീതൊരുക്കാനും കവയിത്രി മടി കാണിക്കുന്നില്ല."ഭൂമി നിസ്സഹായ " എന്ന കവിത അതിന്റെ സാക്ഷ്യമത്രേ..  "പച്ചയാണെനിക്കിഷ്ടമെന്ന് ഭൂമി
 തെളിഞ്ഞ ജലപ്പരപ്പിൽ
  മുഖം നോക്കണമെന്ന് പുഴ
  മരക്കുടിലുകൾ കൊണ്ട്
  തണലൊരുക്കമെന്ന് മരങ്ങൾ
  വിഷലിപ്തമല്ലാത്ത
  തെളിഞ്ഞ നീർത്തുള്ളികളായ്
  പെയ്തിറങ്ങണമെന്ന് മഴ"....
 എന്നാൽ,  "കടലിന്റെ സംഗീതം കേട്ട് ഭൂമിയുടെ പച്ച മണം പേറി വരുന്ന കാറ്റിന്റെ തലോടലേറ്റ്   യാത്രതുടരാനാണ് "അവളുടെ കൊതി. പക്ഷേ, നിസ്സഹായമായ ഇരു മുഖത്തും നിരാശയുടെ കണ്ണീർ ചാർത്തി ഇരുവരും പരസ്പരം പദം പറഞ്ഞ് തന്മയീഭവിക്കുന്നു. അപ്പോൾ, മാനഭംഗത്തിന്റെ മാറാപ്പുമായി, സന്താന പാപത്തിൻ വിഴുപ്പുമായി അലയുന്ന,മൃത്യുവിന്റെ കരാളഹസ്തത്തിൽ പുളയുന്ന ഭൂമി നമ്മുടെ കരളിൽ പുനർജനിക്കുക തന്നെ ചെയ്യും...                           
                        തല പൂഴ്ത്തിയിരിക്കുന്ന പുതു തലമുറയ്ക്ക് പ്രചോദനം പകരുന്ന 'യുവതയോട് ', പ്രണയപ്പുഴയുടെ തീരത്തെ ഹൃദ്യത അനുഭവിപ്പിക്കുന്ന 'പ്രണയ ഗന്ധം', ഖബറെന്ന കൂടു വരെ പിരിയാതെ കൂടെയുള്ള രൂപത്തെ ആവിഷ്ക്കരിക്കുന്ന 'നിഴലഴൽ' വീടിനെ വീടാക്കുന്ന വിശ്വാസത്തിന്റെ ചുമരുകൾ പ്രളയത്തിലൊലിച്ച് എല്ലാം തകർന്നടിയുന്നതിന്റെ നൊമ്പരം ആവിഷ്ക്കരിക്കുന്ന 'വിശ്വാസം' തുടങ്ങി ശ്രദ്ധേയമായ ഒരു പാട് കവിതകൾ ഈ പ്രഥമ സമാഹാരത്തിലുണ്ട് സംഗീത ഗൗസിന്റെ വാക്കിൽ പറഞ്ഞാൽ ഈ ആദ്യ കൃതി അവരുടെ അനുഭവ സ്പർശമാണ്, അല്ല, ജീവിതമാണ് .... ജീവിതത്തിന്റെ മഷി കൊണ്ടെഴുതിയ കവിതകൾ എന്ന ഡോ. രോഷ്നി സ്വപ്നയുടെ വിലയിരുത്തൽ അന്വർത്ഥം തന്നെ..പ്രൂഫ് നോട്ടത്തിലെ ചില കണ്ണ് പതിയായ്കകളൊഴിച്ചു നിർത്തിയാൽ നെഞ്ചോട് ചേർത്തുവെക്കാവുന്ന ഒരു കവിതാ പുസ്തകമാണിത്. എന്റെ സുഹൃത്ത് കൂടിയായ രഞ്ജിത് രാജ് പുറത്തൂരിന്റെ വരകളും മുഖചിത്രവും ഈ സമാഹാരത്തെ ഏറെ സുന്ദരമാക്കിയിട്ടുണ്ട്. ജീവിതാനുഭവങ്ങളുടെ ലാവയിൽ നിന്നൊഴുകിയ കവിതയാണ് 'കണ്ണീരുപ്പ്' എന്ന് പറയാം.. എന്നാൽ, ജീവിതാവസ്ഥകളിൽ പൊരുന്നയിരിക്കാതെ, തിന്മകൾ കണ്ടാൽ കൊത്തിക്കീറുന്ന പരുന്തായി സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ അവർക്ക് കഴിയണമെന്നാണ് ഒരു ആസ്വാദകൻ എന്ന നിലയിൽ എന്റെ ആഗ്രഹവുംപ്രാർത്ഥനയും ..സ്വാതന്ത്ര്യത്തിലേക്കുള്ള യഥാർത്ഥ വഴിയും അതു തന്നെ..അപ്പോൾ, അവതാരികയിൽ ആലങ്കോട് ലീലാകൃഷ്ണൻ പറയുന്ന പോലെ നഷ്ട നിമിഷങ്ങളുടെ വീണ്ടെടുപ്പായി സംഗീത ഗൗസിന്റെ കവിതകൾ ഉയരും..
          "മഞ്ഞു തുള്ളി
          അധരത്തിലണിഞ്ഞ
          വാത്സല്യപ്പൂവേ
          ഇത് സ്നേഹ സമ്മാനം.. " 
       വെട്ടം ഗഫൂർ

🌾🌾🌾🌾🌾🌾