പ്രിയരേ...ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏🙏
നമുക്കിന്ന് പരിചയപ്പെടാം സ്വന്തം നാടിന്റെ പേരിൽ അറിയപ്പെടുന്ന റിയലിസ്റ്റിക്ക് ചിത്രകാരനായ
കരവാജിയോ എന്ന മെെക്കലാഞ്ജലോ മെറിസി ഡി കരവാജിയോയെ...
കഴിഞ്ഞയാഴ്ച നമ്മൾ പരിചയപ്പെട്ട അർതമേസ്യയെ ആരും മറന്നില്ലല്ലോ... അർതമേസ്യയുടെ മാർഗ്ഗദർശിയും കരവാജിയോ ആയിരുന്നു
കരവാജിയോ
1590 1610 കാലഘട്ടത്തിൽ (1571 സെപ്റ്റംബർ 28 1610 ജൂലൈ 18) റോം, നേപ്പിൾസ്,മാൾട്ട ,സിസിലി എന്നിവിടങ്ങൾ കർമ്മമേഖലയായിരുന്ന ലോകപ്രശസ്തനായിരുന്ന ചിത്രകാരനായിരുന്നു കര വാജിയോ എന്ന മൈക്കലാഞ്ചലോ മെറിസി ഡി കരവാജിയോ. മനുഷ്യന്റെ ശാരീരികവും വൈകാരികവുമായ അവസ്ഥകളെ, ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും നാടകീയ ആവിഷ്കാരത്തിലൂടെ ക്യാൻവാസിലേക്ക് പകർത്തിയ ചിത്രകാരനായിരുന്ന കര വാജിയോ. മതപരവും ആദ്ധ്യാത്മികവുമായ ചിത്രങ്ങളിൽനിന്നും ഒരു ചുവടുമാറ്റം കരവാജിയോയുടെ ചിത്രങ്ങളിൽ കാണാം. ഇതുകൊണ്ടുതന്നെ പള്ളി അധികാരികൾക്ക് കരവാ ജിയോയെ അത്രകണ്ട് ഇഷ്ടമായിരുന്നില്ല. ബറോക്ക് ചിത്രകലാ സമ്പ്രദായത്തിലെ സ്വാധീനവും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം. അദ്ദേഹം ഉപയോഗിച്ചിരുന്ന ഇരുളും വെളിച്ചവും ഇടകലർന്ന ചിത്രരചനാരീതി ടെനബ്രിസം എന്നപേരിൽ പിന്നീട് അറിയപ്പെട്ടു.അദ്ദേഹത്തിൻറെ ഇരുളും വെളിച്ചവും കലർന്ന ഈ ചിത്രകലാസമ്പ്രദായം ഉപയോഗിച്ച അടുത്ത തലമുറയിലെ ചിത്രകാരന്മാരെ കരവാജിസ്റ്റി/ടെനിബ്രിസ്റ്റസ് എന്നെല്ലാം പറയാറുണ്ട്.
മരണം,വേദന, സങ്കീർണമായ നിമിഷങ്ങൾ, അക്രമാസക്തമായ സമരങ്ങൾ മുതലായവ ആവിഷ്കരിക്കാൻ അദ്ദേഹം ഉപയോഗിച്ച ഈ തന്ത്രം തന്നെയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയതും. അദ്ദേഹത്തിന്റെ മോഡലുകൾ ലൈവ് മോഡലുകൾ ആയിരുന്നു.(റോമിൽ വെച്ചാണ് mariyo മിനിറ്റി എന്ന ലൈവ് മോഡലുമായുള്ള വിവാദ ആത്മബന്ധം ആരംഭിക്കുന്നത് .മിനിറ്റി മോഡലായ പലചിത്രങ്ങളും ഉറങ്ങിക്കിടക്കുന്നകാമാതുരതകളെ തൊട്ടുണർത്തുന്നതാണെന്ന് വിമർശകർഅഭിപ്രായപ്പെട്ടിട്ടുണ്ട്)
മിലൻ എന്ന സ്ഥലത്താണ് 1571 സെപ്റ്റംബർ 28 ന് കരവാജിയോ ജനിച്ചത്. ഫെർമോ മെറിക്സിയോ ആയിരുന്നു അച്ഛൻ. അദ്ദേഹം ഒരു ശില്പിയും കൂടിയായിരുന്നു .1576 ൽ ആ കുടുംബം കരവാജിയോ എന്ന സ്ഥലത്തേക്ക് താമസംമാറ്റി. മിലൻ എന്ന നഗരത്തിൽ പടർന്നുപിടിച്ച പ്ലേഗിൽ നിന്ന് രക്ഷപ്പെടൽ ആയിരുന്നു ആ യാത്രയുടെ ഉദ്ദ്യേശം. എന്നിട്ടും കരവാജിയോയുടെ അച്ഛനും മുത്തച്ഛനും പ്ലേഗ് ബാധയാൽ മരണപ്പെട്ടു. കരവാജിയോ എന്ന ആ സ്ഥലമാണ് മൈക്കലാഞ്ചലോ മേരി സിയുടെ എല്ലാ വളർച്ചയ്ക്കും വേണ്ട പ്രോത്സാഹനം നൽകിയത്. കരവാജിയോ കുടുംബത്തിന് സ്ഫോർസാസ് എന്ന പ്രഭു കുടുംബവുമായുള്ള ബന്ധം ആ കുടുംബത്തിൽ നിന്നുള്ള കരവാജിയോയുടെ തുടർന്നുള്ള കലാജീവിതത്തിൽ ധാരാളം കമ്മീഷനുകൾ കിട്ടാൻ സഹായിച്ചു
കരവാജിയോയുടെ ഇരുപതുകളിൽ മിലൻ ആയിരുന്നു കർമ്മവേദി. പ്രശസ്തനായ ചിത്രകാരൻ എന്നനിലയിൽ അദ്ദേഹം പേരെടുത്തെങ്കിലും വ്യക്തിപരമായി പെട്ടെന്ന് പ്രകോപിതനാകുന്ന വ്യക്തിയായിരുന്നു കരവാജിയോ. ഇക്കാലയളവിൽ ഒരു കൊലപാതകക്കേസിൽ പ്രതിയായി. അദ്ദേഹത്തെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചു.ഇത് കാരണം അദ്ദേഹത്തിന് നെപ്പൾസിലേക്ക് നാടുവിട്ട് പോകേണ്ടതായി വന്നു.
തന്റെ ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന ഭരണകൂടവും ജനങ്ങളുമാണ് നേപ്പിൾസിൽ ഉള്ളതെന്ന് ധാരണ കൊണ്ടാകാം ഒരുപക്ഷേ കരവാജിയോ അങ്ങോട്ട് പോയത്. താനവിടെ സുരക്ഷിതനാണെന്ന് ചിന്തയും കരവാജിയോക്ക് ഉണ്ടായിരുന്നു. നേപ്പിൾസിൽ അദ്ദേഹം തന്റെ സ്ഥാനമുറപ്പിച്ചു. ഇതിനിടെ 1607 ൽ മാൾട്ട യിലേക്കും പിന്നീട് സിസിലി ലേക്കും പോയെങ്കിലും കുറ്റാരോപിതൻ, കുറ്റവാളി എന്നീ പേരുകൾ അദ്ദേഹത്തെ പിന്തുടർന്നു. മാർപാപ്പയുടെ ദയവും ക്ഷമയുംകരവാജിയോക്ക് ലഭിച്ചു .മാൾട്ടയിൽ വെച്ച് അദ്ദേഹം കാരാഗൃഹത്തിലായെങ്കിലും അജ്ഞാതനായ ആരുടെയോ സഹായത്താൽ അദ്ദേഹം കാരാഗൃഹത്തിൽ നിന്നും രക്ഷപ്പെട്ട് 1609ൽ തിരിച്ച് നേപ്പൾസിലേക്ക് വന്നെങ്കിലും അത് അവസാന വരവായിരുന്നു. ആ വരവിലാണ് അദ്ദേഹം മരണപ്പെട്ടത്. മരണത്തെക്കുറിച്ച് ഇപ്പോഴും ദുരൂഹതയുണ്ട്. അദ്ദേഹത്തെ കപ്പൽച്ചേതത്തിൽ പെട്ട് കാണാതായി എന്ന് ഒരു കൂട്ടർ പറയുമ്പോൾ മുഖം വികൃതമാക്കപ്പെട്ട നിലയിൽ ആരോ കൊന്നു എന്നും പനി മൂലമോ വിഷംതീണ്ടിയത് മൂലമോ മരിച്ചു എന്നും മറ്റൊരു കൂട്ടർ പറയുന്നു.
അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ... സ്വന്തം ജീവിതത്തിന്റെ നേർപ്പകർപ്പായ ചിത്രം... സ്നാപകയോഹന്നാന്റെ ശിരച്ഛേദം നമുക്ക് കൂടുതൽ അടുത്തറിയാം...
The beheading of Saint John
മാൾട്ടയിൽ കഴിയുന്നതിനിടയ്ക്കായിരുന്നു സ്നാപകയോഹന്നാന്‍റെ ചിത്രം രൂപപ്പെടുന്നത്.കരവാജ്ജിയോയുടെ ഒരു അസാധാരണ സൃഷ്ടിയാണിത്. ഒരു പക്ഷെ, അദ്ദേഹത്തിന്‍റെ മാസ്റ്റർപീസ് എന്നുതന്നെ പറയാവുന്ന മഹദ്ചിത്രം. ചിത്രത്തിലെ ഓരോ കോണുകളും അളവുകളും ചായച്ചേർപ്പുകളും ഇരുട്ടും വെളിച്ചവും എല്ലാമെല്ലാം വിസ്മയകരമായ ഒരു സന്തുലിതാവസ്ഥയിലാണെന്നു പണ്ഡിതർ പറയുന്നു. കുറച്ചു നിറങ്ങളേ അദ്ദേഹം ഇവിടെ ഉപയോഗിച്ചിട്ടുള്ളൂ. ചുവപ്പും കറുപ്പും അതിന്‍റെ വിവിധ ചേരുവകളും, പിന്നെ വെളുപ്പും. എങ്കിലും, വളരെയധികം പ്രത്യേകതകളുള്ള ഒരു ചിത്രം തന്നെയിത്. മാത്രമോ, കരവാജ്ജിയോ വരച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ചിത്രവും. മഹാനായ ചിത്രകാരന്‍റെ സ്വന്തം ഒപ്പ് പതിഞ്ഞിട്ടുള്ള ഏകചിത്രവും മറ്റൊന്നല്ല. അദ്ദേഹം ഇതിനെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമായി കരുതിയിരുന്നു എന്നതിന് വേറെയെന്തു തെളിവ് വേണം? മാൾട്ടയിലെ പ്രഭു സന്തോഷാതിരേകത്താൽ കരവാജ്ജിയോയെ പൊന്നുകൊണ്ടു പൊതിഞ്ഞു എന്നാണു കേട്ടിട്ടുള്ളത്.
ചിത്രത്തിൽ ഒരു കെട്ടിടം കാണാം. ഒരു കാരാഗൃഹകവാടം എന്നുതന്നെ കരുതാമതിനെ. അതിഘോരവും തീവ്രവൈകാരികവുമായ ഒരു രംഗത്തിന്‍റെ പശ്ചാത്തലചിത്രീകരണത്തിൽ കരവാജ്ജിയോ പ്രകടപ്പിച്ചിട്ടുള്ള കൈയ്യടക്കം ആരെയും അമ്പരപ്പിക്കുന്നതാണ്. ഒരുപക്ഷെ, അത്രമാത്രം നിർവ്വികാരത അദ്ദേഹത്തിന്‍റെ മനസ്സിനെ ചൂഴ്ന്നുനിന്നിരുന്നോ എന്നാരും സംശയിച്ചുപോകും. വളരെ സൂക്ഷ്മതയോടുകൂടിയും വിശദമായിട്ടും തന്നെ ആ കാരഗൃഹഭിത്തി കരവാജ്ജിയോ വരച്ചുചേർത്തിട്ടുണ്ട്. കരവാജ്ജിയോചിത്രങ്ങളിൽ ഇത്തരം വാസ്തുകല്പനകൾ തീർത്തും അപൂർവ്വമാണെന്നോര്‍ക്കണം. കറുപ്പുപുരണ്ട പരുക്കൻ ചുമരിന്‍റെ നിസ്സംഗത വേർപിരിയുന്നത് അതിലെ ജനവാതിലിലൂടെ എത്തിനോക്കുന്നവരുടെ ഉദ്വേഗാവേഗത്തിലൂടെയാണ്. അവരുടെ ശാരീരികഭാവത്തിലാകട്ടെ ആകാംക്ഷയും അലസതയും കെട്ടുപിണഞ്ഞുകിടക്കുന്നു. ആ ജനൽക്കമ്പികളുടെ ചിത്രണവും ആ മുഖങ്ങളിലെ പ്രകാശസന്നിവേശവും അതിഗംഭീരമെന്നെ പറയാനാവൂ.
ചിത്രത്തിലെ ഏറ്റവും വികാരവിക്ഷോഭമായ സംഭവം നടക്കുന്നത് വലതുവശം ചേർന്നാണ് – ഇടതുവശത്തെ നിശബ്ദതയ്ക്ക് ഒരു മറുകുറിയെന്നോണം. അഞ്ചു കഥാപാത്രങ്ങളാണവിടെ തൊട്ടടുത്തനിമിഷത്തിലേക്ക് നമ്മളെയോരോരുത്തരെയും എടുത്തെറിയാനായി കാത്തുനില്‍ക്കുന്നത്. ഏറ്റവും നടുവിലുള്ള താടിക്കാരൻ കാരാഗൃഹാധികാരിയായിരിക്കണം. അയാളുടെ വലതുകൈയ്യിലെ നീട്ടിപ്പിടിച്ച ചൂണ്ടുവിരലിൽ ആ ചിത്രത്തിലെ സ്തോഭഭ്രമങ്ങളെല്ലാം ഇറുകിപ്പിടിച്ചുകിടപ്പുണ്ട്. ആ അധികാരസംജ്ഞയിലാണ് അടുത്ത നിമിഷത്തിലെ കൃത്യം അവിടെ സംഭവിക്കാൻ പോകുന്നത്. അയാള്‍ക്കടുത്ത് ചെവികൾ രണ്ടും പൊത്തിനില്‍ക്കുന്ന വൃദ്ധ ആ ശിരച്ഛേദത്തിന്‍റെ കാഴ്ചയെക്കാളേറെ അതിന്‍റെ ശബ്ദത്തെയാണ് പേടിക്കുന്നതെന്നുതോന്നും. അതൊരു പക്ഷെ, അഗാധതയിൽനിന്നുള്ള ആർത്തനാദമോ ഹൃദയാന്തസ്ഥമായ ഞരക്കമോ ആവാം. ചിലപ്പോൾ, പ്രപഞ്ചത്തിന്‍റെ തന്നെ ഉൾവിളിയാവാനും മതി. ആ വൃദ്ധ ഈ ക്രൂരകൃത്യത്തിന്‍റെ ഉപജ്ഞാതാവായ ഹെരോദിയാസ് ആണോ എന്നറിയില്ല. ഒരു പക്ഷെ, നമ്മളെത്തന്നെ പ്രതിനിധാനം ചെയ്യുന്ന പ്രേക്ഷകനുമാവാം. അങ്ങനെയുള്ള പ്രേക്ഷകബിംബങ്ങളെ തന്‍റെ ചിത്രത്തിൽ വരച്ചിടുന്നത് കരവാജ്ജിയോയുടെ ഒരു രീതിയാണ്. അങ്ങനെ, ഒരേസമയം ചിത്രത്തിനകത്തും പുറത്തും കാഴ്ചക്കാരനെ പ്രതിഷ്ഠിക്കുകയാണ് കരവാജ്ജിയോ ഇവിടെ.
വെറും നിലത്ത് സ്നാപകയോഹന്നാൻ ജീവച്ഛവമെന്നോണം കിടപ്പുണ്ട്. അദ്ദേഹത്തിന്‍റെ ചുവന്ന തുണ്ടുവസ്ത്രം അഴിഞ്ഞുനീണ്ടുകിടക്കുന്നു. ശരീരത്തിനടിയിൽ ആട്ടിൻതോലിന്‍റെ അഗ്രഭാഗം കാണാം. ഇവിടെ ചുവപ്പുവസ്ത്രം രക്തസാക്ഷിത്വത്തിന്‍റേയും ആട്ടിൻതോൽ നിഷ്കളങ്കതയുടേയും പ്രതീകമായി കരുതാവുന്നതാണ്. ഇഹലോകത്തിലനുഭവിച്ചുതീർക്കേണ്ട യാതനകളെല്ലാം അവിടെ ഘനീഭവിച്ചുകിടപ്പുണ്ട്. അതിൽനിന്നൊരു വിടുതലെന്നോണം ആരാച്ചാരുടെ മൂർച്ചയേറിയ കത്തി തിളങ്ങുന്നു. തന്‍റെ ഇര അതുകണ്ടു പേടിക്കാതിരിക്കാനെന്നോണം അയാളതിനെ തന്ത്രപൂര്‍വ്വം മറച്ചുവെച്ചിട്ടുണ്ട്. സ്നാപകയോഹന്നാന്‍റെ മുടി കൂട്ടിപ്പിടിച്ച് ആ ശിരസ്സ് നിലംചേർത്തുപിടിച്ചിരിക്കുകയാണയാൾ. ഒരു ഇറച്ചിവെട്ടുകാരന്‍റെ വിവേചനശാസ്ത്രം ഇവിടെ പ്രകടം.
ഇതിനെക്കാളൊക്കെ ഭയാനകം പക്ഷെ, ആ ഭഗ്നശിരസ്സ് ഏറ്റുവാങ്ങാനായി ശരീരംകുനിച്ചു, കൈകൾ നീട്ടി പൊൻതളികയുമായി നില്‍ക്കുന്ന യുവതിയുടെ ഭാവമാണ്. സലോമിയായിരിക്കണം, ആ ഭീഷണപ്രതീകം. ഒരു കൊലപാതകത്തിന്‍റെ പിരിമുറുക്കത്തേക്കാളേറെ അവിഘ്നം സംഭവിക്കാൻപോകുന്ന തന്‍റെ ആഗ്രഹസാഫല്യത്തിന്‍റെ പാരമ്യതയാണവിടെ പ്രതിഫലിക്കുന്നത്. സലോമിയുടെ കൈകളുടെ ഒഴുക്കും തരളിതയും നിറവും അവളുടെ ആഭിജാത്യത്തെ കാണിക്കുന്നുണ്ട്. അതിനിഷ്ഠുരമായ ദുഷ്കൃത്യമാണ് മുന്നിൽ നടക്കുന്നതെങ്കിലും ഒരു കൺപോള പോലും ചിമ്മാതെയും ഉൾക്കിടിലം ലവലേശം പോലുമില്ലാതേയുമാണവൾ ആ ശിരസ്സിനുവേണ്ടി കാത്തുനില്‍ക്കുന്നത്.
സ്നാപകയോഹന്നാന്‍റെ ശരീരത്തിൽനിന്നും ഒഴുകിയിറങ്ങുന്ന രക്തത്തിലാണ് കരവാജ്ജിയോചിത്രം പൂർണ്ണതയിലേക്കെത്തുന്നത് എന്നു പറയാം. അതിന്‍റെ നിസ്സന്ദേഹമുദ്രയെന്നോണം ചിത്രകാരൻ ആ ചോരപ്പാടിൽത്തന്നെ തന്‍റെ കൈയ്യൊപ്പ് ചാർത്തിയിരിക്കുന്നു. ഒരു പക്ഷെ, ആ രക്താക്ഷരങ്ങളിലൂടെ തന്‍റെ കൊലപാതകക്കുറ്റത്തിനുള്ള മാപ്പ് ചോദിക്കുകയായിരുന്നോ കരവാജ്ജിയോ എന്ന് ചിലപ്പോൾ ചിന്തിച്ചുപോകും.
നമ്മെ അങ്ങേയറ്റം പിടിച്ചുലക്കുന്ന ഈ ചിത്രം നിസ്സീമമായ ഒരു ഊർജ്ജം അടക്കിവെയ്ക്കുന്നുണ്ട്. അതിലെ ഓരോ കഥാപാത്രങ്ങളും പ്രകടിപ്പിക്കുന്ന തീവ്രഭാവങ്ങളിലൂടെ അത് നമ്മളിലേക്ക് പ്രസരിക്കുകയും ചെയ്യുന്നു. ഈ കാൻവാസിന്‍റെ വലിപ്പം അതിന്‍റെ വികാരപ്പകര്‍പ്പിന് കാരണഭൂതമായ പ്രധാനഘടകമാണെന്ന്‍ പറയാതെ വയ്യ. അതിലൂടെ ജീവസ്സുറ്റ രംഗാവിഷ്കാരമോ അഭിനയമുഹൂർത്തമോ ഒക്കെ ആയി മാറുന്നുണ്ട് ഈ ബൃഹദ്ചിത്രം. അക്കാലങ്ങളിൽ കരവാജ്ജിയോ അനുഭവിച്ചിരുന്ന അനിശ്ചിതത്വവും, ഉൾഭയവും, അറിയാതെ ചിത്രത്തിലേക്ക് പകർന്നതാവാനും മതി. കൂടാതെ, തന്നെ കാത്തിരിക്കുന്ന തടവറയുടെ അധികാരത്തിലൂന്നിയ നിസ്സംഗത തന്നെയായിരിക്കണം ഈ ചിത്രത്തിലെ ചുവരിലും കരവാജ്ജിയോ വരഞ്ഞിട്ടത്. ചിത്രത്തിലാകെ ഒരേസമയം നിറഞ്ഞുനില്‍ക്കുന്ന കർണ്ണകഠോരമായ ഭീകരതയും, വെറുങ്ങലിച്ചുനില്‍ക്കുന്ന നിശ്ശബ്ദതയും ഒരു പക്ഷെ, കരവാജ്ജിയോ എന്ന മഹാപ്രതിഭാശാലിക്കുമാത്രം സാധിക്കുന്ന അസാധാരണത്വമാവാം. അത്രമാത്രം തീക്ഷ്ണമാണിതിലെ പ്രമേയാവതരണം.
(കടപ്പാട്_ഡോ.ഹരികൃഷ്ണൻ)
സ്നാപകയോഹന്നാന്റെ ഈ ചിത്രം നോക്കൂ...ഇതിലെ സലോമിയുടെ തങ്കത്തളികയിലെ സ്നാപകയോഹന്നാന്‍റെ ശിരസ്സിന് കരവാജ്ജിയോയുടെ അതേ ഛായയാണ്. ഒരു പക്ഷെ, സ്നാപകയോഹന്നാനിലൂടെ തന്‍റെ ദുർമ്മരണം മുന്നിൽ കാണുകയായിരുന്നോ കരവാജ്ജിയോ
Death of a virgin
ജൂഡിത്തും ഹോലഫെർനസ്സും(ഇത് അർതമേസ്യ വരച്ചതല്ലേ സൂപ്പർ...ആ പ്രതികാരം മുഴുവൻ ഉൾക്കൊണ്ട്)
ഇതിൽ പ്രകാശവിതാനം നോക്കൂ
Basket full of fruits...
ഇരുളും വെളിച്ചവും ഇടകലർന്ന ചിത്രരചനാ രീതിയാണ് കിയറോസ്ക്യൂറോ...(ഇതാണ് കരവാജിയോ ടെനബ്രിസം എന്നപേരിൽ പ്രസിദ്ധമാക്കിയത്) കിയറോസ്ക്യൂറോ നമുക്ക് ഉദാഹരണ സഹിതം പരിചയപ്പെട്ടാലോ...
ഇരുട്ടുവെളിച്ചവും എന്നാണ് കിയാരോസ്ക്യൂരോ എന്ന ഇറ്റാലിയന്‍ വാക്കിന് അര്‍ത്ഥം. ഫ്രെയിമില്‍ പ്രത്യക്ഷപ്പെടാത്തൊരു പ്രകാശസ്രോതസ്സില്‍ കഥാപാത്രങ്ങള്‍ ഭാഗികമായി മാത്രം പ്രകാശിതമാകുന്നൊരു ശൈലിയാണിത്. എന്നാല്‍ ചിലപ്പോള്‍ മെഴുകുതിരികളോ, വിളക്കുകളോ ഫ്രെയിമില്‍ പ്രത്യക്ഷപ്പെട്ടെന്നും വരാം. എന്തായാലും ഉപയോഗിക്കപ്പെടുന്ന ലൈറ്റുകളുടെ എണ്ണം കുറവായതിനാല്‍ ഉയര്‍ന്ന കോണ്‍ട്രാസ്റ്റാണ് ഫ്രെയിമില്‍ ഉണ്ടാവുക
ചിത്രകലയിലൂടെയാണ് ഈ രീതി ലോകപ്രസിദ്ധിയാര്‍ജ്ജിച്ചത്. ഇറ്റാലിയന്‍ പെയിന്ററായിരുന്ന കരവാജിയോ മൈക്കലാഞ്ജലോയും (1571-1610), ഡച്ച് പെയിന്ററായിരുന്ന റെംബ്രാന്റും (1606-1669) ഫ്ലെമിഷ് പെയിന്ററായിരുന്ന റൂബെസു (1577-1640)മെല്ലാം തങ്ങളുടെ ചിത്രങ്ങളില്‍ ഈ രീതി ഒരുപാട് ഉപയോഗിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫിയുടെ വരവോടെ ഇത് അവിടേയും പരീക്ഷിക്കപ്പെട്ടു
പഴശ്ശിരാജ എന്ന സിനിമയിലെ ചില ഷോട്ടുകൾ ഇതിനുദാഹരണമായി കാണിക്കട്ടെ...
ഏറെ പ്രശസ്തമായ ഒരു കൃതിയിൽ നിന്നും എടുത്ത വരികളാണ് താഴെ കൊടുത്തിരുന്നത്...കൃതി ഏതെന്ന് പറയാമോ?
"മ്യൂസിയത്തിലെ ഗ്രാൻഡ് ഗ്യാലറിയുടെ വളച്ചു വാതിലിലൂടെ പ്രശസ്ത ക്യുറേറ്റർ ജാക്ക് സൊനീയർ ഉഴറി നീങ്ങി. തന്റെ ഏറ്റവും അടുത്തുള്ള ചിത്രത്തിലേക്ക് അയാൾ ആഞ്ഞു. അതൊരു കരവാജിയോ ചിത്രമായിരുന്നു .ആ മാസ്റ്റർപീസ് ഭിത്തിയിൽനിന്ന് അടരും വരെ എഴുപത്താറുകാരൻ സ്വർണംപൂശിയ ഫ്രെയിമിൽ പിടിച്ച് അത് തന്നിലേക്ക് അടുപ്പിച്ചു...സൊനീയർ മലർന്ന് ഉലഞ്ഞ് വീണു.. ക്യാൻവാസ് അയാളുടെ മുകളിലും.."
ഇനി രണ്ടു സിനിമകൾ..
https://youtu.be/bOo7DLs2ZhU
https://youtu.be/E8aEVWlAXB0
https://youtu.be/1KcdgFxmnb4
https://youtu.be/7yiFsLphef0
https://youtu.be/RXdV0Xhd3MA
https://youtu.be/0LwwaQNb_cQ
ചിത്രസാഗരത്തിലേക്കിറങ്ങിയ പ്രിയ സുഹൃത്തുക്കൾക്ക് നന്ദി🙏🙏സ്നേഹം🙏🙏