14-12-18

ഇന്ന് എടപ്പാൾ ഹൈസ്ക്കൂളിലെ മുൻ പ്രധാനാധ്യാപകനും സന്തൂർ കലാകാരനുമായ ഹരി ആലങ്കോടിനെ പരിചയപ്പെടാം...
സന്തൂറിന്റെ സംഗീതത്തെ പ്രണയിച്ച് ആലങ്കോട് ഹരിയും ശ്രീരാഗും
ദക്ഷിണേന്ത്യയിലെ ആദ്യത്തെ സന്തൂര്‍ വിദ്വാന്‍ ആലങ്കോട് ഹരിയേയും മകൻ ശ്രീരാഗിനേയുമാണ് ഇനി പരിചയപ്പെടുത്തുന്നത്. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത സംഗീത ഉപകരണമായ സന്തൂറിൽ മനോഹരമായ ഹിന്ദുസ്ഥാനി രാഗങ്ങൾ തീർക്കുന്ന ഈ അച്ഛൻറേയും മകൻറേയും വിശേഷങ്ങൾ കാണാം ഇനി...
സന്തൂർ... നൂറു കമ്പികൾ എന്നർഥം വരുന്ന സൻ താർ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ന്തൂർ എന്ന വാക്കിൻറെ ഉത്ഭവം. ശതതന്ത്രി വീണയായി പുരാണങ്ങളിലടക്കം പ്രതിപാദിക്കുന്ന സംഗീതഉപകരണം. ഒരു ധ്യാനത്തിലെന്നപോലെ കശ്മീരിലെ ദാൽ തടാകത്തിൽ മുങ്ങി നിവർന്ന സൂഫിശാന്തമായ മനസോടെയാണ് വാദകർ സന്തൂർ മീട്ടുന്നത്. കശ്മീരിലെ മലനിരകളിലും താഴ്വരകളിലുമായി പെയ്തിറങ്ങുന്ന സന്തൂർ സംഗീതം നമ്മൾ മലയാളികൾക്ക് അത്രപരിചിതമല്ല. ആ പശ്ചാത്തലത്തിലാണ് ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറുകളിൽ ഒരു സൂഫി വര്യൻറെ മനസോടെ മലപ്പുറം ആലങ്കോട് സ്വദേശി ഹരി സന്തൂറിൻറെ സംഗീതത്തെ പ്രണയിച്ചുതുടങ്ങിയത്. കശ്മീർ താഴ്‌വരയിലെ സൂഫി സംഗീതത്തിന്റെ നേർത്ത ധാരകൾ നൂപുരധ്വനികൾ പോലെ അകലെ കേരളത്തിൽ സന്തൂറിൽ നിന്നും പൊഴിഞ്ഞുതുടങ്ങി. ഹരി ആലങ്കോട്...സന്തൂറിനെ ജനകീയമാക്കിയ പണ്ഡിറ്റ് ശിവകുമാർ ശർമയുടെ ഒരേ ഒരു മലയാളി ശിഷ്യൻ.

പ്രശസ്ത ബാംസുരി വാദകൻ ഹരിപ്രസാദ് ചൗരസ്യയും പണ്ഡിറ്റ് ശിവകുമാർ ശർമയും ചേർന്നു പുറത്തിറക്കിയ Call of the Valley എന്ന സംഗീത ആൽബം ഹരിയുടെ സന്തൂർ സംഗീത യാത്രയ്ക്ക് വഴി തെളിച്ചു.

സന്തൂറെന്ന കശ്മീരി സംഗീതോപകരണത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിയതും ഹരി ആലങ്കോടാണ്. പഹാഡിയും ദുർഗയും ഭിംപലാസിയും മാല്‍കോസുമടങ്ങുന്ന ഹിന്ദുസ്ഥാനി രാഗങ്ങളെ അതേ തീവ്രതയോടെ ഭാവങ്ങളോടെ മലയാളികൾക്കു മുന്നിൽ അവതരിപ്പിച്ചു.
ഹിന്ദുസ്ഥാനിയും കശ്മീരി നാടോടി സംഗീതവും സന്തൂറിൻറെ തന്ത്രികളിൽ മീട്ടുമ്പോൾ ഒരു ധ്യാനത്തിലെന്നപോലെ ആസ്വാദകർ മറ്റൊരു ലോകത്തിലെത്തും. അത്ര മനോഹരമാണ് സന്തൂറിൻരെ തന്ത്രികളെ തഴുകുന്ന സംഗീതം. അച്ഛൻറെ വഴിയിലേക്കുള്ള മകൻ ശ്രീരാഗിൻറെ യാത്രയും ഒരു തീർഥാടനം പോലെ പവിത്രമായിരുന്നു. വായ്പ്പാട്ടും തബലയും അഭ്യസിച്ച ശ്രീരാഗ് പ്ളസ് ടുവിനു ശേഷമാണ് സന്തൂറിൻറെ തന്ത്രികളെ തൊട്ടുതുടങ്ങിയത്.

പണ്ഡിറ്റ് ശിവകുമാർ ശർമയും മകൻ രാഹുൽ ശർമയും ജുഗൽബന്ധി അവതരിപ്പിക്കുന്ന വഴിയേയാണ് ഹരിയും ശ്രീരാഗും ഒരുമിച്ചു നടക്കുന്നത്. രാഹുൽ ശർമയുടെ സന്തൂർ ഫ്യൂഷൻ  മാതൃകയിൽ ശ്രീരാഗും നാദവിസ്മയങ്ങളുടെ ലോകത്താണ്.

ദുബായിൽ എൻജിനീയറായി ജോലി ചെയ്യുന്ന ശ്രീരാഗ് പ്രവാസികൾക്കുമുന്നിലും സന്തൂർ അവതരിപ്പിക്കാറുണ്ട്. ഇടയ്ക്കിടെ അച്ഛൻ ഹരിയും യുഎഇയിലെത്തി മകനൊപ്പം ജുഗൽബന്ധി അവതരിപ്പിക്കും. അങ്ങനെ, ഏറെ കഷ്ടപ്പാടുകളിലൂടെ പഠിച്ചെടുത്ത സന്തൂറെന്ന തന്ത്രിനാദവിസ്മയത്തെ അടുത്തതലമുറയ്ക്ക് പകർന്നതിൻറെ സന്തോഷത്തിലും നിർവൃതിയിലുമാണ് വിരമിച്ച പ്രധാനാധ്യാപകൻ കൂടിയായ ഹരി ആലങ്കോട്. സ്വയം മറന്ന് മനസുകളെ തൊട്ടുണർത്തുന്ന നാദവിസ്മയവുമായി വികാരങ്ങളെ വിമലീകരിക്കുന്ന പുണ്യമായി സന്തൂർ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ചേക്കേറുകയാണ് ഈ അച്ഛനും മകനിലുമൂടെ...
 
സന്‍ താര്‍ എന്ന പേര്‍ഷ്യന്‍ വാക്കിന് നൂറു കമ്പികള്‍ എന്നാണര്‍ഥം. നൂറു കമ്പികളുള്ള തന്ത്രിവാദ്യമാണ്  സന്തൂര്‍. ശതതന്ത്രിവീണയായി പുരാണങ്ങള്‍ പരാമര്‍ശിക്കുന്നത് സന്തൂറിനെയാണ്. ഇത്രയധികം തന്ത്രികള്‍ കൊരുത്ത മറ്റൊരു സംഗീതോപകരണമില്ല.   കശ്മീര്‍ സൂഫിസംഗീതത്തിന് അകമ്പടിയായിപ്പിറന്ന സന്തൂറിന് കേരളത്തില്‍ ഒരേയൊരു വാദ കനേയുള്ളൂ. സന്തൂര്‍ മാന്ത്രികന്‍ പണ്ഡിറ്റ് ശിവ്കുമാര്‍ശര്‍മയുടെ ഏക തെന്നിന്ത്യന്‍ശിഷ്യന്‍ കൂടിയായ ഹരി ആലങ്കോട്. മൂന്നുപതിറ്റാണ്ടായി കേരളത്തിനകത്തും പുറത്തുമുള്ള വേദികളില്‍ നാദവിസ്മയം തീര്‍ക്കുന്ന ഈ മലപ്പുറം സ്വദേശി സന്തൂറില്‍ 'രാഗതായമ്പക' എന്ന വേറിട്ട പരീക്ഷണത്തിനൊരുങ്ങുകയാണ്. നാട്ടിന്‍പുറത്തെ നാടകക്കൂട്ടായ്മകളും മ്യൂസിക്ക് ക്ലബ്ബുകളുമാണ് ഹരിദാസ് എന്ന കൗമാരക്കാരനില്‍ സംഗീതത്തോട് അഭിനിവേശം വളര്‍ത്തിയത്. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്നും ഡിഗ്രികഴിഞ്ഞസമയത്ത് വയലിനോടായിരുന്നു കമ്പം. വയലിനുമായി ചെറിയ സംഗീതക്കൂട്ടായ്മകളില്‍ പങ്കെടുത്തുവരവേയാണ്
 
ഹിന്ദുസ്ഥാനിസംഗീതത്തിന്റെ ദീപ്തവലയത്തില്‍പ്പെടുന്നത്. മലബാറിന്റെ സംഗീതപാരമ്പര്യത്തെ പ്രചോദിപ്പിച്ച തിരൂര്‍ ഷാ,  വിന്‍സെന്റ് മാഷ്, എ.പി. ഭാര്‍ഗവന്‍ തുടങ്ങിയ പ്രതിഭകളായായിരുന്നു അതിനുകാരണക്കാര്‍. 1986-ലെ ഒരു സായാഹ്നത്തില്‍ കുറ്റിപ്പുറത്തെ മ്യൂസിക് ക്ലബ്ബിന്റെ വാടകക്കെട്ടിടത്തില്‍വെച്ചു കേട്ട ഒരു ഓഡിയോ കാസറ്റാണ് വഴിത്തിരിവായത്. പണ്ഡിറ്റ് ശിവ്കുമാര്‍ശര്‍മയും ഹരിപ്രസാദ് ചൗരസ്യയും ബ്രജ്ഭൂഷണ്‍ ലാലും ഒന്നിച്ച താഴ്വരയുടെ വിളി (Call of valley) എന്ന ആല്‍ബം ആരോ ക്ലബ്ബില്‍ കൊണ്ടുവന്ന് കേള്‍പ്പിക്കുകയായിരുന്നു.
അക്കാലത്താണ് ശിവ്കുമാര്‍ ശര്‍മയുടെ ഒരു കച്ചേരി ദൂരദര്‍ശനില്‍ കാണുന്നത്. അതോടെ അഭിനിവേശം താരസ്ഥായിയിലായി. ഡല്‍ഹിയില്‍  സംഗീതോപകരണങ്ങള്‍ വില്‍ക്കുന്ന ഒരു കടയുടെ വിലാസം തിരക്കിപ്പോയി സന്തൂറിന് അഡ്വാന്‍സ് കൊടുത്തത് അങ്ങനെയാണ്. രണ്ടാം മാസം കുറ്റി പ്പുറം റെയില്‍വേ സ്റ്റേഷനിലേക്ക് ഒരു പെട്ടിയില്‍ താന്‍ കാത്തിരുന്ന സന്തൂര്‍ എത്തി. പെട്ടിയില്‍ വിശ ദാംശങ്ങളടങ്ങിയ ചാര്‍ട്ട് ഉണ്ടായിരുന്നതിനാല്‍ സ്വയം ട്യൂണ്‍ചെയ്യാന്‍ വിഷമമുണ്ടായില്ല. വായിക്കാനുള്ള വിദ്യ അപ്പോഴും പിടിതരാതെ നിന്നു. സ്വന്തംനിലയ്ക്കുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകവേ മേളക്കാരനായ ഒരു ജ്യേഷ്ഠസുഹൃത്താണ് ചെണ്ടയിലെ തക്കിട്ട തരികിടകള്‍ സന്തൂറില്‍ പരീക്ഷിച്ചുനോക്കാന്‍ ഉപദേശിച്ചത്. ആ വഴിയിലൂടെ സഞ്ചരിച്ചപ്പോള്‍ കുറേശ്ശെ വഴങ്ങുന്നമട്ടായി. കഥാകൃത്ത് പി. സുരേന്ദ്രന്റെ വീടുതാമസത്തിനാണ് ഒരു പരീക്ഷണമെന്നോണം ഹരി ആദ്യമായി സന്തൂര്‍ പരിപാടിയായി അവതരിപ്പിച്ചത്. 1992 മാര്‍ച്ചിലെ ഒരു ദിനപത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു:  തൃപ്രയാര്‍ നൃത്ത സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ പണ്ഡിറ്റ് ശിവ്കുമാര്‍ശര്‍മ എത്തുന്നു! വിശദമായി അന്വേഷിച്ചപ്പോള്‍ കോട്ടയ്
 
കോട്ടയ്ക്കല്‍ വിശ്വംഭരക്ഷേത്രത്തിലെ ഉത്സവആഘോഷത്തിനും അദ്ദേഹത്തിന്റെ പ്രോഗ്രാം നിശ്ചയിച്ചിട്ടുണ്ടെന്നറിഞ്ഞു. സുഹൃത്ത് ആലങ്കോട് ലീലാകൃഷ്ണനോടൊപ്പം ആര്യവൈദ്യശാലാ ഗസ്റ്റ് ഹൗസില്‍വെച്ചാണ് അന്ന് ശര്‍മാജിയെ കാണുന്നത്. സന്തൂര്‍ വിദ്യാര്‍ഥിയാണെന്ന് അറിയിച്ചപ്പോള്‍ ഗുരുജിക്ക്  കൗതുകമേറി. മടങ്ങുംമുമ്പ് തന്നെ ശിഷ്യനാവാന്‍ അനുവദിക്കുമോ എന്നുചോദിച്ചു. സന്തൂറുമായി അടുത്തദിവസം വരൂ എന്നായിരുന്നു മറുപടി. പിറ്റേന്ന് മുറിയിലെത്തിയപ്പോള്‍ പഠിച്ചതെല്ലാം കേള്‍ക്കട്ടെ എന്നായി. സ്വന്തമായാണ് സന്തൂര്‍ ട്യൂണ്‍ചെയ്തത് എന്നറിഞ്ഞപ്പാള്‍ അഭിനന്ദനത്തിന്റെ നേരിയ മന്ദഹാസം ആ കണ്ണുകളില്‍ മിന്നി. കോട്ടയ്ക്കലെയും തൃപ്രയാറിലെയും കച്ചേരികള്‍ കഴിഞ്ഞ് വിടപറയാന്‍ നേരം മുംബൈയില്‍ വന്നു പഠിക്കാനുള്ള തന്റെ ആഗ്രഹം ഹരി മറച്ചുവെച്ചില്ല. ആറുമാസം കഴിഞ്ഞ് എത്തിക്കൊള്ളാന്‍ അനുമതി കിട്ടി. പറഞ്ഞുറപ്പിച്ച തീയതിയില്‍ ബാന്ദ്രയിലെ പാലിഹില്‍സിലെത്തിയ ഹരിയോട് പ്രാക്ടീസ് അവധാനതയോടെ തുടരാനും അടുത്ത ക്ലാസ്സിനായി രണ്ടുകൊല്ലം കാത്തിരിക്കാനുമായിരുന്നു നിര്‍ദേശം. നിരാശനാവാതെ നിരന്തരം മുംബൈക്ക് ഡയല്‍ ചെയ്തുകൊണ്ടിരുന്നത് ഗുരുജിയെ സ്പര്‍ശിച്ചിരിക്കണം. ഉടന്‍തന്നെ പുറപ്പെടുക എന്ന സന്ദേശം കിട്ടി. അടുത്ത കൂടിക്കാഴ്ചയ്ക്ക് പിന്നെയും മാസങ്ങളെടുത്തെങ്കിലും ക്രമേണ ക്ലാസ്സുകള്‍ക്കിടയിലെ അകലം നേര്‍ത്തു. ഒരിക്കല്‍ ഹരിയുടെ വാദനം കേട്ട് ഗുരുജി പറഞ്ഞു: ''ഇനി  മുതല്‍ നിങ്ങളുടെ സ്വന്തം സംഗീതമാണ് സന്തൂറില്‍ കേള്‍പ്പിക്കേണ്ടത്!'' 1998-ല്‍ പാലക്കാട് മാനവീയം സംഘടിപ്പിച്ച പ്രോഗ്രാമിനെത്തിയ പണ്ഡിറ്റ്ജിക്ക് വേദിയില്‍ തംബുരുമീട്ടിയത് ഹരിയാണ്. ഗുരുജിയുടെ പത്തോളം വാദനങ്ങള്‍ക്ക് ശ്രുതിയിടാന്‍ കിട്ടിയ അവസരങ്ങള്‍ അസുലഭഭാഗ്യനിമിഷങ്ങളായാണ്  ഈ ആരാധകന്‍ കണക്കാക്കുന്നത്. മുതലമട സ്‌നേഹം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ക്ഷണിതാവായി എത്തിയപ്പോള്‍ അദ്ദേഹത്തിനുമുന്നില്‍ കച്ചേരി അവതരിപ്പിച്ചതും അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയതും ഓര്‍മയുടെ ശേഖരത്തിലെ തിളക്കമുള്ള ചിത്രങ്ങളാണ്. കൊല്ലംതോറും സന്തൂര്‍വാദകരും വിദ്യാര്‍ഥികളും ഒന്നിക്കുന്ന പുണെയിലെ ഗുരുപൂര്‍ണിമാചടങ്ങുകളില്‍ ആറുകൊല്ലമായി മുടങ്ങാതെ പങ്കെടുക്കുന്നുണ്ട്. കൂടിച്ചേരലുകളില്‍ ഗുരുജി ആകാംക്ഷാപൂര്‍വം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എത്രപേര്‍ പുതുതായി സന്തൂര്‍ പഠിക്കാനെത്തുന്നുണ്ട് എന്നതാണത്. പലപ്പോഴും ഉത്തരങ്ങള്‍ അത്യാഹ്ലാദം നല്‍കുന്നവയാകാറില്ല. അങ്ങനെയാണ് തുടക്ക ക്കാരെ ആകര്‍ഷിക്കുന്ന തരത്തില്‍ സങ്കീര്‍ണത കുറഞ്ഞതും സൗകര്യപൂര്‍വം കൊണ്ടുനടക്കാവുന്നതുമായ സന്തൂര്‍ എന്ന ആശയത്തിലേക്ക് കഴിഞ്ഞവര്‍ഷം എത്തിയത്. ഡല്‍ഹിയിലെ അമൃത് മ്യൂസിക്കല്‍സുമായി നടത്തിയ ദീര്‍ഘചര്‍ച്ചകള്‍ക്കൊടുവില്‍ 23 ബ്രിഡ്ജും 46 കമ്പികളുമുള്ള ചെറിയ സന്തൂറിന്റെ രൂപകല്പന പൂര്‍ത്തിയായി. മിനി സന്തൂറിന്റെ വിശേഷങ്ങള്‍ ചിത്രങ്ങള്‍സഹിതം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ വിദേശത്തുനിന്നടക്കം കിട്ടിയത് പത്തോളം ഓര്‍ഡറുകള്‍. മലപ്പുറം എടപ്പാള്‍ ഗവ. ഹൈസ്‌കൂളില്‍നിന്നും ഹെഡ്മാസ്റ്ററായി വിരമിച്ച ഹരി മുഴുവന്‍ സമയവും സമര്‍പ്പിച്ചിട്ടുള്ളത് സന്തൂറിനുവേണ്ടിയാണ്. വയലിന്‍, വീണ, സിത്താര്‍, ഇടയ്ക്ക, മോഹനവീണ, കീബോര്‍ഡ് തുടങ്ങിയവയ്‌ക്കൊപ്പം ഒട്ടനവധി ജുഗല്‍ബന്ധികള്‍ നടത്തിയിട്ടുള്ള ഈ അമ്പത്താറുകാരന് തികച്ചും കേരളീയമാനങ്ങളുള്ള നാദോപകരണമായി സന്തൂര്‍ തിരിച്ചറിയപ്പെടുകയും സ്വീകരിക്കപ്പെടുകയും വേണമെന്നതാണ് സ്വപ്നം.  അധ്യാപികയായ ഗീതാദേവിയാണ് ഭാര്യ. മക്കള്‍ ശ്രീരാഗ്, ശ്രുതി.
 
മുഗൾ ഭരണകാലത്ത് പേർഷ്യൻ സംഗീതധാര ഭാരതീയസംഗീത ധാരയുമായി സംയോഗപ്പെട്ടതിന്റെ വസന്തസൗഭാഗ്യമാണ് ഹിന്ദുസ്ഥാനി.അതിൽ നിന്നു പൊഴിഞ്ഞ സൂഫിയാനയുടെ ഗണത്തിൽ പെടും സന്തൂർ. പുരാതന കാശ്മീരി സംഗീത ഉപകരണമായ ശതതന്ത്രിവീണ പരിഷ്കരിച്ചാണ് ശിവകുമാർ ശർമ സന്തൂർ രൂപപ്പെടുത്തിയത്.കശ്മീർ താഴ്‌വരയിലെ സൂഫി സംഗീതത്തിന്റെ നേർത്ത ധാരകളാണ്  നൂപുരധ്വനികൾ പോലെ സന്തൂറിൽ നിന്നും മഞ്ഞായ് പൊഴിയുന്നത്. ഒരു വശം വീതി കൂടിയതും മറുവശം വീതി കുറഞ്ഞതുമായ തടിപ്പെട്ടിയുടെ ആകൃതിയിലുള്ള സന്തൂർ എന്ന സംഗീതോപകരണത്തിൽ 15നിരകളിലായി 60 നേർത്ത കമ്പികൾ ക്രമീകരിച്ചിട്ടുണ്ട്.അഗ്രം അൽപ്പം വളഞ്ഞ കലാം എന്ന പേരുള്ള രണ്ട് കമ്പുകളുപയോഗിച്ച് സന്തൂർ മീട്ടുന്നു
കൂടുതൽ വിവരങ്ങൾക്കും അഭിപ്രായങ്ങൾക്കുമായ്.......🙏🏻🙏🏻🙏🏻
സംഗീത സാഗരത്തെ അറിഞ്ഞ, അഭിപ്രായം പറഞ്ഞ. എല്ലാവർക്കും... നന്ദി...🙏🏻🙏🏻