14-01-2019

ഭരതൻ(1976)
കോവിലൻ
മാതൃഭൂമി
60 രൂപ
"to struggle against power is the struggle of memory against forgetting"
_Milan kundera.
ചിരിയുടെയും മറവി യുടെയും പുസ്തകം എന്ന കൃതിയിൽ മിലൻ കുന്ദേര എഴുതുന്നു .'മറവിക്കെതിരെ ഓർമ നടത്തുന്ന കലഹമാണ് വിപ്ലവം' ഓർമ്മയെ നശിപ്പിക്കുകയാണ് അധികാരത്തിന്റെസ്വഭാവം എന്ന് ഓർമ്മിപ്പിക്കാനും അധികാരത്തിൻറെ യാന്ത്രിക യുക്തിയിൽ തൻറെ നിരപരാധിത്വം പോലും മറന്നു പോകുന്ന സാധാരണക്കാരന്റെ മരവിച്ചു പോകുന്ന വർത്തമാനത്തെ കോറിയിടുകയും ചെയ്യുന്ന നോവലാണ്  കോവിലന്റെ 'ഭരതൻ'.

    വാക്കുകളുടെ കസർത്താണ് കവിത എന്ന് എം.എൻ.വിജയൻ നിരീക്ഷിച്ചിരുന്നു. പദക്കസർത്തിന്റെ ആ കവിത ആസ്വദിക്കാൻ ഭരതനിലേക്ക് പോരുക. ഈ നോവലിലെ ഓരോ കഥാപാത്രവും പേരുകൊണ്ട് തന്നെ അസ്തിത്വവും വിളിച്ചുപറയുന്നു. നായകനായ ഭരതനെ നോക്കുക .ഭാരതത്തിലെ സ്വതന്ത്രനാണെന്ന് സ്വപ്നം കാണുന്ന ഓരോ ഭാരതീയനും ആണ് ഭരതൻ. സ്വപ്നം കാണുക മാത്രം ചെയ്യുന്ന പൗരൻ .ദുഷ്യന്തൻ എന്ന അധികാരത്തിന് ശകുന്തള എന്ന താപസ കന്യകയിൽ ഉണ്ടായ ഭാരതചക്രവർത്തിയായി തീർന്ന കുമാരന്റെയും പേരാണ് ഭരതൻ. അധികാരസ്ഥാനം അഴിമതിക്ക് കൂട്ടുനിൽക്കാൻ ആവശ്യപ്പെടുമ്പോൾ ധർമ്മത്തിനൊപ്പം നിന്നാൽ ജോലിയും ജീവിതവും സ്വന്തം ജീവനും നഷ്ടമാകുന്ന സാധാരണക്കാരൻ പ്രതിരൂപം. ബസിലെ കണ്ടക്ടറാണ് ഭരതൻ .വെറും ഭരതനല്ല മാടായിൽ ഗോവിന്ദൻ മകൻ  ഭരതൻ. യാത്രയെ നിയന്ത്രിക്കുന്നവൻ, നാട്ടുകാർക്ക് കോളാമ്പി ഗോവിന്ദൻ.

    ഐഐടി എന്ന മാന്ത്രിക ലോകത്ത് എത്തുന്നതിനുമുൻപ് അടുക്കളക്കാരൻ ആയിരുന്നു അംബി എന്ന വ്യവസ്ഥയുടെ നിയന്ത്രകൻ. ശരി പേര് നമ്പാത്ത് നാണി കുട്ടിയമ്മ നാരായണൻ നായർ .ഒരു ബ്രാഹ്മണ ഹോട്ടലിലെ എളിയ ഉടമസ്ഥൻ ആയതിനാൽ അംബി എന്ന് വിളിക്കപ്പെട്ടു. അതിനുമുമ്പ് അയാളൊരു ബുൾഡോസർ ഡ്രൈവറായിരുന്നു. നിരപരാധിയെ കൊലക്കയറിലേക്ക് വിധിക്കാൻ വാക്കുകൾകൊണ്ട് കസർത്തു നടത്തുന്ന വക്കീലിന്റെ ചരിത്രം എത്ര രസകരം.
    അധികാരത്തിന് കേന്ദ്രസ്ഥാനമായി മാറുന്ന കമലേഷ് കുമാർ ഗോയൽ കേവലം ഒരു ന്യായാധിപൻ അല്ല. അടിയന്തരാവസ്ഥക്കാലത്ത് ആ കഥാപാത്രത്തിന് ഉണ്ടായിരുന്നതിനേക്കാൾ മാനം ഈ കാലത്തുണ്ടെന്നുള്ളത് ആലോചനാമൃതമേണ്. മനുഷ്യത്വം തലച്ചോറിൽനിന്നടിച്ചുമാറ്റി പൂർണമായും കമ്പ്യൂട്ടർ മസ്തിഷ്കൻ ആയി മാറിയിരിക്കുകയാണ് അയാൾ .

   ആട് ഈ നോവലിൽ സവിശേഷതയുള്ള ഒരു കഥാപാത്രമാണ് .ഇരുമ്പ് ഗേറ്റിന്റെ അലോസരപ്പെടുത്തുന്ന ശബ്ദം ഒരിക്കലും സഹിക്കാത്ത കെട്ടിയിട്ട ആടും, ദേവിയുടെ ദിവ്യബലിക്ക് മാലയിട്ട് ഊർവലം നടത്തുന്ന ആടും ഒരു രൂപത്തിന് രണ്ടു ഭാവം നൽകുന്നു .യോഗേശ്വർ പ്രസാദിനെ അധികാരം എന്തിനാണ് വധിക്കുന്നത്? അധികാരസ്ഥാനങ്ങളോട് വിനീത വിധേയനായിരിക്കുന്ന ആളും രഹസ്യങ്ങളുടെ ചുരുളഴിയുമ്പോൾ വധിക്കപ്പെടേണ്ടവനായിത്തീരുന്നു. ആ മരണത്തിന് ഉത്തരം പറയാൻ മറ്റൊരു നിരപരാധിയെ അധികാരം അതിനിടെ കണ്ടെത്തിയിട്ടുണ്ടാവും.
വലിപ്പംകൊണ്ട് വളരെ ചെറുതാണ് ഈ നോവൽ, പ്രതിപാദ്യം കൊണ്ട് വളരെ വലുതും. മലയാളനോവലിലേക്ക് കമ്പ്യൂട്ടർ കടന്നുവന്നത് ഈ നോവലിലൂടെയാണ്. സൈബർ ഇടം നോവലെഴുത്തിന്റെ മുഖ്യ ഇടമായി കഴിഞ്ഞ ഈ കാലത്ത് കമ്പ്യൂട്ടർ ആദ്യമായി കഥാവസ്തുവും കഥാപാത്രവുമായി കടന്നുവരുന്ന ഈ നോവൽ ശ്രദ്ധിക്കാതിരിക്കാൻ ആവില്ല .
രതീഷ് കുമാർ