13-07-19


ഇതാണ് ഞാൻ...
ആത്മായനം
ജസീന റഹീം

ഒരു നദി.. മെല്ലെ എന്നിൽ ഒഴുകി തുടങ്ങുകയായിരുന്നു.. എന്റെ ഓരോ ധമനികളിലും കനൽച്ചൂട് നിറച്ചു കൊണ്ട് ഒരു കൊച്ചരുവിയായി ഉറവയെടുത്ത് ...ചുഴികളും കയങ്ങളും നിറച്ചു വച്ച് എന്നെ വലിച്ചടുപ്പിച്ച അത്യഗാധമായ പ്രണയത്തിന്റെ മഹാനദി ..
എല്ലാവരിൽ നിന്നും .. എല്ലാറ്റിൽ നിന്നും ഒഴിഞ്ഞ മാറി കഴിഞ്ഞ എനിയ്ക്ക് അത്തരമൊരവസ്ഥയിൽ എന്നെങ്കിലും എത്തിപ്പെടുമെന്ന് ഒട്ടും പ്രതീക്ഷയില്ലാതിരുന്നിട്ടും ഒടുവിൽ അത് സംഭവിച്ചു...
ഒരു വർഷം മുഴുവൻ ഒരേ ക്ലാസിലായിട്ടും ഒരിക്കൽ പോലും പരസ്പരം ശ്രദ്ധിക്കാത്ത രണ്ടു പേർ.. ഡിഗ്രി രണ്ടാം വർഷം പാതിയായപ്പോഴും എന്തെങ്കിലും സംസാരിച്ചിട്ടുണ്ടോയെന്നു പോലുമറിയാത്തവർ.. പിന്നെ എപ്പോഴാണ് പരസ്പരം ശ്രദ്ധിച്ചു തുടങ്ങിയത്.. പക്ഷേ ഒന്നു സംഭവിച്ചിരുന്നു.. അറിഞ്ഞോ അറിയാതെയോ ഞങ്ങൾക്കിടയിൽ ആരുമറിയാതെ പേരറിയാത്ത ..എന്തോ ഒന്ന് ..ഡിഗ്രിയുടെ രണ്ടാം വർഷത്തിൽ തന്നെ സംഭവിച്ചു തുടങ്ങിയിരുന്നു..
അവനെ കാണുമ്പോൾ.. അവനടുത്തെത്തുമ്പോൾ ..  അവൻ മിണ്ടുമ്പോൾ ഞാൻ വല്ലാത്തൊരു ടെൻഷൻ അനുഭവിയ്ക്കുന്നതായി ആദ്യം കണ്ടു പിടിച്ചത് കൂട്ടുകാരി സുജയായിരുന്നു.. "നിനക്കെന്താടീ.. അവനോട് പ്രേമമാണോ..?"യെന്ന അവളുടെ ഒറ്റച്ചോദ്യത്തിൽ ഞാൻ പൂർണമായും തളർന്നു പോയി..
ആ ചോദ്യത്തിന് ഉത്തരം തേടി രാവുകളും പകലുകളും ഞാനുഴറി ..ഒരു ക്ലാസ് മേറ്റിനെ കാണുമ്പോൾ .. തൊണ്ട വരളുകയും കൈകാലുകൾ തളരുകയും ചെയ്യുന്നതെന്തിനെന്ത് ഞാൻ ചിന്തിച്ചു... അവന്റെ എന്നോടുള്ള പെരുമാറ്റങ്ങളെ ഞാൻ കീറി മുറിച്ച് വിശകലനം ചെയ്തു.. എല്ലാ പെൺകുട്ടികളോടും അങ്ങേയറ്റം സൗഹൃദത്തോടെയും അടുപ്പത്തോടെയും ഇടപെടുന്ന ഒരാളിൽ നിന്നും എന്നോട് മാത്രം പ്രത്യേകമായി എന്തെങ്കിലുമുണ്ടായിട്ടുണ്ടോയെന്ന് ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു.. ഒടുവിൽ  നിസംഗയും നിസ്സഹായയുമായി .. സുജയുടെ ചോദ്യത്തിന് ഞാൻ മറുപടി നൽകി.. "ഇല്ല .. എനിക്കാരോടും ഒന്നുമില്ല.. "
ആ വർഷത്തെ ഞങ്ങളുടെ മലയാളം അസോസിയേഷൻ സെക്രട്ടറിയായിയായി തെരഞ്ഞെടുക്കപ്പെട്ടതും അവനായിരുന്നു... സ്പോർട്സും ..എൻ.എസ്.എസും ആരോ യൂത്തും .. കുറേ സൗഹൃദങ്ങളും..ഒക്കെയായി അവൻ അവന്റെതായ തിരക്കുകളിൽ പെട്ടു.. ക്ലാസ്സിലേ കാണാതായി.. ഞങ്ങളെ കാണുമ്പോൾ മിണ്ടാൻ പോലും സമയമില്ലാതായി.. ഇത് കണ്ട സുജ .. "അവന്റെയൊരു ജാഡ ..പോകാൻ പറ അവനോട്.. " എന്നവനെ പലവട്ടം ശാസിച്ചു.. സുജയുമായിട്ടൊക്കെ നല്ല സൗഹൃദം ഉണ്ടായിരുന്നയാൾ പെട്ടെന്ന് അകന്നപ്പോൾ അവളെയത് വേദനിപ്പിച്ചു..
എന്റെ വേദനകൾ .. എന്റേതു മാത്രമായിരുന്നല്ലോ.. ഒരേ ക്ലാസ്സിലായിട്ടും ഒട്ടും കാണാത്ത രണ്ടു പേർ .. പരസ്പരം പറയാതെ പറഞ്ഞ ..എന്തിനോടൊക്കെയോ മൗനം പാലിച്ച രണ്ടു പേർ .. ഡിഗ്രി രണ്ടാം വർഷവും കടന്ന് മൂന്നാം വർഷത്തിലേക്ക് കടന്നു...
ഡിഗ്രി ഇംഗ്ലീഷ് ട്യൂഷന് ആദ്യ വർഷങ്ങളിൽ കരിക്കോട് ടി.കെ.എം കോളേജിലെ ഷംസുദീൻ സാറിന്റെയടുത്ത് പോയതിനാൽ ഇംഗ്ലീഷ്  ഇംപ്രൂവ്മെന്റ് കൂടാതെ ഞാൻ എഴുതിയെടുത്തിരുന്നു.. ഡിഗ്രി രണ്ടാം വർഷം സംസ്കൃതമുള്ളതിനാൽ ട്യൂഷനും കൂടിയില്ലെങ്കിൽ തോറ്റു പോയാലോയെന്ന് പേടിച്ച് കരിക്കോട് ഗ്രാൻഡിൽ ഞങ്ങളെ പ്രീഡിഗ്രിക്ക് മലയാളം പഠിപ്പിച്ച.. ഞങ്ങൾ അമ്മാവൻ എന്ന് വിളിച്ചിരുന്ന .. ബാലകൃഷ്ണൻ സാറിന്റെ അടുത്ത് ട്യൂഷന് പോയി..
ഞങ്ങളുടെ ക്ലാസിലെ സുജ .. നിഷ. ഗീത .. സുധ.. സൈനു.. സാജി.. കൂടാതെ എസ്.എൻ കോളേജിലെ അനിൽ ..മേരിക്കുട്ടി .. ജോൺ.. അജി .. പിന്നെ കെ.എസ് യു വിന്റെ അന്നത്തെ നേതാവായിരുന്ന മധു തുടങ്ങി കുറേ പേർ വന്നിരുന്നു.. ജാസിന്റെ കല്യാണത്തിന് സമ്മാനവുമായി ഇവരിൽ ചിലരൊക്കെ വീട്ടിൽ വരികയും ചെയ്തിരുന്നു..
ഡിഗ്രി മൂന്നാം വർഷം പുതുതായി രണ്ടു പേർ കൂടി അമ്മാവന്റെ ട്യൂഷനിലേക്കെത്തിച്ചേർന്നു.. ഞങ്ങളുടെ ക്ലാസിലെ രണ്ടു പേരായിരുന്നു അത്..
അപ്പോഴേക്കും കെ.എസ്.യു പാനലിൽ നിന്ന് ആർട്സ് ക്ലബ്ബ് സെക്രട്ടറിയായി മത്സരിച്ച് ജയിച്ച റഹിംകുട്ടിയും കൂട്ടുകാരൻ സുനിലുമായിരുന്നു അവർ.. സുനിയെന്ന സുനിൽ ഡിഗ്രി ഒന്നാം വർഷം മുതൽ പ്രണയലോലുപനായിരുന്നു.. സ്വന്തം ക്ലാസ്സിലും.. അത് പൊട്ടിയപ്പോൾ വാശി മൂത്ത് പ്രീഡിഗ്രി ക്ലാസിലും പ്രണയ മഴ പെയ്യിച്ചവൻ.. പുറമെ ശാന്തനായ സുനിയെ എല്ലാവർക്കും ഇഷ്ടമായിരുന്നു.. അമ്മാവന്റെ ട്യൂഷൻ ക്ലാസ്സിൽ വച്ച് സുനിയുമായി ഞാൻ പെട്ടെന്ന് കൂട്ട് കൂടി..
അമ്മാവന്റെ ട്യൂഷൻ ക്ലാസ്സുകളിലുമവൻ കൃത്യതയില്ലാതെ വന്നു പോയി.. എങ്കിലുമവൻ ഞങ്ങളോട് കൂടുതൽ അടുത്തു.. അവനെക്കുറിച്ചുള്ള ഞങ്ങളുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടികൾ തന്നു.. എന്നോടവൻ എന്തെങ്കിലും പ്രത്യേകത കാട്ടുന്നുണ്ടോയെന്ന് ഞാൻ വീണ്ടും അങ്കലാപ്പിലായി.. ഞാനെത്ര മൗനം പാലിച്ചിട്ടും .. അകലം കാണിച്ചിട്ടും ഞങ്ങൾക്കിടയിൽ എന്തോ ഉണ്ടെന്ന് കൂട്ടുകാർ പറഞ്ഞു തുടങ്ങി.. "അവൻ നിന്നെ ചതിക്കുമെന്ന്.. "ലീലടീച്ചർ കൂടി പറഞ്ഞതോടെ എന്റെ ആശങ്കകൾക്കാഴം കൂടി ..
പക്ഷേ എന്നിട്ടും അവന്റെ ചില നേരങ്ങളിലെ വർത്തമാനങ്ങളിൽ നിന്നും ഞാൻ മനസിലാക്കിയ ആത്മാർഥതയെന്ന വിലപ്പെട്ട ഒന്നിനെ തകർത്തെറിയാൻ ആരുടെയും ഉപദേശങ്ങൾക്കായില്ല.. പ്രണയമെന്നെ സന്തോഷത്തെക്കാൾ കടുത്ത വേദനകളിലേക്ക് കൊണ്ടെത്തിച്ചു..
        വേദനിക്കാൻ മാത്രമായി എന്തിനാണ്..? എന്താണ് ഞാനിങ്ങനെയെന്നൊക്കെ എത്രയാലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല..
സാധാരണ ഒരു ക്യാമ്പസ് പ്രണയത്തിൽ സംഭവിക്കുന്ന പ്രണയ സല്ലാപങ്ങളോ .. പ്രണയലേഖനങ്ങൾ കൈമാറലോ.. ക്ലാസ് കട്ട് ചെയ്യലോ.. കറങ്ങി നടത്തമോ ഒന്നും ഞങ്ങൾക്കിടയിൽ സംഭവിച്ചില്ല.. ചിലപ്പോൾ ദിവസങ്ങൾ അവനെ കാണാതിരുന്നു.. സംസാരിക്കാതിരുന്നു.. എന്നിട്ടും.. അവനു വേണ്ടി തപിക്കുന്ന .. മിടിക്കുന്നൊരു ഹൃദയമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞതും.. അവന്റെയുള്ളിൽ എത്ര ആഴത്തിൽ എന്നെ ചേർത്തു വച്ചിരുന്നു എന്നറിഞ്ഞതും ഡിഗ്രി മൂന്നാം വർഷം പാതിയോടെയായിരുന്നു.. വെറുമൊരു ക്യാമ്പസ് പ്രണയത്തിനപ്പുറം ഒന്നിച്ചൊരു ജീവിതമായിരുന്നു അവന്റെയുളളിലെന്ന് അറിഞ്ഞ നിമിഷം മുതൽ .. സങ്കടക്കാലവും .. തുടങ്ങുകയായിരുന്നു..
***************************
കുന്നിൻ മോളിൽ - സുനിത ഗണേഷ്
കുന്നിൻ മോളിലെ
പച്ചവിരിച്ച സമതലോദ്യാനത്തിൽ മഞ്ഞുതുള്ളികൾ പൂക്കളോട്
കൊഞ്ചുന്നുണ്ടായിരുന്നു.
ചെമ്പകം പതിയെ ഇതൾ വിടർത്തി
ഹിമമുത്തുകളെ ചുംബിച്ചെടുത്തു
തേൻകണങ്ങളാക്കി
മാറ്റിക്കൊണ്ടിരുന്നു.
ചുമന്ന മൃദുല രോമങ്ങളിൽ
പൂത്തുനിന്ന പനിനീർച്ചാമ്പ
സ്വപ്നം നിറച്ച് നീഹാരബിന്ദുക്കളെ
ഗർഭത്തിലേക്ക് അണച്ചു വെച്ചു.    
രാത്താരകങ്ങൾ
പച്ചിലപ്പടർപ്പുകളിലേക്കൂർന്നിറങ്ങി, മധുരിക്കും മകരന്ദം
നുണഞ്ഞുകൊണ്ടിരുന്നു.
അന്നേരമാണ്...
നിലാവ് നിറച്ചു വെച്ച പൂമ്പൊടികൾ ശാലിമയുടെ ചുണ്ടുകളിലൂടെ    മനോമുകുളങ്ങളിലേക്കിറങ്ങിച്ചെന്നത്.
നീലാമ്പൽ പൂവിന്റെ മടിത്തട്ടിൽ, പൊയ്കയിലേക്കു പെയ്തിറങ്ങിയ
തുഷാരകമ്പളം പുതച്ച്,
അവളങ്ങനെ നിദ്രയിലായിരുന്നു.
ആ രാവിൽ നിലാവ് അവളോട്
 സ്വപ്നങ്ങൾ ചെയ്യുകയായിരുന്നു.
 പൂമഴ പെയ്തതും,പൂവിതളുകൾ
 വിടർന്നതും അവളറിഞ്ഞതേയില്ല.
നിലാവു പോയ് മറഞ്ഞ നേരം,
ഹിമകണങ്ങൾ ബാഷ്പമായനേരം,
പൂവിൻ സുഗന്ധം മാഞ്ഞു പോയ നേരം, അവളുണർന്നു.
കുന്നിന്മുകളിലെ സമതലത്തിൽ
മുള്ളുകൾ നിറയെ വളർന്നുവന്നു. പച്ചത്തുരുത്തുകൾ മഞ്ഞ മൂടി
പൊയ്കയോ നീർ വറ്റി മറഞ്ഞു പോയി
കുന്നിന്മുകളിലെ സമതലവും
പെട്ടെന്നു കൂർത്തതായി മാറി.
ഇറക്കം അതിദ്രുതമായിരുന്നു,
പെട്ടെന്ന്,
താഴോട്ടാരോയെടുത്തെറിഞ്ഞ പോലെ...
***************************
മോഹം
ലാലൂർ വിനോദ്

ഇനിയെത്രനാൾ നിൻ
ഓർമ്മകൾ വീശുന്ന
തെന്നലോടോപ്പം നടക്കണം..
വാസരം പാഥേയമരുളും
വെയിൽ കുഞ്ഞിനെ
നിൻ കുടക്കീഴിലായി..
ചാരത്തു നിർത്തണം..
പിന്നെയാ ചൊടിയിലെ
വിയർപ്പിന്റെ ഉപ്പൊന്നു
നുകരണം തോഴി....
***************************
കൂടെ
അസ്ലം തിരൂർ

ഉദ്ദേശം രണ്ടു വർഷം മുമ്പ് ഒരു യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട് വളളത്തോൾ എ.യു.പി സ്‌കൂളിൽ  എത്തിയതായിരുന്നു... അതിനിടയിലാണ് "ഷെബി"യെക്കാണുന്നത്. അവന് എന്റെ കയ്യിലുള്ള Canon ക്യാമറ കണ്ടപ്പോൾ ഒരു കൗതുകം... അവൻ ക്യാമറ  ഒന്ന് വിശദമായിപ്പരിശോധിച്ചു...
അതു കണ്ട "സീമ ടീച്ചർ" ചോദിച്ചു ഷെബി " സെൽഫി" എടുക്കുന്നത് കണ്ടിട്ടുണ്ടോ എന്ന്... കേൾക്കേണ്ടതാമസം അവന്റെ ഇടത്തേ കൈവിരലുകൾ മൊബൈൽ ഫോണായി മാറി... എന്നിട്ട് സീമ ടീച്ചറെ സെൽഫിയിലേക്ക് ക്ഷണിച്ചു.... ഒന്നു രണ്ടു നിമിഷങ്ങൾ മാത്രം നീണ്ടു നിന്ന ആ "പോസ് " എങ്ങനെയോ ക്യാമറക്കുള്ളിലാക്കാൻ എനിക്കു കഴിഞ്ഞു...
 ലാപ്ടോപ് റിപ്പയറുമായി ബന്ധപ്പെട്ട് ഹാർഡ് ഡിസ്കിലേക്ക് മാറ്റപ്പെട്ട ചിത്രം പിന്നെ മറവിയുടെ മാറാല മൂടി.... ഈയടുത്ത ദിവസം ഹാർഡ് ഡിസ്ക് പരിശോധിക്കുന്നതിനിടയിലാണ് ഈ സുന്ദര നിമിഷം വീണ്ടും ശ്രദ്ധയിലെത്തിയത്.
 വിദ്യാഭ്യാസത്തിൽ അധ്യാപനമെന്നത്, നിരവധിയായ പ്രവർത്തന ബാഹുല്യം കൊണ്ട് ശരിക്കും ഒരഭ്യാസമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് "Differently abled Child" എന്നു വിളിക്കപ്പെടുന്ന കുട്ടികളെക്കൂടി "കൂടെ"ക്കൂട്ടുന്ന വിദ്യാഭ്യാസ രംഗം ശരിക്കും അഭിനന്ദാർഹമായിത്തീരുന്നു...
"ഷെബി" യുടെ സെൽഫി എടുപ്പിനേക്കാൾ എനിക്ക് കൗതുകവും, ആദരവും, സ്നേഹവും തോന്നിയത് സീമ ടീച്ചറുടെ മനോഭാവത്തിനോടാണ്... ഷെബിയുടെ നിഷ്കളങ്ക മനസ്സിനെ തൃപ്തിപ്പെടുത്താനായി അവന്റെ ക്ഷണം സ്വീകരിച്ച് നിമിഷ നേരം കൊണ്ട് അവന്റെ മൊബൈൽ ഫ്രെയിമിലേക്ക് തികച്ചും സ്വഭാവികമായ എക്സ്പ്രഷനുമായി ചേർന്നു നിന്ന സീമ ടീച്ചർക്കല്ലേ കയ്യടി കൊടുക്കേണ്ടത്... ! ഇതു തന്നെയല്ലേ ഇത്തരം കുട്ടികളോട് ചേർന്നു നിന്നു കൊണ്ടുള്ള "Adaptation (അനുരൂപീകരണം )"....!
അവരുടെ സന്തോഷത്തോടൊപ്പം, സങ്കടത്തോടൊപ്പം, കളി ചിരികളോടും, കുറുമ്പുകളോടും, കുറവുകളോടുമെല്ലാമൊപ്പം ചേർന്നു നിന്ന് .... അവരെ " കൂടെ "നിർത്തി, ഞങ്ങളുണ്ട് "കൂടെ" എന്നു  ഹൃദയം കൊണ്ടു പറയുന്ന അധ്യാപകർ അവർക്കു നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.... അധ്യാപകരുടെ ചേർത്തു നിർത്തലിൽ, തലോടലിൽ, അഭിനന്ദന വചസ്സുകളിൽ അവരനുഭവിക്കുന്ന സുരക്ഷിതത്വവും അംഗീകാരവും, മറ്റുള്ളവരോടൊപ്പം നെഞ്ചുവിരിച്ചു തലയുയർത്തി നിൽക്കാൻ അവരെ പ്രാപ്തരാക്കും തീർച്ച...
സീമ ടീച്ചറും ഷെബിയും സെൽഫിയിൽ...
***************************
ഭീതിയുടെ കാൽപാടുകൾ
റബീഹ തിരൂർ
ഉറക്കത്തിന്റെ ആഴങ്ങളിൽ
സ്വപ്നത്തിന്റെ നിഴൽകൂത്താടുന്നു.
ഭീതിയുടെ ശരങ്ങൾ
ഹൃദയത്തിലേക്കാരോ
നിർത്താതെയ്തുകൊണ്ടിരിക്കുന്നു.
മരണത്തിന്റെ ദൂതുമായ്
വന്നൊരുകാറ്റെന്നെ
പുണർന്നുപോകുന്നു.
കനത്ത നിശ്ശബ്ദതയിലും
നിലവിളികൾ
ഇരുളുപരത്തുന്നു.
കടലിൽനിന്നൊരുകുടം
കണ്ണീർ മറിഞ്ഞു വീഴുന്നു.
ഒരുകൂട്ടം യാചകരെന്റെമുന്നിൽ
കൈകൂപ്പുന്നു.
അവർക്കൊക്കെയും
പരിചിതമുഖം,
അതിലൊരാൾക്കെന്റെ
ഛായായും.
നീലിച്ചു.. നീലിച്ചു
മുഖമില്ലാത്തവരെന്നെ
വരവേൽക്കുന്നു.
ആത്മാക്കളുടെ
തുരുത്തിലേക്കെന്നെ
സ്വാഗതം ചെയ്യുന്നു.
ഉറക്കത്തിന്റെ
ആഴങ്ങളിലേക്ക് സ്വപ്നം
അലിഞ്ഞുചേരുന്നു.
ചെവിയിലേക്കിരച്ചു
കയറുന്ന ശബ്ദവീചികളിൽ
"ശവങ്ങൾ... ശവങ്ങൾ.."
എന്നാരോ പുലമ്പുന്നു.
ഉപേക്ഷിക്കപ്പെട്ടരാവിനിപ്പുറം
കണ്ണുകളിലേക്കുണർവ്വിന്റെ
രശ്മികൾ വീഴുന്നു.
സ്വപ്നം  അവസാനിക്കുന്നു.
അപ്പോഴും സ്വപ്നത്തിൽ നിന്നും യാഥാർഥ്യത്തിലേക്കുള്ള ദൂരം പുറത്ത് ആർത്തുതിമർത്തുപെയ്യുന്നു.!                    
*********
വഴിതെറ്റിവന്ന പുഴയൊഴുക്കിൽ
വെയിലുവീഴുന്നു.
കടലിൽനിന്നൊരുതിര നാടുകാണാനിറങ്ങിയിരിക്കുന്നു.
ജലവിരിപ്പുകൾ കൊണ്ട് മതവും,
രാഷ്ട്രീയവും,
അമൂല്യങ്ങളായ ജീവനും,
പൊതിഞ്ഞെടുക്കുന്നു.
മടങ്ങുമ്പോൾ ഭീതിയുടെ
ഉപ്പുനീറ്റലുകൾ ഹൃദയങ്ങളിലെ വൃണങ്ങളിലുപേക്ഷിക്കുന്നു.
പ്രളയത്തിന്റെ ശേഷിപ്പുകളെന്ന്
മനസ്സിൽ അഴുക്കുപറ്റാത്ത
മനുഷ്യരെ അടയാളപ്പെടുത്തുന്നു.
പ്രളയം വന്നുമ്മവെച്ചപ്പോൾ പ്രണയത്തിലായവരത്രെ അവർ.
മഴനൂലുകൾ കൊണ്ട്
പ്രണയമെഴുതുമ്പോഴും
ജലഛായം കൊണ്ട്
മഴയെവരയ്ക്കുമ്പോഴും
ഇനി പ്രളയമെന്നല്ലാതെ
പ്രണയമെന്ന് വായിക്കാനാവുമോ...??

***************************
വീണ്ടും മുളയ്ക്കുന്ന സ്വപ്നങ്ങൾ..
ദിവ്യ.സി.ആർ

ഇനിയുമെത്ര കാലം,
കടം പേറിയൊരീ -
ജീവിത സന്ധ്യകൾ തൻ
അവശതയിലാണിന്നു ഞാൻ !
നിൻ ബാല്യം കവർന്നെടുത്തു,
ഞാനതിൽ പൂത്ത
മഞ്ഞമന്ദാരമായ്..
കുഞ്ഞു പീലിയായി
നീ തഴുകി തണുപ്പിച്ച
വേനലിലെത്ര കാതം
നടന്നു ഞാനേകയായി..
വീണ്ടും തേൻമാവിൽ
പുതുനാമ്പുകളുയരവേ..
ഇനിയും പൂക്കാത്ത
അരിമുല്ലകൾ തളിർക്കുന്നു..
കൊഴിയുന്നു,യെത്രയെത്ര
ദിനരാത്രങ്ങളങ്ങനെ !
ഇന്നീ സന്ധ്യതന്നറ്റത്തു
ഞാനെന്റെ നഷ്ടങ്ങളൊക്കെയും
പതിയെ പകർത്തി
വിധിയെ പഴിക്കവേ.
അകലുന്ന സന്ധ്യയും ഞാനും
മഴത്തുള്ളിതന്നാരവം
കേൾക്കവേ ; പിരിയുന്നു
രണ്ടിടവഴികളിലേക്കു
പറയുവാനുണ്ടു സങ്കടങ്ങളേറെ.
പുഞ്ചിരി തൂകുന്നു മെല്ലെ-
യാകാശവും കാർമേഘങ്ങൾ തൻ
തിരതല്ലിത്തകർത്തു താരാപഥങ്ങളും.
നിശ്ചയമീ പാഠമൈന്നുമാത്രം മതി
നാളെതൻ പുതുസ്വപ്നങ്ങൾ നെയ്യുവാൻ !!
***************************

അഗ്നിപർവതങ്ങൾ കെട്ടുപോകുമ്പോൾ...
യൂസഫ് നടുവണ്ണൂർ
അഗ്നി പർവതങ്ങൾ
കെട്ടുപോയൊരു നാട്ടിൽ
കിടന്നുറങ്ങുക
എത്ര സുഖകരമാണ്!
ഉറക്കത്തിന്റെ നൂലിഴകൾ
പൊട്ടിപ്പോകുമെന്ന ഭയമേതുമില്ലാതെ
നിദ്ര തൻ പാലാഴി
നീന്തി നീന്തിക്കടക്കാം!
കുത്തിയൊലിച്ചു വരുന്ന
പൊള്ളുന്ന കനൽക്കഥകൾ
കണ്ടില്ലെന്ന് നടിച്ച്
നീണ്ടു നിവർന്നങ്ങനെ...
മഹാ മൗനത്തിന്റെ മണൽപ്പരപ്പിലൂടെ
കാല്പനിക സ്വപ്നത്തിന്റെ
ചിറകേറി...
അഗ്നിപർവതങ്ങൾ കെട്ടുപോവുകയോ
കെടുത്തിക്കളയുകയോ ചെയ്യുമ്പോഴാണല്ലോ
സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ
പറന്നുയരുന്നത് !
അതുകൊണ്ട് നമുക്കിനി
അഗ്നിപർവതങ്ങളില്ലാത്ത ലോകത്തെ
സ്വപ്നം കാണാം!
അഗ്നിപർവതം
പൊട്ടിയൊലിച്ചുണ്ടായതാണോ
നമ്മുടെ പാടത്തെ മണ്ണെന്ന്
തിട്ടപ്പെടുത്താൻ
മഷി നോട്ടക്കാരനെ വരുത്തണം!
ഫലഭൂയിഷ്ഠമായ നമ്മുടെ പാടത്ത്
പാരമ്പര്യക്കൃഷി ചെയ്ത്
സുഖിക്കണം!
നല്ല വേലികളാണ്
നല്ല വിളവ് സൃഷ്ടിക്കുന്നത്!
പുലരുവോളം വെള്ളരി നാടകങ്ങൾ
ഉറക്കമിളച്ചിരിക്കാൻ
കാണികളുള്ളതുകൊണ്ട്
തിമർത്താടണം
അരങ്ങ് നിറഞ്ഞങ്ങനെ....
എല്ലാം ശാന്തമാകുമ്പോഴും
അശാന്തിയുടെ
ഒരു തരിയെക്കുറിച്ചുള്ള ഉത്കണ്ഠ
ഒരിക്കലും വറ്റാത്തൊരു കിണറായി
വാരിക്കുഴി പോലെ മറഞ്ഞു കിടക്കും.
***************************

വാക്കുകളിലെ ഋതു.
സംഗീതഗൗസ്
വാക്കുകളിലുമുണ്ടത്രേ വേനലും വർഷവും..
ശിശിരവും ഹേമന്തവും..
അതുകൊണ്ടാണ്
കടുപ്പമേറിയ വാക്കുകൾ
കണ്ണുകളിൽ പെയ്തിറങ്ങുന്നത്,
നേർത്തവ എത്ര
വസന്തങ്ങളെയാണ്
വിരിയിച്ചത്..
കുറുകിപ്പറയുന്നവ ഒരോ ശരത്കാലത്തെയും
ഒാർമ്മപ്പെടുത്തുന്നുണ്ടെന്ന്..
മൂർച്ചയുള്ളവക്ക് വേനലിന്റെ
ചൂടാണെന്ന്..
ഇടിമിന്നലടങ്ങിയ മരുഭൂമിയെ
സങ്കൽപ്പിക്കുക
നനഞ്ഞ പൊടിമണ്ണിൽ പതിഞ്ഞ
കാലടിപ്പാടുകൾ, തണുത്ത കാറ്റ് വീശിയടിച്ച് മാഞ്ഞു പോകുംവരെ
വാക്കുകൾ അവയെപോലെയാണ്,
മാറി മാറിവരുന്ന ഋതുക്കളെ പോലെ..
***************************

സർക്കസ് കൂടാരത്തിലെ പെൺസിംഹം
ജസി കാരാട്
കാട്ടിൽ അവൾ സ്വതന്ത്രയായിരുന്നു
ചട്ടങ്ങളും ചാട്ടവാറുമായി ആരും വരില്ല
കാടിന്റെ വന്യതയും
നാടിന്റെ ദയാദാക്ഷിണ്യവും ഒത്തിണങ്ങിയ ഒരു പെൺസിംഹം...
പരമ്പരാഗതമായി പഠിച്ചു വച്ച സർക്കസ് തന്ത്രങ്ങളിൽ മോഡേൺ നിറങ്ങൾ ചാലിച്ച്
വർണപകിട്ടാർന്ന ഇനങ്ങൾ അവതരിപ്പിക്കുവാൻ അങ്ങിനെ
കാണികളുടെ മനം കവരാൻ
അയാൾക്കും ഒരു ചുറു ചുറുക്കുള്ള പെൺസിംഹത്തെ വേണമായിരുന്നു.
അങ്ങനെ കാടിനെ വിറപ്പിച്ചു നടന്ന
അനുസരണയില്ലാത്ത പെൺസിംഹം അഴികൾക്കുള്ളിലായി
വളയങ്ങൾക്കുള്ളിലൂടെയും
തീനാമ്പുകൾക്ക് മുകളിലൂടെയും പായുവാൻ
അവൾ നിർബന്ധിതയായി
പരിശീലന കാലങ്ങളും
പ്രകടന കാലങ്ങളും കൃത്യമായി പരിശീലിപ്പിച്ചതിനനുസൃതമായ പ്രദർശന കാലങ്ങളും മാറി മാറി വന്നു കൊണ്ടിരുന്നു
ഇങ്ങനെയല്ലാതെ മറ്റൊരു തരത്തിലും
സിംഹത്തെ പരിശീലിപ്പിക്കുവാൻ അയാൾക്കറിയില്ലായിരുന്നു.
അച്ഛനും, മുത്തച്ഛനും അങ്ങനെ ചെയ്യുന്നതെ അയാൾ കണ്ടിരുന്നുള്ളു.
വളയങ്ങളെ അവൾ വെറുത്തു.
തീ നാമ്പുകളെ ഭയപ്പെട്ടു.
വളയങ്ങൾക്കു മുകളിലൂടെയും തീനാമ്പുകളെ വെട്ടിച്ചും  ചാടാനവൾ മോഹിച്ചു
പക്ഷെ
പരിശീലകന്റെ നിതാന്ത ജാഗ്രമായ കണ്ണുകളെ ഒളിക്കുവാൻ അവൾക്കൊരിക്കലും കഴിഞ്ഞില്ല
വഴി പിഴച്ച ചാട്ടങ്ങൾക്കോരോന്നിന്റെയുമൊടുവിൽ മുതുകത്ത് കൃത്യമായി ചാട്ടയടി വീണു
രോമം കരിഞ്ഞ്
നഖങ്ങൾ കൊഴിഞ്ഞ്
അവൾ വിവശയായി
മിഴികൾ പരിക്ഷീണമായി തുറന്നടഞ്ഞു തുടങ്ങി
സർക്കസ് കൂടാരത്തിനു മുമ്പിലൂടെ കടന്നുപോയ കുട്ടികൾ പറഞ്ഞു.
ഛെ...
ഇതാണോ സിംഹം ...
ഇതേതോ ചാകാറായ പൂച്ചയേ പോലെ
പൂച്ചയെ പോലുള്ള സിംഹത്തിനെ ആർക്കു വേണം?
ആർക്കും വേണ്ട
കാണികൾക്ക് വേണ്ടാത്ത സിംഹത്തിനെ
സർക്കസ് കൂടാരത്തിലെന്തിന്?:
പരിശീലകനും വിവശനായി
നിനക്കെന്തു പറ്റി
എന്താണു വേണ്ടത്
അയാൾ ശോകമൂകനായി
അവളോട് ചോദിച്ചു.
ദീർഘകാലത്തെ പരിശീലനത്തിനൊടുവിൽ
നഖങ്ങൾ മാത്രമല്ല വിരലുകൾ തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞ
തനിക്കിനിയെന്താണു കഴിയുകി. എന്താണു വേണ്ടത്?
അവൾ മറുപടിയില്ലാതെ
മൗനിയായി.
നമുക്ക് പിരിയാം നിനക്ക് നിന്റെ വഴി സ്വതന്ത്രയാവാം!
അയാൾ കൂടിന്റെ വാതിൽ തുറന്നിട്ടു
ദൂരെ വന്യമായ കാട്
ഏറെക്കാലത്തെ പരിശീലനത്തിനൊടുവിൽ
സിംഹമല്ലാതായിക്കഴിഞ്ഞ  തനിക്കിനി എന്താണു കഴിയുക?
അവളുടെ മിഴികൾ പരിക്ഷീണമായി തുറന്നടഞ്ഞു
പിറ്റേന്ന് സർക്കസ് കൂടാരത്തിനു മുന്നിലെ വഴിയിലൂടെ നടന്നുപോയ സ്കൂൾ കുട്ടികൾ
ആ കാഴ്ച കണ്ടു.
റോഡരികിൽ
വിറങ്ങലിച്ചു കിടക്കുന്ന
ഒരു പെൺസിംഹപൂച്ചയെ.......

***************************

സ്റ്റാറ്റസ്
ശ്രീലാ അനിൽ
പഴയൊരാ പാട്ടിന്റെ തീരാത്തൊരീണമായ്
മധുരമായ് തുടരുന്നു
പല്ലവി പിന്നെയും....
ഇന്നലെ പെയ്തൊരു
മഴയുടെ നനവുകൾ
 ഇപ്പോഴും ഇലകളിൽ
തങ്ങി നിന്നു....
ഇനിയും തുടരുന്ന ജീവിത വേഗങ്ങൾ
അതിവേഗം പായുന്നു
പിടി തരാതെ....
രാവില്ല പകലിലില്ല ...
മുഖപുസ്തകത്തിലെ
ചാറ്റുകൾ ഉറങ്ങില്ല
ഒരിക്കൽ പോലും...
അവസാനം മാറ്റിയ മുഖചിത്രമപ്പൊഴും
ലൈക്കിന്റെ
മഴയിൽ കുളിർന്നു നിന്നു.....
എത്രയോ ശുഭദിനമെത്ര ആശംസകൾ
ഇൻബോക്സിൽ
ഇടക്കിടെ പാറി വീണു....
അത്രമേൽ ലൈവായി
നിന്നരൊൾ പൊടുന്നനെ
സ്റ്റാറ്റസ് മാറ്റാതെ
കടന്നു പോയി....
ഇനിയാരെങ്കിലും
അഞ്ജലീ ബദ്ധരായ്
ആദരം അർപ്പിക്കും
പോസ്റ്റിട്ടാലേ....
കൂട്ടുകാർക്കൊക്കെയാ
നഷ്ടപ്പെടലിന്റെ
കഥയറിയൂ....
ഒരിക്കലും കാണാത്ത
മിണ്ടാത്ത
കൂട്ടുകൾ ദുഃഖത്തിൽ
സ്മൈലിയിൽ
ലൈക്കടിക്കും....
അല്ലെങ്കിൽ കൂടി
നാം മാഞ്ഞു
 മറയുമ്പോൾ
നോവുകൾ
ആരെല്ലാം
ബാക്കി വയ്ക്കും?????
***************************

Swapnarani
ഏഴ് കവിതകൾ, ഒരു കഥ, ആത്മകഥ, അനുഭവം എല്ലാം ചേർന്ന് ഈയാഴ്ചയും നവ സാഹിതി സമൃദ്ധം തന്നെ. പതിവുപോലെ ജസീന ടീച്ചറുടെ ഇതാണ് ഞാൻ എന്ന ആത്മായനത്തോടെ ആരംഭം. വളരെ ആത്മാർത്ഥമായ ഒരു പ്രണയം ഇതൾ വിരിയുന്നതിന്റെ സന്ത്രാസങ്ങളും വിഹ്വലതകളും ഏറ്റവും ഭംഗിയായി അനുഭവിപ്പിക്കുന്നതാണ് ഇന്നത്തെ ഖണ്ഡം.പ്രണയം കേവലമൊരു നേരമ്പോക്കല്ലാതിരുന്ന രണ്ടു മനസ്സുകൾ പരസ്പരം തിരിച്ചറിയുന്നതിന് വായനക്കാരും സാക്ഷികളാവുന്നു.

സുന്ദരങ്ങളായ സമതലങ്ങൾ, പുഷ്പ വിതാനങ്ങൾ, മഞ്ഞിന്നാർദ്രത, നിലാച്ചന്തം ഒക്കെയും കിനാക്കളായിരുന്നതും എടുത്തെറിയപ്പെട്ടതു പോലെ ജീവിതത്തിന്റെ കൂർത്ത മുനകളിലേക്ക് ഇറങ്ങി വരുന്നതും അനുഭവിപ്പിക്കുന്ന കവിതയാണ് സുനിത ഗണേഷിന്റെ കുന്നിൻ മോളിൽ. പക്ഷേ ഗദ്യ കവിതയ്ക്ക് ഈണം കൊടുത്തുള്ള ആലാപനം അത്ര ആകർഷകമായി തോന്നിയില്ല.

പ്രണയം മോഹ ങ്ങൾക്ക് ചിറകു നൽകുകയാണ് ലാലൂർ വിനോദിന്റെ കുറുങ്കവിതയിൽ.

അസ്ലം മാഷിന്റെ കൂടെ എന്ന അനുഭവക്കുറിപ്പ് അധ്യാപകരൊക്കെയും വായിച്ചിരിക്കേണ്ടതു തന്നെ. വള്ളത്തോൾ യു.പി സ്കൂളിലെപ്പോലെ "ഷെബി "മാർ നമ്മുടെയൊക്കെ ചുറ്റുമുണ്ട്. പക്ഷേ അവന്റെ സങ്കല്പത്തിൽ മാത്രമുള്ള മൊബൈൽ ഫോണിൽ സെൽഫിയെടുക്കാൻ നില്ക്കുന്ന "സീമ ടീച്ചറാ "വാൻ എത്ര പേർക്ക് സാധിക്കാറുണ്ട്! പലരും നിസ്സാരമായെണ്ണുന്ന അനുഭവങ്ങളുടെ കാമ്പ് കണ്ടെത്തി മനോഹരമായി അവതരിപ്പിക്കുന്നതിൽ അസ്ലം മാഷിന്റെ കഴിവ് അഭിനന്ദനീയം തന്നെ.

റബീഹ തിരൂരിന്റെ ഭീതിയുടെ കാല്പാടുകൾ കഴിഞ്ഞ വർഷത്തെ പ്രളയകാലം മനസ്സിൽ നിന്നൊഴിഞ്ഞു പോയിട്ടില്ല എന്ന് ഓർമ്മിപ്പിക്കുന്നു. ജലവിരിപ്പുകൾ കൊണ്ട് മതവും രാഷ്ട്രീയവും ഒപ്പം അമൂല്യ ജന്മങ്ങളും പൊതിഞ്ഞെടുത്ത പ്രകൃതിയെ മറക്കാനാവില്ലല്ലോ. മഴയെ പ്രണയമെന്ന് ഇനി വിളിക്കാനാവുമോ എന്ന ആശങ്കയിലാണ് കവി.

നിരാശയിലേക്ക് വീഴുന്ന മനസ്സിനെ പ്രതീക്ഷയുടെ പുതുനാമ്പുകളിലേക്ക് നയിക്കാൻ പ്രകൃതിയുടെ പാഠങ്ങൾ കൊണ്ട് സാധിക്കുമെന്ന് പറയുന്ന കവിതയാണ് ദിവ്യ സി.ആറിന്റെ വീണ്ടും മുളയ്ക്കുന്ന സ്വപ്നങ്ങൾ

യൂസഫ് മാഷ് എഴുതിയ അഗ്നി പർവ്വതങ്ങൾ കെട്ടുപോകുമ്പോൾ
എന്ന രചന പല തലങ്ങളിൽ വായിച്ചെടുക്കാമെന്നു തോന്നി. പൊള്ളുന്ന കനൽക്കഥകളെ കണ്ടില്ലെന്ന് നടിച്ചുള്ള ആ സുഖദമായ കിടപ്പാണല്ലോ പുതുകാലത്തിന് പഥ്യം.  ഒരു കാലത്ത് പൊട്ടിയൊഴുകിയതും ചീഞ്ഞളിഞ്ഞതുമൊക്കെ വളമാക്കി പുതിയ കൃഷികൾ സമൃദ്ധി തേടുന്നു.പാരമ്പര്യക്കൃഷികൾക്ക് മാർക്കറ്റ് കൂടും. വെള്ളരി നാടകങ്ങൾക്ക് പ്രസക്തിയേറും. അടങ്ങാത്ത അശാന്തതയുടെ ഒരു തുള്ളി അപ്പോഴും മറഞ്ഞു കിടപ്പുണ്ടാവും.

വാക്കുകൾക്ക് ഭാവങ്ങളുടെ ഋതുപ്പകർച്ചകളെ കൃത്യമായി ആവിഷ്കരിക്കാനാവുമെന്ന് സംഗീത ഗൗസ് (കവിത- വാക്കുകളിലെ ഋതു )

സർക്കസ് കൂടാരത്തിലെ പെൺസിംഹം- ജസിടീച്ചറുടെ കഥ - സ്ത്രീയുടെ എല്ലാ കഴിവുകളും സ്വാതന്ത്ര്യങ്ങളും എങ്ങനെയാണ് കുടുംബ / സമൂഹസംവിധാനങ്ങൾ തകർത്തു കളയുതെന്നും പരിശീലനത്തിലൂടെ പൂച്ചയായി മാറിയ സിംഹത്തിന് പിന്നീട് ലഭിക്കുന്ന സ്വാതന്ത്ര്യം എത്രമേൽ ഉപയോഗശൂന്യമെന്നും അടയാളപ്പെടുത്തുന്നു. വിജയലക്ഷ്മിയുടെ മൃഗ ശിക്ഷകൻ എന്ന കവിതയെ ഓർമ്മിപ്പിക്കുന്ന രചന.

നവ മാധ്യമങ്ങളിലെ സ്മൈലികളിലും ലൈക്കുകളിലും തളച്ചിടപ്പെടുന്ന ജീവിതത്തെ അനുഭവിപ്പിക്കുകയാണ് ശ്രീല ടീച്ചറുടെ സ്റ്റാറ്റസ്. മരണവും ജനനവും മറ്റ് ഏത് വൈകാരിക മുഹൂർത്തവും നമ്മളിന്നനുഭവിക്കുന്നത് കയ്യിലൊതുങ്ങുന്ന ഈ ചെറിയ ചതുരക്കള്ളിയൊരുക്കുന്ന വികാര ചിഹ്നങ്ങളിലൂടെയാകുന്നു.

ഓരോ ആഴ്ചയും ഹൃദ്യമായ രചനകളും, അവയുടെ ശബ്ദ സാന്നിധ്യങ്ങളും അനുയോജ്യമായ ചിത്രങ്ങളുമൊരുക്കുന്ന ഗഫൂർ മാഷിനും എഴുത്തുകാർക്കും
അഭിനന്ദനങ്ങൾ
🦋🦋🦋🦋🦋🦋