ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാവർക്കും സ്നേഹപൂർവ്വം സ്വാഗതം..🙏🌹🌹🌹
ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാനിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." കഴിഞ്ഞയാഴ്ചയിലെ ബാക്കി ഇപ്പോൾ വായിക്കാം..👇🏻
ആത്മായനം തീക്ഷ്ണ ഭാവങ്ങളിലൂടെ മുന്നോട്ട്..👇🏻
ഇതാണ് ഞാൻ
ആത്മായനം
ജസീന റഹീം
ഓരോ വീടും ഓരോ വിധത്തിൽ എന്നിൽ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു.. കുണ്ടറ യിലെ വീടിന്റെ ഒരു വശത്ത് അയൽക്കാരായുള്ളത് അലക്കുകാരായ ഒരു വലിയ കുടുംബമായിരുന്നു.. അവരെ ഞങ്ങൾ വിളിക്കാൻ സൗകര്യത്തിന് 'അലക്സ് ' എന്ന് പേരിട്ടു.. നിറയെ പൂച്ചെടികളുള്ള വീട്ടിൽ പ്രായമുള്ള അച്ഛനെയും അമ്മയെയും കൂടാതെ ഗൾഫുകാരനായ മൂത്ത മകന്റെ ഭാര്യയും മക്കളും .. മകളായ ലീലച്ചേച്ചിയും മക്കളും .. ഗൾഫുകാരനായ മോഹനൻ അണ്ണന്റെ ഭാര്യ സാവിത്രിച്ചേച്ചിയും മകൻ കുട്ടപ്പായിയും .. പ്രസന്നൻ ..പ്രകാശൻ തുടങ്ങിയ അന്ന് അവിവാഹിതരും പിന്നീട് വിവാഹിതരുമായ ചെറുപ്പക്കാർ താമസിച്ചിരുന്നു.. എഫ്.എംറേഡിയോയും ..ടേപ്പ് റിക്കോർഡറും.. ഉച്ചത്തിൽ പാട്ടുകേൾപ്പിക്കാൻ സ്പീക്കറും ഒക്കെ വീടുകളിൽ സുലഭമായിത്തുടങ്ങിയ കാലം.. മൈക്ക് സെറ്റിന്റെ ജോലിയ്ക്ക് പോയിരുന്ന പ്രകാശൻ വീട്ടിലുള്ള നേരങ്ങളിൽ ഒരു കിലോമീറ്റർ ദൂരത്തിലുള്ള അയൽക്കാരെ വരെ ഉച്ചത്തിൽ പാട്ടു വച്ച് ആനന്ദസാഗരത്തിലാറാടിച്ചിരുന്നു.. ഇത് മൂലം ഞങ്ങൾക്ക് വീട്ടിൽ ഓണാക്കേണ്ടി വന്നിരുന്നില്ല.. പഴയ റേഡിയോ എപ്പോഴോ ചീത്തയായ ശേഷം അയൽപക്കത്തെ പാട്ടുകൾ കേട്ട് റേഡിയോ തൃപ്തിയടയാനായിരുന്നു യോഗം..
ഒരിക്കൽ വല്യ മാമ മധ്യ പ്രദേശിൽ നിന്ന് ലീവിന് വന്നിട്ട് തിരിച്ച് പോയപ്പോൾ മാമാടെ റേഡിയോ ഞങ്ങൾക്ക് തന്നിട്ട് പോയി.. പ്രകാശ് പാട്ട് നിർത്തി വക്കുന്ന രാത്രികളിൽ ഞങ്ങൾ റേഡിയോ ഓണാക്കി .. യുവവാണിയും മഹിളാലയവും കണ്ടതും കേട്ടതും നാടകവും കേട്ടുറങ്ങി ഞങ്ങൾ .. എന്നാൽ അടുത്ത ലീവിന് വന്നപ്പോൾ മാമ റേഡിയോ തിരികെ വാങ്ങിയത് ഞങ്ങളെക്കാൾ വാപ്പായെ വിഷമിപ്പിച്ചു..മാമ റേഡിയോ കൊണ്ടുപോയി ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു പുത്തൻ റേഡിയോ കം ടേപ്പ് റിക്കോർഡർ വാപ്പ വാങ്ങിയത് ആരോടൊക്കെയോ ഉള്ള വാശിയ്ക്കായിരുന്നു.. 'അലക്സ് ' ഓഫാക്കുമ്പോൾ മാത്രം ഓണാക്കുന്ന ഞങ്ങളുടെ പുത്തൻ ടേപ്പ് റിക്കോർഡറിലേക്ക് കാസറ്റുകളും പുത്തൻപാട്ടുകളൂം തേടിപ്പിടിക്കലായി എന്റെ ജോലി.. അലക്സുമായി നല്ല ബന്ധം സൂക്ഷിക്കുമ്പോഴും അവിടുത്തെ അവിവാഹിതരായ യുവാക്കളോട് ഒരകലം എപ്പോഴും സൂക്ഷിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു..
വീടിന്റെ മുകൾ ഭാഗം ലീലാന്റിയും സൈമണ്ണനും മക്കളായ വിനോദും ടിട്ടുവുമായിരുന്നു താമസം.. സൈമണ്ണൻ പട്ടാളത്തിലായിരുന്നു.. മ വാരികകളുടെ വരിക്കാരിയായ ലീലാൻറിയുമായുള്ള ഞങ്ങൾടെ വർഷങ്ങൾ നീണ്ട അടുപ്പം ആഴമേറിയതായിരുന്നു.. ലീലാന്റിയോടൊപ്പം സിനിമയ്ക്കു പോകുമ്പോൾ ലീലാന്റി വളരെ ഉച്ചത്തിൽ ടൈറ്റിലുകൾ വായിയ്ക്കുകയും നായകനെ ഇടിക്കുന്ന വില്ലനെ വഴക്ക് പറയുകയും ചെയ്യുന്നത് ഞങ്ങളെ രസിപ്പിച്ചിരുന്നു.. ഒരു വീട്ടിലും സ്ഥിരമായി താമസിക്കാത്ത ലീലാൻറിയും കുടുംബവും.. അക്കാര്യത്തിൽ സൈമണ്ണനും ഞങ്ങളുടെ വാപ്പായും മത്സരം തുടർന്നു വന്നു..
മുകളിലെ മറ്റൊരയൽക്കാർ ബദർ മാമായും ലൈലാത്തയുമായിരുന്നു.. ഇലക്ട്രിസിറ്റി യിൽ ലൈൻമാനായ ബദർ മാമയുടെ കുടുംബവുമായി ഒരു വീട് പോലെ കഴിഞ്ഞ നല്ല കാലത്തിന്റെ ഓർമ്മകൾ.. ഹൃദ്യമായിരുന്നു.. പെൺമക്കളെ പെറ്റ സങ്കടം ഉമ്മാ യും വാപ്പായും തീർത്തത് ബദർ മാമാടെ മോൻ സനൂജിനെ വളർത്തിയായിരുന്നു.. സനൂജിനെ കുളിപ്പിച്ചും ഒരുക്കിയും ഭക്ഷണം വാരിക്കൊടുത്തും അവർ സന്തോഷിച്ചു.. കല്ലിൽ മുളകരച്ച് നീറ്റൽ മാറാൻ കൈ വെള്ളത്തിൽ മുക്കി നടന്ന ഞാൻ മിക്സി എന്ന ഉപകരണം ആദ്യമായി കണ്ടത് ലൈലാത്തയുടെ അടുക്കളയിലായിരുന്നു..
ജീവിതം മെല്ലെ ഒഴുകുകയാണ്.. പത്താം ക്ലാസ് ജയിച്ച ഞാൻ പ്രീ ഡിഗ്രി അഡ്മിഷനു വേണ്ടി കൊല്ലത്തെ മൂന്നു കോളേജുകളിലും അപേക്ഷ അയച്ച് ആകാംക്ഷയോടെ കാത്തിരുന്നു .. ഉപരിപഠനത്തെക്കുറിച്ച് വല്യ ധാരണകളൊന്നുമില്ലെങ്കിലും ഒരു ജോലി വേഗം കിട്ടണേയെന്ന് വെറുതെ പ്രാർഥിച്ചു..
എന്റെ പ്രാർഥനകൾ മിക്കവയും ആത്മാർഥത ലവലേശം തൊട്ടു തീണ്ടാത്തവയായിരുന്നു.. ജോലി ഭാവിയിൽ ഒരാവശ്യമായിരുന്നെങ്കിലും അതിനു വേണ്ടി ഒരിക്കലും പ്രാർഥനയോ വക്കാലത്തോ ആയി അദൃശമായ ആ ശക്തിയെ സ്വാധീനിക്കാൻ ശ്രമിച്ചില്ല.. പ്രാർഥനയെക്കാൾ അവശ്യ ബോധമായിരുന്നു ജീവിതത്തെ മുന്നോട്ട് നയിച്ചത്..
കരിക്കോട് ടി.കെ.എം ആർട്ട്സ് ആന്റ് സയൻസ് കോളേജിൽ നിന്നായിരുന്നു ആദ്യം അഡ്മിഷൻ കാർഡ് വന്നത്.. അപേക്ഷിച്ച സെക്കന്റ് ഗ്രൂപ്പ് തന്നെ കിട്ടുകയും ചെയ്തു.ടി.കെ.എം ൽ അന്ന് ഷിഫ്റ്റ് സമ്പ്രദായമായിരുന്നു.. സെക്കന്റ് ഇയർകാർക്ക് രാവിലെയും ഫസ്റ്റ് ഇയർകാർക്ക് ഉച്ചയ്ക്കുമായിരുന്നു ക്ലാസ്സ്.. രാവിലെ 7.30 മുതൽ ഉച്ചവരെ കരിക്കോട് ഗ്രാന്റിൽ ട്യൂഷനും ചേർന്നു..
അതുവരെ അരപ്പാവാടയുടുത്തു നടന്ന ചെറിയ കുട്ടിയായിരുന്ന ഞാൻ ഫുൾ പാവാടയിലേക്ക് കയറി.. പത്താം ക്ലാസ് വരെ പൊക്കം കുറഞ്ഞ് അത്യാവശ്യം വണ്ണമുണ്ടായിരുന്ന ഞാൻ പത്താം ക്ലാസ്സ് കഴിഞ്ഞതോടെ പൊക്കം വക്കാൻ തുടങ്ങി.. ലോകത്തിലേറ്റവും മെലിഞ്ഞ പെൺകുട്ടി ഞാനാണെന്ന അപകർഷതാബോധത്തിന് ആക്കം കൂട്ടാനായി മുഖത്തിന് ഒട്ടും ചേരാത്ത വലിയ കണ്ണാടിയും കൂട്ടുകാരിൽ നിന്ന് ഉൾവലിയാൻ പ്രേരിപ്പിച്ചു.. അന്ന് മിക്കവരും പാവാടയും ബ്ലൗസുമിട്ട അപരിഷ്കൃതരായതിനാൽ വേഷത്തെ സംബന്ധിച്ച വേദനകൾ തെല്ലുമേ അലട്ടിയില്ല..
സയൻസ് ബി2 ബാച്ചായിരുന്നു എന്റെ ക്ലാസ്സ് .. മലയാളം മീഡിയത്തിൽ നിന്നും ചെന്ന എനിക്ക് ഫിസിക്സും കെമിസ്ട്രിയും ബോട്ടണിയും സുവോളജിയും .. ലെക്ച്ചർ ക്ലാസ്സുകൾ ഒട്ടും വേകാത്ത ഉണക്കക്കപ്പ ചവയ്ക്കുന്ന പ്രതീതിയായിരുന്നു.. ടീച്ചേഴ്സ് വന്ന് ലെക്ച്ചർ ചെയ്യുമ്പോൾ ഒന്നും മനസിലാകാതെ വഴി തെറ്റി വന്ന് കയറിയ ഇടം പോലെയായെനിക്ക് ക്ലാസ്സ് മുറി.. സ്കൂളിൽ ഒന്നിച്ച് പഠിച്ച പലരും ടി.കെ.എം ൽ ഉണ്ടായിരുന്നെങ്കിലും അവരെല്ലാം മാത്സ്.. ഹിസ്റ്ററി തുടങ്ങി വിവിധ വിഷയങ്ങളിലേക്ക് മാറിയിരുന്നു.. ഗ്രാന്റ് ലെ ട്യൂഷൻ ക്ലാസ്സിൽ വച്ചും ബസിൽ വച്ചും പ്രിയ.. അജി ..ഷൈലജ തുടങ്ങിയവരെ കണ്ടു..
കുണ്ടറ നിന്നും കരിക്കോട് വരെ പ്രൈവറ്റ് ബസിലായിരുന്നു യാത്ര.. അന്ന് എസ്. ടി 15 പൈസയാണ്.. കോളേജിലേക്കുള്ള ആദ്യ ബസ് യാത്രകൾ അങ്കലാപ്പിന്റെതായിരുന്നു,.കാരണം തനിച്ചുള്ള ബസ് യാത്ര ആദ്യമായിരുന്നല്ലോ.. അന്നും ബസിലെ സീറ്റുകൾ വിദ്യാർഥികൾക്ക് നിഷിദ്ധമായിരുന്നു.. സീറ്റിനു വേണ്ടി .. ബാലൻസ് ചില്ലറയ്ക്ക് വേണ്ടി കണ്ടക്ടർമാരുമായി നിരന്തരം കലഹിച്ചു.. രാവിലെ 7 മണിക്ക് വീട്ടിൽ നിന്നിറങ്ങുന്ന ഞാൻ ട്യൂഷനും കോളേജും കഴിഞ്ഞ് തിരികെയെത്തുമ്പോൾ പലപ്പോഴും 7 മണി കഴിഞ്ഞു..
കോളേജ് ജീവിതത്തിന്റെ ആദ്യ നാളുകൾ മടുപ്പിന്റെയും മനസിലാവായ്മയുടെയും അപകർഷതയുടെതുമായിരുന്നെങ്കിലും .. മെല്ലെ മെല്ലെ ഞാൻ കോളേജ് ജീവിതം ആസ്വദിച്ചു തുടങ്ങി.. അതു വരെ വാപ്പായെയും ഉമ്മായെയും അധ്യാപകരെയും ഭയന്ന് അടങ്ങി ഒതുങ്ങി പുസ്തകവും പഠനവുമായി കഴിഞ്ഞ എന്റെ മുന്നിൽ ടി.കെ.എം കോളേജിന്റെ ചെറിയ ക്യാമ്പസ് സ്വാതന്ത്ര്യത്തിന്റെയും സൗഹൃദത്തിന്റെ മദിപ്പിക്കുന്നൊരു ലോകം തുറന്നിട്ടു..
ജീവിതത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട ബിന്ദു രശ്മിയും സിംലയും പിന്നെ ഞാനും ചേർന്നപ്പോൾ നല്ലൊരു തല്ലിപ്പൊളി പെൺഗ്യാംഗ് രൂപം കൊണ്ടു.. സാധാരണ ക്ലാസ് കട്ടു ചെയ്യുന്നത് സെക്കന്റ് ഇയറുകാരായിരുന്നെങ്കിൽ .. ഞങ്ങൾ ഫസ്റ്റിയറി ലേ ..വളരെ ലാഘവത്തോടെ ..ഇഷ്ടമില്ലാത്ത ക്ലാസുകൾ കട്ടു ചെയ്ത് കൂളായി ഇറങ്ങിപ്പോയി.. ബിന്ദു രശ്മി ഇപ്പോൾ കരിക്കോട് ശിവറാം സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ്.. അന്നുമിന്നും പുറമെ ഒതുങ്ങിയ പ്രകൃതമാണെങ്കിലും ഞങ്ങളുടെ എല്ലാ കുസൃതികളുടെയും തലച്ചോറ് അവളായിരുന്നു.. എനിക്ക് ആമത്തോടിന്റെ തൊലിക്കട്ടിയാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത് കരിക്കോട് ഗ്രാൻറിലെ മലയാളം മാഷ് ബാലകൃഷ്ണൻ സാറായിരുന്നു.. വെള്ള മുണ്ടും ഖദർ ജുബയും തോളിൽ ഖദർ ഷാളും നെറ്റിയിൽ ചന്ദനവുമണിഞ്ഞ് വന്ന സാറിനെ ആരും സാർ എന്ന് വിളിച്ചില്ല.. ഞങ്ങൾക്കെല്ലാം അദ്ദേഹം 'അമ്മാവൻ ' ആയിരുന്നു.. പിന്നീടെപ്പോഴോ ഡിഗ്രി ക്ലാസ് മേറ്റ് സുനി അമ്മാവനെ അമ്മാച്ചൻ എന്നാക്കി..
ടി.കെ.എം അധ്യാപകരിൽ ..എല്ലാ കുട്ടികളും ഭയത്തോടെയും ഒരല്പം വിറയലോടെയും നോക്കിയിരുന്ന ജവഹർനിസ ടീച്ചർ ഇന്നില്ലയെങ്കിലും ആജ്ഞാശക്തിയും ആരെയും കൂസാത്ത തലയെടുപ്പും പെൺകരുത്തിന്റെ അടയാളമായി അന്നേ മനസിൽ പതിഞ്ഞതാണ്.. ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ഷമിം ടീച്ചറിനെ കാണുമ്പോൾ പലരും എന്നോട് ടീച്ചറും ഞാനും ബന്ധുക്കളാണോയെന്ന് ചോദിക്കാൻ തക്ക രൂപ സാമ്യം ഉണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. കണ്ണ് തുറക്കാതെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഷാനവാസ് സാറിന്റെ ക്ലാസ്സുകൾ അതീവ രസകരമായിരുന്നു.. ഹാഷിം കുട്ടി സാറിന്റെ മലയാളം ക്ലാസ്സ് .. ക്ലാസ്സിലിരുന്ന് ചുമ്മാ ചിരിച്ചതിന് വയറു നിറച്ച് വഴക്കു കിട്ടിയത് ഹാഷിം കുട്ടി സാറിനെ ഇപ്പോൾ കാണുമ്പോഴും ഓടിച്ചെന്ന് പറയാറുണ്ട്..
*****************
ഇനി തിരൂർ മലയാളത്തിന് ശ്രദ്ധേയമായ ലോഗോ രൂപകൽപന ചെയ്ത അസ്ലം തിരൂരിന്റെ കാലിക പ്രസക്തമായ ഒരു കവിത👇🏻
കരയട്ടെ ഞാനിത്തിരി നേരം
അസ് ലം തിരൂർ
മകനെ, കരയട്ടെയിത്തിരി നേരം നിൻ,
അമ്പിളിപ്പൂമുഖമോർത്തുകൊണ്ട് ....
മണ്ണിലെ വാസരം മതിയാക്കി മരണത്തിൻ,
മാലാഖയൊത്തു മടക്കമായോ?
വിണ്ണിലെയമ്പിളിപോലെച്ചിരിക്കുമാ-
പൈതലിൻ പൂമുഖം കണ്ണിലിന്നും...
വിടരാൻ തുടങ്ങുമാ മൊട്ടിനെയെന്തിനാ...
രാക്ഷസൻ തല്ലിക്കൊഴിച്ചിങ്ങനെ?
പെണ്ണിന്റെ മാനസം, കാമം പെരുത്താൽ,
വെറുമൊരു കല്ലായിത്തീർന്നിടുമോ?
പെറ്റമ്മയാണവളെങ്കിലിന്നിങ്ങനെ -
യന്ധയായ് നിൽക്കുവാനായിടുമോ?
പൈതലേ വയ്യെനിക്കോർക്കുവാൻ നീയെത്ര -
വേദനയേറ്റു പിടഞ്ഞിരിക്കാം...
പൈദാഹമാറ്റിയൊരമ്മ തൻ സാന്ത്വനം,
നീയെത്രയപ്പോൾ കൊതിച്ചിരിക്കാം...
"പപ്പീ" യെന്നാർത്തു കരഞ്ഞുകൊണ്ടന്നു നിൻ
കുഞ്ഞനുജൻ മനം നൊന്തിരിക്കാം...
പപ്പ തൻ പ്രിയ രൂപമന്നേരം കരളിലൊ-
രാശ്വാസമായിത്തെളിഞ്ഞിരിക്കാം....
കുഞ്ഞു മിഴികൾ തുറന്നൊന്നു നോക്കുമെ-
ന്നൊമ്പതു നാളുകൾ കാത്തിരുന്നു....
കുഞ്ഞേ നീ പോയെന്ന സത്യം ശ്രവിച്ചതാൽ,
മാനസം നീറിപ്പിടഞ്ഞിടുന്നു...
ലാളനമേൽക്കാൻ കൊതിക്കും കുരുന്നുകൾ,
പീഢനമേറ്റു തളർന്നു പോയി...
ലാഭമെന്തമ്മയ്ക്കും കാമുകനും രണ്ടും ,
നീച ജന്മങ്ങളായ്ത്തീർന്നു പോയി...
മകനേ, ഇരിക്കട്ടെയിത്തിരി നേരം നിൻ,
അമ്പിളിപ്പൂമുഖമോർത്തുകൊണ്ട്...
മണ്ണിലെ വാസരം മതിയാക്കി മരണത്തിൻ,
മാലാഖയൊത്തു മടക്കമായോ?
*****************
ഗിരീഷ് വർമ്മ
ആയിരം
നക്ഷത്രങ്ങളെരിഞ്ഞടങ്ങിയ
തമോഗർത്തങ്ങൾ.
നീയറിയാതെ
നിന്നിലേയ്ക്ക്
കമഴ്ന്നു വീഴുന്ന
എന്റെ നോട്ടങ്ങളും
പ്രത്യാശകളും .
എന്നോ എരിഞ്ഞമർന്ന
നക്ഷത്രരാശികൾ തീർത്ത
ചാരസ്ഫുരണങ്ങൾ
കൈക്കുമ്പിളിലെ
ജലരാശിയായിയെന്നെയിന്നും
മോഹിപ്പിക്കുന്നു .
കാലവേഗങ്ങൾ കൊണ്ടുവന്ന
സഞ്ചാരക്കുറിപ്പിൽ
ഗഗനചാരികളുടെ
തീവ്രാന്യേഷണങ്ങളുടെ
അടയാളപ്പെടുത്തിയ
നാഴികക്കല്ലുകൾ .
കണ്ണടയാത്ത
നിന്റെ നിതാന്ത ജാഗ്രതയുടെ
പിൻകുറിപ്പുകളിന്ന്
അന്യമാക്കപ്പെട്ട കാലത്തിന്റെ
തള്ളിമാറ്റിയ രോദനങ്ങൾ ..
ഒരു കൊള്ളിയാനായ്
നിന്റെയാകർഷണത്തിനായ്
ഒരുൽക്കയായ്
തീവേഗമായ് പോലും
ഞാൻ കാലങ്ങളോളം
കത്തിയമർന്നൊടുവിൽ
ഭൂമിയലമർന്നു .
നീ രാവിന്റെയൊരായിരം
പുഞ്ചിരിയിൽ
എനിയ്ക്കായ് കൊളുത്തിയ ദീപം .
ഇന്ന് നിന്റെ തമോഗർത്തങ്ങൾ തീർത്ത
മായികലോകത്ത്
ഒരു അന്വേഷകനായി
എനിക്ക് പുനർജനിക്കണം ...
ഒറ്റ സംശയമേയുള്ളു .
അന്ന് നീയെന്നെ അറിയുമോ ....!!
*****************
ഷീലാ ബൈജു
ഞാനോ
നീയോയില്ലിപ്പോൾ
നമ്മളേയുള്ളൂ
ഒരാത്മാവിനെ
പങ്കിട്ടെടുത്തവർ....
എന്നിലലിഞ്ഞൊരു
മോഹമേ
നിന്റെ
പേരെഴുതാൻ
തൊട്ടെടുത്തതെൻ
ഹൃദയരക്തം...
നിന്നെയറിഞ്ഞ
നാൾ തൊട്ട്
നിന്നിലൂടെ ഞാൻ
ഭാരമില്ലാത്ത
തൂവൽ പോലെ
പാറി നടന്നു....
നിറഞ്ഞ
വർണ്ണത്തിൽ
വിരിഞ്ഞ പ്രണയം
എന്നിൽനിഴലും നിലാവുമായി....
വാക പൂത്ത
വഴിയിലൂടെ
തമ്മിൽ കോർത്ത
വിരലുകളുമായ്...
ഉച്ചവെയിലിലൂടെ
എന്റെ പാദo
പൊള്ളാതെ
നിന്റെ പാദങ്ങൾക്കു മേലെന്റെ
പാദം വച്ചു
നടത്തി നീ....
നിനക്കൊപ്പം
വ്യാകുലതകളില്ലാതെ
ഞാനുറങ്ങി
സ്വപനത്തിൽ പോലും
സുഗന്ധം നിറച്ചു കൊണ്ട്....
*****************
ഇനി ഒരു വൈവിധ്യമാകാം
പലായനം
അനീഷ് ദേവരാജൻ
ഞാൻ ലെബനോനിലുണ്ട്
ശീതക്കാറ്റുകളുടെ ചുംബനം കൊണ്ട്
മരവിച്ച തിരമാലകൾക്കരികിൽ
എബ്രഹാമിനൊപ്പം ഇസ്രായേലിന്റ മണൽപ്പുറത്ത്
നടക്കുമ്പോഴൊക്കെ ഇളകിയാടുന്ന മുലകളുള്ള, അംഗോപാംഗ സുന്ദരിയായ
ഹാഗാറിനെ ഒളികണ്ണിട്ടു നോക്കി.
കുഴഞ്ഞു വീഴുമ്പൊഴും ഭംഗിയുടെ
ജ്വാലകൾ വിടർത്തിയവൾക്ക്
ഉത്തേജന ജലം കൊടുത്തുകൊണ്ട് .
അവഗണിക്കപ്പെട്ട് നടന്നു മുഷിഞ്ഞവളോടെപ്പം.
ചിലപ്പോൾ ഏൻഗെദേ മുന്തിരിത്തോട്ടത്തിൽ
ചുമിലിൽ ചാർത്തിയ മുളം കൂടയിൽ
മുന്തിരിക്കുലകൾ നിറച്ച്
വറ്റിയ, വീര്യമുള്ള വീഞ്ഞിന്റെ
കുതിരകളെപ്പൂട്ടിയ തേരിൽ
എന്റെ സിരകളിൽ ഉന്മാദത്തിന്റെ തേരോടിച്ച്,
ലോത്തിനൊപ്പം മദ്യശാലയിൽ
പെൺമക്കളാൽ പീഡിപ്പിക്കപ്പെട്ടവന്റെ
വിലാപങ്ങൾക്ക് കൂട്ടിരുന്നു കൊണ്ട്,
ചിലപ്പോൾ ഏദൻ തോട്ടത്തിൽ
പാമ്പിൻ പുഴയ്ക്കരികെ
ആദത്തിന്റെ ലിംഗ ഭംഗിയിൽ
മൂർദ്ധന്യയായി യോനീ കവാടം തുറന്ന്
മനുഷ്യൻ എന്ന ജീവിയുടെ
ജന്മ ചരിത്രം രചിക്കുന്ന ദൈവപുസ്തകത്തിന്റെ
താളുകൾ കവർന്നെടുത്തു കൊണ്ട്
ഹവ്വയോടൊപ്പം,
ദാവീദിനാൽ കൊല്ലപ്പെട്ട ഇരുപതിനായിരം
ആരാമ്യരുടെ കുടുംബ ശുശ്രൂഷ
ചെയ്തു കൊണ്ട്
ചിലപ്പോൾയേശുവിനൊപ്പം
കുരിശിൽ കിടന്നു കൊണ്ട്
ഒടുവിൽ മൂന്നാണിയും മുൾക്കിരീടവും
ഏറ്റുവാങ്ങി ഹൃദയത്തിലൊരു കുന്തമുനയുമായി ഭാര്യേ
തുഷാരേ, നിന്നോടൊത്ത്.
നാം പോകുന്നില്ല അൾത്താരകളിലേക്ക്
അൾത്താരകൾ
നമ്മെത്തേടിയാണ് വരുന്നത്.
*****************
ഷൈജു മാറനാട്
പാരതന്ത്ര്യം
അച്ഛനമ്മമാർക്കൊപ്പം സായാഹ്നം ചെലവിടാൻ കടപ്പുറത്തെത്തിയ അവൻ പട്ടംപറത്തി കളിക്കുന്ന ഒരു കുട്ടിയെ കൊതിയോടെ നോക്കിക്കൊണ്ട് അച്ഛനമ്മമാർക്കു മദ്ധ്യേ മണൽപ്പരപ്പിലങ്ങനെ ഇരുന്നു.ബദ്ധ ശ്രദ്ധനായി പട്ടംപറത്തുന്ന ആ കുട്ടിയുടെ നിയന്ത്രണത്തിൽനിന്ന് ആ പട്ടം ചരടറ്റ് ആകാശ വിശാലതയിലേക്കു പോയെങ്കിലെന്ന് ഒരുനിമിഷം അവൻ വെറുതേ മോഹിച്ചുപോയി!
നിരാശത
തൻെറ പ്രണയമെല്ലാം തട്ടിയെടുത്ത മൊബൈലിനെതിരേ കത്തെഴുതിവച്ച് തപാൽപ്പെട്ടി പോയി ആത്മഹത്യചെയ്തു!
*****************
ഇനിയൊരു കഥയാകാം ..👇🏻
വിലയം
ദിവ്യ.സി.ആർ
കായൽക്കരയിൽ പൊങ്ങിയ ശവത്തെ കുറിച്ചുള്ള കിംവദന്തികൾ പുലർച്ചെ തന്നെ നാടുമുഴുവൻ പറന്നു. ആദിത്യകിരണങ്ങൾ കായൽ പരപ്പിനെ പുണരുവാനൊരുങ്ങുമ്പോൾ തന്നെ തുറിച്ചു നോക്കുന്ന രണ്ട് കണ്ണുകൾ കണ്ടൊന്ന് അമ്പരന്നു.
'താനിതെത്ര കണ്ടതാ ' എന്ന മട്ടിൽ സൂര്യൻ തൻെറ പ്രിയ സഖിയോട് സല്ലപിച്ചു.
നിമിഷങ്ങൾ കൊണ്ട് നാട്ടുകാരും വഴിയാത്രക്കാരും പോലീസുകാരേയും കൊണ്ട് കായൽത്തീരം നിറഞ്ഞു. എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടാതെ നാട്ടുകാർ പരസ്പരം നോക്കി. താമരവള്ളികൾക്കിടയിൽ കിടന്ന ശവത്തിൻെറ ചിത്രം , കൂടി നിന്ന ന്യൂജെൻ കുട്ടികൾ മൊബൈലുകളിൽ പകർത്തി. അപ്പോഴും ആ ശവത്തിനെ ചുറ്റിയുള്ള അപരിചിതത്വം അലയിട്ടുനിന്നു.
ന്യൂജെനിൽ ഒരുവൻെറ ബുദ്ധി ഹൈടെക്കായി തെളിഞ്ഞു. അവൻ ശവത്തിൻെറ ചിത്രം ഫോട്ടോ സെർച്ചിൽ ഫെയ്സ് ബുക്കിൽ ചികഞ്ഞു.
അവൻെറ മുന്നിലൊരു കവി പ്രൊഫൈൽ തെളിഞ്ഞു !
അവൻ ആ പ്രൊഫൈലിലൂടെ കണ്ണോടിച്ചു. ഓരോ പോസ്റ്റുകളിലും തെളിഞ്ഞ ലൈക്കുകളുടെയും കമൻറുകളുടെയും കൂമ്പാരം കണ്ട് ന്യൂജെനിൻെറ കണ്ണ് മങ്ങി. ഏറ്റവും കൂടുതൽ കമൻറ് കണ്ട കവിതയിലേക്കവൻ വായന പടർത്തി. ലൈംഗീകതയുടെ പച്ചയായ വിളിച്ചു പറയലുകളടങ്ങിയ രതി കവിതകൾ വായിച്ച്, ആസ്വദിച്ച് കമൻറ് ചെയ്തിരുന്ന സ്ത്രീ ജനങ്ങളെ കണ്ടപ്പോൾ അവൻെറ കണ്ണുകൾ തള്ളി. പ്രണയാതുരമായ വരികൾക്കപ്പുറം പച്ചയായ രതിയുടെ പകർന്നെഴുത്തുകൾ കണ്ടവൻ ഞെട്ടി !
'ആസ്വദിക്കപ്പെടുന്നതെന്തുംം സാഹിത്യമാണെന്ന ആധുനിക സാഹിത്യസിദ്ധാന്തത്തിൻെറ പിന്തുടർച്ചക്കാരനാകും ഈയാളും !' പരസ്യമായ പ്രണയാഭ്യർത്ഥനകളും വിരഹങ്ങളും വെല്ലുവിളികളും നിറഞ്ഞ അയാളുടെ പ്രൊഫൈൽ അവൻ അടച്ചു. ജലപ്പരപ്പിൽ ഒഴുകിയ ജഡത്തെ കരയിലേക്കടുപ്പിച്ചു. അലറി കരഞ്ഞൊരു അമ്മയും കുഞ്ഞും അവിടേക്ക് ഓടിയെത്തി. കുത്തേറ്റു ചീർത്തു വീർത്ത ആ ശവത്തിലേക്കവൾ ഒന്നേ നോക്കിയുള്ളൂ. സുദീർഘമായൊരു നിശ്വാസം അവളിൽ നിന്നുയർന്നു. കണ്ണുകളിൽ നിന്നൊഴുകിയ നീർധാരയെ ചികഞ്ഞുമാറ്റിയവൾ ഒന്നു കൂടി ആ ജഡത്തെ നോക്കി.അലാറവുമായി ഓടിയെത്തിയ ആംബുലൻസിലേക്ക് ശവം മാറ്റി. ഒപ്പം ആ അമ്മയും കുഞ്ഞും കയറി.
ക്വൊട്ടേഷൻ സംഘത്തിൻെറ മറ്റൊരു ലക്ഷ്യമറിയാത്ത കൊലപാതകമായി പോലീസ് റിപ്പോർട്ട് എഴുതി.ആംബുലൻസ് കായൽക്കരയിൽ നിന്നും വിടവാങ്ങി. നീങ്ങിത്തുടങ്ങിയ വാഹനത്തിൻെറ ജാലകങ്ങളിലൂടെ നീണ്ട കണ്ണുകൾ പരന്നൊഴുകുന്ന കായലിനെ നോക്കി, നിർന്നിമേഷയായി..
അവൾക്കും ആ മരണത്തെ കുറിച്ചും അയാളെ കുറിച്ചും എന്തൊക്കെയോ പറയുവാനുണ്ടായിരുന്നു. കായലിൻെറ വിശാലതയിലേക്ക് അവ സമ്മാനിച്ച് അവൾ ദൂരേക്ക് പോയിരുന്നു.
*****************
മറക്കരുതാത്ത മതിൽ
നരേന്ദ്രൻ.എ.എൻ
ഏപ്രിൽ15,വിഷു.മലയാളികളുടെ പുതുവർഷദിനം.ചില കൊല്ലങ്ങളിൽ അത് ഏപ്രിൽ 14ന് വരാറുണ്ട്.ഏപ്രിൽ 14ന് തന്നെയാണ് പഞ്ചാബികളുടെയും പുതുവർഷദിനം...ബേസാഖി! അതുചിലപ്പോൾ ഏപ്രിൽ 13നും വരാറുണ്ട്.
നൂറു കൊല്ലം മുമ്പ് ഒരു ബേസാഖി ദിനം.കൃത്യമായിപ്പറഞ്ഞാൽ 1919 ഏപ്രിൽ13.അവർ പുതുവർഷദിനത്തിൽ ഒത്തുകൂടിയതായിരുന്നു...നമുക്ക് അതോർമ്മയില്ലെങ്കിലും ഈ മതിൽക്കെട്ടുകൾക്ക് ഓർമ്മയുണ്ടാവും. വെടിയുണ്ടകൾ തുളച്ച പാടുകൾ ആ ദിവസത്തെക്കുറിച്ച് നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ടാവും.
നൂറു കണക്കിന് മനുഷ്യരുടെ ഹൃദയം തുളച്ചു കടന്നു പോയ വെടിയുണ്ടകളിൽ ലക്ഷ്യം കാണാത്തവയാണ് മതിലിൽപ്പതിച്ചത്. മൈതാനത്തിന്റെ ഏക പ്രവേശന കവാടം ബന്ധിച്ചുനിന്നാണ് പട്ടാളക്കാർ വെടിയുതിർത്തത്.രക്ഷപ്പെടാൻ കിണറ്റിൽച്ചാടിയവർക്കു മേൽ വീണ്ടും വീണ്ടും മനുഷ്യ ശരീരങ്ങൾ വന്നു വീണു.രക്ഷാമാർഗ്ഗം മരണ വക്ത്രമായി മാറി. നിരപരാധികളുടെ ശവം കൊണ്ട് കിണർ നിറഞ്ഞു.നിരപരാധികളുടെ രക്തം തെരുവിൽ ആർത്തു കരഞ്ഞൊഴുകി.
ഇന്ത്യൻ ദേശീയ പ്രസ്ഥാന ചരിത്രത്തിൽ പഞ്ചാബികളുടെ സ്ഥാനം അദ്വിതീയമാണ്. കൊറൊഗറ്റെമാരു തൊട്ട് ജാലിയൻവാലാബാഗ് വരെ.ഗദ്ദർ പാർട്ടി തൊട്ട് HSRA വരെ.
1983ൽ ഗാന്ധി സിനിമയുടെ പ്രിവ്യൂ നടക്കുകയായിരുന്നു.സംവിധായകൻ റിച്ചാഡ് അറ്റൻബറോ കാഴ്ച്ചക്കാരുടെ മുഖത്തേക്കു നോക്കിക്കൊണ്ടിരുന്നു.അവരുടെ മുഖഭാവങ്ങൾ ശരീരചലനങ്ങൾ, പ്രതികരണങ്ങൾ ഒക്കെ.ഓരോ സീനും കടന്നു പോയി.ജാലിയൻവാല ബാഗ് വെടിവെപ്പു സീനും.ആൾക്കാർ നിർവ്വികാരരായാണ് അതു കണ്ടത്.പലരും ചിരിക്കുകയും സംസാരിക്കുകയുമായിരുന്നു.
പ്രദർശനം കഴിയും മുമ്പ് റിച്ചാർഡ് അറ്റൻബറോ രണ്ടു തീരുമാനങ്ങളെടുത്തു. ഒന്ന് സിനിമയുടെ റിലീസിങ് മാറ്റി വക്കാൻ. മറ്റൊന്ന് വെടിവെപ്പു രംഗം വീണ്ടും ചിത്രീകരിക്കാൻ.
കൂടുതൽ സർഗ്ഗാത്മകമായി, വൈകാരികമായി, സാങ്കേതിക മികവോടെ ആ രംഗം വീണ്ടും ചിത്രീകരിക്കപ്പെട്ടു.സാമാജ്യത്വത്തിന്റെ മൃഗീയമായ അടിച്ചമർത്തലുകളുടെ ഒരു പകർത്തിയെഴുത്തായി.
ഒരു ജനതയുടെ സഹനത്തോട് ഇംഗ്ലിഷുകാരനായ റിച്ചാർഡ് അറ്റൻബറോ പോലും എത്രമാത്രം ആദരവു കാണിച്ചുവെന്ന് ഈ സംഭവം തെളിയിക്കുന്നു.പക്ഷേ, സ്വാതന്ത്ര്യത്തിനു ശേഷം രാഷ്ട്രം ആ ജനതയോട്, പഞ്ചാബികളോട് എത്രമാത്രം നീതി കാണിച്ചു എന്നതാണ് ചോദ്യം. ചോദിക്കപ്പെടേണ്ട ചോദ്യം...
*****************
ശ്രീനിവാസൻ തൂണേരി
സ്വർണനാണയമില്ല
കർണ്ണികാരവുമില്ല
കൺ തുറക്കുമ്പോളൊറ്റ -
ക്കണ്ണുനീർക്കണം മാത്രം
എങ്കിലും കണി കാണാൻ
നീ വിളിക്കുമ്പോളുള്ളിൽ-
ച്ചിതറും മത്താപ്പിന്റെ
ദ്യുതി,യെൻ വെറും കൊതി..
ഇരുളാറ്റുവാനൊരു
ചെറുകൈത്തിരി മതി
ഹൃദയം ജ്വലിപ്പിക്കാ-
നൊരു പുഞ്ചിരി മതി
പകരാനൊരു പകൽ -
ക്കനവും, മറക്കില്ലെ-
ന്നൊരു ജന്മത്തെച്ചുടും
കിറുക്കിൻ നോവും മതി
പറക്കാൻ പരസ്പരം
സ്മരണാകാശം മതി
ഒരുക്കാനുയിർ നീറ്റും
കനവിൻ കണി മതി
പറയാതുപേക്ഷിച്ച
പല വാക്കുകൾക്കൊപ്പം
അറിയാം എന്നുള്ളൊരു
മുറിവിൻ സുഖം മതി
*****************
ശ്രീല അനിൽ
ഋതുക്കൾ പകർന്നു പോകുന്നത്
അല്ലെങ്കിലും നിശബ്ദതയെ
കൂട്ടുവിളിച്ചല്ലേ?
എന്നിൽ വസന്തമണച്ച്
പൂക്കൾ വിരിയിച്ച്
നടന്നകന്നത്,,, നാമറിഞ്ഞേയില്ല,,,
വർഷത്തിൽ കുളിച്ചു നനഞ്ഞു നിന്നപ്പൊഴും
തുമ്പയായ്,,,
മഴപ്പൂക്കളായ്,,, നീയരികിലുണ്ടായിരുന്നു,,,
മഞ്ഞിൻ കുളിരും മുക്കുറ്റിയും
ഒരു പോലെ പൂത്തല്ലേ
പൂത്തിരുവാതിര
രാവ് നാം വരവേറ്റത്.,,,
വേനലിന്റെ ഉരുകലിൽ പോലും
ഗുൽമോഹർ കൊണ്ട് നീയെന്നെ മോഹിപ്പിക്കാറില്ലേ?
കൊന്നപ്പൂവിന്റെ മഞ്ഞയിൽ,,,,
മുക്കി വേനലത്രയും
നീ പൂക്കാലമാക്കുന്നു,,,
പിന്നെങ്ങനെ നീയാം വസന്തം
എന്നിൽ നിന്നും പോയെന്നും
വന്നെന്നും
എനിക്ക് പറയാനാവും,,,
*****************