13-03-19

പ്രിയരെ
പ്രിയരെ...... ആറു മലയാളിക്ക് നൂറു മലയാളം പംക്തിയിലേക്ക് സ്നേഹപൂർവം സ്വാഗതം
കണ്ണൂരിലെ നായർ, തിയ്യ, മലയ൪ എന്നീ വിഭാഗങ്ങളിലെ ഭാഷാ സവിശേഷതകൾ.................

കണ്ണൂരിലെ പ്രബലമായ സമുദായമാണ് തിയ്യ. നായ൪ വിഭാഗത്തിൽ പെടുന്ന മറ്റു ഉപവിഭാഗങ്ങളുടെ ശക്തമായ സാന്നിധ്യം ഇവിടങ്ങളിലുണ്ട്. മലയ൪ തെയ്യം കെട്ടിയാടൽ മുഖ്യ തൊഴിലായി സ്വീകരിച്ചവരാണ്. മുന്നാക്ക സമുദായമായ നമ്പൂതിരിമാരും പിന്നാക്ക സമുദായമായ പുലയരുടെയും ഭാഷാപരമായ സവിശേഷതകളിൽ നിന്നു മാറി ഇവിടെ എന്തെല്ലാം കാര്യങ്ങൾ സമാനമായതും വ്യത്യസ്തമായതുമായതും എന്ന് പരിശോധിക്കാം.. കൂടുതൽ അവസരങ്ങളിലും സമാന ഭാഷയാണ് ഇവ൪ സംസാരിക്കുന്നത്. കണ്ണൂരിന്റെ ഭാഷ എന്ന രീതിയിൽ പൊതുവേ അവതരിപ്പിക്കുന്നതും ഇവരുടെ ഭാഷയാണ്. ഇവരുടെ ഭാഷയിലെ ബന്ധപദങ്ങൾ എങ്ങനെയാണെന്ന് നോക്കാം.
നായ൪ സമുദായം                   
ബന്ധം സൂചിപ്പിക്കുന്ന പദങ്ങൾ
അമ്മയുടെ അമ്മ~~അമ്മമ്മ
അമ്മയുടെ അച്ഛൻ~~അമ്മാച്ഛൻ
അമ്മയുടെ മൂത്ത സഹോദരൻ~~അമ്മോൻ
അമ്മയുടെ മൂത്ത സഹോദര ഭാര്യ~~അമ്മായി
അമ്മയുടെ ഇളയ സഹോദരൻ~~കുഞ്ഞമ്മോൻ
അവരുടെ ഭാര്യ~~കുഞ്ഞമ്മായി
അമ്മയുടെ മൂത്ത സഹോദരി~~ബെല്ലിമ്മ
അമ്മയുടെ ഇളയ സഹോദരി~~എളേമ്മ
അച്ഛന്റെ അച്ഛൻ~~അച്ഛാച്ഛൻ
അച്ഛന്റെ അമ്മ~~അച്ഛമ്മ
അച്ഛന്റെ മൂത്ത സഹോദരൻ~~ബെല്ലിച്ചൻ
അവരുടെ ഭാര്യ~~ബെല്ലിമ്മ
അച്ഛന്റെ അനുജൻ~~എളേപ്പൻ/എളേച്ഛൻ
അവരുടെ ഭാര്യ~~എളേമ്മ
അച്ഛന്റെ അനുജത്തി~~എളേമ്മ
തിയ്യ സമുദായം                    
ബന്ധം സൂചിപ്പിക്കുന്ന പദങ്ങൾ
അമ്മയുടെ അമ്മ~~താച്ചി
അമ്മയുടെ അച്ഛൻ~~അച്ഛാച്ഛൻ
അമ്മയുടെ മൂത്ത സഹോദരൻ~~കുനിച്ചൻ/കാ൪ന്നോര്
അവരുടെ ഭാര്യ~~അമ്മായി
അമ്മയുടെ മൂത്ത സഹോദരി~~മൂത്ത
അമ്മയുടെ ഇളയ സഹോദരി~~എളേമ്മ
അച്ഛന്റെ അച്ഛൻ~~അച്ഛപ്പൻ
അച്ഛന്റെ അമ്മ~~അച്ഛമ്മ/അമ്മമ്മ
അച്ഛന്റെ മൂത്ത സഹോദരൻ~~മുത്തപ്പൻ
അവരുടെ ഭാര്യ~~മൂത്ത
അച്ഛന്റെ അനുജൻ~~ആപ്പൻ
അവരുടെ ഭാര്യ~~എളേമ്മ
അച്ഛന്റെ അനുജത്തി~~എളേമ്മ
മലയ സമുദായം
ബന്ധം സൂചിപ്പിക്കുന്ന പദങ്ങൾ
അച്ഛന്റെ അമ്മ~~അമ്മമ്മ
അവരുടെ അച്ഛൻ~~അച്ഛാച്ഛൻ
അമ്മയുടെ മൂത്ത സഹോദരൻ~~അമ്മോമൻ
അവരുടെ ഭാര്യ~~അമ്മായി
അമ്മയുടെ ഇളയ സഹോദരൻ~~അമ്മോമൻ
അവരുടെ ഭാര്യ~~അമ്മായി
അമ്മയുടെ മൂത്ത സഹോദരി~~ബെല്ല്യമ്മ
അമ്മയുടെ ഇളയ സഹോദരി~~എളേമ്മ
അച്ഛന്റെ അച്ഛൻ~~അപ്പാപ്പൻ
അച്ഛന്റെ അമ്മ~~അച്ചി
അച്ഛന്റെ മൂത്ത സഹോദരൻ~~ബെല്ല്യപ്പൻ
അവരുടെ ഭാര്യ~~ബെല്ല്യമ്മ
അച്ഛന്റെ അനുജൻ~~എളേപ്പൻ
അവരുടെ ഭാര്യ~~എളേമ്മ
അച്ഛന്റെ അനുജത്തി~~എളേമ്മ
മറ്റു സമുദായങ്ങളിലെ അംഗങ്ങളെ വിളിക്കുന്ന വിധം
നായ൪ സമുദായം                   
ഇവ൪ ഉന്നത ജാതിയായ നമ്പൂതിരി വിഭാഗത്തിൽ പെട്ട കൊച്ചു പെൺകുട്ടികളെ മണാട്ടി/തമ്പായി എന്നും യുവതികളെ കുഞ്ഞാത്തോലെന്നോ മണാട്ടിയെന്നോ വിളിക്കുന്നു. സ്ത്രീകളെ അമ്പാത്തോറ്, അമ്മോരമ്മ എന്നിങ്ങനെ വിളിക്കുന്നു
തിയ്യ സമുദായം                    
ഇവർ തങ്ങളേക്കാൾ ഉയർന്ന സമുദായങ്ങളിലെ പുരുഷന്മാരെ കൈക്കോറ് എന്നു വിളിക്കുന്നു.
മലയ സമുദായം
ഉയർന്ന നായർ സമുദായത്തിലെ സ്ത്രീകളെ അമ്മത്തമ്പുരാൻ എന്നും പുരുഷൻമാരെ തമ്പ്രാൻ എന്നും വിളിക്കുന്നു.
ഇവരുടെ പൊതു സംസാര ഭാഷയിലെ പദങ്ങൾ മുമ്പെ വിജു മാഷ് ഇട്ടതാണ്. അവ ഒന്നു കൂടി പരിശോധിക്കാം
കണ്ണൂർഭാഷ - _നിഘണ്ടു_ 
നടന്നൂട്- വേഗം നടക്കൂ
പീടിയ- കട
ബന്നൂട് = വേഗം വരൂ
ബേഗം=  വേഗം
ഏടിയാ = എവിടെയാ
പൊര = വീട്
പോഡ്രാട്ന്ന് = പോടാ അവിടുന്ന്
നമ്മള് = ഞങ്ങള്
ആട, ഈട = അവിടെ, ഇവിടെ
കുയ്യല് = സ്പൂണ്
മോന്തി = രാത്രി
മൊത്തി = മുഖം
ചെള്ള = കവിള്
ബയ്യേപ്രം = പിന്നാംബുറം
പന്സാര = പഞ്ചസാര
മത്തി മൊള് ഇട്ടത് = മത്തി മുളകിട്ട കറി
കായി = വാഴപ്പഴം
ബണ്ഡി = വാഹനം
കൊളം = കുളം
മയേത്ത് = മഴയത്ത്
ബെര്ന്നാ = വരുന്നോ
പൈശ = പണം
ഓട്രശ്ശ = ഓട്ടോ റിക്ഷ
ബെള്ളം = വെള്ളം
പയ്ക്ക്ന്ന് = വിശക്കുന്നു
കൊയംബ് = തൈലം
ബെള്ചെണ്ണ = വെളിച്ചെണ്ണ
തേച്ചാ = പൂരട്ടിയോ
കൊറേ = ഒരുപാട്
പുയ്ത്തത് = മുശിഞ്ഞത്
ചായ്പ്പ്       = കിടപ്പ് മുറി
കോലായി  = വരാന്ത
അങ്ങട്ടിൽ  = അടുത്ത വീട്
മൊളാട്ട       = മുളക് കറി
കൂട്ടാന്        = കറി
ആപ്പീസ് മുറി = ഓഫീസ് റൂം
തീവണ്ടിയാപ്പീസ് = റെയിൽവേ സ്റ്റേഷൻ
തീപിടിച്ച വണ്ടി = ഫയർ വണ്ടി
പോയിക്ക     = പോയിരുന്നുവോ 
ബന്ന്ക്ക     = വന്നുവോ
തിന്ന്ക്ക     = തിന്നുവോ 
പോവാന്    = പോകുവാൻ
ബരാന്       = വരുവാൻ
നോമ്പ് തൊറക്കല് .
അത്തായം   = അത്താഴം
കത്തലടക്കൽ = ഭക്ഷണം കഴിക്കൽ
കമ്പിത്തൂൺ  = ഇലക്ട്രിക് പോസ്റ്റ്
ബസി        = വസി
ബേളേ കെട്ടുന്നത് = കഴുത്തിൽ അണിയുന്ന മാല
ബലുത്   = വലുത്
ബളപ്പ്      = വളപ്പ്
മൊറം      = മുറം
ഒരള്         = ഉരൾ
കടായി     = ചീന ചട്ടി
കോതമ്പപ്പം = ബ്രഡ്‌
കെണറ്        = കിണർ
മാച്ചില്          = ചൂല്
കുയി            = കുഴി
മോളില്         = മുകളിൽ
തായ്യത്ത്      = താഴെ
പാച്ചല്         = ഓടൽ
ബ്അല്        = വീഴൽ
കാട്ടം           = മാലിന്യം
ദർസറ്         = ഡോക്ടർ
പയം             = പഴം
കുഞ്ഞിപ്പയം = ചെറിയ പഴം
എറ്ച്ചി            = ഇറച്ചി
ബേഗം കീഞ്ഞു പാഞ്ഞോ =വേഗം ഇറങ്ങി ഓടിക്കോ
രാകിതേഷം=അസൂയ
പാങ്ങൂട്ടുക- കറിക്ക് പച്ചകറി അരിഞ്ഞു വൃത്തിയാക്കുക
പാങ്ങ്-ഭംഗി
പോടോറി- പുടമുറി,കല്യാണം
ഓന് - അവന്
ഓള് - അവള്
ഓര് - അവര്
ബളപ്പ് -പറമ്പ്
തുന്ത -കവിള്ത്തടം
ബാച്ചം -മുത്തം
കെരണ്ട്-കിണര്
പിറ്ക്ക് - കൊതുക്
കൂച്ചില്ല - കൂട്ടില്ല
കപ്പക്ക- പപ്പായ
ഇച്ചൂളി- കക്ക
മുണ്ടച്ചക്ക- പൈനാപ്പിള്
തൊപ്പന് - ധാരാളം
ഏല്-സൌകര്യം ,സുഖപ്രദം X ഏലുകേട് =ബുദ്ധിമുട്ട്
ചാട് – എറിഞ്ഞു കളയ്
ഏട്യാ പോയ്ന് – എവിടെ പോയതാ
ഊട്ടുറൂട്ട്- ഗാര്ഹിക ഉപകരണങ്ങള്
ഞ്ഞേറ്റുക- കയ്യില് പോക്കിയെടുക്കുക
,തൂക്കിയിടുക
ഞ്ഞേറ്റം- തൂങ്ങി നില്ക്കുന്ന ഒരു തരം കമ്മല്
കാളുക- കരയുക
ബൈരംബെക്വ - ഉച്ചത്തില് കരയുക
മറപ്പ് - സ്വൈര്യക്കെട്
ചൊയ-ചുവ
കലമ്പുക- വഴയ്ക്ക് പറയുക
കിലിപ്പിതിരി [കുത്തിത്തിരിപ്പ്]- ഏഷണി
തുക്കല്- സഞ്ചരിക്കല്,നാട് നീളെ നടക്കുക
എടങ്ങേറ് -ബുദ്ധിമുട്ട്
തുമ്മാന്- മുറുക്കാന്
കസര്ത്ത് -വ്യായാമം
നൊണ്ണ്- മോണ
തങ്കര്യം ബക്വ – സൂക്ഷിച്ചു വയ്ക്കുക.
ബര്ക്കത്ത് -അളവ്
ബെളിചിങ്ങ – മൊട്ടുതേങ്ങ
ബീത്തുക – ഒഴിക്കുക
ഇച്ചി ബീത്തുക- കൊച്ചു കുട്ടികള് മൂത്രം ഒഴുക്കുന്നത്
കാരയപ്പം- ഉണ്ണിയപ്പം
പൊയ-പുഴ
എരത്ത്-മുകളില്
എട- ഊടു വഴി
കൈക്കോട്ട്-മമ്മട്ടി
കുംക്കോട്ട്-തൂമ്പ
മൌ-മഴു
കരിങ്കന്ന്- പഴുതാര
പതിയെടുക്കുക[കുയ്യാട്ടഎടുക്കുക] -വീടിനു വാനം മാന്തുക
നിരീക്കുക -ഉദ്ധെശിക്കുക
മുയിപ്പത്ത് - ചുമലില്
പെരടി- ദേഹം
ബടിക്കുക -വൃത്തിയാക്കുക
നാമൂസ്- നാണം,പൊങ്ങച്ചം
മിറ്റം-മുറ്റം
കായം പറിക്കുക-നശിപ്പിക്കുക
നടൂല് -നടുവില്
ഒടൂലത്തെ -അവസാനത്തെ
ലകലെസ് -വിടുവായിത്തരം
പൈ- പശു
പയിപ്പ്-വിശപ്പ്‌
ബേം – വേഗത്തില്
കടച്ചി – പശുക്കിടാവ്
ബായ – വാഴ
കാമ്പ് -വാഴപിണ്ടി
കൂമ്പ്-വാഴചുണ്ട്
മയ – മഴ
പെരക്കുക -പുരട്ടി വെക്കുക
തച്ച് പെരക്കുക - അടിച്ചു നിലം പരിശാക്കുക
പെരക്ക്- ഒരു തരം കറി
ചാണോന്- ചാണകം
കൊണോന്-കോണകം
ബറ്റുംബെള്ളം – കഞ്ഞി
കല്ലുമരി= മോര് കറി ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന വെണ്ണ കല്ല് കൊണ്ട് നിര്മിച്ച ഒരു പാത്രം
കുള്ത്ത് – പഴംകഞ്ഞി
ഇരിത്തി-അരപ്രൈസ്
എകരത്തില്-ഉയരത്തില്
സമ്മന്തി - ചമ്മന്തി
കൂട്ടാന് -കറി
ഉപ്പേരി - തോരന്
പീടിയ -പീടിക,കട
മൊന- മുന
ഉരിക്കുക -പൊതിക്കുക
ബയ്ക്കല്-വഴുതല്
പൊതിര്ക്കുയ- കുതിര്ത്തു വയ്ക്കുക
ദുശിക്കുക -കിംവദന്തി പറയുക
ഇട്ട- ഉയര്ന്നു നില്കുന്ന സ്ഥലം [മണ്കൂന]
അന്നോട് – എന്നോട്
കണ്ടം- വയല്
തൊണ്ടി-പ്രായം ചെന്ന സ്ത്രീ
തൊണ്ടന്-പ്രായം ചെന്ന പുരുഷന്
മാരണം ബെക്കുക -കൂടോത്രം ചെയ്യുക
കീയാ – ഇറങ്ങുക
കീഞ്ഞു പാഞ്ഞു -ഇറങ്ങി ഓടി
ബേങ്കി-വേഗം ഇറങ്ങ്
ബല്യ – വല്യത്
ബണ്ടി -വണ്ടി
ഓന്റെ ഓള്-അവന്റെ ഭാര്യ
പുരുയന് -ഭര്ത്താവ്
ഏച്ചി - ചേച്ചി
ഏട്ടന് -ചേട്ടന്
ബെല്യാട്ടന് -മൂത്ത ചേട്ടന്
കുഞ്ഞാട്ടന് -ഇളയ ചേട്ടന്
ചേട്ടന്മ്മാര് - ക്രിസ്ത്യന് പുരുഷന്മ്മാര്
ചേട്ടത്തി -ക്രിസ്ത്യന് സ്ത്രീകള്
അമ്മോന് -അമ്മാവന്
എമ്ബ്രാശന്- പൂജാരി
മൂടി-അടപ്പ്
ബെറ്- വിറക്
കൊള്ളി- കമ്പ്
പറങ്കി -മുളക്
കൊത്തംബാരി -മല്ലി [ മാലിദ്വീപിലും കൊത്തംബാരി എന്നാണ് ഉപയോഗിക്കുന്നത്]
കൊയക്കുക -കുഴയ്ക്കുക
ബെയ്യുയ- വേവുക
ബര്ത്തിടുയ- കറിക്ക് താളിച്ചിടുക
കൊക്ക- തോട്ടി
ബക്കത്ത്- തുമ്പത്ത്
തംബാച്ചി-ദൈവം, തെയ്യം
പിട്ട്-പുട്ട്
ബളിഞ്ഞര്-ചക്ക പശ
ആറിയിടുക-അലക്കി ഉണക്കാന് ഇടുക
ആലക്കം-അയല്പക്കം
കടു-കടുക്
തൌ- പഴയ വാതിലുകളുടെ താഴ്
കൂറ-പാറ്റ
പങ്ക-ഫാന്
ബണ്ണാന് ബല- മാറാല
പെന്ന്-പേന
കുത്തൂണം- കുഞ്ഞു പാത്രം.
കത്യാള് - വെട്ടുകത്തി
കുങ്കോത്തി – വാക്കത്തി
പിരാന്ത് – ഭ്രാന്ത്
ഓടുത്തു – എവിടെ
കുഞ്ഞി – കുട്ടി
കൊള്ളികേങ്ങ് – മരച്ചീനി
തിരിഞ്ഞാ – മനസ്സിലായോ
തെരയുക- ഉരുളുക,
പാഞ്ഞു -ഓടി
പുയിപ്പിച്ചിടുക- തുണി അഴുക്കാക്കി ഇടുക
നൊടിച്ചല് - അനാവശ്യസംസാരം
അയിലെക്കൂട – അതിലൂടെ
ചൊപ്പ – രോമം
ബെരുത്തം – രോഗം
ആട – അവിടെ
ഈട – ഇവിടെ
ഏട – എവിടെ
മംഗലം – വിവാഹം
കോട്ടി – ഗോലി
കായി – വാഴപ്പഴം
ചക്കര കേങ്ങ് – മധുരക്കിഴങ്ങ്
ബത്തക്ക – തണ്ണിമത്തങ്ങ
കൊരട്ട – മാങ്ങയണ്ടി
ബയക്കല് - കാട് വെട്ടിതെളിക്കല്‍
ബ്ലാച്ചല് - തെന്നുന്നത്
ചേരി – ചകിരി
വറ്റി – പിശുക്കന്
ആടംബരേ- അവിടം വരെ
പാതാറ്- കയ്യാല
പൊത്ത്-മാളം
പൊറുക്കുക -പെറുക്കുക
തലാണ-തലയണ
പച്ചി-പക്ഷി
നീര്ന്ന്-നിവര്ന്ന്
പിള്ളമ്മാറ്- കുട്ടികള്
ബയ്യിലെ -പുറകിലെ
ബയിക്കെകൂടി -വഴിയിലെക്കൂടി
അരൂലെ-അരികിലെ
മേത്ത്-ദേഹത്ത്
മീട്ടത്ത്-മുഖത്ത്
പിരിയം-പുരികം
ചപ്പ്-ഇല [മുരിങ്ങ ചപ്പ്- മുരിങ്ങയില]
താപ്പ – തരുമോ
ഉയ്യന്ടപ്പ – ഹെന്റമ്മോ
പുശു – പുഴു
ബണ്ണാന് - ചിലന്തി
ഉരൂളി – വിഷചിലന്തി
മാച്ചി – ചൂല്
മുതിര് – നീറുരുമ്പ്
ബെരല്-വിരല്,വരവ്
പൈപ്പ് - വിശപ്പ്
കയില് - തവി
മട്ടല്-ഓലമടല്
മാച്ചിപട്ട-കവുങ്ങിന്റെ ഓല
ചെരാപ്പല-ചിരവ
കുണ്ട്-കുഴി
തുള്ളുക -ചാടുക
ചാടി-എറിഞ്ഞു
ഒലുംബുവ – തുണി വെളളത്തില് മുക്കിയെടുക്കുക
നനക്കുക -അലക്കുക
ഉമ്പം – വെള്ളം
പൂയി – മണല്
ഉപ്പിച്ചി – ജീവികള്
മാണ്ടാച്ചി -ഭൂതം [കൊച്ചു കുട്ടികളോടെ ഉപയോഗിക്കുന്നത്]
ബായ്ക്കോള് തുപ്പുക - വായ് കഴുകുക

കണ്ണൂര് ഭാഷയില് ഉപയോഗിക്കുന്ന ചില വാക്കുകള് ഇവിടെ കൊടുത്തിരിക്കുന്നു .. എല്ലാം ഓര്മയില് വരുന്നില്ല.ന്യൂജനറേഷന് തള്ളിക്കയറ്റത്തില് ചിലതൊക്കെ കാലഹരണപ്പെട്ടിരിക്കുന്നു .നിങ്ങളുടെ ഓര്മയില് വരുന്നവ ചേര്ക്കാം തെറ്റുകള് ചൂണ്ടി കാട്ടുക ...
ഇവരുടെ സംസാര ഭാഷ പരാമർശിക്കുന്ന ഭാഗം വർഗീസ് മാഷും ചേർത്തു. അവ കൂടി ഇവിടെ പ്രദ൪ശിപ്പിക്കുകയാണ്.
പിന്നാക്ക സമുദായങ്ങളുടെ ആചാരങ്ങളുടെ ഭാഗമായി നടക്കുന്ന തെയ്യങ്ങൾ വളരെ കൂടുതൽ ഉള്ള പ്രദേശമാണ് കണ്ണൂർ

പുലയ സമുദായത്തിലെ വിശ്വാസത്തിന്റെ ഭാഗമായുള്ളതാണ് പൊട്ടൻ തെയ്യം
വടക്കൻ കേരളത്തിൽ കെട്ടിയാടിച്ച് വരുന്ന ഒരു തെയ്യമാണ് പൊട്ടൻ തെയ്യം. ജാതീയ ഉച്ചനീചത്വങ്ങൾ വളരെ ശക്തമായിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണെന്നു വിളിച്ചുപറയാൻ ധൈര്യം കാട്ടിയ ഒരു കീഴ് ജാതിക്കാരന്റെ ഐതിഹ്യമാണു പൊട്ടൻ തെയ്യത്തിനു പിറകിലുള്ളത് . പൊട്ടൻ തെയ്യം മലയൻ, പുലയൻ, ചിറവൻ, പാണൻ തുടങ്ങി പല സമുദായക്കാരും കെട്ടാറുണ്ട്.തീയിൽ വീഴുന്ന പൊട്ടനും, തീയിൽ വീഴാത്ത പൊട്ടനും ഉണ്ട്.ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾ ചോദിച്ച് കുഴക്കുന്ന ഒരാളെ പൊട്ടൻ എന്നു മുദ്രകുത്തി തന്ത്രപൂർവം ഒഴിഞ്ഞുമാറുന്നതിനാലും, പറയേണ്ട കാര്യങ്ങളെല്ലാം തമാശയും കാര്യവും കൂട്ടിക്കുഴച്ച് പറഞ്ഞ് ഫലിപ്പിക്കുന്ന പൊട്ടങ്കളി കളിക്കുന്നതുകൊണ്ടും ആയിരിക്കാം ഈ ശൈവശക്തിയുള്ളതായി കണക്കാക്കുന്ന തെയ്യത്തിനു ഈ പേർ വന്നത്.

ഐതിഹ്യം
ശ്രീപരമേശ്വരൻ ചണ്ഡാല വേഷധാരിയായി ശങ്കരാചാര്യരെ പരീക്ഷിച്ച പുരവൃത്തത്തിന്റെ പശ്ചാത്തലത്തിലുണ്ടായ തെയ്യമാണിത് എന്ന് ചിലർ വിശ്വസിക്കുന്നു.എട്ടാം നൂറ്റാണ്ടിൽ,ശങ്കരാചാര്യരുടെ കൃതി മനീഷാപഞ്ചകത്തിൽ മനീഷാപഞ്ചകത്തിൽ ഈ സംഭവം പരാമർശിക്കുന്നു. എല്ലാ തെയ്യങ്ങളുമായും ബന്ധപ്പെട്ടു പറഞ്ഞുകേൾക്കുന്ന പുരാവൃത്തങ്ങൾ ഏതെങ്കിലും ഗ്രാമകഥയുമായി ചേർന്നു നിൽക്കുന്നതാണു്.ശങ്കരാചാര്യർ അലങ്കാരൻ എന്ന പുലയനുമായി വാഗ്വാദം നടത്തിയത് കണ്ണൂർ ജില്ലയിലെ പുളിങ്ങോം എന്ന പ്രദേശത്ത് വച്ചാണു എന്നു വിശ്വസിക്കപ്പെടുന്നു.അതിപ്രാചീനമായ ശങ്കരനാരായണ ക്ഷേത്രത്തിൽ തലക്കാവേരിയിലേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹം എത്തിച്ചേർന്നു എന്നും അവിടെ കൂടിയവരോട് അദ്വൈത തത്ത്വത്തെ കുറിച്ച് പ്രഭാഷണം നടത്തവെ അകലെ കുന്നിൻ ചെരുവിൽ ഇരുന്ന് അലങ്കാരൻ എന്ന പുലയ യുവാവ് അത് കേട്ടു എന്നുമാണു വിശ്വാസം.പിറ്റേന്ന് പുലർച്ചെ തലക്കവേരിയിലേക്ക് പുറപ്പെട്ട ആചാര്യനോട് വഴിയിൽ നിന്ന് തീണ്ടലിനെപറ്റി വാഗ്വാദം നടത്തി. അലങ്കാരന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാത്ത ശങ്കരാചാര്യർ സമദർശിയായി മാറി എന്നും കീഴ് ജാതിക്കാരനെ ഗുരുവായി വണങ്ങി എന്നും കഥ,കഥക്ക് ഉപോത്ബലകമായി പുളിങ്ങോത്ത് നിന്നും തലക്കാവേരിയിലേക്കുള്ള ഒറ്റയടിപ്പാതയും ,ഒരേ വരമ്പിൽ നിന്നും ബ്രാഹ്മണനും പുലയനും സംസാരിക്കുന്നത് സരിയല്ലെന്ന ശാഠ്യം മാറ്റാൻ അലങ്കാരൻ തന്റെ കൈയിലെ മാടിക്കോൽ വഴിയിൽ കുറുകെ വച്ച് രണ്ടാക്കിയ വരമ്പാണു 'ഇടവരമ്പ്' എന്ന സ്ഥലപ്പേരെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

രീതി
തെയ്യം നടക്കുന്ന സ്ഥലത്ത് പൊട്ടന്റെ തോറ്റം നടക്കുന്ന സമയത്ത് (വൈകീട്ട് 8 മണിയോടെ) പുളിമരം, ചെമ്പകമരം തുടങ്ങിയ മരങ്ങൾ ഉയരത്തിൽ കൂട്ടിയിട്ട് ഉണ്ടാക്കുന്ന “മേലേരി”ക്ക് തീകൊടുക്കും. രാവിലെ 4-5 മണിയാകുമ്പോഴേക്കും ഇവ ഏകദേശം കത്തി കനലായി തീർന്നിട്ടുണ്ടാകും. ആ സമയത്താണ് പൊട്ടന്റെ തെയ്യം പുറപ്പെടുക. ഇതിനിടെ കനൽ മാത്രം ഒരിടത്തും, കത്തികൊണ്ടിരിക്കുന്നവ മറ്റൊരിടത്തും കൂട്ടിയിടും. പൊട്ടൻ തെയ്യം കത്തുന്ന തീയിലും, കനലിലിലും മാറി മാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യും . തീയെ പ്രതിരോധിക്കുവാൻ കുരുത്തോലകൊണ്ടുള്ള് “ഉട” ഉണ്ടെങ്കിലും വളരെയധികം ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ പൊള്ളലേൽക്കുവാൻ സാധ്യതയുള്ളൊരനുഷ്ഠാനമാണിത്. കത്തുന്ന തീയിൽ ഇരിക്കുമ്പോഴും “കുളിരണ്, വല്ലതെ കുളിരണ്“ എന്നാണ് പൊട്ടൻ തെയ്യം പറയാറ്.

നിവേദ്യം
തോറ്റം നടക്കുന്നതിനു മുൻപായി പൊട്ടൻ തെയ്യത്തിനുള്ള നിവേദ്യം സമർപ്പിക്കുന്നു. രണ്ടു നിലവിളക്കുകൾക്കു മുന്നിൽ ഉണക്കലരി,പുഴുങ്ങലരി, തേങ്ങ, മലർ,വെറ്റില, അടയ്ക്ക തുടങ്ങിയവ വയ്ക്കുന്നു. പൊട്ടൻ തെയ്യത്തിന്റെ ആയുധമായ കിങ്ങിണിക്കത്തിയും (അരിവാളിനു സമാനമായ ഒരിനം വളഞ്ഞ കത്തി .) നിലവിളക്കിനു മുന്നില് വയ്ക്കും. ചില തറവാടുകളിലും കാവുകളിലും പൊട്ടൻ തെയ്യത്തോടൊപ്പം പൊലാരൻ തെയ്യവും കെട്ടാറുണ്ട്. പൊലാരൻ തെയ്യത്തിന്റെ മുഖപ്പാള കുറച്ചു ചെറുതാണ്. നിവേദ്യം വയ്ക്കുന്നതോടൊപ്പം പൊട്ടന്റെയും പൊലാരന്റെയും മുഖപ്പാളകൾ കൂടെ വയ്ക്കുന്നപതിവുണ്ട്

പ്രത്യേകത 
പൊട്ടൻ തെയ്യം മുഖം മൂടി ധരിക്കുന്നതിനു മുന്പ്
സാധാരണ തെയ്യങ്ങൾക്കു കണ്ടു വരാറുള്ള് മുഖത്തെഴുത്ത് ഈ തെയ്യത്തിനില്ല പകരം മുഖത്ത് നേരത്തെ തന്നെ തയ്യാറക്കിയ മുഖാവരണം അണിയുകയാണ് പതിവ്.വയറിലും മാറിലും അരി അരച്ചു തേക്കുന്നതും പതിവാണ്. ഉടലിൽ മൂന്ന് കറുത്ത വരകളും ഉണ്ടാകും. തലയിൽ കുരുത്തോല കൊണ്ടുള്ള മുടിയും , അരയിൽ ധരിക്കുന്ന കുരുത്തോലകളും പൊട്ടൻ തെയ്യത്തിന്റെ പ്രത്യേകതയാണ്.

തോറ്റം
കാഞ്ഞങ്ങാടിനടുത്തുള്ള അതിഞ്ഞാലിലെ കൂർമൻ എഴുത്തച്ഛൻ എന്ന നാട്ടുകവിയാണു പൊട്ടൻ തെയ്യത്തിന്റെ തോറ്റത്തിലെ അർത്ഥഭംഗിയുള്ള വരികൾ പലതും കൂട്ടി ചേർത്തത് എന്നു വിശ്വസിക്കപ്പെടുന്നു.

നിങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ, നാങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ, പിന്നെന്ത് ചൊവ്വറു കുലം പിശക് ന്ന്, തീണ്ടിക്കൊണ്ടല്ലേ കുലം പിശ്ക് ന്ന്
എന്ന തോറ്റം വരികൾ വളരെ പ്രശസ്തമാണു്.

വേഷം 
മാർച്ചമയം - അരിച്ചാന്ത്
മുഖത്തെഴുത്ത് - മുഖപ്പാള
തിരുമുടി - കൊയ്യോല

ഉപദേവതകൾ
പൊലാരൻ തെയ്യം
പൊട്ടൻ തെയ്യത്തിൻറെ കൂടെ കെട്ടിയാടാറുള്ള ഒരു ഉപദേവതയാണ് പൊലാരൻ(പുലമാരുതൻ ) തെയ്യം. പൊലാരൻ തെയ്യത്തിന്റെ മുഖപ്പാള താരതമ്യേന ചെറുതാണ്. ഒരു ചുവന്ന നാട , പൊയ്മുഖത്തിനു തൊട്ടു താഴെ കെട്ടിയിരിക്കും. പൊലാരനും മേലെരിയിൽ ഇരിക്കാറുണ്ട്.കൂടാതെ ചില തറവാടുകളിൽ പൊട്ടൻ തെയ്യത്തിന്റെ കൂടെ ഉണ്ടായിരുന്ന,പുലയസ്ത്രീ വേഷം ധരിച്ച പാർവതീസങ്കല്പത്തിലുള്ള പുലച്ചാമുണ്ഡി തെയ്യവും കെട്ടിയാടാറുണ്ട്

പിന്നാക്ക വിഭാഗത്തിൽ പെട്ട തീയ്യ സമുദായത്തിന്റെ പ്രധാന തെയ്യങ്ങളിൽ കതിവനൂർ വീരൻ, കടവങ്കോട്ട് മാക്കം, 
മുത്തപ്പൻ തെയ്യം ഇവ ഉൾപ്പെടുന്നു. ആചാരവുമായി ബന്ധപ്പെട്ട ഇവയുടെ തോറ്റം പാട്ടുകളിൽ ഇവരുടെ ഭാഷ സവിശേഷകൾ കുടികൊള്ളുന്നു
അഗ്നിയാഭരണങ്ങളണിഞ്ഞ് അതീവതേജസ്സോടെ മാക്കം ഭഗവതി അരങ്ങിലെത്തുകയായ്.......
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കണ്ണൂർ ജില്ലയിലെ, കുഞ്ഞിമംഗലത്തെ പ്രസിദ്ധമായ കാടാങ്കോട്ട് തറവാട്ടിലെ ഉണിച്ചെറിയയുടെ മകളാണ് മാക്കം. പന്ത്രണ്ട് ആങ്ങളമാർക്കുള്ള ഏക പെങ്ങൾ. വിദ്യാഭ്യാസം കഴിഞ്ഞ കുഞ്ഞിമാക്കത്തിനെ വിവാഹം കഴിച്ചത് മച്ചുനനായ കുട്ടിനമ്പറാണ്. നേരിയോട്ട് സ്വരൂപവും കോലത്തിരിയും തമ്മിൽ പടകുറിച്ച സമയമായതിനാൽ ആങ്ങളമാർ പടക്ക് പോകേണ്ടി വന്നു. മക്കളായ ചന്തുവിനും ചീരുവിനും ഒപ്പം മാക്കം സഹോദര ഭാര്യമാർക്കൊപ്പമായിരുന്നു താമസിച്ചത്. നാത്തൂന്മാർക്ക് മാക്കത്തിനെ ഇഷ്ടമായിരുന്നില്ല. അവളെ ചതിവിൽ കുടുക്കി പേരുദോഷം വരുത്താൻ അവസരം കാത്തിരിക്കുകയായിരുന്നു അവർ. എണ്ണയുമായി വാണിയൻ വരുന്ന സമയമായപ്പോൾ എല്ലാവരും മാറിനിന്നു. ഋതുമതിയായിരുന്നതിനാൽ മാക്കം എണ്ണക്കുടം തൊട്ടശുദ്ധമാകുന്നതിനാൽ വാണിയനോട് ഒരുകാൽ എടുത്ത് വച്ച് എണ്ണതുത്തിക അകത്തുവെച്ചോളാൻ മാക്കം പറഞ്ഞു. എണ്ണ അകത്ത് വച്ച് വാണിയൻ തിരിയുമ്പോൾ നാത്തൂന്മാർ വെളിയിൽ വന്നു. അവർ മാക്കത്തിനുമേൽ അപരാധം ചൊരിഞ്ഞു. പടക്ക് പോയ ആങ്ങളമാർ തിരിച്ചുവന്നപ്പോൾ വാണിയനുമായി മാക്കം അപരാധം ചെയ്തതു തങ്ങൾ കണ്ടതായി അവർ പറഞ്ഞു. ആങ്ങളമാർ അതു വിശ്വസിച്ചു. കുടുംബത്തിനു അപമാനം വരുത്തിയ മാക്കത്തെ ചതിച്ച് കൊല്ലാൻ അവർ നാത്തൂന്മാരുടെ നിർബന്ധത്താൽതീരുമാനിച്ചു. കൂത്ത്പറമ്പിനടുത്ത് കോട്ടയത്തു വിളക്ക്മാടം കാണാനെന്നും പറഞ്ഞ് മാക്കവുമായി പുറപ്പെട്ടു. നടന്നുപോകുമ്പോൾ കുട്ടികൾക്ക് ദാഹിച്ചപ്പോൾ സഹോദരന്മാരുടെ അനുവാദത്തോടെ അവൾ കണ്ണൂരുള്ള ചാല പുതിയവീട്ടിൽ കയറി. മാക്കത്തിനും മക്കൾക്കും ആറിത്തണുപ്പിച്ച പാലുകുടിക്കാൻ വീട്ടമ്മകൊടുത്തു. മാക്കം അവർക്ക് കഴുത്തിൽ കെട്ടിയ കോയപ്പൊന്ന് അഴിച്ച് കൊടുത്തു. യാത്രതുടർന്ന് അയ്യങ്കരപ്പള്ളിയരികെ എത്തിയപ്പോൾ ദാഹം തീർക്കാൻ കിണറ്റരികെ സഹോദരന്മാർ കൊണ്ടുപോയി. വെള്ളമെടുത്ത് കുട്ടികൾക്ക് കൊടുത്തു. നട്ടുച്ചക്ക് നക്ഷത്രമുദിച്ചത് കണ്ടൊ? എന്നു സഹോദരന്മാർ ചോദിക്കുന്നത് കേട്ട് തലയുയർത്തീയ തക്കത്തിന് സഹോദരന്മാർ ചുരികകൊണ്ട് മാക്കത്തിന്റെ തല അറത്തു. കുട്ടികളേയും അവർ കൊന്നു. ആ സന്ദർഭത്തിൽ അതുവഴി വന്ന കാഴ്ചകണ്ട ഒരു മാവിലനേയും അവർ വാളിന്നിരയാക്കി.കുറച്ച് കഴിയും മുമ്പ് അവർ തമ്മിൽ പലതും പറഞ്ഞ് തെറ്റി പരസ്പരം വെട്ടി ചത്തുവീണു. മാക്കം വീട്ടിൽ നിന്നും പുറപ്പെടും മുമ്പ് പറഞ്ഞപോലെ കുഞ്ഞിമംഗലത്തെ കാടാങ്കോട്ട് തറവാട്ടിന് തീ പിടിച്ചു. വീരചാമുണ്ടിയുടെ സ്ഥാനമായ കൊട്ടിലകം മാത്രം കത്തിനശിക്കാതെ ബാക്കിയായി. ആങ്ങളമാര് പരസ്പരം വെട്ടി മരിച്ചു, അവരുടെ ഭാര്യമാര് ഭ്രാന്ത് പിടിച്ച് മരിച്ചു. പരിശുദ്ധയായ മാക്കം ദേവതയായിതീര്ന്നു.





തെയ്യങ്ങളെക്കുറിച്ചുള്ള വിശദമായ അവതരണം നമ്മുടെ തിരൂർ മലയാളത്തിൽ വന്നിട്ടുണ്ടായിരുന്നു.മൊബെെൽ ആപ്ലിക്കേഷനിൽ ഇവിടെ കൊടുത്തതു പോലെ പോവുകയാണെങ്കിൽ നിലവിലുള്ള എല്ലാ തെയ്യങ്ങളുടേയും വിശദമായ വിവരണവും ലിങ്കുകളും ലഭ്യമാണ്.