12-11-18

അപൂർണ്ണ വിഷാദങ്ങൾ,
ചിതറലുകൾ ചേർത്തെടുത്ത ഒരുമ
അപൂർണ്ണ വിഷാദങ്ങൾ ഒരെഴുത്തുകാരിയുടെ ചിതറിയ വ്യക്തിത്വ പ്രകീർണ്ണനങ്ങളെ അടയാളപ്പെടുത്തുന്നു .അറുപതാം വയസ്സിൽ വെർജീനിയ വുൾഫ് പുറത്തേക്കുള്ള കാഴ്ച്ചകളേക്കാൾ അധികം നോക്കുന്നത് അകത്തേക്കാണ് .A room of ones own എന്ന ഒറ്റകൃതി കൊണ്ട് സാർവ്വദേശീയ എഴുത്തുതൊഴിലാളികൾക്കൊപ്പമല്ല തന്റെ വിചാരങ്ങൾ ,നിഗമനങ്ങൾ ,എഴുത്തു രീതികൾ ,എന്ന് അടിവരയിടുന്നുണ്ട് വിർജീനിയ വുൾഫ് .പരമാനന്ദത്തിലും നിരാശ ഭരിതമായ കാലത്തിലൂടെ കടന്നുപോകുന്ന വിർജീനിയൻ കാലഘട്ടം ,ആഭിജാത കുടുംബ ജീവിത രീതികൾ,സംഗീതവും ,കലയും ഇഷ്ട്ടപ്പെടാത്ത എഴുത്തുകാരൻ കൂടിയായ പിതാവിന്റെ സന്യാസതുല്യമായ ജീവിത പ്രഹേളിക ,ആഭിജാത കുടുംബ സൗന്ദര്യ സദസ്സുകളിലെ മാത്സര്യത്തോട് കൂട്ടുചേരാനാവാതെ ആൺകുട്ടികളെ പോലെ കളിച്ച് നടക്കുന്ന ബാല്യം .സ്വതവേ ഉൾവലിഞ്ഞ ബാല്യകൗമാരങ്ങളിൽ കണ്ണാടി നോക്കാൻ പോലും സാധിക്കാതിരുന്ന അന്തർ സംഘർഷങ്ങൾ വുൾഫ് തുറന്നെഴുതിയിരിക്കുന്നു .കണ്ണാടി നോക്കി സ്ത്രൈണതയുടെ ആനന്ദങ്ങളിൽ അഭിരമിക്കാൻ സ്വതവേ സൗന്ദര്യാരാധകരും ആഭിജാത കുടുംബവുമായ വുൾഫിന് ആകുന്നില്ല .അന്നു മുതലേ പിതാവിന്റെ ശ്ലഥ വ്യക്തിത്വ പരിണാമങ്ങൾ വിർജീനിയയിലും കൂടുകൂട്ടിയിരുന്നുവെന്ന് കാണാം .

ലെസ്ലി സ്റ്റീഫൻ എന്ന സംഗീതവും ,കലയും തീരെ ഇഷ്ട്ടമില്ലാത്ത പിതാവും ,ചെറുപ്പത്തിലെ യുള്ള അമ്മയുടെ മരണം സൃഷ്ടിച്ച ആഘാതവും ,അർദ്ധ സഹോദരങ്ങളുമായുള്ള ബന്ധത്തിലെ ഊഷ്മളതയും ,ലൈംഗിക അരാജകത്വങ്ങളും പിന്നീട് വുൾഫിന്റെ മാനസിക ഘടനയെ തന്നെ മാറ്റിപ്പണിത വിഷാദഭരിതമായ ഒരപൂർണ്ണ വ്യക്തിത്വ പ്രകീർണ്ണമായി പ്രതിഫലിക്കുന്നുണ്ട് ,അപൂർണ്ണ വിഷാദങ്ങൾ എന്ന ആത്മകഥാ കുറിപ്പിൽ .

നിരാശഭരിതയായ കാലത്തോളം തന്നെ ആനന്ദത്തിന്റേയും ,തുറന്ന സമീപനങ്ങളുടേയും കരുത്തുറ്റ സ്ത്രീ വ്യക്തിത്വ രൂപത്തിന്റേയും ഉന്നത മാതൃകയിലും പ്രത്യക്ഷപ്പെടുന്ന വുൾഫ് ,അക്കാലത്ത് തന്നെ എഴുത്ത് എന്റെ സ്വകാര്യതയാണ് ,കടന്നു കയറാൻ ആരേയും സമ്മതിക്കില്ല എന്നുള്ള ദൃഡനിശ്ചയത്തിന്റേയും കഥകൾ ,അത്മകഥാ കുറിപ്പുകളിലൂടെ അനുഭവിക്കാൻ കഴിയും .നിരൂപകരും ,പ്രസാധകരുമായുള്ള ബന്ധങ്ങളിലൂടെ തന്റേടിയായ എഴുത്തുകാരിയെ ആ കാലഘട്ടത്തിൽ തന്നെ (1882- 1941) വുൾഫ് കാണിച്ചുതരുന്നു .

വിഷാദത്തിന്റെ മഞ്ഞുമലകൾക്ക് കീഴെ അത്യപൂർവ ദർശനങ്ങൾ വിളക്കിച്ചേർത്ത എഴുത്ത് രീതികൾ വുൾഫിനെ വ്യത്യസ്തയാക്കുന്നു .ഒരേ സമയം ദേവനും ,അസുരനും ആകാൻ കഴിയുന്ന മാനസികാവസ്ഥയിലും സ്ത്രീ പരികൽപ്പനകളെ അങ്ങേയറ്റം വിലമതിക്കുന്ന വുൾഫ് തന്റെ അമ്മയിൽ നിന്നും സ്വാംശീകരിച്ച സ്ത്രൈണ ഭാവനകളെ തുടർന്ന് സ്റ്റെല്ലയിലേക്കും ,വനേസ്സയിലേക്കും വികസിപ്പിക്കുന്നുണ്ട് .അതൊരു വിളക്കിച്ചേർത്ത സ്ത്രൈണ കാമനകളുടെ വിഹാര സ്ഥലം കൂടിയാവുന്നുണ്ട് ,കുറിപ്പുകളിൽ .

മനസ്സിന്റെ വൈകാരിക പ്രക്ഷുബ്ധതയെ അങ്ങേയറ്റം സംതുലനം പാലിച്ച് കൊണ്ട് ശാന്തതയുടെ ,ആനന്ദത്തിന്റെ അങ്ങേയറ്റം നീണ്ടുയർന്ന് വരുന്ന വിഷാദത്തിന്റെ ,മരണത്തിന്റെ മഞ്ഞുമലകൾ താണ്ടിക്കൊണ്ട് വുൾഫ് എഴുതിയകുറിപ്പുകൾ വൈകാരിക തീവ്രമായി തന്നെ ,അനുഭവിപ്പിക്കുന്ന ഭാഷയിൽ സോണിയ റഫീക്ക് പരാവർത്തനം ചെയ്തിരിക്കുന്നു .പുരാവൃത്തങ്ങളുടെ പരാവർത്തനങ്ങളിൽ അങ്ങേയറ്റം അടക്കം പാലിച്ച് കൊണ്ട് സോണിയ റഫീക്ക് വുൾഫിന്റെ വൈകാരിക സമീപനങ്ങളെ ,എഴുത്തിനെ സ്വന്തം ഭാഷയിലൂടെ അനുഭവതീവ്രമായി അനുഭവിപ്പിക്കുന്നത് വായനക്കാർ അപൂർണ്ണ വിഷാദങ്ങൾ എന്ന ആത്മകഥാ കുറിപ്പുകളിലൂടെ തിരിച്ചറിയുന്നുണ്ട് .

ഉള്ള് വേവുന്ന ചിന്തകൾക്കും ,അനുഭവങ്ങൾക്കും ,അരക്ഷിതമായ കാലത്തിനും ഒപ്പം വെർജിനിയവുൾഫ് സഞ്ചരിക്കുമ്പോൾ വായനക്കാർ മെഴുക് തിരി പോലെ എരിഞ്ഞു തീരുന്നു .വുൾഫ് അവശേഷിപ്പിച്ച എഴുത്തിലെ വെളിച്ചത്തിന് ,ദർശനത്തിന് തെളിച്ചം കൂടുന്നു .സ്ത്രീ സ്വയം പുതുക്കി പണിയേണ്ടതിന്റെ അവശ്യകതയെക്കുറിച്ച് ,വുൾഫിന്റെ ദർശനങ്ങൾക്ക് വായനക്കാർ കടം കൊണ്ടവരാകുന്നു .അങ്ങനെയൊക്കെയാണ് ഒരു വെർജീനിയൻ കാലഘട്ടം നമ്മോട് സംവദിക്കുന്നത് .സൗഹൃദങ്ങളുടെ ഇത്തിരി കൺവെട്ടത്തിരുന്ന് പൂരിപ്പിക്കാനാവാത്ത ജീവിത സമസ്യകളെ ,പൂരിപ്പിക്കേണ്ടതുണ്ടെന്ന് നിരന്തരം ഓർമ്മപ്പെടുത്തുന്നു .അപൂർണ്ണ വിഷാദങ്ങൾ എന്ന വിർജീനിയ വുൾഫിന്റെ ആത്മകഥാ കുറിപ്പുകൾ, അകം വേവുന്ന ചിന്തകളുടെ ,ചിതറലുകൾ ചേർത്തെടുത്ത ഒരുമയുടെ പുസ്തകമാകുന്നു .

കണ്ണൻ സിദ്ധാർത്ഥ്