വില്ലുവണ്ടി
ഇഴയാനിഷ്ടമില്ലാഞ്ഞിട്ടൊരാൾ
വില്ലുവണ്ടിയിൽ
തലയുയർത്തി പോകുന്നു.
പൊട്ടിച്ചെറിഞ്ഞ
കല്ലുമാലക്കഷണങ്ങൾ
പൂക്കൾ പോലെ.
ചെളി ഉണങ്ങിയ
അരയാൽ കാലുകൾ
ആഞ്ഞു ചവിട്ടി
കത്തിച്ചു കളഞ്ഞ
അക്ഷരങ്ങൾക്ക് മുന്നിൽ
മറ്റൊരു നാളമായ് അയാൾ.
പുറം പൊളിഞ്ഞ
ഒരു മണിയൊച്ച
ആകാശക്കോട്ടകളെ
പ്രകമ്പനം കൊള്ളിക്കുന്നു.
പന്തിയിലിരുന്നുണ്ട
ചോറിനെന്തു രുചിയെന്ന്
ഒരു തഴമ്പിച്ച കൈ
സാക്ഷ്യം പറയുന്നു.
അറുത്തെറിഞ്ഞ
ഒരു മുല
പാൽ ചുരത്തി
ചോരയിൽ നീന്തുന്നു.
തിളങ്ങുന്ന ഒരു മൂക്കുത്തിയും
മാറിൽ ചേർത്തൊരു ചേലയും
ഇനിയും കുളിച്ചു തീരാത്ത
എന്നെ നോക്കി
എന്തോ അടക്കം പറയുന്നുണ്ട്!
യൂസഫ് നടുവണ്ണൂർ
**************************
തിരിച്ചറിവുകൾ
മരണ വീട്ടിൽ പുകയുന്ന
കുന്തിരിക്കത്തിൻ മണം
ആവോളം ശ്വസിക്കുക
ഒടുവിൽ നിന്റെ ഗന്ധവും
തലക്കു മുകളിലെരിയുന്ന
പുകച്ചുരുളുകൾ മാത്രമാണെന്ന
തിരിച്ചറിവിൻ സുഗന്ധമാണത്...
അലമുറയിട്ടു കരയുന്ന
ബന്ധുമിത്രാദികളുടെ കണ്ണിൽ
നോക്കുക...
ഒടുവിൽ നിനക്കായ് കരയുന്ന
കണ്ണുകളിലെ ആത്മാർത്ഥത
തിരിച്ചറിയാൻ ചലനമറ്റ
നിൻ മസ്തിഷ്കത്തിനുള്ള
മുന്നറിയിപ്പിൻ രോദനമാണത്...
ശവമഞ്ചത്തിൻ മുൻഭാഗം
നിന്റെ തോളിൽ ചുമക്കുക..
ഒടുവിൽ നിന്റെ ശവമഞ്ചമേന്തുന്നവന്റെ
മനസ്സിലെ ഭാരം നിന്റെ വിയർപ്പിൻ
പിറുപിറുക്കലാവുമ്പോൾ
തോൾ മാറ്റിക്കൊടുക്കുക...
കുഴിമാടത്തിലേക്കുള്ള യാത്രയിൽ
ശവമഞ്ചത്തിൽ വാടിത്തളർന്നുറങ്ങും
പൂക്കളെ വഴിയിൽ വിതറുക
ഒടുവിൽ നിന്റെ അവസാന യാത്രയിൽ കല്ലുകൾ പാദങ്ങളെ
കുത്തിനോവിക്കാതിരിക്കാനായ്...
ഒടുവിൽ ഇരുൾ പരക്കുമ്പോഴാ
ശവകുടീരത്തിനരുകിൽ
പുഷ്പിക്കുന്നൊരു ചെടി നടുക..
നീ പോയതറിയാതെ
എന്നും പൂക്കളെ വിരിയിക്കാൻ
നിനക്കായ് നീ വെക്കുന്ന
പുഷ്പചക്രമാണത്.....
ഫൈസൽ ആലുങ്ങൽ
**************************
വിട
വിട ചൊല്ലി പിരിയുവാൻ നേരമായ്
നിന്നോർമകളിൽ ഞാൻ നീറിടുന്നു
ഒടുവിൽ വിട പറഞ്ഞു പോയിടുമ്പോൾ
നിന്നോർമ്മകൾ മാത്രമെ ൻ കൂട്ടിനായ്
യാത്രചോദിക്കാനെന്നരുകിലെത്തി
എന്റെ മിഴികൾ ആർദ്രമായ് നിറഞ്ഞൊഴുകി
അരുതരുതേയെന്ന് ചൊല്ലിയതെല്ലാം
കളരവമായ് ചുണ്ടിൽ തങ്ങി നിന്നു
നീയെന്നിലലിഞ്ഞൊരു നാളുകളെന്നകതാരിൽ ഓളങ്ങൾ തീർത്തിടുന്നു
നീയുമീ സന്ധ്യയുമെന്നുള്ളിലെന്നും
മായാത്ത കനവായ് ചേർന്ന് നിൽക്കും
കളിവാക്ക് ചൊല്ലി നീ പൊട്ടി ചിരിച്ചതും
സ്വർണ്ണലിപികളായുള്ളിലെഴുതി വയ്ക്കും
ഒരുവേളയെന്നെ നീ നോക്കിയെന്നാൽ
നിന്റെ പരിഭവമെല്ലാമലിഞ്ഞു പോകും
പോകരുതേയെന്ന് ചൊല്ലുവാനെൻ
ഹൃദയത്തിലാശമുളച്ചിടുന്നു
വിടചൊല്ലി പിരിയാൻ നേരമായ്
നിന്നോർമകളിൽ ... ഞാൻ
നീറിടുന്നു........,,.,
സുധ മോഹൻ
**************************
തുന്നൽക്കാരി
തുന്നൽക്കാരി മൈമൂന തിരക്കിലാണ്...
അടി വയറുനിറയെ
ആദ്യമായി ചുവന്ന പൂക്കൾ വിരിഞ്ഞ പെൺകുഞ്ഞിന്റെ കമ്മീസിൽ
അവൾ പലതും തുന്നിപ്പിടിപ്പിക്കുകയാണ്.. ആദ്യമായ്
ചുവന്ന നൂലിനാൽ
തന്റെ മുപ്പത്തഞ്ച് വർഷം നീണ്ട
കന്യകാജീവിതം...
പിന്നെ കറുത്ത നൂലിനാൽ
നരച്ച ശരീരത്തിൽ നരവീണ മനസ്സുള്ളവന്റെ കൂടെ കഴിഞ്ഞ രണ്ടുദിവസത്തെ വിവാഹജീവിതം....
ശേഷം വെളുത്ത നൂലിനാൽ
തന്റെ വിധവാ ജീവിതം പുറത്താക്കപ്പെട്ടവളുടെ
ശൂന്യമായ ജീവിതം.....
തുന്നൽക്കാരി മൈമൂന തിരക്കിലാണ്
മൂന്ന് നിറമുള്ള നൂലിനാൽ
മൂന്നു ദിശയിലേക്കും
അവൾ മൂന്നു വഴികൾ തുന്നുകയാണ്..
അവസാനമായി നാലാമത്തെ ദിശയിലേക്ക് അദൃശ്യമായ ഒരു വഴി
അവൾക്ക് തെളിഞ്ഞുവരികയാണ്
സൂചിയും നൂലുമില്ലാതെ
അവളത് തുന്നുകയാണ് ...
ആ വഴികൾ നിറയെ
അവളുടെ കണ്ണുനീർപൂക്കൾ വിതറിയ കമ്മീസ്....
ആ പെൺകുഞ്ഞിന് അവളത്
സമ്മാനമായി നൽകുകയാണ്...
റെജില ഷെറിൻ
**************************
കുശവന്റെ പറമ്പിൽ നിന്ന്
മരണം,
മരണത്തെ കാത്തു കിടന്നു.
ഉയരുന്ന ശ്വാസനിശ്വാസങ്ങൾ
കണ്ണീരുറഞ്ഞ് കല്ലായ കണ്ണുകൾ
നെഞ്ചിനുള്ളിൽ വാരിയെല്ലുകൾ പിടഞ്ഞു.
രാത്രിയുടെ ഏതോ യാമത്തിൽ
നിശാഗന്ധിനാൾ പൂത്തു
ലാങ്കികൾ വിടർന്നു
അതിന്റെ ഗന്ധത്തിലാണ്
അവർക്ക് ജീവനറ്റത്.
ജന്മാന്തരങ്ങളുടെ ആഴക്കടലിൽ നിന്ന്
അവർ വന്നു
തൊണ്ടക്കുഴിയിലെ ശ്വാസമളക്കാൻ
സ്വപ്നാടനങ്ങളുടെ ഭാണ്ഡവുമേറി
പോയവർ
ബാക്കി വച്ചു
നനവിറ്റിയ ഉപ്പും,കയ്പ്പും
ആരും കരഞ്ഞില്ല..
ആർക്കും വേണ്ടി
മുഖം
ഗന്ധം, സ്വരം എനിക്കറിയില്ല
മനുഷ്യക്കോലങ്ങൾക്കപ്പുറം
അവർ സംഖ്യകളാകുന്നു.
ചന്ദനശിലയിലിരുന്ന് ധന്വന്തരി കണ്ണടച്ചു.
ശസ്ത്രത്തേയും ക്രിയയേയും
കൂട്ടികെട്ടിയ കർമ്മി
ചിരിച്ചു.
ചരിത്രത്തിന്റെ ഏതോ ഏടിൽ....
മുന്നിലിപ്പോൾ ചോരയാണ്
പൊട്ടിപ്പിളർന്ന തലയോടുകളും
കിനാവും കണ്ണീരും
മുപ്പത് വെള്ളിനാണയങ്ങളും
രക്തഛവിയാർന്നവ
ഒറ്റിയവന്റെ??
ഒറ്റിക്കൊടുക്കപ്പെട്ടവന്റെ??
മീനു മറിയ ബാബു
**************************
രാവണൻ
ഒരേ സമയം എത്ര
മുഖമാണോരോ ആൾക്കും
ഓരോ ആളേയും
അഭിമുഖീകരിക്കാൻ
ഓരോ മുഖംമൂടികൾ
ഒടുവിൽ
അന്ത്യ യാത്രക്കാരുക്കി കിടത്തും
യഥാർത്ഥ മുഖവുമായി
ആരോടുമൊന്നും
മറയ്ക്കുവാനില്ലാതെ
ജനനം പോലെ മരണവും
നിഷ്കളങ്ക മുഖത്തോടെ.....
രാജു.എസ്.ബി
**************************
അറിവ്
നിമിഷങ്ങളുടെ ദൈർഘ്യ മറിയുന്നത്
സിഗ്നലിൽ കാത്തു നിൽക്കുമ്പോഴാണ്
ദിവസങ്ങളുടെ വേഗത അറിയുന്നത്
പ്രിയപ്പെട്ടവരോടൊത്തു കഴിയുമ്പോഴാണ്
ഉറക്കത്തിന്റെ സുഖം അറിയുന്നത്
പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോഴാണ്
ഉണർവിന്റെ കുളിർ കോരുന്നത് അലാറം മുഴങ്ങുമ്പോഴാണ്
മരണത്തിന്റെ ആശ്വാസമറിയുന്നത്
ദീർഘനാളത്തെ കിടപ്പുരോഗികളുടെ
ഹൃദയം നിലയ്ക്കുമ്പോഴാണ്
ജനനത്തിന്റെ ദുഃഖം അറിയുന്നത് വൈകല്യങ്ങളോടെ കുഞ്ഞുങ്ങൾ ജനിക്കുമ്പോഴാണ്......
നൂർജിഹാൻ.കെ.പി
**************************
കവിത
പച്ച പഴയ പച്ചയേയല്ല ,
കുരുത്തോലപ്പച്ച,
കമ്യൂണിസ്റ്റ് പച്ച ,
ചാണകപ്പച്ച ...
പഴയ
പച്ചഭേദങ്ങളേയില്ല
വയൽപ്പച്ചകളിൽ നൃത്തം വെക്കുന്ന കിളിയൊച്ചകളില്ല
ഇളമ്പച്ചകളിൽ
ചിതറി വീഴുന്ന
വെയിൽ തുമ്പികളില്ല
പച്ചയേ അല്ലാത്ത നിറത്തെ
റിലയൻസ് പച്ചഎന്ന്
വിളിപ്പിക്കുന്ന കലർപ്പുകളുടെ ജീവിതത്തിൽ,
ബാക്കിയാവുന്നത്
ഈ
ട്രാഫിക്ക്പച്ച മാത്രം....
മൂസ എരവത്ത്
**************************
ഒഴിഞ്ഞിടം
''നിറഞ്ഞിരുന്നൊരീ
കാലമത്രയും,
തലക്കനത്താൽ
ഞെളിഞ്ഞിരുന്നു...
അശാന്തിയിൽ
കൂനിപ്പോകുന്നുണ്ടിന്ന്...
താഴ്മതൻപാഠം
അങ്ങനെയുംനേടണമെന്ന്
ജ്ഞാനിമൊഴി...
"നീ''യാംപാന പാത്രം
ജീവിതവ്യഥകളായി
വന്നുനിറഞ്ഞല്ലോ
കുടിച്ചു തീർക്കണം,
തീരാദാഹമുണ്ടിവന്...
തീർന്നില്ല,
ഈ കൊതിയൻ
അപരൻെറതും
രുചിച്ചുവീർത്തു...
അടിയറവോതി
ഇന്നിവനുണ്ട്,
നിറമേഴുംതിടം-
വെയ്ക്കേണ്ട മനം,
വാർന്നൊഴിയുമിടം!
ആമോദമേറ്റമുണ്ടിവന്,
ഇനിയും നിറച്ചീടാൻ,
''അവൻ''
'ഒഴിഞ്ഞിട'മാക്കിയതല്ലോ
ഇവനെ....''
സിദ്ദീഖ് സുബൈർ
**************************
പ്രണയം
പെട്ടെന്നൊരിക്കൽ
കുന്ന് ലോറി കേറി
പോയപ്പോ
കൂടെ ഒളിച്ചോടി
പോയതാണ് വെള്ളം....
മരം കാട്ടീന്ന്
നാടുകേറിയപ്പോൾ
ചതിയെന്ന് പറഞ്ഞ്
മണലെടുത്തുണ്ടായ
കുഴിയിൽ ചാടി പുഴ
ആത്മഹത്യ ചെയ്തു.....
മനുഷ്യനേക്കാൾ
പ്രണയത്തിലായിരുന്നു
പ്രകൃതി ,അതറിയാൻ
കുറച്ച് വൈകിപ്പോയി.....
സച്ചിൻ ചായ്യോത്ത്
**************************
പ്രിയ സൗഹൃദം
മരിക്കണം...
കിനാക്കൊമ്പിലൊരുപിടി
കുരുക്കിട്ട
കയറിൽ
കുരുങ്ങിക്കിടന്നല്ല...
മരിക്കണം...
മദമിളകിയ
മതഭ്രാന്തൻമാരുടെ
മാതൃത്വമില്ലാത്ത
മലംപുരണ്ട കത്തിയാലല്ല...
മരിക്കണം...
വിപ്ലവം
വിതച്ച്
വിലാപം കൊയ്ത
വിരുപ്പിൽ
വിതുമ്പിക്കൊണ്ടല്ല...
മരിക്കണം...
അച്ഛന്റെയിഷ്ടങ്ങൾ
അമ്മയുടെ മടിയിലവസാനിപ്പിച്ച്
അനിഷ്ടങ്ങളോട്
അലമുറയിട്ടല്ല...
മരിക്കണം...
നല്ലപാതിയെ
നടുവഴിയിലുപേക്ഷിച്ച്
നാട്യശാസ്ത്രം തോൽക്കുമാറ്
നടിച്ചല്ല...
മരിക്കണം...
മരിക്കും മുൻപ്
മക്കളെ
മതഭ്രാന്തന്മാരാക്കാതെ
മാനവികത പഠിപ്പിച്ച്...
മരിക്കണം...
സ്വത്ത് തർക്കത്താൽ
സ്വന്തക്കാരുടെ
സ്വസ്ഥതക്കായ്
സ്വത്വം നഷ്ടപ്പെടുത്താതെ...
മരിക്കണം...
മരിക്കും മുൻപ്
മറ്റുള്ളവർക്ക്
മാതൃകയായില്ലെങ്കിലും
മാറാലയായിരുന്നില്ലെന്നു
മനസ്സിലുറപ്പിച്ച്...
മരിക്കണം...
നൗഷാദ് താമല്ലാക്കൽ
**************************
ഉൾവിളി
കെട്ടിമുറുക്കിയ വലകളി-
ലിരുന്ന് എട്ടുകാലി വിളിച്ചു :
'പോരുന്നില്ലേ...
ഈ വലക്കണ്ണികൾക്കപ്പുറം !'
വരിതെറ്റാതെ നീങ്ങിയ
ഉറുമ്പിൻ കൂട്ടം ക്ഷണിച്ചു :
'പോരുന്നില്ലേ...
ഞങ്ങളുടെ മതിലുകൾക്കപ്പുറം !'
കൂകിത്തളർന്ന നാദവുമായി
പുള്ളിക്കുയിൽ വിളിച്ചു :
'പോരുന്നില്ലേ...
പ്രപഞ്ചത്തിൻെറ നാദം കേൾക്കാൻ !'
തേൻവാഴത്തുമ്പിലിരുന്ന
മലയണ്ണാൻ വിളിച്ചു :
'പോരുന്നില്ലേ...
ലോകസാഗരത്തിൻ തേൻ നുകരാൻ !'
എനിക്കുള്ളിലെ കവിഹൃദയം
തുടിച്ചു :
'പ്രകൃതിയിലേക്കൊരു മടക്കയാത്ര !'
ദിവ്യ.സി.ആർ
**************************
മരിച്ചു പോയവളുടെ നെഞ്ചിൽ
ആത്മാക്കളുടെ
സഞ്ചാരപഥത്തിലെത്തിയിട്ടും
തന്റെ ഹൃദയം നിലച്ചിട്ടും
മുഴങ്ങുന്ന മിടിപ്പുള്ള
ഹൃദയം എവിടെ നിന്നാണ്
പ്രകമ്പനം കൊള്ളുന്നത്...
സ്നേഹമിരന്നു വിശന്നു
മരിച്ച പോയ ഉടലിന്റെ
പാതിയെ
തനിച്ചാക്കിപ്പോന്നതൊർത്തിട്ട്
ചിറകുകൾക്ക് തളർച്ച,,,
തിരിച്ചൊഴുകാനാവാത്ത ഏത്
പുഴയിലാണ് കാലമേ
നീ മുങ്ങാംകുഴിയിടുന്നത്.....
അൽപാൽപ്പമായി
കുറഞ്ഞു പോകുന്ന സമയത്തിന്റെ
സൂചികൾ
ഇടനെഞ്ചിൽ കിനിഞ്ഞ
ചോരച്ചുവപ്പിലേക്ക് എടുത്ത് വെച്ചിട്ടും
ഇഷ്ടങ്ങളറിയാൻ മറന്ന് പോയവനേ....
നീയെന്തിനാണ്
എന്നെയിങ്ങനെ മിടിപ്പിച്ചുണർത്തുന്നത്...
മരിക്കും നേരം നീയരികിലില്ലായിരുന്നല്ലോ
മരിച്ചു കിടക്കുമ്പോഴും
നീയൊന്ന് തൊട്ടതില്ലല്ലൊ
എന്തെ... !!
മിഴികളിൽ നിന്ന്
പാതിയിറങ്ങിവന്ന കണ്ണുനീർ
തുടക്കാൻ മടിച്ചു നീ...
ഇന്നെന്റെ ആത്മാവിന് വിശപ്പില്ല
എന്നുടലിൽ ചിത കത്തുമ്പോൾ
ജാലകപാളികൾ തുറന്നു നീ
നോക്കും വരെ
എനിക്ക് നീയെന്ന വിശപ്പായിരുന്നു.... !!
ഫൈസി
**************************
ഹൃദയത്തോടൊഴികെ
എന്നെ സ്നേഹിച്ചവൻ
ഭാഗ്യമില്ലാത്തവൻ
അവന്
അകമഴിഞ്ഞ്
ആരേയും
സ്നേഹിക്കാനാവില്ല.
അവന്റെ പുലരിത്തുടുപ്പുകൾ
എന്റെ കവിളുകളെക്കുറിച്ചും
വൈകുന്നേരങ്ങൾ
അളകങ്ങളെക്കുറിച്ചും
രാത്രി നക്ഷത്രങ്ങൾ
പുഞ്ചിരിയെക്കുറിച്ചും
വാചാലമായിക്കൊണ്ട്
അവനെ നൊമ്പരപ്പെടുത്തും.
കരിയിലക്കൂട്ടുകൂടുന്ന കാറ്റ്
തിടുക്കപ്പെടുന്ന
മിഴിയനക്കങ്ങളേയും
കായലിലെ ഓളങ്ങൾ
അലസമായ നടത്തത്തേയും
കുറിച്ചു പറഞ്ഞ്
സ്വൈരം കെടുത്തും
ചുറ്റുമുള്ളവരുടെ
ചോദ്യങ്ങൾക്കൊക്കെ
ചിരിച്ചു മാത്രം
മറുപടി പറയാൻ
എന്റെ ലഹരികൾ
അവനെ പഠിപ്പിക്കും
സത്യമായിട്ടും
ഇന്നവൻ എല്ലാവരോടും
ദയയുള്ളവനാകുന്നു
അവന്റെ ഹൃദയത്തോടൊഴികെ...
ശാന്തി പാട്ടത്തിൽ
**************************
കറുപ്പുടുത്തവൾ
അവിടെ
കുന്നിന്റെയപ്പുറത്ത്,
അവരെ തളർത്തുന്നൊരതിരുണ്ട്.
ഇരുട്ടിന്റെ,
ആൾകൂട്ടത്തിന്റെ,
പിന്നിലൂടെയുള്ള തോണ്ടലിന്റെ,
മേലൂടെ ഒലിച്ചിറങ്ങുന്ന ഒളി നോട്ടത്തിന്റെ,
നിഴലുകൾ മറിയുന്നുണ്ട് വഴിയിലെങ്ങും.
കല്ലുകളൊഴുകുന്നുണ്ട് നെറ്റിക്ക് മുകളിൽ.
കയറ്റം.
കുന്ന്.
മല.
പടി.
ഓരോ വഴിയിലും അവരെ -
കുലസ്ത്രീകൾ ചാണകം മുക്കിയ ചൂലിലിട്ടടിച്ചു.
കൊണ്ടതോ.....???
മലർന്നു കിടന്നു തുപ്പുന്ന
കുട്ട്യേ പോലെ കാലിട്ടടിച്ചു കരഞ്ഞു.
മലയ്ക്ക് മുകളിൽ അവരെ പെണ്ണത്തം
കാത്ത് കിടന്നു.
കയറ്റം കയറിയ പെണ്ണിന്റെയുള്ളിൽ
ജ്യോതി തെളിഞ്ഞു..
ശ്രീക്കുട്ടി കണ്ണൻ
**************************
ഏറെ വൈകി വന്ന വസന്തം !
വൈകി ഏറെ എന്നാലും
ഒരുവേള വസന്തമെത്തിയല്ലോ!
മരവിച്ച ശിശിരങ്ങളും
വരണ്ട വേനലുകളും
നടവഴികളിലൂടെ മാത്തു
മറയാൻ എന്തിത്ര വൈകി ?
എന്നാലും പൂത്തുലഞ്ഞു വെല്ലോ
നീലക്കടമ്പുകൾ!
സ്വപ്നശതങ്ങൾ കൊഴിഞ്ഞുവെന്നാലും
അവർ കണ്ണു നിറയെ
കണ്ടു കണ്ട് ഒരാൾ മറ്റൊരാളെ
കണ്ണിൽ നിറയ്ക്കുകയായിരുന്നു.
പൂത്തിലഞ്ഞി ചോട്ടിൽ
ചുണ്ടുകൾ തമ്മിലല്ല
എന്നാലും ചുംബനങ്ങൾ
ആവേശത്തോടെ ഹൃദയത്തിൽ കൊരുത്തിടുകയായിരുന്നു.
പോയ് മറഞ്ഞ വസന്തങ്ങളുടെ
പൂക്കാലങ്ങൾ വീണ്ടുമവരുടെ
നരവീണ കൺപീലികൾക്കപ്പുറം
തെളിഞ്ഞു തെളിഞ്ഞു വന്നുകൊണ്ടിരുന്നു.
പഴയ നീല ഞരമ്പുകൾ
അവളുടെ കൈകളിൽ
വീണ്ടും തുടിച്ചുയരുകയും
ഇളം ചൂട് അവന്റെ കൈവെള്ളയിൽ ... ഇപ്പോൾ!
അവർ ഒരു നിമിഷവും
പിരിഞ്ഞതേയില്ല!
എന്നും അകലെ നിന്ന്
കണ്ടു മിണ്ടിക്കൊണ്ടേയിരുന്നു.
കൊഴിഞ്ഞ വീണ വഴിത്താരകളിൽ
തളർന്നുവീണ ദിനങ്ങളിൽ
അടർന്നുവീണ ഓരോ പൂവും
വിറയാർന്ന കൈകളാൽ
പെറുക്കിയെടുത്ത് കൂടകളിൽ
നിറച്ചു കൊണ്ടേയിരുന്നു.
ശ്രീല
**************************