12-06-19


🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
ആറു മലയാളിക്ക് നൂറു മലയാളം
എന്ന പ്രതിവാര പംക്തി
ഏതാനും സമയത്തിനുള്ളിൽ
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎

മലപ്പുറം ഭാഷാഭേദപഠനം: രീതി ശാസ്ത്രം
   മലപ്പുറം ജില്ലയിലെ മൊഴിഭേദങ്ങൾ കണ്ടെത്താനും ഭാഷാപ്രകൃതത്തിന്റെ വിതരണ ക്രമം മനസ്സിലാക്കുന്നതിനും പ്രാദേശിക ഭാഷാസമന്വയം  തിരിച്ചറിയാനും വ്യത്യസ്ത പൈതൃകങ്ങളുടെ ഭാഷാവശിഷ്ടങ്ങളെ കണ്ടെത്താനും മാപ്പിള മലയാളത്തെക്കുറിച്ച് ആഴത്തിൽ അറിയുവാനും
ഒക്കെ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഈ ഭാഷാഭേദപഠനം.
     മലപ്പുറം ജില്ലയിലെ കരുളായി, കരുവാരകുണ്ട്, തൂവൂർ, ചാലിയാർ, നിലമ്പൂർ, ചേലേമ്പ്ര, കൊണ്ടോട്ടി, പള്ളിക്കൽ, വാഴയൂ൪, വാഴക്കാട്, പുളിക്കൽ, നെടിയിരുപ്പ്, പാണ്ടിക്കാട്, പോരൂർ, തൃക്കലങ്ങോട്, വണ്ടൂർ, ഊ൪ങ്ങാട്ടിരി, കുഴിമണ്ണ, ആനക്കയം, മൊറയൂ൪, പൂക്കോട്ടൂർ, ആലുപ്പറമ്പ്, ഏലംകുളം, മേലാറ്റൂർ, താഴേക്കോട്, വെട്ടത്തൂ൪, പുലാമന്തോൾ, കൂട്ടിലങ്ങാടി, ആതവനാട്, കുറ്റിപ്പുറം, വളാഞ്ചേരി, എ. ആ൪.  നഗ൪, പറപ്പൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, മൂന്നിയൂർ, ചെറിയ മുണ്ടം, ഒഴൂ൪, താനാളൂ൪, താനൂർ, പുറത്തൂ൪, തലക്കാട്, തൃപ്രങ്ങോട്, വെട്ടം, മംഗലം, തവനൂർ, വട്ടംകുളം, ആലങ്കോട്, പെരുമ്പടപ്പ്, വെളിയംകോട് എന്നീ അമ്പതു പഞ്ചായത്തുകളിലാണ് സ൪വ്വേ നടത്തിയത്.
      ഇതു കൂടാതെ മുസ്ലിം, തിയ്യ, നായ൪, നമ്പീശൻ, മണ്ണാൻ, ചെറുമൻ, കള്ളാടി, കണക്കൻ, ചെട്ടിയാൻ (നെയ്ത്ത്), ചെട്ടിയാൻ (പപ്പടം), കരുവാൻമാർ, തട്ടാൻ, മേനോൻ, ആശാരി, വേട്ടുവ, പറയൻ, പാണൻ, വെളക്കത്തല നായർ, ധീവര, പുലയ, നമ്പൂതിരി, കൃസ്ത്യൻ, കൊറവ എന്നീ സമുദായങ്ങളിലും സ൪വ്വേ നടത്തുകയുണ്ടായി.
🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐

മലപ്പുറം ജില്ലയിലെ ഭാഷാപ്രവണതകൾ
      മലപ്പുറം ഒരു ഭാഷാസാംസ്കാരിക ഉപമേഖലപ്രദേശമാണ്. അതു കൊണ്ടു തന്നെ അവിടെത്തെ ഭാഷാവിനിമയത്തിന്റെ സാമൂഹ്യ ഘടന പ്രസക്തമായ ഒരു പഠനവിഷയമാണ്. വിനിമയത്തിന്റെ തദ്ദേശീയതയ്ക്കാണ് ഈ പഠനം മുൻതൂക്കം നൽകിയത്. വിനിമയ ബന്ധങ്ങളിലും വിനിമയരീതികളിലും ഭാഷാ പ്രയോഗങ്ങളിലും  സാമൂഹ്യാവസ്ഥയ്ക്ക് നിർണായകമായ സ്വാധീനമുണ്ട്. സാമൂഹിക ചരങ്ങൾ സൃഷ്ടിക്കുന്ന ഭാഷാവ്യതിയാനങ്ങൾ വിനിമയത്തെ എവ്വിധം ബാധിക്കുമെന്ന് അറിയുക വഴി വിനിമയത്തിന്റെ സാമൂഹ്യത അറിയാൻ കഴിയും. തദ്ദേശീയത എന്നത് തനതുകളുടെ കൊടുക്കൽ വാങ്ങലുകളുടെ സൃഷ്ടിയാണ്. തനതുകൾ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് വ്യത്യസ്ത ജാതിമത രൂപങ്ങളെയാണ്. വിനിമയത്തിൽ ജാതി-മത-വ൪ഗ്ഗ ഭേദമന്യേ ഉൾക്കൊള്ളൽ മനോഭാവം പ്രകടമാവുക സ്വാഭാവികമാണ്. മറിച്ച് വിനിമയം കൂടുതൽ പ്രത്യയശാസ്ത്രാധിഷ്ഠിതമാവുമ്പോൾ അത് ഉൾക്കൊള്ളലല്ല പാ൪ശ്വവൽക്കരണത്തിന്റെയും ഒഴിവാക്കലിന്റെയും സ്വഭാവം കൈവരിക്കുന്നു.
☢☢☢☢☢☢☢☢☢☢☢☢☢

സ൪വ്വനാമങ്ങൾ
    'ഞാൻ' എന്ന് ക൪തൃവാചിയായി പ്രയോഗിക്കാനുള്ള സന്ദർഭം പഴയ കാലത്ത് എല്ലാവർക്കും ലഭിച്ചിരുന്നില്ല. 'ഞാൻ' അടിയനും ഈയുള്ളവനും എന്നിങ്ങനെ രൂപം മാറ്റം വന്ന സാമൂഹിക സത്തയായിരുന്നു അധികാരമില്ലാത്തവ൪ക്ക് അർഹമായിരുന്നത്. അധികാരം ഉള്ളവർക്ക് ഞാൻ എന്നത് 'നോം' 'നാം' എന്നിങ്ങനെ ഉപയോഗിച്ച കാലം. അന്നത്തെ സാമൂഹിക അവസ്ഥ ഏറെ മാറിയിട്ടുണ്ട് ഇന്ന്. ഏതു സമുദായക്കാ൪ക്കും 'ഞാൻ' എന്ന് പ്രയോഗിക്കാമെന്നത് സാമൂഹ്യ മാറ്റത്തിന്റെ നേട്ടമാണ്. മലപ്പുറം മലയാളത്തിൽ സാധാരണ ഉപയോഗിക്കുന്ന ഉത്തമപുരുഷ ഏകവചനമായ 'ഞാനും', ബഹുവചനരൂപങ്ങളായ 'നമ്മൾ, ഞങ്ങൾ' രൂപങ്ങളും, മദ്ധ്യമപുരുഷ ഏകവചനമായ 'നീയും', ബഹുവചന രൂപമായ 'നിങ്ങൾ'ഉം വ്യത്യസ്തമായി നിലകൊള്ളുന്നു എന്നതാണ് പ്രഥമ നിരീക്ഷണം. നമ്മൾ എന്ന പദം അധികാരപദമായി 'നോം' എന്നുപയോഗിച്ചിരുന്ന കാലത്ത്, മലപ്പുറത്ത് ഇതിന് വിപരീതമായി 'ഞമ്മൾ' എന്ന പ്രയോഗമാണുണ്ടായത്. ഞാനെന്ന വ്യക്തി സ്വത്വമല്ല 'ഞമ്മൾ' എന്ന സാമൂഹ്യസ്വത്വത്തിനാണിവിടെ പ്രാധാന്യം. ഞാൻ എന്ന പ്രയോഗത്തിന്റെ ഭേദമായി 'ഞാം' എന്നുപയോഗിച്ചിരുന്നു ഇവിടെ.
     നീ എന്നത് മാപ്പിള മലയാളത്തിൽ 'ജ്ജ്', 'യ്യ്', 'ജ്ജി', 'യ്യി' എന്നിങ്ങനെ പ്രാദേശിക വ്യതിയാനങ്ങൾ കാണുന്നുണ്ട്. 'നീ'യുടെ ഉപയോഗം ഈ ഭേദത്തിലില്ല. നിങ്ങൾ എന്നതിന്നു പകരം 'ഇങ്ങൾ' എന്നാണ് ഉപയോഗിച്ചു വരുന്നത്. പ്രായത്തിൽ കൂടിയവരെ ജാതി-മത ഭിന്നത കൂടാതെ 'ഇങ്ങൾ' കൊണ്ട് സംബോധന ചെയ്യാൻ മാപ്പിള വിഭാഗം ശീലിച്ചിരിക്കുന്നു. ഭർത്താവിനെ 'ഇങ്ങൾ' എന്ന് ഭാര്യ വിളിക്കുമ്പോൾ ഭാര്യയെ 'യ്യ്',  'ജ്ജ്' എന്നിങ്ങനെ നീ എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്
   'അവൻ', 'അവൾ' എന്നീ ദൂരവാചിയായ സലിംഗ ഏകവചന രൂപങ്ങൾക്ക് 'ഓൻ', 'ഓൾ' ആണ് പ്രയോഗത്തിലുള്ളത്. 'വ'യ്ക്ക് പകരം'ബ' ചേർത്തുള്ള പ്രയോഗങ്ങൾക്കാണ് പ്രചാരം. (ഇബൻ, ഇബൾ).....
'അവയ്ക്ക് പകരം 'അത്' ഉം, ബഹുവചനമായി 'അവറ്റയ്ക്ക്' പകരം 'അതിറ്റ', 'അയിറ്റ', 'അയിറ്റങ്ങൾ' എന്നിങ്ങനെയുള്ള പ്രയോഗവും കാണാം.
🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐

സംബോധനയും പരാമർശപദങ്ങളും.
    ബന്ധസൂചകപദങ്ങളാണ് ഓരോ സമുദായത്തിന്റെയും ബന്ധഘടന എന്തെന്ന് വെളിപ്പെടുത്തുന്നത്. ബന്ധസൂചകപദങ്ങളും ബന്ധഘടനയും ഓരോ ഭാഷാസന്ദ൪ഭത്തിലും, ജാതി-മത സന്ദർഭത്തിലും വ്യത്യസ്തമായിരിക്കും. 'അമ്മ'/ഉമ്മ'  'അച്ഛൻ/ഉപ്പ' എന്നീ പദങ്ങളുടെ സമതുല്യപദങ്ങളാണ്.
     'മൂപ്പര്',  'കുട്ട്യോളെ ബാപ്പ', ഓന്റെ ബാപ്പ', 'ഓളെ ബാപ്പ' 'മോളെ ബാപ്പ' എന്നിങ്ങനെയാണ് മുസ്ലിം സ്ത്രീകൾ വ്യത്യസ്ത സന്ദർഭങ്ങളിൽ പരാമർശിക്കുന്നത്. സന്ദ൪ഭത്തിനനുസരിച്ച് ഈ പ്രയോഗരീതി ഇതര സമുദായങ്ങളും ഉപയോഗിക്കുന്നുണ്ടി.
   ഭർത്താവ് ഭാര്യയെക്കുറിച്ചു പരാമർശിക്കുമ്പോൾ മാപ്പിളമാരുടെ ഇടയിൽ 'പെണ്ണുങ്ങൾ' എന്നാണ് ഉപയോഗിച്ചു കാണുന്നത്. അതിന്  'എന്റെ കെട്ട്യോൾ/ഭാര്യ എന്നേ അർത്ഥമുള്ളൂ. ഭാര്യയെ ബഹുമാനസൂചകമായി പരാമർശിക്കുന്ന ഒരു സമൂഹത്തെയാണ് നാം ഇവിടെ പരിചയിക്കുന്നത്. എന്നാൽ തിയ്യ ജാതി ഉൾപ്പെടെയുള്ള മറ്റു സമുദായത്തിലെ അംഗങ്ങൾ 'എന്റെ ഓൾ' എന്നാണ് ഉപയോഗിക്കാറുള്ളത്. മാപ്പിളമാർ ഭാര്യയ്ക്ക് നൽകിയ ബഹുമാന്യത ഈ പ്രയോഗത്തിനില്ല എന്നത് ഓ൪മിക്കേണ്ടതാണ്.
  ഭർത്താവിനെ സംബോധന ചെയ്യുമ്പോൾ ഭാര്യ സാധാരണ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന പദമാണ്  'നോക്ക്യാ' എന്നത്. ഭാര്യയോ ഭ൪ത്താവോ പേരു പറഞ്ഞു സംബോധന ചെയ്യുന്ന രീതി ഇപ്പോഴും മാപ്പിളമാർക്കിടയിൽ വളരെ കുറവാണ്. എന്നാൽ മറ്റു സമുദായത്തിലെ അംഗങ്ങൾ പ്രകടമായി പേരു വിളിച്ചു സംബോധന ചെയ്യുന്ന രീതി തുടർന്നു വരുന്നുണ്ട്.
     സമുദായത്തിനുള്ളിൽ പ്രായം കൂടിയ സ്ത്രീകളെ ഉമ്മ, താത്ത എന്നിങ്ങനെയാണ് സംബോധന ചെയ്യാറുള്ളത്. ഇതിനു സമാനമായി മറ്റു സമുദായങ്ങളിൽ സ്ത്രീകളെ സംബോധന ചെയ്യുമ്പോൾ അമ്മ, ചേച്ചി എന്നും വിളിക്കുക പതിവാണ്. എന്നാൽ അങ്ങോട്ടുമിങ്ങോട്ടും സംബോധനയിലും പരാമർശത്തിലും ഉമ്മ, താത്ത, അമ്മ, ചേച്ചി നിലനിൽക്കുന്നു.
  മാപ്പിളപുരുഷൻമാരും സ്തീകളും ബഹുമാനപദമായി  'ഇങ്ങൾ' ഉപയോഗിച്ചു വരുന്നു. അമ്മ, ചെറിയമ്മ, വലിയമ്മ എന്നിങ്ങനെ ഹിന്ദു സമുദായത്തിലെ അംഗങ്ങൾ പ്രയോഗിക്കുമ്പോൾ സമാനമായി ഉമ്മ, ചെറിയുമ്മ, വലിയുമ്മ എന്നിങ്ങനെ മുസ്ലിം വിഭാഗവും പരാമർശവും സംബോധനയും നടത്തുന്നു. 'കാക്ക' എന്നത് മുസ്ലിം സമുദായം ഉപയോഗിച്ചു വരുമ്പോൾ ''ഏട്ടാ' എന്നു മറ്റു സമുദായങ്ങളിൽ ഉപയോഗിച്ചു വരുന്നു.
   ഓമനപ്പേർ ഇടുന്ന സമ്പ്രദായം മുസ്ലിം സമുദായത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന രീതിയുണ്ട്. കുഞ്ഞോൾ, മാളു എന്നീ പദങ്ങൾ സാധാരണ ഗതിയിൽ ഉപയോഗിച്ചു വരുന്നു.
  'ഏയ്', 'കൂയ് ', 'നോക്കി', ' 'എന്തേ', 'എത്താ' എന്നിങ്ങനെയുള്ള പദങ്ങൾ സംഭാഷണം ആരംഭിക്കാനുള്ള ഭാഷാരൂപങ്ങൾ മലപ്പുറം മലയാളത്തിലും കാണുന്നു.
🌱☘🌱☘🌱☘🌱☘🌱☘🌱☘🌱☘

ഞാങ്കൊയങ്ങി
     വള്ളുവനാട്ടിലും ഏറനാട്ടിലും തദ്ദേശീയമായി പ്രയോഗത്തിലുള്ള  ഒരു വാക്കാണ് 'ഞാങ്കൊയങ്ങി'.ഞാൻ കുഴങ്ങി എന്നതിന്റെ ഉച്ചാരണഭേദമാണിത്. പൊതുവെ ക്ഷീണം, പ്രശ്നങ്ങളുടെ നടുവിൽ അകപ്പെടുക എന്നൊക്കെയാണ് ഈ പ്രയോഗം കൊണ്ട് അ൪ത്ഥമാക്കുന്നത്. ഞാൻ ചേർത്തു കൊണ്ടുള്ള ഈ പറച്ചിൽ മറുപടികളായാണ് ഭാഷണത്തിൽ കടന്നു വരുന്നത്. 'ക്ഷീണത്തെ'ക്കുറിച്ചു പറയാൻ ഞാങ്കൊയങ്ങി എന്നു പറയാറുണ്ട്. എന്നാൽ ഞാൻ എന്ന സ൪വ്വനാമത്തിന് ഇവിടെ പ്രാധാന്യമില്ല. മലപ്പുറം ജില്ലയിലെ ചെറുകാവ്, പുതുക്കോട്, പെരിങ്ങാവ് തുടങ്ങിയ പ്രദേശങ്ങളിൽ ഈ വാക്കിന് മറ്റൊരു പ്രയോഗാ൪ത്ഥം കൂടിയുണ്ട്. പൊതു മലയാളത്തിൽ കുടിയൻമാർക്കും ഇടമുണ്ട്. മദ്യപാനവുമായി ബന്ധപ്പെടുത്തി പറയാവുന്ന ഭാഷാ പ്രയോഗങ്ങൾ, ഭാഷാ രൂപങ്ങളും ചേർന്നതാണ് ഈ ഭാഷായിടം. മദ്യം, മദ്യപാനം, മദ്യപാനി, മദ്യാസക്തി, മദ്യവിപത്ത് എന്നിങ്ങനെ ഒട്ടേറെ പദങ്ങളോടൊപ്പം  നാണം കുണുങ്ങി, ആനമയക്കി, മണവാട്ടി, കൊട്ടുവടി എന്നിങ്ങനെ ഒട്ടേറെ മദ്യപ്പേരുകളോടൊപ്പം 'ഞാങ്കൊയങ്ങി' യും സ്ഥാനം പിടിച്ചിരിക്കുന്നു. മദ്യത്തിന്റെ നിലവാരത്തെയും മദ്യപാനിയെയും മദ്യാസക്തിയെയുമെല്ലാം ഈ പദം സൂചിപ്പിക്കുന്നു.
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം
എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്.
പുസ്തകം തയ്യാറാക്കിയ
ഗവേഷകരോടുള്ള
 കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏