12-04-19


ഇന്ന് കേരളത്തിലെ ഏക ഷഹ്നായ് വാദക കലാകാരൻ ഉസ്താദ് ഹസ്സൻഭായ് യെ പരിചയപ്പെടാം..
കേരളത്തിലെ ഒരേയൊരു ശഹ്‌നായി വാദ്യോപകരണ വിദ്വാന്‍; ഹസന്‍ ഭായിക്ക് സംഗീതം അനുഭൂതികള്‍ നിറച്ച യാത്രയാണ്
പീതാംബരന്‍ കുറ്റിക്കോല്‍

കാസര്‍കോട്: ജീവിതം സംഗീതത്തിനായി ഉഴിഞ്ഞു  വച്ച ഡോ.ഉസ്താത് ഹസന്‍ ഭായി കേരളത്തിലെ ഒരേയൊരു ശഹ്‌നായി വാദ്യോപകരണ വിദ്വാന്‍. കോളിയടുക്കം ഗ്രാമത്തില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഹസ്സന്‍ ഭായി ആരാണെന്നറിയാമോ? മുപ്പതോളം വിദേശ- പൗരസ്ത്യ സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുവാന്‍ അറിയുന്ന അപൂര്‍വ്വം വ്യക്തികളില്‍ ഒരാള്‍. ഇദ്ദേഹത്തിന് അറിയാവുന്ന സംഗീത ഉപകരണങ്ങളില്‍ പലതും ഇപ്പോള്‍ പ്രാചാരത്തിലില്ല. ‘കേരളത്തിലെ ബിസ്മില്ലാഖാന്‍ നീയാകണ’മെന്ന് പറഞ്ഞ ഉസ്താത് ബിസ്മില്ലാഖാന്റെ ശിഷ്യരിലൊരാളാണ് ഹസന്‍ ഭായി. പ്രിയപ്പെട്ട ഗുരു ബിസ്മില്ലാഖാന്‍ സമ്മാനിച്ച ശഹ്‌നായി എന്നും കൂടെ കൊണ്ടുപോകുന്ന മഹാശിഷ്യന്‍.
കണ്ണൂര്‍ ജില്ലയിലെ തലശേരിയില്‍ കായിയത്ത് തറവാട് കെയീ കുടുംബത്തില്‍ 1943 ഓഗസ്ത് 15 നാണ് ജനനം. ബ്രിട്ടീഷ് ഇന്ത്യയില്‍ പട്ടാള ക്യാപ്റ്റനായ അമ്മാവനായ മൂസയ്ക്കൊപ്പം റോള്‍സ് റോയിസ് ആഡംബരകാറില്‍ മൈസൂരില്‍ പോയി. മൈസൂര്‍ കൊട്ടാരത്തിലെ ആസ്ഥാന ഗായകന്‍ നാഗരാജ ഗൂഡപ്പയില്‍ നിന്നും കര്‍ണാടിക് സംഗീതം സ്വായത്തമാക്കി. പതിമൂന്ന് വര്‍ഷത്തോളം ഇന്ത്യന്‍ നേവിയിലും അമേരിക്കന്‍ നേവി കമ്പനിയിലും ജോലി ചെയ്ത് ലോകം ചുറ്റാനിടയായി. വിയറ്റ്നാം യുദ്ധത്തിലും പങ്കെടുക്കേണ്ടി വന്നു. പിന്നീട് സംഗീതത്തിന് വേണ്ടി നേവി ഫോര്‍ത്ത് കേഡറ്റ് ജോലി ഉപേഷിച്ചു. ക്ലാസ്സിക്കല്‍ പാരമ്പര്യവും ഫോക്ക് പാരമ്പര്യവും ഹസന്‍ ഭായിയുടെ സംഗീതത്തിലും ശ്രുതിയിലും താളത്തിലുമുണ്ട്. പന്ത്രണ്ട് ഭാഷകള്‍ അറിയാം.

സകല സൗഭാഗ്യത്തിലും ജനിച്ചു വളര്‍ന്ന് ഒടുവില്‍ ഒന്നും സ്വന്തമാക്കാതെ സംഗീതം മാത്രം ധന്യമായ ജീവിതമാണ് ഈ മഹാപ്രതിഭയുടേത്. സാത്വിക സഞ്ചാരത്തിലൂടെ സ്‌നേഹത്തിന്റെയും കരുണയുടെയും ആരോഹണാവരോഹണങ്ങള്‍ തീര്‍ത്ത യാത്രയാണ് ഹസന്‍ഭായിയുടെ ആയുസിനൊപ്പമുള്ളത്. ബഹുസ്വരതയുടെ സംഗീതമാണ് ശഹ്‌നായി. ലോക മതസൗഹാര്‍ദ്ദത്തിന് മനുഷ്യ മാനവികതയുടെ സംഗീതജ്ഞന്‍ അലിഞ്ഞുചേരാന്‍ പുറപ്പെട്ട ഹസന്‍ഭായിയെ വരവേറ്റത് മതവും ജാതിയും വര്‍ണവും ദേശവും വിഭിന്നങ്ങളാവാത്ത സംഗീതസദസ്സുകളായിരുന്നു. ഗംഗയുടെ തീരത്തുനിന്ന് ശാന്തിതീര്‍ഥവുമായി യാത്ര തിരിച്ച മലയാളത്തിന് അഭിമാനമായ ഈ ശഹ്‌നായിയുടെ ഉപാസകന് 76 വയസ് പിന്നിടുന്നു. മഹാന്മാര്‍ പലരും ഹസന്‍ ഭായിടെ അടുത്ത് നിന്ന് വിവിധ രാഗങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കാറുണ്ട്.
1978- ല്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കലാശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചു. ഇവിടെ മുതലാണ് ഉസ്താദ് ഹസന്‍ ഭായിയായത്. മഹാരാഷ്ട്ര സര്‍ക്കാറിന്റെ ഗുരുശ്രേഷ്ഠ അവാര്‍ഡ്, 2015- ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡും ലഭിച്ചു. ഇന്റര്‍ നാഷണല്‍ യൂനിവേഴ്‌സിറ്റി (യു.എസ്.എ) ചെന്നൈയില്‍ വെച്ച് ഹസ്സന്‍ ഭായിയെ ഡി.ലിറ്റ് (ഡോക്ടറേറ്റ്) അംഗീകാരം നല്‍കി ആദരിച്ചു. ഗിന്നസ് റെക്കോര്‍ഡിനായി ചെന്നൈയിലെ ഇന്റര്‍ നാഷണല്‍ യൂണിവേഴ്സിറ്റി അധികൃതര്‍ നടപടികള്‍ തുടങ്ങിയതായി ലോകത്താകെ പതിനായിരക്കണക്കിന് ശിഷ്യരുള്ള ഹസ്സന്‍ ഭായ് ചാനല്‍ ആര്‍.ബി യോട് പറഞ്ഞു.
തലശ്ശേരിയിലെ കേയീ കുടുംബത്തിന്റെ പ്രതാപകാലത്തു നിന്ന് യാത്ര തുടങ്ങിയ ഇദ്ദേഹം ഇപ്പോള്‍ പ്രാരാബ്ധങ്ങളുടെ നടുക്കടലിലാണ്. പരവനടുക്കം സരസ്വതി സംഗീത കലാക്ഷേത്രം, പാലക്കുന്ന് അംബിക സംഗീത വിദ്യാലയം തുടങ്ങി പരിശീലനം നല്‍കിയാണ് ഉപജീവനം നടത്തുന്നത്. സംഗീതവുമായി നടന്ന നീണ്ട യാത്രയില്‍ കിടപ്പാടം നഷ്ടപ്പെട്ട ഹസന്‍ഭായ് കോളിയടുക്കത്തെ ഒറ്റമുറി വീട്ടില്‍ കുടുംബത്തോടൊപ്പം താമസിക്കുകയാണ്. ഭാര്യ സഫിയയും നാലുമക്കളും പേരക്കുട്ടികളുമടങ്ങുന്ന കുടുംബമാണ് ഇദ്ദേഹത്തിൻ്റെത്. ശോക- മൂക ഭാവങ്ങള്‍ മാത്രം നിറച്ച ശഹ്‌നായിയുടെ സ്ഥായീഭാവങ്ങള്‍ ജീവിതത്തിനൊപ്പം ഇദ്ദേഹത്തെ പിന്തുടരുകയാണ്. അനുഭൂതികള്‍ നിറച്ച യാത്രയായിരുന്നു പിന്നിട്ട ജീവിതം.
https://youtu.be/RClZZD3o7Rc
https://youtu.be/XsaTrSGaTVo
https://youtu.be/ZUGZhVshGxw