11-05-19

ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാവർക്കും സ്നേഹപൂർവ്വം സ്വാഗതം..🙏🌹🌹🌹
ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാനിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." കഴിഞ്ഞയാഴ്ചയിലെ ബാക്കി ഇപ്പോൾ വായിക്കാം..👇🏻
രണ്ടാഴ്ചത്തെ ഇടവേളക്കു ശേഷം കൂടുതൽ തീക്ഷ്ണതയോടെ ആത്മായനം മുന്നോട്ട്...👇🏻
നജീത്തയുടെ വൈവാഹിക ജീവിതത്തിനേറ്റ പ്രതിസന്ധി പിന്നെയെന്തായി..? ഇപ്പോൾ, വായിക്കാം...👇🏻
ഇതാണ് ഞാൻ
ആത്മായനം
ജസീന റഹീം
വിവാഹപ്പിറ്റേന്ന് " ഭർത്താവിനെ കളഞ്ഞേക്കു.. നമുക്ക് വേറെ നോക്കാ.."മെന്ന് എത്ര ലാഘവത്തോടെയാണ് ഒരു പെൺകുട്ടിയോട് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.. പക്ഷേ ആ സന്ദർഭത്തിൽ പെൺകുട്ടിയെടുത്ത തീരുമാനം എത്ര ഉചിതമായിരുന്നുവെന്ന് പിന്നീട് കാലം കാട്ടിക്കൊടുത്തു... കരഞ്ഞു തളർന്ന നജീത്ത ബന്ധുക്കൾടെ മുന്നിലേക്ക്.. വലിയ കാർന്നോന്മാർക്ക് നടുവിലേക്ക് നയാഗ്ര പോലെ കടന്ന് വന്ന് "എനിക്കെന്റെ ഇക്ക മതി.. സുഖമായാലും ദുഃഖമായാലും ഞങ്ങൾ ഒന്നിച്ച് സഹിച്ചോളാം.. "
എന്ന് പറഞ്ഞപ്പോൾ.. ഞങ്ങളെത്ര കല്യാണം നടത്തിയിരിക്കുന്നു.. എത്രയെണ്ണം പൊളിച്ചിരിക്കുന്നു... നിന്നെയും ഇപ്പം ശരിയാക്കാമെന്ന മട്ടിൽ കാത്തിരുന്ന കാർന്നോന്മാർ ഇളിഭ്യരായി ..
.കല്യാണം കഴിഞ്ഞ് വിരുന്നുകളുമുണ്ട്
നെജിത്തയും  സലാമിക്കയും ഇണക്കിളികളായി കടൽ കടന്ന്  ആൻഡമാനിലേക്ക് പറന്നു പോയി.. അതുവരെ സോഷ്യൽസ്റ്റഡീസ് പുസ്തകത്തിൽ മാത്രം കണ്ടു പഠിച്ച ആ കേന്ദ്ര ഭരണ പ്രദേശം ഞങ്ങൾക്കും വേണ്ടപ്പെട്ട നാടായി..
കാലാപാനി സിനിമ കണ്ട് സെല്ലുലാർ ജയില് കണ്ട്  ഞങ്ങൾടെ ബന്ധുക്കളുടെ നാടിനെയോർത്ത് പുളകിതരായി..
വിവാഹത്തിനു മുമ്പ് നജീത്ത ഞങ്ങളുടെ വീട്ടിൽ ഇടക്ക് വന്നു നിൽക്കുമായിരുന്നു.. അങ്ങനെയൊരു നില്പിലാണ് ഒരു പാതിരാത്രി നെജീത്ത ഒരു കള്ളനെ നിഷ്പ്രയാസം ഓടിച്ചത്..
അന്നൊക്കെ രാത്രി ഉറങ്ങാൻ കിടന്നാലും പാതിരാത്രിയിൽ ഒരു വട്ടം കൂടി മൂത്രമൊഴിപ്പ് പതിവാണ്.. എല്ലാവരും നല്ല ഉറക്കത്തിൽ കിടക്കുമ്പോഴാണ് നെജീത്ത ഉമ്മായെ പതുക്കെ വിളിച്ചത്
"കൊച്ചുമ്മാ.. കൊച്ചുമ്മാ.. എണീക്ക്.. മൂത്രമൊഴിക്കണം.. "
ഉമ്മ എഴുന്നേറ്റ് വരും മുമ്പെ മൂത്രശങ്ക നിയന്ത്രണാതീതമായതിനാൽ നജീത്ത കതക് തുറന്ന് പുറത്തേക്കിറങ്ങി.. അപ്പോഴാണ് തിണ്ണയിൽ എന്തോ സാധനം ചാരി വച്ചിരിക്കുന്നത് ഇത്ത കണ്ടത്.. ഇതാരാ ഇവിടെ കൊണ്ടു വച്ചതെന്ന ചോദ്യത്തോടെ  നജീത്ത തിണ്ണയിലിരുന്ന സാധനത്തിൽ ഒരു അടിയും തള്ളും വച്ചു കൊടുത്തു.. എന്നിട്ട്  നേരെ തെങ്ങിൻ ചോട്ടിൽ പോയി കാര്യവും സാധിച്ച് തിരികെ വന്നപ്പോൾ നേരത്തെ കണ്ട സാധനം തിണ്ണയിലില്ല.. "ങേ.. ഇവിടിരുന്ന സാധനം എവിടെപ്പോയി.. ?" എന്ന് ചോദിച്ചപ്പോഴതാ വഴിയിലൂടെ ഒരാൾ ഓടുന്നു..
         സമ്പന്നരുടെ വീടുകളിൽ മാത്രമല്ല
പെൺകുട്ടികൾ  ഉള്ള വീടുകളിലും അന്ന് കള്ളൻമാർ എത്തിയിരുന്നു.. ഞങ്ങൾടെ വീട്ടിൽ പലപ്പോഴും ആരോ കതകിന് തട്ടുകയും .. "ആരാടാ .." ന്ന് ചോദിച്ച് ഉമ്മ ഭരണിപ്പാട്ട് തുടങ്ങുമ്പോൾ ഓടിക്കളയുകയും ചെയ്തിരുന്നു.. കള്ളൻമാർ പലപ്പോഴും മറപ്പുരക്ക് ഓട്ടയിടുകയും രാത്രി കതകിൽ തട്ടുകയും മുറ്റത്തൂടെ വെറുതെ ഉലാത്തുകയും ചെയ്തു.. അസാമാന്യ ധൈര്യശാലിയായിരുന്ന ഉമ്മ പലപ്പോഴും രാത്രികളിൽ വെട്ടുകത്തിയുമായി ചാടിയെണീക്കയും ആരാടാ..  ന്ന് ഉച്ചത്തിൽ ആക്രോശിക്കുകയും ചെയ്യുമ്പോൾ ഞങ്ങൾ ശ്വാസം പോലും വിടാനാകാതെ പേടിച്ച് വിറച്ച് .. പുതപ്പ് തലവഴിയേ വലിച്ചിട്ട് അനങ്ങാതെ കിടന്നു.. ഇങ്ങനെയുള്ള എണ്ണമറ്റ ഉറക്കമില്ലാ രാവുകളിലൂടെ ഞങ്ങളുടെ കൗമാരകാലവും കടന്നു പോയി..
       അന്ധമായ മതാരാധനകളിൽ കെട്ടിയിടപ്പെട്ടില്ല ഞങ്ങളുടെ ബാല്യകൗമാരങ്ങൾ .. സന്ധ്യാനേരത്തെ പ്രാർഥനകൾ പതിവായിരുന്നെന്നു മാത്രം.. തീർത്ഥയാത്രകളും കുറവായിരുന്നു.. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ ട്രെയിനിൽ കയറി നാഗൂർ പള്ളിയിൽപോയതും ഒരു രാത്രി അവിടെ മുറിയെടുത്ത് തങ്ങിയതുമാണ് ഭക്തിയുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യത്തെ യാത്ര.. ഞങ്ങൾക്കൊപ്പം അയൽക്കാരനായ ബദറ്മാമായും കുടുംബവുമുണ്ടായിരുന്നു.. പിന്നീട് തമിഴ്നാട്ടിലെ ആറ്റിൻകരപള്ളിയിലേക്ക് വാപ്പ പല തവണ പോവുകയും ചിലപ്പോഴൊക്കെ ഞങ്ങളെയും കൊണ്ടുപോയിരുന്നു.. വീട്ടിൽ നിന്ന് അതിരാവിലെ ഞങ്ങൾ പുറപ്പെടുകയും തിരുവനന്തപുരം നാഗർകോവിൽ വഴി പല ബസുകൾ കയറിയിറങ്ങി.. മണിക്കൂറുകൾ ബസുകൾ കാത്തു നിന്ന്.. തമിഴ് നാടിന്റെ വരണ്ട മണ്ണിലൂടെ ഞങ്ങൾ രാത്രി വളരെ വൈകി ആറ്റിൻകരയിലെത്തുകയും ഇരുട്ടിൽ വല്ല വിധേനയും വെള്ളമുള്ള ഇടം തേടിപ്പിടിച്ച് കുളിച്ച് ശരീരശുദ്ധി വരുത്തിയ ശേഷം  കാറ്റും.. മഴയും ..വെയിലുമേറ്റ് തുറസായ കബറിടത്തിൽ വിശ്രമിക്കുന്ന സെയ്ദലി - ഫാത്തിമ മാരുടെ അരികിലിരുന്ന് മനസിലെ വേദനകൾ ഇറക്കി വച്ച് ഉമ്മായും വാപ്പായുംപ്രാർഥനയിലൂടെ ആശ്വാസം തേടുമ്പോൾ യാത്രാ ക്ഷീണം കൊണ്ട് പാതിയടഞ്ഞ കണ്ണുകളോടെ ഞാനും അവർക്കരികിലിരുന്നു.. എന്നെ സംബന്ധിച്ച് മരിച്ചിട്ടും തൊട്ടു തൊട്ട് ചേർന്ന കബറുകളിൽ കിടക്കാൻ ഭാഗ്യം ലഭിച്ച പ്രണയികളായി സെയ്ദ ലി-ഫാത്തിമമാർ നിറഞ്ഞുനിന്നു..ഭക്തിയായിരുന്നില്ല.. മനസു നിറയെ പ്രണയമായിരുന്നു.. പ്രണയം മാത്രം..
       ഉദാത്തമായ ദാമ്പത്യത്തിന്റെ മാതൃകകൾ..
രാത്രി പള്ളിയുടെ മുറ്റത്തെ തണുത്ത കാറ്റേറ്റ്  മണൽപ്പരപ്പിൽ.. അപരിചിതർക്കൊപ്പമുറങ്ങി.. ഉറങ്ങുന്നവർക്കിടയിലൂടെ കൂസലെന്യേ നടക്കുന്ന കഴുതകളും .. ആടുകളൂം.. മണലിൽ ചിതറിക്കിടക്കുന്ന വിസർജ്യങ്ങളും ഒക്കെയായി നേരം വെളുപ്പിക്കയും അതിരാവിലെ ഉണർന്ന് ആദ്യ വണ്ടിയിൽ മടക്കയാത്ര നടത്തുകയും ചെയ്തു..പിന്നീട് മുതിർന്നപ്പോഴും.. പല തവണ ആറ്റിൻകര പള്ളിയിലേക്ക് ഞങ്ങൾ പോയി.. വീട് വിട്ട് അകലേക്ക്  നടത്തിയ ആദ്യ യാത്രകളതായിരുന്നു.. മരുഭൂമിക്കു സമാനമായ ഭൂപ്രകൃതിയും.. ഇടക്ക് കാണുന്ന പച്ചപ്പും ഒക്കെ കൂടി തീർത്ഥാടനത്തെക്കാൾ കാഴ്ചകൾ കാണുന്ന അവസരങ്ങൾ മാത്രമായിരുന്നു എനിക്കവ.....
          പ്രീഡിഗ്രിക്കാലത്തൊരു ദിവസം സന്ധ്യാനേരത്ത് ഉമ്മായും ഞാനും ജാസും കൂടി യാസീൻ ഓതുകയായിരുന്നു.. പെട്ടെന്നെനിക്ക് വല്ലാത്തൊരു ക്ഷീണവും പരവേശവുമനുഭവപ്പെട്ടു.. ഞാനെഴുന്നേറ്റ് അടുക്കളയിൽ പോയി കുറച്ച് വെള്ളമെടുത്ത് കുടിച്ചിട്ട് മടങ്ങി വന്നിരുന്ന് യാസീൻ ഓതൽ തുടർന്നു.. എന്നാൽ ഓതാനാകാതെ നാവും ചുണ്ടുമുണങ്ങി മുഖമാകെ വിളറി.. ഡ്രാക്കുളയുടെ ചോരകുടിയിൽ വിളർത്ത ലൂസിയെപ്പോലായി.. എന്റെ മട്ടും മാതിരിയും കണ്ട് ഉമ്മ പേടിച്ചു.. എനിക്കാകെ ഓക്കാനിക്കാൻ മുട്ടി.. ഞാൻ വെളിയിൽ ചെന്ന് കുന്തിച്ചിരുന്ന് ബ്വ.. ബ്യാ.. ന്ന് മഞ്ഞ വെള്ളം തുപ്പി.. ഉമ്മ പെട്ടെന്ന് അയൽ പക്കത്തേക്കോടി.. പോലീസുകാരനായ സലിമിക്കായുടെ വീട്ടിലേക്ക്.. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങാൻ കിടന്ന സലിമിക്ക ഉമ്മാടെ പരവേശം കണ്ട് ചാടിയെഴുന്നേറ്റ് .. എനിക്ക് വേണ്ടി ചരട് ഓതിയ്ക്കാൻ മുസ്ലിയാരെ തേടി പള്ളിയിലേക്ക് പോയി.. മുസ്ലിയാര് മന്ത്രിച്ച് .. ഓതി ഊതി തന്ന ചരടും കഴുത്തിലണിഞ്ഞ് ഞാൻ അത്താഴം കഴിക്കാനിരുന്നു.. എന്നും ആർത്തിയോടെ മീൻകറി കൂട്ടി വലിച്ചുവാരി തിന്നുന്ന എനിക്ക് അന്ന് ഭക്ഷണം കണ്ടപ്പോൾ പിന്നെയും മനംപിരട്ടി.. ചില ദിവസങ്ങളിൽ ഉമ്മ പെട്ടെന്ന് തട്ടിക്കൂട്ടുന്ന ഒരു പുളീം.. മുളകുമുണ്ടായിരുന്നു.. അതുള്ളപ്പോൾ ഇരട്ടിച്ചോറ് കഴിക്കുന്ന ഞാൻ അന്ന് പുളീം .. മുളകിനോടെന്നല്ല വെറും വെള്ളത്തിനോടു പോലും മുഖം തിരിച്ചു...
******************
പ്രവാസിയുടെ വരവാണല്ലോ ആത്മായനം മുടക്കിയത്.. ഇതാ അനുബന്ധമായി പ്രവാസി ഭാര്യയുടെ ഒരു കവിത...👇🏻
പ്രവാസിയുടെ ഭാര്യ..
ജസീന റഹീം
നീലാകാശം പോലെ
സൗമ്യസുന്ദരമാകണമെന്ന്
ഉള്ളാലെ കൊതിക്കുമ്പോഴും
ഉൾക്കനലുകളാൽ
ആളിപ്പടരുന്നവൾ..
സാന്ദ്രസന്ധ്യകളിൽ
തനിച്ചാക്കപ്പെട്ടവൾ..
എരിഞ്ഞു തീരുന്ന
ജീവിതത്തിൽ നിന്ന്
നിമിഷങ്ങളെ
വിരലെണ്ണി എടുക്കുന്നവൾ..
വിരഹവനത്തിലെ
അശോകച്ചോട്ടിൽ
പ്രതാപങ്ങൾക്കും
പ്രലോഭനങ്ങൾക്കും
കീഴ്പ്പെടാത്തവൾ..
കടുത്ത വേനലിനെയത്രയും
ഒരു നീർത്തുള്ളിയിൽ
തണുപ്പിക്കുന്നവൾക്ക്
ആരും കാണാത്തൊരിടത്ത്
ദുഃഖങ്ങളെ
എത്രകാലമൊളിപ്പിക്കാനാവും..
അവളുടെ പ്രണയത്തിലേക്ക്
ചറുപിറെ പെയ്യുന്നുണ്ട്
ഒരുഷ്ണമഴക്കാലം..
******************

ഉന്മാദി ജീവിതം വരയ്ക്കുമ്പോൾ...
സ്വപ്നാ റാണി
ഉന്മാദി
ജീവിതം വരയ്ക്കുമ്പോൾ,
അതിരുകൾ
അപ്രസക്തമാകുന്നു.
വടിവുകളേക്കാളധികം
വിടവുകൾ ദൃശ്യമാകുന്നു.
നിറക്കൂട്ടുകൾക്കു പകരം
നിറംകെട്ട ഓർമ്മകൾ
പടർന്നൊലിക്കുന്നു.
ഉന്മാദി
ജീവിതം വരയ്ക്കുമ്പോൾ,
ബന്ധങ്ങൾ ബന്ധനങ്ങളല്ലാതാകുന്നു.
അവിടെ വിധേയനും വിശ്വസ്തനും
ഇല്ലാതാകുന്നു.
കാലം പുറകോട്ടൊഴുകുന്നു.
ചോർന്നൊലിക്കുന്ന
ഏതോ കൂരയുടെ
തിണ്ണയിലിരുന്ന്
ഒരമ്മ മക്കളെ
ചുട്ടു തിന്നുന്നു.
പകൽ വെളിച്ചമില്ലാത്തതും
രാവ് നക്ഷത്രങ്ങളൊഴിഞ്ഞതുമാകുന്നു.
ഉന്മാദി
ജീവിതം വരയ്ക്കുമ്പോൾ,
ഭരണചക്രങ്ങൾ
മണ്ണിലാഴ്ന്നു പോകുന്നു.
പടത്തലവന്മാർ
തലയറുത്ത ശില്ലങ്ങളാകുന്നു.
കാറ്റിൽ
അപ്പൂപ്പൻ താടിയെന്ന പോൽ
ഭൂമി പാറിക്കളിക്കുന്നു
ഉന്മാദി
ജീവിതം വരയ്ക്കുമ്പോൾ
ചരടുപൊട്ടിയ പട്ടങ്ങൾ
അവന്റെ ആജ്ഞയ്ക്കു
കാത്തു നില്ക്കുന്നു.
ചിറകറ്റ പക്ഷികൾ
ഉയരങ്ങളിലേക്ക്
പറന്നു പോകുന്നു.
വറ്റിപ്പോയ ഒരു പുഴ
പൊടുന്നനേ പിറകോട്ടൊഴുകുന്നു.
ഉന്മാദി
ജീവിതം വരയ്ക്കുമ്പോൾ,
വേലിപ്പൂക്കളിൽ നിന്ന്
വെടിയുണ്ടയുടെ
ഗന്ധമുയരുന്നു -
അണുവായുധങ്ങൾ
കളിക്കോപ്പുകളാകുന്നു.
നിഷ്കളങ്കനായ
ഒരു കുട്ടിയുടെ
കൈവെള്ളയിൽ
അവ ചോരയാൽ
കളം തീർത്തു ചിരിപ്പിക്കുന്നു.
ഒരിക്കലും
വരച്ചവസാനിപ്പിക്കാനാവാത്ത
ജീവിതത്തിന്റെ ചിത്രങ്ങളെയുപേക്ഷിച്ച്
ഒടുവിലയാൾ
ഒറ്റയാന്റെ കാടുകയറലാകുന്നു.
******************

വിട
സുനിത ഗണേഷ്
പ്രിയനേ നോക്കൂ,
പകലു മുഴുവനും
പൂന്തോട്ടത്തിൽ വിരുന്നു വന്ന
കുസൃതിക്കുരുന്നുകൾ
വാലിൽ
ചരൽക്കല്ലുകെട്ടി പറത്തുകയായിരുന്നു.
ആദ്യം പേടിച്ചു പോയി.
പിന്നെ കുട്ടികളെ
സന്തോഷിപ്പിക്കാനായി
വട്ടം, വട്ടം പറന്നു.
ഉയരം പോരാഞ്ഞ്
കുസൃതികൾ
ചാട്ടകൊണ്ടടിച്ചു.
കളി മാറി, കലിയാവുന്നത്
കണ്ട്
കണ്ണീരൊഴുക്കി.
പ്രിയനേ കണ്ടുവോ?
കുട്ടികൾ കളി കഴിഞ്ഞു
പൊയ്ക്കഴിഞ്ഞു.
ഇരുളൊഴുകി പൂന്തോട്ടം
നിറഞ്ഞിരിക്കുന്നു.
വാൽമുറിഞ്ഞ്,
ചിറകറ്റ തുമ്പി,
ശ്വാസത്തിനായി പിടയുന്നു.
പ്രിയനേ,
ആ കെട്ടൊന്നഴിക്കു...
എന്റെയാത്മാവിനെ
മുക്തയാക്കൂ...
കളിക്കാരിനിയും വരും,
പിടഞ്ഞു ചാവാനിനിയുമെത്ര
തുമ്പികളീയുദ്യാനത്തിൽ
ബാക്കി!!
വിടചൊല്ലട്ടെ ഞാൻ,
നോവുമാത്മാവിനായിത്തിരി
പൂന്തേൻ കാത്തുവെക്കൂ
അടുത്ത ജന്മത്തിലേക്കെങ്കിലും..
വിട,
പിടയുന്ന ദേഹിയോടെയീ,
തറയുന്ന വേദനയോടെ...
വിട.
******************

സോജാ രാജ് കുമാരീ....
നരേന്ദ്രൻ.എ.എൻ
പത്തിരുപത്തഞ്ചു കൊല്ലം മുമ്പാണ്.
മഞ്ചേരി പഴയ ബസ് സ്റ്റാന്റിൽ ഒരു കാസറ്റ്കടയിൽ നിൽക്കുകയായിരുന്നു.അന്ന് ഒരുപാട് കാസറ്റുകൾ വാങ്ങിക്കൂട്ടിയിരുന്നു.പാട്ടു കേട്ടിരുന്നു.പാട്ടു തീർന്നാൽ മരിച്ചു പോവുമോ എന്നു പോലും ഞാൻ ഭയപ്പെട്ടിരുന്നു!
കടയിലേക്കു പ്രായമായ ഒരാൾ കയറി വന്നു.അയാൾ കടക്കാരനോടു ചോദിച്ചു.ഈ സൈഗാളിന്റെ പാട്ടുണ്ടോ?ആര്?... കടക്കാരൻ ആ പേര് കേട്ടിട്ടേയില്ല.പിന്നെ, ഒരു നിമിഷം ആലോചിച്ച് നിന്നിട്ട് അയാൾ ഒരു പുതിയ കാസറ്റ് എടുത്തുക്കൊടുത്തു.അല്ല,ഇതല്ല.അയാൾ പറഞ്ഞു.അത് ബാബാ സെഗാളിന്റേതായിരുന്നു.പോപ്പ് ഗായകൻ!
സൈഗാളിനെപ്പറ്റി കേട്ടിരുന്നു.പക്ഷേ, പാട്ടൊന്നും കേട്ടിരുന്നില്ല.തൊട്ടടുത്ത ദിവസം സൈഗാളിന്റെ ഒരു കാസറ്റ് വാങ്ങി.HMV യുടെ ഗോൾഡൻസീരീസ്.HMV, ഹിസ് മാസ്റ്റേഴ്സ് വോയ്സ്.ഒരു കാളത്തിനു മുന്നിൽ യജമാനന്റെ ശബ്ദത്തിനായി ചെവിയോർക്കുന്ന നായയുടെ ചിത്രം അന്ന് സംഗീതത്തിന്റെ കൊടിയടയാളമായിരുന്നു.
"സോജാ രാജ്കുമാരി..."
എത്ര രാജകുമാരിമാർ ആ പാട്ടു കേട്ടുറങ്ങി!
ഗം ദിയേ മുസ്തകില്
ഇത് നാ നാശുക് ഹെ ദില്
യെ ന ജാനാ...
കൊട്ടാരക്കെട്ടുകളിൽ ജഹാംഗീറുമാരുടെ രോദനം വിങ്ങി!
ബാബുല് മൊരാ,
നൈ ഹര് ജൂടോ ഹി ജായ്...
വേർപിരിഞ്ഞുപോക്കിന്റെ വിരക്തസ്വരം.
പക്ഷേ,അർത്ഥം മനസ്സിലായത് ഏറെക്കഴിഞ്ഞാണ്.NS മാധവന്റെ ലന്തൻബത്തേരിയിലെ ലുത്തിനികൾ എന്ന കഥയിൽ നിന്ന്!
പിതാവേ,ഞാനെന്റെ വീടുവിട്ടു പോവുകയാണ്...
ആയിരക്കണക്കിന് പ്രജകൾ കണ്ണീരോടെ നോക്കി നിൽക്കുമ്പോൾ അവധിലെ നവാബ് വാജിദ് അലി ഷാ,തന്റെ രാജ്യമുപേക്ഷിച്ച് യാത്ര പോവുകയാണ്.അവർക്കു വേണ്ടി അദ്ദേഹം ഈ വരികളെഴുതി.
കഴിഞ്ഞ ആഴ്ചത്തെ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ ഏക് താര എന്ന പംക്തിയിൽ നദീം നൗഷാദ് എഴുതുന്നു.അവധിലെ അവസാനത്തെ നവാബിനെക്കുറിച്ച്,അദ്ദേഹമെഴുതിയ കവിതയെക്കുറിച്ച്,അതിനുണ്ടായ പ്രശസ്തിയെക്കുറിച്ച്,അതിനു ശബ്ദം നൽകിയ ഗായകരെക്കുറിച്ച്...
അങ്ക്ണാ തോ പർബത് ഭയാ,
ദേഹരി ഭയി വിദേശ്...
എല്ലാ വേദനകളും ചിലർ വാക്കുകളിലേക്ക് ഒതുക്കുന്നു. അവർക്കു വാക്കുകൾ കവചങ്ങളാകുന്നു.ഖേദങ്ങളുടെ സകല വാൾത്തലപ്പുകളും വാക്കുകൾ തീർത്ത പടച്ചട്ടയിൽത്തട്ടി ഒടിഞ്ഞു പോവുന്നു. അതിനുള്ളിൽ അവർ സുരക്ഷിതരാവുന്നു. മരണത്തിൽ നിന്നു പോലും.
******************

പുനർജ്ജനി
 റൂബി നിലമ്പൂർ
വിശുദ്ധിയുടെ തോടിനുള്ളിൽ
വീർപ്പുമുട്ടി മരിക്കും മുമ്പേ
എനിക്കൊന്ന് സ്വതന്ത്രയാവണം
മുടിച്ചുരുളുകളിൽ നിറയെ
ചെമ്പരത്തിപ്പൂ ചൂടണം
ഉടലിൽ ഉന്മാദിയുടെ 
 ചേല ചുറ്റണം.
വഴിതെറ്റിയിറങ്ങിയ കാട്ടുകോഴികണക്കെ
വിചിത്രപ്പെട്ട്
കാടന്വേഷിച്ചോടണം
ഹൃദയത്തെ  നോവിച്ച്
സിരകളിലൂടോടുന്ന
വിധേയത്വ രക്തത്തെ
ഊറ്റിയെടുത്ത്
കാറ്റിൽ പറത്തണം
എനിക്ക്  ഞാനാവണം
പച്ചയായ നേരാവണം.
അരുതുകൾ മാറാലകെട്ടിയ
 ഉമ്മറങ്ങളെ തച്ചുടച്ച്
നാളും നാവേറും നോക്കാതെ
കടുംതുടി കൊട്ടിപ്പാടണം
വ്യവസ്ഥിതികളുടെ വരികൾ
തെറ്റിച്ചെഴുതണം
 ചില അടിമത്തങ്ങള
പച്ചക്ക് കൊളുത്തണം
ഉന്മാദികളായ പൂക്കൾ
നൃത്തംചെയ്യുന്ന താഴ്‌വരയിൽ
ചിലമ്പുകെട്ടിയ  പാദങ്ങളാൽ
സ്വാതന്ത്ര്യത്തിന്റെ ദ്രുതതാളം
 ചവിട്ടിയാടണം
ഒഴുകിത്തീരുന്ന ചോരയുടെ
അവസാനതുള്ളിയിൽ 
വിരൽ തൊട്ട് ചില
അക്ഷരങ്ങൾ കുറിക്കണം
കാൽക്കീഴിലമർന്ന
മണ്ണായ് മാറും മുമ്പേ
അരുതുകൾകൊണ്ട്
ചിറകെട്ടിയ കാലത്തെ
തുറന്നു വിടണം
പുനർജ്ജനിയുടെ
തീപ്പന്തങ്ങൾ ഉടലിൽ
 കൊളുത്തണം
പ്രണയം പുരട്ടിയ
ചുണ്ടുകളിൽ അപ്പോഴും
ഒരുപാതി ചുംബനം
ബാക്കിവെക്കണം.
ഒടുവിലെല്ലാം മറന്ന്
ഒന്നാർത്തു ചിരിക്കണം.
******************

ഇനി ഗ്രൂപ്പംഗമായ യൂസഫ് നടുവണ്ണൂരിന്റെ കൂടെ വയൽ കാണാൻ പോയാലോ..?
വയൽ കാണാൻ പോകുമ്പോൾ....
യൂസഫ് നടുവണ്ണൂർ
ഞാനുപേക്ഷിച്ച്
തരിശാക്കിയ
വയൽ കാണാനൊന്നു പോകണം
കരകാണാ പാടത്തിൽ
കുലമറ്റ നമച്ചികൾ
ഓർമ്മകളായിഴഞ്ഞു വരുന്നു.
കള്ളി വരച്ച് നീണ്ടു കിടക്കുന്ന
വരമ്പുകൾ
വീണ്ടും തെന്നി വീഴ്ത്തി ചിരിക്കും
മങ്ങി മാഞ്ഞ നെൽക്കതിർ മണം
പാടവരമ്പിലൂടെ എതിരെ വരും.
വയൽ കാണാൻ പോകുമ്പോൾ
കൈകൾ ചിറകുകളാകും
നെഞ്ചിൽ പരൽമീൻ തുള്ളും
കൊക്കുകൾ ധ്യാനിച്ചുണരും
ഉള്ളിലെ കുളക്കോഴി
തല പൂഴ്ത്തി പൊന്തക്കാട്ടിലൊളിക്കും.
കൈതോല മറഞ്ഞ്
കാറ്റ് പിന്നെയും കളി പറയുന്നു.
ഒരു വയൽക്കിളി
കാണാക്കതിർ കൊത്തിപ്പറക്കുന്നു.
പെരു മഴയത്ത് തടാകമായുള്ള
രൂപാന്തരം
ഒരേ പരപ്പ്
ഓളമില്ലാത്ത ശാന്തത
നിലയില്ലാക്കയമെന്നറിയാത്ത ചാട്ടം!
കരകയറാനാവാതെ
തുഴഞ്ഞു തുഴഞ്ഞ് കുഴയുകയാണിപ്പോഴും !
സൂര്യൻ പിന്നിൽ മറച്ചു പിടിച്ച
കറുത്ത വടി
മീൻ കൊത്തിയ കാലിൽ
ചാലിട്ടൊഴുകിയ സന്ധ്യ.
പറിച്ചു മാറ്റാനാകാതെ
കളകൾ വളർന്നു നില്പുണ്ടാവും
ഒരാൾപ്പൊക്കത്തിൽ.
വെയിൽ ചാഞ്ഞിട്ടും
അവൾ
വഴിക്കണ്ണുമായ് കാത്തിരിക്കുന്നു.
കവിളിലെ ചോപ്പ്
മാറിൽപ്പടർത്തി
വിത്തിനായ് ദാഹിച്ച്.
വയൽ കാണാൻ പോകുമ്പോൾ
അരിയന്റെ 'കൃഷി ഗീത'*കേൾക്കാം
വല്ലം നിറയെ പൂക്കുന്നു
നീരു വറ്റാത്ത ബന്ധങ്ങൾ!
'കൊളനീരും വനനീരും കൽനീരും
വളനീരും മലനീരു മൂർനീരും
ആറു നീരൊഴുകീടുന്ന ഭൂമിയിൽ
ഏറെയുണ്ട്‌ വിളവെന്നു നിർണ്ണയം.'
പോകണമൊരുനാൾ
വയലിൽ
വെട്ടിയൊരുക്കണം
ജീവിതപ്പാടം
വിത്തായൂർന്നൊളിക്കണമാമണ്ണിൽ
ഒരു നെൽച്ചെടിയായ്  മുളച്ച്
പച്ചയായ് പടർന്ന്
കതിരായ് ചിരിക്കണം!!!
(*കൃഷി ഗീത - കാർഷിക നിയമങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പഴയ കൃതി.)
******************

നാലു ശബ്ദങ്ങൾ...
ദുർഗ പ്രസാദ്
കത്തിക്കരിഞ്ഞണഞ്ഞീടും പകലിന്റെ
വക്കിലായ് സന്ധ്യവന്നെത്തി നോക്കീടവേ,
ചിത്തത്തിലാളുന്ന ചിന്തകൾ
മൗനത്തിൽ
മുക്കിക്കെടുത്തി മടങ്ങാനൊരുങ്ങവേ,
തെക്കും വടക്കും കുതിക്കുന്ന
വണ്ടികൾ
ദൃഷ്ടിയിൽ വർണ്ണചിത്രങ്ങൾ
വരയ്ക്കുമീ-
ക്കൊച്ചു നഗരത്തിലേതോ
ബദാമിന്റെ
സ്വച്ഛമാം ഛായയിൽ കാത്തുനിൽപ്പാണു ഞാൻ.
ചുറ്റിനുമേറെയുണ്ടാളുകളെ -
ങ്ങോ പുറപ്പെട്ടിടുന്നവർ,
കാത്തു നിൽക്കുന്നവർ,
ഒന്നുമേ മിണ്ടാതെ മൗനമാം
രാജ്യത്തിലെന്തോ-
തിരഞ്ഞലഞ്ഞാണ്ടു പോകുന്നവർ.
കണ്ണിൽ നോക്കാത്തോർ;
നിഗൂഢം മുഖംമൂടികൊണ്ടു ചിരിയെ മറച്ചിരിക്കുന്നവർ;
വാക്കിന്റെ താക്കോലെടുക്കാൻ
മറന്നവർ,
വായിൽപ്പഴംതുണിക്കഷ്ണം തിരുകിയോർ,
വാടി വീഴുന്ന പകലിന്റെ കണ്ണീരു -
കാണാതെ
ചിന്താ നിമഗ്നരായ് നിൽപ്പവർ...
തൊട്ടടുത്താക്കലുങ്കിൽ മൂന്നുപേരെത്രനേരമായ് മൗനമയവിറക്കി മിഴി ചുറ്റും പരതുന്നു,
വാച്ചിലിടക്കിടയ്ക്കുറ്റുനോക്കുന്നു-
ണ്ടിതിന്നവരേവരും....
കാത്തിരുന്നോരു സുഹൃത്തുവന്നാശ്ലേഷമേകുന്നു.
കൈകൾ മുറുകെപ്പിടിക്കുന്നു.
വാക്കുകൾ വീണു ചിതറുന്നപൂർണമാം ഭാഷയിൽ
തങ്ങളിൽ കാര്യങ്ങളോതുന്നു,
കോപ്രായമോരോന്നു കാട്ടുന്നു
കൈകളാൽ; വാർത്തകൾ
തമ്മിൽപ്പകുത്തെടുത്തീടുവാൻ.
ഇന്നലത്തെച്ചിരിക്കാഴ്ചകൾ
കണ്ണു നിറക്കുന്ന കൈയ്പുനീരുറും
കഥകളും,
അന്യോന്യമംഗവിക്ഷേപങ്ങളാൽ വാരി നൽകുന്നു
മൂകരെന്നാകിലും നാലുപേർ
നാവിറങ്ങിപ്പോയെനിക്കതു കാണവേ..
മൂകമാം രാജ്യത്തിലേകനായെന്നപോൽ,
കൈകളാൽ വാപൊത്തി നിൽക്കയാണെന്നപോൽ,
മൗനക്കയത്തിലേക്കാണ്ടു -
പോകുന്ന പോൽ......
******************

ഇനിയൊരു ഗൃഹാതുരതയുടെ വായനയാകാം ..👇🏻
നിങ്ങൾ എന്ന വിളികൾ അന്യമായവർ
 ഫർസാന അലി
ചില പ്രഭാതങ്ങൾ അങ്ങനെയാണ്; ഓർമ്മകളുടെ നൂലറ്റവും പിടിച്ചാവും ആരംഭിക്കുന്നതു തന്നെ. തറവാട് വീടും വല്ലിമ്മച്ചിയും ഞാനെന്ന എട്ടുവയസ്സുകാരിയോടൊത്തു ഓർമ്മവാതിൽ കടന്നെത്തിയപ്പോൾ കൂടെ മറ്റൊരാളും  ഉണ്ടായിരുന്നു. ചുണ്ണാമ്പ് തേച്ച, പൊട്ടിച്ച അടക്കയും പുകയിലയും ഒന്നിച്ചു വെച്ച തളിർവെറ്റില ചുരുട്ടി മടക്കി വായിലിട്ടത്, ചുവന്ന നിറത്തിൽ നീട്ടി തുപ്പുന്നത് ആദ്യമായി ഞാൻ കണ്ട കൊലത്തിമാമ ആയിരുന്നു അത്. അയഞ്ഞ ജമ്പറും മുറുക്കിയുടുത്ത പുള്ളിത്തുണിയും ധരിച്ചിരുന്ന വൃദ്ധയായ കൊലത്തി മാമ ഒരിക്കലും വീടിനകത്തേക്ക് കയറി കണ്ടിട്ടില്ലായിരുന്നു. അടുക്കള വശത്തെ അരത്തിണ്ണലിരുന്ന് വല്യമ്മച്ചിയോട് പഴങ്കഥകൾ പറയുമ്പോൾ കേൾവിക്കാരിയായി ഞാനെപ്പോഴും ഉണ്ടാകുമായിരുന്നു. വല്ലിമ്മച്ചിയുടെ സമപ്രായക്കാരിയായ അവരെ, ‘മുതിർന്നവരെ ബഹുമാനിക്കണം’ എന്നെന്നെ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്ന ഉമ്മയടക്കം എല്ലാവരും ‘കൊലത്തി’ എന്ന അവരുടെ പേര് മാത്രം വിളിച്ചത് കേട്ടപ്പോഴായിരുന്നു ഞാൻ ആദ്യമായി അത്ഭുതപ്പെട്ടത്.
            കൊയ്ത്തും മെതിയും ഉണ്ടായിരുന്ന ഉമ്മവീട്ടിലേക്ക് അവധി ദിനങ്ങളിൽ ചെന്നപ്പോഴായിരുന്നു കറുത്തുതടിച്ച, നരച്ച തലയും താടിരോമങ്ങളുമുള്ള പെരൻകുട്ടിയെ ആദ്യമായി കണ്ടത്. വലിയുപ്പയുടെ സമപ്രായക്കാരനും ആജ്ഞാനിവർത്തിയുമായ, പെരൻകുട്ടിയെയും ഉമ്മയടക്കം എല്ലാവരും പേരു തന്നെ വിളിയ്ക്കുന്നത് കേട്ടപ്പോൾ എന്റെ അത്ഭുതം വീണ്ടും ഇരട്ടിയ്‌ക്കുകയായിരുന്നു. ഉമ്മ വീട്ടിൽ എത്തുമ്പോഴുള്ള കളിക്കൂട്ടുകാരിയാണ് പറഞ്ഞത്; ‘പെരൻകുട്ടി’ മണ്ണെണ്ണ കുടിയ്ക്കുമെന്ന്! കയ്യിൽ എപ്പോഴും ചെറിയ കുപ്പിയിൽ ആകാശനീല നിറത്തിലുള്ള മണ്ണെണ്ണ കാണാം. ഭയം കലർന്നൊരു അകലം അദ്ദേഹവുമായി ഞാൻ സൂക്ഷിച്ചിരുന്നുവെങ്കിലും മണ്ണെണ്ണ കുടിയ്ക്കുന്നത് കാണാനായി മാത്രം പിറകെ പമ്മി നടക്കാറുണ്ടായിരുന്നു. ഭയം കാരണമാവാം ഒരിക്കൽ പോലും ‘പെരൻകുട്ടി മാമൻ’ എന്ന് അദ്ദേഹത്തെ ഞാൻ വിളിച്ചിട്ടുമില്ലായിരുന്നു. ഇന്നും പെട്രോൾ പമ്പുകളിലെ മണം ഉള്ളിനെ കടന്നാക്രമിക്കുമ്പോൾ, മണ്ണെണ്ണ നിറഞ്ഞ കുപ്പിയുമായി നടന്നു നീങ്ങുന്ന അദ്ദേഹത്തെ ഞാൻ ഓർക്കാറുണ്ട്.
                  എൽ പി സ്കൂൾ കാലത്തെ വലിയ പേടിസ്വപ്നമായിരുന്നു അമ്മാളുവമ്മ. വൃദ്ധയായിരുന്നിട്ടും അവരെയും എല്ലാവരും ‘നീ’ എന്നും ‘അമ്മാളു’ എന്നും തന്നെ വിളിച്ചു പോന്നത്, മുതിർന്നവരെ ബഹുമാനിക്കണം എന്നുള്ള പറച്ചിലിനെ എന്റെയുള്ളിൽ വീണ്ടും ചോദ്യം ചെയ്യപ്പെടുകയായിരുന്നു. മുഖം നിറയെ പുളിങ്കുരു വലുപ്പത്തിൽ കുരുക്കൾ ഉണ്ടായിരുന്നു അമ്മാളുവമ്മയ്‌ക്ക്. സ്കൂൾ വിട്ട് വരും വഴി, ഏതെങ്കിലും ചെമ്പരത്തിക്കാടുകൾക്കിടയിൽ ഒളിച്ചിരുന്നു കുട്ടികളെ പേടിപ്പിക്കൽ അവർക്കൊരു  വിനോദമായിരുന്നു. തവളയെ കല്ലെറിഞ്ഞിട്ടാണ് ‘അമ്മാളുവിന്റെ’ മുഖം നിറയെ കുരുക്കൾ വന്നതെന്ന് കൂട്ടുകാരി പറഞ്ഞത് കേട്ടപ്പോഴും അമ്മാളുവമ്മ എന്ന് പറയാതെ അമ്മാളു എന്നവൾ പറഞ്ഞതിലായിരുന്നു എന്റെ അത്ഭുതമത്രയും!
പെട്ടെന്നൊരു നാൾ അമ്മാളുവമ്മ മരിച്ചപ്പോഴായിരുന്നു, ‘അമ്മാളു ചത്തു’ എന്ന അപൂർവത നിറഞ്ഞൊരു പ്രയോഗം ആദ്യമായി ഞാൻ കേട്ടത്. അതുവരെ കോഴിയും കാക്കയും പൂച്ചയും മാത്രമായിരുന്നു എന്റെ കണ്ണിൽ ചാവുന്നവർ; മനുഷ്യർ മരിക്കാറു മാത്രമേ ഉണ്ടായിരുന്നുള്ളു!
ഇന്നും,
നാട് പറ്റുമ്പോൾ “കുട്ടി എന്നാ വന്നേ? കുറേദിവസം ണ്ടോ ലീവ്?”
“കുട്ടീനെ പറ്റി ഉമ്മനോട് എപ്പഴും ചോദിക്കാറുണ്ട്.. സുഖല്ലേ മോൾക്ക്?" എന്നെല്ലാം ചോദിച്ചു എനിയ്ക്കു ചുറ്റും സ്നേഹമതിൽ പണിയുന്ന, ‘നിങ്ങൾ’ എന്ന പദത്തെ പലരാലും അന്യമാക്കപ്പെട്ട വാത്സല്യമുഖങ്ങളെ ‘നീ’ എന്ന് വിളിക്കാൻ എനിക്കിന്നുമാവില്ല. തൊലിനിറത്തെയും  ഞരമ്പിലൂടെ പായുന്ന ജാതിയെയും രാജ്യം നൽകുന്ന സംവരണത്തെയും നോക്കി വേർതിരിക്കാതെ അവരെയും സാധാരണ മനുഷ്യരായി മാത്രമേ എനിയ്ക്കെന്നും കാണാനാവൂ. അതിനാലാവാം നായർ യുവതിയോ, കത്തോലിക്കൻ യുവതിയോ, മുസ്ലിം യുവതിയോ  ഐ എ എസ് നേടിയെന്നു എഴുതിക്കണ്ടിട്ടില്ലാത്ത പത്രമാധ്യമങ്ങൾ, ‘ആദിവാസി’ യുവതിയും ‘ദളിത്’ യുവാവും ഐ എ എസ് നേടിയത് പ്രത്യേകം എടുത്തെഴുതിയത് കണ്ടപ്പോൾ, ഓർമ്മകളുമായി മനസ്സ് വീണ്ടും വീണ്ടും കലഹിച്ചത്.
******************

തോൽവി
അസ്ലം തിരൂർ
ഏറെ പ്രിയമോടെ തട്ടിപ്പറിച്ചെടുത്തപ്പോഴും,
പിന്നെ നിഷ്കരുണം വലിച്ചെറിഞ്ഞപ്പോഴും,
തോറ്റത് ഞാൻ മാത്രമായിരുന്നു...
ജയിച്ചത്, നിന്റെ വാശിയും.!
******************

ത്രിശങ്കു
ശ്രീല അനിൽ
എനിക്കുമുണ്ടൊരു വീട്
നാട്ടിൻ പുറത്തൊരു വീട്,,,,
മരങ്ങൾ കുടപിടിക്കുന്ന മുറ്റം
നിഴലുകളുറങ്ങുന്ന,,,
ഇടവഴികളവസാനിക്കുന്ന തൊടി
സ്വപ്നങ്ങൾ കൊണ്ട് നിറച്ച
ഒരു കൊച്ചുമുറി,,,,
ചന്തം നോക്കി നോക്കി,,
നാണിച്ചു പോയ ഒരു നിലക്കണ്ണാടി,,,,
ഉറങ്ങാതെ ഇരുന്നും കിടന്നും നടന്നും പഠിച്ച,,,
ഒരു കിടക്ക,,,
ഒരു മാഞ്ചുവട്,,,,
ഇപ്പഴും കൊതിപ്പിക്കുന്ന
ചക്ക മണം,,,,
വെള്ളമൊഴിച്ചു നനച്ച്
വിരിയിച്ച അരിമുല്ലപ്പൂ,,,,
മനസ്സിൽ നിറഞ്ഞ പൂമണം
എൻറേതു മാത്രമായ കുസൃതികൾ
കുളിച്ചു കുളിച്ചു
നീന്തി തിമിർത്ത
കലങ്ങിയും തെളിഞ്ഞും
മനസ്സിനൊപ്പം നീന്തിയവൾ എന്റെ പുഴ
ഒരു ദിനം,,,
വീടെന്നോടു പറയാതെ പറഞ്ഞു,,,,
ഇതിനി നിന്റെ വീടല്ലെന്ന്
ഞാൻ നട്ട റോസാപ്പൂവിതളുകളിൽ
തുളസിത്തലപ്പിൽ
മന്ദാരത്തളിരിൽ
മഞ്ഞിൻ കണങ്ങൾ
നാണിച്ചിരുന്നു
അവരുടെ കൺകോണിലും
നഷ്ടച്ചിരിയാണു
വിരിഞ്ഞത്
അപ്പോഴെന്നെ
ചേർത്തണച്ച മനസ്സിലൊരു
 വീടുണ്ടെന്ന്
തിരിച്ചറിവാണ്
ത്രിശങ്കുവിൽനിന്നെന്നെ
സ്വർഗത്തിലേയ്ക്കിറക്കിയത്
******************