11-02-19

📚📚📚📚📚
തളരില്ലൊരിക്കലും മനസ്സുണർന്നിരുന്നാൽ
ബാബു കാടാമ്പുഴ
(അരവിന്ദാക്ഷൻ കെ കെ)

ചിത്രരശ്മി ബുക്സ്
വില 90 രൂപ


  നുജൂദിന്റെയും നാദിയ മുറാദിന്റെയും കഥകൾ കേട്ട് നാം തിരിച്ചു പോയിട്ടുണ്ട് .ചാണകത്തിൽ നിന്ന് ധാന്യമണികൾ ശേഖരിച്ച് പട്ടിണി മാറ്റിയ കഥ ശരൺകുമാർ ലിംബാളെയിലൂടെ വായിച്ചറിഞ്ഞിട്ടുണ്ട് .പക്ഷേ കേരളത്തിൽ ഇങ്ങനെയൊക്കെയുള്ള ജീവിതങ്ങൾ ഉണ്ടാവില്ലെന്ന് നാം ആശ്വസിക്കുന്നു. നൂറു സിംഹാസനങ്ങൾ അവിടെയും നമ്മെ ഞെട്ടിച്ചിട്ടുണ്ട് .അത് മലയാളിയല്ലാത്ത നായാടി നാടോടിയുടെ കഥയെന്ന് നാം ആശ്വസിച്ചു .നാരായൻ പറഞ്ഞ കഥ കേട്ട് ഒറ്റപ്പെട്ട ആദിവാസിയുടെ സങ്കടം എന്ന് പറഞ്ഞ് നാം അതിനെയും മറികടന്നു, അല്ലെങ്കിൽ കാണാതിരുന്നു. മലപ്പുറം ജില്ലയിൽ താരതമ്യേന വികസിതമായ ഒരു സ്ഥലത്ത് മുപ്പതു കൊല്ലം മുമ്പ് പട്ടിണിയും യാതനയും അനുഭവിച്ച ഒരു ബാലൻെറ കഥ ഇതാ നമ്മെ നോക്കി കളിയാക്കി ചിരിക്കുന്നു. ദൈവമേ ഇതോ കേരളമെന്ന് വിലപിക്കാനെങ്കിലും കഴിയുന്നവർക്ക് ബാബു കാടാമ്പുഴയുടെ ആത്മകഥയിലേക്ക് സ്വാഗതം.

       ഒരു അപകടത്തെയും, അതിനെത്തുടർന്നുണ്ടായചികിത്സാപിഴവിന്റെയും(?) ഫലമായി ജീവിതംമുഴുവൻ നരകയാതന അനുഭവിക്കാൻ വിധിക്കപ്പെട്ട ഒരു യുവാവിന്റെ ആത്മകഥാ ക്കുറിപ്പുകൾ എന്ന നിലയിലാണ് ഈ പുസ്തകം വായിക്കാൻ എടുത്തത്. ബാബുവിൻെറ 'രുധിരതാരകം'എന്ന കവിതാസമാഹാരം ഒന്നാം പതിപ്പ് പ്രകാശനം ചെയ്തത് എംഎൽഎ ശ്രീ കെ ടി ജലീലിന് നൽകിക്കൊണ്ട് ശ്രീ പിണറായി വിജയനായിരുന്നു. രണ്ടാം പതിപ്പ്  കൈതപ്രം ദാമോദരൻ നമ്പൂതിരിയും, മൂന്നാം പതിപ്പ് സംഗീതസംവിധായകൻ ശ്രീ എം ജയചന്ദ്രനും നാലാം പതിപ്പ് മന്ത്രി ശ്രീ കെ ടി ജലീലും ആണ് പ്രകാശിപ്പിച്ചത്. പരസഹായം കൂടാതെ പ്രാഥമികകൃത്യങ്ങൾ കൂടി ചെയ്യാൻ കഴിയാത്ത ഒരു യുവാവിന്റെ പുസ്തകമാണിതെന്ന് ഓർക്കണം. അപ്പോഴേ ബാബുവിന്റെജനകീയത നമുക്ക് മനസ്സിലാവുകയുള്ളൂ.
       ഒരിക്കൽ ബാബുവിന്റെ വീട്ടിൽ പോകാനും, ആ അവസ്ഥ കണ്ട് സങ്കടപ്പെടാനും ഇടയായിട്ടുണ്ട് .അതിനു കാരണം എന്റെ സുഹൃത്ത് ഇക്ബാൽ മാഷാണ് .
      ഒരു ഗ്രാമം മുഴുവനും ഒറ്റമനസ്സോടെ പ്രവർത്തിച്ച് ഒരു യുവാവിനെ വിവാഹത്തിലേക്കും ജീവിതത്തിലേക്കും കൈ പിടിച്ചു നടത്തുന്ന കാഴ്ച അത്ഭുതാദരങ്ങളോടെ ഒഴിഞ്ഞുനിന്നു കാണുകയായിരുന്നു ഞാൻ. വിവാഹവേദിപുസ്തക പ്രകാശന വേദി കൂടി ആയി മാറുന്ന അപൂർവതയും നാമവിടെ കണ്ടു. അംഗപരിമിതനായ യുവാവിന്റെ അതിജീവനത്തിന്റെ കഥ.
"തളരില്ല ഒരിക്കലും മനസ്സുണർന്നിരുന്നാൽ" എന്ന് ബാബു പറയുമ്പോൾ നാം തലകുലുക്കി സമ്മതിക്കും .

    "രണ്ടായിരാമാണ്ട് മാർച്ച് മാസത്തിലെ ആദ്യത്തെ
വെളളിയാഴ്ച. കാടാമ്പുഴ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന
കെട്ടിടനിർമ്മാണത്തൊഴിലാളിയായഞാൻ പതിവുപോലെ
പണിക്കിറങ്ങി,കാടാമ്പുഴയിൽനിന്നുംഏകദേശം രണ്ടുകിലോമീറ്റർ
അകലെയുളള മരുതിൻചിറ എന്ന സ്ഥലത്താണു പണി. എന്നെക്കൂടാതെ മൂന്നുപേരുണ്ട്പണിക്ക്. നാട്ടുകാര്യങ്ങളും ദേശീയ
അന്തർദേശീയ കാര്യങ്ങളുംപറഞ്ഞും തർക്കിച്ചും ജോലിഭാരം മറന്ന് അന്നുംപണിതുടർന്നു.
രണ്ടാം നിലയിൽ ഏകദേശം ഏഴടി ഉയരത്തിൽ നിന്നാണ്
ഞാൻ പണി ചെയ്യുന്നത്. പരിചയക്കുറവുള്ള ഒരാളാണ് അന്ന്
കല്ലെടുത്തുതരാൻ സഹായത്തിനുണ്ടായിരുന്നത്. കല്ലെടുത്തു
തന്നതിലുള്ള പാകപ്പിഴയാണോഎന്നറിയില്ല,കല്ല് വാങ്ങുന്നതിനിട
യിൽ ഞാൻ താഴേക്ക് വീണു. മലർന്നടിച്ചുവീണ എന്റെ വയറിന് മുക
ളിലേക്കാണ് ആകല്ല് വീണത്.കുഴപ്പമൊന്നും സംഭവിക്കാത്തതു
പോലെ ഞാനെണീറ്റ് നിന്നെങ്കിലും പെട്ടെന്ന് ശരീരത്തിനൊരു
തളർച്ച അനുഭവപ്പെട്ടു. കൂടെജോലിചെയ്തിരുന്നസുഹൃത്ത് എന്നെ
യെടുത്ത് താഴത്തെ നിലയിലിറങ്ങി.എവിടെനിന്നാണെന്നറിയില്ല. രണ്ട് ഒാട്ടോറി ക്ഷകൾ ഞങ്ങളുടെമുൻപിലെത്തി.സുഹൃത്തുക്കളെന്നെ കാടാമ്പുഴയിലെ ആശുപ്രതിയിലെത്തിച്ചു. അവിടെചികിത്സിക്കാൻ സൗകര്യമില്ലെന്നും വേഗം
വളാഞ്ചേരിയിലേക്കുകൊണ്ടുപോകണമെന്നും അവർ നിർദ്ദേശിച്ചു.
ഉടനെത്തന്നെ വളാഞ്ചേരിയിലെത്തിയെങ്കിലും ആശുപ്രതിയിലുള്ളവരുടെ കുറ്റകരമായ അനാസ്ഥ കാരണം കുറേ നേരം അവിടെ
കിടക്കണ്ടി വന്നു. ഈസമയം ഞാൻവേദനകൊണ്ട്
പുളയുകയായിരുന്നു. എന്നെയൊന്നു ബോധംകെടുത്തിത്തരുമോയെന്ന് ഇടയ്ക്കിടെ ഞാൻ ചോദിച്ചുകൊണ്ടിരുന്നു.
ഇതുകണ്ട് സഹികെട്ടിട്ടാകണം മൊയ്തീൻ എന്നസുഹ്യത്ത്
ഡോക്ടറോട് പറഞ്ഞു. നിങ്ങൾക്ക് കഴിയില്ലെങ്കിൽപറയൂ,
ഞങ്ങൾ വേറെയെവിടേക്കെങ്കിലുംകൊണ്ടുപോകാം.ഇതുകേട്ടതിനുശേഷമാണ് അവർക്കൊക്കെയൊന്ന് ജീവൻവെച്ചത്. സ്കാൻചെയ്യണമെന്നു പറഞ്ഞു. എന്നാൽ,അവിടെയതിന് സൗകര്യമി
ല്ലാത്തതിനാൽ വളാഞ്ചേരിയിലെതന്നെ മറ്റൊരു ആശുപ്രതിയിലേക്ക്
പോയി. അപ്പോഴാണറിഞ്ഞത്എന്റെ കുടലുപൊട്ടിയിരിക്കുന്നവെന്നകാര്യം. വയറിന് ഓപ്പറേഷൻ ചെയ്യണം. അതിനുള്ള സൗകര്യം ആ ആശുപ്രതിയിലില്ല. പെരിന്തൽമണ്ണയിലോ കോഴിക്കാട്ടോപോകണം, അടുത്തുള്ളത്പെരിന്തൽമണ്ണയാണെങ്കിലും,
അവിടെയുള്ളത് സ്വകാര്യആശുപ്രതികളാണ്. അതുകൊണ്ട് കോഴിക്കോട് മെഡിക്കൽകോളേജിലേക്ക് പോകാൻ തീരുമാനിച്ചു.
അവിടേക്കെത്താൻ സമയംപിടിക്കുമെന്നും പെരിന്തൽമണ്ണയിലേക്ക്
പോകുന്നതാണ് നല്ലതെന്നുമുളള അഭിപ്രായം വന്നതിനാൽ അങ്ങോട്ടുതന്നെ പോകാൻ തീരുമാനിച്ചു.
അവിടെവച്ച് വയറിന് ഓപ്പറേഷൻനടത്തി. തലയുടെ
പിൻ വശത്തുള്ള ചെറിയ മുറിവ് ഉണങ്ങിയതിനുശേഷം
പതിമൂന്നാംനാൾ ആശുപത്രിവിട്ടുപോരുമ്പോൾ ജോലിക്ക്പോകാമോയെന്ന് ഞാൻ ഡോക്ടറോട് ചോദിച്ചു. ഒരു മാസത്തിനുശേഷം ജോലിക്കുപോകാമെന്ന് അദ്ദേഹംപറഞ്ഞു.അൻപതുദിവസത്തെവിശ്രമത്തിന് ശേഷം
ജോലിക്കു പോകാൻ തുടങ്ങി, അമ്പതാംദിവസം, അതായത് 2000
ജൂൺ 12-ന് ഏകദേശം ഉച്ചവരെ വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ
ഞാൻ പണിയെടുക്കുകയും ചെയ്തു.
പെട്ടെന്ന് എന്റെ വലതുകൈ കോച്ചിപ്പിടിക്കുകയും നടക്കാൻ
ശ്രമിച്ചപ്പോൾ ചെരുപ്പ് ഊരിപ്പോവുകയും ആ. മഴയും തണുപ്പുംഉണ്ട്; അതുകൊണ്ടുതന്നെ തണുപ്പുകൊണ്ടായിരിക്കുമെന്നുപറഞ്ഞ്കൂട്ടുകാരെന്നെ സമാധാനിപ്പിച്ചു.
അൽപം കഴിഞ്ഞപ്പോൾ നാവ് കുഴയുകയും സംസാരം
വികൃതമാവുകയും ചെയ്തു. അടുത്തുള്ള ഡോക്ടറെ കാണിച്ചപ്പോൾ
വയറിന് ചെയ്ത ഓപ്പറേഷനോടനുബന്ധിച്ചുള്ള എന്തെങ്കിലും തകരാറുകൊണ്ടു സംഭവിച്ചതായിരിക്കാമെന്നും അങ്ങാട്ടുതന്നെ പോകുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുകയും ചെയ്തു.അവിടെയെത്തി
കട്ടിലിൽകയറികിടന്നതുവരെഓർമ്മയുണ്ട്.പിന്നെബോധംതെളിഞ്ഞപ്പോൾ തലയുടെഒരുവശത്തെഓപ്പറേഷൻകഴിഞ്ഞിരുന്നു.
ഒന്നരമാസത്തെ ചികിത്സയ്ക്കുശേഷം ആശുപ്രതിവിട്ട് ഞാൻ വീട്ടിലെത്തി
ശരീരമൊന്നാകെ തളർന്ന്
തീർത്തും കിടപ്പിലായി.
തലയ്ക്കുള്ള ആദ്യത്തെ ഓപ്പറേഷനു ശേഷം എറണാകുളത്തെ അമൃത ആശുപത്രിയിൽ ടെസ്റ്റ് നടത്തുകയും ഇനിയൊന്നും
ഉണ്ടാകില്ലെന്ന് പറയുകയും ചെയ്തിരുന്നു. പക്ഷേ,സംഭവിച്ചത്
മാറ്റൊന്നാണ്. (എക്സർസൈസിന്റെഭാഗമായ)പതിവുളള നടത്തം കഴിഞ്ഞ് രണ്ടായിരാമാണ്ട് സപ്തംബർ അഞ്ചിന് രാത്രി ഞാൻകിടന്നു. പിന്നെമാസങ്ങൾ കഴിഞ്ഞാണ് കണ്ണ് തുറക്കുന്നത്. വയറിന് ഒാപ്പറേഷൻ ചെയ്തഅതേആശുപത്രിയിൽ ഞാൻ വീണ്ടുമെത്തിയിരിക്കുന്നു. തലയ്ക്കുള്ള ആദ്യ ഓപ്പറേഷനിൽ നഷ്ടപ്പെട്ട സംസാരശേഷി നല്ലൊരുപരിധിവരെ ഞാൻവീണ്ടെടുത്തിരുന്നു. അതെനിക്ക് വീണ്ടുംനഷ്ടപ്പെട്ടിരിക്കുന്നു!!   ചെരിഞ്ഞ്
നടക്കാൻ സാധിച്ചിരുന്ന എനിക്ക് തിരിഞ്ഞു കിടക്കാൻപോലും പറ്റാതായി!!! പക്ഷേ,എന്റെമനസ്സ് തളർന്നില്ല. ഏതോഒരുശക്തി തളരാൻ
അനുവദിച്ചില്ല എന്നുപറയുന്നതാകും സത്യം, അതെ,'അമ്മ.അമ്മ'
എന്നവാക്കുതൊട്ട് ഞാൻ വീണ്ടുംവീണ്ടും ചൊല്ലിപ്പഠിക്കാൻതുടങ്ങി.
അർദ്ധബോധാവസ്ഥയിൽകഴിയുന്ന ഏതോഒരു
നാളിൽ ഒന്നും ഒന്നും എത്രയെന്നും ഇപ്പോൾ രാത്രിയോപകലോ
എന്നും ചോദിച്ചതും രണ്ടിനും ഉത്തരം പറയാനാവാതെ ഡോക്ടറുടെ
മുഖത്തിക്ക് നോക്കിക്കിടന്നതും ഇന്നാർക്കുമ്പോൾ സന്തോഷ
ത്തോടൊപ്പം എന്റെ മനസ്സിൽ ഒരു വിങ്ങലും അനുഭവപ്പെടാറുണ്ട്.
അതായത്, ഒന്നും ഒന്നും എത്രയെന്നും രാത്രിയോ പകലോ ഏതാ
ണെന്നും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽനിന്നു രക്ഷപ്പെട്ടതി
ലുളളസന്തോഷം,ഇനിയൊരു മഹാത്ഭുതംസംഭവിച്ചാലേ ഒാടിച്ചാടി നടന്നിരുന്ന പണ്ടത്തെ അവസ്ഥയിലെത്താൻ പറ്റുകയുള്ളു
എന്നയാഥാർത്ഥ്യം ഉൾക്കൊള്ളുമ്പോളുണ്ടാകുന്നവിങ്ങൽ.
  വീട്ടിലെത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മേലാസകലം ഒരു
വിറയൽ അനുഭവപ്പെട്ടു. എന്റെ തന്നെ ആഗ്രഹപ്രകാരം കോഴിക്കാട്
മെഡിക്കൽ കോളജിലേക്കെന്നെ കൊണ്ടു പോയി, അവിടുത്തെമരുന്ന് കഴിച്ചതിനു ശേഷം ഈ അസുഖത്തിന് കുറവുണ്ടായി.
തലയ്ക്ക് ഓപ്പറേഷൻ ചെയ്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അവിടുത്തെ ഡോക്ടർ പറഞ്ഞു".
      ബാബുവിന് സംഭവിച്ച അപകടത്തെ കുറിച്ച് ബാബു തന്നെ എഴുതിയതാണ് നാം ഈ വായിച്ചത് .

     ഒരു വ്യക്തിയുടെ ജീവിതത്തിൽ അറിവില്ലായ്മ കൊണ്ടോ അശ്രദ്ധകൊണ്ടോ സംഭവിച്ചുപോയ കൈപ്പിഴക്ക് ജന്മം മുഴുവനും നരകയാതന അനുഭവിക്കേണ്ടിവരുന്ന വ്യക്തികൾ വേറെയും ഉണ്ടാകും .പക്ഷേ ബാബുവിന്റെ കഥയുടെ ഒന്നാം ഭാഗം ഇതിനേക്കാൾ വേദനാജനകമാണ്. ആരുടെയൊക്കെയോ അശ്രദ്ധയും ,തെറ്റും, സ്വകർമ്മവിമുഖതയും ഒക്കെ കൊണ്ട് സന്തോഷം പിടിച്ചുപറിക്കപ്പെട്ട ഒരു കുട്ടിയുടെ കഥ .യു പി ക്ലാസിൽ പഠിക്കുന്ന ഒരു കുഞ്ഞിനെ വേദനിപ്പിച്ച് സ്കൂളിൽ നിന്ന് പുറത്താക്കിയ ചില അധ്യാപകരുടെ കഥ. ബാല്യത്തിലേ ഒരു കുടുംബത്തിന്റെഭാരം ഒരു കുഞ്ഞി ചുമലിലും കൂടി വച്ചുകൊടുത്ത ഒരു കുടുംബത്തന്റെ കഥ.
  കാടാമ്പുഴ ക്ഷേത്രത്തിന് സമീപമുള്ള ഒരു ചായക്കടയിൽ തനിക്ക് ചെയ്യാനാവാത്ത ജോലിചെയ്ത് തളരുന്ന പതിനൊന്ന് വയസ്സുകാരനെ കാണാൻ കണ്ണില്ലാതിരുന്ന എത്രയോ ഭക്തരുടെ കഥ. വിവാഹപ്രായമെത്തിയ മകളെ കുറിച്ച് ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ പിന്നെയും വിവാഹം കഴിക്കാൻ പോയ പുരുഷൻറെ കഥ. പണത്തിന് മുൻപിൽ മതവിശ്വാസം മരീചിക യാണെന്നനുഭവിപ്പിച്ച കഥ .ഒരു കുഞ്ഞിന് ജീവിക്കാൻ ഒരായിരം വേലകൾ ഉണ്ടെന്ന് കാട്ടിത്തരുന്ന കഥ. നമ്മുടെ പരിഷ്കൃത സമൂഹം ജീവിത ക്ളേശത്തിൽ ഒറ്റപ്പെട്ടുപോകുന്ന വ്യക്തികളെ തമസ്കരിക്കുന്നതിന്റെകഥ.

      തനിക്ക് രാവിലെ കഴിക്കാൻ ആകെ കിട്ടുന്ന ഒറ്റ പത്തിരി രണ്ടായി പിളർന്ന് രണ്ടു പത്തിരി മനസ്സുകൊണ്ട് തിന്നുന്ന പട്ടിണിയുടെ കഥ നമ്മെ കരയിക്കും

     ഈ സങ്കടക്കടൽ നടുവിലും ജീവിതം തനിക്ക് ചില മുത്തുകൾ വച്ചുനീട്ടിയത് കൗതുകത്തോടെ ബാബു കാട്ടിത്തരുന്നുണ്ട് .കുഞ്ഞു മനസ്സിൽ പ്രണയത്തിന്റെ ലോലതന്ത്രികൾ മീട്ടിയ ആളെക്കുറിച്ച് ബാബുവിന്റെ തരളാക്ഷരങ്ങൾ കൊതിപ്പിക്കുകയും ചെയും.

     ഈ കഥകളൊന്നും ഞാനിവിടെ വിസ്തരിക്കാത്തത് പ്രിയപ്പെട്ട വായനക്കാരാ നിങ്ങളത് പുസ്തകത്തിൽനിന്ന് നേരിട്ട് വായിക്കുമ്പോഴുള്ള ആഹ്ലാദാനുഭൂതി നഷ്ടപ്പെടാതിരിക്കാനാണ്. അനാഥാലയങ്ങളെ കുറിച്ച് അന്തേവാസിക്ക് പറയാനുള്ള കഥകളിലെ കൈപ്പ് ഹൃദയംകൊണ്ട് തൊട്ടെടുക്കാൻ ആണ്.

      ഇത്രയും പറഞ്ഞതുകൊണ്ട് ഇതൊരു സങ്കടകഥയാണെന്ന് ധരിക്കരുത്. അതിജീവനത്തിന്റെ കഥയാണിത് .പതിനൊന്നു വയസിൽ തനിക്കുകഴിയുന്ന പണിയെടുത്ത് കുടുംബം പുലർത്തിയ ബാലന്റെ കഥ. 14 വയസ്സിൽ സ്വന്തം കുടുംബം ചിതറിതെറിക്കുന്നതുകണ്ട് ഒറ്റയ്ക്ക് അധ്വാനിച്ച് ഒരുപിടി മണ്ണ് സ്വന്തമാക്കിയയുവാവിന്റെ കഥ .വിവാഹപ്രായം കഴിഞ്ഞ് നിൽക്കുന്ന പെങ്ങളെ അതേസമയം വിവാഹം ചെയ്തയച്ച സഹോദരന്റെകഥ (ഇത് ഒരു പക്ഷേ നിങ്ങൾ വിശ്വസിച്ചേക്കില്ല  ,പക്ഷേ  സത്യമാണ്  .ഒരു വർഷത്തെ അധ്വാനം കൊണ്ട് ഒരുകൂര പണിയാനുള്ള സ്ഥലവും സഹോദരിയുടെ വിവാഹത്തിനു വേണ്ട സ്ത്രീധനവും സമ്പാദിച്ച കൗമാരക്കാരനെ)
അച്ഛൻ എല്ലാം നഷ്ടപ്പെടുത്തുന്നത് കണ്ട് സങ്കടപ്പെട്ടു മിണ്ടാതിരിക്കാനല്ല ,സ്വന്തം കാലിൽ നിന്നുകൊണ്ട് ചിതറിപ്പോയ സ്വന്തം കുടുംബത്തെ ഒന്നിപ്പിച്ച അതിജീവനത്തിന്റെ കർമ്മണ്യതനമ്മെ ഓർമ്മിപ്പിക്കുന്നത്. സ്വന്തമായൊരു വീടുണ്ടാക്കാൻ ശ്രമിക്കവേ വിരലു പോലും അനക്കാനാവാത്ത വിധം തളർന്നു പോയിട്ടും എല്ലാം നേടിയ ഒരു വികലാംഗന്റെ കഥ. കഷ്ടപ്പാടിന് മതം ഇല്ലാത്തതുപോലെ അതിനെ തരണം ചെയ്യാൻ വിശ്വാസത്തിന് വിലക്കുകൾ ഇല്ലെന്ന് പ്രവർത്തിച്ചു കാണിച്ച ഒരു നാടിൻറെ ഐക്യ ബോധത്തിന്റെ കഥ

90 രൂപ വിലയിട്ട ഈ പുസ്തകത്തിന്റെ കെട്ടുംമട്ടും ഒരുപക്ഷേ നിരാശപ്പെടുത്തിയേക്കാം. എങ്കിലും ദയവുചെയ്ത് ഈ ഒരു പുസ്തകം വാങ്ങുക. അത് ഒരു യുവാവിന്റെ അതിജീവനത്തിന് ചെറിയ സഹായം ആകും.
( പുസ്തകത്തിൻറെ കോപ്പി വേണ്ടവർ ഈ നമ്പറിൽ ബന്ധപ്പെടുക)

 രതീഷ് കുമാർ
9656111642
9142046888
🌾🌾🌾🌾🌾🌾


ഈ പോസ്റ്റ് വേണ്ട മാറ്റങ്ങളോടെ മറ്റു ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യാൻ അപേക്ഷ