10-12-18


മരക്കാപ്പിലെ തെയ്യങ്ങൾ
അംബികാസുതൻ മാങ്ങാട്

 വിൽക്കി കോളിൻസ്
ദ മൂൺ സ്റ്റോൺ എന്ന നോവലിൽ ഗബ്രിയേൽ ബെറ്റർ എഡ്ജ് എന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തെ സുഖത്തിലും ദുഃഖത്തിലും നേർവഴി നയിക്കുന്നത് റോബിൻസൺ ക്രൂസോ എന്ന നോവലാണ്. അംബികാസുതൻ മാങ്ങാട് മരക്കാപ്പിലെ തെയ്യങ്ങളിൽ ഇത്തരമൊരു രചനാതന്ത്രം സ്വീകരിച്ചിട്ടുണ്ട് .ഈ നോവലിലെ നായികയായ ഉമ്പിച്ചി അങ്ങനെ ഒരു പുസ്തകത്തിന് പിടിയിലാണ് .പുസ്തകം തകഴിയുടെ ചെമ്മീൻ. ചെമ്മീനിനെ കുറ്റം പറയാൻ മാത്രം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് -മൂൺ സ്റ്റോണിൽ എന്നതുപോലെ .ഈ രണ്ടിനുമുള്ള സാദൃശ്യങ്ങൾ ഇവിടെ തീരുന്നു എന്നതാണ് വാസ്തവം.

    സത്യവും സങ്കല്പവും അംബികാസുതൻ മാങ്ങാടിന്ററെ രചനകളിൽ കലർന്ന വരാറുണ്ട്. അത് ഏറ്റവും സുന്ദരമാകുന്നത് മരക്കാപ്പിലെ തെയ്യങ്ങളിലാണ് .ഈ നോവലിന് മൂന്നു ഭാഗമുണ്ട് .കാവ്യ സുന്ദരമായ മൂന്നാം ഭാഗത്ത് ചില സങ്കൽപങ്ങൾ സത്യങ്ങളായി പരിണമിക്കുന്നു, ചില സത്യങ്ങൾ സങ്കല്പങ്ങളുടെ മേലങ്കി അണിയുന്നു.

 മരക്കാൻ മാരുടെ /മീൻപിടിത്തക്കാരുടെ ഗ്രാമമാണ് മരക്കാപ്പ് .അവിടെ കൈക്കുഞ്ഞായി എത്തപ്പെട്ട ദൈവ കുരുന്നാണ് ഉമ്പിച്ചി .അവളുടെ ജീവിതം ഒരൊറ്റ മരത്തടി പോലെ ഏകവും സുന്ദരവുമാണ് .ഉടയോന് അടിയാത്തിയിലുണ്ടായ പെൺകുട്ടി. മരക്കാപ്പിലവൾ എല്ലാവരുടെയും ഓമനയായി വളർന്നു .യുവതി ആയപ്പോൾ എല്ലാവരിൽനിന്നും സുരക്ഷിതമായിരുന്നു .പക്ഷേ വിവാഹത്തോടെ അവൾ ഒരു ഗർത്തത്തിൽ നിപതിച്ചു .ഉദ്ധാരണ ശേഷി ഇല്ലാത്ത പുരുഷൻ. അവൾ അതു തിരിച്ചറിഞ്ഞ നിമിഷത്തിൽ അവൻ സ്വയം സമുദ്രത്തിന് സമർപ്പിച്ചു .ഉമ്പിച്ചി യുടെ നാലര സെൻറ് തെയ്യങ്ങളുടെ ഇരിപ്പിടമായി .അവളെ തേടി പണ്ടൊരിക്കൽ കടലിലൂടെ ഒഴുകി വന്ന പലക തെയ്യപ്പലക ആണെന്ന് അറിയാതെയാണ് അവൾ സൂക്ഷിച്ചുവെച്ചത് .

     പണ്ടുപണ്ട് ഏറെ ബ്രാഹ്മണൻ ഉണ്ടായിരുന്ന സ്ഥലമാണത് പിന്നീട് ബൗദ്ധർ എത്തുകയും ബ്രാഹ്മണർക്ക് അവിടം വിടുകയോ മതം മാറുകയോ വേണ്ടിവന്നു .അടിയാളരായി തീർന്ന അവരുടെ പിന്മുറക്കാരാണ് മരക്കാപ്പിലെ ആളുകൾ. തറയിൽ താമസിക്കുന്ന തെയ്യങ്ങൾ പക്ഷേ അവിടെ വരുത്തരാണ് .

    പ്രാദേശികതയാണ് കേരളീയ സംസ്കൃതിയുടെ ആധാരശില എന്ന് വിശ്വസിക്കുന്നയാളാണ് അംബികാസുതൻ മാങ്ങാട്. മരക്കാപ്പിലെ തെയ്യങ്ങൾ ആ ഗ്രാമീണ സ്വത്വത്തെയാണ് അവതരിപ്പിക്കുന്നത് .തൻറെ പാരമ്പര്യത്തെ മറന്നുപോയ ആധുനിക മനുഷ്യനെയും, പണമുണ്ടാക്കാനുള്ള അവൻറെ ത്വരയിൽ എരിഞ്ഞടങ്ങുന്ന സ്വന്തം പാരമ്പര്യത്തെയുമാണ് മരക്കാപ്പിലെ തെയ്യങ്ങൾ കാട്ടിത്തരുന്നത് .വികസനമെന്നത് വലിയ എടുപ്പുകളും എട്ടുവരിപ്പാത കളും വിമാനത്താവളങ്ങളും വിനോദസഞ്ചാരത്തിന് രതി കാഴ്ചകളും ആണെന്ന് വിശ്വസിക്കുന്ന സമകാലിക മനുഷ്യാവസ്ഥയെ വിമർശിക്കുന്ന നോവലാണ് ഇത് .വായനയുടെ ഒരു പുതിയ അനുഭൂതി ഈ നോവൽ നമുക്ക് പകർന്നു തരും. പ്രത്യേകിച്ചും ഇതിലെ മൂന്നാംഭാഗം .
രതീഷ് കുമാർ
🌾🌾🌾🌾🌾