10-11-18


ഇന്ന് ആദ്യം ചില യുവജനോത്സവ രചനകൾ🌷🌷🌷

ബാക്കിവെച്ചത്.
വെള്ളമാകുന്ന ഞാൻ
എന്റെ കയ്യാൽ ചെയ്ത
കണ്ണിൽചോരയില്ലാത്ത പ്രവൃത്തി മൂലം
എല്ലാം നഷ്ടപ്പെട്ടവരും
കുറച്ചു നഷ്ടപ്പെട്ടവരും
ഒന്നും നഷ്ടപ്പെടാത്തവരുമായ നാട്ടുകാർക്ക്,
പുഴ പിന്നോട്ടു വലിയുമ്പോൾ
പഴയ ജീവിതം തിരഞ്ഞുചെല്ലുമ്പോൾ
കാത്തിരിക്കുന്നത് പണ്ടുള്ളതിന്റെ
അവശിഷ്ടങ്ങൾ മാത്രമായവർക്കാണീ കത്ത്.
തകർന്ന സ്വപ്നങ്ങൾ
തിരയുന്ന കൂട്ടത്തിൽ
നിങ്ങൾ, എന്റെ ചില ബാക്കിവയ്പുകൾ കൂടി തിരയുക.
തകർന്നു മണ്ണടിഞ്ഞ വീടുകളെ
തിരഞ്ഞു ചെല്ലുന്നവരോട്,
ചത്ത പാമ്പിനേയും തേളിനേയും തട്ടിമാറ്റി
പൊയ്പ്പോയ നാളുകളിലെ
ചിരികളും
നനഞ്ഞു കുതിർന്ന ഓർമ്മകളും തിരയവേ
പൊട്ടിയ കളിപ്പാട്ടക്കഷണങ്ങൾക്കടുത്ത്, എനിക്ക്
കാക്കാനാവാതെ പോയ മീൻകുഞ്ഞുങ്ങളെ തിരയുക
പുഴമണമുള്ള മണ്ണിൽ എനിക്കായവരെ അടക്കുക.
ചെളികയറി നശിച്ച കച്ചവടശാലകൾ
തിരഞ്ഞു ചെല്ലുന്നവരോട്,
നനഞ്ഞുചീഞ്ഞ സാമാനങ്ങൾക്കിടയിൽ
നിറംമങ്ങിയ സ്വപ്നങ്ങൾക്കും
പ്രതീക്ഷകൾക്കും
ഊതിയൂതി വീണ്ടും നിറം പിടിപ്പിക്കവേ
അട്ടിയട്ടിയായി തറയിലടിഞ്ഞ ചളിക്കൂനയിൽ
കോൺക്രീറ്റുകാട്ടിൽ പിറന്നു്
വെള്ളമില്ലാതെ മരിച്ച
ചെടിയെ തിരയുക
ചെളിക്കൂനയിൽ എനിക്കായതിനെ നടുക.
വെള്ളത്തിൽ കുതിർന്ന
വിദ്യാലയമുറ്റങ്ങളെ
തിരഞ്ഞു ചെല്ലുന്നവരോട്,
നനഞ്ഞുപിന്നിയ പുസ്തകത്താളുകൾക്കിടെ
നിറങ്ങളലിഞ്ഞ ചിത്രങ്ങൾ   പരതവേ
കുതിർന്ന ചോക്കിൻകഷണങ്ങൾക്കടുത്ത്
വെള്ളാരംകല്ലാവാൻ സ്വപ്നം കണ്ട മരിച്ചപുഴയിലെ കരിങ്കൽച്ചീളിനെ തിരയുക
കടലിൽ എനിക്കായതിനെ   ഒഴുക്കുക.
ഷെഹ്റസാദ്
തിരൂർ ഉപജില്ല
******************
******************

തിരച്ചിൽ
എന്നെത്തേടി ഞാൻ അലയാൻ തുടങ്ങി
എവിടെത്തുടങ്ങണം എന്നോർക്കാതെ
പെറ്റമ്മപോയ ശൈശവത്തിൽ
പോറ്റമ്മ വന്ന ബാല്യത്തിൽ
ഒരു കവിതയായ് ,എച്ചിൽ
പാത്രങ്ങളുടെ കാമുകിയായ്, ഏകാന്തതയുടെ തോഴിയായ്, അശ്രുവിൻ
ഉപ്പുവറ്റിയ
യൗവ്വനത്തിൽ
എവിടെ?
ദേഹമൊരു കടലാകുന്നുവോ ?
സൂര്യനുറങ്ങുന്ന ,ആയിരം
കൈകളുള്ള,
തല്ലിയിട്ടും മെലിയാത്ത
ആഴി.
മുന്നിലുണ്ടവൻ പോത്തിൻ
പുറത്ത്
തിന്നാൻ തുടങ്ങി
അല്ലേ?
എന്നാൽ കാലാ,
നീ കാക്കുക
എന്റെ തിരച്ചിൽ
ഞാനൊന്ന് പൂർത്തിയാക്കട്ടെ
അമല. ടി.എസ്
പൊന്നാനി ഉപജില്ല
******************
******************

പെരിങ്ങോട് സ്കൂളിൽ വെച്ചു നടന്ന തൃത്താല സബ് ജില്ല വിദ്യാരംഗം സർഗ്ഗോത്സവത്തിൽ നിന്നും...
നിഴൽ
മണ്ണിന്റെ മനസ്സിലേയ്ക്കുള്ള വഴി അവസാനിച്ചെന്ന് വേരുകരുതി
മരത്തെ വെട്ടിമുറിച്ചിട്ടും വേരു മാത്രം അവിടെ നിന്നു
ഒരു കാത്തിരിപ്പെന്ന പോലെ തീരത്തേയ്ക്കെടുക്കുവാൻ ഇനി അനുവാദമില്ലെന്ന് തിര കരുതി
കടലാസിനോട് പറ്റിച്ചേരുവാനിനി ആവില്ലെന്ന് മഷി കരുതി
പക്ഷേ
മുടി ഇഴ പോലെ ഇവ ഇഴചേർന്നു
സൂചിയും നൂലും പോലെ
ഒരിളം കാറ്റു വന്നപ്പോൾ തിര വീണ്ടും അലതല്ലി
കണ്ണീരു തോർന്ന മേഘം വർഷത്തെ കാത്തിരുന്നു
വയലിലേയ്ക്ക് കിളികൾ കണ്ണു തുറക്കും പോലെ
കണ്ണിലെ കരി മാഞ്ഞെങ്കിലും മായാത്ത ചന്ദ്രനെപ്പോലെ
അവളിന്നും ജീവിയ്ക്കുന്നു
ഒളിച്ചിരിയ്ക്കുന്ന സൂര്യനെ കാണാൻ
ദിൽഷ.പി.പി
Std 10
ഡോ.കെ.ബി.എം.എം.എച്ച്.എസ് തൃത്താല
******************

പെയ്ത്ത്.
പെയ്ത്തുകൾക്കപ്പുറത്ത്
കുത്തൊഴുക്കുകളുടെ
പെരുമഴക്കാലമുണ്ട്
അങ്ങകലെ കടലിൽ ചെന്ന് മുങ്ങി മരിച്ച വെയിൽത്തുള്ളികൾക്കൊപ്പം ചാഞ്ചാടിപ്പോകുന്ന ഓവു വെള്ളത്തിലെ കറുത്ത യാത്രക്കാരനെപ്പോലെ ആമാശയത്തെ മാത്രം നെഞ്ചേറ്റിയ 'വറുതിയുടെ തുലാവർഷക്കാലം
പുഴയും കടലും മഴയും മറവിയുടെ ചുഴിയിൽ തീർന്ന
കർക്കിടകപ്പെയ്ത്ത്.
നുസൈബ നദ്‌റാൻ.O.N
GHSS കുമരനല്ലൂർ
Std 9
******************

മായാനൊമ്പരം...
നിനക്കു വേണ്ടി
ഞാനെൻ ജീവിതം
മുറിച്ചു തന്നപ്പോൾ
അറിഞ്ഞില്ല
നീയെനിക്കായി മാറ്റിവെച്ചത്
വെറുമൊരു
യാത്രാമൊഴിമാത്രമാണെന്ന്....
ഒരു കുറ്റിപ്പെൻസിലിൽ
തുടങ്ങിയ പ്രണയം
കത്തിയെരിയാനായിരിക്കുമെന്ന് കരുതിയില്ല
എങ്കിലും
നിനക്കു വേണ്ടി
നിന്റെ സ്നേഹത്തിനു വേണ്ടി
എന്തനുഭവിയ്ക്കാനും
ഞാൻ തയ്യാറാണ്
പക്ഷേ.....
താണിറങ്ങിയ നിൻ പ്രണയ വാക്കുകൾ
വീണ്ടെടുക്കാനാവില്ല
ഹൃദയം കീറി മുറിച്ചാലും
നിന്റെ പ്രണയം
എന്നിൽ ആർദ്രമായി നിന്നതിനു തെളിവായി
ഞാനതു കാത്തു വെയ്ക്കും
Ayisha Rifha M
SNV(Diet lab)
Anakkara
******************

കാര്യം നിസ്സാരം
ഇതിങ്ങനെയാകുമെന്ന് കരുതിയതേയില്ല
നിയന്ത്രിക്കാൻ പറ്റിയില്ല
അവർ കുറേ നിലവിളിച്ചു
പരിഹാരം ഒന്നേ കണ്ടുള്ളൂ
അവരെ തുന്നിച്ചേർത്തുവെച്ചു
അതൊരു കവിതയായി
ഇതിങ്ങനെയാകുമെന്ന് കരുതിയതേയില്ല
ആര്യ ലക്ഷ്മി.N.J
Std.7
GVHSS വട്ടേനാട്
******************

അപ്പൂപ്പൻ താടി
അമ്മക്കയ്യിൽ കിടന്ന്
കളിക്കാൻ
ആഗ്രഹിച്ച എന്നെ
കാറ്റെന്ന വിരുന്നുകാരൻ കൊണ്ടുപോയി
എന്നെ കയ്യിൽ കിട്ടിയവരെല്ലാം
പിച്ചിച്ചീന്തിയും ഊതിയും പറപ്പിച്ചു
എന്റേതൊരു പെൺ ജന്മം തന്നെ
ഹിമയ ബിന്ദ് ടി.എസ്
Std 6
MCM UPS തൃത്താല
******************

കരുതൽ
ഇന്നലെ ഞാൻ
നിലാവിന്റെ വെളിച്ചത്തിൽ
ഒരു ബാഗ് എടുത്ത്
നിലാവ് നിറച്ചു
പിറ്റേന്ന് രാവിലെ ആയപ്പോൾ
നിലാവ് നിറച്ച ബാഗ്
കാണാനില്ല
ഞാൻ അമ്മയോട് ചോദിച്ചു
അമ്മ പറഞ്ഞു
രാവിലെ ചുവന്ന വട്ടത്തിലുള്ള സൂര്യൻ കൊണ്ടുപോയി എന്ന്
ഞാൻ സങ്കടത്തോടെ അവിടെ ഇരുന്നു
പിറ്റേന്ന് രാവിലെ ആയപ്പോൾ
ബാഗ് തിരിച്ചുകിട്ടി
അമ്മ പറഞ്ഞു സൂര്യൻ കൊണ്ടു തന്നതാണെന്ന്
കറുത്ത വാവിന് ഞാൻ ആ ബാഗ് എടുത്തു തുറന്നു
അപ്പോൾ ആകെ ആകാശം
നിലാവ് പടർന്നു.
ഗൗതം മിത്രൻ ഡി എസ്
Std 7
GHSS കുമരനല്ലൂർ
******************
******************

പുഴയുടുപ്പ്
ഒരിടൊത്തൊരാൾ ,
പതിവുപോലെ അതീവ മൂകനായിരുന്നു.
'പോലെ' എന്ന വാക്കിൽ നിന്ന് ഉപമയും
'അതീവ ' എന്ന വാക്കിൽ നിന്ന് അതിശയോക്തിയും
രക്ഷപ്പെട്ടപ്പെട്ടു പോയതെങ്ങിനെ-
യെങ്ങിനെയെന്ന് ചോദിച്ചറിയണമെങ്കിൽ
വെള്ള കൈലേസിൽ
ചുവന്ന പൂക്കൾ തുന്നിപ്പിടിപ്പിക്കാൻ
അര മണിക്കൂറായി
സൂചിയിലേക്ക് നൂൽ കടത്താനുള്ള
ജാലവിദ്യയിൽ മുഴുകിയ
അയാളുടെ ഭാര്യ
റിട്ടയേഡ് മലയാളം ടീച്ചർ
ഒന്നു തലയുയർത്തിയിട്ടു വേണമല്ലോ?
അപ്പണിക്കണ്ട് മടുത്തിരിക്കുന്ന
ആർക്കിമിഡീസ് പൂച്ച
മഴയോടൊപ്പം
മുറ്റത്തേക്ക് കയ |റി വന്ന
പുഴയിൽ പിടക്കുന്ന
മീൻ കുഞ്ഞുങ്ങളോട് പറഞ്ഞു.
" അതിൽ അതിശയോക്തിയൊട്ടുമില്ല
ശബ്ദങ്ങൾ എന്നേ നിലച്ച ഈ വീട്ടിൽ
അനാവശ്യ വിശേഷങ്ങൾ
തുപ്പിക്കളയാറാണ് പതിവ് .
നിഴലുകൾ പോലും അളക്കുന്ന വീട്ടിൽ
ചലനങ്ങൾ കൃത്യമായിരിക്കും
മൂന്നാം കാലത്തിൽ
ശുചി മുറിയിലേക്ക്
രണ്ടാം കാലത്തിൽ
ഊണുമുറിയിലേക്ക്
ഒന്നാം കാലത്തിൽ
ഗുളിക ചെപ്പുകളിലേക്ക്..."
വാ പിളർന്ന് വായു ഭക്ഷിക്കുന്ന മീൻ കുഞ്ഞുങ്ങൾ
ആർക്കിമിഡീസിന്റെ തത്വം കേൾക്കുന്നതിനിടയിൽ
അതീവ മൂകനായയാൾ
പതി കാലത്തിൽ
മുറ്റത്തേക്കിറങ്ങിയിരുന്നു
മുറ്റത്തു നിന്നും
പുഴയിലേക്കിറങ്ങിയിരുന്നു
പുഴയുടുപ്പിട്ടയാൾ
കടലിലേക്ക് വിരുന്നു പോയിരുന്നു
മലയാളം ടീച്ചറപ്പോഴും
സൂചിയിലേക്ക്
നൂലടുപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു
അജിത.ടി.ജി
******************
******************

വേറെ വേറെ
രണ്ടു പിറവികൾ നാം
രണ്ടിടങ്ങളിൽ.
എങ്കിലും നമുക്കും നനയാനാകും
ഒരേ മഴയിൽ.
ഒരേ കാറ്റിനാൽ
തമ്മിൽ തൊടുവാനും.
ഒരേ മിന്നലിലല്ലേ
നാമൊരുമിച്ച് അന്ധരായത്
എന്ന് വച്ച്
ഒരു ചെറിയ മരണത്തിന്
നമ്മെ എങ്ങനെ
ഇല്ലാതാക്കാൻ കഴിയും ?
(ഒരേ മഴയിൽ ) വീരാൻകുട്ടി.
******************
******************

രാത്രിയിൽ പൂക്കുന്ന നഗരം 
രാത്രിയിൽ പൂക്കുന്ന നഗരമേ
നിന്റെ
വേരുകളിൽ ചുംബിക്കുന്നു ഞാൻ.
എഴുതാത്ത
കവിതകളുടെ
കുഴിമാടങ്ങൾക്കു മീതെ
നഷ്ടങ്ങളുടെ
തീവണ്ടികൾ
കിതയ്ക്കുന്നു.
അസ്വസ്ഥതകൾക്ക്
കാവലിരുന്നവളുടെ
കണ്ണുകളിലേക്ക്
നക്ഷത്രങ്ങൾ
രക്തം വാർക്കുന്നു.

അസഹ്യതയുടെ
ആഴങ്ങളിൽ നിന്ന്
എന്റെ ശിരോലിഖിതങ്ങൾ
വീണ്ടെടുക്കുന്നു.
രാത്രിയുടെ
നഗരങ്ങളിൽ
കുട്ടികളുറങ്ങാതിരിക്കുന്നു.
മൃത്യുവും
രതിയും
ഉറങ്ങാതിരിക്കുന്നു.
പവിത്രൻ തീക്കുനി 

******************
******************
കറുത്തവന്റെ കഥ
കഥ മെനഞ്ഞുതീർന്നില്ല
വൈകിക്കിട്ടിയ കല്പനകൾ
ഒതുക്കംവരുത്താതെ
സൂക്ഷിച്ചുവച്ചിട്ടുണ്ട് കനവിൽ
ഇനിയും കാത്തിരിക്കാം
കറുപ്പും വെളുപ്പും കാലവും
പാകത്തിന് വന്നടുക്കട്ടെ
പക്ഷെ കാലത്തിന്
പറയാനൊന്നുമില്ല
വന്നൊഴുകി കടംതീർത്തു
പൊയ്ക്കൊള്ളും
കറുപ്പും വെളുപ്പും ഇഴചേർന്ന്
ചതുരംഗപ്പലകപോലെ
കരുക്കളുടെ പടയോട്ടത്തിന്
കാത്തുകിടക്കും
കാലാളിന്റെ ചുവടുകളിൽ
കിരീടമുടയാതിരിക്കുകയും
തേരുകളുടെ അപഥയാത്രയിൽ
യുദ്ധമവസാനിക്കുകയും ചെയ്യാം
ഇരുട്ടിന്റെ സാമ്രാജ്യത്തിൽകടന്ന്
വെളുപ്പ് വെളുത്തവർക്കുവേണ്ടി
പ്രക്ഷോഭമൊരുക്കുകയും
കറുപ്പ് ചരിത്രത്തിലേതുപോലെ
തിരുത്തലുകളുടെ നാളുകളെണ്ണി
നരച്ചു മരണപ്പെട്ടെന്നുമിരിയ്ക്കും
അതുകൊണ്ടുതന്നെ കഥ വൈകുന്നതിൽ നിഗൂഢമായ
ആനന്ദം നിർവൃതിപ്പെരുക്കമൊരുക്കുന്നു
കറുത്തവന്റെ തൂലികയ്ക്ക് കാരിരുമ്പിന്റെ
കരുത്തുമാത്രമേയുള്ളൂ
വെളുപ്പിലേയ്ക്ക് വിവർത്തനം
ചെയ്യുവാൻ ഭാഷയും ലിപിയുമില്ലല്ലോ?
റോബിൻ എഴുത്തുപുര
******************
******************