10-06-19b


📚📚📚📚📚
പെൺ തൂവലുകൾ
ആൻസി മോഹൻ മാത്യു
ലോഗോസ്
പേജ് 160
വില 140
കായംകുളം സ്വദേശിയായ ആൻസി മോഹൻ മാത്യുവിൻെറ ആദ്യ നോവലാണ്  'പെൺ തൂവലുകൾ'. ആനുകാലികങ്ങളിലും  സോഷ്യൽമീഡിയയിലും ഇംഗ്ലീഷിലും മലയാളത്തിലും കഥകളും കവിതകളും ലേഖനങ്ങളും എഴുതാറുണ്ടത്രേ.ഇപ്പോൾ സൗദിയിൽ താമസിക്കുന്ന ആൻസിയുടെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദവും  റിലയൻസിലെ ജോലിപരിചയവും നോവൽ രചനയിൽ ഒരു അസംസ്കൃതവസ്തുവായി ഭവിച്ചിട്ടുണ്ട് .

     സന്തുഷ്ടമായ ജീവിതം നയിക്കുന്ന മധ്യവർഗ്ഗയുവ ഉദ്യോഗസ്ഥയുടെ ഒട്ടും അസാധാരണത്വം ഇല്ലാത്ത ഒരു കഥ പറഞ്ഞു തുടങ്ങുന്നു. നോവലിന്റെ ഭാഷയിലോ, രചനാരീതിയിലോ, ഒരുതരത്തിലുള്ള അലങ്കാരങ്ങളോ ആടയാഭരണങ്ങളോ കണ്ടെടുക്കാൻ ഇല്ലാത്ത, തികച്ചും സ്വഭാവികമായ കഥാകഥനം. അന്നക്കുട്ടി എന്ന പ്രധാനകഥാപാത്രത്തിന്റെ ജീവിതം എങ്ങനെയാണ് ഒരു നോവലിന്  വിഷയമായത് എന്നുപോലും വായനക്കാരൻ സംശയിച്ചു പോകും .ലോകത്തിൻറെ സ്വച്ഛന്ദമായ ഒഴുക്കിനെ അതേ ഒഴുക്കിൽ അനുയാത്ര ചെയ്യുന്ന യുവതിയുടെ കണ്ണുകൾ കണ്ടെഴുതുന്നതിലെ കൗതുകം മാത്രമേ കണ്ടെടുക്കാൻ ഉള്ളൂ. യുവതിയുടെ എന്ന് ഉറപ്പിച്ചു തന്നെ പറയണം,കാരണം കാണുന്ന കാഴ്ചകൾ സ്ത്രീക്ക് മാത്രം കാണാനാവുന്നതും, സ്ത്രീയുടെ രീതിയിൽ മാത്രം കാണുന്നതുമാണ്. നോവൽ അവസാനിക്കുമ്പോഴേക്കും ഈ പെൺ കാഴ്ചയ്ക്ക് അനുഭവ തീവ്രതയുടെ കാതൽ ഉണ്ടാവുന്നു. സ്വന്തം കുഞ്ഞിനെ  എങ്ങനെയെങ്കിലും ഒഴിവാക്കി കിട്ടാൻ പാടുപെടുന്ന യുവ വിധവയുടെ  നെരിപ്പോട് ജീവിതം വരെ വരെ അവിടെ നാം കാണുന്നു. വഴിയോരക്കാഴ്ചയായി ലെസ്ബിയൻ ജീവിതവും  കൊടിയടയാളമായി നായികയുടെകൂട്ടുകാരി  ഹസ്നയുടെ, സ്വർഗ്ഗ നരകങ്ങളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം പോലുള്ള ജീവിതവും, അതീവ സ്വാഭാവികതയോടെ തുന്നിച്ചേർക്കുന്നു.
 നോവൽ 10 അധ്യായം ആകുമ്പോഴേക്കും നായികയുടെ  ജീവിതത്തിലെ ചുഴികളും മലരികളും വ്യക്തമാകുയും വായനക്കാരന്  നോവൽ വായനയുടെ സൗന്ദര്യാനുഭൂതി പകർന്നു കിട്ടുകയും ചെയ്യുന്നു.

ഇതൊരു ഒരു നിഷ്കളങ്ക രചനയാണ് പെണ്ണനുഭവങ്ങളിലേക്ക് മാത്രം മിഴി തുറക്കുന്ന സൗമ്യരചന. സ്ത്രീപക്ഷ രചന എന്നോ പുരുഷ മേധാവിത്വത്തിന് എതിരെയുള്ള രചന എന്നോ തെറ്റ് ധരിച്ചു പോകരുത്.അതുകൊണ്ടാണ് ഇതൊരു നിഷ്കളങ്ക  രചനയാണെന്ന് പറഞ്ഞുവച്ചത്.

രതീഷ് കുമാർ.
🌾🌾🌾🌾🌾