10-06-19

📚📚📚📚📚📚
നീതിതേടി ഒരു പെൺ പ്രവാസി
ജസീന്ത മോറിസ്
ഗ്രീൻബുക്സ്
പേജ് 1 12
വില 150
നോവൽ എന്നാണ് ജസീന്ത തന്റെ സൃഷ്ടിയെ വിളിക്കുന്നത് .പക്ഷേ അക്ഷരംപ്രതി സത്യം മാത്രം. ഉപയോഗിച്ചിരിക്കുന്ന പേരുകളെല്ലാം അതേപേരിൽ ജീവിച്ചവർ . ചന്തം കൂട്ടാൻ നിറപ്പകിട്ടുള്ള വാക്കുകളോ ഇല്ലാത്ത സംഭവങ്ങളോ ഉപയോഗിച്ചിട്ടില്ലെന്ന് ഗ്രന്ഥകാരി തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതിനെ നോവൽ എന്ന് വിളിക്കാൻ ഒരേയൊരു കാരണം സംഭവം നടന്ന് 19 വർഷം കഴിഞ്ഞാണ് ഇതെഴുതുന്നത് എന്നതാണ് .അല്ലെങ്കിൽ നോവലെന്ന് ഈ പുസ്തകത്തെ വിളിക്കാൻ ജസീന്ത താല്പര്യപ്പെടുന്നു എന്നത് .

     1999 നവംബർ 14 വ്യാഴാഴ്ച നോവലിസ്റ്റിന്റെ ഭർത്താവ് ഓടിച്ചിരുന്ന വാഹനം ഒരാളെ ഇടിച്ചുവീഴ്ത്തി .അയാൾ മരണപ്പെട്ടു .അയാൾക്ക് 80 വയസ്സ് കഴിഞ്ഞിരുന്നു, കാഴ്ചശേഷി കുറവായിരുന്നതിനാൽ ഉച്ചയ്ക്കുള്ള കൊടുംവെയിലിൽ വെള്ളനിറമുള്ള കാർ വരുന്നത് കാണാതെ റോഡിലേക്ക് കടന്നതാണ് അപകടത്തിന് ഇടയാക്കിയത് ,റോഡ് മുറിച്ചുകടക്കാൻ പാടില്ലാത്ത സ്ഥലത്താണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ഡ്രൈവർ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ആണ് .മെഡിക്കൽ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്നും ജോലിചെയ്യാൻ പൂർണ്ണമായും ആരോഗ്യവാനാണെന്നും കണ്ടെത്തിയിട്ടുമുണ്ട്. ഇത്രയുമൊക്കെ ആയാൽ പിന്നെ കേസിനെക്കുറിച്ച് എന്ത് പേടിക്കാനാണ് അല്ലേ?. പക്ഷേ സംഭവം നടന്നത് ദുബായിലാണ്. മരിച്ചത് അറബിയാണ്. വാഹനമോടിച്ചത് ഇന്ത്യക്കാരനും .സംഗതി മരണശിക്ഷ പോലും ലഭിക്കാവുന്ന കുറ്റമായി.

   ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങൾ വളരെ കർശനമാണെന്നതും അവ ഉപയോഗിക്കുന്നതിൽ അഴിമതിയും സ്വജനപക്ഷപാതവും ഇല്ല എന്നതും സത്യമാകുമ്പോഴും, അന്ധമായ നീതിനിർവഹണം നിരപരാധികളെയും ഉഗ്രമായ ശിക്ഷയിൽ അകപ്പെടുന്നു എന്ന സത്യം സത്യമായി അവശേഷിക്കുന്നു. ഒരുമാസത്തെ ജയിൽശിക്ഷയും 25 ലക്ഷം രൂപ പിഴയും അടച്ച് ജസീന്തയുടെ ഭർത്താവ് ജയിൽമോചിതനായത് കേട്ടവർക്കൊന്നും വിശ്വസിക്കാനായില്ല.കൊലക്കേസ് ശരിയത്ത് കോടതിയിലെത്തിയാൽ ഇങ്ങനെ പുറത്തിറങ്ങാൻ ആവില്ലെന്ന് ആ നാട്ടിലെ നിയമങ്ങൾ അറിയുന്നവർക്ക് ബോധ്യമുണ്ട്. പിന്നെങ്ങനെയാണ് റംസാൻ കാലമായിരുന്നിട്ടുകൂടി ജസീന്ത തൻറെ ഭർത്താവിനെ രക്ഷിച്ചെടുത്തത് എന്നറിയാൻ ഈ നോവൽ വായിക്കുക .ഒരൊറ്റ ശ്വാസത്തിൽ നിങ്ങൾ ഈ നോവൽ വായിച്ചു തീർക്കും അത്ര ഹൃദയാവർജ്ജകമായാണ്, ചെറിയ ചെറിയ വാക്യങ്ങൾ കൊണ്ട് ,ചെറിയ ചെറിയ അധ്യായങ്ങളിലായി ,ഈ നോവൽ എഴുതിത്തീർക്കുന്നത്. വായിക്കുമ്പോൾ ഒരിക്കലും ഇതൊരു നോവലാണെന്ന് നാം ചിന്തിക്കുകയില്ല അത്ര സത്യസന്ധമായാണ് ഓരോ അക്ഷരവും എഴുതിയിട്ടുള്ളത് .അസാധ്യം എന്നൊന്നില്ലെന്നും, പരി ശ്രമിക്കുകയാണെങ്കിൽ എന്തും സാധിക്കാമെന്നും, ഈ നോവൽ നമുക്ക് കാട്ടിത്തരും.ഒപ്പം കണ്ണില്ലാത്തനിയമത്തിന്റെ ക്രൗര്യത്തിനിടയിലും, ആർദ്ര മനസ്സുകളുടെ സ്നേഹം നദീപ്രവാഹമാകുന്നതും. തൻറെ പരിശ്രമം വിജയിക്കാൻ ഒരു കാരണമായി തന്റെയും കൂട്ടുകാരുടെയും പ്രാർത്ഥനയെ  കഥാകാരി കാണുന്നു. അറബിനാട്ടിലെ രണ്ടുതരം ജയിലുകളും, അവിടുത്തെ കുറ്റവാളികളുടെ സ്വഭാവവും, കുറഞ്ഞൊന്ന് പരാമർശിക്കുന്നുണ്ട്. സെൻട്രൽ ജയിലിൽ കുറ്റം ചെയ്യാതെ ചെന്നെത്തിയ പലരും, ജയിലിലാണെന്ന്  വീട്ടുകാരോ ബന്ധുക്കളോ അറിഞ്ഞിട്ടേയില്ല. അറിയിക്കാനും കഴിയില്ല. അറബി സ്ത്രീയുടെ ലൈംഗിക നിർബന്ധത്തിന് വഴങ്ങേണ്ടിവന്നവരും കുറ്റവാളികളായി ആ ജയിലിൽ ഉണ്ടത്രേ.

രതീഷ് കുമാർ
🌾🌾🌾🌾🌾🌾