10-04-19


പ്രിയരെ ആറു മലയാളിക്ക് നൂറു മലയാളം എന്ന പംക്തിയിലേക്ക് സ്നേഹത്തോടെ ഏവരേയും സ്വാഗതം ചെയ്യുന്നു.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, ചിറക്കൽ, തലശ്ശേരി എന്നീ പ്രാദേശിക ഭാഷാഭേദങ്ങളുടെ സവിശേഷതകളാണ് കഴിഞ്ഞ ലക്കത്തിൽ നാം പരിശോധിച്ചത്. അവയുടെ മറ്റു ചില സവിശേഷതകളാണ് ഇവിടെ പങ്കു വെക്കുന്നത്.
നാമസംഹിതാ പഠനം

പയ്യന്നൂർ ഭാഷാഭേദത്തിലെ ചില നാമപദങ്ങൾ
നിച്ചൽ, നേമം (നിത്യം)
നുപ്പട്ട് (മുമ്പ്)
പുരുവൻ (പുരുഷൻ)
എനി (ഇനി)
ഏട്ടി (ചേച്ചി)
ആട്ടൻ (ജ്യേഷ്ഠൻ)
കുളുത്ത് (പഴങ്കഞ്ഞി)
വെര്ത്തം (അസുഖം)
പെ൪മഞ്ചം(ആ൪ഭാടം)
തൊണ്ടൻ(കിഴവൻ)
കൊരട്ട (കശുവണ്ടി)
ചുള (വേശ്യ)
സാണ് (പ്ലേറ്റ്)
ചൊരപ്പല (ചിരവ)
തുമ്മാൻ (മുറുക്കാൻ)
ആച്ചിക്കണിയാൻ(തുമ്പി)
കൊച്ച (കൊക്ക്)

ചിറക്കൽ ഭാഷാഭേദത്തിലെ ചില നാമപദങ്ങൾ
പൊസ്തകം (പുസ്തകം)
പയമ (പഴമ)
ബയി (വഴി)
പെലായില (പ്ലാവില)
ചുണ്ടൊപ്പ് (കൈയൊപ്പ്)
കൊയമാന്തരം (പ്രശ്നം)
കന്തറ് (പിശുക്ക്)
ചെരതിക്കുക (സൂക്ഷിക്കുക)
എഗരം/ഏരം (ഉയരം)
പോങ്ങ (കൈക്കുടന്ന മുഴുവൻ)
കെ൪പ്പം (ഗർഭം)
പൊതം (ശക്തി)
ബിശ്യം (വർത്തമാനം)
കോപ്രാട്ടി (കോമാളി)
     ഈ പദങ്ങളെല്ലാം സാധാരണ വ്യവഹാരത്തിനായി ഉപയോഗിച്ചു വരുന്നവയാണ്.

തലശ്ശേരി ഭാഷാഭേദത്തിലെ ചില നാമപദങ്ങൾ
അമുക്ക് (ഹമുക്ക്)
തായല് (താഴത്ത്)
മയ (മഴ)
മയി (മതി)
കുറി (ചിട്ടി)
ബസി (പാത്രം)
പാട്ട (കപ്പ്)
അലാക്ക് (ബുദ്ധിമുട്ട്)
തെള്മ്പ് (അറ്റം)
ഇത്രപ്പൊടി (കുറച്ച്)
ബാച്ചം (ചുംബനം)

ഈ പദങ്ങൾ സാധാരണ വ്യവഹാരത്തിനായി ഈ ഭാഷാഭേദത്തിൽ ഉപയോഗിച്ചു വരുന്നവയാണ്

പയ്യന്നൂർ ഭാഷാഭേദത്തിലെ ലിംഗ വ്യവസ്ഥ

അവൻ എന്ന രൂപത്തിന് പകരം ഓൻ എന്നുപയോഗിച്ചു വരുന്നു. നല്ല, ചെറിയ, വലിയ എന്നീ വിശേഷണങ്ങൾ ചേരുമ്പോൾ
നല്ലോൻ, ചെറിയോൻ, ബെല്ല്യോൻ എന്നിങ്ങനെ മാറി വരുന്നു. സ്ത്രീലിംഗത്തിൽ ഇവ നല്ലോള്, ചെറിയോള്, ബെല്ല്യോള് എന്നിങ്ങനെ മാറി വരുന്നു.
      ഏട്ടൻ, ആട്ടൻ, ചെവിടൻ, പൊട്ടൻ, അമ്മാമൻ, തൊണ്ടച്ചൻ, അച്ചാച്ചൻ എന്നിങ്ങനെ പുല്ലിംഗത്തിലും ഏട്ടി, അച്ചി, തടിച്ചി, ചെങ്ങായിച്ചി എന്നിങ്ങനെ സ്ത്രീ ലിംഗത്തിലും ഉപയോഗിച്ചു കാണുന്നു.

ചിറക്കൽ ഭാഷാഭേദത്തിലെ ലിംഗ വ്യവസ്ഥ
അൽപം ചില വ്യത്യസ്തതകളാണ് ഇവിടെ കണ്ടു വരുന്നത്. ഓൻ, ഇവൻ, എവൻ, നല്ലോൻ, ചെറിയോൻ, ബെല്ല്യോൻ,ഓള്, ഇവള്, എവള്, നല്ലോള്, ചെറിയോള്, ബെല്ല്യോള്, മൂത്തോള്, എളയോള്, ഏട്ടൻ, അമ്മോൻ, ചെവിടൻ, ഏച്ചി  എന്നിങ്ങനെയാണവ.

തലശ്ശേരി ഭാഷാഭേദത്തിലെ ലിംഗ വ്യവസ്ഥ
ഇവിടെ കാര്യമായ വ്യത്യാസമില്ല. ബെല്ലോള്, ഏച്ചി, ചെങ്ങായിച്ചി, ബൌസത്തി തുടങ്ങിയ വ്യത്യാസം മാത്രം ഇവിടെ കാണുന്നു.

വചനം
പയ്യന്നൂർ ഭാഷാഭേദത്തിൽ പുല്ലിംഗം ബഹുവചനത്തിൽ തൊണ്ടമ്മാറ്, ഏട്ടമ്മാറ്, കണിശമ്മാറ് എന്നിങ്ങനെയും സ്ത്രീലിംഗ ബഹുവചനത്തിന് അമ്മാറ്, ഏച്ചിമാറ്, ടീച്ചറ്മാര്, പെണ്ണുങ്ങള്, സ്ത്രീകള് തുടങ്ങിയ പദങ്ങളും ഉദാഹരണമായി പറയാം. മാ൪ എന്ന പ്രത്യയം മാറ് എന്നും കൾ എന്ന പ്രത്യയം അള് എന്നും രൂപാന്തരപ്പെടുന്നു.

    ചിറക്കൽ ഭാഷാഭേദത്തിൽ സലിംഗ ബഹുവചനത്തിൽ പുല്ലിംഗത്തിന് പ്രാന്തമ്മാറ്, നമ്പൂരിയാറ്, വണ്ണാമ്മാറ്, തെക്കമ്മാറ്, വെളവമ്മാറ് മുതലായ പദങ്ങളും സ്ത്രീലിംഗ ബഹുവചനത്തിന് സൊള്ളിച്ച്യള്, പെങ്ങമ്മാര്, പെണ്ണുങ്ങള് തുടങ്ങിയവയും ഉപയോഗിച്ചു കാണുന്നു. മാർ എന്ന സലിംഗ പുല്ലിംഗ പ്രത്യയം മാർ, മാര്, മാറ്, ആറ്, അറ് എന്നും സ്ത്രീലിംഗ ബഹുവചനത്തിന്റെ കൾ അള് എന്നും മാ൪ എന്നത് മറ്/മാര് എന്നുമാണ് കാണപ്പെടുന്നത്.
    തലശ്ശേരി ഭാഷാഭേദത്തിൽ സലിംഗ ബഹുവചനത്തിന്റെ പുല്ലിംഗത്തിൽ ചെക്കമ്മാറ്, ചെങ്ങായിമാറ്, തടിയമ്മാറ്, തുടങ്ങിയ പദങ്ങളും സ്ത്രീലിംഗ ബഹുവചനത്തിന് അമ്മമാറ്, വണ്ണാത്ത്യള് തുടങ്ങിയ പദങ്ങളും കാണുന്നു. മാർ എന്ന പ്രത്യയം മാറ് എന്നും ആറ്,  ആള് എന്നും രൂപാന്തരപ്പെട്ടു കാണുന്നു. കള് എന്ന പ്രത്യയം അള് എന്നായി ട്ടാണ് കാണപ്പെടുന്നത്.

വിഭക്തി

പയ്യന്നൂർ ഭാഷാഭേദത്തിൽ.......   
ഓന ബ്ളിക്ക് (അവനെ വിളിക്കൂ)
രാമാട്ടനോട് നാള വെരാൻ പറഞ്ഞിന് (രാമേട്ടനോട് നാളെ വരാൻ പറഞ്ഞു)
ഓനി എന്ത്ന്നാ ബെര്ത്തം (അവന് എന്താണ് അസുഖം)
ജാനകി ഏട്ടീരെ മോള പുരവനാ (ജാനകി ചേച്ചിയുടെ മകളുടെ ഭർത്താവാണത്)
ഓന്റെ  കൈമലുണ്ട് (അവന്റെ കൈയിൽ ഉണ്ട്)
കാക്ക് ചവുട്ടി (കാലിൽ ചവുട്ടി)

ചിറക്കൽ ഭാഷാഭേദത്തിൽ......... 
പാറൂന ബ്ട (പാറുവിനെ വിടൂ)
കുഞ്ഞീന കരയിക്കല്ലാ (കുഞ്ഞിനെ കരയിക്കരുത്)
അവരട്ക്ക പറഞ്ഞിനാ (അവരോട് പറഞ്ഞിരുന്നുവോ)
മയ പെയ്താ കണക്കന്നെ (മഴ പെയ്താൽ ബുദ്ധിമുട്ടും)
ചെക്കമ്മാറ പര്വാടിയാന്ന് (ചെറുക്കൻമാരുടെ പരിപാടിയാണ്)
മായീന്റെ തലക്കതാ മാങ്ങ കാണ്ന്നാ (മാവിന്റെ തലക്കൽ അതാ മാങ്ങ കാണുന്നു)

തലശ്ശേരി ഭാഷാഭേദത്തിൽ...... 
ഓള ബ്ളിക്ക് മോനേ (അവളെ വിളിക്കൂ മോനേ)
എന്റെ തീയന്റട്ക്ക് പറേറേ (എന്റെ ഭർത്താവിനോട് പറയരുതേ)
ഓനക്കൊണ്ടൊരു കൊണൂല്ലാ (അവനെക്കൊണ്ടു ഒരു ഗുണവുമില്ല)
ഞമ്മള പൊരക്ക് ഇങ്ങള് ബെര്ന്നാ (ഞങ്ങളുടെ വീട്ടിൽ നിങ്ങൾ വരുന്നോ)
ബാത്ക്ക ന്ക്കറ് (വാതിൽക്കൽ നിൽക്കരുത്)

ക്രിയ

പയ്യന്നൂർ ഭാഷാഭേദം...... 
         നുപ്പട്ടേ കീഞ്ഞിനീ എന്നാൽ നേരത്തെ ഇറങ്ങി യിരുന്നു എന്നാണർത്ഥം. "വൈരം കൊടുക്ക്വ" നിലവിളിക്കുക എന്ന൪ത്ഥത്തിലും "തുക്കിത്തുളിയാറൽ" തെണ്ടി നശിക്കുക എന്ന അർത്ഥത്തിലുമാണ്.                 " പാ൪ക്കുക" എന്നാൽ താമസിക്കുക എന്ന൪ത്ഥമല്ല, മറിച്ച് "കല്യാണം കഴിക്കലാണ്"." നൊടിച്ചലെളക്കൽ"വേണ്ടാതീനം പറയലിനെയും ചച്ചരപ്പൊച്ചരപണി സൂത്രപ്പണിയെയുമാണ് ഉദ്ദേശിക്കുന്നത്.

ചിറക്കൽ ഭാഷാഭേദം
     "കയ്ക്ക" എന്ന ക്രിയാപദം ഭക്ഷണം കഴിക്കുക, ഒരു കാര്യം ചെയ്തു തീർക്കുക, കല്യാണം കഴിക്കുക, അഴിക്കുക തുടങ്ങിയ അർത്ഥത്തിൽ ഇവിടെ ഉപയോഗിച്ചു വരുന്നു. "ചക്ക പാങ്ങാക്കൽ" ചക്ക വൃത്തിയാക്കലാണ്. "മാഞ്ഞാനം പറയ്വ" തോന്നിയത് പറയലാകുമ്പോൾ "മാട്ടുക" അന൪ഹമായി കരസ്ഥമാക്കലും ആകുന്നു. "നിര്വോണം ബെച്ച് കരയൽ" ഓ൪മിച്ച് കരയുന്നതുമാണ്. "മനാരത്തിൽ" ചെയ്യുക എന്നത് ഭംഗിയായി സൌകര്യത്തിൽ ചെയ്യുകയുമാണ്. ഇത്തരത്തിൽ തനിമ പുലർത്തുന്ന ധാരാളം ക്രിയാ പദങ്ങൾ ചിറക്കൽ ഭാഷാഭേദത്തിലുണ്ട്.

തലശ്ശേരി ഭാഷാഭേദം
"കൂട്ടം കൂട്വാ" ഇവിടെ തല്ലു കൂടലാണ്. "കലമ്പ്വ" വഴക്കു പറയലാണ്. "കൂക്കീം ബൈരോം കൊടുക്ക്വ"യെന്നാൽ ഉറക്കെ ശാഠ്യം പിടിക്കുക എന്നാണർത്ഥം. " പൊലഞ്ഞോണ്ട്ക്കൽ" പിറുപിറുക്കലും "പുയ്പ്പെളക്കൽ" നുണ പറയലുമാണ്, "ചേപ്രയാക്കൽ" കളിയാക്കലും.

കാലം
പയ്യന്നൂർ ഭാഷാഭേദത്തിലെ കാല പ്രത്യയങ്ങൾക്ക് ചെറിയ ചില വ്യത്യാസങ്ങൾ കാണുന്നു. ഭൂതകാലത്തിന് "ഇനി" എന്നും"ഉ് "എന്നുമാണ് കാണപ്പെടുന്നത്. വർത്തമാന കാല പ്രത്യയമായ " ഉന്നു " "ഇ്ന്നു" എന്നും ഭാവികാല പ്രത്യയമായ "ഉം" അതു പോലെ യാതൊരു വ്യത്യാസവുമില്ലാതെ ഉപയോഗിക്കുന്നു.

ഭൂതം
ഞാമ്പോണ്ടായാര്ന്ന് (ഞാൻ പോകേണ്ടതായിരുന്നു)
അനക്ക് പോണായിര്ന്നു (എനിക്ക് പോകണമായിരുന്നു)
അനക്ക് ഒരു സലം വരെ പോണ്ടീണ്ടാര്ന്നു(എനിക്ക് ഒരു സ്ഥലം വരെ പോകേണ്ടതുണ്ടായിരുന്നു)


വർത്തമാനം
പോണ്ടീണ്ട് (പോകേണ്ടതുണ്ട്)
പോണ്ടയാന്ന് (പോകേണ്ടതാണ്)
പോണ്ടിയുണ്ട് (പോകേണ്ടിയിരിക്കുന്നു)

ഭാവി
പോണ്ടി ബെരും (പോകേണ്ടിയിരിക്കും)
പോണ്ടയാവും(പോകേണ്ടതാകും)
പോണായ്രിക്കും(പോകണമായിരിക്കും)


ചിറക്കൽ ഭാഷാഭേദത്തിലെ ഭൂതകാലത്തിന് "ഇ" പ്രത്യയം യാതൊരു ഭാവ വ്യത്യാസവുമില്ലാതെ കാണുന്നുണ്ടെങ്കിലും ചിലപ്പോൾ "ഉ്" എന്നും "ഈ്" എന്നുമാണ് പ്രയോഗിച്ചു കാണുന്നത്. "ഉന്നു" എന്ന വർത്തമാനകാല പ്രത്യയം "ഇന്ന്" എന്നായിട്ടാണ് കാണുന്നത്.

ഭൂതം
പോണ്ടിയാര്ന്നു (പോകേണ്ടതായിരുന്നു)
പോണായിര്ന്നു (പോകണമായിരുന്നു)
പോണ്ടീണ്ടായ്ന് (പോകേണ്ടതുണ്ടായിരുന്നു)

വർത്തമാനം
പോണ്ടീണ്ട് (പോകേണ്ടതുണ്ട്)
പോണ്ടയാന്ന് (പോകേണ്ടതുണ്ട്)
പോണ്ടീണ്ട് (പോകേണ്ടിയിരിക്കുന്നു)

ഭാവി
പോണ്ടി ബെരും(പോകേണ്ടിയിരിക്കും)
പോണ്ടയാവും (പോകേണ്ടതാകും)
പോണായ്ര്ക്കും (പോകേണമായിരിക്കും)

തലശ്ശേരി ഭാഷാഭേദത്തിലെ കാല പ്രത്യയങ്ങൾക്ക് ചില സവിശേഷതകൾ കാണുന്നുണ്ട്. ഭൂതകാല പ്രത്യയങ്ങളിലാണ് ഈ സവിശേഷതകൾ കൂടുതൽ കാണുന്നത്. ഭൂതകാല പ്രത്യയങ്ങളോട് "ഏനു",  "ഏനും" എന്നിങ്ങനെയുള്ള പദങ്ങൾ ചേർത്ത് പ്രയോഗിക്കുന്നു. പോയിനി എന്ന പ്രയോഗം "പോനി" എന്നു സംക്ഷേപിച്ച് ഉപയോഗിക്കുന്നതും കാണാം. "ഇ" പ്രത്യയത്തിനു പകരം "ഇന്" എന്ന ഒരു പ്രത്യയം ചേർത്ത് പ്രയോഗിക്കുന്ന രീതിയും ഇവിടെ കാണപ്പെടുന്നു.ഭൂതകാലത്തിൽ പ്രത്യയത്തിന് അടുത്തായി "ഊട്ട്" എന്ന് ചേ൪ത്ത് (പാഞ്ഞൂട്ട്, ബ്ങ്ങൂട്ട്) പ്രയോഗിക്കുന്ന രീതിയും ഇവിടെ കാണപ്പെടുന്നു. "ഉം" എന്ന ഭാവികാല പ്രത്യയം മാറ്റമൊന്നുമില്ലാതെ നിലനിലക്കുന്നു.

ഭൂതം
പോണ്ടിയേനു (പോകേണ്ടതായിരുന്നു)
പോണായ്നു (പോകണമായിരുന്നു)
പോണ്ടീണ്ടായ്നു(പോകേണ്ടതുണ്ടായിരുന്നു)

വർത്തമാനം
പോണ്ടീണ്ട് (പോകേണ്ടതുണ്ട്)
പോണ്ടയാന്ന് (പോകേണ്ടതാണ്)
പോണ്ടീണ്ട് (പോകേണ്ടിയിരിക്കുന്നു)

ഭാവി
പോണ്ടി ബെരും (പോകേണ്ടിയിരിക്കും)
പോണ്ടയാവും(പോകേണ്ടതാകും)
പോണായ്ര്ക്കും(പോകണമായിരിക്കും)

വാക്യ പഠനം
പയ്യന്നൂർ ഭാഷാഭേദത്തിൽ കർത്താവ്, ക൪മം, ക്രിയ എന്ന രീതിയിൽ........
ഓളും പുരുവനും കൂടി സിൻമക്ക് നുപ്പട്ടേ കീഞ്ഞിനി
കർത്താവ്, ക്രിയ, ക൪മം രീതിയിൽ.....
ഓള് കേറിനെരങ്ങും അയലൂതിയെല്ലാം
ക൪മം, കർത്താവ്, ക്രിയ രീതിയിൽ......
അത് ഞാങ്കണ്ടിറ്റ്ല്ല്യ
ചിറക്കൽ ഭാഷാഭേദത്തിൽ കർത്താവ്, ക൪മം, ക്രിയ എന്ന ക്രമത്തിൽ.....
ഞാമ്പ്ട്യേപ്പോയിന്
ഓനാട ഇര്ക്ക്ന്നാ
കർത്താവ്, ക്രിയ, ക൪മം എന്ന ക്രമത്തിൽ....
ദാമു ബെരും ബ്ട്ടിലേക്ക്
ക൪മം, കർത്താവ്, ക്രിയ എന്ന ക്രമത്തിൽ....
ബണ്ടി ബെരാഞ്ഞിറ്റ് ഞാനാട ന് ന്നു
തലശ്ശേരി ഭാഷാഭേദത്തിൽ കർത്താവ്, ക൪മം, ക്രിയ എന്ന ക്രമത്തിൽ......
അന്റെ തീയന്റാള് വന്നിറ്റ്ണ്ട്
കർത്താവ്, ക്രിയ, ക൪മം എന്ന ക്രമത്തിൽ......
ഓ മ്പെരും വൈയീറ്റാട(അവൻ വരും വൈകീട്ട്  അവിടെ)
ക൪മം, കർത്താവ്, ക്രിയ എന്ന ക്രമത്തിൽ.....
നെരത്തിന് ഓന ഞാ കണ്ട്നല്ലാ
🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚
പ്രാദേശികമായി കണ്ണൂർ ഭാഷയ്ക്കുണ്ടാകുന്ന പ്രത്യേകതകളാണ് കഴിഞ്ഞ രണ്ടു ലക്കത്തിലായി അവതരിപ്പിച്ചത്
🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱
https://youtu.be/HFopgraCQ0w
https://youtu.be/c2Jp0-xZ-ew
പ്രിയരെ.....
കണ്ണൂർ ഭാഷാഭേദം കഴിഞ്ഞ കുറെ ലക്കങ്ങളായി കടന്നു പോയി ആവേശകരമായ പ്രതികരണങ്ങളാണ് എല്ലാ ഭാഗത്ത് നിന്നും ലഭിച്ചത്
ഇനി മറ്റൊരു ജില്ലയിലെ ഭാഷാവിശേഷങ്ങളുമായി അടുത്ത ആഴ്ച
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഡോ.അനുപമ തയ്യാറാക്കിയ കണ്ണൂർ ഭാഷാഭേദം എന്ന കൃതിയോട് കടപ്പാട് രേഖപ്പെടുത്തുന്നു