🌌🎇🌌🎇🌌🎇🌌🎇🌌🎇
ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം
🌌🎇🌌🎇🌌🎇🌌🎇🌌🎇
ഈയടുത്തായി സന്ധ്യാനേരത്തുള്ള ആകാശത്തിന് ഒരു മൂടിക്കെട്ടൽ...മിനിഞ്ഞാന്ന് രാത്രി പടിഞ്ഞാറേ മാനത്ത് ,ഇരുളിൽ അമ്പിളിക്കല കണ്ടിരിക്കാൻ വല്ലാത്തൊരു ഇഷ്ടം...☺ ഇരുളിൽ തെളിയുന്ന വെളിച്ചത്തിന് എന്തൊരു ചന്തം അല്ലേ... അതുകൊണ്ടാണല്ലോ
"ഇരിക്കൊലാ പൊങ്ങുക, വിണ്ണിലോമനേ,
ചരിക്ക നീ മിന്നിമിനുങ്ങിയങ്ങനെ,
വരിഷ്ഠമാം തങ്കമുരച്ച രേഖപോ-
ലിരുട്ടു കീറുന്നൊരു വജ്രസൂചിപോൽ.
സ്ഫുരിക്കുമീ നിന്നുടലിൻ പദാർത്ഥമെ-
ന്തുരയ്ക്ക, മിന്നൽപ്പിണരിൻ സ്ഫുലിംഗമോ?
വിരഞ്ഞുപോം താരഗണങ്ങൾ തമ്മിലാ-
ഞ്ഞുരഞ്ഞുപാറും പൊടിയോ, നിലാവതോ.."
എന്ന് ആശാൻ മിന്നാമിനുങ്ങിനെക്കുറിച്ചെഴുതിയത്..
ഇരുളിൽ തെളിയുന്ന ചിത്രങ്ങൾക്കെന്തു ഭംഗിയാകും☺☺ഇങ്ങനെയുള്ള ചിത്രങ്ങളെക്കുറിച്ച് അറിയാൻ നടത്തിയ അന്വേഷണമാണ് ഇന്നത്തെ ചിത്രകാരനിലേക്ക് എന്നെ എത്തിച്ചത്...
പെട്രസ് വാൻ ഷെൽഡൻ
(സെൽഫ് പോർട്രെയ്റ്റ്)
പെട്രസ് വാൻ ഷെൽഡൽ (1806_ 1870)
പ്രശസ്തനായ ഡച്ച് ബെൽജിയം ചിത്രകാരനാണ് പെട്രസ് വാൻ ഷെൻഡൽ. റൊമാൻറിക് ശൈലി പിന്തുടർന്നിരുന്ന ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ അധികവും നിശാദൃശ്യങ്ങളായിരുന്നു. അതും മെഴുകുതിരി വെട്ടത്തിൽ നിലാവിനും ഇടയിൽ ഉള്ളത്... അതുകൊണ്ടുതന്നെയാകാം മിസ്റ്റർ ശരറാന്തൽ എന്ന് അർത്ഥം വരുന്ന MONSIEUR CHANDELLE എന്ന വിളിപ്പേര് അദ്ദേഹത്തിന് സ്വന്തമായത്.
ഒരിടത്തരം കച്ചവട കുടുംബത്തിലായിരുന്നു ഷെൻഡൽ ജനിച്ചത്. ജന്മദേശം ഹെയ്ഡൻ ഗ്രാമം .കുട്ടിക്കാലത്തു തന്നെ ചിത്രകലയിൽ അസാമാന്യകഴിവ് പ്രകടിപ്പിച്ചിരുന്നു ഷെൻഡൽ.ഒരു കുടുംബത്തിന്റെ നിർദ്ദേശപ്രകാരമാണ് ഷെൽഡനെ പിതാവ് റോയൽ അക്കാദമി ഓഫ് ഫൈനാർടസിൽ ചിത്രകല പഠിക്കാനായി പറഞ്ഞയച്ചത്. 1822 _28 വരെ മാത്തിയോ ഇഗ്നേഷ്യസ് വാൻ ബ്രീയുടെ കീഴിൽ ചിത്രം വര അഭ്യസിക്കുകയും സ്വർണമെഡലോടെ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തു .ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ മികച്ച ഒരു പോർട്രേറ്റ് പെയിന്റർ ആയി പേരെടുക്കാൻ ഷെൽഡന് സാധിച്ചു. ബ്രേഡ, ആംസ്റ്റർഡാം, റോട്ടർഡാം ,ഹ്യൂജ് എന്നീ സ്ഥലങ്ങളിൽ ചിത്രകലയ്ക്കായി മാറി മാറി താമസിച്ചു. 1834ൽ റോയൽ അക്കാദമിയിൽ സ്ഥിരാംഗമായി ഷെൻഡൽ നിയമിതനായി. കിയരസ്ക്യൂറോ എന്ന ചിത്രകലാസങ്കേതത്തിൽ ചിത്രകലാപഠനം മുതൽതന്നെ അദ്ദേഹം ആകൃഷ്ടനായിരുന്നു.1845 മുതൽ ബ്രസൽസിൽ അദ്ദേഹം സ്ഥിരതാമസമാക്കി മാറ്റി.
ഷെൽഡന്റെ ചിത്രംവര സ്റ്റുഡിയോയുടെ പ്രത്യേകത മനസ്സിലാക്കിയാൽ നമുക്കൂഹിക്കാം എന്തുകൊണ്ടാണ് അദ്ദേഹം മിസ്റ്റർ ശരറാന്തൽ എന്ന പേരിന് അർഹനായത് എന്ന്...😊 അദ്ദേഹം തന്റെ സ്റ്റുഡിയോയെ രണ്ടാക്കി തിരിച്ചു .ഒരുഭാഗത്ത് വെളിച്ച ക്രമീകരണം... അവിടെ ഇരുന്നായിരുന്നു അദ്ദേഹം വരച്ചിരുന്നത്. മറുഭാഗത്ത് ഇരുട.്ട് ഈ ഇരുട്ടിലായിരുന്നു മോഡലുകൾ നിന്നിരുന്നത്. ഇരുളിൽ ഉള്ള തെളിമ ഒപ്പിയെടുക്കാൻ ഇങ്ങനെ പ്രാഗല്ഭ്യം നേടിയ ഷെൽഡൻ അദ്ദേഹത്തിൻറെ ചിത്രങ്ങൾ ഏറെയും ശൈലിയിൽ ആയി മാറിയതിൽ അത്ഭുതപ്പെടാനേയില്ല... ചന്ദ്ര ശോഭയിൽ തെളിയുന്ന ബൈബിൾ ദൃശ്യങ്ങളും ,മെഴുകുതിരി വെളിച്ചത്തിലെ രാത്രി ദൃശ്യങ്ങളും അദ്ദേഹത്തിൻറെ കാൻവാസിൽ ജീവൻ വച്ചു .1869ൽ വൈദ്യുതി വിളക്ക് ഉപയോഗിച്ചും അദ്ദേഹം ഇത്തരം ചിത്ര പരീക്ഷണങ്ങളിൽ ഏർപ്പെട്ടു..
അദ്ദേഹം കലാകാരൻ എന്നതിനൊപ്പം മികച്ച ഒരു മെക്കാനിക് ശാസ്ത്രജ്ഞൻ കൂടിയായിരുന്നു.ആവി എൻജിൻ ഉപയോഗിച്ച് ഓടുന്ന കാറ് ,ആവിക്കപ്പൽ ,റെയിൽകാർ മുതലായവയുടെ നിർമാണമേഖലകളിൽ അദ്ദേഹം തനതായ വ്യക്തി മുദ്ര ചാർത്തി...
മൂന്നുവട്ടം വിവാഹിതനായ ഇദ്ദേഹത്തിന് 15 മക്കളുണ്ടായിരുന്നു
ഇനി ഷെൽഡന്റെ ചിത്രങ്ങളിലേക്ക്...ചിത്രവിശദീകരണം ഇത്തവണ നടത്തിയിട്ടില്ല...കാണുന്ന കാഴ്ചകൾ അതേപടി ആവിഷ്ക്കരിച്ചതിനാൽ അക്കാലത്തെ സാംസ്ക്കാരിക തനിമ മിക്ക ചിത്രങ്ങളിലും വ്യക്തമായി കാണാം...ഇനി ചിത്രവായന ആസ്വാദകരായ നമ്മുടെ മനസ്സിൽ നടത്താം..😊🙏
രാത്രിയിലെ വർണപ്രപഞ്ചത്തിലേക്ക് സ്വാഗതം🙏🌹
ഇന്നത്തെ ചിത്രങ്ങളെ മൂന്നായി തിരിക്കുന്നു.1)രാത്രിച്ചന്തകൾ
2)ബെെബിൾ ദൃശ്യങ്ങൾ
3)പലവക
NIGHT MARKETS
BIBLICAL PAINTINGS
മഗ്ദലനമറിയം
ഇതര ചിത്രങ്ങൾ
No birds...
The love letter
കിയരസ്‌കുരോ (chiaroscuro) എന്നുകേട്ടാൽ ആരുമൊന്നു മുഖം ചുളിക്കും. എളുപ്പത്തിൽ വഴിപ്പെടാൻ ഒന്നു മടിച്ചുനിന്നേക്കാവുന്ന പദം. പക്ഷെ, ചിത്രകാരന്മാർക്കും, ചിത്രകലാചരിത്രാന്വേഷികൾക്കും ഏറേ പരിചിതമാണീവാക്ക്. ഇന്നത് ഫോട്ടൊഗ്രാഫിയിലും, സിനിമയിലും ചെന്നെത്തിനില്ക്കുന്നു. സത്യത്തിൽ കിയരസ്‌കുരോയുടെ അർത്ഥം അത്ര പ്രയാസമല്ല. അതുമനസ്സിലാക്കാൻ ഈ ഇറ്റാലിയൻ വാക്കിനെ ഒന്നു പിരിച്ചിടണമെന്നുമാത്രം. ‘കിയരോ’ എന്നാൽ പ്രകാശമാനമായത് എന്നും ‘ഓസ്‌കുരോ’ എന്നാൽ അതിനു വിപരീതമായ ഇരുണ്ടത് എന്നും അർത്ഥം. ഇരുധ്രുവങ്ങളിൽ നില്ക്കുന്ന പദങ്ങളെ ഒരുമിച്ചു ചേർത്ത് സൃഷ്ടിച്ച ഒരു സംയുക്തം. ട്രാജിക്-കോമഡിയൊക്കെപ്പോലെ.
അപ്പോൾ എന്താണിത് അർത്ഥമാക്കുന്നത്? തെളിച്ചത്തിന്റേയും ഇരുട്ടിന്റേയും കൃത്യവും മനോഹരവുമായവിന്യാസത്തിലൂടെ സൃഷ്ടിച്ചെടുക്കുന്ന കലാസൃഷ്ടി അല്ലെങ്കിൽ അതിനുപയോഗിക്കുന്ന സാങ്കേതികതയോ, കലാരീതിയോ, രചനാകൗശലമോ ഒക്കെയാവാം ഈ കിയരസ്‌കുരോ എന്നാൽ. ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്കു അനുസ്യൂതം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്റെ ആശയുടേയും ചിന്തകളുടേയും പ്രതിഫലനമായും ഇതിനെ കാണാം. മനുഷ്യനിൽ അടങ്ങിയിരിക്കുന്ന ആദിമചോദനകളെ തെളിമയിൽ ആറ്റിക്കുറുക്കി, നവോത്ഥാനപാതയിലൂടെ ലാവണ്യാത്മകമായി പുറത്തെടുത്തപ്പോഴാണ് കിയരസ്‌കുരോ എന്ന സങ്കേതം നമുക്കുലഭിച്ചത്. ഇരുണ്ടകാലത്തെ പിന്നിലാക്കി, 14 മുതൽ 17 വരേയുള്ള നൂറ്റാണ്ടുകളുടെ കാലയളവിൽ ചിത്രകലയിൽ അരങ്ങേറിയ നവോത്ഥാന വേലിയേറ്റം നമ്മുടെ ചരിത്രത്തെ എങ്ങനെ പ്രകാശനമാനമാക്കിയെന്നു പരിശോധിക്കുമ്പോൾ, അതേസമയപരിധിയിൽത്തന്നെ അങ്കുരിച്ച കിയരസ്‌കുരോ എത്രമാത്രം ആ ആധുനികതയോടൊപ്പം നടന്നിരുന്നു എന്നുനമുക്കുവ്യക്തമാകും.
ഒരു ചിത്രത്തിന്റെ സ്വാഭാവികാവിഷ്‌കാരത്തിലേക്കു നമ്മളുദ്ദേശിക്കുന്ന ഭാവങ്ങൾ കൊണ്ടുവരുന്നതിനു ഉപയോഗിക്കുന്ന ഒരു രീതിയാണിത്. ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്കുള്ള ഒരു രൂപാന്തരം. ചിത്രത്തിന്റെ വിവിധകോണുകൾ വെളിച്ചത്തിലും നിഴലിലുമായി അവതരിപ്പിച്ചുകൊണ്ട് ആ ചിത്രത്തിന്റെ ആഴവും വ്യാപ്തിയും വർദ്ധിപ്പിക്കുകയാണ് ചിത്രകാരൻ പൊതുവെ ഇവിടെ ചെയ്യുന്നത്.
കിയരസ്‌കുരോയുടെ അർത്ഥം മനസ്സിലാക്കുമ്പോൾ ബ്ലാക്ക് ആന്റ്‌വൈറ്റ് അല്ലെങ്കിൽ മോണോക്രോം ചിത്രങ്ങളാണ് ആദ്യം ഓർമ്മ വരിക. പക്ഷെ, അതങ്ങനെയാവണമെന്നില്ല. വർണ്ണചിത്രങ്ങളിലും ശില്പങ്ങളിലും ഫോട്ടൊഗ്രഫിയിലുമെല്ലാം ഒരു പ്രകാശസ്രോതസ്സിന്റെ സഹായത്തോടെ സൃഷ്ടിക്കുന്ന കടുത്ത വ്യതിരേകങ്ങളാണ് കിയർസ്‌കുരോയുടെ അടിസ്ഥാനം. ബി.സി.ഇ. അഞ്ചാം നൂറ്റാണ്ടിൽ ഏഥൻസിൽ ജീവിച്ചിരുന്ന അപ്പോളഡോറസ് എന്ന ചിത്രകാരൻ ‘സ്‌കയഗ്രാഫിയ’ എന്ന പേരിൽവരച്ചിരുന്ന നിഴൽച്ചിത്രങ്ങൾ കിയരസ്‌കുരോ സങ്കേതത്തിന്റെ ആദിമരൂപമായിരുന്നു എന്നുവേണമെങ്കിൽ പറയാം.
വെളിച്ചവും നിഴലും ചേർത്തുവെച്ച് എവിടെനിന്നോ വരുന്ന ഒരു പ്രകാശത്തിന്റെ മായാസാന്നിദ്ധ്യം സൃഷ്ടിക്കുന്നതിലൂടെ ചിത്രത്തിന്റെ രൂപങ്ങൾക്കു മിഴിവും ഭാവവും പകരുന്ന രീതിയാണ് കിയരസ്‌കുരോ എന്നുപറഞ്ഞല്ലോ. നവോത്ഥാന ചിത്രകാരന്മാർ ഇതിലൂടെ തങ്ങളുടെ ചിത്രങ്ങൾക്ക് അഭൂതപൂർവ്വമാം വിധം ഒരു ത്രിമാനത തന്നെസൃഷ്ടിച്ചു. ആധുനികചലച്ചിത്രങ്ങളിലും സിനിമാട്ടൊഗ്രഫർമാർ ഇത്തരത്തിലുള്ള പ്രകാശവിന്യാസങ്ങൾ കൈവരുത്തി സമാനമായ അനുഭൂതികൾ ഉണ്ടാക്കിയെടുക്കാറുണ്ട്. വെളിച്ചത്തിന്റേയും ഇരുട്ടിന്റേയും സംഗമം ചിത്രത്തിന്റെ അനുഭവത്തെ തീർത്തും വ്യത്യസ്തമാക്കുകയാണിവിടെ.
എണ്ണച്ചായാചിത്രങ്ങളുടെ സാധ്യതകൾ ഒന്നുകൂടി വിപുലപ്പെടുത്താനും കിയരസ്‌കുരോയിലൂടെ ചിത്രകാരന്മാർക്ക് സാധിച്ചു. നവോത്ഥാനത്തിന്റെ ആദികാലങ്ങളിൽ ചിത്രകാരന്മാർക്ക് ടെമ്പറ ചായങ്ങളായിരുന്നു പഥ്യം. മുട്ടയുടെ മഞ്ഞയിൽനിന്നായിരുന്നു ടെമ്പറ ഉണ്ടാക്കിയിരുന്നത്. അതാര്യമായ ഈ ചായം ഉപയോഗിച്ചു ത്രിമാനത സൃഷ്ടിക്കുന്നത് തീർത്തും അസാധ്യമായിരുന്നു. ബോട്ടിചെല്ലിയുടെ ‘വീനസിന്റെ ജനന’ മൊക്കെ കണ്ടാൽ നമുക്കു അതു മനസ്സിലാവും. അതേസമയം എണ്ണച്ചായത്തിന്റെ വരവോടെ നിറങ്ങൾ എളുപ്പത്തിൽ ചേർത്തും നിഴലാഴങ്ങൾ സൃഷ്ടിച്ചും കൂടുതൽ സുതാര്യമായ മിനുപ്പുകളിലൂടെ പല തലങ്ങളിലായി ചിത്രത്തിൽ ഭാവമാറ്റങ്ങളും ഗാഢതയുമൊക്കെ അനായാസം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. പന്ത്രണ്ടാം നൂറ്റാണ്ടു മുതലേ നിലവിലുണ്ടായിരുന്നെങ്കിലും, മൂന്നു നൂറ്റാണ്ടുകൾ കൂടി പിന്നിട്ടതിനുശേഷമായിരുന്നു എണ്ണച്ചായത്തിന്റെ സാധ്യതകൾ ചിത്രകാരന്മാർ തിരിച്ചറിഞ്ഞത്. ഇരുളിൽ വരുന്ന രൂപങ്ങളുടെ സൃഷ്ടിയിലൊക്കെ എണ്ണച്ചായം ഗംഭീരമായ പ്രഭാവമാണ് ഒരുക്കിയെടുത്തത്. കിയരസ്‌കുരോയുടെ ഉയർച്ചയും വ്യാപനവും തന്നെ എണ്ണച്ചായത്തോടു കടപ്പെട്ടിരിക്കുന്നു എന്നുപറഞ്ഞാലും തെറ്റില്ല.
എന്തായാലും ഇറ്റാലിയൻ നവോത്ഥാന കാലത്തെ ചിത്രകലാരീതികളിൽ ഏറ്റവും പ്രധാനമായ ഒന്നായാണ് ചരിത്രപണ്ഡിതന്മാർ കിയരസ്‌കുരോയെ കണക്കാക്കുന്നത്. പ്രകാശത്തിൽ നിന്നും അകന്നു പോകുമ്പോൾ കറുപ്പു കൂടുതൽ ചാലിച്ചും, തിരിച്ചതിനടുത്തേക്കുവരുമ്പോൾ ശരീരനിറങ്ങൾക്കു തെളിച്ചമിട്ടുകൊണ്ടുമായിരുന്നു പൊതുവെ ഇത്തരം ചിത്രങ്ങളെ അവതരിപ്പിച്ചിരുന്നത്....
പെട്രസ് വാൻ ഷെൻഡൽ എന്ന് തിരുത്തി വായിക്കണേ...ധൃതിയിൽ ടെെപ്പ് ചെയ്തപ്പൊ ചില്ലക്ഷരം മാറിപ്പോയി... ക്ഷമിക്കണം🙏🙏
https://youtu.be/JDBe8sMw1xY
https://youtu.be/OGPl8XPhkf0
https://youtu.be/qE2RdS9LL2A