09-03-19


ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാവർക്കും സ്നേഹപൂർവ്വം സ്വാഗതം..🙏🌹🌹🌹
ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാനിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." കഴിഞ്ഞയാഴ്ചയിലെ ബാക്കി ഇപ്പോൾ വായിക്കാം..👇🏻
ആത്മായനം തീക്ഷ്ണ ഭാവങ്ങളിലൂടെ മുന്നോട്ട്..👇🏻

ആത്മായനം
ഇതാണ് ഞാൻ....
ജസീന റഹീം
ഏഴാം ക്ലാസ്സായതോടെ മദ്രസാ പഠനം അവസാനിച്ചു.. അഞ്ചാം ക്ലാസ്സ് മുതലേ മദ്രസയിൽ പോകാൻ മടിയായിരുന്നു.. വിജനമായ വഴിയിലൂടെ തനിച്ചുള്ള യാത്രയായിരുന്നു മടിയുടെ കാരണം.. ഇടയ്ക്ക് പോകാതിരുന്നിട്ട് പിന്നീട് ചെല്ലുമ്പോൾ ഉസ്താദ് വല്ലാതെ ഭീകരമായി കൈവെള്ള അടിച്ചു പൊട്ടിച്ചിരുന്നു.. സ്കൂളിൽ  നിന്ന് അപൂർവ്വമായി മാത്രമേ അടി കിട്ടിയിരുന്നുള്ളുവെങ്കിലും മദ്രസയിൽ അടിയുടെ പൂരമായിരുന്നു..
   എട്ടാം ക്ലാസ്സെത്തിയതോടെ സ്കൂൾ പഠനം മാത്രമായി.. പശുവൊഴിഞ്ഞ തൊഴുത്തു കൂടിയായതോടെ.. സ്കൂളും.. വീടും .. സ്കൂൾ വിട്ടാൽ പല തരം കളികളും കഥാ ബുക്കുകളുടെ വായനയുമായി കൗമാരത്തിലേക്ക് കടന്നപ്പോഴേക്കും വാപ്പായുടെ ആവണീശ്വരത്തെ കട ഏകദേശം പൂട്ടലിന്റെ വക്കിലെത്തിക്കഴിഞ്ഞിരുന്നു.. വാപ്പായുടെ സഹോദരങ്ങളിൽ നിന്നും അങ്ങേയറ്റം ഭയപ്പെടുത്തും വിധം പെരുമാറ്റങ്ങളും .. കലഹങ്ങളും കൂടി പതിവായതോടെ വിളക്കുടിയിലെ താമസം വളരെ ബുദ്ധീമുട്ടായി മാറി.. വാപ്പായുടെ ജീവന് വേണ്ടി അലറുന്ന സഹോദരൻമാരുടെ രൂപം ഉറക്കം കെടുത്തി.. ഭക്ഷണത്തിന് രുചിയില്ലാതായി.. എന്തിനായിരുന്നു ആ കലഹങ്ങളെന്ന് ഞങ്ങൾ കുട്ടികൾക്ക് അജ്ഞാതമായിരുന്നു.. അതിന്റെ കാരണങ്ങൾ അറിയാൻ ആഗ്രഹിച്ചുമില്ല.. ഒടുവിൽ നിവർത്തി കെട്ട് വാപ്പ വീടും കടയും വിൽക്കാനും ഞങ്ങളുമായി കുണ്ടറയിലേക്ക് മടങ്ങാനും തീരുമാനിച്ചു..
    കുണ്ടറയിലേക്ക് മടങ്ങാൻ ഞാനിഷ്ടപ്പെട്ടില്ല.. കാരണം വിളക്കുടിയിലെ വീടിനെ ഞാനത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു.. ഞാൻ നട്ട മഞ്ഞയും ചോപ്പും ഡാലിയകൾ നിറയെ കുലകളായി പൂക്കൾ പിടിച്ചിരുന്നു.. എനിക്കും ജാസിനും സ്വന്തമായി മുറികളും പഠിക്കാൻ മേശയും കസേരയുമുണ്ടായിരുന്ന ധാരാളം സൗകര്യങ്ങൾ ഉണ്ടായിരുന്ന ആ വീടിനെ ഇഷ്ടപ്പെട്ടതു പോലെ പിന്നീടൊരിക്കലും ഒരു വീടിനെയും ഞാനിഷ്ടപ്പെട്ടില്ല.. ജീവിതത്തിലെ വലിയ നഷ്ടങ്ങളിലൊന്നായിരുന്നു ആ വീട്.. മാത്രമല്ല ഞങ്ങൾ പോകുമ്പോൾ ഞങ്ങൾ അഞ്ചുപേർക്കിടയിൽ ഉണ്ടാകുന്ന അകലം അതും വേദനാജനകമായിരുന്നു.. മാമായുടെ മക്കൾ എന്നതിലുപരി ജീവന്റെ ഭാഗങ്ങളായി ഒരേ പായിൽ ഉറങ്ങിയും ഉണർന്നും കഴിഞ്ഞവരെ പിരിയുക വേദനിപ്പിച്ചു..
    വളരെ നഷ്ടത്തിൽ കിട്ടിയ വിലക്ക് വാപ്പ ക ട യാദ്യം വിറ്റു.. പിന്നീട് വീണ്ടും കുണ്ടറയിലെ പഴയ  ഡ്രൈവർ ജോലിയിലേർപ്പെട്ടു.. തമിഴ്നാട്ടിൽ നിന്ന് സിമന്റെടുക്കാൻ പോവുകയും മൂന്നോ നാലോ ദിവസം കൂടുമ്പോൾ വീട്ടിൽ വരികയും ചെയ്തു.. ഇതിനിടയിൽ വിളക്കുടിയിലെ വീട് വിൽക്കാനും കുണ്ടറയിൽ മറ്റൊന്നു വാങ്ങാനും ശ്രമം നടത്തി..അധികം താമസിയാതെ കുണ്ടറയിലെ വിറ്റ പഴയ വീടിന് കുറെക്കൂടി താഴെ ഒരു വീട് കണ്ടെത്തുകയും വിളക്കുടിയിലെതിന് കച്ചവടം ഉറപ്പിക്കുകയും ചെയ്തു.. 4-ാം ക്ലാസ് പാതിയോടെ    കുണ്ടറ വിട്ട ഞാൻ ഒമ്പതാം ക്ലാസ്സ് പാതിയോടെ തിരികെ അവിടെത്തന്നെ എത്തി.. അന്നത് ആവശ്യത്തിലേറെ നൊമ്പരപ്പെടുത്തിയെങ്കിലും അനിവാര്യമായ ഒന്നായിരുന്നു ആ മാറ്റമെന്ന് ജീവിതം പിന്നീട് പഠിപ്പിച്ചു.
   കുണ്ടറയിൽ പുതുതായി വാങ്ങിയ വീട് അഞ്ചു വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ വിറ്റ വീടിന്റെ തന്നെ തൊട്ടടുത്ത് അതിനെക്കാൾ രണ്ടു വീട് താഴ്ചയിൽ ഒരു കുഴിയിലായിരുന്നു.. അതിനടുത്തായി മനുഷ്യരിറങ്ങാൻ പോലും ഭയക്കുന്ന ഒരു കുളവും...
      പുതിയ വീടിനെക്കുറിച്ചുള്ള വാപ്പായുടെയും ഉമ്മായുടെയും രാത്രി കാലചർച്ചകളിൽ നിന്നാണ് വീടിനടുത്ത് കുളമുണ്ടെന്നറിഞ്ഞത്.. എനിയ്ക്കതു സന്തോഷമുള്ള കാര്യമായിരുന്നു.. അന്നുവരെ ഒരു കുളത്തിൽ കുളിച്ചിട്ടില്ലാത്ത എനിക്ക് വരാൻ പോകുന്ന ജലനിബിഢമായ പകലുകളെ കുറിച്ചുള്ള കനവുകൾ ഉണർവ്വേകി.. മന്നത്തിലെ കൂട്ടുകാരികളോട് ഞാൻ കണ്ടിട്ടില്ലാത്ത എന്റെ പുതിയ വീടിനെക്കുറിച്ചും അവിടെത്തിയാൽ കുളത്തിൽ നീന്താൻ പോകുന്നതും വെള്ളത്തിൽ മറിയുന്നതുമായ മോഹങ്ങൾ പങ്കുവച്ചു..
      അഞ്ചു വർഷങ്ങൾക്കു മുമ്പ് അവിടെ താമസിച്ച കാലത്തൊന്നും ആ വീടും  കുളവും ഞങ്ങൾ കണ്ടിരുന്നില്ല.. അല്ലെങ്കിൽ തൊട്ടടുത്തായിട്ടും ഞങ്ങൾ ഒരിക്കലും താഴേക്കുള്ള വഴിയേ പോയില്ല.. അതുമല്ലെങ്കിൽ ഞങ്ങളന്ന് തീരെ ചെറിയ കുട്ടികളായിരുന്നല്ലോ.. പുതിയ വീട് ചെറുതാണെങ്കിലും  വസ്തു നാല്പതു സെന്റോളമുണ്ടെന്നും എന്തെങ്കിലും കൃഷി ചെയ്യാമല്ലോയെന്നും ഉമ്മ ഉത്സാഹം കാട്ടിയപ്പോഴും വീടിനെ സംബന്ധിച്ച എന്തൊക്കെയോ നിഗൂഢതകൾ ഉമ്മ ഞങ്ങളിൽ നിന്ന് മറച്ചു വയ്ക്കും പോലെ തോന്നിയതിനാൽ വീടിനെക്കുറിച്ച് സംസാരിക്കുന്ന സന്ദർഭങ്ങളിലെല്ലാം ഞാൻ ചെവി വട്ടം പിടിച്ചു.. വിളക്കുടിയിലെ വീട്ടിൽ രാത്രികാലങ്ങളിൽ വാപ്പ ഇല്ലാതിരുന്നപ്പോഴും ഞങ്ങൾ പേടി കൂടാതെ ഉറങ്ങിയിരുന്നു.. ചിലപ്പോൾ ശ്രീമതി ചേച്ചിയുടെ വീട്ടിലും ചിലപ്പോൾ മാമാടെ വീട്ടിലുമൊക്കെയായി കഥകൾ പറഞ്ഞും.. കേട്ടും ഉറക്കത്തിന്റെ വിരൽ പിടിച്ച് നിശബ്ദതയിലേക്ക് വീണ എത്ര രാത്രികൾ.. വിളക്കുടിയിലെ അയൽപക്ക ബന്ധം അത്രമേൽ ദൃഢതരമായിരുന്നു..
      ഇതിനിടയിൽ തന്നെ വാപ്പ കുണ്ടറയിലെ എസ്.എൻ. എസ്.എം.എച്ച്.എസിൽ ഞങ്ങൾക്കായി അഡ്മിഷൻ ശരിയാക്കിയിരുന്നു.. ജാസിനെ സംബന്ധിച്ച് ആ മാറ്റം ഏറെ നിർണായകമായിരുന്നു.. കാരണം അവൾ പത്താം ക്ലാസ്സിലായിരുന്നു.. പത്താം ക്ലാസ്സ് പാതിയിൽ സ്കൂൾ മാറേണ്ടി വരിക നന്നായി പഠിക്കുന്ന ഒരു വിദ്യാർഥിയെ സംബന്ധിച്ച് ഏറെ ക്ലേശകരമായിരുന്നു.. ഞാൻ ഒമ്പതാം ക്ലാസ്സ് പാതിയിലും.. വീട് മാറുന്നതു പോലെ തന്നെ കൂട്ടുകാരെ പിരിയുന്ന വിഷമവും ജീവിതത്തിൽ ഇനി അവരെ കാണുമോയെന്ന ആശങ്കയും പുതിയ സ്കൂളിൽ കൂട്ടുകാരെ കിട്ടുമോ.. പഴയ 'സഫിയ 'യെ വീണ്ടും കാണുമോ.. കണ്ടാൽ അവൾ വീണ്ടും പഴയ റാഗിംഗ് തുടരുമോ തുടങ്ങിയ ആശങ്കകൾ എന്നെ വല്ലാതെ അലട്ടി.. പലപ്പോഴും ഇത്തരം അവസ്ഥകളിൽ കുഞ്ഞുങ്ങളുടെ മനസ് മുതിർന്നവർ കാണാറില്ല..
      ഒടുവിൽ ഞങ്ങൾക്കു പോകേണ്ട ദിവസമായി.. സ്കൂളിലെ കൂട്ടുകാരോട് ടി.സി വാങ്ങാൻ വരുമ്പോൾ കാണാമെന്നും പുതിയ സ്ഥലത്തെ അഡ്രസ്സ് അപ്പോൾ തരാമെന്നും പറഞ്ഞു പിരിഞ്ഞു.. മന്നത്തിലെ അവസാന ദിവസം.. 1988 അധ്യയനവർഷമധ്യത്തിലെ ഒരു ദിവസം ഞങ്ങൾ മന്നത്തോട് വിട പറഞ്ഞു.. "നീയാണെന്റെ കെട്ട്യോളെന്ന്.. " മുഖത്തു നോക്കി ചങ്കൂറ്റത്തോടെ പറഞ്ഞ എന്റെ ആദ്യ പ്രണയത്തെ പിന്നീടൊരിക്കലും ഞാൻ കണ്ടില്ല..
         സാധനങ്ങളൊക്കെ വണ്ടിയിൽ കയറ്റി പിന്നാലെ ഞങ്ങളും പോകുമ്പോൾ എല്ലാവരും കരഞ്ഞു.. രാഗദ്വേഷങ്ങളുടെ  ആഴത്തിലുള്ള അയൽപക്ക സ്നേഹങ്ങളെ കെട്ടിപ്പിടിച്ച് ഉമ്മ കരഞ്ഞു.. ഞാനാകട്ടെ, അന്നും.. ഇന്നും ചില പ്രത്യേക സന്ദർഭങ്ങളിൽ മനപ്പൂർവ്വം പുലർത്താറുള്ള നിർമമതയിലാണ്ട് നിന്നു..
     ഒത്തിരി പ്രതീക്ഷയോടെ ഞങ്ങൾവീണ്ടും കുണ്ടറയിലെത്തി.. പഴയ വീടിനു മുന്നിലുള്ള....... വഴിയിൽ കൂടി വീണ്ടും ഒരല്പം മുന്നോട്ട് ചെന്നപ്പോൾ കുണ്ടും കുഴിയും നിറഞ്ഞ കുത്തനെഇറക്കം.. ഇറക്കത്തിനു ഒരു വശത്തായി മൂന്നു തട്ടായി കിടക്കുന്ന വസ്തുവിനു നടുക്ക് ഓടിട്ട ഒരു കുഞ്ഞൻ വീട്.. വീടിനു മൊത്തത്തിൽ ഒരു വശപ്പിശക്... നന്നേ ചെറിയ നാലു മുറിയും തടിയഴിയിട്ട അടുക്കളയും... നൂറ്റാണ്ടുകൾടെ പഴക്കം തോന്നിക്കുന്ന വീടിനെ ചുറ്റിപ്പറ്റി നിഗൂഢമായ എന്തോ ഒന്ന് ചൂഴ്ന്നു നിന്നു..
     ഞങ്ങൾ സാധനങ്ങളൊക്കെ ഒതുക്കി വക്കാനുള്ള ശ്രമത്തിലായി.. ഞാനും ജാസും ഒരു കട്ടിലിൽ ഒന്നിച്ചായിരുന്നു ഉറക്കം.. ഞങ്ങൾടെ കട്ടിൽ ഇടതുവശത്തെ മുറിയിൽ ഇടാൻ തുടങ്ങിയതും പഴയ അയൽക്കാരിയായ ചെല്ലമ്മച്ചേച്ചി അവിടെയെത്തിയതും ഒരേ സമയത്തായിരുന്നു.. കണ്ണേറ്.. കൊതി.. ഇത്യാദികൾക്ക് ഓതി മറ്റുള്ളവരുടെ രോഗങ്ങളെ തന്നിലേക്ക് ആവാഹിച്ച് ഉച്ചത്തിൽ ഏമ്പക്കം വിട്ട് രോഗത്തെ  ഭയപ്പെടുത്തി ഓടിക്കുക.. ഭൂത പ്രേത പിശാചുക്കളുടെ സാന്നിധ്യം മണത്തറിയുക തുടങ്ങിയവയിൽ അതി വിദഗ്ധയായിരുന്നു ചെല്ലമ്മ.. അത്യപൂർവ്വമായി ഞാൻ ഭക്ഷണത്തോട് അരുചി കാട്ടുമ്പോൾ ഉമ്മ ചെല്ലമ്മയെ വിളിച്ച് കൊതിയ്ക്ക് ഓതിക്കുമായിരുന്നു.. ചിലപ്പോൾ മദ്രസയിലെ ഉസ്താദിനെ കൊണ്ട് തലക്കു പിടിച്ച് ഓതിയ്ക്കും.. രണ്ട് കൂട്ടരുടെയും ദുർഗന്ധം പിടിച്ച ഉച്ഛ്വാസ വായു മുഖത്തു തട്ടുമ്പോൾ പിറന്നു വീണപ്പോ തൊട്ടു കഴിച്ചതെല്ലാം ഛർദ്ദിക്കാനാണ് തോന്നുക...
     ഞങ്ങൾ ഇടതു വശത്തെ മുറിയിൽ നിൽക്കുന്നത് കണ്ട ചെല്ലമ്മ അതിഭീകരമായി പൊട്ടിത്തെറിച്ചു.. "എന്തിനാ .. ആ മുറീൽ കയറിയത് .. പെങ്കൊച്ചുങ്ങൾ ആ മുറീൽ കേറിക്കൂടാ..." ചെല്ലമ്മയുടെ ഭാവമാറ്റം കണ്ട ഞങ്ങൾ ഭയന്നു.. ഞങ്ങൾടെ വീട്ടിലെ മുറിയിൽ ഞങ്ങൾ കയറരുതെന്ന് പറയാൻ ഇവരാര്? എന്ന് ഞാനാശ്ചര്യപ്പെട്ടു..
     ഞങ്ങൾക്ക് മുമ്പ് അവിടെ താമസിച്ചിരുന്നതും മുസ്ലീങ്ങളായിരുന്നു.. അവരെങ്ങാനും അവിടെ ആ മുറിയിൽ തൂങ്ങിച്ചത്തോ എന്നായി എന്റെ പേടി.. ഒടുവിൽ രഹസ്യങ്ങൾ ഒന്നൊന്നായി ചെല്ലമ്മ വെളിപ്പെടുത്തി.. ഞങ്ങൾക്കും .. അതിനു മുന്നെയുള്ളവർക്കും മുന്നെ അവിടെ വേലൻമാർ ആയിരുന്നു താമസിച്ചിരുന്നത്.. എന്തൊക്കെയോ വൈദ്യം വശമുണ്ടായിരുന്ന അവരുടെ പ്രാർഥനാ മുറിയായിരുന്നു ആ തെക്കിനി.. മാത്രമല്ല ആ മുറിയിൽ അസൂഖമായികിടന്നാണ് ഒരു കാർന്നോര് മരണമടഞ്ഞത്.. ആ മുറിയിൽ ആരും കിടക്കാൻ പാടില്ലെന്നും ..കിടന്നാൽ കട്ടിലോടെ പൊക്കിയിടുമെന്നും .. പെണ്ണുങ്ങൾ തീണ്ടാരിയായാൽ ആ മുറിയുടെ അടുത്തു പോലും പോകരുതെന്നും ..എല്ലാം പറഞ്ഞിട്ട് ഒടുവിൽ ചെല്ലമ്മ ഒറ്റച്ചോദ്യം ഉമ്മാടെ നേർക്ക്.. "നിങ്ങക്കെങ്ങനെ മനസു വന്നു തങ്കക്കൊടം പോലത്തെ ഈ പെങ്കൊച്ചുങ്ങളെയും കൊണ്ടീ വീട്ടിലേക്ക് വരാൻ...?"ഉമ്മ അത്ര നാളും ഒളിപ്പിച്ച മൗനത്തിന്റെ അർഥം അപ്പോൾ മാത്രമറിഞ്ഞ  എന്റെ പേടി വർധിച്ചു.. ആശിച്ചു മോഹിച്ച് വാങ്ങിയ വീട് ഒരു 'മാടമ്പിള്ളി 'യാണെന്നറിയുമ്പോൾ രണ്ടു കിളുന്തു പെൺകുട്ടികൾക്കുണ്ടാകുന്ന ഭയം എത്രമാത്രമാണെന്ന് അതനുഭവിച്ച് തന്നെ അറിയണം.. ഈ വീട് വാങ്ങിയ വാപ്പാ യോടും അതിന് കൂട്ട് നിന്ന ഉമ്മായോടും ദേഷ്യം തോന്നി..
     കൊതിയോടെ കുളിക്കാൻ വന്ന കുളമോ.. ആ പരിസരത്ത് ചെകുത്താൻ പോലും ഇറങ്ങാത്ത ഇടമായിരുന്നു.. ജീവിതത്തിൽ ഗതികേട് വരുമ്പോൾ ലാഭം നോക്കി പ്രേതവീട് വിലയ്ക്കു വാങ്ങിയ ലോകത്തെ ആദ്യത്തെ മഹാനായി എന്റെ വാപ്പ...
***************************

ലോക വനിതാ ദിനത്തോട് ചേർന്നു നിൽക്കുന്ന നവ സാഹിതിയാണല്ലോ.. ചില വനിതകളുടെ രചനകളാവാം ആദ്യം ..👇🏻
ഗ്രൂപ്പംഗമായ ശ്രീല അനിലിന്റെ മഴയോടൊപ്പം..👇🏻

മഴയൊടൊപ്പം..
ശ്രീല അനിൽ
പഴയ നിന്റെയി
കൂട്ടുകാരത്തിയെ,,,
പതിയെ,,, ഒന്നു മറന്നു പോയെങ്കിലും,,,
മഴയൊടൊപ്പം,,,
കാൽത്തള കിലുക്കി,,,,
നിൻ മനസ്സിലേക്കവൾ,,,
പെയ്തിറങ്ങില്ലയോ?,,,,
പിണങ്ങി മാറിലും
പിന്നീട് നിന്നിലേയ്ക്കിടവിടാതവൾ,,
സ്നേഹമാരിയായ്,,,,
ഇടിമുഴക്കത്തിനൊച്ചയില്ലാത്തൊരു
മിന്നലൊളിയുമായ്,,,  നിന്നിൽ വെളിച്ചം നിറച്ചിടും,,,
നിന്റെ ഏകാന്ത ഉഷ്ണ രാത്രങ്ങളെ
തരളമാർദ്രമാം,,,
ശീതകരങ്ങളാൽ
തഴുകി സ്നേഹ മഴയിൽ
അലിച്ചിടും,,,,,,,,,
വരളുമാ ഹൃത്തിന്നേകതാഭാവം
അരിയചുംബന പൂവാൽ
വിടർത്തിടും
പ്രളയമായ് വന്നു മൂടും
പ്രണയമേ,,,
കരകയറുന്നതേതു,,,,,,
സ്വപ്നാടനം?,,,,
***************************

ഇനി ഗ്രൂപ്പംഗമായ ഷഹീറ നജ്മുദ്ദീന്റെ മൃത്യുഞ്ജയം.👇🏻

മൃത്യുഞ്ജയം
ഷഹീറ നജ്മുദ്ദീൻ
ഹൃദയതാളങ്ങൾ നുരഞ്ഞൊഴുകിത്തുടങ്ങിയതെന്റെ
അക്ഷരക്കൂട്ടങ്ങളുടെ ഉത്സവം തീർത്തായിരുന്നു.
സാഗരത്തിന്റെ അശാന്തത തിരയടിഞ്ഞമർന്ന പോലെ  !
എന്നിലെ വേവുകളുടെ താളമായ് മാറിയവ
പാതി വഴിയിൽ ഇടറിപ്പോവാതിരിക്കാൻ കരുതലോടെ അടുക്കി വച്ചു.
ലൈക്കും കമൻറും
എന്റെ വളർച്ചയുടെ പടവുകളായി
നുരഞ്ഞൊഴുകുന്ന പാനപാത്രം
ഉത്സവതാളലയമായി
മറന്നു വച്ച വർണ്ണ വസന്തങ്ങളെ
 ഓർമ്മകൾ മാടി വിളിച്ചു.
ലഹരിയുടെ കെട്ടഴിഞ്ഞ് എന്നിലേക്കെത്തിനോക്കിയപ്പോൾ
അടക്കംപറച്ചിലിന്റെ പിറുപിറുക്കൽ
കടയ്ക്കൽ വച്ച കത്രികയുടെ മന്ത്രധ്വനി
" ദുര്യേധനനെ നമുക്ക് മറക്കാൻ കഴിയില്ല - അല്ലേ,,!!!"
***************************

പെണ്ണ് 
ദേവി.കെ.എസ്👇🏻

ഒരു ജനപ്രിയ സിനിമ പോലെ ജീവിതം ചിലർക്ക്,
പാട്ട്  കണ്ണീരാവുന്നു
കണ്ണീരു പൊട്ടിച്ചിരിയാവുന്നു.....
പെണ്ണ്
വേഷപ്പകർച്ചകളുടെ കൊടുംകാട്ടി നുള്ളിൽ
വിജനതയിൽ ഒരിറ്റു ദാഹജലത്തിനുവേണ്ടി കൈകാലിട്ടടിക്കുന്നു.
ഔൺസ് ഗ്ലാസിൽ കണ്ണീർ നിറച്ചു പരിഹാസത്തിന്റെ
ഗുളിക ചാലിച്ചു
മൂക്ക് പൊത്തിപ്പിടിച്ചു ഉള്ളിലേക്ക് പകരുമ്പോൾ
മേമ്പൊടിയായി ഒരു സ്പൂൺ
കടിച്ചാൽ പൊട്ടാത്ത പുഞ്ചിരി....
പെണ്ണ് വീണ്ടും അലിഞ്ഞുതീരുന്നു വേദന അളിഞ്ഞു നാറുന്നു !!!
***************************

പ്രിയസഖിക്കൊപ്പം 
 ദിവ്യ.സി.ആർ.
ഇനിയീ ജീവിതമെത്ര നാളെ-
ന്നറിയാതെ ; മമ സഖീ
നിന്നെ ഞാനോർത്തിടുന്നു.
ഏകാകിയായെവിടെയോ
അലയുന്ന നിന്നെയിനിയുമെൻ
ഹൃത്തോടു ചേർക്കണം!
ആർദ്രമാം നിൻ വിരലുകൾ മുറുകെ ചേർത്ത്
ബാല്യത്തിലേക്കൊരു യാത്ര പോകണം !
മീനമാസച്ചൂടിൽ ട്യൂഷൻ
ക്ലാസ്സിലെ ചുമരുകൾക്കുള്ളിൽ
നിന്നാരും കാണാതെ മുങ്ങണം.
ഓടിയൊളിക്കുന്നിടവഴിയും
തളിരിട്ട മാവിൻ തളിരിൻ പുളിപ്പും,
തേനൂറും വരിക്കതൻ മധുരവും
തിന്നങ്ങനെയാ തോടും
വരമ്പും പിന്നിട്ടു നടക്കണം..
ആ കുഞ്ഞുവീടിൻെറ മുന്നിലെത്തുമ്പോൾ
സ്നേഹമൂർത്തികളാം നിൻ
അച്ഛനുമമ്മയേയും കാണണം !
ഇനിയും വൈകിയാൽ തല്ലുകിട്ടു-
മെന്നോർമ്മയാൽ വേഗത്തിൽ തിരികെയോടണം..
കുളക്കടവിൽ ചൂളമടിച്ചിരിക്കും
കാമുകന്മാരെ കൊഞ്ഞണം കുത്തണം..
ദു:ഖങ്ങൾ പിന്നിട്ട വഴികളിൽ
തളരാതെ ഇനിയെന്നുമെന്നും
നീയെനിക്കരുകിലുണ്ടാകണം !
***************************

ആലത്തിയ ൂർ: വനിതാ ദിനം പ്രമാണിച്ച് പുനർവായനയ്ക്കായി ..👇🏻
കലത്തിലെ വറ്റ്
ഗസ്ന ഗഫൂർ
കലത്തിലെ വറ്റ്
അറുത്തിട്ട
ഞരമ്പുകൾക്കിടയിൽ നിന്നും
പുറത്തു വന്ന്
കരിയും പുകയും നിറഞ്ഞ
അടുക്കളയുടെ കോണിൽ
അടുപ്പിലെ ആളുന്ന തീയിൽ …
നെഞ്ചിടറാതെ
കൈയൂന്നി....
കലത്തിൽ നിന്നവളുടെ
വേവലാതികൾ
ആവിയായ് ഉയരുന്നിതാ....
കലത്തിൽ
അവൾ പാകമാകുന്നു.
ഉച്ചയ്ക്ക് തുറക്കപ്പെട്ട
ചോറ്റുപാത്രങ്ങൾക്കിടയിൽ
കരി ചുവക്കുന്ന വറ്റ്
അവക്കിടയിലെവിടെയോ
ബാക്കിയായൊരു വറ്റിന്
കണ്ണീരിന്റെ രുചി .....
***************************

ഇനിയൊരു മിനിക്കഥയായാലോ..👇🏻
ഹൃദ്രോഗം
ലാലു.കെ.ആർ
നെഞ്ചിലെന്തോ ഒരസ്വസ്ഥത എന്ന് പറഞ്ഞതും രാഘവേട്ടന്റെ മക്കൾ രാഘവേട്ടനെ മുന്തിയ ഹോസ്പിറ്റലിലേക്ക് തന്നെ കൊണ്ടുപോയി. ബിസിനസുകാരായ മക്കൾക്ക് പണത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല . രാഘവേട്ടന് ഇത്രയും നാളും വലിയ അസുഖമൊന്നും വന്നിട്ടില്ല . വന്നാലും ഒരു അരിഷ്ടത്തിലോ കഷായത്തിലോ അത് തീരും .

ഐ.സി.യുവിനോട് ചേർന്നുള്ള കാർഡിയാക് വിഭാഗം മേധാവിയുടെ റൂമിലേക്കാണ് രാഘവേട്ടനെ കൊണ്ടുപോയത്. നടക്കാമെന്ന് പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. വീൽചെയറിലിരുത്തി യൂണിഫോമിട്ട രണ്ടു പേർ തള്ളിക്കൊണ്ടു പോകുമ്പോൾ രാഘവേട്ടൻ മനസുകൊണ്ടൊരു ഹൃദ്രോഗിയായി.

കാർഡിയാക് വിഭാഗം മേധാവി വളരെ ഗൗരവക്കാരനായിരുന്നു . രോഗം വരുത്തിവെച്ച ഒരുവനെയെന്ന പോലെ അയാൾ പാവം രാഘവേട്ടനെ അമർഷത്തോടെ നോക്കി.

" അൻപത് കഴിഞ്ഞാൽ റൊട്ടീൻ ചെക്കപ്പ് നടത്തണമെന്ന് നിങ്ങൾക്കറിയില്ലേ ?

"കൊളസ്ട്രോളും ഷുഗറും ഇതേ വരെ ചെക്ക് ചെയ്യാത്ത നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്ന് ?"

''അരിഷ്ടോം കഷായോം കഴിച്ചാ അറ്റാക്ക് മാറില്ലാന്ന് അറിയോ നിങ്ങൾക്ക് ?''

രാഘവേട്ടന്റ നെഞ്ചിലൂടെ സ്തെതസ്കോപ്പ് ചലിപ്പിക്കുമ്പോഴെല്ലാം ഓരോന്ന് പറഞ്ഞ് ഡോക്ടർ രാഘവേട്ടനെ ശകാരിച്ചുകൊണ്ടേയിരുന്നു .

പെട്ടെന്ന് , പെട്ടെന്നാണത് സംഭവിച്ചത് .കണ്ണുകൾ മറിഞ്ഞ് അയാൾ പിന്നിലേക്ക് വീണു പോയി. നഴ്സുമാരും ജൂനിയർ ഡോക്ടർമാരും ഓടിക്കൂടി. അവർ അയാളുടെ നെഞ്ചിൽ ശക്തമായി തിരുമ്മുകയും ഇടിക്കുകയും ചെയ്തു കൊണ്ടിരുന്നു .

എന്തു ചെയ്യണമെന്നറിയാതെ രാഘവേട്ടനും ഡോക്ടറുടെ നെഞ്ച് തടവിക്കൊടുത്തുകൊണ്ടേയിരുന്നു .
***************************

ഇനി വനിതാ ദിനത്തോട് ബന്ധപ്പെട്ട് മറ്റൊരു വൈവിധ്യം...👇🏻
രണ്ടു പേർ ചേർന്നെഴുതിയ നോവൽ നമ്മുടെ സാഹിത്യ ചരിത്രത്തിൽ ഉണ്ട്.
ഇതാ
മലയാള സാഹിത്യത്തിൽ ആദ്യമായി
കൂട്ടുകവിത.

ടി.ടി.വാസുദേവനും ശ്രീലാ അനിലും ചേർന്നെഴുതിയ
കവിത
അറിയാതിരിക്കാൻ
വാസുദേവൻ & ശ്രീല അനിൽ
കൈയ്യക്ഷരം കാട്ടരുത്
കൂട്ടുകാരിയെ
ആഴവും ചെരിവും
വണ്ണവും
എഴുതാതെ വിട്ട
ശൂന്യതകളും
എന്നെ പറയും.
സ്മൈലികൾ കൊണ്ട്
അവളുടെ
ആർദ്രതകളിൽ
ഹൃദയമുദ്ര ചാർത്താം
മുള്ളു മറച്ച്
ഒരു പനിനീർപ്പൂ നീട്ടാം
നിരയൊത്തനിറപുഞ്ചിരീ
ചിത്രത്താൽ
എന്റെ ദംഷ്ട്രകളൊളിപ്പിക്കാം
വിയർത്തഴുകിയ
കൈ മറച്ച്
ഒരു ഷെയ്ക്ക്ഹാൻഡ്
അയക്കാം.
അക്ഷരങ്ങൾക്ക്
അച്ചടി വടിവിന്റെ
ഏകതാനത നൽകാം
വളവുകളും ചെരിവുകളും
വേണ്ട.
ഒരേ അച്ചിൽ
വാർത്തവ .
ഒടുവിലീ മുറ്റത്ത്
ഒരു മഴയിലും
കുളിരാതെ,
പുലരികളിലൊരു
കിളിമൊഴിയിലും
കാതലിയാതെ
ഇരുൾ ശില്പരൂപമായ്
നമുക്കസ്തമയം
കാത്തിരിക്കാം.
***************************

ഇനി വീണ്ടും ഒരു അച്ഛനോർമ...👇🏻
പൂതം
നരേന്ദ്രൻ.എ.എൻ
പൂതം ഇന്നു വീട്ടിൽ വന്നിരുന്നു...
കുട്ടിക്കാലത്ത് അച്ഛന്റെ കൈവിരൽ പിടിച്ചു നടക്കുമ്പോൾ ഇതിന്റെ മുന്നിൽ പെട്ടുപോയിട്ടുണ്ട്.ഭീമാകാരമായ, ഉണ്ടക്കണ്ണും നീട്ടിയ നാക്കുമുള്ള  ഭീകരജീവി എന്നെ തുറിച്ചു നോക്കി.അച്ഛന്റെ വിരലിൽ പിടിമുറുക്കി ഞാൻ പിറകിലേക്ക് മാറി.
പിടിമുറുകുന്നതറിഞ്ഞ അച്ഛൻ എന്നെ മുന്നിലേക്ക് നിർത്തിപ്പറഞ്ഞു."നോക്കെടാ, ആ വായിൽക്കൂടെ നോക്ക്.രണ്ട് കണ്ണ്കാണണ് ല്യേ?അതു നമ്മടെ തുപ്രനാണെടാ"അപ്പോൾ പൂതം അച്ഛനോട് പച്ചമലയാളത്തിൽ ചോദിച്ചു."മാഷേ,കുട്ടി പേടിച്ചോ?"അദ്ഭുതത്തോടെ നോക്കി നിൽക്കേ പൂതം തലയിലെ കോപ്പുയർത്തി. അകത്തുനിന്നു തുപ്രൻ കാരണവർ എന്നെ നോക്കിച്ചിരിച്ചു."പേടിക്കണ്ട.ഇത് ഞാനാ,തുപ്രൻ!"
ആചാരങ്ങളുടെ വിശ്വാസങ്ങളുടെ കടുത്ത നിറക്കൂട്ടുകൾക്കുള്ളിൽ, ദ്രംഷ്ടകളും തുറിച്ച കണ്ണുകളുമുള്ള മുഖം മൂടിക്കുള്ളിൽ നിഷ്കളങ്കനായ, നിരുപദവിയായ ഒരു സാധാരണ മനുഷ്യനുണ്ടെന്ന് അച്ഛൻ എനിക്ക് പഠിപ്പിച്ചു തരികയായിരുന്നു..
                 ഇന്നും പൂതം വീട്ടിൽ വന്നു. അരിയും മുണ്ടും തേങ്ങയുമൊക്കെ ആംഗ്യ ഭാഷയിൽ ചോദിച്ചു വാങ്ങി.ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ച മകനോട്, "ആവാലോ, അതിനെന്താ?" എന്നു പറഞ്ഞു. പോവാൻ നേരത്ത് കോപ്പുയർത്തി ഉള്ളിൽ നിന്നു അമ്പലപ്പടി നാരായണൻ ചോദിച്ചു."മാഷേ, സമ്മേളനൊക്കെ കഴിഞ്ഞിലേ?"...
വീണ്ടും തുടി മുഴങ്ങി.നാരായണൻ പോയി പൂതം വന്നു.അതു മെല്ലെ തുടികൊട്ടിന്റെ താളത്തിൽ അടുത്ത വീട്ടിലെ ഉണ്ണിയെത്തേടിപ്പോയി. ഉള്ളിൽ വഴിഞ്ഞൊഴുകുന്ന വാൽസല്യവുമായി.
***************************

ഇനിയൊരു യാത്രാ വികൃതിയാകാം..ല്ലേ..👇🏻യാത്ര
വഴിക്കാഴ്ചകൾ
വെട്ടം ഗഫൂർ
മാർച്ച് 7, 2019
ഹൈസ്കൂൾ മാസിക എന്ന സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിനായി രാവിലെ കൊയിലാണ്ടിയിലേക്കൊരു യാത്ര... സഹപ്രവർത്തകയും നല്ല സുഹൃത്തുമായ മുഹ്സിന ടീച്ചറിന്റെ വീടിന്റെ പാലുകാച്ചൽ നഷ്ടമായ മന: പ്രയാസത്തിൽ തിരൂർ സ്റ്റേഷനിൽ. പാസഞ്ചർ ട്രെയിൻ 45 മിനിറ്റ് വൈകി 8.45 ന് തിരൂർ സ്റ്റേഷനിലേക്ക്.... ട്രെയിനിൽ തിരക്ക്.... തൊട്ട് മുന്നിലെ സീറ്റിൽ ആണും പെണ്ണുമടങ്ങുന്ന കോളേജ് കൗമാരപ്പട.. എല്ലാരുടേം കയ്യിൽ സ്മാർട്ട് ഫോണുകൾ.. എല്ലാവരും വാട്സ് ആപ് ചാറ്റിൽ .. വല്ലപ്പോഴും സംസാരിക്കാൻ തലയുയർത്തുന്നത് ചാറ്റിലെ കാര്യങ്ങൾ പറഞ്ഞു ചിരിക്കാനും അടിക്കാനും മാത്രം... നവ മാധ്യമം കൂച്ചുവിലങ്ങിട്ട സൗഹൃദക്കാലം.. ബി.എഡ്കാലത്തെ ട്രെയിൻ യാത്ര മനസ്സിൽ നിറയുന്നു.. തോണ്ടാൻ കയ്യല്ലാതെ മറ്റൊന്നുമില്ലാത്ത കാലം .. അതു കൊണ്ടു തന്നെ ട്രെയിൻ യാത്രക്കിടയിടയിലെ സൗഹൃദം എന്തുമാത്രം ഊഷ്മളമായിരുന്നു... ഹൃദയം തൊട്ടവർത്തമാനങ്ങൾ ..തമാശകൾ പൊട്ടിച്ചിരികൾ... കളികൾ, ഉല്ലാസങ്ങൾ.. എല്ലാം പൊയ്പോയ മഹാ നഷ്ടങ്ങൾ ..ഇപ്പോൾ,എല്ലാവരുടെ ചെവിയിലും ഇയർ ഫോണുകൾ മാത്രം..അവനവനിലേക്കുള്ള ഉൾവലിയൽ.. എങ്കിലും,ആ പുസ്തകത്തിന്റെ ഉല്ലാസക്കാലം തിരികെ കിട്ടിയെങ്കിൽ എന്ന വൃഥാ വ്യാമോഹം ... കോഴിക്കോടെത്തിയപ്പോൾ കൗമാരപ്പട ആരവങ്ങളില്ലാതെ ഇറങ്ങിപ്പോയി... കല്ലായിയെത്തുമ്പോൾ ട്രെയിനറിയുന്ന കലപിലയോടെയുള്ള ഇറങ്ങിപ്പോക്ക് ഹൃദയത്തിൽ... ചേമഞ്ചേരി സ്റ്റേഷന് തൊട്ടുമുമ്പ് പള്ളിയുടെയും പവർ സ്റ്റേഷന്റെയും ഇടയിലായി പുതുകാലത്തിന്റെ ചിലന്തി വല കെട്ടിയ ഫുട്ബോൾ കോർട്ട്.... അതിന്റെ ഭിത്തിയിൽ എല്ലാ രാജ്യങ്ങളുടെയും പതാകകൾ തോളോടു തോളുരുമ്മി നിൽക്കുന്നു. ഹിമത്തിൻ ധവള ദൂരങ്ങളിൽ നിന്നും ഉഷ്ണം നേടി നാഡീ മുഖത്ത് നങ്കൂരമിട്ട ചുള്ളിക്കാടിന്റെ അന്ന കരളിൽ നിറയുന്നു..
അന്നയെ യാത്രയാക്കുന്ന ദിവ്യ നിമിഷം..
"ആഴങ്ങളാർത്തലക്കുമ്പോൾ
ഇരുമ്പുപലകമേലൊറ്റക്കു
ജീവിതം നിൽക്കേ കടൽക്കാറ്റ്
 നിർത്താതെ കൊത്തിപ്പറിക്കുന്നു.
 നമ്മുടെയർത്ഥമില്ലാത്ത പതാകകൾ.."
 ഈ കളിത്തട്ടിലെങ്കിലും എല്ലാം മറന്ന് രാജ്യങ്ങൾ, രാജ്യ സ്നേഹികൾ ഒന്നിച്ചല്ലോ..ദേശീയത എന്ന നിരർത്ഥകതയുടെ മൂടുപടം ചീന്തിയെറിഞ്ഞ് വിശ്വമാനവികതയുടെ വിശാലമായ മനുഷ്യക്കൊടിയേന്തുന്ന ഒരു കാലം ഈ ജന്മത്തിൽ കാണാനാവുമോ? അറിയില്ല, പാസഞ്ചർ പത്തു മണിയോടെ ചേമഞ്ചേരിയെന്ന കൊച്ചു സ്റ്റേഷനിലേക്ക് .. അവിടെ കാത്തു നിൽക്കുന്ന പ്രിയ സുഹൃത്ത് ഉദയേഷ്.... മാഷിനെ പോലെ നിഷ്കളങ്കമായ തനി നാട്ടിൻപുറം- ചേമഞ്ചേരി.. പുല്ല് മേയുന്ന പശുക്കൂട്ടങ്ങൾ ... നിറഞ്ഞ പച്ചപ്പ് ..സുഹൃത്തിന്റെ ബുള്ളറ്റിൽ നാട്ടുപാതയിലൂടെ.വഴിയിലെ സൗഹൃദക്കൂട്ടങ്ങൾക്കിടയിലൂടെ യാത്ര കൊയിലാണ്ടിയിലേക്ക്.. അവിടെ, ക്രിയേറ്റീവ് എന്ന സ്ഥാപനം... അതിന്റെ നടത്തിപ്പുകാരൻ പ്രശോഭ് എന്ന ഒരു സൗമ്യഭാവം .. അദ്ദേഹത്തിന്റെ ക്ഷമയ്ക്കൊപ്പം ഒരു ദിവസം മുഴുവൻ കമ്പ്യൂട്ടറിനു മുന്നിൽ .. ഇപ്പോൾ, ടെക്നോളജി വിജയക്കൊടിക്കൂറയായി എന്റെ മുന്നിൽ .. ഇടക്ക് ചൂടുള്ള കട്ടിപ്പത്തിരിയും ചായയും.... വൈകുന്നേരത്തോടടുത്ത് ഹോട്ടലിലെ രുചിയൂറും സദ്യ.. വീണ്ടും കമ്പ്യൂട്ടറിനു മുന്നിൽ .. 6 മണിയോടെ, പ്രശോഭ് എന്ന മാന്യ സുഹൃത്തിനോട് യാത്ര പറഞ്ഞ് ഉദയേഷിനൊപ്പം സ്റ്റേഷനിലേക്ക് .. തിരുവനന്തപുരം എക്സ്പ്രസിലെ ചൂടിൽ വിങ്ങി, മടക്കയാത്ര, നാളെ പുത്തനുണർവ്വോടെ തിരിച്ചെത്താമെന്ന പ്രതീക്ഷയിൽ...

07 മാർച്ച്, 2019, വെള്ളി
ഇന്നും വൈകിയെത്തിയ പാസഞ്ചറിൽ നിന്നു തിരിയാനിടമില്ലാത്ത തിരക്ക്.. ട്രെയിൻ ഇഴഞ്ഞ് നീങ്ങുന്നു.തൊട്ടു മുന്നിലെ സീറ്റിൽ ജേർണലിസം നോട്ട് ഉരുവിട്ട് പഠിച്ച് പരീക്ഷക്ക് തയ്യാറെടുക്കുന്ന പർദ്ദക്കാരി..നിന്നു തിരിയാനിടമില്ലെങ്കിലും ചെവിയിലെ പാട്ടിനിടയിലും ചാറ്റ് മറക്കാതെ രണ്ട് കാലിൽ കൗമാരങ്ങൾ ... കണ്ണിലെ കവിതകൾ കൊണ്ട് തടവറയിലാക്കാൻ ശ്രമിക്കുന്ന ചുരുളൻ മുടിക്കാരി.. പാട്ടിനൊപ്പം ചുണ്ടനക്കി, തലയാട്ടി ടി.പത്മനാഭന്റെ പ്രകാശം പരത്തുന്ന പെൺകുട്ടി മൂലയിലെ സീറ്റിൽ.. കൈക്കുഞ്ഞുമായെത്തിയ അമ്മയ്ക്ക് വിൻഡോ സീറ്റ് ഒഴിഞ്ഞു നൽകിയ മാന്യനായ മനുഷ്യസ്നേഹി.. പുറമറിയാതെ, ഗെയിമിൽ മുഴുകിയിരിക്കുന്ന സീസൻ ടിക്കറ്റുകാരന് നിസ്സംഗഭാവം. തൊട്ടപ്പുറത്തെ തന്റെ ബേഗിൽ മറന്നു വെച്ച പണപ്പൊതിയെടുക്കാൻ ധൃതിയിൽ വെപ്രാളപ്പെട്ടോടി സീറ്റ് നഷ്ടപ്പെടുത്തിയ ചമ്മലുകാരൻ .. ഫറോക്കിലെത്തിയപ്പോൾ ഒരു വിൻഡോ സീറ്റ് തരമായതിന്റെ നിർവൃതിയിൽ വഴിയോരക്കാഴ്ചകളിൽ മുഴുകിയങ്ങിനെ മുന്നോട്ട് .. കല്ലായി സ്റ്റേഷൻ വിജനം... പഴയ പാട്ട് ഹൃദയം മൂളുന്നു..
"കല്ലായിക്കടവത്ത്
കാറ്റൊന്നും മിണ്ടീല..
മണിമാരൻ വരുമെന്ന്
ചൊല്ലീല... ഒന്നും മിണ്ടീല.. "
പഴയ ബി.എഡ് കാലം ഓർമകളിൽ നിറയുന്നു.. വൈകുന്നേരങ്ങളിലെ ചുറ്റിയടി.. സന്ധ്യക്ക് ചാരായ ഷോപ്പിൽ നിന്നും പാട്ടിന്റെ മൂളലുകൾ.. രാത്രിയിൽ ലോഡ്ജിന്റെ മുകളിലെ വാർപ്പിൽ മാനം നോക്കി കിടപ്പ്... ചുണ്ടിലും കരളിലും മുരളുന്ന ചുള്ളിക്കാടിന്റെ വരികൾ..
പണ്ട്, ഏതോ തുലാവർഷ രാവിന്റെ
മച്ചറയിൽ, ഏകാന്ത മാത്രയിൽ
ഒരാഗ്നേയ നിർവൃതി നുണഞ്ഞതിന്
ശിക്ഷയായ്, പെങ്ങളേ
അന്ന് നീ ഉള്ളിൽ നുര കൊള്ളും തുടിപ്പും
ഞരമ്പുകളിൽ ഉന്നിദ്രമാളുന്ന നോവുമായ്
ആറിന്റെ നെഞ്ചകം കീറിപ്പിളർന്ന്
നടകൊണ്ടതും, ഒരീറൻ നിലാവ്
മിഴി പൊത്തിക്കരഞ്ഞതും,
ആരോർക്കുവാനിനി ..??!
    കല്ലായി എന്നും ഗൃഹാതുരതയുണർത്തുന്ന ഓർമയാണ്.. ഈർച്ചമില്ലുകളുടെ മണവും ഇരമ്പലുമാണ് ...കോഴിക്കോടിനടുത്ത് ഒഴിഞ്ഞ ട്രാക്കിൽ തൊഴിലിന് ഊഴം കാത്തിരിക്കുന്ന മുറുക്കിച്ചുവപ്പിച്ച തമിഴ് പട .. പത്ത്മണിയോടെ മുരണ്ട് മുരണ്ട് ട്രെയിൻ കോഴിക്കോട് .. ഒരു ചായ കുടിച്ചപ്പോൾ ഉറക്കച്ചടവൊന്ന് നീങ്ങിയ പോലെ .. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച തമിഴ് വൃദ്ധൻ നെഞ്ചിടിപ്പേറ്റി.. കയറിക്കഴിഞ്ഞപ്പോഴാണ് ആള് ദിവ്യ ലഹരിയിലാണെന്ന് പിടികിട്ടിയത്.. പിന്നെ, കൊയിലാണ്ടി വരെ ആ ശബ്ദ ശല്യം കൂടെ ബാധ പോലെ.. ട്രെയിനിലെ ശൗചാലയത്തിൽ കയറിയപ്പോഴാണ് ട്രെയിനിന്റെ ശുദ്ധസംഗീതത്തിന് ശരിക്കും താളം പിടിച്ചു പോയത്..എലത്തൂർ സ്റ്റേഷനടുത്ത് ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നു, ട്രെയിൻ ഇഴഞ്ഞിഴഞ്ഞ്.... എലത്തൂർ എന്ന സ്റ്റേഷൻ ബോർഡ് മനസ്സിൽ ചിന്തകളുണർത്തുന്നു .. എങ്ങിനെയാവാം നാടിന് ഈ പേര് വന്നത്? അറിയില്ല;അപ്പോഴാണ് എന്റെ വെട്ടത്തു നാടിലെ അമ്പലത്തിനു തൊട്ടു മുന്നിലെ ഇല മാന്തിക്കുളം കരളിൽ വിങ്ങിയത്.വെട്ടത്തു രാജാവിന്റെ ഭോജനശാലയിലെ ഓരോ ദിവസത്തേയും വാഴയിലകൾ ഒരു കുഴിയിൽ കൊണ്ടിടുന്നു .. ആ കുഴി പിൽക്കാലത്ത് ശുചീകരിച്ച് ചുറ്റുമതിൽ കെട്ടി അലങ്കരിച്ചതാണത്രേ വെട്ടത്തുകാവമ്പലത്തിനു മുന്നിലെ ഇല മാന്തിക്കുളം.. വെള്ളത്തിന്റെ പച്ച നിറം അതുകൊണ്ടാണെന്നും കരുതപ്പെടുന്നു... ഇത്തരം ചിന്തകൾക്കിടയിൽ ട്രെയിൻ ചേമഞ്ചേരിയും പിന്നിട്ട് കൊയിലാണ്ടിയിലേക്ക്.. ചേമഞ്ചേരി ഗ്രാമത്തിന്റെ പച്ചപ്പ് ഒരിക്കൽ കൂടി തൊട്ടറിഞ്ഞ്..അടുത്ത സ്റ്റേഷൻ കൊയിലാണ്ടിയല്ലേന്ന് തൊട്ടു മുന്നിലിരിക്കുന്ന മുതിർന്ന പൗരനോട് തിരക്കിയപ്പോൾ ഹിന്ദി വാലയാണെന്ന നിസ്സഹായത കണ്ണുകളിലും ചുണ്ടിലും. വല്ലാത്ത പ്രതിസന്ധി ഘട്ടം.. പത്താംതരത്തിൽ വരകൾക്കടിയിൽ അക്ഷരങ്ങൾ അടുക്കിപ്പെറുക്കി വെക്കാൻ പെട്ട പാടുപോലത്തെ നിസ്സഹായത.. പത്താം ക്ലാസിൽ ഞാനുപേക്ഷിച്ച ഒന്നിനെയാണല്ലോ എന്റെ നാട് സ്വന്തം ഭാഷയായി പേറുന്നത് എന്നോർത്തപ്പോൾ വല്ലാത്ത ജാള്യത തോന്നി..ഏതായാലും തൊട്ടപ്പുറത്തിരുന്ന മാന്യൻ തുണക്കെത്തി..സ്‌റ്റേഷനായെന്നറിയിച്ചു.. പുറത്തിറങ്ങി, പൊള്ളുന്ന ഊടുവഴികൾ താണ്ടി ക്രിയേറ്റീവിലേക്ക് .. മാഗസിൻ പ്രവർത്തനങ്ങൾക്കായി .. അവിടെ അപ്പോഴും കർമ്മനിരതനായി പ്രശോഭ്... ഇന്നും ഒരു ദിനം മുഴുവൻ കമ്പ്യൂട്ടറിനു മുന്നിൽ.. മൂന്ന് മണിയോടെ ഹോട്ടൽ ഐശ്വര്യയിൽ നിന്ന് ഊണ്... അയല ഫ്രൈ... പിന്നണിയായി 'താമരപ്പൂങ്കാവനത്തിൽ പങ്ക് റങ്കുള്ളോളെ' എന്ന പഴയ കാല മനോഹരഗാനം... വീണ്ടും ക്രിയേറ്റീവിൽ കമ്പ്യൂട്ടറിന് മുന്നിൽ .. ആറ് മണിയോടെ, പ്രശോഭിനോട് യാത്ര പറഞ്ഞ് കൊയിലാണ്ടി സ്റ്റേഷനിൽ... മടക്കയാത്ര, ക്ഷീണത്തോടെ ... പരപ്പനങ്ങാടി സ്റ്റേഷനടുത്ത് നിയോൺ വെളിച്ചത്തിൽ ഗ്രൗണ്ടിൽ ആൻഫീൽഡ് സോക്കർ കാൽപ്പന്തുകളിയുടെ ഹൃദ്യമായ കാഴ്ച.. തിരുവനന്തപുരം എക്സ്പ്രസ് പതുക്കെ തിരൂർ സ്റ്റേഷനിലേക്ക്... ഓരോ മടക്കയാത്രയും പകരുന്നത് നാളെ എന്ന പുതിയ പ്രതീക്ഷയുടെ ഇത്തിരി വെട്ടമാണ്...

വായിക്കുക.
ആസ്വദിക്കുക....
വിലയിരുത്തുക.....
അഭിപ്രായങ്ങൾ പങ്കുവെക്കുക...