09-02-19

ഇതാണ് ഞാൻ
ജസീന റഹീം
ഒരു കുഞ്ഞു ചെടിയെ .. അതിന്റെ വേരുകൾ ഉറച്ചു തുടങ്ങുമ്പോൾ ..ഭൂമിയും വായുവുമായി ഇണങ്ങിത്തുടങ്ങുമ്പോൾ .. അതിന്റെ ആകാശങ്ങൾ നഷ്ടപ്പെടുത്തുക എന്തൊരു ക്രൂരതയാണ്...
   ഞാൻ താമസിച്ച ഓരോ വീടും എനിക്ക് പ്രിയപ്പെട്ടതായിരുന്നു.. ഓരോയിടത്തേക്ക് പറിച്ച് നടുമ്പോഴും.. 'ഇനി ഞാനിവിടെയായിരിക്കും മരിക്കും വരെ ജീവിക്കുക .. എന്ന് ഉറപ്പിച്ചിരുന്നു.. കാരണം തുടർച്ചയായ വീട് മാറ്റങ്ങൾ എനിക്ക് നഷ്ടപ്പെടുത്തിയത് പ്രിയപ്പെട്ട വിദ്യാലയങ്ങൾ.. എന്നെ സ്നേഹിക്കുന്നു എന്ന് ഞാൻ കരുതിയ കൂട്ടുകാർ.. ഇഷ്ടമുള്ള അയൽക്കാർ... എന്റെ ചെടികൾ.. എന്നെ ചേർത്തു പിടിച്ചുറക്കിയ ചുവരുകൾ.. ഒക്കെയായിരുന്നു.. അതെ... ആകാശങ്ങൾ നഷ്ടപ്പെട്ടവളായിരുന്നു ഞാൻ ..അന്നുമിന്നും..!!
    ഒമ്പത് വയസിനിടയിൽ കുണ്ടറയിലെ തന്നെ മൂന്നാമത്തെ വീട്.. കൊതിച്ചു വച്ച പണിതീരാത്ത .. പുത്തൻവീട്.. ഓർമ്മകൾ ഉറയ്ക്കും മുമ്പ് ഞങ്ങൾ കുഞ്ഞുങ്ങളെയും കൊണ്ട് താമസിച്ച വാടകവീടുകളെക്കുറിച്ച് ഉമ്മ പറഞ്ഞു കേട്ട അറിവേ ഉണ്ടായിരുന്നുള്ളു.. അതിലൊന്ന് ഇളമ്പള്ളൂർ അമ്പലത്തിന്റെ എതിർവശത്തുള്ള വാടക വീടായിരുന്നു.. അവിടുത്തെ ഇത്താമാർ എന്നെ എപ്പോൾ എവിടെ വച്ചു കണ്ടാലും എന്റെ ചില തിരിയാ കൊഞ്ചലുകൾ പറഞ്ഞു കളിയാക്കിയിരുന്നു..
   കൊതിച്ചു വച്ച വീട് .. പണികൾ പോലും തീർക്കാതെഏതാനും മാസങ്ങൾ കഴിഞ്ഞ് വിൽക്കുമ്പോൾ വാപ്പാക്ക് കാരണങ്ങൾ ഉണ്ടായിരുന്നു.. അല്ലെങ്കിൽ ഒരു ശാപം പോലെ കാലം കാരണങ്ങൾ ഒരുക്കി വച്ചിരുന്നു.. നാട്ടിൽ ഡ്രൈവർ ജോലിയുമായി കഴിയുന്നതിനേക്കാൾ ഗൾഫിലൊന്നു പോയാൽ ഉണ്ടാകാൻ പോകുന്ന സമ്പത്തും ഭാഗ്യങ്ങളും സ്വപ്നം കണ്ട്കുണ്ടറയിലെ വീട് വിറ്റ് കിട്ടിയ കാശുമായി സ്വന്തം നാടായ വിളക്കുടിയിലേക്ക് വാപ്പ ഞങ്ങളുമായി തിരിച്ചു...
       നാലാം ക്ലാസ് പാതിയോടെ കെ.ജി.വി സ്കൂളിലെ പഠനം അവസാനിപ്പിച്ചു.. വിളക്കുടി ഗവ.എൽ.പി. എസിലെ പുതിയ ലോകത്തോട്.. കുട്ടികളോട് .. അധ്യാപകരോട് ഒന്നും പൊരുത്തപ്പെടാനാവാതെ വല്ലപാടും നാലാം ക്ലാസ്സ് കഴിച്ചു...
     അന്ന് വാപ്പുമ്മ ജീവിച്ചിരിക്കുന്ന കാലം.. സ്വന്തം കുടുംബവീട്ടിലേക്കാണ് വാപ്പ ഞങ്ങളുമായി കയറിച്ചെന്നത് .. വാപ്പായുടെ സഹോദരങ്ങളുമായി ഞങ്ങൾക്ക് അടുപ്പമുണ്ടായിരുന്നില്ല.. വല്ലാത്തൊരകൽച്ച അന്നേ മാനസികമായി ഉണ്ടായിരുന്നു.. ഞങ്ങൾ ചെന്നതോടെ കുടുംബവീട് ആറു മക്കളിൽ മൂന്നാമനായ വാപ്പായ്ക്ക് വാപ്പുമ്മ എഴുതി നൽകി... അതിനൊരു കാരണ മുണ്ടായിരുന്നു..
      വാപ്പ വളരെ കുഞ്ഞായിരിക്കുമ്പോഴേ വാപ്പുപ്പ മരിച്ചു പോയിരുന്നു.. ചോദിക്കാനും പറയാനും നിയന്ത്രിക്കാനും ആരുമില്ലാത്ത വീടിന്റെ ഉത്തരവാദിത്തം മൂന്നാമനായ വാപ്പായുടെ തലയിൽ നിക്ഷിപ്തമായതോടെ  ചെറുപ്രായത്തിൽ കുണ്ടറയിലെത്തി (ഇതായിരുന്നു കുണ്ടറയുമായുള്ള ബന്ധം)പല ജോലികൾ ചെയ്ത് ...ഒടുവിൽ ഡ്രൈവറായി.. ഏറെ കഷ്ടപ്പെട്ടാണ് സ്വന്തം ഉമ്മായെയും സഹോദരങ്ങളെയും നോക്കിയത്... അതിനു പകരമായിട്ടായിരുന്നു വാപ്പുമ്മ കുടുംബം മൂന്നാമത്തെ മകനായ മുഹമ്മദ് കുഞ്ഞിന് നൽകിയത്... മാത്രമല്ല പുല്ലുമേഞ്ഞ വീട് കഷ്ടപ്പെട്ടു ആദ്യം ഓലയാക്കുകയും പിന്നീട് ഓല മാറ്റി ഓടി ടീക്കുകയും ചെയ്തതും വാപ്പ ആയിരുന്നു..
     ഞങ്ങളുമായി സ്വന്തം വീട്ടിലെത്തിയ വാപ്പ കുണ്ടറയിലെ വീടു വിറ്റ പണത്തിൽ നിന്നും കുറച്ചെടുത്ത് പഴയ വീടിനോട് ചേർന്ന് രണ്ട് മുറികൾ കൂടി പണിയുകയും അടുക്കള പുതുക്കിപ്പണിത് സൗകര്യങ്ങൾ വർധിപ്പിക്കുകയും ഭാവിയിൽ പശുവളർത്തൽ ഭാവനയിൽ കണ്ട് വിശാലമായൊരു തൊഴുത്തുണ്ടാക്കുകയും ചെയ്തു.. ബാക്കി പണം ചെലവഴിച്ച് സ്വപ്നങ്ങൾ സ്വന്തമാക്കാൻ സൗദി അറേബ്യയിലേക്ക് യാത്രയായി..
എന്റെ നാല്പത്തിനാല് വർഷങ്ങൾക്കിടയിൽ.. ഏറ്റവുമധികം ജീവിതം ആസ്വദിച്ച ..അഞ്ചു വർഷങ്ങളായിരുന്നു  പത്തു മുതൽ പതിന്നാല് വയസ്സു വരെയുള്ള നാല് വർഷങ്ങൾ.. അതേസമയം ആ പ്രായത്തിലുള്ള ഒരു കുഞ്ഞു ശരീരത്തിന് താങ്ങാവുന്നതിനൊക്കെയപ്പുറം കഠിനവുമായിരുന്നു ഞാൻ ചെയ്ത ജോലികൾ..
എന്റെ കൈവെള്ളയുടെ പെൺമൃദുലത എനിക്ക് നഷ്ടമായ കാലം.. ജീവിതത്തിലെ പരുക്കൻ യാഥാർഥ്യങ്ങൾക്കിടയിലും മനസിന്റെ കുട്ടിത്തം കളയാതെ സൂക്ഷിക്കാൻ എക്കാലവും കഴിഞ്ഞതും എന്റെ ബാല്യകാലത്തിന്റെ തിമിർപ്പുകളുടെ പൊടിപ്പുകൾ അല്പമെങ്കിലും മനസിന്റെ കോണിൽ മായാതെ കിടക്കുന്നതു കൊണ്ടാണ്..
      വാപ്പ ഗൾഫിൽ പോയതോടെ വീട്ടിൽ ഉമ്മാ യും ജാസും ഞാനും മാത്രമായി.. തൊട്ടപ്പുറത്തെ വീട്ടിൽ  ഞങ്ങൾ വല്യേച്ചിയെന്നും കൊച്ചേച്ചിയെന്നും വിളിച്ചിരുന്ന ശ്രീമതിച്ചേച്ചിയും മകൾ ഗിരിജച്ചേച്ചിയും  മകൻ ഗിരീഷണ്ണനുമായിരുന്നു താമസം.. അവിടുത്തെ അച്ഛനെ കണ്ട ഓർമ്മ എനിക്കില്ല .. അച്ഛൻ അവരുമായി അത്ര അടുപ്പമുണ്ടായിരുന്നില്ല എന്ന് മുതിർന്നവരുടെ കുശുകുശുപ്പുകളിൽ നിന്ന് പിന്നീട് മനസിലാക്കി.. വെളുത്ത് ഉയരമുള്ള..നീണ്ട മുഖവും.. ആവശ്യത്തിലേറെ നീണ്ട മൂക്കും ..ചുരുണ്ട മുടിയുമുള്ള ..കയ്യിൽ സദാ വാച്ച് കെട്ടിയിരുന്ന ..അടക്കവും ഒതുക്കവും നല്ല വൃത്തിയും വെടിപ്പും ഐശ്വര്യവുമുള്ള കൊച്ചേച്ചി.. പാവാടയും ഷർട്ടിൽ നിന്ന് ഹാഫ് സാരിയിലേക്കും പിന്നീട് ഫുൾസാരിയിലേക്കും മാറിയത് ഞങ്ങൾ കൗതുകത്തോടെ കണ്ടു.. ആ പ്രായത്തിലുള്ള ചേച്ചിയുമായുള്ള ചങ്ങാത്തം കുട്ടികളായ ഞങ്ങൾക്ക് വിലപ്പെട്ടതായിരുന്നു.. സിവിൽ എഞ്ചിനിയറിംഗ് വിദ്യാർഥിനിയായിരുന്ന ചേച്ചി ഞങ്ങൾക്ക് കണക്ക് ടീച്ചറുമായി.. ഇടക്ക് ശ്രീമതിച്ചേച്ചി നൂലുകെട്ടിയ കണ്ണട  തലയോട് ചേർച്ച് കെട്ടി വച്ച് ഞങ്ങളെ പഠിപ്പിച്ചു.. നന്നായി പിച്ചിപ്പറിച്ചെടുക്കുമായിരുന്ന വല്യേച്ചിയുടെ ട്യൂഷൻ ക്ലാസ് ഞങ്ങൾക്ക് വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് എന്ന പോലെയായി... കാരണം ഉമ്മാടെ പഠിപ്പിക്കൽ അത്രയ്ക്ക് അസഹനീയമായിരുന്നു...
      വിളക്കുടിയിലെ അന്നത്തെ അറിയപ്പെടുന്ന പണക്കാരനായ അമ്പത്താറ് മുതലാളി (യഥാർഥ പേരറിയില്ല) യുടെ  സഹോദരി (ഞങ്ങൾ അമ്മാമ്മയെന്ന് വിളിച്ചിരുന്ന ) യുടെ മക്കൾ ഞങ്ങളെക്കാൾ രണ്ടു - മൂന്ന് വയസിന് മൂത്ത ഷേർളിച്ചേച്ചിയും ലാലിച്ചേച്ചിയുമായിരുന്നു അടുപ്പമുള്ള മറ്റൊരയൽപക്ക കൂട്ടുകാർ..
      ദേഷ്യം വരുമ്പോൾ മക്കളെ "കഴുവർടമോന്റെ മോളെ ... "എന്ന് വിളിച്ചിരുന്ന പാലവിളവീട്ടിലെ താത്തായും ചായക്കട നടത്തിയിരുന്നു..അവരുടെ ഭർത്താവുമൊക്കെ മങ്ങിയ ചിത്രങ്ങളായി ഓർമയിലുണ്ട്..
      വാപ്പ ഗൾഫിൽ പോയി ആദ്യമൊക്കെ ഒന്നു രണ്ടു കത്തുകൾ വന്നു.. വലിയ പെട്ടി നിറയെ ഒരു പാട് ഉടുപ്പുകളും മിഠായികളും സെൻറും സ്വർണ മാലയും വളയുമൊക്കെയായി വാപ്പവരുന്നതും കാത്തിരുന്ന ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് ..വാപ്പ പോയി രണ്ട് മാസങ്ങൾ കഴിഞ്ഞ്.. വാപ്പായെക്കുറിച്ച് ഒരു വിവരവുമില്ലാതായി ... ഉമ്മ സന്ധ്യകളിൽ കരഞ്ഞുകൊണ്ട് യാസീൻ ഓതി... "വാപ്പാടെ കാലിൽ ഒരു മുള്ള് പോലും കൊള്ളാതെ നോക്കണേ..."യെന്ന് ഉമ്മ പ്രാർഥിക്കുകയും ഞങ്ങളെക്കൊണ്ട് പ്രാർഥന ഏറ്റു ചൊല്ലിക്കയും ചെയ്തു..
        വാപ്പാടെ വിവരങ്ങൾ ആരോട് ചോദിക്കുമെന്നത് ഒരു വലിയ ചോദ്യചിഹ്നമായി മാറി.. ആളിനെ സൗദിയിലെത്തിച്ചതിനാൽ പിന്നീടുള്ള കാര്യങ്ങളിൽ ഏജന്റിന് ഉത്തരവാദിത്തമില്ലെന്ന് അയാൾ കൈ മലർത്തി.. ഇനിയെന്തെന്നറിയാതെ ജീവിതം വഴിമുട്ടി നിന്നു...
ജീവിതം നിശ്ചലമാകുന്ന ചില വേളകൾ.. ഒഴുക്ക് നിലയ്ക്കാറായ നദിയിലേക്ക് അപ്രതീക്ഷിതമായി വന്നു വീഴുന്ന ഓരോ മഴത്തുള്ളിയെയും നദി ആവേശത്തോടെ സ്വീകരിക്കുന്നതു പോലെയായിരുന്നു വാപ്പ ഗൾഫിൽ പോയ ശേഷം സങ്കടങ്ങളെ തരണം ചെയ്യാനുള്ള ഉമ്മാടെ പിന്നീടുള്ള ഓരോ ശ്രമങ്ങളും..എവിടുന്നൊക്കെയോ കടം വാങ്ങി ഒരു പശുവിനെ വാങ്ങി... വീട് പട്ടിണിയാകാതെ മുന്നോട്ട് കൊണ്ടുപോകാനും തീരെ ചെറിയ ഞങ്ങളെ ഒന്നുമറിയിക്കാതെ കാര്യങ്ങൾ നോക്കാനും ഉമ്മ ശ്രമിച്ചു.. പശുവിന് പോച്ച പറിക്കലും പാല് കടകളിൽ എത്തിക്കലും ഞങ്ങളുടെ ജോലിയായിരുന്നു..
        വാപ്പ പോയിട്ട് മൂന്നാല് മാസങ്ങൾ കഴിഞ്ഞു.. സുഗന്ധം പുരട്ടിയ കത്തുകളുമായി കടന്നു വരുന്ന പോസ്റ്റുമാന് വേണ്ടി ഞങ്ങൾ കാത്തിരുന്നു.. കത്തയയ്ക്കാൻ പറ്റാത്ത വിധം ദൂരെ സ്ഥലത്തായിരിക്കും വാപ്പായ്ക്ക് ജോലി എന്ന്  സമാധാനം കണ്ടെത്തി ഞങ്ങൾ നിരാശകളെ കരിച്ചു കളഞ്ഞു..
        അപ്പോഴേക്കും ഞാൻ നാലാം ക്ലാസ്സിൽ നിന്നും അഞ്ചിലേക്ക് കയറി.വിളക്കുടി ഗവ.എൽ.പി സ്കൂളിൽ നിന്നും ഡി.ബി യു.പി.എ സിലേക്ക് ...എന്റെ മൂന്നാമത്തെ വിദ്യാലയത്തിലേക്ക് ഞാനെത്തി.. കുണ്ടറ നിന്നും വന്നപ്പോഴേ ജാസ് അഞ്ചാം ക്ലാസിലായിരുന്നതിനാൽ അവൾ നേരത്തേ ഡി.ബി യിലെ വിദ്യാർഥിനിയായി കഴിഞ്ഞിരുന്നു.. അവിടെ അഞ്ചാം ക്ലാസ്സിൽ ബിന്ദുവിനെ കൂട്ടുകാരിയായി എനിക്ക് കിട്ടി.. പെൺക്കുട്ടികളിൽ ബിന്ദുവിനെയും അടുത്ത ഡിവിഷനിലെ സുജയെയും രേഖയേയും മാത്രമേ ഓർമ്മത്താളിൽ നിന്ന് പരതിയെടുക്കാനാവുന്നുള്ളൂ.. ആൺക്കുട്ടികളിൽ തടിയനായ ക്ലെമന്റ്.ഇ.മൈക്കിളും കടുക് പോലെ ചെറിയ നസീറും പിന്നെ രേഖയുടെ ക്ലാസിൽ നിന്നും അറബിനു മാത്രം എന്റെ ക്ലാസിൽ വന്നിരുന്ന നൗഷാദിനെയും... നൗഷാദ് അന്നുമിന്നും ചെറുതായിരിക്കുന്നത് എന്താണെന്ന് അതിശയപ്പെടാറുണ്ടെങ്കിലും അറബി ടീച്ചറിന്റെ പ്രിയ ശിഷ്യനായിരുന്ന കുഞ്ഞു നൗഷാദിനെയാണ് ഓർമ വരിക..
        നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറമായിരുന്നു എന്റെ വാപ്പാടെ നാടായ വിളക്കുടി.. എത്ര വർണിച്ചാലും തീരാത്ത ഹരിത ചാരുത .. വിളക്കുടി ജംങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് അമ്പലവും (ശാസ്താവാണ് പ്രതിഷ്ഠ എന്നാണോർമ്മ) അമ്പലക്കുളവും കഴിഞ്ഞ് മുകളിലേക്കുള്ള ചെമ്മൺപാത കയറിയാൽ എന്റെ വീടായി.. ക്രിസ്ത്യാനിയായ അമ്മാമ്മ ക്രിസ്തുമസിനൊരുക്കിയ ഒരപ്പവും ഹിന്ദുവായ ശ്രീമതിച്ചേച്ചിയുടെ വീട്ടിൽ രാപകൽ കഴിച്ചു കൂട്ടിയതും മതാതീതമായ ഒരു സംസ്ക്കാരം ചെറുതിലേ എന്റെ ഉള്ളിൽ വളർന്നു വരാൻ കാരണമായി.. വിളക്കുടി അമ്പലത്തിന്റെ  മുറ്റത്ത് പായ് വിരിച്ച് കിടന്ന് കഥകളി കണ്ടുറങ്ങി.. തുള്ളൽ കണ്ട് ഭ്രമിച്ചതും ആ നടയ്ക്കു മുന്നിലെ സ്റ്റേജിലായിരുന്നു..
        സ്കൂളിൽ പോക്കും ..പശുവിനെ നോട്ടവുമായി മാസങ്ങൾ കടന്നുപോയി .. ഒരു സന്ധ്യാനേരം.. ഞങ്ങൾ മുൻവശത്തെ മുറിയിലിരുന്ന് പഠിക്കുന്ന സമയം.. മുറ്റത്ത് ഒരു നിഴലനക്കം കണ്ട് ഞങ്ങൾ പേടിച്ച് നിലവിളിച്ചു... "അയ്യോ... ഉമ്മോ... ഓടി വാ..." നിലവിളി കേട്ട് ഓടി വന്ന ഉമ്മ കാര്യം തിരക്കി ... ഞങ്ങൾ മുറ്റത്തേക്ക് വിരൽ ചൂണ്ടി.. "ദാ... അവിടൊരാൾ നിക്കുന്നു... " ഉമ്മ വാതിലിൽ നിന്ന് പുറത്തേക്ക് നോക്കി ''ആരാ ത്...? "എന്നുറക്കെ ചോദിച്ചു. നിഴൽരൂപം വെളിച്ചത്തേക്ക് കയറി വന്നു .. താടിയും മുടിയും നീണ്ട് തിരിച്ചറിയാനാവാത്ത വിധത്തിൽ മറ്റൊരു നജീബായി .. ഏതോ മസ്രയിൽ നിന്നിറങ്ങി വന്ന പോലെ വാപ്പ
പ്രവാസത്തിന്റെ കാണാക്കയങ്ങളിൽ മുങ്ങിപ്പോകുമായിരുന്ന ജീവനെ ..വല്ലപാടും തിരികെ പിടിച്ച് തീരത്തണഞ്ഞ വാപ്പ ..പിന്നെ കുറേ നാൾ..... എല്ലാവരോടും താൻ അനുഭവിച്ച തീ പോലെ പൊള്ളിയ മരുജീവിതത്തിന്റെ നാളുകൾ പങ്കുവച്ചു.നാട്ടിൽ നിന്ന് സൗദിയിലെത്തിയ വാപ്പായ്ക്ക് പറഞ്ഞു വച്ച ഡ്രൈവർ ജോലി തന്നെ കിട്ടി. രണ്ടു ദിവസം ജോലി ചെയ്തു.. മൂന്നാം നാൾ സഹമുറിയനായ പാകിസ്ഥാനി ദൂരെയെവിടെയോ മരുഭൂമിയിൽ വെള്ളം ശേഖരിക്കാൻ ട്രക്കുമായി പോയപ്പോൾ കൂട്ടു പോയതാണ്.. ദിക്കറിയാതെ പരന്നു കിടക്കുന്ന മണലാഴിയിൽ എവിടെയോ ട്രക്ക് മറിഞ്ഞു.. ബോധമില്ലാതെ മണിക്കൂറുകൾ ആ വിജനതയിൽ കിടന്നു.. എപ്പോഴോ ബോധം വന്നപ്പോൾ ആശുപത്രിയിലായിരുന്നു..
      ഓർമ്മ തിരിച്ചു വന്നപ്പോഴാണ് ശരീരത്തെ ഞെരിച്ചമർത്തുന്ന വേദനയുടെ തീക്ഷ്ണത അനുഭവിച്ചറിഞ്ഞത്.. നട്ടെല്ലിനായിരുന്നു പരിക്ക്.. കുറെ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം റൂമിലേക്ക് .. പരസഹായമില്ലാതെ എഴുന്നേൽക്കാനോ.. ഇരിക്കാനോ നടക്കാനോ പ്രാഥമിക കാര്യങ്ങൾ പോലും നിർവ്വഹിക്കാനോ ആകാതെ .. മാസങ്ങൾ.. ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കണമെങ്കിൽ റൂമിലെ മറ്റുള്ളവർ രാത്രി മടങ്ങി വരുന്നത് വരെ കാത്തിരിപ്പ്.. വിശപ്പും ഏകാന്തതയും കൂടി സമനില തെറ്റിപ്പോകുമെന്നായപ്പോൾ  വാപ്പാടെ ദയനീയ സ്ഥിതി കണ്ട് സ്പോൺസർ ബോംബെയിലേക്ക് വിമാനം കയറ്റി വിട്ടു.. ബോംബെയിൽ നിന്ന് ഒരുപാട് കഷ്ടപ്പെട്ട് എങ്ങനെയൊക്കെയോ നാട്ടിലെത്തി.. അതിനു ശേഷം ഗൾഫ് എന്ന് കേൾക്കുമ്പോഴേ വാപ്പ തലയിൽ കൈ വക്കുമായിരുന്നു...
      പിന്നെ മാസങ്ങൾ നീണ്ടു നിന്ന ചികിത്സാ ക്കാലം കഴിഞ്ഞ് പഴയ ജീവിതത്തിലേക്ക് പതിയെ മടങ്ങി വരാൻ തുടങ്ങി.. നട്ടെല്ലിനു സാരമായി ക്ഷതമേറ്റതിനാൽ ഉടനെയൊന്നും ഡ്രൈവിംഗ് ജോലിയ്ക്കു പോകാൻ പറ്റില്ലാത്തതിനാൽ എന്തെങ്കിലും കച്ചവടം തുടങ്ങാനായി ശ്രമം.. വീട് പുലരാൻ തന്നെ ബദ്ധപ്പെടുമ്പോൾ കച്ചവടത്തിനുള്ള പണമെങ്ങനെയെന്നത് ചോദ്യചിഹ്നമായി.. ഗൾഫിൽ കൊണ്ടുപോകാൻ പണം വാങ്ങിയ ഏജന്റിനെ പലതവണ സമീപിച്ചു.. ഒടുവിൽ അയാൾ നൽകിയ ചെറിയ തുകയും ഉമ്മാടെ ആകെയുള്ള താലിമാല പണയം വച്ചും കടം വാങ്ങിയും ഒക്കെ സ്വരൂപിച്ച പണം കൊണ്ട് ആവണീശ്വരത്ത് ഒരു ഹാർഡ് വെയർ കട തുടങ്ങി..
ആയിടെയാണ് പെട്ടന്നൊരു ദിനം ഞങ്ങൾ രണ്ടു പേരിൽ നിന്ന് അഞ്ചു പേരായി മാറിയത്.. യാതൊരു കുസൃതികളുമില്ലാതെ പള്ളിക്കൂടവും പശുവുമായി  മര്യാദരാമത്തികളായി നടന്ന ഞങ്ങളുടെ ജീവിതത്തിലേക്ക് ആദ്യം നിശബ്ദമായും .. എന്നാൽ വളരെ ഊക്കോടെയും കർണാടകയിൽ നിന്ന് എടുത്ത് ചാടുകയായിരുന്നു ആ മൂന്നു പേർ.. എന്റെ രണ്ടാമത്തെ മാമാടെ മൂന്നു ..പാവങ്ങളായ വെറും പാവങ്ങളായ മക്കൾ..ഹമീദ്.. റജു.. കലിമ..
      മാമായ്ക്ക് കർണാടകയിലായിരുന്നു ജോലി.. പതിയെ അവിടുന്ന് കല്യാണവും കഴിച്ച് മൂന്നു മക്കളുമായി ജീവിക്കവെ മാമായ്ക്ക് ചവറ ടൈറ്റാനിയത്തിലേക്ക് ജോലിയായി.. കുടുംബ സമേതം നാട്ടിലെത്തി.. കർണാടകക്കാരിയായ ഭാര്യയ്ക്കും കർണാട്ടിക് മക്കൾക്കും പെങ്ങളുടെ വീടിന്റെ തൊട്ടടുത്ത് വീട് വാങ്ങി സുരക്ഷിതമാക്കിയിട്ടാണ് മാമ ചവറയിൽ ജോലിക്ക് പോയി തുടങ്ങിയത്...
      ഞങ്ങൾ അങ്ങനെ അഞ്ചു പേരായി .. പോച്ച പറിക്കാനും കളിയ്ക്കാനും മാത്രമല്ല.. തീറ്റ ..ഉറക്കം  കുശുമ്പും കുന്നായ്മയും അടി.. ഇടി.. സകലമാന അഭ്യാസങ്ങൾക്കും ഞങ്ങൾ അഞ്ചാളും ഒന്നിച്ചു ... വെറുതെ ചിരിയ്ക്കുന്നതിന് ഞാനും കലിമായും ചുമ്മാ അടി കൊണ്ടു.. ജാസ് പണ്ടേ വലിയ അടക്കവും ഒതുക്കവുമുള്ള കുലസ്ത്രീയായിരുന്നു.. നടപ്പിലും എടുപ്പിലും ആകമാനം ഒരു ആണത്തം സൂക്ഷിക്കാൻ ഞാൻ അന്നേ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.. ജാസ് കുലസ്ത്രീയും ഞാൻ അഹങ്കാരിയുമായി വളർന്നു വന്നു.. എല്ലാവരും എന്നെക്കാൾ താല്പര്യം ജാസിനോട് കാണിച്ചിരുന്നു.. പാവത്തമഭിനയിച്ച് എന്റെ പലതും തട്ടിയെടുത്ത കുലസ്ത്രീ..
      കർണാടകക്കുഞ്ഞുങ്ങൾ നാട്ടിൽ വരുമ്പോൾ ജാസ് ആറിലേക്ക് ചാടിയിരുന്നു.. ഞാൻ അഞ്ചിൽ .. അപ്പോഴേക്കും ഇംഗ്ലീഷ് മീഡിയമൊക്കെ കണ്ടു പിടിച്ചിരുന്നതിനാൽ  ഹമീദിനെ അഞ്ചിൽ പുനലൂരുള്ള വലിയൊരു ഇംഗ്ലീഷ് മീഡിയം സ്കൂളിലാക്കി.. ഒരേ സ്റ്റാൻഡേർഡിൽ ഒരാൾ മലയാളം മീഡിയത്തിലും ഒരാൾ ഇംഗ്ലീഷ് മീഡിയത്തിലും ..ഹമീദിന്റെ ഇംഗ്ലീഷ് പുസ്തകങ്ങളും ഗമയുമൊക്കെ കണ്ട് ഞാൻ അരിശമടക്കി കൂട്ടുകൂടി.. മാമാടെ മക്കളാണേലും മൈസൂറൊക്കെ കണ്ടിട്ട് വന്ന അവരോട് അടുക്കാൻ ആദ്യമൊക്കെ മടിയായിരുന്നെങ്കിലും പിന്നീട് രൂപപ്പെട്ട നിതാന്ത ബന്ധുത്വം എത്ര ആഴമേറിയതായിരുന്നു ...എന്നെക്കാൾ ഒരു വയസിനിളയവളായ റജുവിനെ നാലിലും അതിലും ചെറിയ കലിമായെ മുന്നിലും മലയാളം മീഡിയത്തിൽ ചേർത്ത് മാമ കുടുംബത്തിൽ വിവേചനം പുലർത്തി.. അവർക്ക് മൂന്നാൾക്കും മലയാളം നന്നായി അറിയില്ലായിരുന്നു എന്നതാണ് സത്യം.. അതിനാൽ ഹമീദ് ഇംഗ്ലീഷ് മീഡിയത്തിൽ ചേർന്നതിൽ തെറ്റില്ലായിരുന്നു.. എന്നാൽ മലയാളമറിയാത്ത രണ്ടു കിളുന്തുകളെ എന്തിന് മലയാളം സ്കൂളിൽ ചേർത്തു എന്നറിയില്ല.. എന്തായാലും ഉമ്മാടെ നുള്ളും അടിയും കൊണ്ട് പെണ്ണുങ്ങൾ രണ്ടും തപ്പിത്തപ്പി വായനയും എഴുത്തും പഠിച്ചു.. റജു ആള് ചെറുതാണെങ്കിലും ഒരു കാന്താരിയായിരുന്നു.. പഠിക്കാൻ മണ്ടത്തിയാണേലും നാക്കിന് നീളമുള്ളോൾ... കലിമ എന്റത്രേം വരില്ലെങ്കിലും പഠിച്ചു തുടങ്ങി..
      പ്രായത്തിൽ വലിയ വ്യത്യാസമില്ലാത്ത അഞ്ചു പേർ ഒന്നിച്ചാൽ എന്താെക്കെ കാട്ടിക്കൂട്ടുമോ.. അതായിരുന്നു ഞങ്ങൾടെ കുട്ടിക്കാലം.. അവർ വന്ന ശേഷം പോച്ച പറിക്കൽ ഒരു മഹാമഹമാക്കി ഞങ്ങൾ .. അങ്ങനെ ദിവസവും അഞ്ചു കെട്ട് പോച്ച വീട്ടിൽ വന്നു... പോച്ചയും കളയും ചളിയും തിരിച്ചറിയാത്ത കർണാട്ടിക്കുകൾ പറിച്ച പോച്ച തിന്ന് പശുവിന് വയറിളക്കം പതിവായി.. പോച്ച കൊണ്ടിട്ടിട്ട്  പോകുന്ന അവരുടെ പിന്നാലെ ഉമ്മ വലിച്ചെറിഞ്ഞ പോച്ചക്കെട്ടുകളും പറന്നു ചെന്നു.. മലയാളം പഠിച്ചു വരുന്നതേ ഉള്ളതിനാൽ ഉമ്മ വിളിക്കുന്ന ചീത്തകളെ അവർ സ്നേഹ വിളികളായി കരുതി.. പോച്ചയ്ക്ക് പകരം പാലും ചായയും ധാരാളമായി ഉമ്മ നാത്തൂനും മക്കൾക്കും നൽകി വന്നു..
      വിളക്കുടിയുടെ മുക്കും മൂലയുമെല്ലാം ഞങ്ങളുടെ ഇടങ്ങളായി മാറി.. കാടിനും മേടിനും കൈതയ്ക്കും .. എന്തിന് തോട്ടിലെ പൊടിമീനിനു പോലും ഞങ്ങൾ പരിചിതരായി..
                  (തുടരും)
*****************************

അമ്മ
മുരളികാ ദേവ്
അമ്മയ്ക്കൊരു
മുത്തം കൊടുക്കാത്ത
ദിവസങ്ങളില്ലെന്റെ
ഓർമ്മകളിൽ...
രാത്രിയിലൊരു
മഴച്ചാറ്റലിൻ കുളിരുമായ്
അമ്മയെ
കെട്ടിപ്പിടിച്ചുറങ്ങും....
ഞാനുമെന്നമ്മയുമൊന്നിച്ചു
സ്നേഹ പനിനീരിൽ
മുങ്ങിക്കുളിക്കും....
പൂക്കൾ വിടരുന്ന
പൊന്നുഷസ്സിലെന്നമ്മ
പൂവിനെ പോലെ
ഉണർന്നെണീക്കും
വിദ്യാലയത്തിൽ ഞാൻ
പാഠം പഠിക്കുമ്പോൾ
അമ്മ തൻ പുഞ്ചിരി
മുന്നിലെത്തും....
ഞാനെന്റെയമ്മയെ
സ്നേഹിക്കുമെന്നും
അമ്മ തൻവാക്കുക-
ളനുസരിക്കും....
അമ്മയെനിക്കൊരു
ദൈവമാണ്.....
വേദനകളിലെന്നുമെൻ
കൂട്ടുമാണ്.....
അമ്മയുടെ പ്രാർത്ഥന
എന്നുമെന്റെ
നെഞ്ചിൽ നിറയും
തുടിപ്പുമാണ് ..
അമ്മ പഠിപ്പിച്ച
പാഠങ്ങളൊക്കെയും
നന്മ തൻ നേർവഴിയായിരുന്നു.
അമ്മ പറഞ്ഞ
കഥകളിലൊക്കെയും
സ്നേഹത്തിൻ മുത്ത്
പൊഴിഞ്ഞിരുന്നു.
ആദ്യമായ് അമ്മ തൻ
കൈ പിടിച്ചന്നു ഞാൻ
വിദ്യാലയത്തിൽ
ചെന്ന നേരം
നന്നായി പഠിക്കേണം
നല്ലയാളാവേണം
എന്നമ്മ കാതിൽ
ചൊല്ലിത്തന്നു...
കളയില്ല ഞാനെന്റെ -
യമ്മയെ ഒരുനാളും
എൻ ജീവനായ്
ഞാൻ സ്‌നേഹിച്ചിടും....
കളയില്ല ഞാനെന്റെ -
യമ്മയെ ഒരുനാളും
എൻ ജീവനായ്
ഞാൻ സ്നേഹിച്ചിടും..
*****************************

ജീവ രേഖ
ശ്രീല അനിൽ
അന്തിമേഘച്ചോപ്പ് ചാലിച്ചു ചേർത്തൊരു കുങ്കുമസന്ധ്യയായ്
മുന്നിൽ നിൽക്കേ,,,,
ചുംബനപ്പൂകൊണ്ട്
മെല്ലെ തൊടട്ടേ ഞാൻ
സീമന്തരേഖയിൽ സിന്ധൂരം ?
അണിവിരൽ തുമ്പിനാൽ
നീയെന്റെ ആത്മാവിലെപ്പൊഴേ
കുങ്കുമം പൂശിയില്ലേ?,,,
കുങ്കുമചെപ്പിൽ ഞാൻ
കാത്തു വച്ചിട്ടുണ്ട്
സ്നേഹo കിനിയുമൊരെൻ ഹൃദയം
മെല്ലെ തുറന്നു നീ നുള്ളിയെടുത്തെന്റെ
സീമന്തരേഖയിൽ തൂകുമ്പോൾ,,,
എൻ ജീവരേഖയിൽ നീ ചേർത്തു
വയ്ക്കുന്നു
പ്രണയാർദ്രമാകും കരുതലുകൾ
എത്ര നാൾ കാത്തു കാത്തേറെ പ്രതീക്ഷയായ്,,,
ഈ നിമിഷത്തെ വരവേൽക്കവേ,,,,
ആരൊരാൾ എന്റെ നിറുകയിൽ ആദ്യമായ്,,, കുങ്കുമം ചാർത്തിയോ,,,
ചാരുവായി,,,
ആ കൈകളിന്നെന്നെ,,, ചേർത്തണയ്ക്കുന്നു,,,,
തന്നാത്മസഖിയായി,,,
കൂടെ നിൽപ്പൂ,,,
*****************************

തീപ്പെട്ടി
യൂസഫ് നടുവണ്ണൂർ
തീപ്പെട്ടിയുണ്ടെന്റെ കയ്യിൽ
പണ്ടൊരു മഴക്കാലത്ത്
അടുപ്പിൻ മുഖത്തിരുന്ന്
കവി
ഉരച്ചിട്ടുമുരച്ചിട്ടും കത്താതെ
തല തെറിച്ചു പോയ
നനഞ്ഞ തീപ്പെട്ടിയല്ല. 
ആറാമതാമണുശക്തിയായ്
വീറാർന്നുജ്ജ്വലിച്ചതിന്റെ
വീമ്പുമല്ല.
ചോര തുടിക്കും ചെറുകൈയുകൾ
പേറിയ പന്തമല്ല.
ചിന്തകൾ പുകഞ്ഞ
പഴയ ബീഡിക്കുറ്റി
കൊളുത്തിയ നാളമല്ല.
ഇരുട്ടിനെ കീറി മുറിക്കുന്ന
വജ്ര സൂചിയുമല്ല.
കാലത്തിനൊത്ത്
കോലം മാറ്റിയത്.
വെടിമരുന്ന് നിറച്ചത്
വടിപോലുള്ള കൊള്ളികൾ
കുത്തി നിറച്ചത്.
കാറ്റിലാളുന്നത്
മഴയത്തും കത്തുന്നത്
ഒരൊറ്റയുരസൽ മതി!
*****************************

അപരിചിതർ
ദിവ്യ.സി.ആർ
ഇനിയും  കുളക്കടവിൻ
തെന്നലായി മാറിയൊരാ
ഓളങ്ങളെ പുണർന്നപരിചിതരായി 
നമുക്ക് പിരിയാം.
ഇനിയും നഗരമദ്ധ്യത്തിൽ
നിശ്വാസമായി മാറിയാരവങ്ങളെ
തഴുകി ചിരപരിചിതരായി
നമുക്ക് പിരിയാം..
ഇനിയും ഉണങ്ങിയ മരച്ചില്ലയിൽ
നാമ്പിടുന്ന പുതുതളിരിൻ
ഗദ്ഗദങ്ങളേറ്റു വാങ്ങി
ദൂരേക്കു ദൂരേക്കു മറയാം..
പരിചിതർക്കൊപ്പമെന്നുമിങ്ങനെ
അപരിചിതരായി നമുക്ക് പിരിയാം..
*****************************

പരിണാമം
ഗസ്ന ഗഫൂർ
ടി.വിയിൽ ന്യൂസ് ഫ്ളാഷ്....
'മുലപ്പാൽ ലിറ്ററിന്
പത്തു രൂപ വർദ്ധിച്ചു.'
അമ്മയുടെ കറുത്തിരുണ്ട
മുഖം,വിയർപ്പിലൊലിച്ചു.
മുഖത്തെ മേക്കപ്പും വിയർപ്പിലൊലിച്ചു.
പെട്ടെന്ന്,
പാൽ നിറം മാറി കറുത്തിരുണ്ടു.
അത് കറുത്തിരുണ്ട ഒരു കല്ലായി.
പിഞ്ചു കുഞ്ഞതെടുത്ത്
അമ്മയുടെ നെഞ്ചിലേക്കെറിഞ്ഞു.
അപ്പോൾ,
നെഞ്ചിൽ നിന്നും
കറുത്തിരുണ്ട കണ്ണീർ
അടർന്നു വീണ്....
ലാവയായൊഴുകിയുറഞ്ഞു..
*****************************

മൗനം
ദീപക് റാം
വിട തരിക മൗനമേ, മിണ്ടാതിരിക്കുമെൻ
ചുണ്ടുകൾക്കിപ്പോഴും, നനവുണ്ട്, നന്മയുണ്ട്.
വിലപേശലിൽ വീണു പോകാത്ത വാക്കുകൾ-
ക്കിപ്പൊഴും ജീവനുണ്ട്...

മേഘങ്ങൾ പോലെ ചുരത്തുന്ന സ്വപ്നങ്ങൾ
എന്നുള്ളിലെന്നുമുണ്ട്...
താളം പിഴക്കാത്ത നെഞ്ചിടിപ്പുണ്ട്...
താനേ തളിർക്കും പ്രതീക്ഷയുണ്ട്...

വെയിലുണ്ട്, വെയിലിന്റെ മുറിവുണക്കും
നേർത്ത തണലിൻ തണുപ്പുമുണ്ട്...
ഉച്ചിയിൽ പിച്ചകപ്പൂ പോലെ പൂക്കുന്ന
നക്ഷത്രലക്ഷമുണ്ട്.

കടലുണ്ട്, കവിതയുണ്ടാകാശമുണ്ട്...
ആശ കൊത്തും ഹൃത്ശിലയുമുണ്ട്...
ഏകാന്തതക്കുള്ളിൽ ഏറെ വിലപ്പെട്ട
സംഘർഷമാകും കലാപമുണ്ട്.

വിടചൊല്ലിയാലും, നിൻ പ്രതിരൂപം
പ്രതിഷ്ഠിച്ചു വച്ച വിലാപമുണ്ട്...
ഉള്ളതും ഇല്ലാത്തതും ചേർത്ത്കൊ-
ണ്ടെപ്പോഴോ ഞാൻ തീർത്ത ഞാനുമുണ്ട്..
*****************************

നിശബ്ദ കൊലയാളികൾ
മിനിക്കഥ
ശ്രുതി.വി.ദേവ്
സ്നേഹം കൊണ്ട് അവരെ വീർപ്പുമുട്ടിക്കുക .. അവരുടെ ഓരോ നിമിഷവും എവിടെ എന്ന ഒറ്റവാക്കിൽ അവർ പോലും അറിയാതെ നിങ്ങളിലേക്ക് ആവാഹിച്ചെടുക്കുക.. എന്നിട്ട്‌, ഒരു വാക്കു പോലും പറയാതെ ഇറങ്ങിപ്പോരുക... അപ്പോൾ, ഒരു തുള്ളി രക്തം പോലും വീഴ്ത്താതെ നിങ്ങൾക്കൊരാളെ കൊല്ലാൻ കഴിയും ...
*****************************

ഒരു മൊബൈൽ പെണ്ണുകാണൽ
(മിനിക്കഥ)
ബിന്ദു.എം.വി
''എന്താ പേര്...." ?
" റെഡ്മി....,"
'' കുട്ടിയുടെ പേരാണ് ഞാൻ ചോദിച്ചത്...."
"എന്റെ പേരാണ് ഞാൻ പറഞ്ഞത് "
"അനുജന്റെ പേര്?"
"ഓപ്പോ..."
ദൈവമേ..... ഇനി എന്തെല്ലാം പേര്
കേൾക്കണം...
'' ഞാൻ സുരേഷ് ...''
''അറിയാം ...കല്യാണം കഴിഞ്ഞാൽ
അച്ഛൻ നിങ്ങളുടെ പേരും മാറ്റും... "
പുതിയ പേര് വന്നു വീഴുന്നതിന് മുമ്പ് തടിതപ്പണം... അയാൾ എഴുന്നേറ്റു.
കൈയിലെ സ്മാർട്ട് ഫോൺപോക്കറ്റിൽ
തിരുകി അയാൾ ഒന്നും പറയാതെ
ചാടി പുറത്തേക്കിറങ്ങി .... തിരിഞ്ഞ്
നോക്കാതെ നടന്നു...
അവൾ പുഞ്ചിരിയോടെ നോക്കി നിന്നു....
പിന്നെ, തന്റെ സ്മാർട്ട് മൊബൈൽ എടുത്ത് ഇൻബോക്സിൽ തന്റെ കാമുകന്
ഒരു മെസേജ് ഇട്ടു ...
"ആള് പോയിക്കിട്ടി..... നിന്റെ ഐഡിയ
സൂപ്പർ.. ഇനി അവൻ ഈ വഴി വരില്ല.... :"
കാമുകൻ മറുപടി അയച്ചു ...
"എന്റെ റെഡ്മീ .. നീ പൊളിച്ചു...
നീയാണെന്റെ സ്മാർട്ട് മൊബൈൽ
എന്റെ സ്വന്തം ...."
*****************************

അനന്തത 
അനാമിക
സ്നേഹവാനങ്ങൾ 
അനന്തതയിലലിയവേ 
മൂകാക്ഷരങ്ങൾ 
വാക്കിലുയിർ 
കൊള്ളൂന്നുവോ.... 
കപ്പമേറെച്ചുമത്തും കരങ്ങളിൽ 
കാലപാശങ്ങൾ 
കനൽവഴി 
തേടുമോ? 
നേരുതന്നിഴനൂലു പിരിച്ചതിഭദ്രമായ് 
നോവുപുരളുന്ന 
നെയ്ത്തിരി 
കത്തുമോ? 
സ്വർഗദൂതുകൾ 
പെയ്തുപെയ്തെന്നുമേ 
സർഗ്ഗതീരങ്ങൾ 
സാന്ത്വനമാകുമോ? 
ആരുനീയനന്തതേ 
പിൻവിളിയോതുന്നു..?!!
ആകുമോ നിനക്കാച്ചുവടളന്നീടുവാൻ 
ഏതു പ്രളയത്തിലുമാഴാത്ത  സൂനങ്ങൾ 
വാടാതമരുമാതരുശാഖിയിൽ 
വേരാർന്നങ്ങു 
മരുവുന്നു 
ആർദ്രമാമൊരു 
വീണത്തന്നീണവും 
കാവ്യവാടിക 
കാകളി 
മൂളിയോ 
കാതരമൊരു 
തൂലികമന്ത്രണമേകിയോ 
ബധിരതമൂടും 
കർണ്ണപുടങ്ങളിൽ....
സഫലമീയാത്രയോതുമനന്തതേ അനശ്വരമാമേതൊരു പൊരുളായി അവനിതന്നിൽ 
അനുയാത്ര 
തുടരുന്നു ....
*****************************

അച്ഛൻ
നരേന്ദ്രൻ.എ.എൻ
അച്ഛൻ മരിച്ചിട്ട് ഈ ഫെബ്രുവരി 9ന് പന്ത്രണ്ട് വർഷം പൂർത്തിയാവുന്നു.കുട്ടൻ മാഷെ അറിയാത്ത ഒരു തലമുറ കുറുവയിൽ വളർന്നു കഴിഞ്ഞു...

അനായാസേന മരണം
വിനാ ദൈന്യേന ജീവിതം...
ഈ രണ്ടു വരി അച്ഛൻ ആവർത്തിച്ചു ചൊല്ലുമായിരുന്നു.അനായാസമായിത്തന്നെയായിരുന്നു അച്ഛന്റെ മരണം.

ദേഹി മത് കൃപയാ ശംഭോ
ത്വയി ഭക്തിമചഞ്ചലാം...
ആ ശ്ലോകത്തിന്റെ രണ്ടാം പാദം ഒരിക്കലും അച്ഛൻ ചൊല്ലി കേട്ടിട്ടില്ല.അച്ഛന് ഒന്നിനോടും ഭക്തിയില്ലാതിരുന്നതുകൊണ്ടുതന്നെ.

ഒന്നുമില്ലായ്മയിൽ നിന്ന് സ്വയം എന്തൊക്കെയോ ആയവരായിരുന്നു ആ തലമുറ.അവരുടെ ജീവിതം അവർ തന്നെ രൂപപ്പെടുത്തി.അവരുടെ ശരിയും തെറ്റും അവർ തന്നെ തീരുമാനിച്ചു.അതിന്റെ ആത്മവിശ്വാസവും അഭിമാനവും അവരുടെ ഓരോ ചലനത്തിലും നിറഞ്ഞു നിന്നു.അവർ ആരുടെ മുന്നിലും തല കുനിച്ചില്ല.

അച്ഛനൊരു ഉറച്ച കോൺഗ്രസ്സുകാരനായിരുന്നു.അതിലേറെ അടിയുറച്ച നെഹ്റൂവിയനായിരുന്നു.അച്ഛൻ രാഷ്ടീയക്കാരനായിരുന്നു.സംഘടനാ പ്രർത്തകനായിരുന്നു.അതിനാൽത്തന്നെ അതൊന്നും മോശപ്പെട്ട സംഗതികളല്ലെന്ന് ഞാൻ പഠിച്ചു വച്ചു.

അച്ഛൻ ഞങ്ങളെ ഏതെങ്കിലുമൊരു വഴിക്കു നയിച്ചില്ല.ഉമ്മറ വാതിൽ തുറന്നു പുറത്തേക്കുചൂണ്ടി വിശാലമായ ലോകം കാട്ടിത്തന്നു. അകത്ത് പുസ്തകങ്ങൾ വച്ച അലമാറ തുറന്ന്,ഇതാ ഇങ്ങനെയൊരു ലോകം കൂടി ഉണ്ടെന്ന് കാട്ടിത്തന്നു. എവിടെയൊക്കെ അലഞ്ഞു നടന്നാലും ഒടുവിൽ അവനവനിലേക്കു തന്നെ മടങ്ങിയെത്താൻ ഈ പാഠം മതിയായിരുന്നു.

അച്ഛൻ പുസ്തകങ്ങൾ വാങ്ങിത്തരുമായിരുന്നു. മലപ്പുറത്ത് പ്രഭാതിന്റെ പുസ്തകവണ്ടി വരുമ്പോൾ അച്ഛൻ ഞങ്ങളെ കൊണ്ടു പോവും. കഥകളും നോവലുകളും വാങ്ങിത്തരും. കൂടെ മാർക്സിസം-ലെനിനിസത്തിന്റെ പാഠപുസ്തകങ്ങളും!

ഒരു നെഹ്റൂവിയന്റെ സഹജമായ അഭിമാനബോധത്തോടെ അച്ഛൻ ഞങ്ങൾക്ക് സോവിയറ്റ് യൂനിയനെക്കുറിച്ചു പറഞ്ഞു തന്നു.നാസിസൈന്യത്തെ മഞ്ഞിൽ കുരുക്കി ഒടുക്കിയ മാർഷൽ ഷുക്കോവിനെക്കുറിച്ച്,ഉരുക്കു പോലുറച്ച നിശ്ചയദാർഢ്യവുമായി ചെമ്പടയെ നയിച്ച ജോസഫ് സ്റ്റാലിനെക്കുറിച്ച്,അച്ഛൻ ഞങ്ങളോട് ആവേശത്തോടെ പറഞ്ഞു. സ്റ്റാലിനെ പുകഴ്ത്തുന്ന കോൺഗ്രസ്സുകാരൻ! ഇന്ന് അദ്ഭുതം തോന്നിയേക്കാം.പക്ഷേ, നാല്പതുകളിലെ ചെറുപ്പക്കാർക്ക് അത് അവർ കണ്ട ജീവിതയാഥാർഥ്യമായിരുന്നു.

എൺപതുകളിൽ കൗമാരവും തൊണ്ണൂറുകളിൽ യൗവനവും കടന്നുപോയവരാണ് ഞങ്ങൾ.അച്ഛന്റെ തലമുറയെ നയിച്ച ആശകളും സ്വപ്നങ്ങളും പൊലിഞ്ഞു കഴിഞ്ഞിരുന്നു.നന്മയുടെ സാർവ്വദേശീയ ഗാനത്തിന്റെ അലകൾ പതുക്കെ ഒടുങ്ങുകയായിരുന്നു.ഗുഹകളിൽ ഒളിച്ചു കഴിഞ്ഞ മതാത്മകതയുടെ ക്രൂര മൃഗങ്ങൾ ഓരിയിട്ടു തുടങ്ങുകയായിരുന്നു. ലോകം പതുക്കെ,ജീവിക്കാൻ പറ്റാതാവുകയായിരുന്നു.ബാബേലുകൾ തകരുകയായിരുന്നു.ഞങ്ങൾ നിസ്സഹായരായി നോക്കി നിൽക്കുകയായിരുന്നു.

ഞങ്ങളുടെ മക്കൾക്ക് കൊടുക്കാൻ ഞങ്ങളുടെ പക്കൽ,ദമാസ്കസ് മുതൽ ഫൈസാബാദ് വരെ ചിതറിക്കിടക്കുന്ന തകർന്ന കെട്ടിടങ്ങളും കൽക്കൂനകളും മാത്രം ബാക്കിയാവുകയായിരുന്നു.

പാടം മുറിച്ചുകടന്ന് വീട്ടിലേക്ക് ഞങ്ങൾ നടന്നു.ഒരു കരയിൽ നിന്ന് മറുകര എത്തുമ്പോഴേക്ക് അച്ഛൻ ഒരു വലിയ കവിത ചൊല്ലിത്തീർത്തു.അതിലെ രണ്ടു വരി മനസ്സിൽ അന്നു തങ്ങി നിന്നു.

"നിർദ്ദയം മെതിച്ചീവിളവുണ്മാൻ
മൃത്യുവിന്നേകും ജീവിതം പോലും
വിത്തൊരിത്തിരി വയ്ക്കുന്നു വീണ്ടും
പത്തിരട്ടിയായ് പൊൻവിളയിക്കാൻ..."

അച്ഛന്റെ കൈയിൽ നിന്നു കിട്ടിയ നൻമയുടെ കുറച്ചു വിത്തുകൾ എന്റെ പക്കലുണ്ട്.അതിൽ പത്തിലൊന്നെങ്കിലും എനിക്ക് എന്റെ മകന് കൊടുക്കണം. അവനത് പത്തോ നൂറോ ഇരട്ടിയായി അവന്റെ മക്കൾക്ക് കൊടുക്കട്ടെ.കാരണം, അവർക്ക് അവരുടെ ജീവിതം ഒന്നുമില്ലായ്മയിൽ നിന്ന് സ്വയം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.
ഞങ്ങളുടെത് ഒരു പരാജയപ്പെട്ട തലമുറയാണ്...
*****************************