08-12-18


പലരെ പ്രണയിക്കുന്നവൾ   
ആത്മഹത്യാ മുനമ്പിന്റെ
തെക്കെ തിണ്ടിലിരുന്ന്
ചൂണ്ടയിടുമ്പോഴാണ്
പലരെപ്രണയിക്കുന്നൊരു പെണ്ണ്
മുന്നിൽ വന്നു പെട്ടത്.

അത്രയൊന്നും വെളുപ്പില്ലാഞ്ഞിട്ടും
കരിയെഴുതിയ ഉണ്ടക്കണ്ണുകളാൽ
ആരെയും ആകർഷിക്കുന്ന
ഒരു കുഞ്ഞുപെണ്ണ്.

പെറ്റുവളർത്തിയ
കൺമണികളൊക്കെയും
കൗമാരംകയറിയപ്പോൾ
ഒറ്റയ്ക്കായവളെന്ന്
കണ്ടാൽ തോന്നാത്തത്
പ്രണയത്താലെന്നവൾ...

പ്രണയത്തെക്കുറിച്ചവൾ
മടികൂടാതെ പറഞ്ഞു തുടങ്ങി...

പലരെപ്രണയിക്കുന്ന പെണ്ണ്
നിങ്ങളുടെ കണ്ണിൽ
വഴിതെറ്റിക്കാനിറങ്ങിയ
വേശ്യയായിരിക്കും.

അതിനാലാവണം
ആർക്കുമാർക്കും
ശരീരം പകുത്തു നൽകാഞ്ഞിട്ടും
തേവിടിശ്ശിയെന്നവൾ
പലകുറി വിളിക്കപ്പെടുന്നതും
അവളുടെ പ്രണയത്തെ നിങ്ങൾ
ആട്ടിയകറ്റുന്നതും.

അവൾ തേടുന്നത്
പ്രണയമാണ്,
ദേഹത്തിൻ പുറന്തോടു പോലും
പ്രണയത്തിലേക്കുള്ള
ഗോവണിയാണവൾക്ക്...

ആദ്യ പടിയിലേ
രതിതേടും കാമുകന്
അവളുടെ ഉള്ളടരലുകളിൽ
വീങ്ങി നിൽക്കും പ്രണയത്തെ
അറിയാനാവതെങ്ങനെ...

അവൾ പറഞ്ഞു,
പെണ്ണൊരു മാതള നാരങ്ങയാണെന്ന്,
ചുവന്നുതുടുത്ത
പുറന്തോടിനകത്തെ
ഓരോ മധുരമണിയിലും
ഓരോ വിത്തു പേറുന്നവൾ...

എത്ര പുഴകളെ
വലിച്ചു കുടിച്ചാലും
നിറഞ്ഞൊഴുകാത്ത കടൽ...

ഉടലാഴങ്ങളിലെ
പ്രണയാഗ്നിയേക്കാൾ ചൂട്
കണ്ണാഴങ്ങളിൽ നിന്നു
നുണഞ്ഞിറക്കുന്നവൾ...

ഒരേ സമയം
മൂന്നുപേരെ പ്രണയിക്കുന്നവളെന്ന്
സ്വന്തത്തെ അടയാളപ്പെടുത്താൻ നേരത്തും
അവളുടെ കാലിലെ
ചങ്ങലയടയാളം
ചലം പെയ്തിരുന്നു...

ഒരുപെണ്ണവളുടെ
പ്രണയം മൊത്തമായ് നൽകിയാൽ
അതു താങ്ങാനാവുന്നൊരുത്തനും
ആണായീ ഉലകിലില്ലെന്ന്
എത്ര തീവ്രമായാണവൾ
പറഞ്ഞു വെക്കുന്നത്...

പകുത്തു നല്കിയ പ്രണയം പോലും
താങ്ങാനാവാതവർ,
മുഖം തരാതോടിയൊളിച്ചെന്നോതിയാണവൾ,
പാൽമണം മാറാത്ത
കുഞ്ഞുമാലാഖയെപ്പോലെ
താഴ്വാരം പിടിക്കാനിറങ്ങിയത്...

അകലെ
പ്രണയത്തിന്റെ പൂന്തോപ്പിലേയ്ക്കവൾ
അലിഞ്ഞില്ലാതാകവേ
അവളുടെ വാക്കുകളവിടെ
ഒഴുകി പടർന്നു,
'ഓരോ പ്രണയിയിലും
ഞാനും തേടി പ്രണയം,
പക്ഷേ, എങ്ങും കണ്ടില്ല...
നിങ്ങളെനിക്ക് പറഞ്ഞു തരിക,
നമ്മെ മറയ്ക്കാൻ
സ്ഥായിയായ് നാമണിഞ്ഞ
പഴകിയ ഈ മുഖംമൂടിക്കപ്പുറം
എല്ലാ പെണ്ണുങ്ങളും ഇങ്ങനെയാണോ?

അറിയില്ല,
പക്ഷേ ഒന്നറിയാം.
ഓരോ പ്രണയവും
ഓരോ ഭൂഖണ്ഠങ്ങളാണ്...
ഒരാളോടെന്ന പോലെ
മറ്റൊരാളെ പ്രണയിക്കാൻ
ആർക്കാവും?

അതേ,
ഓരോ പ്രണയവും
ഓരോ തരത്തിലുള്ള
ആത്മാഹുതികളല്ലാതെ
മറ്റെന്താണ്...
ബഹിയ

പുരകെട്ട്
ഓലപ്പുരകൾ കൊല്ലം തോറും
തല മൊട്ടയടിക്കും
നിലാവ് വന്ന് വീട് നക്കിത്തുടയ്ക്കും
മഞ്ഞ് മാലാഖയെപ്പോലെ
എല്ലാവരെയും ചുംബിച്ചു പോകും.
വീട് അഴിഞ്ഞ ഉടുപ്പോടെ
രാത്രിയിൽ നില്ക്കും.
വീട്ടുകാർ ആകാശം പുതച്ചുറങ്ങും
ഉറക്കമില്ലാത്തവരോട്
സൂര്യൻ വരുന്നതുവരെ
രാത്രി സങ്കടങ്ങൾ പറയും.
അന്തേവാസി കൂറകൾ
മാവിലോ പുളിയിലോ
വിരുന്നു പോകും
പുര പൊളിക്കുംനാൾ
പ്രിയപ്പെട്ടതു മാത്രം അകത്തുവെച്ച്
ബാക്കിയെല്ലാം പുറത്താവും.
കണ്ടത്തിലെ താത്കാലിക അടുപ്പിൽ
ചക്ക തിളക്കുമ്പോൾ
ഇറയിൽനിന്നും വീണ
'പുത്തനച്ചി പുരപ്പുറവും തൂക്കും.'
എന്ന ചൊല്ല്
ഏട്ടത്തിയമ്മയെ നോക്കി കണ്ണിറുക്കും.
പുര കെട്ടിയ രാത്രിയിൽ
വല്ലത്തിലേറി കത്താൻ പോയ
ദ്രവിച്ച ഓർമ്മകളുടെ പുകവരും.
കിളിവാതിലിൽ ചിമ്മിനിവിളക്കിനടുത്ത്
കൂറയ്ക്ക് പായസം വെച്ച്
വീണ്ടും,
നിലാവും വീട്ടുകാരും മാത്രമാകുന്ന
മേൽക്കൂരയില്ലാത്ത വീടിനെ
ഓർത്തുകിടക്കും.
ഗഫൂർ കരുവണ്ണൂർ

ഒരേ ആകാശം
ശ്രീല അനിൽ👇🏻

ബാക്കി
നീളൻ വരാന്തയുടെ
ഇലഛായ പടർന്ന തൂണിൽ
അലസമായി ചാരി ഇരിക്കണം.
വിടർത്തിയിട്ട മുടിയിഴക്കുള്ളിൽ
നിന്നും ഒരു കറുത്ത ശലഭം
ചിറകു വിടർത്തി പാറി വന്ന്
മടിയിൽ തല വെച്ചെന്നെ
നോക്കി പരിഭവിക്കണം.
അലസമെന്ന മട്ടിൽ
എന്റെ കണ്ണുകൾ അടയണം.
നിഴൽത്തണുപ്പിൽ
കണ്പോളകളിൽ
ശലഭച്ചിറകിലെ ചിത്രങ്ങൾ
പടരണം.
ആ നിമിഷം
തണൽ ഇരുളാകണം.
ഇരുളിരച്ചു വന്നു
തൂണുകളെ മൂടണം.
 പ്രളയശേഷം
നീളൻ വരാന്തയിൽ
 ഒറ്റ മുടിയിഴ
 മാത്രം ബാക്കിയാവണം.
സുനിത ഗണേഷ്

അവസാനമായൊന്ന്
അയാൾക്ക് മാത്രമാണ്
അവസാനമായൊന്ന്
പുഞ്ചിരിക്കാൻ കഴിഞ്ഞത്

പൂക്കളെ നോക്കി ,
പുൽനാമ്പുകളെ നോക്കി ,
പുഴയെ നോക്കി ,
പൂമ്പാറ്റകളെ നോക്കി ,
തളിരു മുറുകി
പതിയെ പതിയെ
പൂക്കൾ നീട്ടുന്ന
മാഞ്ചില്ലകളെ നോക്കി .

അയാൾക്ക് മാത്രമാണ്
പണ്ട് നീന്തിത്തുടിച്ച
പുഴക്കടവിൽ പോയി
പുഴയിലേക്ക് കാലിട്ട്
അവസാനമായൊന്ന്
കിടക്കാൻ കഴിഞ്ഞത്

ചെന്തളിര് കൊണ്ട്
കുളിരു തീർത്ത
പുന്നമരച്ചില്ലകൾക്കിടയിലൂടെ
ആകാശം നോക്കി ,
മേഘങ്ങൾ നോക്കിക്കിടന്നൊരു
മൂളിപ്പാട്ട് പാടാൻ കഴിഞ്ഞത്

അയാൾക്ക് മാത്രമാണ്

നടുന്നു തീർത്ത
വഴികളിലെല്ലാം കൂടി
ഒരു വേള കൂടി
ചുറ്റിക്കറങ്ങാൻ കഴിഞ്ഞത്

കളിച്ചു വളർന്ന
ക്രിക്കറ്റ് മൈതാനത്ത്
നിലാവും മഞ്ഞുമുള്ളൊരു രാത്രി
അവസാനമായി പോയിരുന്നൊരു
സിഗററ്റ് വലിക്കാൻ കഴിഞ്ഞത്

പന്തലിടാൻ വരുന്നവൻ
ഒരു കരുണയുമില്ലാതെ
പറിച്ച് വലിച്ചെറിയുമെന്ന് തിരിച്ചറിഞ്ഞ്
മുറ്റത്തെ റോസാച്ചെടിയെ
അകലെയൊരിടത്തേക്ക്
പറിച്ചുനടാൻ കഴിഞ്ഞത്

അയാൾക്ക് മാത്രമാണ്

ചിറപൊട്ടിച്ചു വിട്ട
ഓർമ്മകളെല്ലാം
ചുവപ്പിന്റെ കൊച്ചൊരരുവിയായ്
കൈത്തണ്ടയിൽ നിന്ന്
ഒഴുകിയൊലിച്ച് പോകുന്നതും നോക്കി
ഒരു പുഞ്ചിരിയോടെ
കിടക്കാൻ കഴിഞ്ഞത്

ഉറക്കമില്ലാത്ത രാത്രികളിൽ
നൂറിൽ നിന്ന്
താഴേയ്ക്കെണ്ണിയെണ്ണി
ഉറക്കത്തിലേക്ക് വീണുപോകും പോലെ
നിലാവ് വീണൊരു തടാകത്തിലേക്ക്
മെല്ലെ മെല്ലെ
താണു താണു
പോകാൻ കഴിഞ്ഞത്
ലാലു .കെ.ആർ

നിഴലനക്കങ്ങൾ
നിഴൽ, നിറനിലാവിലലിഞ്ഞുറങ്ങും-
നിശതൻ നിമീലിതനയനം നനഞ്ഞുവോ ?
നിഴലനക്കങ്ങൾ നിരന്ന വരമ്പിന്റെ,
നീല ഞരമ്പുകൾ നിദ്ര വെടിഞ്ഞുവോ?

അന്ധകാരത്തിന്റെയഴിവാതിൽ ചാരിയ,
 സങ്കടപ്പെങ്കിളി
കുറുകിയുണർന്നുവോ ?
വന്ധ്യരായ് ജീവിതഭാണ്ഡം ചുമന്നൊരു ,
ദമ്പതീ ദുഃഖം
കടലായ് നിറഞ്ഞുവോ ?

കാറ്റിൻ കരങ്ങളനങ്ങാതെ ചാരത്തു-
കൺകളെപ്പൊത്തുവാനായണയുന്നുവോ ?
ഇല്ലാത്ത ഗർഭത്തിനുത്തരച്ചോദ്യമാ-
യേരകപ്പുല്ലുകളാർത്തു ചിരിച്ചുവോ?

താരകപ്പെണ്ണിന്നുറങ്ങാത്ത രാത്രിയിൽ
ഭൂതകാലങ്ങളായോർമ്മകൾ തിങ്ങിയോ ?
ശവകുടീരങ്ങൾ മയങ്ങുന്ന മണ്ണിന്റെ-
യന്തികേ ചുംബനപ്പൂക്കൾ പൊഴിഞ്ഞുവോ ?

ഇരുളിൻ കറുത്ത പുതപ്പിൽ കരിന്തിരി-
കത്തിയണഞ്ഞ മോഹങ്ങൾ ഞെരിഞ്ഞുവോ ?
ഇടിമുഴക്കങ്ങൾ പ്രതിധ്വനിച്ചെപ്പൊഴോ
ബധിരമാം കർണ്ണപടങ്ങൾ വിറച്ചുവോ ?

പാപം, പിഴച്ച മാതാവിൻ കുരുന്നിനെ-
പ്പാതിരാപ്പൊയ്കതന്നോളമായ് പുല്കിയോ ?
വിണ്ണിലും മണ്ണിലുമുറ്റവരില്ലാ-
തനാഥവല്മീകത്തിലൂഴി തപിച്ചുവോ ?

മകരത്തണുപ്പിൻ നനുത്ത കൈയ്യാൽ ചെറു-
മഞ്ഞിൻ കണങ്ങളെത്തുള്ളിക്കുടഞ്ഞുവോ ?
ഹൃദയം നുറുങ്ങും കദനഭാരങ്ങളാ-
സാന്ത്വനക്കുളിരിരേറ്റു തെല്ലൊന്നുറങ്ങിയോ ?

നിഴൽ മാഞ്ഞ വഴികളായ്
വെയിലണഞ്ഞൊരു വേള-
യിവിടെയിക്കാലടിപ്പാടുകൾ കണ്ടുവോ ?
കണ്ണീരു വീണു കുതിർന്നൊരാ മണ്ണിലെ-
പ്പുതുമഴപ്പെയ്ത്തിലെൻ ഗന്ധമുയർന്നുവോ ?
ഡോ.വിനിത അനിൽ കുമാർ

ഒരാൾക്ക് എത്ര മരണങ്ങളുണ്ട്
മരിച്ചവരോട്
ചോദിക്കാമെന്ന് വെച്ചാൽ
അവർ മരിച്ചവരാണല്ലോ

ജീവിച്ചിരിക്കുന്നവരോട്
ചോദിക്കാം പക്ഷെ
അവരില്‍ എതപേർ
ജീവിച്ചിരിക്കുന്നു എന്നറിയില്ലല്ലോ

പ്രണയികൾ
ഓരോ നിശ്വാസത്തിലും
മരിച്ചുവീഴുന്നവരാണെന്ന്
കേട്ടിട്ടുണ്ട്
പിന്നെയോരോ ചുംബനച്ചൂടിലും
പുനർജ്ജനിക്കുമെന്നും

വീട്ടിലേക്ക് മടങ്ങിയെത്തും വരെ
മരിച്ചുകിടക്കുന്നവരാണത്രേ
പ്രവാസികൾ

ഒരിക്കലും മരിക്കാത്തവരായി
രക്തസാക്ഷികളും
അമ്മമാരും
മാത്രമേയുള്ളു എന്നാണ്
എല്ലാരും പറയുന്നത്

ഓരോ കവിതയുടെയും
അവസാന വാക്കിൽ നിന്നും
ചാടിമരിക്കുന്നവരാണല്ലേ
കവികൾ

ഏകാകികളുടെ
ജീവിതത്തിന്റെ പേരുതന്നെ
മരണമെന്നാണ്

ചിലര്‍ മരിച്ചാലും
അവരുടെ നിഴലുകള്‍ മടങ്ങിപ്പോകില്ല

മറ്റുചിലർ ജീവിച്ചിരിക്കുമ്പോഴേ
അവരുടെ നിഴലുകള്‍
മരിച്ചുപോകുന്നു

മറവിയെ വേണമെങ്കില്‍
മരണമെന്നും വിളിക്കാം
ഓർമ്മകൾ ചിലപ്പോള്‍
മരണത്തേക്കാൾ കടുപ്പമായിരിക്കും

പിരിയുക എന്നാല്‍
പ്രണയനിഘണ്ടുവിൽ
മരിക്കുക എന്നാണത്രേ
അർത്ഥം

ഒരോരുത്തർക്കും
എത്രയെത്ര മരണങ്ങൾ അല്ലേ.......
എം.ബഷീർ

ശിശിരമുറയുമ്പോൾ
പിന്നെയും
ഗുൽമോഹറുകളെക്കുറിച്ച്
പറയാതിരിക്കാൻ ആവില്ല....
ഉള്ളു നുറുങ്ങി വേദനിക്കുമ്പോഴും
കാഴ്ചയിൽ
അനുഭൂതി നിറക്കാനായി
രക്തം വാരിപ്പൂശിയവർ...
ശിശിരമാണ്...
തണുപ്പ് അരിച്ചരിച്ചു കയറി
ചിന്തകളിൽ ഭാരം നിറക്കുന്നു.  
കാഴ്ച മങ്ങിയ ചിന്തകൾ
വയസ്സൻ കടവാവലുകൾ പോലെ
തലക്കകത്തിരുട്ടിൽ കീഴ്ക്കാം തൂക്കായി
തൂങ്ങി നിൽക്കുന്നു.
അവയുടെ ഞരക്കങ്ങൾ,
ഏങ്ങലുകൾ തലയോട്ടിയിൽ
തലങ്ങും വിലങ്ങും
 പ്രഹരിക്കുന്നു.
തലയറുത്തു കളയാതെ,
ഇനി തുടരുക സാധ്യമല്ല!!!
  മൂർച്ചയുള്ള ഈർച്ച വാൾ
കൈകളിലമർത്തിപ്പിടിച്ച്
എനിക്ക് പ്രിയമുള്ളവർ തന്നെ
 താളത്തിൽ
ഇടത്തോട്ടും വലത്തോട്ടും ചലിപ്പിക്കണം.
നിർവൃതിയിൽ ഞാനിറ്റിക്കുന്ന
ചോരത്തുള്ളികൾ കൊണ്ട്
ആകാശത്ത് പൂക്കൾ വരക്കണം.
നിറയെ ചോന്ന പൂക്കൾ..
ഗുൽമോഹറുകളെപ്പോലെ അവ
ചിരിച്ചു നിൽക്കണം..

ശൈത്യമേറിയത് കൊണ്ടോ?
ഈർച്ചവാൾപ്പിടി പ്രിയമുള്ളവരുടെ
കൈകളിൽ ഭദ്രമായതു കൊണ്ടോ?
ചോര കട്ടയായിരിക്കുന്നുവോ?
രക്‌തം പ്രളയപ്പെട്ട് ഒഴുകാതെ
മസ്തിഷ്കത്തിൽ തന്നെയോ?
അപ്പോൾ എന്റെ ചോന്ന പൂക്കൾ!!!
ചോരക്കല്ലുകൾ തലയോട്ടിയിൽ
കുത്തുന്നു...
വേദന... വേദനിക്കുന്നു.
സുനിത ഗണേഷ്

പൂവ്
സൂര്യനണയുമ്പോൾ
ചിരിക്കുന്നു ചെടിയിലെ
പൂവ്
നീ മൊഴിയുമ്പോൾ
ചൊടിയിലും വിടരുന്നു
പൂവ്
ഇരുപൂക്കളും കൊഴിയാതിരുന്നാൽ എൻ
ലോകമേറെ തെളിച്ചമാർന്നേനെ! 
ദേവി.കെ.എസ്

സ്വപ്‌നം
ഇടവഴിവിലൊരു
പദതാളചലനമായ്,,,,
 നീളൻപാവാട ത്തുമ്പിന്നിളക്കമായ്,,,,
പാദസരക്കിലുക്കമായ്,,,,
അണയുമവളെന്നറിയെ,,,, അറിയാതെ,,, അടുത്തൊന്നു കാണാനായ്,,,,
വഴിയിലൊളി കണ്ണൂ മായ്,,,,
കാത്തു നിൽക്കേ,,,,
അതു വഴി വന്നൊരു മണിതെന്നലവളുടെ
അളകങ്ങളിൽ കുളിരുമ്മവച്ചു,,,,
മുടിത്തുമ്പിലിറ്റിറ്റു വെമ്പി നിൽക്കുന്നൊരു നീർമുത്തതു കണ്ടറിയാതെ,,,, താഴേക്കടർന്നു വീണു,,,,,
അലസമായ് മെല്ലെ നീ നടന്നടുത്തെത്തുമ്പോൾ  ,,,,
സിന്ദൂരം പൂശുന്നു
 സാന്ധ്യ ശോഭ,,,,
എന്നും ഞാൻ നിൽക്കുന്നിടത്തേക്കൊളി കണ്ണാൽ
നോക്കവേ എന്നെ തിരഞ്ഞുവോ നിന്റെ നോട്ടം?,,,,,
കണ്ണിൽ നിറയുന്ന വിഷാദത്തിൽ നിന്നു ഞാൻ നിൻ
സ്നേഹം എന്നോട് വായിച്ചോട്ടേ,,,,
പ്രിയസഖീ ,,,,
ഇപ്പോൾ ഞാൻ നിൻ മുമ്പിൽ
വന്നു നിന്നെന്നാൽ നീ
വീണ്ടും കറുപ്പിക്കും നിന്റെ നോട്ടം,,,,
സ്വന്തം പ്രണയത്തെമൂടിവയ്ക്കുമ്പോൾ കൗമാരക്കാരീ,,, നീ,,,,
സൂത്രക്കാരി,,,,,,
നിൻ രൂപം ഞാനെന്റെ ആത്മാവിൽ ചേർക്കുമ്പോൾ
എൻ ജന്മം എപ്പോഴും
ധന്യമാകും,,,
ഒന്നിച്ചൊരു യാത്ര ഒന്നിച്ചു സ്വപ്നങ്ങൾ,,,
ഒരേ താളലയമായ് നാം ചേർന്നുവെങ്കിൽ,,,,
ശ്രീല അനിൽ

ഡിസംബറിന്            
ഓ ഡിസംബർ ,
മഞ്ഞുകാലം ഭൂമിയിലെഴുതുന്ന കവിതയോ നീ ,?
കൊഴിയുന്ന ഇലകളോരോന്നിലും നിന്റെ പേരെഴുതപ്പെട്ടിരിക്കുന്നുവല്ലോ ?

ഡിസംബർ ,
നിന്റെ  കുളിരോലുന്ന നിശ്വാസക്കാറ്റ് ,
വെള്ളിമേഘങ്ങളെ  അത് കുതിരകളെപ്പോലെ പായിക്കുന്നു..

മലകൾക്ക് മീതെ നിന്റെ നേർത്ത സൂര്യ വിരലുകൾ ,
വെയിലെഴുതുന്ന ഭാവഗീതങ്ങളിൽ ഡിസംബർ , നീയൊരു ദേവാംഗന ..

മരങ്ങൾക്ക്മേൽ മഴപോലെ
നിന്റെ വസ്ത്രാഞ്ചലമുരുമ്മുന്ന മർമ്മരം ,
കാതോർക്കുന്നുവോ ഓമലേ നീ പുത്തനൊരു കരോൾ ഗാനം.

ഡിസംബർ ,
നിന്റെ നിദ്രാവാടത്തിലിതാ മഞ്ഞിന്റെയും നിലാവിന്റെയും  സിംഫണി.

നിന്റെ ആകാശങ്ങളിൽ  നക്ഷത്രങ്ങളുടെ സംഘനൃത്തം

ഡിസംബർ ,
നീ അരൂപിയുടെ വെൺപ്രാവ് ,
ലബനോനിലെ തണുവോലും തുടുമുന്തിരിവള്ളി ..

നീ ശലമോന്റെ പെൺകൊടിയെപ്പോൽ സുന്ദരി ,
ഭൂമിയുടെ അസമാധാനങ്ങൾക്കുമേൽ സ്വർഗ്ഗം മറന്നിട്ട ലില്ലിപ്പൂവ്..
ഷീലാ റാണി

ക്ളീഷേ
ഹാ! ചക്രങ്ങൾ ഇങ്ങനെ
പലവുരു തിരിഞ്ഞും
തേഞ്ഞും
ഉൾത്തുടിപ്പിന്റെ
മൃദുലദളങ്ങളിൽ വ്രണങ്ങൾ
തീർത്തും
മനസ്സിൻ മോഹചിത്രങ്ങളിൽ
കരിമഴ
പെയ്യിച്ചും
വാരിപ്പുതച്ച സ്വപ്നങ്ങൾ തൻ
തൊലിയടർത്തിയും
പച്ചമാംസക്കഷണങ്ങളിൽ
രക്തച്ചാലുകൾ
വെട്ടിയും
കൂരിരുട്ടിൽ ദംഷ്ട്രകൾ
നീട്ടി മാന്തിപ്പറിച്ചും
പകൽവെളിച്ചത്തിൽ പല്ലിൽ
ചുണ്ണാമ്പു നീറ്റി
വെളുപ്പിച്ചും
കാറ്റത്തു തൂങ്ങിയ കിളിക്കൂടിനെ
ചുമ്മാ തട്ടിത്തെറുപ്പിച്ചും
അടയിരുന്ന കിളിയെ നോക്കി
കോക്രിച്ചും
താഴെവീണു ചിതറിയ മഞ്ഞക്കരുക്കളെ
കാർക്കിച്ചും
ജീവിതപന്ഥാവിൽ
പിന്നെയും ചില ചിത്രങ്ങൾ
വരക്കുന്നു...
ചില വെറും ക്ളീഷേ ചിത്രങ്ങൾ...
അല്ലെങ്കിൽ,
ഈ ജീവിതമെപ്പോഴാ
ക്ളീഷേ അല്ലാത്തത്?
മുഖംമൂടി വെക്കുമ്പോഴോ?
അഴിക്കുമ്പോഴോ?
പിന്നെയും ചില
ക്ളീഷേ വാക്കുകൾ....
ചക്രങ്ങളെപ്പോലെ,
ഹാ!! കേഴും ചകോരങ്ങൾ പോലെ
സുനിത ഗണേഷ്

തരംതാണവന്‍
      അവരെ ഞാനാദ്യം കണ്ടത് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിനരികില്‍ വച്ചായിരുന്നു.പിന്നീടൊരിക്കല്‍ സയന്‍സ് കൊമേഴ്സ് ക്ളാസുകള്‍ക്കിടയിലെ തൂണുകള്‍ക്കിടയിലായി കണ്ടു,വിരലുകള്‍ തമ്മില്‍ തൊട്ടു നില്‍ക്കുന്ന അവസ്ഥയില്‍. ഒരുച്ചയില്‍ രാംകുമാര്‍സാറിന്‍റെ കാറില്‍ചാരി അവന്‍റെ ചുമലില്‍ അവള്‍ പിടിച്ചു നില്‍ക്കുന്നു.പിന്നീടൊരിക്കല്‍ പാതയോരത്തു വച്ചു കണ്ടു,(ആൺകുട്ടികളുടെ മൂത്രപ്പുരയിലേക്കുള്ള.)  ഒടുവിലായി കണ്ടത് ഭൂഗര്‍ഭനിലയിലെ രാസപരീക്ഷണക്ളാസിനരികില്‍ വച്ചായിരുന്നു...ഇനിയും അന്വേഷിക്കാതിരുന്നാല്‍ തെറ്റുകാരനായിപ്പോകുമെന്ന് പണ്ടാരോ പഠിപ്പിച്ചപാഠം ഓര്‍മ്മയില്‍ വന്നതിനാല്‍ അവരുടെ അരികില്‍ പോയി ചോദിച്ചു( ഒരു അധ്യാപകന്‍ എന്ന അധികാരത്തില്‍ അടുത്തേക്കു വിളിച്ചിട്ടു അവര്‍ വന്നിരുന്നില്ല)ഇതൊക്ക മോശമല്ലെ? നിങ്ങള്‍ പത്താം തരത്തില്‍ എത്തിയിട്ടല്ലെയുള്ളൂ.തുടര്‍ന്ന് ഞാന്‍ അല്പം കൂടി ഉപദേശിച്ചു അഭിമാനത്തോടെ നില്‍ക്കവേ തികഞ്ഞ പുച്ഛത്തോടെ അവള്‍ ആദ്യം പറഞ്ഞു,എന്തൊരു വൃത്തികെട്ട മനസ്സാണ് സാറിന്‍റേത്.അവന്‍ തുടര്‍ന്നു പറഞ്ഞു,ഇത്രയും തരം താഴരുത്......ഇത്രയും തരം താഴരുത്..
ശേഷം അവളുടെ ചുമലില്‍ അവന്‍ കൈയ്യിട്ടവര്‍ നടന്നു പോയി
ആരെങ്കിലും കണ്ടോ... ഞാന്‍ ചുറ്റിലും നോക്കി.എല്ലാകുട്ടികളും കണ്ടിരിക്കുന്നു...അവര്‍ അമര്‍ത്തിച്ചിരിക്കുന്നു...
ശിരസു കുമ്പിട്ട് പഠിച്ച പുതിയപാഠമുരുവിട്ടു ഞാന്‍ നടന്നു.
ഷജിബുദ്ദീൻ.ബി


ഈ വൈതരണിയും  കടന്ന്...
ഞാവൽപ്പഴങ്ങളടർന്നുതിർന്നയിടവഴി താണ്ടി,
ഞാറ്റുവേലപ്പാട്ടിന്റെ താളത്തിലൂയലാടി,
ഞായർ മറഞ്ഞ നേരത്തു ഞൊറിയിട്ടു ചേലചുറ്റി,
ഞാനുമെൻ കാലചക്രവും നേർക്കുനേർ നോക്കി, നോക്കി...!

കാലം നരയിട്ട കാർകൂന്തൽ വകഞ്ഞൊതുക്കി,
കറുപ്പിൻ യൗവ്വനത്തെ വെളുപ്പിച്ചതൊക്കെ മാടിക്കെട്ടി,
കടക്കണ്ണിണകളിൽ കരിമഷിയാലെന്റെ കനവെഴുതവേ,
കറുപ്പായ് നിറഞ്ഞോ മനസ്സിൽ, കദനത്തിൻ മേഘജാലങ്ങളേ...?!

തിരുവാതിരപ്പാട്ടിന്റെ കുമ്മിയാട്ടങ്ങളിൽ,
തിരിയിട്ടേഴുവിളക്കിലെൻ നോമ്പിന്റെ നെയ് പകർന്നീടവേ,
തിരയുന്നു ഞാനിന്നുമത്തിരനോട്ടങ്ങളെന്നുമെൻ പൂ-
ത്തിരുവാതിര രാവിൻ കുളിരുന്ന കൊഞ്ചലാട്ടങ്ങളായ്...

മതിയിതു സന്തതം പേർത്തുമെൻ മുഖബിംബകാന്തിയായ്,
മതികല പൂർണ്ണേന്ദുവായ്ത്തീർന്നാമോദവിലാസയായ്,
മമ മോഹചില്ലികാസുപ്ത സംഗീതമായ്,
മദാലസ യൗവ്വനയുക്തയായോർമ്മകൾ പൂത്തിടുന്നൂ...

താംബൂലചർവ്വണപ്രിയയാമീയാതിരയാമമിപ്പോൾ,
തരള കളവാണീ ഗാനവശ്യയായൊരുങ്ങിടുമ്പോൾ,
തനിയെയാ മാഞ്ചുവട്ടിൽ നീ വന്നു നിന്നെൻ കനവിന്റെ-
താരകപ്പൂക്കളായെന്റെ ശോഭമാനം നിറഞ്ഞു ചിരിച്ചില്ലയോ...!

ഇപ്പൊളീയന്തിനേരത്തു വീണ്ടുമാ വെള്ളനേര്യേതു ചുറ്റിയിറങ്ങുന്നു ഞാൻ,
ഇനിയീ സാക്ഷകളെല്ലാം തുറന്നീ നീലനിലാവിനെക്കാണാൻ;
ഇന്നെന്റെ മാനം മറയ്ക്കുന്നു കാലം തിമിരത്തി-
ന്നിളനീർക്കുഴമ്പെഴുത്തിൽ തെളിയുന്ന താരകം സൂക്ഷം, അതു നീ തന്നെയല്ലോ...

പാട്ടുപാടി നാം കൈകൾ കോർത്തു നടന്ന വരമ്പിലൂടെ,
പട്ടുപാവാടയണിഞ്ഞു നിന്റെ പിന്നിലായ് പോന്ന വഴിയിലൂടെ,
പലകുറി നാമൊത്തു നിന്ന പൂമരങ്ങൾക്കിടയിലൂടെ,
പഞ്ഞിമേഘശകലമായൊഴുകി, നിന്റെ പാർവ്വണത്തണൽവഴിയിലൂടെ...

മക്കളും ചെറുമക്കളുമൊത്തുല്ലാസലോലനായ്,
മകരസൂര്യപ്രഭ ചൂടി നിന്ന നീ പോയ സന്ധ്യാനദിക്കരയിൽ,
മക്കളെൻ തിലോദകമുരുട്ടിക്കൈകൾ കൊട്ടുന്നൂ,
മാൺപെഴുമാ മടിത്തട്ടിൽ ഞാൻ വീണ്ടുമൊന്നിരിക്കട്ടെ...
ഡോ:വിനിത അനിൽ കുമാർ

ഓർമ 
മഴയോർമ്മ
ഒരിക്കല്‍ തോരാത്ത മഴയില്‍ നിന്റെ കൈ പിടിച്ച്  ഇടവഴിയിലൂടെ നടക്കുമ്പോള്‍ ഒരുപാട് കൊതിച്ചിട്ടുണ്ട്  മഴ ഒരിക്കലുംതോരാതിരുന്നെങ്കിലെന്ന്... ഇന്നിപ്പോള്‍ ഇടവഴികള്‍ നിന്നപ്പോലെ ഓരോർമ്മ മാത്രം.

മഴ! ഇന്ന് ആര്‍ക്കുവേണ്ടിയോ പെയ്തൊഴിയുന്നു........

ഇന്നലകളില്‍നിന്നും ഇന്നിലേക്ക്‌ കടന്നുവരുമ്പോള്‍ ഞാനിപ്പോഴും തനിച്ചാണ്......

കൈപിടിക്കാനും,മഴകൊള്ളാനും,കടല്‍ കാണാനും,കൂട്ടിനാരുമില്ലാതെ...ആരോടും പരിഭവമില്ലാതെ...

ഏകാന്തതയെ സ്നേഹിച്ച്‌ തീര്‍ത്തും ഒറ്റയ്ക്ക് ............

കടലിലെ ഓളങ്ങളും,ആകാശത്തിലെ നക്ഷത്രങ്ങളും,നിന്റെപുഞ്ചിരിയും ഓര്‍മകളില്‍ നിറയുമ്പോള്‍ ............ഏകാന്തതയും ചിലപ്പോഴൊക്കെ എന്നെ വേദനിപ്പിക്കാറുണ്ട്........

അപ്പോഴും... പറയാതെ... അറിയാതെ മഴ പെയ്തൊതൊഴിയുന്നു ... ആർക്കോ വേണ്ടി...!
ഹാഷിം അബൂബക്കർ

മോഷണം
എഴുത്ത് കഴുത്തിനോട് പറഞ്ഞ
സ്വകാര്യ സംഭാഷണം മോഷ്ടിച്ചാണ്
ഞാൻ കവിതയെഴുതിയത്.
എന്റെ പുളകം വായനക്കാർക്കു കൂടി ലഭിക്കാൻ
എനിക്കൊരു പത്രാധിപരെ
വിലക്കെടുക്കേണ്ടിയും വന്നു.
വിമർശകർ മരിച്ച നാട്ടിൽ
അതെളുപ്പമായിരുന്നു.
ആദ്യ പേജ്, മുന്തിയ പ്രധാന്യം
ഫോട്ടോയോടൊപ്പം .
പത്രാധിപർക്കു സ്തുതി.
അദ്ദേഹമൊരു വെജിറ്റേറിയൻ
അല്ലായിരുന്നുവെന്ന്
ആ കണ്ണുകൾ സൂചിപ്പിച്ചിരുന്നു.
പ്രശസ്തിക്ക് വസ്ത്രത്തിന്റെ
മറയെന്തിനെന്ന് ചോദിക്കാൻ
സങ്കോചങ്ങളെയും കണ്ടില്ല.
പത്രാധിപർക്കുള്ള കത്തുകളിൽ
നിർവൃതികൾ നിറഞ്ഞു .
അതിജീവനത്തിന്റെ ഭാഷയെന്ന്
പ്രകീർത്തിക്കപ്പെട്ടു.
ആരാധന ഒരു ലഹരിയായതിനാൽ
തൂലിക വിജ്രംഭിതയായി നിലകൊണ്ടു.
പേരെടുത്താൽപ്പിന്നെ ചവറുകൾക്ക്
മുന്തിയ താളിൽ നിറയാമല്ലോ.
വിരസമായ ഒരു രാത്രിയിൽ
കഴുത്ത് പ്രതിഫലം ആവശ്യപ്പെട്ടപ്പോൾ
നാവിറങ്ങിപ്പോയ ഭാഷക്കു പിന്നിൽ ഞാൻ
ആരാധകർ ഉണരുന്നതിനായി
കാത്തിരുന്നു.
ഇടയ്ക്കാട് സിദ്ധാർത്ഥൻ അടൂർ

സ്നേഹം വായിക്കപ്പെടുമ്പോൾ
സ്നേഹം
ഒരു കടം കൊടുക്കലാണ്
 തിരിച്ചു കിട്ടണമെന്ന് ശാഠ്യം പിടിക്കരുതെന്ന് മാത്രം

സ്നേഹം ഇഴവള്ളികളെപ്പോലെയാണ്
 മുമ്പോട്ടു മാത്രമാണവ ആർത്തു പടരുന്നത്,,,,
പിന്നിലുള്ളവ
പതുക്കെ പതുക്കെ
 ദുർബലമാകുകയും ചെയ്യും,,,,
വല്ലാതെ,,,,

സ്നേഹം പല രൂപങ്ങളണിയാറുണ്ട്,,,
വാത്സല്യമായും,,,
പ്രണയമായും,,,,
കരുതലായുമൊക്കെ,,,,,
വേഷമേതായാലുമത്
സ്വാർഥമാവാതെ നോക്കിയാൽ നന്ന്

പറക്കമുറ്റുന്നതു വരെ മക്കളുടെ സ്നേഹം കടം വീട്ടലാണ്,,,,,
താൻപോരിമയെത്തിയാൽ പിന്നെയത് കടം കൊടുക്കലാവും,,,,
ഇത് എക്കാലത്തും ഒരുപോലെ,,,

സ്നേഹിക്കുന്നതിനേക്കാൾ ഭാഗ്യമാണ് സ്നേഹിക്കപ്പെടൽ,,,
അതിന്,,,,
ഈശ്വരന്റെ സാക്ഷ്യപ്പെടൽ കൂടി വേണം,,,,

സ്നേഹം ഒരു വിശ്വസിക്കലാണ്,,,,
ഇടയ്ക്കൊക്കെ,,,,
ഒരു മായക്കണ്ണാടിയിൽ നോക്കൽ,,,,,

ഒന്നു ഉറപ്പാണ്,,,,
മനസ്സിൽ സ്നേഹമുണ്ടെങ്കിൽ,,,
അത് ഒളിക്കുക
ബുദ്ധിമുട്ടാണ്,,,,,
സ്നേഹം വായിക്കപ്പെടണമെങ്കിൽ,
കണ്ണുകളിൽ സ്നേഹ സുറുമയെഴുതിയേ മതിയാവൂ,,,,,,
ശ്രീല അനിൽ

എന്നാൽ ഞാൻ             
ഞാനിറങ്ങി പോകട്ടെ
എന്റെ
പ്രജ്ഞയിൽ നിന്നും..

ശരീരം
അലക്കി തേച്ച്
അലമാരയുടെ താഴെത്തട്ടിൽ
എടുത്തു വെക്കാം...

ഇടക്കെടുത്ത്
പൂപ്പൽ തുടച്ച്
ഒരു
അധരാമൃതം നൽകി
തിരികെ വെക്കണം...

എന്റെ
ചുവന്ന
ചിന്തകൾ തട്ടി
ചുവരുകൾ നിറം
മാറിയിരിക്കാം....

എന്റെ
നിശ്വാസം
തിങ്ങി നിൽക്കുന്ന
മുറികളോരോന്നും
കഴുകിത്തുടക്കണം...

പുതിയ
നിറങ്ങൾ ചേർത്തെൻ
പഴകിയ
പരിദേവനങ്ങൾ
മൂടിവെക്കണം....

എന്റെ
പേനയിലെ മഷികൊണ്ടു
ഞാൻ പോയ
വഴിയിൽ ഒരു നദി
വെട്ടിയുണ്ടാക്കണം...

എന്റെ
കടലാസു കുറിപ്പുകളിൽ
നിന്നും
അക്ഷരം തുടച്ചുകളഞ്ഞാ
നദിയിൽ ഒഴുക്കണം....

അക്ഷരങ്ങൾ
ചേർത്തൊരു ഭാണ്ഡം കെട്ടി
മണ്ണിൽ കുഴിച്ചിടണം
ചിതലുകൾ വയറു
നിറക്കുമ്പോൾ
നിറചിരിയുമായി നടന്നകലണം...

ഒരു വേള,


പിൻവിളികേട്ടു
ഞാൻ തിരികെ
വരികയാണെങ്കിൽ
തേച്ചു വെച്ച
ശരീരമെടുത്തെന്നെയണി
യിച്ചൊന്നു ഗാഢമായാശ്ലേഷിക്കണേ....

എന്നാൽ ഞാൻ....
സുനിത ഗണേഷ്

കട്ടെടുത്ത കവിതകൾ
ഓരോ കവിതയും കട്ടെടുത്തതാണ്
എന്റെയും നിങ്ങളുടെയും
ജീവിതത്തിന്റെ
നേരനുഭവത്തിൽ നിന്ന്

ജനനത്തിന്റെ
കാത്തിരിപ്പിൽ നിന്ന്
ശൈശവത്തിന്റെ
ഓമനത്വത്തിൽ നിന്ന്

ബാല്യത്തിന്റെ
നിഷ്കളങ്കതയിൽ നിന്ന്
കൗമാരത്തിന്റെ
കുരുത്തക്കേടിൽ നിന്ന്

യൗവനത്തിന്റെ
പക്വതയിൽ നിന്ന്
മധ്യവയസ്സിന്റെ
ഉത്തരവാദിത്വങ്ങളിൽ നിന്ന്

വാർദ്ധക്യത്തിന്റെ
വിശ്രമവേളകളിൽ നിന്ന്
മരണത്തിന്റെ
ക്ഷണികതയിൽ നിന്ന്

സുഖകരമായ ഓർമ്മകളിൽ
നിന്നെന്ന പോലെ
ദുഃഖം ഖനീഭവിച്ച
മനസ്സുകളിൽ നിന്നും

മാതാപിതാക്കളിൽ നിന്ന്
സഹോദര ബന്ധങ്ങളിൽ നിന്ന്
അടുത്തവരും അകന്നവരുമായ
നാട്ടുകാരിൽ നിന്ന്

നേടിയതും നഷ്ടപ്പെട്ടതുമായ
പ്രണയകാലത്തിൽ നിന്ന്
സൗഹൃദത്തിന്റെ വേർപിരിയാത്ത
കൂട്ടത്തിൽ നിന്ന്

പുരാണേതിഹാസങ്ങളിൽ നിന്ന്
സംസ്കാരങ്ങളിൽ നിന്ന്
ജാതിമത രാഷ്ട്രീയ
ചിന്തകളിൽ നിന്ന്

കാറ്റിലും മഴയിലും
മഞ്ഞിലും വെയിലിലും നിന്ന്
രാവും പകലുമാകുന്ന
ഇരുട്ടിലും വെളിച്ചത്തിലും നിന്ന്

കല്ലിലും മണ്ണിലും
പുഴയിലും കടലിലും നിന്ന്
മരങ്ങളിലും
പുല്ലുകളിലും നിന്ന്

പൂക്കളിലും പൂമ്പാറ്റകളിലും നിന്ന്
പക്ഷിമൃഗാദികളിൽ നിന്ന്
ഇനിയും അറിയപ്പെടാത്ത
പ്രപഞ്ച രഹസ്യങ്ങളിൽ നിന്ന്

ചരിത്രത്തിന്റെ
തിരുശേഷിപ്പിൽ നിന്ന്
വർത്തമാനത്തിന്റെ
കോലാഹലങ്ങളിൽ നിന്ന്

ഭാവികാലത്തെ
ആശങ്കകളിൽ നിന്ന്
സ്വപ്നമാം ആശകളിലും
ചിന്തയുടെ ഭാവനകളിലും നിന്ന്

അമ്പത്തൊന്ന്
അക്ഷരങ്ങളും
വള്ളികളും പുള്ളികളുമുള്ള
അക്ഷരമാലയിൽ നിന്ന്

കട്ടെടുത്ത അക്ഷരങ്ങൾ
അടുക്കിപ്പെറുക്കി
വള്ളിയും ദീർഘവും
ചേർത്ത വാക്കുകളിൽ നിന്നും

വാചകങ്ങളുണ്ടാക്കി
വരിയൊരുക്കി
വ്യാകരണവും വൃത്തവും
താളത്തിൽ ചേർത്തെടുത്തിട്ട്

കവിതക്കൊരു
തലക്കെട്ടു ചേർക്കണം
ആശയം കട്ടെടുത്തതാണെങ്കിലും
താഴെ എന്റെ പേരു വെക്കണം

എന്റെ രക്തത്തിൽ
മുക്കിയ തൂലിക കൊണ്ട്
ഇപ്പോൾ ഇത് എന്റെ ആത്മാവാണ്
ഇനിയാരും കട്ടെടുക്കരുത്
അനീഷ് പറയറ്റ

അതുപോലെ
 തീരെ പാവപ്പെട്ട ഒരുവന്റെ
 കേവലാഹ്ലാദങ്ങൾ പോലെ,
 കഠിന രോഗത്തിൽ നിന്ന് രക്ഷപ്പെട്ടവന്റെ
 ആശ്വാസം പോലെ,
 മർദ്ദനങ്ങൾക്ക് വഴങ്ങാത്ത മനുഷ്യവീര്യം
 പോലെ,
 സാരള്യം കൈവിടാത്ത മനസ്സിന്റെ സ്വാർത്ഥം നിറഞ്ഞ സ്നേഹം പോലെ,
 കാരാഗൃഹത്തിലടക്കപ്പെട്ടവൻ കണ്ട
 സ്വാതന്ത്ര്യ സ്വപ്നം പോലെ,
 അത്രമേൽ വിശന്നുവലഞ്ഞൊരാൾ
ആഹാരത്തെയെന്നപോലെ,
അത്യന്തം പീഡിതമായൊരാത്മാവ്       മരണത്തെയെന്ന  പോലെ.....
 നീയൊന്ന് ചേർത്തുപിടിച്ചെങ്കിലെന്നു
 കൊതിച്ച്,
ഞാൻ അൽപം അകന്നു നടക്കുന്നു...
ഷീലാ റാണി

ഭാഷക്കൊലക്കവിത ( താളം - ഒന്നായ നിന്നെയിഹ )
ഗദ്യായ പദ്യജയ ഭോഷ്ക്കായ ഗൂഢരതി
പാദാദി  മൂഢവരി കോമാളിവേഷധരി.

കൊല്ലാതെ കൊന്നു കവി വല്ലാതെ ഭാഷഗുണ-
മില്ലാതെയാക്കിയതു സാഹിത്യമായരുളി !

സന്ദേഹമുണ്ടിവിടെ മാഷെന്നു കണ്ടവരെ
വന്ദിച്ചുനില്ക്കുവതിനാനന്ദമില്ല തരി.

കട്ടിട്ടുപോലുമൊരു കാവ്യം ചമയ്ക്കുവതി-
നൊട്ടും മനച്ചതിയതേശാത്ത ശിഷ്യകവി.

സത്യത്തിലില്ലിവിടെയദ്ധ്യാപകർക്കു ചെറു-
വൃത്താദിവ്യാകരണഭാഷാവബോധമുന.

കൊത്തിപ്പറിച്ച മലമങ്ങിങ്ങുരച്ച കിളി
തത്തിക്കളിച്ച മൊഴി വെട്ടിക്കിളച്ച വരി !

അർത്ഥങ്ങളൊന്നുമതിലാഴത്തിലില്ല, ഭവ-
തീർത്ഥങ്ങളെന്നതിനെ വാഴ്ത്തുന്നു കാലഗതി !

കാവ്യത്തിനിക്കരയിലില്ല വിള മോശമി-
ന്നീ വിദ്യ കൈവശമതില്ലാത്തതാരിവിടെ ?

വാക്കത്തി കേറ്റി ചില നാടൻപദങ്ങളുട-
ലൊക്കെ കവർന്നു ശിവ ! ഗദ്യം ജപിച്ചു പട.

വാക്യത്തിലേറ്റി പല പുത്തൻപദങ്ങളവ
നോക്കാതെ ചേർത്തെഴുതി, കാവ്യം ചമച്ചു കുറെ.

സമ്മാനദാനമവയൊന്നാകെ വാരിയതി-
ലമ്മാനമാടിയതു ഭാഷക്കൊലക്കവിത.

വൃത്തം - സ്തിമിത
ലക്ഷണം :-
തഭയം ജലലം മദ്ധ്യേ
മുറിഞ്ഞാൽ സ്തിമിതാഭിധം.
(തഗണം, ഭഗണം, യഗണം, ജഗണം എന്നീ ഗണങ്ങളും അവസാനം രണ്ടു ലഘുവും വരിയുടെ മധ്യഭാഗത്ത് ഒരു യതി (നിറുത്ത്) എന്നിവയും വന്നാൽ സ്തിമിത എന്ന വൃത്തമാകും.
സന്ദീപ് വേരേ ങ്കിൽ

ഓർമ്മക്കാടുകൾ
ഓർമ്മപ്പെരുക്കങ്ങൾ
തലച്ചോറിനെ
കീറിയെറിയുമ്പോഴാണ്
ചിലത് ക്രമം തെറ്റി
മഹാവനത്തിൽ
അഭയം തേടിയത്

പഴകിയ ഒരോർമ്മ
താടിക്കു കൈയൂന്നി
ശാന്തമായി കുളിരിൽ
കുളിച്ചു നിവരുമ്പോഴാണ്
കാട്ടുതീ പടർന്നത്

കത്തിക്കരിഞ്ഞ സ്വപ്നങ്ങൾ ആയിരുന്നല്ലോ
വാതിൽ തുറന്ന്
ഒരു മുഴുപ്പേടിയിൽ
ഭ്രാന്തു രുചിച്ചതും
കാട്ടുമരത്തിൽ ചേക്കേറിയതും
ടി.പി.രാധാകൃഷ്ണൻ 


നവ സാഹിതിയിൽ ഏറെ ചർച്ചയായ ഗഫൂർ കരുവണ്ണൂരിന്റെ പുര കെട്ട് എന്ന കവിതയെ പറ്റി...


നവസാഹിതി യിലേക്ക് :-
വിശപ്പിന്റെ കണ്ണിലേക്ക്
പട പൊരുതി തളർന്ന ഒരു യോദ്ധാവ്
വില്ല് കുലച്ച് നില്ക്കു०
അടവുകൾ രണനീതി
ഇവ രണ്ടു०
വറ്റിപ്പോകുന്ന ഉമിനീരിനൊപ്പ०
സമരസപ്പെടു०
പല തവണ നിഴലിനോട് പൊരുതി
യുദ്ധഭൂമി അരിച്ച് പെറുക്കി
കൈക്കുമ്പിൾ നിറയെ
ശൂന്യത വാരിക്കുടിച്ച് വയറ് നിറയ്ക്കു०
വിശപ്പ്
പിഴിഞ്ഞിട്ട ദേഹത്തിലൂടെ
അരിമണി ഉറുമ്പുകൾ
ഒരു പിൻവാങ്ങൽ കരാറിൽ
ഒപ്പു വെയ്പ്പിക്കു०.
അതിൽഎല്ലാ അവയവങ്ങളു०
സ്വയ०ഭരണാവകാശത്തിന്
ആഹ്വാനം ചെയ്യും
ഇന്ദ്രിയങ്ങൾ പിന്നെ തലച്ചോർ
ഉപാധികളില്ലാതെ കീഴടങ്ങാൻ
മൗനപത്റങ്ങളിൽ വിരലടയാള०
തീരു നല്കു०
വിശപ്പ്
ഒരു സാമ്രാജ്യ ശക്തിയായി ചെങ്കോലുകളിൽ
സി०ഹഗർജ്ജന० അടയാളപ്പെടുത്തു०
വിശപ്പ്
ഒരു
കണ്ണിൽ ഉറവ
വറ്റിയ നദികളേയു०
മറ്റൊന്നിൽ
ചുവന്ന തീക്കാറ്റിനേയു०
ഗർഭ० ധരിക്കുന്നു.
കബന്ധങ്ങളിൽ
അണഞ്ഞുപോയ
പരാജയങ്ങളിൽ
പെരുമ്പറപ്പെരുക്കങ്ങളാൽ
നനവൂതിക്കത്തിക്കുന്നു.
വിശപ്പ്
വേഷ പ്രച്ഛന്നനായ്
ഓരോരുത്തരേയും കട്ടെടുക്കുന്നു


ജിഷ കെ.