08-06-19


ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാന്നിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." കഴിഞ്ഞയാഴ്ചയിലെ ബാക്കി ഇപ്പോൾ വായിക്കാം..👇🏻
ആത്മായനം ഡിഗ്രിക്കാല വിശേഷങ്ങളിലൂടെ പുതിയ തലത്തിലേക്ക്...👇🏻
ഇതാണ് ഞാൻ..
ആത്മായനം
ജസീന റഹീം
കൊല്ലം ജില്ലയിലെ പ്രശസ്തമായ ഫാത്തിമ മാതാ നാഷണൽ കോളേജിലേക്ക് ബി.എ മലയാള പഠനത്തിന് ഞാനെത്തിയത്.. അല്ലെങ്കിൽ എന്നെ എത്തിച്ച വിധി .. പിന്നീടങ്ങോട്ട് യാദൃശ്ചികതകളുടെ ആവർത്തനം കൊണ്ട് എന്റെ ജീവിതത്തെയാകെ മാറ്റിമറിയ്ക്കുകയായിരുന്നു.. അവിടുത്തെ അധ്യാപകരോ കൂട്ടുകാരോ.. ആരും ഒരു സ്വാധീനവുമെന്നിൽ ചെലുത്താതെ എന്നും ഒരു പാട് അകലെയായിരുന്നു.. ഒരർഥത്തിൽ സമ്പന്നരുടെ കോളേജായിരുന്നു ഫാത്തിമ.. അല്ലെങ്കിൽ സാധാരണക്കാർ പോലും സ്വയം പൊങ്ങച്ചം കാട്ടി നടക്കാൻ ബദ്ധപ്പെടുന്നവരുടെ ക്യാമ്പസ്.. മുൻ ബഞ്ചിൽ ഇരിക്കുന്നവരുടെ മാത്രമായ കുറച്ചധ്യാപകർ.. അവർക്ക് പ്രിയപ്പെട്ട വരേണ്യവർഗ ശിഷ്യഗണങ്ങൾ..പ്രീഡിഗ്രിയ്ക്ക് ടി.കെ.എം ൽ ഒപ്പമുണ്ടായിരുന്നവർ പോലും ഫാത്തിമയിലെത്തിയപ്പോൾ പരിചയം നടിച്ചില്ല..
                     ഒന്നാം വർഷം എന്നെ ചൂഴ്ന്ന് നിന്ന ഒറ്റപ്പെടൽ കോളേജിലേക്ക് പോകുന്നതിൽ നിന്ന് പലപ്പോഴും പിന്തിരിപ്പിച്ചു... രാവിലെ 7.30 മുതൽ മേനോൻ ആൻറ് കൃഷ്ണനിൽ ഇംഗ്ലീഷ് ട്യൂഷൻ കഴിഞ്ഞ് കോളേജിൽ പോകാതെ ചിലപ്പോൾ വീട്ടിലേക്ക്
 മടങ്ങി.. പത്താം ക്ലാസിൽ ഒപ്പമുണ്ടായിരുന്ന സിന്ധു ഫാത്തിമയിൽ എക്കണോമിക്സിലും സുജ സി.സിഎന്റെ ക്ലാസ്സിലും  ഉണ്ടായിരുന്നതാണ് ആകെ ഒരാശ്വാസമായിരുന്നത്.. എന്നാൽ ക്ലാസു തുടങ്ങി രണ്ട് മാസം കഴിഞ്ഞപ്പോൾ സുജയ്ക്ക് ടി.ടി.സി യ്ക്ക് അഡ്മിഷൻ കിട്ടി അവൾ പോയതോടെ ഞാൻ പൂർണമായും ഒറ്റപ്പെട്ടു...അറുപതിലേറെ കുട്ടികൾ ഉണ്ടായിട്ടും ഞാൻ തനിച്ചായി .. ഫാത്തിമയിലേക്ക് വരാൻ തോന്നിയ നിമിഷങ്ങളെ ഞാൻ ശപിച്ചു.. ഓർക്കാൻ ഒന്നുമില്ലാത്ത.. നല്ലൊരു സൗഹൃദം പോലുമില്ലാത്ത ഒന്നാം വർഷം കടന്നു പോയി...
          ടി.കെ.എം കോളേജിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഫാത്തിമ.. ടി.കെ.എം ൽ എപ്പോഴും ആരുടെയൊക്കെയോ നിരീക്ഷണത്തിലോ കൈവട്ടയ്ക്കുള്ളിലോ ആണെന്നൊരു തോന്നൽ സദാ അലട്ടിയിരുന്നു.. അപ്പോഴൊക്കെ അതിൽ നിന്ന് സ്വാതന്ത്ര്യം തേടി ക്ലാസ്സിനും ക്യാമ്പസിനും പുറത്തേക്ക് ചാടാൻ മനസ്സ് വെമ്പൽ കൊണ്ടിരുന്നു.. മിക്കപ്പോഴും സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഞങ്ങൾ ഞങ്ങളുടെ തായ ലോകങ്ങൾ സൃഷ്ടിക്കുകയും ചെയ്തു..
പ്രണയമെന്നത് ടി.കെ.എം ൽ അന്ന് ഒരു പേടി സ്വപ്നമായിരുന്നുവെന്ന് മാത്രമല്ല .. ആൺകുട്ടികളോട് കൃത്യമായ അകലം എല്ലാ പെൺകുട്ടികളും പാലിക്കുകയും ചെയ്തിരുന്നു.. ഇതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമായിരുന്നു ഫാത്തിമ.. സ്വതന്ത്രമായ ഒരു ലോകമായിരുന്നു അത്.. ഹിന്ദി സിനിമയിൽ നിന്നിറങ്ങി വരും പോലെ മോഡേൺ വേഷങ്ങൾ ധരിച്ചു വിലയേറിയ വാഹനങ്ങളിൽ വന്നിറങ്ങുന്ന സമ്പന്നരായ സുന്ദരികളുടെയും അവരുടെ പിന്നാലെ നടക്കുന്ന ചെക്കൻമാരുടെയും വർണാഭമായ ലോകം.. പ്രണയികളുടെ ക്യാമ്പസിൽ
പെൺകുട്ടികൾക്ക് മാത്രമായ 'ക്വാട്രാങ്കിൾ' ആയിരുന്നു എന്റെ ലോകം..  മറ്റുള്ളവരെയൊക്കെ നോക്കി.. വെറുതെ.. ഒറ്റയ്ക്കിരുന്ന ഒരു പാട് നേരങ്ങൾ..
ക്ലാസ്സിലെ മുൻ ബഞ്ചുകാർ ഷമിത, രാജലക്ഷ്മി, ഉഷ, ഉദയശ്രീ എന്നിവർ ടീച്ചേഴ്സിന് പ്രത്യേകിച്ച് ലീല ടീച്ചറിന് പ്രിയപ്പെട്ടവരായി..
                അന്ന് മലയാളം ഡിപ്പാർട്ടുമെന്റിന്റെ മേധാവി ബിയാട്രിസ് ടീച്ചറായിരുന്നു.. അഭിനയ രംഗത്ത് പ്രാവീണ്യം തെളിയിച്ച ബിയാട്രിസ് ടീച്ചർ ഡിപ്പാർട്ടുമെന്റ് ഹെഡായി ചുറുചുറുക്കോടെ ക്ലാസ്സിലും കോളേജിലും നിറഞ്ഞു നിന്നു.. ജയിംസ് സാർ.. ജസ്റ്റസ് സാർ.. കവി തോമ സാർ.. ജോയിക്കുട്ടി പാലത്തുങ്കൽ.. യോഹന്നാൻ സാർ.. അർബൻ സാർ .. അങ്ങനെ അധ്യാപകർ മാറി മാറി ഓരോ അവറും ക്ലാസ്സിലെത്തി..ക്ലാസ്സിൽ മൂന്നിൽ രണ്ടും പെൺകുട്ടികളായിരുന്നു..ഒന്നാംവർഷം കോളേജിലെത്തിയപ്പോൾതന്നെ പ്രണയബാധ പലരെയും പിടികൂടിയിരുന്നു.. ആരൊക്കെയോ എപ്പോഴൊക്കെയോ ക്ലാസ്സിൽ വരുന്നു .. പോകുന്നു എന്നതിനപ്പുറം ആരുമായും അടുപ്പമില്ലാതെ ഒന്നാം വർഷം കടന്നു പോയി.. ഓർക്കാൻ ഒന്നുമില്ലാത്ത ഒരു ഫാത്തിമാ വർഷം..ഞാൻ ഫാത്തിമയിൽ ഒറ്റപ്പെട്ട്, വീർപ്പുമുട്ടുമ്പോൾ ടി.കെ.എം ൽ എന്റെ പ്രിയ കൂട്ടുകാരികൾ രണ്ടു പേരും സുവോളജിയിൽ ഒരേ ക്ലാസ്സിൽ വീണ്ടും ഒന്നിച്ച് കലാലയ ജീവിതം ആസ്വദിച്ചു..
ഡിഗ്രി ഒന്നാം വർഷം ഇംഗ്ലീഷിന് മാത്രം മേനോൻ ആന്റ് കൃഷ്ണനിൽ ട്യൂഷന് പോയിരുന്നതും ഞാൻ അവസാനിപ്പിച്ചു..
പരീക്ഷയും അവധിയും കഴിഞ്ഞ് ജൂണിൽ വീണ്ടും ക്ലാസ് തുടങ്ങി.. രണ്ടാം വർഷമാണ് ക്ലാസ്സിലെ മറ്റു കുട്ടികളുമായി കുറച്ചെങ്കിലും അടുത്തു തുടങ്ങിയത്.. സുജ ,നാൻസി,ഷാർലറ്റ് ഗ്യാംഗിൽ ഞാനും ചേർന്നു.. ബിന്ദുവിനെയും സിംലയെയും പിരിഞ്ഞ വിഷമത്തിൽ നിന്ന് ഞാൻ കരകയറി തുടങ്ങിയത്  സുജയോടും നാൻസിയോടുമൊക്കെ  കൂടിയ ശേഷമാണ്.. അത്യാവശ്യം അലമ്പുകൾ കാട്ടാൻ എന്നെപ്പോലെ മിടുക്കികളായിരുന്നു അവർ..
കവി തോമ എന്നു വിളിക്കുന്ന തോമസ് സാറിന്റെ ക്ലാസ്സുകളിൽ ആൺകുട്ടികൾ ജനലിൽ കൂടി വെളിയിൽ ചാടുകയും അസുഖമഭിനയിച്ച് പിൻബഞ്ചിൽ കിടക്കുകയും ചെയ്തു.. സാറിനെ സ്വൈരം കെടുത്തുക ചിലർക്കെങ്കിലും ഒരു ഹരമായി..
അധ്യാപകരിൽ നന്നായി പഠിപ്പിക്കുന്നവർ ലീല ടീച്ചറും  ജസ്റ്റസ് സാറുമായിരുന്നു.. ഉറൂബിന്റെ ഉമ്മാച്ചുവിന്റെ ചിത്രം ലീലടീച്ചർ അവതരിപ്പിച്ചതിന്റെ സവിശേഷതകൊണ്ടാവണം ഉമ്മാച്ചുവും ..മായനും.. വെള്ളിക്കോൽ ബീരാനും ചീനമുളകു പോലത്തെ ചിന്നമ്മുവും അവളെ പ്രണയിച്ച അബ്ദുവും ഇന്നും മനസിൽ നിറഞ്ഞ് നിൽക്കുന്നത്..വർണിച്ചു വഷളാക്കുന്ന പ്രകൃതക്കാരനായിരുന്നു യോഹന്നാൻ സാർ.. എസ്.കെ യുടെ നൈൽ ഡയറി ക്ലാസുകളിൽ നൈലിനെക്കാൾ സാർ വർണിച്ചത് നഗ്നരായ കാപ്പിരി പെണ്ണുങ്ങളെയായിരുന്നു.. നൈൽ ക്ലാസ്സുകളിൽ ഞങ്ങൾ പെൺകുട്ടികൾ തല പുസ്തകത്തിലാഴ്ത്തിയിരുന്നു.. ഒരിക്കൽ വർണന അതിരു കടന്നപ്പോൾ ആൺകുട്ടികൾ എഴുന്നേറ്റ് നിന്ന് ക്ലാസ് നിർത്താൻ പോലും പറയേണ്ടി വന്നു..
എല്ലാവർക്കും,പ്രത്യേകിച്ചും ആൺകുട്ടികൾക്ക്‌ ഏറെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു അർബൻ സാർ.. യേശുവിനെ പോലെ നിഷ്ക്കളങ്കത നിറഞ്ഞ ശാന്തമായ മുഖം.. വൃത്തമഞ്ജരി ക്ലാസ്സുകളിൽ ഓരോരുത്തരെ വിളിച്ച് ബോർഡിൽ ലഘു,ഗുരു അടയാളപ്പെടുത്തിക്കലും തെറ്റിക്കുന്നവരെ കണക്കിന് കളിയാക്കുകയും ചെയ്തിരുന്നു.....
ജസ്റ്റസ് സാറാകട്ടെ സംസ്കൃതം ക്ലാസിൽ വച്ചു തന്നെ പഠിച്ച് പറയിച്ചേ വിടുമായിരുന്നുള്ളൂ.. കേരള ചരിത്രം പഠിപ്പിച്ച രാജു സാർ നോട്സ് മാത്രം പറഞ്ഞു തരികയും ഞങ്ങളത് വച്ച് മാത്രം പഠിക്കുകയും ചെയ്തു..
ലീലാതിലകവും ഭാഷാഭൂഷണവും വൃത്തമഞ്ജരിയുമായിരുന്നു ഡിഗ്രി ക്ലാസിലെ പ്രശ്നബാധിത മേഖലകൾ..
ഒന്നാം വർഷം പലപ്പോഴും കോളേജിൽ ആബ്സൻറായിരുന്ന ഞാൻ രണ്ടാം വർഷം എന്നും കോളേജിൽ പോയിത്തുടങ്ങി..
എന്റെ ക്ലാസിലെ കുട്ടികൾ ആരൊക്കെയാണെന്ന് ഞാൻ മനസിലാക്കി തുടങ്ങി.. ഇരുപതിൽ താഴെ ആൺകുട്ടികൾ മാത്രമേ ക്ലാസ്സിലുണ്ടായിരുന്നുള്ളൂ.. അതിൽത്തന്നെ പലരും ക്ലാസിൽ കൃത്യമായി വരാത്തതിനാൽ സ്വന്തം ക്ലാസ്മേറ്റാണെന്ന് തിരിച്ചറിയാനുമായില്ല.. അങ്ങനെ വളരെ വൈകി ഞാൻ തിരിച്ചറിഞ്ഞ എന്റെ ക്ലാസ് മേറ്റായിരുന്നു റഹിംകുട്ടി..
***************

അസാധു
ശ്രീലാ അനിൽ
നിന്റെ മനസ്സിൽ നിന്നും
കുടികിടപ്പായി കുറച്ചു സ്ഥലം വളച്ചെടുത്ത് സ്വന്തമാക്കണമെന്ന മോഹത്തിൽ തന്നെയാണ് ഞാനവിടെ തിക്കിത്തിരക്കി കയറിക്കൂടിയത്,,,,
ഒഴിഞ്ഞു പോവില്ല എന്ന് ഉറപ്പിച്ച് കഴിഞ്ഞപ്പോഴാണ്
നീയൊരു ഒത്തുതീർപ്പാക്കി
പ്രണയം ഇഷ്ടദാനമായി തന്നത്
കരമൊഴിവായി കിട്ടിയത് സ്വന്തം പേരിലാക്കി പോക്ക് വരവ് ചെയ്യാതെ,,,
എടുക്കാൻ മറന്ന് വച്ച്
സ്വപ്നങ്ങൾ കൂടി കടം പറഞ്ഞാണ്,,,,
പിൻതിരിഞ്ഞു നോക്കാതെ ഇറങ്ങി നടന്നത്,,,,
ഇനി കാണുമ്പോ അറിയുക പോലുമില്ലെന്ന് നെഞ്ചുരുക്കി പറയാമെന്ന്  തന്നെയാണ്
കരുതിയത്,,,
പക്ഷേ സ്വന്തം ആസ്തി ബാധ്യതകളുടെ കണക്കെടുത്തപ്പോഴാണ്,,,,
ഹൃദയവും കിനാവുകളും പ്രതീക്ഷകളുമൊക്കെ,,,
ഇഷ്ടദാനം കിട്ടിയിടത്ത് കുടിലുകെട്ടി പാർപ്പു തുടങ്ങിയെന്നറിഞ്ഞത്,,,,
മുന്നാധാരങ്ങൾ പിന്നീട് അസാധുവാകുകയായിരുന്നു
***************

ഒച്ച
സുനിത ഗണേഷ്
ഒച്ചയെ ഞാൻ ഭയക്കുന്നു...
ചില നേരം
മണിവാളു കിലുക്കി
ഒച്ച എന്റെ നേരെ പാഞ്ഞടുക്കും...
മുഖത്തോടു ചേർന്ന്
അലറിത്തുള്ളും....
നീണ്ടു കൂർത്ത നഖങ്ങൾ കൊണ്ട്
എന്റെ ഉൾപ്പൂവിതളുകളെ
മാന്തിപ്പറിക്കും....
ചില നേരം ഒച്ചയെന്റെ
തലയ്ക്കു ചുറ്റും
ഓടിനടന്ന്
കാതിൽ പരിഹാസമുള്ളു കൊണ്ട്‌
കുത്തി നോവിക്കും..
ചിലപ്പോൾ ഒച്ചയെന്റെ മേലാകെ
വരിഞ്ഞു മുറുക്കി
ഞരമ്പുകളെ പിഴിഞ്ഞു
ജീവജലം
വാറ്റിയെടുക്കും....
ചില നേരം ഒച്ചയെന്റെ
തലമുടിനാരുകളെ
 ചുരുട്ടി വലിച്ച്
എന്റെ പ്രജ്ഞയെ
തെരുവിലെ ചരൽക്കല്ലിലൂടെ
ഇഴയ്ക്കും...
ചില നേരം ഒച്ചയ്ക്ക്
ദംഷ്ട്രകൾ മുളയ്ക്കും....
അവ നീണ്ടു നീണ്ടു
എന്നെ തേടി വരും...
ചില നേരം ഒച്ചയ്ക്ക്
കൊമ്പു മുളയ്ക്കും..
കൂർത്ത കൊമ്പുകളിൽ
എന്റെ മാംസം
കോർത്തെടുക്കാൻ അത്
ചുഴലിയായെത്തും.
എനിയ്ക്ക് ഭയമാണ് ഒച്ചയെ...
ചിലനേരമത് നിശ്ശബ്ദമായെത്തി എന്നെ ഇരുട്ടിലേക്കാഴ്ത്തും.
ഒച്ചയെ ഞാൻ
വെറുക്കുന്നു....
***************
 
നീ വരുവോളം
ലാലൂർ വിനോദ്
തപമാർന്ന മണ്ണിന്റെ വിരിമാറിലേക്കൊരു-
തുലാവർഷ കന്യതൻ മിഴിനീർ കുടമുടഞ്ഞു ..
തണൽ ചൂടി നിൽക്കുമാ തരുവിൻ കൈകളോ
തരളമായി തെന്നലിൻ കരം നുകർന്നു ..
തനു തളർന്നെന്തിനോ വാടിക്കൊഴിഞ്ഞു
താനേ വിടർന്നൊരാ കാട്ടുപൂക്കൾ....
 മതിയെനിക്കൊരു മാത്ര നിൻ സുഖമുള്ള
 മതിയെഴും തേൻ തുള്ളി തൻ രസനാമൃതം...
മറുവിളി കാതോർത്തു സായന്തനത്തിന്റെ
മറപ്പുരക്കുള്ളിലായ് നീരാടി നിൽപ്പൂ തിങ്കൾ...
മണമുള്ള പൂവിനാൽ നാണമോടവനായ്....
മണിയറ തീർക്കുന്നു നിശാഗന്ധികൾ ...
വരികയെൻ സ്വപ്നത്തിൻ പൂക്കൂടയുമായി
വനമുല്ല കൊഴിയുന്ന പുലർവേളയിൽ.....
വാടാത്ത മോഹത്തിൻ ഒരു മയിൽപ്പീലിയാൽ
വരികയെൻ ചാരെ നീ പ്രിയമുള്ള കൂട്ടുകാരി..
വരിക മടിയാതെ എന്നുമെൻ തല്പകത്തിൽ വാടുമെൻ വദനം ചുംബിച്ചുണർത്താൻ...
ആർക്കുമാരും കാത്തിരിക്കാത്തൊരീ
 അവനി തൻ സത്ര കവാടത്തിലൂടെ നിൻ ആഗമം കാതോർത്തിരിക്കുന്നു ഞാനും ...
 അറിയാതെ നിറയുന്ന മിഴികളുമായി
 അകലെ മിഴിയെറിയുന്നു രാപ്പക്ഷികൾ...
 അരികിൽ നീ വരും നിമിഷമിന്നെത്ര ദൂരം....
ഒടുവിൽ നിൻ തൂവൽ സ്പർശം കൊതിക്കുന്നു
ഒരു മാത്ര പ്രാണൻ തുടിക്കും പഞ്ചരങ്ങൾ
ഓർമ്മയും മറവിയും
കണ്ണാരംപൊത്തിക്കളിക്കും
ഓമൽക്കിനാവിൻ കിളിവാതിലിൽ കാലം....
ഓരോ നിമിഷവും അണയാതെ കാക്കുന്നു
 ഒരു മൗന ഗീതത്തിൽ പ്രണയരാഗങ്ങൾ....
***************

ഇനിയൊരു കഥയാകാം👇🏻
ജീവപര്യന്തം
ജസി കാരാട്
മകൾക്ക് ഒമ്പതു വയസ് തികഞ്ഞയന്നാണ്
സൂസൻ വീണ്ടും ആശാരിയെ വിളിച്ചു വരുത്തി എല്ലാ വാതിലുകൾക്കും
രണ്ടു മൂന്ന് പൂട്ടുകൾ കൂടി പണിയിച്ചത്.
അകത്തു നിന്നും പുറത്തു നിന്നും പൂട്ടാനാവുന്ന പലതരം പൂട്ടുകൾ
ഉള്ളതിനൊന്നും  ബലം പോര എന്നൊരു തോന്നൽ
എന്തോ ഒരു ആധി
ബലവത്തായ ഒരു കാലിന്
ഓരോ പൂട്ടും പൊളിക്കൽ ഏറെ എളുപ്പമാണെന്ന്
ഉള്ളിലിരുന്ന് ഒരു കിളി കുറുകാൻ തുടങ്ങിയിട്ട് കുറെ നാളുകളായിരുന്നു
ആശാരിയ്ക്ക് വെള്ളവും, ചായയും ഒക്കെ എടുത്തു കൊടുക്കുവാൻ മകൾ മുന്നിൽ തന്നെയുണ്ടായിരുന്നു.
തിളങ്ങുന്ന കണ്ണുകളോടെ അവൾ അമ്മയെ സഹായിച്ചുകൊണ്ടിരുന്നു.
എല്ലാ വാതിലുകൾക്കും  അകത്തു നിന്നും
പുറത്തു നിന്നും പുതിയ പൂട്ടുകളുറപ്പിച്ച് ആശാരി തിരികെ പോയതിന്റെ പിറ്റേന്ന് മുതൽ ലീവ് കഴിഞ്ഞ് സൂസൻ ജോലിയ്ക്കും പോയിത്തുടങ്ങി.ജനാലകൾക്ക് കർട്ടൻ പോലും ഇടാത്ത വീടായിരുന്നു അടുത്ത കാലം വരെ.തലയിണയ്ക്കടിയിൽ പപ്പടക്കോലും, പൊട്ടിയ ബ്ലേഡും,ബോൾപെന്നും ചെറിയ കത്രികയുമടക്കമുള്ള കുഞ്ഞുകുഞ്ഞായുധങ്ങൾ    അവൾ ഒളിപ്പിച്ചു വച്ചിരിക്കുന്നത് കണ്ട ഒരു ദിവസം അമ്പരന്നു പോയിരുന്നു.ഏതോ മാസികയിൽ നിന്ന് വായിച്ചറിഞ്ഞ
പ്രതിരോധ തന്ത്രങ്ങളെ സ്വയം ക്രമപ്പെടുത്തിയ കുഞ്ഞു മനസിന്റെധൈര്യത്തിൽ  അത്ഭുതം തോന്നിയിരുന്നെങ്കിലുംഈ വക വസ്തുക്കളൊക്കെ തട്ടിപ്പറിച്ച്
തിരിച്ചുപയോഗിക്കാൻ എളുപ്പമാണെന്ന ഭയമാണ് സൂസനെ വിഴുങ്ങിയത്..
നിന്റെയീ കുഞ്ഞുകൈകൾക്ക് അതൊന്നും
വഴങ്ങില്ലെന്ന് പറയുമ്പോഴേയ്ക്കും
വഴിയറിയാത്ത പതറിയ അമ്മ മനസായി സൂസൻ പതറി.മകൾ പുതപ്പുകൾ വലിച്ച് കർട്ടനാക്കിയതിന്റെ
 പിറ്റേന്നാണ്
എല്ലാ ജനാലകളിലും
കമ്പിവലകളും കർട്ടനുകളുമുറപ്പിച്ചത്.
അഞ്ചാംപനി തുടങ്ങിയിട്ട് ഒരാഴ്ചയായി.
കുറവുണ്ടെങ്കിലും സ്കൂളിൽ പോകാറായിട്ടില്ല
തൊലിപ്പുറത്തെ ഉണലുകളുടെ
ചൊറിയലും, നീറ്റലും  പ്രതിരോധിക്കാനായി
ആര്യവേപ്പിന്റെ ഇളംതണ്ടും ഇലകളും ചേർത്ത് വീശിക്കൊണ്ട് കിടക്കും അവൾ.ആളനക്കമില്ലാത്ത വീട്.
അമ്മ മടങ്ങിവരുവോളം ഡൈനിംഗ് ഹോളിനോട് ചേർന്നുള്ള കിടപ്പുമുറി മതിയെന്ന് അവൾ വാശി പിടിച്ചപ്പോൾ സൂസന്റെ മനസലിഞ്ഞു പോയി
ആ റൂമിന് ഒരു സവിശേഷതയുണ്ട്
സിറ്റൗട്ടിൽ നിന്ന് ഡൈനിംഗ് ഹോളിലേയ്ക്കും
ഹോളിൽ നിന്ന് റൂമിലേയ്ക്കുമുള്ള ചില്ലു ജനാലകൾ നേർക്കു നേരാണ്
കാഴ്ചകൾ കാണാം.
സൂസൻ വാതിലുകൾ പുറത്തു നിന്നും
മകൾ അകത്തുനിന്നും പൂട്ടി
ചാവികൾ ഭദ്രമായി സൂക്ഷിച്ചു വച്ചു
അനേകം വാതിലുകളെയും
അവയുടെ ഇരട്ടപ്പൂട്ടുകളെയും പൊളിക്കാൻ
പെട്ടെന്നാർക്കും കഴിയില്ല എന്ന ആശ്വാസത്തോടെ പുറത്തേയ്ക്കിറങ്ങുമ്പോഴേയ്ക്കും
മകൾ ജനാലകർട്ടൻ നീക്കി കമ്പി വലകൾക്കിടയിലൂടെ ഒരു പറക്കും ചുംബനവും പുഞ്ചിരിയും സമ്മാനിച്ചു കഴിഞ്ഞിരുന്നുകണ്ണുകൾ നനഞ്ഞു തിളങ്ങിക്കൊണ്ട് തന്നെ
അവൾ പറഞ്ഞു.വൈകിട്ട് വരുമ്പോൾ
കർട്ടനുകളിലുറപ്പിക്കുന്ന പൂട്ടുകൾ കൂടി കൊണ്ടു വരണേ അമ്മേ .....
ടി.വിയിൽ വാർത്തകളുടെ തലക്കെട്ടുകൾ മിന്നി മറയുന്നുണ്ടായിരുന്നു
ഇരട്ടക്കൊലപാതകം പ്രതികൾക്ക് ജീവപര്യന്തം
ജീവപര്യന്തമെന്നാൽ എന്താമ്മേ?
അവൾ ഉറക്കെ വിളിച്ചു ചോദിച്ചു.
ജീവിതാവസാനം വരെ
മകളുടെ മുഖത്തേയ്ക്കു നോക്കാനാവാതെ സൂസൻ പ്രതിവചിച്ചു.
സ്കൂളിൽ ഒരാഴ്ച്ചയായി
ടീച്ചറില്ലാത്തതിന്റെ സുഖാലസ്യത്തിൽ ഡസ്കിൽ തല കീഴായി മറിയുന്ന
നാല്പത്തിയെട്ടു കുഞ്ഞുങ്ങളുടെ അനാഥ മുഖം മനസിലെടുത്തു വച്ച്
സൂസന്റെ സ്കൂട്ടി അതിവേഗം  ഗേറ്റു കടന്നു...
***************
മേൽവിലാസമില്ലാത്തവൾ
റൂബി നിലമ്പൂർ
കടിച്ചുപിടിച്ചാകിലു
മൊന്നുറക്കെ  കരയണം
ആരും  ചേർത്തുപിടിക്കാനില്ലെങ്കിലു
മൊന്നു തോളു ചാരി  നിൽക്കണം....
ദുരന്തങ്ങൾ  പുതച്ചുറങ്ങുന്ന 
ആശുപത്രി  വരാന്തയിൽ
തൊലിയുരിഞ്ഞിട്ട  പഴുത്ത നിശ്വാസങ്ങളും
മേൽകൂരയിൽത്തട്ടി
താഴെക്കുചിതറുന്ന
വിഴുപ്പ് ചൂരുള്ള  പ്രാർത്ഥനകളും
വെളുത്തകോട്ടിട്ട  ചിരികളൊപ്പി ഞാൻ
വെറുതെ  വരാന്തതൻ 
പാതി ചുമരായി  നിന്നു
അകത്തോർമ്മതൻ
കുഴികുത്തീ...
ഞാത്തിയിട്ട മഴത്തുള്ളികൾ
വാക്കുകളതിൽ  മൂടി
മിഴി പൂട്ടി ഞാൻ
ഉൾത്തണുപ്പിലൊരു
നിലവിളി പാതിയായ്
പകുത്തെടുത്തെന്നേ
ശക്തിയായ് വലിക്കവേ
ഉള്ളറകളേറെയുള്ളാ-
കെട്ടിടത്തിനുള്ളിലെ
ചില്ലുപാത്രമുടഞ്ഞിടും  പോൽ
പെൺകരച്ചിലുയരവേ...
പാഞ്ഞുചെന്നതും
കുഞ്ഞു പൈതലിൻ
പൊക്കിൾകൊടിയിലാം
ചോരപ്പൂക്കളം..
ഭ്രാന്തിയാമമ്മ  പാടിയ  താരാട്ടിൽ
ശ്രുതി  മുറിഞ്ഞൊരീണം  പിടഞ്ഞുവോ
വിഭ്രമം  കൂടുവെച്ച
മുടിയിഴകളിൽ
പരതുന്നു
ചോരപറ്റി  നനഞ്ഞ  വിരലുകൾ....
തെറ്റിത്തെറിച്ച  മിഴിത്തുമ്പ്
കൂർപ്പിച്ചു
ആട്ടിയകറ്റുന്നൂ
ഭൂതകാലങ്ങളെ
എന്നോ  മുറിഞ്ഞൊരീണമായ്
തംബുരു
തെറ്റിയകന്ന കമ്പികൾ
ശ്രുതി ചേരാതെ...
കാലമെന്ന  കാഞ്ഞിരം
കയ്പോടെ
കാത്തുവെച്ച  ഋതുക്കളിൽ
പടരുന്നു
അസ്ഥിവാരം  തകർത്തതാം അവരുടെ
പച്ചയായ  ജന്മ സാഫല്യം..?
***************
ഇനിയൊരു കുറിപ്പാകാം ..👇🏻
ചോദ്യചിഹ്നം
കൃഷ്ണ ദാസ്.കെ
ചോദ്യങ്ങൾക്ക് ചോദ്യചിഹ്നമുണ്ട്.
ചോദ്യങ്ങൾ അവ്യക്തമായാലും
ചിഹ്നങ്ങൾ ചിലപ്പോൾ നില നിൽക്കും.
അശരണരും എല്ലാം നഷ്ടപ്പെട്ടവരും സമൂഹത്തിന്റെ വലിയ ചോദ്യചിഹ്നമാണ്.
അടിയൊഴുക്കുള്ള കടൽ പോലെ
ഉറഞ്ഞുകിടക്കുന്ന  മഞ്ഞുമല പോലെ  ചോദ്യങ്ങൾ  നിഗൂഢമായി നമ്മളെ
അലോസരപ്പെടുത്തും.
നിരാലംബർ നിലയ്ക്കാത്ത  ചോദ്യചിഹ്നമായപ്പോഴാണ്
സൈദ്ധാന്തികരുടെ
രംഗപ്രവേശം.
ചോദ്യങ്ങളുടെ ഉത്തരവും
 പരിഹാരവും കാല പ്രവാഹത്തിന്റെ കുത്തൊഴുക്കിലാണെന്ന് ആശയവാദികൾ.
ചോദ്യങ്ങൾ  ഉരുകി പരന്ന്  ഉറക്കം കെടുത്തുമ്പോഴാണെന്നും ;
മൂർച്ചയോടെ ജീവിതത്തെ മുറിപ്പെടുത്തുമ്പോഴാണെന്നും
ഉൽപ്പതിഷ്ണുക്കൾ .
നിസ്വരായി തീർന്ന മനുഷ്യർക്കു
വേണ്ടി ചോദ്യമുതിർത്തപ്പോൾ  ശ്രീനാരായണനും
 ആലംബഹീനരെ ചാതുർവർണ്യത്തിന്റെ ചോദ്യശരം കൊണ്ട്  നിശ്ശബ്ദമാക്കിയും
ശ്രീ ശങ്കരനും രംഗത്തുവന്നു.
ചോദ്യം കൊണ്ട് സമനില തെറ്റിച്ചും
മറു ചോദ്യം കൊണ്ട് അദ്ധ്യാപകനെ നിലംപരിശാക്കിയുമാണ്
 വിദ്യാർത്ഥികളുടെ പിറവി .
ചോദ്യങ്ങൾ വിതച്ച് വിളയിപ്പിച്ച
നവോത്ഥാന ഘട്ടത്തിലാണ് 
വിശപ്പിനെ കൊയ്തെടുത്ത്
വിളനിലമാക്കിയത്.
സമനില വീണ്ടെടുക്കാൻ മറു ചോദ്യമായും ഉത്തരമായും  സംവാദമായും  പരിഷ്കൃത  ലോകത്തേയ്ക്ക് സമൂഹം
ചുവടുവെച്ചു.
കെടുത്തുന്ന ചോദ്യങ്ങൾ
കെട്ട കാലത്തിലേയ്ക്ക് നയിക്കുമ്പോൾ
ചോദ്യമില്ലാത്ത സമൂഹം തന്നെ
വലിയ ചോദ്യചിഹ്നമാണ് ???????
***************
നുറുങ്ങുകൾ
സ്വപ്നാ റാണി
ഞാനുണരാത്ത
പ്രഭാതത്തിലും നീ തന്നെ
സൂര്യനാവുക
〰〰〰
വർണ്ണച്ചാർത്തുകൾക്കിടയിൽ
ഒരേ നിറം മാത്രമണിഞ്ഞെന്നും
ഒരു പകൽക്കിളി.
〰〰〰
അച്ചാണിയാകുന്ന
കൈകേയിയുടെ വിരൽത്തുമ്പിൽ നിന്നിറ്റു വീഴുന്നത്,
ചോരയല്ല .....
പ്രണയത്തിന്റെ അരുണ വർണമാണ്
〰〰〰
നാമൊത്തു നടക്കുന്ന
വഴി തേടലാണെന്റെ
യാത്രകൾ .....
〰〰〰
വെളിച്ചത്തുള്ളികൾ
ഇറ്റുവീണു തീരുമ്പോൾ
ഇരുൾവാനം മോഹനം
〰〰〰
ആകാശങ്ങളിൽ നിന്ന്
നീ പെയ്തിറങ്ങുന്നു
പുതുമുളപൊട്ടുന്നു ഞാൻ
〰〰〰
ഒറ്റയ്ക്കിരിക്കുമൊരു രാപ്പാടി
മഴയുടെ ചില്ലകളിൽ
മൗനത്തിന്റെ വീണ മീട്ടുന്നു
〰〰〰
പുഴ മണലിൽ
നിന്റെ കാല്പാടുകൾ
പിൻവിളികൾ
〰〰〰
കടൽക്കാറ്റിന്നുപ്പ്
നമ്മുടെ നിശ്വാസങ്ങളുടെ
അവശേഷിപ്പ്
〰〰〰
നേർത്തുപോയ
ചിറകടിയൊച്ചകൾ
ശലഭമൃത്യു
〰〰〰
കവിതയുറഞ്ഞ
വഴിയിൽവീണലിഞ്ഞു
 നക്ഷത്ര മാനസം
〰〰〰
കനൽക്കണ്ണുകൾ
കാവൽപ്പുരകളിലെ
കതിർച്ചിന്തുകൾ
***************
അഭയാർത്ഥി
ഷീബ ദിൽഷാദ്
കവിതയെഴുതാനിരിക്കുമ്പോൾ ഞാനൊരഭയാർത്ഥിയായി മാറുന്നു
രാജ്യം നഷ്ടപ്പെട്ടവൾ
ഭരണാധികാരികളുടെ പിടി മുറുകുന്നു
അഭയസ്ഥാനമില്ലാതെ
ഞാനെന്റെ രാജ്യത്തു നിന്നും ഓടിപ്പോയിരിക്കുന്നു
അനേകം വിലക്കുകൾ
സംശയങ്ങൾ
വ്യാഖ്യാനങ്ങൾ
എന്റെ വാക്കുകളെ വിചാരണ ചെയ്യുന്നു
കല്ലിനേക്കാൾ മൂർച്ചയുള്ള ആയുധങ്ങൾ
ശേഖരിക്കുന്നു
കൂടുതൽ ജാഗ്രതയോടെ
ചുവടുകൾ വയ്ക്കുന്നു
പിടിയ്ക്കപ്പെടരുതെന്ന വിചാരം
എനിക്കുമുണ്ട്
ഞാനെന്റെ ശ്വാസത്തെ
മുറുക്കിക്കെട്ടുന്നു
നിയന്ത്രിതമായ അളവിൽ
പുറത്തെടുക്കുന്നു
വിവാദങ്ങൾ
പകർച്ചവ്യാധിപോലെ പടരുന്നു
ഞാനെന്റെ
ശരീരത്തിനുള്ളിൽ കൂടാരമടിക്കുന്നു
രാത്രിയിൽ പതുങ്ങിനിൽക്കുന്ന
മൃഗത്തെ ഭയപ്പെടുത്താൻ
ഒരു തൂക്കുവിളക്ക്
ചുണ്ടുകൾക്ക് മുകളിൽ
നാസികയ്ക്ക് തൊട്ടു താഴെ
തൂക്കിയിടുന്നു
മൗനത്തിന്റെ ഞാത്തുകൾ
തൊങ്ങലുകൾ
ഏതു കൊടുങ്കാറ്റിലും ഇളകാതെ
പ്രകാശിക്കുന്നു
അഭയാർത്ഥികൾക്ക് വെളിച്ചത്തെ
ഭയമാണ്
പിടിയ്ക്കപ്പെടുമെന്നുള്ള
ഭയത്താൽ ഞാനെന്റെ
വിളക്കുകളുടെ തിരികൾ താഴ്ത്തുന്നു
സത്യം ചിതലരിയ്ക്കാത്ത
പുസ്തകമാണ്
അതിലെന്റെ കവിതകൾ
രേഖപ്പെടുത്തിയിട്ടുണ്ട്
അവർ പാഴ്ത്തുണികളും
തകരപ്പാട്ടകളും
അതിനുമുകളിൽ
വാരിക്കൂട്ടിയിടുന്നു
അസത്യങ്ങളുടെ
ഓടകൾ തുറന്നു വിടുന്നു
എന്നെ കൈവിടാത്ത
കവിതകൾ
എന്റെ മുലകൾ
എന്റെ ഗർഭപാത്രം
പ്രണയാതുരമായ എന്റെ ഹൃദയം
ഞാനതിന്റെ സുരക്ഷയിലേക്ക്
പാലായനം ചെയ്യുന്നു...
***************
വായിക്കുക ..
കേൾക്കുക...
ആസ്വദിക്കുക...
വിലയിരുത്തുക...
അഭിപ്രായങ്ങൾ പങ്ക് വെയ്ക്കുക...
🙏🌹🌹🌹🙏