08-05-19

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
🌞🌞🌞🌞🌞🌞🌞🌞🌞🌞🌞🌞🌞🌞
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
മലയാളം സർവ്വകലാശാല പ്രസിദ്ധീകരിച്ച ഭാഷാഭേദപഠനം മലപ്പുറം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളുടെ രണ്ടാം ഭാഗം ഇന്നത്തെ ആറു മലയാളിക്ക് നൂറു മലയാളം പംക്തിയിൽ•••••••••••••••••
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

ഭാഷാഭേദം: പൂർവ്വപഠനങ്ങൾ
••••••••••••••••••••••••••••••••••
  കേരള സർവകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗമാണ് കേരളത്തിലാദ്യമായി ഭാഷാഭേദസ൪വ്വേ നടത്തിയത്. ജാതി അടിസ്ഥാനമാക്കിയുള്ള ഒരന്വേഷണമായിരുന്നു അത്. ഈഴവ-തീയ്യ ജാതികളെ കുറിച്ചുള്ള പഠനം 1968ൽ പൂർത്തിയാക്കിയ ശേഷം നായ൪-ദളിത് വിഭാഗങ്ങളുടെ ഭാഷാഭേദങ്ങളും പഠനവിധേയമാക്കി. ഏതാണ്ട് 600-ലധികം ഭാഷാഭേദ ഭൂപടം നി൪മിക്കാൻ ഈ സ൪വ്വേകൾക്കായി. 300-ലധികം പദങ്ങളെ കേന്ദ്രീകരിച്ചുള്ള ഉച്ചാരണഭേദം അഖില കേരളാടിസ്ഥാനത്തിൽ അടയാളപ്പെടുത്താനായത് ഈ പഠനത്തിന്റെ മേന്മയാണ്. ഈ ഭാഷാപഠനങ്ങളാണ് മലയാള ഭാഷയിലെ സ്വന-സ്വനിമ-വ്യാകരണ-ആ൪ത്ഥിക-കോശീയ തലത്തിലുള്ള ആഭ്യന്തര വൈവിധ്യം അടയാളപ്പെടുത്തി. കൂടാതെ ജാതി, മതം, വ൪ഗം, വയസ്സ്, സ്ത്രീ-പുരുഷ ഭേദം, വിദ്യാഭ്യാസ നിലവാരം, തൊഴിൽ എന്നിങ്ങനെയുള്ള സാമൂഹ്യ ചരങ്ങൾ കേന്ദ്രീകരിച്ചും ഭാഷാഭേദങ്ങളുണ്ടെന്നും സാമാന്യമായി വിശദീകരിച്ചു.
     എങ്കിലും കേരളത്തിലെ എല്ലാ ജാതികളെയും ഉൾക്കൊള്ളാനായില്ല എന്നത് ഈ പഠനത്തിന്റെ പോരായ്മയാണ്. ഉച്ചാരണത്തിലുണ്ടാകുന്ന വ്യത്യാസമാണ് വാമൊഴി ഭാഷാഭേദങ്ങളുടെ പ്രധാന പ്രത്യേകത. ജാതിയടിസ്ഥാനത്തിലാണ് സ൪വ്വേകൾ നടന്നതെങ്കിലും ഇതിന്റെ ഫലങ്ങൾ പരിശോധിച്ചാൽ ബ്രാഹ്മണ-അബ്രാഹ്മണ -ദലിത് എന്നിങ്ങനെ വ്യക്തമായി അടയാളപ്പെടുത്താവുന്ന ഭാഷാപ്രകൃതം മലയാളത്തിലുണ്ടെന്ന് സ്ഥാപിക്കുക എളുപ്പമല്ല. ഓരോ ജാതിയുടെയും ഉപജാതിയുടെയും അടിസ്ഥാനത്തിൽ പഠിച്ചു കഴിഞ്ഞാലേ ജാതി ഭാഷാഭേദം തെളിയിക്കാനാവൂ. ഒരേ ജാതിയിൽ തന്നെ പ്രാദേശിക ഭിന്നത കാണുന്നുണ്ടെന്നത് ഈ പഠനത്തിൽ തെളിയുന്നുണ്ട്. വടക്ക്-തെക്ക് എന്നിങ്ങനെയുള്ള വിഭജനം ഉച്ചാരണ ത്തിലും പ്രയോഗത്തിലും വൈവിധ്യം കാണിക്കുന്നുണ്ട്. ചില പ്രദേശങ്ങളിൽ പൊതുവേ ഉപയോഗം നിഷിദ്ധമായ പദങ്ങൾ മറ്റു പ്രദേശങ്ങളിൽ സാർവ്വത്രികമായി ഉപയോഗിക്കുന്നുണ്ട്. ചില പ്രദേശങ്ങളിൽ ചില നാമങ്ങളും ക്രിയകളും സഹസ്ഥിതമായി ഉപയോഗത്തിലില്ല എന്നൊക്കെ ഈ പഠനത്തിൽ തെളിയുന്നുണ്ട്.
     പ്രാദേശിക ഭേദത്തോടൊപ്പം ജാതി-മത-തൊഴിൽ തുടങ്ങിയ സാമൂഹിക ചരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഭാഷാഭേദങ്ങളും നിലനിൽക്കുന്നുണ്ട്. മാപ്പിളമലയാളത്തെ, പ്രത്യേകിച്ച് എഴുത്ത് രൂപമായ അറബിമലയാളത്തെ മുസ്ലിം ഭാഷാഭേദമായിട്ടാണ് തിരിച്ചറിയുന്നത്. കൃസ്തീയ ഭാഷാഭേദത്തെ പാതിരി മലയാളം എന്നും പറയുന്നു. വിദ്യാഭ്യാസത്തിന്റെ പ്രചാരം ഈ ഉൾത്തനിമയെ ഒഴിവാക്കി ക്കൊണ്ട് വാമൊഴി തലത്തിൽ ഒരു മാനകതദ്ദേശരൂപം ഉടലെടുക്കാൻ ഇടയായിട്ടുണ്ട്. ഇംഗ്ലീഷ് ചേരുവ ഇതിന്റെ സ്വഭാവമാണ്. നഗരഭാഷാഭേദം എന്നു വിളിക്കാവുന്ന ഒരു രൂപമായി ഇതിനെ കാണാം.
🌞🌞🌞🌞🌞🌞🌞🌞🌞🌞🌞🌞🌞

മലപ്പുറം ഭാഷാഭേദസ൪വ്വേ
••••••••••••••••••••••••••••••••••••••
  മലപ്പുറം ഒരു ജനസഞ്ചയത്തിന്റെ വാസസ്ഥാനമാണ് എന്നതോടൊപ്പം സാംസ്കാരികമായ ഇടവുമാണ്. ഭാഷ, തദ്ദേശീയ സാംസ്കാരിക ഇടങ്ങളെ നി൪മ്മിച്ചെടുക്കും. അതോടെ മലപ്പുറം ഒരു ഭൗതിക സ്ഥലമെന്നതിലുപരി ഭാഷാതദ്ദേശീയതയുടെ സാംസ്കാരിക ഇടമായി മാറുന്നു. ഈ പഠനം മലപ്പുറത്തെ മലയാളത്തെക്കുറിച്ചുള്ളതാണ്. വാക്കുകളുടെ ഉച്ചാരണവും പദങ്ങളുടെ പ്രാദേശിക വിതരണവും ഭിന്നതകളും സാമൂഹ്യമായി തിരിച്ചറിയാനാണ് ഇവിടെ ശ്രമിക്കുന്നത്. മലപ്പുറം ഭാഷയുടെ ഉച്ചാരണം, പദസഞ്ചയം, വ്യാകരണം തുടങ്ങി ഭാഷയുടെ പൊതുവ്യവസ്ഥകളെ പൂർണ്ണമായി പഠനവിധേയമാക്കുകയല്ല ഇവിടെ ചെയ്തിട്ടുള്ളത്. പഠനത്തിന്റെ ആദ്യ ഘട്ടമായി മലപ്പുറം ജില്ലയിലെ ഭാഷാവിതരണവൈവിധ്യം പരിശോധിക്കുകയാണ് ചെയ്തത്. സാജാത്യ വൈജാത്യങ്ങൾ കണ്ടെത്തുക, അവശേഷിക്കുന്ന പ്രാദേശിക വ്യത്യസ്തതകൾ ഇല്ലാതാകുന്നതിനു മുൻപായി കഴിയുന്നത്ര ശേഖരിക്കുക, ഡിജിറ്റൽ രേഖാസഞ്ചയം തയ്യാറാക്കുക, മലപ്പുറം മലയാള നിഘണ്ടു തയ്യാറാക്കുക, മഹാ നിഘണ്ടു വിലേക്കായി മലപ്പുറം ഭാഷാഭേദത്തിലെ തനതു പദസമ്പത്തിന് സ്ഥാനം നിർണയിക്കുക, തൊഴിൽപരമായ ഭാഷാഭേദം അടയാളപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് മലപ്പുറം ഭാഷാഭേദസ൪വേയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
     മലപ്പുറം ജില്ലയുടെ ഭൂപരമായ സവിശേഷതകൾ, ജനസംഖ്യ, താലൂക്ക്, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ തുടങ്ങിയ ഭരണപരമായ സംവിധാനത്തെക്കുറിച്ചും, സാംസ്കാരിക ചരിത്രത്തെക്കുറിച്ചും ഫീൽഡ് ശിൽപ്പശാലകൾ നടത്തി. ഗവേഷണ രീതിശാസ്ത്രത്തിൽ സമഗ്ര പരിശീലനം തുടങ്ങിയ കാര്യങ്ങൾ വളരെ ഗൗരവപൂർണമായി നടത്തി. രണ്ടായിരത്തിലധികം പദങ്ങൾ ചർച്ച ചെയ്ത് ഒരു പദപ്പട്ടിക തയ്യാറാക്കി. പ്രകൃതി സൂചകങ്ങൾ, ശരീരാവവയവസൂചകങ്ങൾ, ബന്ധസൂചകങ്ങൾ(ചാ൪ച്ചപേരുകൾ), വീട്, വീട്ടുപകരണങ്ങൾ, പച്ചക്കറി, പഴങ്ങൾ, പയ൪, വസ്ത്രം, ആഭരണം, കൃഷി/കാലിവളർത്തൽ എന്നിവയുടെ സൂചകങ്ങൾ, തൊഴിൽ പദങ്ങൾ, വാദ്യോപകരണങ്ങൾ, ആശയഗ്രഹണം, കായികം, കളിപ്പാട്ടം, വികാരം, മതപരം, സാംസ്കാരികം, യുദ്ധം, നിയമം, വിനോദം, വിദ്യാഭ്യാസം, ഭരണസംവിധാനം എന്നീ മേഖലകളിലെ സൂചകങ്ങൾ, നാമ വിശേഷണം, ക്രിയാവിശേഷണം, ദിശയും അളവും, സമയം, ക്രിയകൾ, എണ്ണങ്ങൾ, അസ്തിത്വവാചിയായ ക്രിയകൾ, അണിഞ്ഞൊരുങ്ങൽ ക്രിയകൾ, ധൈഷണിക ക്രിയകൾ, കരണവാചിയായ ക്രിയകൾ, ചലന ക്രിയകൾ, തൊഴിൽ ക്രിയകൾ, പാചകവുമായി ബന്ധപ്പെട്ട ക്രിയകൾ, സ൪വ്വനാമങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയാണ് പദപ്പട്ടിക തയ്യാറാക്കിയത്. മലപ്പുറം ജില്ലയിലെ 50പഞ്ചായത്തുകളിലും 23 സമുദായങ്ങളിൽ നിന്നും ദത്തശേഖരണം നടത്തി.

മലപ്പുറം ജില്ല: സാമാന്യ വിവരണം
•••••••••••••••••••••••••••••••••••••• 
       കേരളത്തിലെ പതിനാലു ജില്ലകളിൽ ഒന്ന്. 1969-ജൂൺ-16ന് മലപ്പുറം ജില്ല രൂപം കൊണ്ടു. കോഴിക്കോട് ജില്ലയിലെ ഏറനാട് താലൂക്കും തിരൂർ താലൂക്കും, പാലക്കാട് ജില്ലയിലെ പൊന്നാനി, പെരിന്തൽമണ്ണ താലൂക്കുകളിലെ പ്രമുഖ പഞ്ചായത്തുകളും കൂട്ടിച്ചേർത്തു കൊണ്ടാണ് മലപ്പുറം ജില്ല നിലവിൽ വന്നത്. 3548 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തൃതി. മലനാട്, ഇടനാട്, തീരപ്രദേശം എന്നീ കേരളത്തിന്റെ മൂന്നു തനതു ഭൂ വിഭാഗങ്ങളും മലപ്പുറം ജില്ലയിലുണ്ട്. മലപ്പുറത്തിന്റെ അതിർത്തി കിഴക്ക് വയനാടിനോടും, നീലഗിരി കുന്നുകളോടും തൊട്ടു കിടക്കുന്ന ഭാഗങ്ങൾ ഈ ജില്ലയുടെ മലനാടാണ്. കിഴക്കു നിന്നു പടിഞ്ഞാറോട്ട് ചെറുകുന്നുകളും മറ്റും ഇടകലർന്നു ചെരിഞുകിടക്കുന്ന ഭൂതലം തീരദേശം വരെ നീളുന്നു. പൊന്നാനി, തിരൂർ, താനൂർ, പരപ്പനങ്ങാടി തുടങ്ങിയവ ജില്ലയിലെ പ്രധാന തീരപ്രദേശങ്ങളാണ്. വടക്കെ അതിർത്തി കോഴിക്കോട് ജില്ലയും, തെക്കെ അതിർത്തി തൃശ്ശൂരും പാലക്കാടും പങ്കിടുന്നു. ഏറനാടും വള്ളുവനാടും ഉൾച്ചേ൪ന്ന സാംസ്കാരിക ഗരിമയാണ് മലപ്പുറം ജില്ലയുടെ പാരമ്പര്യം.
         അഞ്ചു മലകൾ പ്രധാനമായും മലപ്പുറത്തിന്റെതായുണ്ട്. വാവൽ (വാവിൽ), വെള്ളരിമല, പന്തല്ലൂർ കുന്ന്, ചക്കു മല(ചെക്കു മല), ഊരോത്ത് മല, ഇരിമേറ്റി, അരിപ്ര തുടങ്ങിയ മലകളും (കുന്നുകൾ) മലപ്പുറം ജില്ലയിൽ കാണാം. ചാലിയാർ, കടലുണ്ടിപ്പുഴ, ഭാരതപ്പുഴ എന്നീ പ്രധാന നദികൾ മലപ്പുറത്ത് കൂടെ കടന്നു പോകുന്നു. ഇവയ്ക്കൊപ്പം പുരപ്പറമ്പ് പുഴ, തിരൂർ പുഴ തുടങ്ങിയ ചെറുപുഴകളും ജില്ലയിലെ പ്രധാന ജല സ്രോതസ്സുകളാണ്.  പൊന്നാനിയിൽ നിന്നും അഞ്ചു കിലോമീറ്റർ തെക്കു കിഴക്കായി കാണുന്ന വെളിയങ്കോട് കായൽ, വളാഞ്ചേരി കായൽ, മറവഞ്ചേരി കായൽ, ബീയെം കായൽ എന്നിവയാണ് ജില്ലയിലെ പ്രധാന കായലുകൾ.
    മലപ്പുറം ജില്ലയുടെ കാർഷിക പാരമ്പര്യം പ്രധാനമായും നെൽകൃഷി യുമായി ബന്ധപ്പെട്ടതാണ്. തേങ്ങ, അടയ്ക്ക, കപ്പ, വാഴ, ഇഞ്ചി, കുരുമുളക്, മഞ്ഞൾ, വെറ്റില, പഴങ്ങളും പച്ചക്കറികളും എന്നിങ്ങനെ വിവിധതരം കാ൪ഷികസമ്പത്ത് ജില്ലയ്ക്കുണ്ട്. പൂക്കോട്ടൂർ പയർ, കൊടൂർ കുമ്പളങ്ങ, താനൂർ വെറ്റില, മലപ്പുറം തേങ്ങ ഇവയൊക്കെ മലപ്പുറത്തെ സവിശേഷമായ കാർഷിക മുദ്രകളാണ്. മാവ്, പ്ലാവ്, പുളി, ഇലഞ്ഞി, കശുമാവ്, തേക്ക് തുടങ്ങിയ സസ്യസമ്പത്തും പറമ്പുകളിൽ കാണാം. ലോകത്തെ പഴക്കംചെന്ന തേക്കിൻകാടുകൾ നിലമ്പൂരിലാണുള്ളത്.
   2011ലെ സെൻസസ് കണക്കുകൾ പ്രകാരം 4,112,920 ആണ് മലപ്പുറം ജില്ലയിലെ ജനസംഖ്യ. അതിൽ 1,960,328 പുരുഷൻമാരും 2,152,592 സ്ത്രീകളുമാണ്. 2001ലെ ജനസംഖ്യയിൽ നിന്ന് 4,87,449 പേരുടെ വർദ്ധനവ് ഒരു ദശാബ്ദത്തിനിടയിലുണ്ടായി എന്നാണ് കണക്ക്. അതായത് 13.45 ശതമാനം വളർച്ച. കേരളത്തിലെ ശരാശരി ജനനനിരക്ക് പരിശോധിക്കുമ്പോൾ മലപ്പുറം ജില്ല മുന്നിലാണ് എന്നും കാണാം. ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് 1157 ആണ്. ജില്ലയിലെ മൊത്തം ജനസംഖ്യയിൽ 68.53 ശതമാനം പേർ മുസ്ലിങ്ങളാണ്. 29.17 ശതമാനം ഹിന്ദുക്കളും 2.22 ശതമാനം പേർ കൃസ്ത്യാനികളുമാണ്.
     സാക്ഷരതാനിരക്ക് 2011ൽ93.57 ശതമാനമാണ്. 1000 പുരുഷൻമാ൪ക്ക് 1098 സ്ത്രീകൾ എന്ന നിരക്കിലാണ് സ്ത്രീ പുരുഷ അനുപാതം. ആറുവയസ്സുവരെയുള്ള കുട്ടികളിൽ 1000 ആൺകുട്ടികൾക്ക് 965 പെൺകുട്ടികൾ ഉണ്ടെന്നാണ് 2011ലെ കണക്ക്. ജനസംഖ്യ ഘടനയിൽ ഏറ്റവും പ്രധാനമായി നിരീക്ഷിക്കാവുന്ന ഘടകം 13.96ശതമാനം ആറു വയസ്സിനു താഴെയുള്ള കുട്ടികളാണെന്നതാണ്. ജനസംഖ്യയുടെ 44.18 ശതമാനം പേർ നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരാണ്. ഗ്രാമവാസികളുടെ ജില്ലയിൽ 58.82 ശതമാനമാണ്.
   ജില്ലയിൽ നിലമ്പൂർ, ഏറനാട് താലൂക്കുകളിലായി 182 ആദിവാസി കേന്ദ്രങ്ങളുണ്ട്. മലമുത്തൻ അഥവാ മുതുവാൻ, പണിയൻ, അരനാടൻ, കുറുമൻ, കാട്ടുനായ്ക്കൻ, ചോലനായ്ക്കൻ എന്നീ വിഭാഗങ്ങളാണ് ജില്ലയിലെ പ്രധാന ആദിവാസികൾ. കാട്ടുനായ്ക്കനും ചോലനായ്ക്കനും അതിപുരാതന ആദിവാസി വിഭാഗങ്ങളാണ്. ജില്ലയിലെ പണിയ൪, കാട്ടു പണിയർ അഥവാ കുറിഞ്ചിപ്പണിയർ എന്നാണ് അറിയപ്പെടുന്നത്. അവർ മറ്റു പണിയരിൽ നിന്നും വ്യത്യസ്തരാണെന്നാണ് കണക്കാക്കുന്നത്. കണക്കൻ, ചെറുമൻ, പാണൻ, പെരുമണ്ണാൻ, കള്ളാടി തുടങ്ങിയുള്ള പട്ടികജാതി വിഭാഗങ്ങൾ ജില്ലയിലുണ്ട്.
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

അടിസ്ഥാന സൗകര്യങ്ങൾ
••••••••••••••••••••••••••••••••••••••
     823 എൽപി സ്കൂളുകൾ, 338 യുപി സ്കൂളുകൾ, 192 ഹൈ സ്കൂളുകൾ, 96 ഹയർ സെക്കണ്ടറി സ്കൂളുകൾ, 24വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾ, ഒരു കേന്ദ്രീയ വിദ്യാലയം(മലപ്പുറം), ഒരു നവോദയ വിദ്യാലയം (ഊരകം), അഗ്രികൾച്ചർ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്(തവനൂർ), 4 ടെക്നിക്കൽ ഹൈ സ്കൂളുകൾ, 12 സ്പെഷ്യൽ സ്കൂളുകൾ മലപ്പുറം ജില്ലയിൽ ഉണ്ട്.
     16 കോളേജുകൾ, 5 ബീയെഡ് കോളേജുകൾ, 4 പോളിടെക്നിക്കുകൾ, 5 ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, 2 എഞ്ചിനീയറിംഗ് കോളജുകൾ,  8 അറബിക് കോളേജുകൾ, 3 ഐടിഐകൾ, 4 ഐടിസികൾ, 4സ൪വ്വകലാശാകൾ(കാലിക്കറ്റ് യൂനിവേഴ്സിറ്റി- തേഞ്ഞിപ്പലം, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഓഫ് കാമ്പസ്-പെരുന്തൽമണ്ണ, തുഞ്ചൻ സർവ്വകലാശാല-തിരൂർ, ആയുർവേദ സർവ്വകലാശാല-കോട്ടക്കൽ,
കാമ്പസ്, പനക്കാട്)
2 മെഡിക്കൽ കോളേജുകൾ (ഗവ: മെഡിക്കൽ കോളേജ്-മഞ്ചേരി, എംഇഎസ് മെഡിക്കൽ കോളേജ്-
   മലപ്പുറം ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവയൊക്കെ യാണ്.

 മഞ്ചേരിയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റടക്കം ഏഴു മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ ജില്ലയിലുണ്ട്.
(അവലംബം_ഭാഷാഭേദപഠനം മലപ്പുറം എന്ന പുസ്തകം)

സാംസ്കാരിക പൈതൃകം: പ്രശസ്ത വ്യക്തിത്വങ്ങൾ:
••••••••••••••••••••••••••••••••••
       മലപ്പുറത്തിന്റെ സാംസ്കാരിക കലാ പാരമ്പര്യം വളരെ സമ്പന്നമാണ്. ഭാഷയ്ക്കും സാഹിത്യത്തിനും നിസ്തുല സംഭാവനകൾ അർപ്പിച്ച മഹാൻമാരുടെ നീണ്ട നിര മലപ്പുറത്തിന്റെ പൈതൃക സ്രോതസതിരളാണ്.

തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ: 
         തിരൂരിനടുത്ത് തുഞ്ചൻ പറമ്പിലാണ് ജനനം. ഇദ്ദേഹം എഴുതിയ അദ്ധ്യാത്മരാമായണം കിളിപ്പാട്ടും മഹാഭാരതം കിളിപ്പാട്ടും മലയാളികളുടെ പുണ്യ ഗ്രന്ഥങ്ങളാണ്.
മേൽപ്പത്തൂർ നാരായണ ഭട്ടതിരി: 
     സംസ്കൃത വൈയാകരണനും പണ്ഡിതനുമായ മേൽപ്പത്തൂർ നാരായണ ഭട്ടതിരി ജനിച്ചത് തിരുനാവായക്കടുത്തുള്ള ചന്ദനക്കാവിലെ മേൽപ്പത്തൂർ ഇല്ലത്താണ്. പ്രക്രിയാ സ൪വസ്വം, അപാണനീയ പ്രാമാണ്യസാധനം എന്നീ വ്യാകരണ ഗ്രന്ഥങ്ങളും ചമ്പു പ്രബന്ധങ്ങളും നാരായണീയം കാവ്യവും എഴുതി സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും അമൂല്യ സംഭാവനകൾ നൽകി.
പൂന്താനം: മേൽപ്പത്തൂരിന്റെ സമകാലികനായിരുന്നു പൂന്താനം നമ്പൂതിരി ജനിച്ചത് പെരുന്തൽമണ്ണയ്ക്കടുത്ത് കീഴാറ്റൂർ എന്ന സ്ഥലത്താണ്. 16-ാം നൂറ്റാണ്ടിൽ ലളിതമായ മലയാളത്തിൽ ജനകീയ ഭാഷാപരീക്ഷണം നടത്തിയ കവി തന്റെ ഭക്തികവിതകളിലൂടെ സമൂഹത്തിലെ അനാചാരങ്ങളെയും എതിർക്കാൻ ശ്രമിച്ചു. ഇദ്ദേഹത്തിന്റെ ജ്ഞാനപ്പാന പ്രസിദ്ധമാണ്.
അച്യുതപ്പിഷാരടി: എഴുത്തച്ഛന്റെ സമകാലികനായ തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി മേൽപ്പത്തൂരിന്റെ ഗുരുവായിരുന്നു. ജ്യോതിശാസ്ത്രം, സംസ്കൃത വ്യാകരണം, ആയുർവ്വേദം തുടങ്ങിയ വിഷയങ്ങളിൽ പണ്ഡിതനായിരുന്നു.
വള്ളത്തോൾ: മഹാകവിത്രയത്തിൽപ്പെട്ട വള്ളത്തോൾ നാരായണ മേനോൻ ജനിച്ചത് തിരൂരിനടുത്ത് ചേന്നര എന്ന സ്ഥലത്താണ്. പിന്നീട് തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തിയിലേക്ക് താമസം മാറ്റി.
കുട്ടികൃഷ്ണ മാരാ൪: മലയാളത്തിലെ എറ്റവും മികച്ച സാഹിത്യ വിമർശകനായിരുന്നു കുട്ടികൃഷ്ണ മാരാ൪. ഭാഷാപരിചയം, കല ജീവിതം തന്നെ, വൃത്ത ശിൽപ്പം, മുതലായ പ്രൌഡഗ്രന്ഥങ്ങളുടെ കർത്താവാണ്.
മോയിൻകുട്ടി വൈദ്യ൪ (1891): മാപ്പിള മഹാകവി മോയിൻകുട്ടി വൈദ്യ൪ കൊണ്ടോട്ടിക്കടുത്തുള്ള ഒട്ടുപാറ എന്ന സ്ഥലത്ത് ജനിച്ചു. ഇദ്ദേഹത്തിന്റെ മഹാകാവ്യമാണ് "ബദറുൽമുനീർഹുസ്നുജമാൽ".
വി.സി.ബാലകൃഷ്ണപ്പണിക്ക൪(1889-1912):  പ്രശസ്തമായ വിലാപകാവ്യം" ഒരു വിലാപം"രചിച്ചത് വി. സി. ബാലകൃഷ്ണപ്പണിക്കരാണ്. ഇദ്ദേഹം വേങ്ങരയിലെ ഊരകത്താണ് ജനിച്ചത്.
ഇടശ്ശേരി ഗോവിന്ദൻ നായ൪: കേരളത്തിലെ പ്രമുഖ കവിയായ ഇടശ്ശേരി ജനിച്ചത് കുറ്റിപ്പുറത്തിനടുത്ത് മണ്ണൂർ എന്ന സ്ഥലത്താണ്. പിന്നീട് പൊന്നാനിയിലേക്ക് താമസം മാറി.
ഉറൂബ്: പ്രശസ്ത കഥാകാരൻ ഉറൂബ് (പി.സി.കുട്ടികൃഷ്ണൻ) ജനിച്ചത് പൊന്നാനിയിലെ കടവനാട് എന്ന സ്ഥലത്താണ്.
ചെറുകാട്: പെരുന്തൽമണ്ണയ്ക്കടുത്ത് ചോലക്കരയിൽ ജനിച്ച ചെറുകാട് രാമകൃഷ്ണപ്പിഷാരടി മഹാനായ നോവലിസ്റ്റും നാടകകാരനുമാണ്.
കെ.ദാമോദരൻ: പാട്ടബാക്കി എന്ന പ്രശസ്ത നാടകം രചിച്ച കെ. ദാമോദരൻ ജനിച്ചത് തിരൂരിലാണ്.
കുറ്റിപ്പുറത്ത് കേശവൻ നായർ: ഗ്രാമ സൗന്ദര്യത്തെക്കുറിച്ചും, ഗ്രാമീണജീവിതത്തെക്കുറിച്ചും തനതു ശൈലിയിൽ കവിതകളെഴുതിയ ഇദ്ദേഹം ജനിച്ചത് തിരൂരിനടുത്താണ്.
പി.വി.കൃഷ്ണവാരിയർ: കവികുലഗുരു പി. വി. കൃഷ്ണവാരിയർ ജനിച്ചത് കോട്ടക്കലിലാണ്.
വാചാസ്പതി: അമരകോശത്തിനു വ്യാഖ്യാനം രചിച്ച വാചാസ്പതി പരമേശ്വരൻ മൂസത് മലപ്പുറത്തിനടുത്ത് പൊൻമള നിവാസിയാണ്.
വാഴേങ്കട: പ്രശസ്ത കഥകളിനടനും ആചാര്യനുമായ വാഴേങ്കട കുഞ്ചു നായ൪ മലപ്പുറത്തുകാരനാണ്.
പുലിക്കോട്ടിൽ ഹൈദർ: മാപ്പിള മഹാകവിയായ പുലിക്കോട്ടിൽ ഹൈദർ ജനിച്ചത് നിലമ്പൂരിനടുത്തുള്ള വണ്ടൂർ എന്ന സ്ഥലത്താണ്.
ചാക്കീരി: മാപ്പിളപ്പാട്ടെഴുത്തുകാരനായ ചാക്കീരി മൊയ്തീൻ കുട്ടി വേങ്ങരയ്ക്കടുത്തുള്ള ചേറൂർ എന്ന സ്ഥലത്ത് ജനിച്ചു. അറബി-മലയാളം നിഘണ്ടു തയ്യാറാക്കിയിട്ടുണ്ട്.
നന്ദനാർ: പി. സി. ഗോപാലൻ എന്ന നന്ദനാർ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനിച്ചു.അദ്ദേഹത്തിന്റെ പട്ടാളക്കഥകൾ പ്രസിദ്ധങ്ങളാണ്.
സുധാകരൻ തേലക്കാട്: പ്രശസ്ത കവിയായിരുന്ന സുധാകരൻ തേലക്കാട് ജനിച്ചത് ഏലംകുളം എന്ന സ്ഥലത്താണ്. 27-ാം വയസ്സിൽ അകാലചരമമടഞ്ഞു.
മാധവനാർ: ഗാന്ധിജിയുടെ ആത്മകഥ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത മാധവനാർ (കെ.മാധവൻ നായ൪) വള്ളിക്കുന്നിലാണ് ജനിച്ചത്.

     കൂടാതെ ജ്യോതിശാസ്ത്രത്തിലെ ദൃഗ് ഗണിത സമ്പ്രദായം കണ്ടുപിടിച്ച തിരുനാവായയിലെ  വടശ്ശേരി പരമേശ്വരൻ നമ്പൂതിരി, ആര്യഭടീയത്തിന് വ്യാഖ്യാനമെഴുതിയ തൃക്കണ്ടിയൂരിലെ   നീലകണ്ഠ സോമയാജി, എം.ഗോവിന്ദൻ, കുറ്റിപ്പുറത്ത് കിട്ടുണ്ണി നായർ തുടങ്ങിയ ധാരാളം പേർ മലപ്പുറം ജില്ലയിലെ പ്രശസ്ത വ്യക്തിത്വങ്ങളാണ്.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം
എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്.

പുസ്തകം തയ്യാറാക്കിയ
ഗവേഷകരോടുള്ള
 കടപ്പാട് രേഖപ്പെടുത്തുന്നു.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏