08-04-19

നിലാക്കുളിർമ
പാതി പെയ്ത നിലാവ്
റൂബി നിലമ്പൂർ
യെസ്പ്രസ് ബുക്സ്
വില: 80 രൂപ
ആസ്വാദകന്റെ ഹൃദയത്തിലേക്ക് നിലാക്കുളിർമയായി പടർന്നു കയറുന്ന ഒരു കഥാ സമാഹാരം. ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ കാച്ചിക്കുറുക്കിയെടുത്ത പതിനേഴ് കഥകൾ.. എം.ടി.യുടെ മഞ്ഞ് പോലെ,അതിസൂക്ഷ്മമായി ഹൃദയമുറത്തിൽ ചികഞ്ഞ് പതിര് പോക്കി പാകപ്പെടുത്തിയെടുത്ത കുറുങ്കഥകൾ - അതാണ് റൂബി നിലമ്പൂരിന്റെ 'പാതി പെയ്ത നിലാവ്'.
   ആദ്യ കഥ 'കറുപ്പ്' ഒരു കവിത പോലെ ഹൃദ്യം. ലഹരിക്കടിപ്പെട്ട് വർണങ്ങൾ മാഞ്ഞ് തുടങ്ങിയ യുവാവിനെ വരച്ചിട്ട വാക്കുകൾ ഏറെ തീവ്രഭാവമാർന്നത്.കറുപ്പ് ഒരു ബിംബമായി കഥയിൽ ആദ്യന്തം നിറഞ്ഞ് നിൽക്കുന്നു. പ്രിയ മകനെ കാലം കറുപ്പ് പുതപ്പിച്ചതറിയാതെ നെഞ്ചിലെ നെരിപ്പോടിൽ ഒരു പിടി വറ്റ് മകനായി കാത്തു വെച്ച് വെള്ളപുതച്ച് കാത്തിരിക്കുന്ന അമ്മ. ഇവിടെ മാതൃഭാവത്തിന്റെ നെരിപ്പോടിൽ സ്നേഹ വെണ്മയും മകന്റെ ജീവിതദൈന്യതയുടെ കറുപ്പും ഒരു മനോഹര കവിതയിലെ വിരുദ്ധ ദ്വന്ദ്വമായി കരളിൽ നിറയുന്നു. അവന്റെ അലച്ചിലിനൊടുവിൽ ഏതോ ചുറ്റമ്പലത്തിന്റെ പടവുകളിറങ്ങി വന്ന ചന്ദന നിറമുള്ള ഏതോ ഒരമ്മ വിളമ്പിയ സ്നേഹപ്പൊതി ഓർമകൾ മാഞ്ഞ പ്രജ്ഞയിൽ അമ്മയുടെ ഗന്ധം- കാലാതിവർത്തിയായ സ്നേഹഗന്ധം - നിറക്കുന്നു.
   അവമതിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ ഉണർത്തുപാട്ടായി കടന്നു വരുന്ന രണ്ടാം കഥ 'നിയമ പുസ്തകത്തിലെ ഏടുകൾ'പുരുഷമേധാവിത്വത്തിന്റെ ന്യായീകരണത്തിന്റെ നിർമിതിയാണെന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നു..സ്ത്രീ വ്യക്തിത്വത്തെ തിരിച്ചറിയുന്ന ഏതൊരാസ്വാദകനും ലിംഗ വ്യത്യാസമില്ലാതെ തന്നെ ഉൾനീറ്റലോടെയല്ലാതെ മുന്നോട്ടു പോകാനാവില്ല തന്നെ... " അറിയുക, പുരുഷ ചിഹ്നങ്ങൾ വഹിച്ചു നടക്കുന്ന ചെന്നായ്ക്കൾ ഇരുട്ടിന്റെ താഴ്വാരങ്ങളിൽ നിങ്ങൾക്കായി പല്ലും നഖവും രാകി മിനുക്കുന്നുണ്ട്... " എന്ന താക്കീത് നൽകുന്ന കഥ.. ഇപ്പോൾ,എനിമൽ പ്ലാനറ്റിൽ വന്യമൃഗം, പേട മാനിനെ ജീവനോടെ കടിച്ച് കീറുകയാണ് എന്റെ കരളിലും... കാലം എത്ര പുരോഗമിച്ചു എന്ന് വാദിച്ചാലും വിദ്യാദേവി നാവിൽ എത്ര  വിളയാടിയാലും രാത്രിയിൽ തനിച്ചാവുന്ന സ്ത്രീ സുരക്ഷിതയല്ല എന്നതത്രേ ആധുനിക സാക്ഷ്യം. അവൾക്ക് ഒരു പച്ചക്കൂർപ്പ് ബാഗിലൊളിപ്പിച്ചേ മതിയാവൂ ഇന്നും.
                'പാകമാവാത്ത പെരുന്നാൾ കോടി' സഹജീവികളെ മറന്ന് ആർഭാടത്തിൽ മുങ്ങിക്കുളിക്കുന്ന പൊതുസമൂഹത്തിനു നേർക്ക് ഉയർത്തിപ്പിടിച്ച കണ്ണാടിയാണ്. ചാറ്റൽ മഴയിൽ പുലർന്ന പെരുന്നാൾ പ്രഭാതത്തിൽ കുഞ്ഞിന്റെ കരച്ചിലിന് ചെവികൊടുക്കാതെ സ്വന്തം മുലപ്പാൽ കുടിച്ച് വിശപ്പാറ്റുന്ന ഉന്മാദിനി.. പാകമാകാത്ത പെരുന്നാൾ കോടിയിൽ പൊതിഞ്ഞ് കിട്ടിയ വീടിന്റെ സ്നേഹ സാന്ത്വനത്തിൽ കുഞ്ഞിന്റെ ചിരിക്ക് പെരുന്നാൾ നിലാക്കുളിർമ.. കുളി കഴിഞ്ഞെത്തിയ അമ്മയുടെ കൈകളിൽ മൈലാഞ്ചിച്ചോപ്പണിഞ്ഞു കൊടുക്കുമ്പോൾ സ്വർഗത്തിൽ നിന്നെത്തിയ ആയിരം മാലാഖമാരുടെ ചിരി കരളിനെ വല്ലാത്ത നിർവൃതിയിലാഴ്ത്തും.
              "വീട്ടാനാവാത്ത കടങ്ങൾ പടച്ചവന്റെ കണക്കു പുസ്തകത്തിലെ തിരുസൂക്ഷിപ്പുകളാണ്,അത് അങ്ങിനെ തന്നെയിരിക്കട്ടെ" എന്ന് ഓർമപ്പെടുത്തുന്നു 'വീട്ടാക്കടങ്ങൾ' എന്ന കഥ. ദീപ നിശാന്തിന്റെ ഓർമപ്പുസ്തകത്തിലെ കണ്ടക്ടറെ പോലെ, ചില കടങ്ങൾ ഒരിക്കലും വീട്ടാനാകാതെ ബാക്കി കിടക്കും .. റൂബിത്തയുടെ ഇന്നമ്മയും അതാണ്.... ആ 'ചക്കരക്കൂടി 'ന്റെ മണവും ഹൃദയം കൊണ്ടുള്ള വിളിയും ഏത് മറവിയുടെ ആഴവും തിരിച്ച് ചികഞ്ഞെടുക്കുക തന്നെ ചെയ്യും...പച്ചനോട്ടുകൾക്ക് വീട്ടിത്തീർക്കാനാവാത്ത കടപ്പാടുകളുടെ ഭാണ്ഡം നമ്മുടെയൊക്കെ ഉള്ളിൽ കിടന്നും ചീർത്ത് വിങ്ങും, മുറിപ്പെടുത്തുന്ന മനസ്സുമായി, ഒരിക്കലും വീട്ടാനാവാത്ത കടങ്ങളായി..റൂബി നിലമ്പൂരിനെപ്പോലെ, ദീപാ നിശാന്തിനെപ്പോലെ..
         വൃദ്ധ വിദ്യാലയം, ഇനിയും വാടാത്ത ഇലഞ്ഞിപ്പൂക്കൾ, ഒറ്റക്കൊലുസ്സ്, ബാബുവേട്ടന്റെ ചിരി തുടങ്ങി ചാരുതയാർന്ന കഥകൾ ഇനിയുമൊരുപാടുണ്ട് ഈ സമാഹാരത്തിൽ... ലഘു വാക്യങ്ങൾക്കൊണ്ടുള്ള, ഒരു തീർത്ഥയാത്ര പോലെ ... അവയിൽ, പലേടത്തും വർണനകൾ കവിതയോടൊട്ടി നിൽക്കുന്നു."പുകയും ചൂടും പൊങ്ങച്ചങ്ങൾക്കു മേൽ പൊങ്ങി നിന്ന ഫ്ലാറ്റ് സമുച്ചയം, മൂർച്ചയേറിയ മുള്ളിന്റെ സുരക്ഷിതത്വത്തിൽ ബാൽക്കണിയിൽ വിരിഞ്ഞ് നിന്ന റോസാപ്പൂ ,പിടി വിട്ടൊഴുകിയ ഓർമനദി കുത്തിയൊലിച്ച് ബാല്യത്തിന്റെ ചവിട്ടുപടിയിലെത്തി നിന്ന, വെളിച്ചം കെട്ട കണ്ണുകൾ ചത്ത മീനിനെപ്പോലെ ചുവരുകളിൽ തറഞ്ഞു കിടന്നു." തുടങ്ങി എത്രയെത്ര ഉദാഹരണങ്ങൾ..
         ഒറ്റയിരുപ്പിന് വായിച്ചു തീർക്കാവുന്ന, അനുഭവത്തീച്ചൂളയിൽ സ്ഫുടം ചെയ്തെടുത്ത പതിനേഴ് കുറുങ്കഥകൾ .. റൂബി എന്ന പേരു പോലെ ഹൃദ്യമായ കഥാനുഭവങ്ങൾ.. പാതിയിൽ തീർന്നു പോയ നിലാക്കുളിർമ നുണഞ്ഞ ആസ്വാദകൻ അടുത്ത പുസ്തത്തിനായി വല്ലാതെ കൊതിച്ചു പോവും,തീർച്ച.. അവതാരികയിൽ റഹ്മാൻ കിടങ്ങയം പറഞ്ഞ പോലെ ഇതിലെ കഥാപാത്രങ്ങളുടെ ഉൾനോവുകളെ സാധാരണക്കാരായ വായനക്കാർ നെഞ്ചേറ്റുക തന്നെ ചെയ്യും..
വെട്ടം ഗഫൂർ