ഇന്ന് ഒരു പ്രസ്ഥാനത്തെ പരിചയപ്പെടാം
⭕
സർറിയലിസം
⭕⭕⭕⭕⭕⭕
സർറിയലിസം ഒരു കാവ്യ സിദ്ധാന്തമെന്നതിനേക്കാൾ ഒരു പുത്തൻ ജീവിതവീക്ഷണമായിരുന്നു.
റിംബോ വിലാണ് സർ റിയലിസത്തിന്റെ തുടക്കം നാം കാണുന്നത്.
രചനയുടെ സകല കീഴ്വഴക്കങ്ങളെയും നിരാകരിക്കുന്നതും യുക്തിരഹിതവുമായ ഒരു രചനാരീതിയാണ് റിംബോ സ്വീകരിച്ചത്.
കവിക്ക് ഒരു വെളിച്ചപ്പാടിന്റെ മനസ്സിൽ തോന്നുന്നപ്പോലെ വിചിത്ര ബിംബങ്ങൾ ദർശിക്കാൻ കഴിയുമെന്നും അതിന്റെ ആവിഷ്കരമാണ് കല എന്നും റിംബോ പറഞ്ഞു . അബോധത്തിലൂടെയുള്ള നിർബാധമായ പ്രവാഹം! സർവ്വ നിയന്ത്രണങ്ങളിൽ നിന്നുമുള്ള (കവി) മനസ്സിന്റെ അവിരാമ പ്രവാഹം!
ബാഹ്യ യാഥാർത്ഥ്യത്തെ അതുപോലെ അവതരിപ്പിക്കുന്നതിൽ എന്തു കാര്യം?
അത് അങ്ങനെത്തന്നെ അവിടെ ഉണ്ടല്ലോ!
അതിൽ എവിടെ കല?
ബോധത്തെ പാടെ നിസ്സഹായമാക്കി അബോധത്തെ സ്വതന്ത്രമാക്കി വിടൂ, കഥയിലും കവിതയിലും ചിത്രത്തിലും ജീവിതത്തിലും അതാണ് സർറിയലിസം
👁👣👀💄👁👀💄👅👣👣👁👀😾😽👽☠💀👻💩🤖👀👁🤪🧐
മദ്യപാനം, കറുപ്പു തീറ്റി, വേശ്യാവൃത്തി , എന്നു വേണ്ട എന്തെല്ലാം നടത്താമോ അതെല്ലാം നടത്തി ബോധത്തേയും ഇന്ദ്രിയത്തേയും നിർവ്വീര്യമാക്കി കാവ്യാനുഭൂതിനുകരൂ .
എങ്ങനെയുണ്ട് ‼⁉
✝
ആവിഷ്ക്കാരത്തിനെ ഒന്നും സ്വാധീനിച്ചു കൂടാ എന്നർത്ഥം . ധാർമ്മികതയെപ്പറ്റിയോ സൗന്ദര്യത്തെപ്പറ്റിയോ യുക്തിയെപ്പറ്റിയോ ഒന്നും ചിന്തിക്കേണ്ട . അതെല്ലാം മറന്നേക്കൂ. യുക്തി നിയന്ത്രണത്തിന് അതീതമായ ചിന്തയുടെ വ്യാപാരം നടക്കട്ടെ! യുക്തിയിൽ നിന്നു പോലും സ്വാതന്ത്ര്യം .
സാഹിത്യ ലോകത്ത് റിംബോവിനേയും ആശയലോകത്ത് മാർക്സിനെയും ആണ് സർറിയലിസ്റ്റുകൾ ആദ്യമാദ്യം ആചാര്യരായി കണക്കാക്കിയത്. പക്ഷേ പിന്നീട് മാർക്സിനെ ഉപേക്ഷിച്ചു. നിലവിലുള്ളതിനെ തകർക്കാൻ എന്തും ആവാം. പക്ഷേ സൃഷ്ടിക്കുന്നതിൽ പൂർണ്ണമായും യുക്തിയേയും ശാസ്ത്രത്തേയുമാണ് മാർക്സിസം അവലംബിക്കുന്നത്. നിയതമായ ഒരു ദർശനത്തേയും സർറിയലിസം അംഗീകരിക്കുന്നില്ല. പറയണമെന്നുണ്ടെങ്കിൽ പറയാവുന്നത് മനോവിജ്ഞാനീയത്തോടാണ്. കാവ്യം മാനസിക യന്ത്ര പ്രവർത്തനത്തിന്റെ ആവിഷ്ക്കാരമാണ് എന്ന് സർ റിയലിസം പ്രഖ്യാപിക്കുന്നു.
ബോധത്തിന്റെയും അബോധത്തിന്റെയും അഗാധതലങ്ങളിൽ എന്താണ് അവർ തേടിയത്? എന്താണ് അവർ നേടിയത്? എന്തുകണ്ടെത്താൻ ! ഗ്രഹണ യോഗ്യമായതെന്തെങ്കിലും കണ്ടെത്തിയാൽ അവർ സർ റിയലിസ്റ്റുകളല്ല.
🈲🈹🈵🈴㊗㊙🉐🔱⚜🈳ℹ🔙🔚🔛💱☮
ആന്ദ്രെ ബ്രട്ടൺ , പോൾ എല്വാർഡ്, മാക്സ് ഏണസ്റ്റ്, സാൽവദോർ ദാലി, ജൂൾസ് സൂപ്പർ വില്ലി, എന്നിവരെ സർറിയലിസ്റ്റ് കവികൾ എന്ന് വിളിക്കാം .
പോൾ എല്വാർഡിന്റെ എല്ലാ കവിതയും സർറിയലിസ്റ്റിക്കല്ല .
വാക്യ ബന്ധമോ കുത്തും കോമയുമോ ഒന്നുമില്ലെങ്കിലും ലളിതസുന്ദര പദങ്ങളും ആകെക്കൂടി എന്തൊക്കെയോ അർത്ഥവും തോന്നിപ്പോകും.
ആന്ദ്രെ ബ്രട്ടൺ 👌 കടുകട്ടിയാണ് .
ബ്രട്ടൺ ഒരു കവിതയിൽ തന്റെ ഭാര്യയെ വർണ്ണിക്കാൻ ( അങ്ങനെ പറയാമോ ?) 19 ഉപമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നിട്ടും ഭാര്യയുടെ രൂപം അവ്യക്തമായിത്തന്നെ നിലനിൽക്കുന്നു!
( അതിൽ അൽഭുതമില്ല , ല്ലേ😀😄 )
ശരിക്കും എന്തു പറ്റി?
👁👁👁👁👁👁
ഭാവകാവ്യങ്ങളുടെ ജീവൻ ഏകാഗ്രതയാണെന്നായിരുന്നു റൊമാൻറിക് കാവ്യസങ്കൽപ്പം. അതൊട്ടും പാടില്ലെന്നതാണ് സർ റിയലിസ്റ്റിക് വാദം .
സ്വപ്നം പോലെ സ്വതത്രമാവണം കവിത എന്നതാണ് സർറിയലിസ്റ്റിക് അവകാശവാദം .
കുറച്ചു കാലം പിടിച്ചു നിന്നെങ്കിലും തകർന്നു പോയി ഈ പ്രസ്ഥാനം.
സത്യമില്ല
ഹൃദയമില്ല
വികാരമില്ല
വിചിത്ര പദ സമ്മേളനമായി കവിത അധ:പതിച്ചു.
പക്ഷേ
കുറേ ഗുണവുമുണ്ടായി.
കവിതയെ യുക്തി യുടെ ചങ്ങലക്കെട്ടിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞു.
ഒരു വാക്കിന് ഒരു അർത്ഥം എന്ന തത്വം ഇല്ലാതാക്കി
ഛന്ദസ്സിനെ പറ്റിയുള്ള കാഴ്ചപ്പാട് തിരുത്തി
*പക്ഷേ
ഒരു പ്രസ്ഥാനം നിലനിൽക്കണമെങ്കിൽ ഉൾക്കരുത്തുള്ള ഒരു ദർശനവും അതിനെ കേന്ദ്രമാക്കിയ സന്ധി ശില്പവും ഒഴിച്ചുകൂടാത്തതാണ്.
ഇവ രണ്ടും ഇല്ലായിരുന്നു സർറിയലിസത്തിന്. അതു തന്നെയാണ് അതിന്റെ പരാജയ കാരണവും .
⚱⚰🏺
സര്‍റിയലിസം (Surrealism)കാല, ദേശ, സമയങ്ങള്‍ക്കതീതമായ് ഏത് വ്യക്തിയിലും എപ്പോഴും രൂപപ്പെടാവുന്ന കേവലയാഥാര്‍ഥ്യമായി സര്‍റിയലിസം പരിഗണിക്കപ്പെടുന്നു.മനസ്സിന്റെ കേവലമായ സ്വയം പ്രവര്‍ത്തനമാണ് സര്‍റിയലിസം എന്നാണ് ഈ സങ്കേതത്തിന്റെ വക്താവായി പരിഗണിക്കുന്ന ആന്ദ്രേ ബ്രിട്ടണ്‍ അഭിപ്രായപ്പെടുന്നത്. യാഥാര്‍ഥ്യങ്ങളുടെ ബാഹ്യപ്രതീതിക്ക് അപ്പുറമുള്ള യാഥാര്‍ഥ്യത്തെയാണ് കലാസൃഷ്ടിയിലൂടെ അവതരിപ്പിക്കേണ്ടതെന്നും ഈ വാദം സമര്‍ഥിക്കുന്നുണ്ട്.വിശ്വവിഖ്യാത സാഹിത്യകാരനായ കാഫ്കയാണ് ഈ വിഭാഗത്തില്‍ എടുത്തു പറയേണ്ട എഴുത്തുകാരന്‍. അദ്ദേഹത്തിന്റെ മെറ്റമോര്‍ഫോസിസ്, ദ ട്രയല്‍ തുടങ്ങിയ കൃതികള്‍ ഇതിനുദാഹരണങ്ങളാണ്.കൂടാതെ ജപ്പാന്‍ സാഹിത്യകാരന്‍ അരൂകി മുറാകാമിയുടെ 'കാഫ്ക ഓണ്‍ ദ ഷോര്‍', 'ദ വിന്‍ഡപ്പ് ബേര്‍ഡ് ക്രോണിക്ക്ള്‍' തുടങ്ങിയ കൃതികളും ശ്രദ്ധേയം തന്നെ.
From Net
കടമ്മനിട്ടയിലും അയ്യപ്പപ്പണിക്കരിലും സർറിയലിസത്തിന്റെ സ്വാധീനം കാണാമെങ്കിലും അയ്യപ്പന്റെ (എ.അയ്യപ്പൻ ) 😄 കവിതയിൽ നിന്നും നമുക്ക് സർറിയലിസ്റ്റിക്ക് മുത്തുകൾ വേണ്ടുവോളം കോരിയെടുക്കാം.
സര്‍റിയലിസം ചിത്രകലയുടെ മാത്രം സ്വന്തമായിരുന്നിടത്ത് നിന്നാണ് അയ്യപ്പന്റെ കവിത ആരംഭിക്കുന്നത്.
സറിയലിസം അത്ര പുതുമയുള്ള ഒരു രചനാരീതിയല്ല. കാലങ്ങളായി ഉപയോഗിക്കുന്ന ഒന്നാണത്. അയ്യപ്പന്റെ കവിതയിലെ സര്‍റിയലിസം എന്നത് ഒരര്‍ത്ഥത്തില്‍ ഭ്രാന്ത് തന്നെയാണ്.
സറിയലിസം
ജീവിതത്തെക്കുറിച്ചുള്ള നൂതനമായ ഒരു മനോഭാവം സൃഷ്‌ടിക്കുകയെന്നതായിരുന്നു സറിയലിസം ചെയ്‌തത്. കാഴ്‌ചയുടെ അതിരുകളെ നിര്‍ണ്ണയിക്കുന്നതിനെ എതിര്‍ത്തുകൊണ്ടാണ് സറിയലിസം കടന്നു വരുന്നത്. വസ്‌തുവിനെ ക്രമരഹിതമായി കാണുക എന്ന ദൗത്യമാണ് സറിയലിസം സ്വീകരിച്ചിരിക്കുന്നത്. അല്ലെങ്കില്‍ ക്രമാരാഹിത്യത്തില്‍ വസ്‌തുവിനെ കാണുക.
വസ്‌തുക്കളെ അതിന്റെ സ്വഭാവികമായ ചുറ്റുപാടുകളില്‍ നിന്ന് മാറ്റി അയഥാര്‍ത്ഥമായ ചുറ്റുപാടുകളിലേക്ക് സന്നിവേശിപ്പിച്ചു കാണുന്നു. വസ്‌തുവിന്റെ ആദ്യത്തെ അര്‍ത്ഥം നഷ്‌ടമാകുകയും പുതിയൊരു അര്‍ത്ഥം ലഭിക്കുകയും ചെയ്യുന്നു. മനുഷ്യമനസിനെക്കുറിച്ച് ഫ്രോയിഡുന്നയിച്ച സിദ്ധാന്തമാണ് ഈ ചിന്താ ഗതിക്കാധാരം.
മനുഷ്യന്‍ അബോധമനസ്സിന്റെ പ്രേരണങ്ങളുടെ അടിമയാണ്. ബോധതലത്തിലെ ചിന്തകളേയും വികാരങ്ങളെയുമൊക്കെ നിര്‍ണ്ണയിക്കുന്നത് അബോധ മനസ്സിലെ ചോദനകള്‍ തന്നെ. ബോധപൂര്‍വ്വമായ വ്യാപാരങ്ങളിലല്ല, പ്രത്യുത അബോധമനസ്സിന്റെ സ്വയമേവയുള്ള പ്രവര്‍ത്തനത്തില്‍ക്കൂടിയാണ് സ്വത്വം പൂര്‍ണ്ണമായും പ്രകടമാകുന്നത്. അങ്ങനെ ഫ്രോയിഡിന്റെ സിദ്ധാന്തത്തില്‍ എല്ലാറ്റിലും വലുത് അബോധമനസ്സാണ്. അപ്പോള്‍ അതിന്റെ ചലനങ്ങളെ അതേപടി പ്രകാശിപ്പിച്ചാലേ കലയില്‍ യാഥാര്‍ത്ഥ്യം നൂറുശതമാനം ആകൂ. സറിയലിസം ഒരു കാവ്യധാര അല്ല, മാനസികവ്യാപരത്തെ സത്യസന്ധമായി അവതരിപ്പിക്കുന്ന ഒരു ഉപകരണമാണ് സറിയലിസം.
മനസ്സില്‍ അപ്പോളപ്പോള്‍ രൂപംകൊള്ളുന്ന ചിത്രങ്ങളുടെ പ്രവാഹമാണ് സറിയലിസം. ഇവയെ അടുക്കുക, ക്രമപ്പെടുത്തുക എന്നൊക്കെ പറഞ്ഞാല്‍ അതിനര്‍ത്ഥം രണ്ടാമതു വരുന്ന ബോധപൂര്‍വ്വമായ ചിന്തയാല്‍ തടയുക എന്നതാണ്. രൂപം സറിയലിസത്തിന് വലിയ ഒരു പ്രശ്‌നം തന്നെയായിരുന്നു. കവിതയില്‍ രൂപത്തെക്കുറിച്ചുള്ള ചര്‍ച്ച സജീമല്ലെങ്കിലും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആര്‍ക്കും എതിരഭിപ്രായമില്ല. മനോവ്യപാരത്തിന് രൂപം നല്‍കുക അത്ര എളുപ്പമുള്ള പണിയല്ലല്ലോ.
സാല്‍വദോര്‍ ദാലി സറിയലിസ്റ്റുകളിലെ ഒരു പ്രധാനവ്യക്തിയാണ്. ദാലിയുടെ ചിത്രങ്ങള്‍ സറിയലിസത്തിന് ഉത്തമമാതൃകകളാണ്. ദാലി മാത്രമല്ല, മഗ്‌രത്തേയെ പോലുള്ള ചിത്രകാരന്മാരുമുണ്ട്. ദാലിയുടെ സാല്‍വദോര്‍ ദാലിയുടെ രഹസ്യജീവിതം? എന്ന പേരിലുള്ള പുസ്‌തകം അനിയന്ത്രിതമായി സ്വയം പ്രവര്‍ത്തിക്കുന്ന മനസ്സിന്റെ ലിഖിതരൂപമാണ്. ഒരുന്മാദിയുടെ മനസ്സ് മലര്‍ക്കെ തുറന്നിട്ടിരിക്കുന്നത് ഇവിടെ കാണാനാകുന്നു. ആസ്വാദകരില്‍ തൊണ്ണൂറു ശതമാനത്തെ സംബന്ധിച്ചിടത്തോളവും, മുഴുത്ത ഭ്രാന്തന്റെ ജല്‌പനമാണ് സറിയലിസം.ഭ്രമാത്മക ലോകത്തില്‍ ഒറ്റയ്‌ക്ക് കഴിയുന്ന ഒരുവന് മാത്രമെ സറിയലിസ്റ്റിക് ബിംബങ്ങള്‍ ലഭിക്കുകയുള്ളു.
സ്വപ്‌നത്തിന് സാമൂഹികമായ അര്‍ത്ഥവും മൂല്യവും ഉണ്ടാകുന്നത് ബോധമനസ്സിന്റെയും അബോധ മനസ്സിന്റെയും സംയുക്തവ്യാപാരംകൊണ്ടാണ്. സ്വപ്‌നത്തിന് സാമൂഹികമായ അര്‍ത്ഥവും പ്രയോജനവുമില്ല. അത് ഒരു വ്യക്തിയുടെ മാത്രം ക്ഷണികസാക്ഷാത്‌കാരമാണ്. ഫ്രോയിഡിന്റെ തത്ത്വമനുസരിച്ച് സറിയലിസം സ്വപ്‌നമേ ആകൂ.സര്‍റിയലിസ്റ്റുകള്‍ പ്രാധാന്യം കല്‌പിക്കുന്നത് സ്വപ്‌നത്തിനാണുതാനും. അവരുടെ തന്നെ വ്യക്തിത്വത്തെ ഭദ്രമാക്കിവെക്കുവാന്‍ സറിയലിസം സഹായിക്കുകയില്ല. അബോധ മനസ്സിനെ അഴിച്ചുവിട്ടുകൊണ്ടാണ് സറിയലിസ്റ്റുകള്‍ കലാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്.
കവി, കവിത, സമൂഹം
അയ്യപ്പന്‍ ആള്‍ക്കൂട്ടത്തിലെ ഏകാകിയും ഘോഷയാത്രയിലെ ഒറ്റയാനും ആരവങ്ങളിലെ നിശ്ശബ്‌ദനുമാണ്. നിരന്തരമുള്ള യാത്രയുടെയും യാതനനിറഞ്ഞ ജീവിതത്തിന്റേയും ഭാരം നിറഞ്ഞ ഒരു യാത്രയാണ് അയ്യപ്പന് കവിത. പ്രത്യേകമായ കാഴ്‌ചപ്പാടുകളിലോ സ്ഥായിയായ വിചാരങ്ങളിലോ പ്രത്യയശാസ്‌ത്രങ്ങളിലോ അടിമയാവാതെയാണ് അയ്യപ്പന്‍ കവിത എഴുത്ത് നടത്തുന്ന്. മലയാള കവിതയിലെ വെയില്‍ തിന്നുന്ന പക്ഷിയും, തണലില്ലാത്ത മരച്ചുവട്ടിലെ പൊള്ളുന്ന ചൂടും ഉര്‍വ്വരത മറയുന്ന മണ്ണിലെ വരളുന്ന തൊണ്ടയും ഇയാള്‍ക്ക് കവിതയായി മാറുന്നതിന് പിന്നില്‍ മനസ്സിന്റെ ബോധാബോധമിശ്രണങ്ങളില്‍ വരുന്ന ഭാവങ്ങളാണ്.
ഭയവിഹ്വലതയും ദുരന്തവും പീഢാനുഭവും കലയിലും ജീവിതത്തിലും കലര്‍ന്ന മൗലീക പ്രതിഭ. കയ്‌പ്പ് നിറഞ്ഞ ബാല്യവും തിമിര്‍ത്താടാന്‍ വെമ്പല്‍കൊണ്ട യുവത്വവും മനസ്സിന് സംഘര്‍ഷങ്ങളാണ് സമ്മാനിച്ചത്. സങ്കീര്‍ണ്ണമായ ബോധാബോധ സ്വപ്‌നങ്ങള്‍ കാവ്യഭാഷയില്‍ ശ്ലഥബിംബങ്ങളായി പരിണമിച്ച പ്പോള്‍ അയ്യപ്പന്റെ വാക്കുകള്‍ക്ക് വജ്രസൂചിയുടെ കാഠിന്യവും കനലിന്റെ തീക്ഷ്‌ണതയും പെരുമ്പറയുടെ മുഴക്കവും അനുഭവപ്പെട്ടു. ഇന്നലെകളിലെ സത്യങ്ങളും ഇന്നുകളിലെ യാഥാര്‍ത്ഥ്യങ്ങളും നാളെകളിലെ സംഭവങ്ങളും അലിഞ്ഞുചേര്‍ന്നതാണ് അയ്യപ്പന്‍ കവിതകള്‍. കാലങ്ങള്‍ ഒന്നായി നിന്ന് ബിംബങ്ങള്‍ സംവേദനം ചെയ്യുമ്പോള്‍ അയ്യപ്പന്റെ കാവ്യഭാഷ ആത്മനിവേദനമായി അനുഭവപ്പെടുന്നു. അക്ഷരങ്ങളെ അഗ്നിയാക്കി മാറ്റി വാക്കുകളെ തീഷ്‌ണമാക്കാനുള്ള കവിയുടെ കരവിരുത് അന്യാദൃശമാണ്. മറ്റ് മലയാളകവികളില്‍ കാണാത്ത ഈ അസാധാരണ വൈഭവംകൊണ്ടുമാത്രം അയ്യപ്പന്‍ മലയാളകാവ്യലോകത്ത് ചിരപ്രതിഷ്‌ഠിതനായിത്തീര്‍ന്നു.
അയ്യപ്പന്റെ ഭാഷ ഋതുക്കളുടെ ഭാഷയാണ്. ദേശവും നാടും രാജ്യവും മറികടക്കുന്ന ഭാഷ. ഈ ഭാഷ കവിതയില്‍ ആസ്വദിക്കുകയെന്നത് ഒരു അനുഭൂതിയാണ്. (മുറിവേറ്റ ശീര്‍ഷകങ്ങള്‍:9) വാത്സല്യവും പ്രണയവും സ്‌നേഹവും സാന്ത്വനവും കോപവും വെറുപ്പും പ്രതിഷേധവും എതിര്‍പ്പും സമന്വയിച്ച കാവ്യ ഭാഷയാണ് അയ്യപ്പനില്‍നിന്ന് നിര്‍ഗമിക്കുന്നത്. ദയാശൂന്യമായ ജീവിതത്തോടും ചുറ്റുപാടുകളോടും ഏറ്റമുട്ടി തീവ്രവേദന ഏറ്റുവാങ്ങുന്നവന്റെ വിങ്ങലും നിസ്സംഗതയും കവി പ്രകടിപ്പിക്കുമ്പോള്‍ അത് മലയാളിക്കും മറുനാട്ടുകാരനും ഒന്നുത്തന്നെയാണെന്ന് നമ്മുക്ക് അറിയാനാകും. വാക്കുകളുടെ നിയതാര്‍ത്ഥങ്ങള്‍ക്ക് അപ്പുറമുള്ള ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ സമാനതയുണ്ടെന്ന് തിരിച്ചറിയാനാകും.
കുറ്റപ്പെടുത്തലുകളോ പഴിചാരലുകളോ നടത്താന്‍ അയ്യപ്പന്‍ തയ്യാറാകുന്നില്ല. ആത്മപീഡനം ഏറ്റുവാങ്ങു മ്പോഴും കവി അതിന് മറ്റാരെയും പഴിചാരുന്നില്ല. അലച്ചിലില്‍നിന്നും ഒറ്റപ്പെടലില്‍നിന്നുമാണ് കവിത യെഴുതാനുള്ള പ്രചോദനം കിട്ടിയിട്ടുള്ളതെന്ന് അയ്യപ്പന്‍ പറയുന്നു. (തെറ്റിയോടുന്ന സെക്കന്റ്‌സൂചി)
മനുഷ്യന്റെ കണ്ണില്‍ മുള്ളു തറഞ്ഞപ്പോഴാണ് അയ്യപ്പന്‍ കവിയായത്. അത് മനുഷ്യത്വത്തിന്റെ ഹൃദയത്തിലേറ്റ മുറിവുതന്നെയാണ്. അതിന് പിന്നില്‍ മനുഷ്യന്‍ ചെയ്‌ത പാപങ്ങളുടെ ഒരു പരമ്പരയുണ്ട്. അത്താഴം എന്ന കവിത പിന്തുടരുന്ന ഒരു കുടുംബത്തേയും, കുടുംബനാഥനേയും ഏത് വഴിയിലും നമുക്ക് കണ്ടെത്താനാകും. അഞ്ചുരൂപ നോട്ടില്‍നിന്ന് ഒരു നേരത്തെ ആഹാരം സ്വപ്‌നം കാണുന്നവന്റെ മുഖം എഴുന്നുവരുന്നു.
സര്‍റിയലിസം അയ്യപ്പന്റെ കവിതകളില്‍
പരസ്‌പരബന്ധമില്ലാത്ത രണ്ട് വ്യത്യസ്‌തബിംബങ്ങള്‍ അടുത്തടുത്തു വയ്‌ക്കുമ്പോള്‍ മനസ്സ് അതു പൂരിപ്പിക്കുന്നു. അയ്യപ്പന്‍ വായനക്കാരിലെ കവിക്ക് സൗന്ദര്യാത്മകമായി പൂരിപ്പിക്കുവാന്‍ കവിതയ്‌ക്കുള്ളില്‍ വിടവുകളും വിരാമങ്ങളുമിടുന്നു. മാത്രമല്ല സാധാരണവാക്കുകളെപ്പോലും രഹസ്യങ്ങള്‍ നിറഞ്ഞ മുത്തുച്ചിപ്പികളാക്കി മാറ്റുന്നു, ഈ കവി. എരിയുന്ന മനസ്സിന്റെ ഉടമയായ കവി പേടിപ്പെടുത്തുന്ന പ്രഹേളികയുടെ രൂപത്തില്‍ ഒറ്റനോട്ടത്തില്‍ ഭ്രാന്ത് എന്ന് തോന്നിപ്പിക്കുന്ന കഴയ്‌ക്കുന്ന ചോദ്യങ്ങള്‍ വായനക്കാരുടെ നേരെ എറിയുന്നു. ഭ്രാന്തനെപ്പോലെ ഉത്തരങ്ങള്‍ കേള്‍ക്കുവാന്‍ ഉദാസീനത കാട്ടുകയും ചെയ്യുന്നു.
സ്വപ്‌നംപോലെ സ്വതന്ത്രമാണ് കവിതയെന്നാണ് സറിയലിസ്റ്റുകള്‍ വിശ്വസിക്കുന്നത്. അയ്യപ്പനും അതേ വഴിതന്നെയാണ് പിന്തുടരുന്നത്.
താഴ്‌വരയുടെ പച്ചയിലൂടെ
സൂര്യപ്രകാശവേഗത്തിലൂടെ
സമുദ്രതാളത്തിന്റെ മുകളിലൂടെ
അക്ഷരജ്യോതിസ് തെളിയുന്ന
ബുദ്ധന്റെ നിര്‍വ്വേദ സന്ധ്യയ്‌ക്കരികിലൂടെ
പിന്തുടരുന്ന കൂരമ്പിനേക്കാള്‍
എന്റെ പക്ഷി പറക്കുന്നു.
(ഒരു പ്രതിപക്ഷ ജീവിതത്തിന്)
സ്വതന്ത്രമായി ജീവിക്കുവാന്‍ താല്‍പര്യപ്പെടുന്നവനെ തടയാനോ എയ്‌തുവീഴ്‌ത്താനോ ശ്രമിക്കുമ്പോള്‍ ആ പ്രതിബന്ധങ്ങള്‍ക്കു അടുത്തെത്തുവാന്‍ കഴിയാത്ത വേഗത്തില്‍ സഞ്ചരിക്കുന്ന പക്ഷിക്ക് തുല്യമായി അയ്യപ്പന്റെ കവിതകള്‍ പായുന്നു.
അബോധത്തിന്റെ സൃഷ്‌ടികളായ സ്വപ്‌നത്തിന് ഇടംകൊടുക്കുന്ന അയ്യപ്പന്റെ കവിതകള്‍ക്ക് സര്‍റിയലിസത്തിന്റെ കാഴ്‌ച്ചപ്പാടുകളുമായി അടുത്ത ബന്ധമാണുള്ളത്. ആശയങ്ങളും അനുഭൂതികളും കടക്കുന്ന കവിതകളില്‍ ഭ്രാന്തമായ അലച്ചിലുകള്‍ വഴി അയ്യപ്പന്റെ ജീവിത്തിന്റെ തീവ്രമായ അഭിപ്രായങ്ങളും സ്വപ്‌നങ്ങളും നിറം കൊടുത്ത് അനുവാചകന്റെ മനസ്സില്‍ ഇടം പിടിക്കുന്നുണ്ട്.
തന്റെ ജീവിതത്തിന്റെ ഉപയോഗം കവിതയാണെന്ന് അയ്യപ്പനെ അറിയുന്നവര്‍ക്കും, കവിതകളെ അനുഭവിച്ചറിയുന്ന ഏതൊരാസ്വാദകനും മനസ്സിലാവും. തന്റെ ഓര്‍മ്മകളിലും അനുഭവങ്ങളിലും അയ്യപ്പനെ അയ്യപ്പനാക്കിയ അനുഭവങ്ങള്‍ കവിതകളായി മുഴങ്ങുന്നു.
മനസ്സിന്റെ സ്വച്ഛന്ദഗതിയെ അഥവാ യാന്ത്രികവ്യാപാരമാണ് സറിയലിസത്തിന്റെ ആധാരമെന്ന് ആന്ദ്രേ ബ്രിട്ടണ്‍ പ്രസ്‌താവിക്കുന്നുണ്ട് (പാശ്ചാത്യസാഹിത്യ തത്വശാസ്‌ത്രം-പേജ്; 390). ഏകാന്ത സഞ്ചാരിയായി ജീവിക്കുന്ന അയ്യപ്പന് നഷ്‌ടങ്ങളുടെ കണക്കുകള്‍ പേറുന്ന മാനസികാവസ്ഥയില്‍ ഉരുള്‍പ്പൊട്ടലുകളായി കവിത വന്നു പതിക്കുകയാണു ചെയ്യുന്നത്. ആ ഉരുള്‍പ്പൊട്ടലുകളില്‍ കാലത്തിന്റെ ക്രൂരമായ മുഖങ്ങളെ തെളിയിച്ചുകാണിക്കുന്നു.യഥാര്‍ത്ഥകവിത ബാഹ്യയാഥാര്‍ത്ഥ്യത്തെ യഥാതഥമായി ചിത്രീകരിക്കുന്നതില്‍ സംതൃപ്‌തിയടയുന്നില്ല.
അറ്റുപോയ വേരിന്റെ
ഇനിയുമുണങ്ങാത്ത മുറിവുകളില്‍
തെറ്റുചെയ്‌ത കൈകളുടെ ചാരം വീഴുന്നു.
(പ്രവാസിയുടെ ഗീതം)
പ്രവാസത്തിന്റെ ശിക്ഷകഴിഞ്ഞ് മടങ്ങി വരുന്നുണ്ടെന്ന വാര്‍ത്ത പ്രവാസത്തിന്റെ ശിക്ഷ കഴിഞ്ഞ തന്നെ ഗ്രാമം അറിഞ്ഞിരിക്കുമോ എന്ന സംശയമാണ് കവിക്ക്. സംശയങ്ങളുടെ ഒഴുക്കെത്തിനില്‍ക്കുന്ന തെങ്ങനെയെന്ന് ശ്രദ്ധിക്കുക. ഈ വരികളുടെ തുടര്‍ച്ചകള്‍ ബാഹ്യയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും യഥാര്‍ത്ഥ മായവ അയഥാര്‍ത്ഥമായ കുറെയധികം വിചാരങ്ങളുടെ ചിത്രണങ്ങളായി വഴിമാറുന്നു. അവിടെവെച്ചാണ് സറിയലിസത്തിന്റെ സ്വഭാവങ്ങള്‍ അയ്യപ്പന്റെ കവിതകളില്‍ പ്രവേശിക്കുന്നത്.
എന്റെ വാക്ക്
കരിഞ്ഞുപോയ ഭ്രൂണമാണോ
എന്റെ വേഗം
കാലുകളറ്റ കുതിരയാണോ
(കടലാസുപക്ഷി)
മദ്യപാനം, മരുന്നു തീറ്റ, വേശ്യാവൃത്തി, വ്യഭിചാരം എന്നുവേണ്ട എന്തെല്ലാം നടത്താമോ അതെല്ലാം നടത്തി ഇന്ദ്രിയത്തെയും ബോധത്തേയും നിര്‍വീര്യമാക്കി കാവ്യനുഭൂതി നുകര്‍ന്നെടുക്കണമെന്ന് സറിയലിസ്റ്റായ റിബോ അനുശാസിക്കുന്നു. (പാശ്ചാത്യസാഹിത്യ തത്ത്വശാസ്‌ത്രം: 390) ഈ അനുശാസനം അയ്യപ്പന്റെ മനസിനെ സ്വാധീനിച്ചതായി തോന്നുന്നുണ്ട്. ഇന്ദ്രിയത്തേയും ബോധത്തേയും നിര്‍വീര്യമാക്കികൊണ്ട് വികാരത്തിന്റെ സ്ഥാനത്ത് സംഭ്രാന്തിയും അനുഭൂതിയുടെ സ്ഥാനത്ത് ലഹരിയും സൃഷ്‌ടിച്ച് കല്ലുംമുള്ളും മെതിച്ച് കാട്ടിലേക്കു യാത്രചെയ്യുന്നു. സ്‌മൃതിയെ മരമാക്കുകയും, കണ്ണുകളുടെ മഹാവൃക്ഷമായി സങ്കല്‌പിക്കുകയും മനസ്സിനെ കാറ്റുപിടിച്ച പതാകയാക്കുകയും ചെയ്യുന്നു അയ്യപ്പന്‍. വാക്കുകളുടെ ഉള്ളിലെ ചിത്രങ്ങള്‍, വിരുദ്ധങ്ങളായ ബിംബങ്ങള്‍ എന്നിവ വഴി ജീവിതത്തോടുള്ള കാഴ്‌ചപ്പാട് അയ്യപ്പന്‍ കവിതകളില്‍ നിറയ്‌ക്കുന്നു. വാക്കിന്റെയും അര്‍ത്ഥങ്ങളുടെയും അതിര്‍ത്തിഭേദിക്കുന്ന കവിതകള്‍ വേദനകളുടെയും മുറിവിന്റെയും ഉന്മത്തമായ ആവിഷ്‌ക്കാരത്തില്‍ പൊള്ളുന്ന കണ്ണീരാവുന്നു കവിത.
കവിതയിന്ന് വര്‍ത്തമാനത്തിന്റെ വായ്‌ത്താരി
മരണത്തിന് ജീവന്റെ പൊയ്‌മുഖം
വെച്ചിരിക്കുന്നവര്‍ക്കുള്ള വായ്‌ക്കരി
രക്തമുണങ്ങുന്നതിന് മുമ്പ് കുരുതിത്തറയില്‍ വിരിയുന്ന പൂവ്.
അമ്മയുടെ ആശിസ്സുകള്‍ നേടിയ ശിരസ്സ്
മിത്രത്തിന്റെ നെഞ്ചില്‍ നിന്നൂരിയെടുത്ത അമ്പ്
മണ്ണൂമൂടിയ എന്റെ ശരീരത്തിലൂടെ നടന്ന്
തിരിഞ്ഞുനിന്ന് ഒരിക്കലെനിക്ക് നീ പറയുന്ന കൃതജ്ഞത
(കരിനാക്കുള്ളവന്റെ പാട്ട്)
ഭാഷയുടെ സ്ഥാപിതവ്യവസ്ഥകള്‍ക്ക് മുമ്പില്‍ ഒതുങ്ങിനില്‍ക്കാതെ സമൂഹത്തിന് പുറത്തുനിന്നുകൊണ്ട് ഭ്രാന്തന്‍ ഭാഷയുടെ ചേരുവകകള്‍കൊണ്ട് തീവ്രമായ അനുഭവത്തിന്റെ ചൂളയിലേക്ക് കവിതകളിലൂടെ ക്ഷണിക്കുകയാണ്. ചെന്നിനായകം പോലെ കയ്‌ക്കുന്ന സംസ്‌കാരത്തിന്റെ മലിനതയെയും നിലവിലുള്ള കവിതകളിലെ കൃത്രിമത്വത്തെയും
തിരസ്‌കരിക്കുന്നു അയ്യപ്പന്‍.
കറുത്ത തലച്ചോറിലുദിക്കൂ സൂര്യന്‍
കഴുത്തിലണിയിക്കൂ മഹാഫണിയെ
ബുദ്ധിയെ കാട്ടാളന്‍ കൊണ്ടുപോയ്, ചൊല്ലുക
ദത്താത്മാവിന് സൂര്യഗായത്രി.
വൃക്ഷം എന്ന കവിതയില്‍
ചിന്തയുടെ യഥാര്‍ത്ഥ വ്യാപാരത്തില്‍ സഞ്ചരിക്കുന്ന തോന്നലുകളെ അതേപടി ചിത്രീകരിക്കുന്ന സര്‍റിയലിസ്റ്റ് സ്വഭാവത്തിന്റെ കടിഞ്ഞാണില്ലാതെയുള്ള വാക്കുകളുടെയും ബിംബങ്ങളുടെയും പ്രവാഹം കാണാവുന്നതാണ്. ജീവിതത്തില്‍ തനിക്കു മുമ്പിലുണ്ടാവുന്ന തോന്നലുകള്‍ വരികളാവുന്ന ഈ കവിതയില്‍ പുനര്‍ജ്ജനിക്കുവേണ്ടി, നന്മയെ തൊട്ടുനില്‍ക്കുന്ന നിമിഷത്തില്‍ സാന്ത്വനവാക്കുകളെ കാത്തുനില്‍ക്കുന്ന കവിയുടെ ബുദ്ധിയെ കാട്ടാളന്‍ കൊണ്ടുപോകുന്നതായി പറയുന്നുണ്ട്. ധാന്യവും ക്ഷീരവും നീട്ടുന്ന കൈകളില്‍ നാഗത്താന്റെ പല്ലുകളമരുന്നു.
മുക്തമാം ഛന്ദസ്സും
മുറിയുന്ന താളവും
രക്തവും മഷിയുമായ്
ഞാന്‍ വിയര്‍ക്കുന്നു
ഈ ഭാവനകള്‍ വന്നുചേരുന്നത് അനുഭവത്തിന്റെ തീവ്രതയിലും, സങ്കീര്‍ണ്ണതയുടെ ചുഴലികളിലൂടെയുമാണ് എന്ന് കണ്ടെത്താന്‍ കഴിയുന്നതാണ്.
വാക്യബന്ധമോ വരികള്‍ തമ്മിലുള്ള ചേര്‍ച്ചയോ, കോമകള്‍ കൊണ്ടും ഫുള്‍സ്റ്റോപ്പുകള്‍ കൊണ്ടും സൃഷ്‌ടിക്കുന്ന സൗന്ദര്യമോ കാണാന്‍ കഴിയില്ലെങ്കിലും കവിതയില്‍ മുഴുവനായി ആസ്വദിക്കുവാന്‍ കഴിയുന്നവകളെ വിതച്ചിരിക്കുന്നതായി അനുഭവിക്കാന്‍ കഴിയുന്ന കവിതകള്‍ സറിയലിസത്തിന്റെ വിത്തുകളും ഫലങ്ങളുമാണ്.
ഇല്ല ഗ്രീഷ്‌മം ഇല്ല വര്‍ഷം ഇല്ല ഹേമന്തം എന്ന കവിത ഈ സ്വഭാവത്തിലുള്ള കവിതയാണ്. സറിയലിസത്തിന്റെ എല്ലാ ലക്ഷണങ്ങളും ഒരു പോലെ അയ്യപ്പന്റെ കവിതകളില്‍ കാണാന്‍ കഴിയാറില്ലെങ്കിലും സറിയലിസവുമായുള്ള ബന്ധം കൂടുതല്‍ കവിതകളില്‍ പ്രതിബിംബിക്കുന്നതു കാണുവാന്‍ കഴിയും.
നീല ലിറ്റ്‌മസിനപ്പുറം കത്തുന്ന
തീനാളമാരുടെ മനസ്സാണ്
ഉര്‍വ്വരമായ മണ്ണില്‍ വിതയ്‌ക്കുന്ന
കണ്ണുകളെല്ലാമാരുടേതാണ്.?
(ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍)
ബിംബങ്ങളുടെ ആഘോഷമാണ് പലപ്പോഴും അയ്യപ്പന്റെ കവിതകള്‍. സാമൂഹികമായ നിരാലംബത വൈയക്തിക നൈരാശ്യത്തിന്റെയും സ്വപ്‌ന ദര്‍ശനത്തിന്റെയും രൂപത്തില്‍ പ്രതിഫലിക്കുന്നിടത്താണ് ഈ രചന ഒരു തോട്ടത്തില്‍ വിരിയുന്ന ചെടികളുടെയും വൈവിധ്യത്തേക്കാള്‍ ഏകരൂപമായ ബഹുലതയാണ് അയ്യപ്പന്റെ കവിതകളില്‍ കാണാന്‍ കഴിയുന്നത്.-സച്ചിദാനന്ദന്‍. ഈ കവിതയുടെ ലോകത്തില്‍, മരിച്ചരക്തത്തിന്റെ നിലവിളിയും കറുത്തപൂവിന്റെ വിത്തുകളുമുണ്ട്.
ഒരു പ്രസ്‌താവത്തെ വിരുദ്ധവശങ്ങളായി പിളര്‍ത്തികൊണ്ടോ ഒന്നിന്റെ ഗുണം മറ്റേതിലേക്കു സംക്രമിപ്പിച്ചുകൊണ്ടോ രണ്ടു വൈരുദ്ധ്യങ്ങളെഒരു കല്‌പനയില്‍ സമന്വയിപ്പിച്ചുകൊണ്ടോ ഒന്നിന്റെ ക്രിയാധര്‍മ്മത്തെ മറ്റൊന്നിന്റെ നിശ്ചലതയില്‍ നേരിട്ടുകൊണ്ടോ കവി വിരുദ്ധോക്തിയുടെ ലവണശില്‌പങ്ങള്‍ നിര്‍മ്മിക്കുന്നു.
ഈ കവി കവിതയെ മറ്റൊന്നിന്റെയും ഉപകരണമാക്കാതെ സ്വയം ആയിരിക്കാനനുവദിച്ചുകൊണ്ട് കവിതയ്‌ക്ക് അതിന്റെ സ്വഭാവം തിരിച്ചുനല്‍കുന്നു.
തന്റെ കവിതകള്‍ക്ക് വേണ്ടി ജീവിക്കുന്ന മനുഷ്യനായി മാറുന്ന അയ്യപ്പനെയാണ് വരികളിലൂടെ കാണാന്‍ കഴിയുന്നത്. അതുപോലെ തന്നെ തനിക്കഭയം കവിതയാണ് എന്ന അയ്യപ്പന്‍ പറയുന്നുണ്ട്. ഓര്‍മ്മകളും അനുഭവങ്ങളും സ്വപ്‌നങ്ങളും ഇഴചേര്‍ന്നോ ചേരാതെയോ പ്രത്യക്ഷപ്പെടുന്ന കവിതകള്‍ അയ്യപ്പന്റേതായുണ്ട്. കവിതയില്‍ തന്നെ മുഴുവനായും ഉപയോഗിക്കുന്നവനാണ് അയ്യപ്പന്‍ കവി കവിതയെഴുതി കടംവീട്ടുന്നു. ഓര്‍മ്മയെ വേദനിപ്പിക്കുന്ന സ്‌മരണകള്‍ ഭ്രമിക്കുന്ന സ്വപ്‌നങ്ങള്‍ എന്നിവ കലര്‍ന്ന അയ്യപ്പന്റെ കവിതകള്‍ പൂക്കളും മുള്ളുകളും ചോറും ചോരയുമൊക്കെ ചിതറിക്കിടക്കുന്ന ഒരൊറ്റ ക്യാന്‍വാസിലൂടെ തന്നെ അനുവാചക ഹൃദയത്തിലേക്കുകടന്നുവരുന്നു. ഇരുട്ടില്‍ അമ്പെയ്യുന്ന അയ്യപ്പന് നക്ഷത്രങ്ങളിലേക്കുള്ള യാത്രയില്‍ സൂര്യനെ കീഴടക്കുവാന്‍ മടിയില്ല. കവിത എപ്പോഴും തനിക്ക് സത്യമാണെന്നു വിശ്വസിക്കുന്നവന് അഭയവും കവിത തന്നെയാണ്. ചരിത്രത്തിന് സാക്ഷിമാത്രമാണ് കവി എന്നു കരുതുമ്പോള്‍ ജീവിതം ചരിത്രത്തില്‍ ആഘോഷവും, ആനന്ദവും ആവേശവുമായി മാറുകയാണ്. ഞാന്‍ ബലിയാട് മാത്രമല്ല എന്റെ കാലത്തിലെ പ്രവാചകന്‍ തന്നെയാണ്. എന്നു പറയുന്ന കവി ഉദയാസ്‌തമനങ്ങളുടെ ചുമപ്പും ആകാശത്തിന്റെ വിശുദ്ധിയും ഭൂമിയുടെ മണവും തന്റെ കവിതകള്‍ക്കുണ്ടെന്നു കാട്ടി തരുന്ന കവിക്ക് മണ്ണും മനുഷ്യനും അപരിചിതമല്ല. ജീവിതത്തെ സ്‌നേഹിക്കുന്നത് വൈവിധ്യങ്ങള്‍ കൊണ്ടുനിറഞ്ഞ തന്റെ കവിതകളെപ്പോലെ ഒരു കൊളാഷ് ചിത്രത്തിന്റെ ആസ്വദനത്തിലൂടെ കവിത മുഴുവന്‍ അന്തമായ സംഗീതത്തിന്റെ പിരിമുറുക്കമുള്ള ചാറ്റുഗദ്യത്തിന്റെ വഴി സ്വീകരിച്ചിട്ടുള്ളത് സ്വാഭാവികമാണ്. എന്നാല്‍ സ്വാഭാവികതകളില്‍ എന്റെ കവിതകളില്ല എന്ന് അയ്യപ്പന്‍ തുറന്നുപറയുന്നു. ജീവിതത്തില്‍ നോവുകള്‍ ഏറ്റുവാങ്ങുമ്പോള്‍ പ്രതിഫലനം സമുദ്രത്തിന്റെ ഗര്‍ത്തങ്ങളും ചുഴലികളും തെളിഞ്ഞ ശാന്തതയില്‍ മുറിവുകളുടെ വസന്തമായി കവിതകള്‍ മാറുകയാണ്.
സ്ഥിരബുദ്ധിയുടെ സൗന്ദര്യധാരയ്‌ക്കുള്ളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള സൗന്ദര്യവീക്ഷണത്തില്‍ നിന്നാണ് അയ്യപ്പന്റെ കവിതകള്‍ പ്രത്യക്ഷപ്പെടുന്നതും അവ ആസ്വദനത്തില്‍ എത്തുന്നതും. ആദ്യമായി വായിക്കുന്ന സംവേദനശക്തിയുള്ളവര്‍ക്ക് ഈ കവിതകളിലെ വാക്കുകളിലും ഇതിന്റെ ഒഴുക്കിലും കുരുങ്ങിവീഴുന്ന അനുഭൂതിയുണ്ടാകുന്നു. വാക്കുകളുടെ വജ്രസൂചികള്‍ കൊണ്ട് അനുവാചകന്റെ കരള്‍ കൊത്തിമുറിക്കുന്ന വല്ലാത്ത ശക്തിയും കരുത്തും അയ്യപ്പന്റെ കവിതകള്‍ക്കുണ്ട്. നിശബ്‌ദതയും മൗനവും വാചാലതയും വിസ്‌ഫോടനവും ഒക്കെ അക്ഷരങ്ങളിലും വാക്കുകളിലും നിറച്ച അയ്യപ്പന്റെ കവിതകള്‍ക്ക് സ്വപ്‌നവും ഭ്രാന്തും ജീവിതവും ലോകവും മേളിക്കുന്നതിന്റെ ഒഴുക്കുകള്‍ക്കിടയിലൂടെയുള്ള യാത്രകളാണ്. മലയാളകവിതയില്‍ അയ്യപ്പന്റെ കവിതകളുടെ വ്യത്യസ്‌തത കുരുത്തംകെട്ട കല്‌പനകളും വിചിത്രമായ സ്വഭാവവും കൊണ്ടുള്ള സവിശേഷമാണ്.
ഒരു നിമിഷത്തില്‍ നമ്മുടെ ബോധത്തിന് പിടിതരാതെ വഴുതി മാറുകയും അടുത്ത നിമിഷത്തില്‍ നമ്മുടെ ബോധത്തലത്തില്‍ പ്രത്യക്ഷപ്പെട്ട് തെളിയുകയും ചെയ്യുന്ന വിചിത്രമായ സ്വഭാവം അവയ്‌ക്കുണ്ട്. ഇത് ഭ്രാന്തും കവിതയും തമ്മിലുള്ള ബന്ധത്തിന്റെ അനുഭവമാണ്. (കേരള കവിതയിലെ കലിയും ചിരിയും: 130)
വാക്കും അര്‍ത്ഥവും കഴിഞ്ഞുള്ള കവിയുടെ വിരലടയാളങ്ങളാണ് അയ്യപ്പന്റെ കവിതകള്‍. ഒച്ചമുറിയുമ്പോള്‍ വിളികേള്‍ക്കുന്ന ഹൃദയം കൈമുതലുള്ള ഒരാളെ കവിതയില്‍ സൂക്ഷിക്കുന്ന അയ്യപ്പന് ഭൂമിയെന്നത് സ്വന്തം വീട് തന്നെയാണ്. വാന്‍ഗോഗ് പറഞ്ഞപോലെ ഏത് നാടും സ്വന്തം നാട് എന്ന് പറയാന്‍ കഴിയുന്ന അവധൂതനാണ് അയ്യപ്പന്‍. ഡല്‍ഹിയിലെ തെരുവുകളും തിരുവനന്തപുരത്തെ ചെങ്കല്‍ചൂളയും അയ്യപ്പന് കൈവെള്ളയിലെ രേഖകളാണ്.
ആദ്യകാല രചനകളില്‍നിന്ന് ഒരുപാട് സാമ്യതകള്‍ സമീപകാല കവിതകളില്‍ വരുന്നുണ്ടെങ്കിലും നമ്മെ പിടിച്ചിരുത്തി ചിന്തിപ്പിക്കുന്ന ജീവിതത്തിന്റെ ഒരു മിന്നായം എല്ലാ കവിതകളിലും ഉണ്ടെന്ന് പറയാം. ദാലിയും മാഗ്‌രിത്തെയും പിന്നെ നല്ല നാടന്‍ ചാരായവും കടത്തിണ്ണയും ബീഡിപ്പുകയും എല്ലാംകൂടിചേര്‍ന്ന ഒരു ജനപ്രിയകവിയാണ് മലയാളിക്ക് എ. അയ്യപ്പന്‍.
ഒരിക്കലും അലക്കാത്ത ഒറ്റമുണ്ടില്‍ നടന്നുമറയുന്ന അവനില്‍ നാമുണ്ടെന്ന് തിരിച്ചറിയുമ്പോഴേക്കും നേരം വൈകിയിരിക്കും. അവന്‍ വേറൊരു നാട്ടില്‍ ഒരു പുഴയില്‍ മുങ്ങിക്കുളിക്കുകയായിരിക്കും. അല്ലെങ്കില്‍ റോഡ് മുറിച്ചുകടക്കുകയായിരിക്കും. ഏതോ ഹോളിവുഡ് സിനിമയിലെ സഹനടന്റെ റോളഭിനയിക്കുന്ന നടനാണ് അയ്യപ്പനെന്ന് തോന്നാം. നിശ്ശബ്‌ദന്‍ എന്നാല്‍ എല്ലാം അറിയാവുന്നവന്‍. ആ തോക്ക് എപ്പോഴാണ് പൊട്ടുകയെന്നും, വെടിയുണ്ട എപ്പോഴാണ് തന്റെ നെഞ്ച് തകര്‍ക്കുന്നതെന്നും കൃത്യമായി അറിയാവുന്ന ഒരു സഹനടന്‍.
ചിത്രകലയുമായുള്ള ബന്ധത്തില്‍നിന്നാവണം സറിയലിസം അയ്യപ്പനെ ആവേശിച്ചതെന്ന് വേണം കരുതാന്‍. ജീവിതത്തിന്റെ ഒരു ചീന്ത് അയ്യപ്പനിലെ കവിയെ നമ്മോട് ചേര്‍ത്തുനിര്‍ത്തുമ്പോഴും ഭ്രമാത്മക ബിംബങ്ങള്‍ കാണാതെ ആ കവിതകളിലൂടെ കടന്നുപോകാനാകില്ല. അയ്യപ്പന്‍ ഒരു സറിയലിസ്റ്റ് കവിയെന്ന തരത്തില്‍ വായിക്കേണ്ടതുണ്ട്.
അകവിതകളെന്നോ പ്രതികവിതകളെന്നോ പറയാവുന്ന അയ്യപ്പന്റെ രചനകള്‍ കവിയുടെ ദൗത്യത്തെക്കുറിച്ചുള്ള ഭിന്നാഭിപ്രായങ്ങളും കുറിക്കുന്നു. ദാലിയുടെ പ്രസിദ്ധ ചിത്രത്തിലെ ഒഴുകിയിറങ്ങുന്ന ഘടികാരം എന്ന ബിംബത്തോട് അയ്യപ്പന്റെ കവിതകളെ ചേര്‍ത്തുവായിക്കാനാവും. വസ്‌തുവിന്റെ ദ്വിമാനരൂപത്തിലുള്ള കാഴ്‌ചയാണ് അയ്യപ്പന്റെ കവിതയെ വ്യത്യസ്‌തമാക്കുന്നത്. വായനയില്‍ അബോധമനസ്സിന്റെ ഇടപെടലുകള്‍ അയ്യപ്പന്റെ കവിതകളില്‍ ബിംബങ്ങളും പ്രതിബിംബങ്ങളുമായി കടന്നുവരുന്നു. വിഭ്രമാത്മകതയുടെയും ഉന്മാദത്തിന്റെയും അതിരുകളില്‍ നിന്നാണ് അയ്യപ്പന്‍ നമ്മോട് സംസാരിക്കുന്നത്. അതുകൊണ്ടാവണം ആ കവിതകള്‍ സറിയലിസ്റ്റ് കവിതകളാകുന്നത്.
(എ. അയ്യപ്പനെക്കുറിച്ച് അജേഷ് കുമാർ വായനാമുറി. കോമിൽ എഴുതിയ കുറിപ്പിനെയും ഉപകാരപ്പെടുത്തിക്കൊണ്ട് .)