07-06-19


ഇന്ന് ആദിവാസി അനുഷ്ഠാന ഗീതമായ കുംഭപ്പാട്ടിനെ പരിചയപ്പെടാം..
കുംഭപ്പാട്ട്
ആദിവാസിസമൂഹങ്ങളുടെ അന്യംനിന്നുപോകാത്ത താളപ്പെരുമ മുഴങ്ങുന്ന അപൂർവ കലാരൂപങ്ങളിലൊന്നാണ് കുംഭപ്പാട്ട്. പാട്ടിൽ  ദൈവതുല്യനായി കുറവസമുദായത്തിന്റെ പുരാവൃത്തങ്ങളിൽ വാഴുന്ന കല്ലേലി അപ്പൂപ്പന്റെ ചരിതം നിറയുന്നു. ഏഴുരാവുകൾ തീർത്തുപാടിയാലും തീരാത്തപാട്ടിലെ ചൊല്ലുകളിൽ പടിഞ്ഞാറു തിരുവാർക്കടൽ മുതൽ കിഴക്ക് പാണ്ടിനാടു വരെയുള്ള ദേശചരിത്രം കേട്ടെടുക്കാം. അച്ചൻകോവിൽ വഴി ശബരിമലയ്ക്കുള്ള കാനനപാതയിൽ അരുവാപ്പുലം കരയിലെ കല്ലേലി ഊരാളി അപ്പൂപ്പൻകാവിലാണ് ആചാരപരമായ കുംഭപ്പാട്ട് അനുഷ‌്ഠിക്കുന്നത്.

അപ്പൂപ്പൻകാവിലെ ഉപദേവപ്രതിഷ്ഠകളായ ഭാരതപ്പൂങ്കുറവനും പൂങ്കുറത്തിയും കുറവസമുദായത്തിനുള്ള ഊരാണ്മ വിളിച്ചോതുന്നു. ഊരാളി പരമ്പരകളുടെ പ്രതീകമായ അപ്പൂപ്പൻ വീരയോദ്ധാവും മാന്ത്രികനും രോഗാദിപീഡകളകറ്റുന്ന സിദ്ധനുമായിരുന്നുവെന്ന്  വാമൊഴിയിലുണ്ട്. പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള  ദേശസഞ്ചാരത്തിനിടയിലെ അപ്പൂപ്പന്റെ പ്രവൃത്തികളിൽ ശത്രുനിഗ്രഹവും രോഗശമനവും പ്രകൃതിദുരന്തങ്ങളെ തടുത്തുനിർത്തലും വിവരിക്കുന്നു. മണ്ണടിദേശത്ത് ജനിച്ച അപ്പൂപ്പൻ ശബരിമലയും അച്ചൻകോവിലുമടക്കം ആയിരത്തോളം മലകളുടെ ഊരാളിയായിരുന്നു. അച്ചൻകോവിൽ ദേശത്തിന് മധുരരാജാവിന്റെ ആക്രമണം ഉണ്ടായപ്പോൾ അപ്പൂപ്പൻ കോട്ടവാസലിലെത്തി കാട്ടുകടന്നലുകളെ വിട്ട് മധുരസേനയെ തുരത്തി ദേശത്തെ സംരക്ഷിച്ചു നിർത്തിയ കഥയും പാട്ടിലുണ്ട്. കല്ലേലി ഊരാളി അപ്പൂപ്പൻകാവിലെ ചുറ്റുമരങ്ങളിൽ കാട്ടുകടന്നലിന്റെ വലിയ കൂട്ടങ്ങൾ പഴയ സ്മരണകളുണർത്തി  ഇപ്പോഴും കാണാം. മേടത്തിലെ പത്താമുദയത്തിനും ചിങ്ങത്തിലെ തിരുവോണത്തിനുമുമ്പുള്ള ഉത്രാടപ്പായലിനും കർക്കടകവാവിനുമാണ് കല്ലേലിയിൽ പാട്ടുനടക്കുന്നത്. പാട്ടിനകമ്പടിയായി കുഭം, പറ എന്നീ വാദ്യങ്ങൾ ഉപയോഗിക്കുന്നു. കൈപ്പിടിയിലൊതുങ്ങുന്ന വ്യത്യസ്ത വ്യാസമുള്ള ചെറിയ കല്ലൻമുളയുടെ കഷണങ്ങളിലാണ് കുഭം രൂപപ്പെടുത്തുന്നത്. കാട്ടിൽനിന്നും ഏഴുമുട്ടുള്ള കല്ലൻമുള വെട്ടി കള്ളുനിറച്ച് ചൂരൽ വരിഞ്ഞുകെട്ടി മുളയുടെ ഉള്ളിലെ പുളിപ്പ്  അകറ്റുന്നു. അതിലെ ലക്ഷണമൊത്ത ഭാഗത്തെ മുട്ട്  നിരപ്പായി ചെത്തിനിർത്തിയതിൽനിന്ന്  രണ്ടടിക്കു മുകളിലായും രണ്ടരയടിക്കു മുകളിലായും ഓരോ കഷണം  മുറിച്ചെടുക്കുന്നു. കുംഭങ്ങൾ എന്നുവിളിക്കുന്ന ഈ മുളംകുറ്റിയുടെ ചുവടുകൊണ്ട് നിരപ്പൊത്ത പാറക്കല്ലിൽ ഇടിച്ചാണ് പ്രപഞ്ചതാളം മുഴക്കുന്നത്. അച്ചൻകോവിലാറ്റിൽനിന്ന് മുങ്ങിയെടുത്ത മിനുപ്പായ ശിലയാണ്  താളമിടുന്നത‌്.   കൊയ്ത്തരിവാളിന്റെ രൂപത്തിലുള്ള കൊങ്കിയിരുമ്പാണ‌്  മേളത്തിൽ ഘനവാദ്യത്തിന്റെ സ്ഥാനത്തു പ്രയോഗിക്കുന്നത്. ചൂടാക്കി പ്രതലമുരുണ്ടുണങ്ങിയ കമുകിൻ പാളയ്ക്കുമേൽ കാട്ടുകമ്പുകൾകൊണ്ടു കൊട്ടുമ്പോൾ ദേവവാദ്യധ്വനി ഉയരും. തപ്പും ചേങ്ങിലയും പറയും ഇടകലരുന്ന വാദ്യമേളം പോലെ നാട്ടറിവിന്റെ പ്രയോഗത്തിൽ കൊട്ടിക്കയറുന്ന താളം കുംഭപ്പാട്ടിനു പരമ്പരയാ  കൈമാറി ലഭിച്ചതാണ്. പാട്ടുരീതിയും ചൊല്ലുകളുമെല്ലാം വാമൊഴിവഴക്കങ്ങളായി കേട്ടുപഠിച്ചും പാടിപ്പതിഞ്ഞും ഈ സമൂഹത്തിൽ മനഃപാഠങ്ങളായിത്തീർന്നിരിക്കുന്നു. വൈകിട്ട‌്   ദീപാരാധനയ്ക്കു ശേഷമാണ് പാട്ട‌്. അതിനു മുമ്പ് ഊരാളി അപ്പൂപ്പനുവേണ്ടി കല്ലേലിക്കാവിൽ ഒരുക്കുകൾ പ്രധാനം. ഏഴുദിവസം നോമ്പെടുത്ത പാട്ടുകൂട്ടം കാവു വണങ്ങി പാട്ടു തുടങ്ങും. ചില സന്ദർഭങ്ങളിൽ ആഴികൂട്ടി അതിനു ചുറ്റുമായും പാടാറുണ്ട്. മുഖ്യപാട്ടുകാരനോടൊപ്പം കൂടുന്ന വാദ്യമേളക്കാരുൾപ്പെടെ ഏഴോ എട്ടോ  പേരടങ്ങുന്ന സംഘത്തെ അണികൾ എന്ന‌്   വിളിക്കും.  പഞ്ചഭൂതങ്ങളെ വണങ്ങിപ്പാടി പ്രകൃതിയെ വിളിച്ചുണർത്തും. തുടർന്നു പ്രകൃതിയെയും  പ്രകൃതിമക്കളായ തങ്ങളുടെ സംരക്ഷകനായ കല്ലേലി അപ്പൂപ്പനെയും സ്തുതിക്കും. ചാറ്റുപാട്ടിലൂടെ പ്രകൃതിയെയും ദിക്കുകളെയും വിളിച്ചുണർത്തും. പിന്നീടു ദേശങ്ങളെയും കരകളെയും വിളിച്ചുണർത്തും. അടുത്തടുത്തൊഴുകുന്ന പുഴകളായ മണിമലയും പമ്പയും അച്ചൻകോവിലും തീർത്ത കരകളാണ് മധ്യതിരുവിതാംകൂറിന്റെ സാംസ്കാരികപ്പൊലിമകളായ പടയണിക്കും ആറന്മുള വള്ളംകളിക്കും അരങ്ങുണർത്തുന്നത്. കരകളുടെ പ്രാധാന്യം കുംഭപ്പാട്ടിലെത്തിയതും അതുകൊണ്ടുതന്നെയാകണം. പന്തളം, തട്ട, അരുവാപ്പുലം, കോന്നി തുടങ്ങി ഒട്ടേറേ കരകളെ പാട്ടിൽ വിളിച്ചുണർത്തുന്നുണ്ട്. പാണ്ടിമലയാളം ഒന്നുപോലെ തെളിയട്ടെടോ... ഓ...ഓ...ഓ...ഓ....ആ... പന്തളം തട്ട എട്ടുകരയോ... ഓ...ഓ...ഓ...ഓ....ആ.. അരുവാപ്പുലം അഞ്ഞൂറും കോന്നി മുന്നൂറും... ഓ...ഓ...ഓ...ഓ....ആ... കല്ലേലിതമ്പുരാനേ... ഓ...ഓ...ഓ...ഓ....ആ... ഹരിനാരായണ തമ്പുരാനേ... ഓ...ഓ...ഓ...ഓ....ആ... പാട്ടിൽ സൂചിപ്പിക്കുന്ന അഞ്ഞൂറും മുന്നൂറും കണക്കുകൾ വിവിധകരകളുടെ പരാമർശങ്ങളാണ്. കുംഭപ്പാട്ടിലെ  അപ്പൂപ്പന്റെ  കിഴക്കൻ മലയിലേക്കുള്ള യാത്രാവിവരണത്തിൽ രാജ്യചരിത്രവും അശരണരോടുപുലർത്തുന്ന അനുകമ്പയും കിഴക്കൻ വനങ്ങളുടെ കാഴ്ചയുമെല്ലാം ഉൾപ്പെടുന്നു. അത്ഭുതപ്രവൃത്തികൾ പോലെ ആശ്രിതസമൂഹത്തോടും  ദേശത്തോടും കാണിച്ച വിവരണങ്ങളിലൂടെ കല്ലേലിഅപ്പൂപ്പൻ  കിഴക്കൻ മലകളുടെ ഊരാളിയായി മാറുന്നു.  കുംഭപ്പാട്ടിലൂടെ പ്രകൃതിയെ വണങ്ങിനിൽക്കുന്ന ഒരുവലിയ സമൂഹം ആ നന്മകളെ ഇന്നും ആദരിക്കുന്നു. പ്രായം നൂറിനോട് അടുക്കുന്ന കൊക്കാത്തോട് ഗോപാലൻ ഊരാളിയാണ് ഇന്ന് ആശാൻസ്ഥാനത്തുനിന്ന് പാട്ടിനു നേതൃത്വം നൽകുന്നത്. പന്തളത്തിനു സമീപമുള്ള കൂരമ്പാല പുത്തൻകാവു ക്ഷേത്രത്തിൽ അഞ്ചുകൊല്ലത്തിലൊരിക്കൽ  അനുഷ്ഠിക്കപ്പെടുന്ന  അടവിയോടനുബന്ധിച്ചുള്ള കുറവരുകളിയിൽ കുംഭമിടിച്ചുകൊണ്ടുള്ള പാട്ടുകാണാം. കുംഭപ്പാട്ടിൽനിന്നു വ്യത്യസ്തമായ താളവും ഇതിവൃത്തവും പാട്ടുരീതിയുമാണ് കുറവരുകളിയിൽ  കേൾക്കുന്നത്. വെള്ളമുണ്ടുടുത്ത് തൊപ്പിപ്പാളയുംവെച്ച് കൈയിൽ വടിയുമേന്തി തെയ്തെയ്തോ തെയ്തെയ്തെയ്തോ... തെയ്തെയ്തോ തെയ്തെയ്തെയ്തോ... ശ്രീരാമാ രാമാരാമാ  ശ്രീരാമാ രാമാരാമാ... യുദ്ധവിമാനവുമായ്  രാവണൻ വന്നിറങ്ങി... സീതേനെ കൊണ്ടുപോയി... സീതേനെ കൊണ്ടുപോയി... തെയ്തെയ്തോ തെയ്തെയ്തെയ്തോ... തെയ്തെയ്തോ തെയ്തെയ്തെയ്തോ... എന്ന മട്ടിൽ പാട്ടുപാടിക്കൊണ്ട് വട്ടത്തിൽ ചുവടുവച്ചു കളിക്കുമ്പോൾ അവരുടെ മധ്യത്തിലിരുന്നാണ് കുംഭമിടിച്ചു താളം കൊടുക്കുന്നത്. അച്ചൻകോവിലാറിന്റെ സാമീപ്യവും കുറവരുകളി എന്നപേരും കുംഭമിടിച്ചുള്ള താളവും കല്ലേലിയിലെ ഗോത്രസംസ്കൃതിയുടെ സ്വാധീനം ഈ നാടോടിനൃത്തരൂപത്തിലും കാണിച്ചുതരുന്നു 

https://youtu.be/XRs_S89VRXs

https://youtu.be/TS9f3fwz2Q0