07-01-2019


ട്ട(100)
ശ്രീനി ബാലുശ്ശേരി
ഹരിതം ബുക്സ്
വില 70
മലയാളത്തിൽ ധാരാളം രാഷ്ട്രീയ ചെറുകഥകൾ ഉണ്ടാകുന്നുണ്ട് .എന്നാൽ രാഷ്ട്രീയ നോവൽ അത്രയധികം ഉണ്ടാകുന്നില്ല. ശ്രീനി ബാലുശ്ശേരിയുടെ 'ട്ട' എന്ന നോവൽ ഒരു രാഷ്ട്രീയ നോവലാണ് (എന്നതാണ് അതിന്റെ അസ്തിത്വം)അല്ലെങ്കിൽ കക്ഷി രാഷ്ട്രീയ നോവലാണ് .തനിക്കു പറയാനുള്ള രാഷ്ട്രീയം മാത്രമാണ് ഈ നോവലിൽ ബാലു സൂക്ഷിച്ചിട്ടുള്ളത്.

      മതിലുകെട്ടി ബന്തവസ് ആക്കിയ സ്വന്തം രാജ്യത്തിന് ട്ട ആകൃതിയിലുള്ള ഒരു ഗേറ്റു മാത്രം. പാരമ്പര്യത്തിൽ അഗാധമായി അഭിരമിക്കുന്ന രാജാവ് മതിൽകെട്ടി സ്വതന്ത്രമാക്കിയ രാജ്യത്ത്, തന്റെ പുതിയ നിയമങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുന്നു. അനിഷ്ടം പ്രകടിപ്പിക്കുന്നവരെ രാജ്യംവിടാൻ സൗമനസ്യത്തോടെ അനുവദിക്കുന്നു. ആഹാരവും വസ്ത്രവും മരുന്നും ഇങ്ങനെ ഓരോന്നും മാമൂൽ പ്രകാരം ചിട്ടപ്പെടുത്തുമ്പോൾ കുറെ ആളുകൾ എതിർക്കുകയും അവരൊക്കെ രാജ്യം വിട്ട് പുറത്തുപോവുകയും ചെയ്യുന്നു .കലയും കൂടി ഏകതാനത്തിൽ ആകുമ്പോൾ രാജ്യത്ത് അവശേഷിച്ചവർ വളരെ കുറയുന്നു. ഒടുവിൽ ലൈംഗികതയും പുത്ര ഉൽപാദനത്തിനുള്ള മഹിത കർമ്മംമാത്രമായി ചങ്ങല പ്പൂട്ടിലേക്ക് മാറ്റപ്പെടുമ്പോൾ ജനത ഒന്നാകെ രാജ്യം വിടാൻ തീരുമാനിക്കുന്നു. അങ്ങനെ രാജ്യം വിട്ടവർ തിരിച്ചറിയുന്നു തങ്ങൾ മരണത്തിലേക്കാണ് സ്വതന്ത്രരാക്കപ്പെടുന്നതെന്ന് .

       അറുപത് പുറത്തിൽ ഒതുങ്ങുന്ന ചെറിയ നോവലാണ് 'ട്ട'. ഇതിനെ നോവലെന്ന് വിളിക്കണമോ എന്നത് മറ്റൊരു കാര്യം. കഥ പറയാൻ ഉപയോഗിച്ച അലിഗറി ഉപയോഗിച്ച് ക്ലീഷെ പോലെ ആയി പോയതാണ്. നോവലിൻറെ പേരായി മാറുന്ന ഗെയിറ്റെന്ന ബിംബം പോലും ശ്രീനി പറയാനുദ്ദേശിച്ച ആശയം വഹിക്കാനുള്ള ശേഷി ഉള്ളതല്ല. ഭാവനയുടെ കവിത്വം ഈ നോവലിന് അന്യമാണെന്ന് പറയാതെവയ്യ .എങ്കിലും പാരായണക്ഷമമായ നോവൽ ആണിത്
രതീഷ് കുമാർ
🌾🌾🌾🌾🌾