07-01-2019b

സ്പന്ദമാപിനികളേ നന്ദി 
സി രാധാകൃഷ്ണൻ 
ഹൈ-ടെക് ബുക്സ്
240 രൂപ
   ശ്രീ സി രാധാകൃഷ്ണനെ മലയാളത്തിലെ എണ്ണം പറഞ്ഞ സാഹിത്യകാരനാക്കി മാറ്റിയതിൽ ഒരു പ്രധാന സ്ഥാനം സ്പന്ദമാപിനികളെ നന്ദിക്കുണ്ട് .1986 ൽ ആണ് ഇതിൻറെ ഒന്നാം പതിപ്പ്  പുറത്തിറങ്ങിയത്. 1960 ൽ മാതൃഭൂമിയുടെ നോവൽ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതോടെ തന്നെ അദ്ദേഹം പ്രസിദ്ധിയുടെ ഗോപുരത്തിലേക്ക് നടന്നുതുടങ്ങി .പിന്നെ അദ്ദേഹത്തെ തേടി എത്രയോ പുരസ്കാരങ്ങൾ - അദ്ദേഹത്തിലൂടെ ജനിച്ച എത്രയോ നോവലുകൾ - മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ട നോവലുകളിൽ  പുള്ളിപ്പുലികളും വെള്ളിനക്ഷത്രവും, സ്പന്ദമാപിനികളേ നന്ദി, മുൻപേ പറക്കുന്ന പക്ഷികൾ ,എന്നിവയിൽ ഏതാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട തെന്നു പറയാനാവില്ല .ഒരുപക്ഷേ ഇവയെല്ലാം ഒന്നാം സ്ഥാനക്കാർ തന്നെയാവും.

        ഒരു ശാസ്ത്രജ്ഞനായി ജീവിക്കാൻ കഴിഞ്ഞതിൻറെ ബാക്കിപത്ര നഷ്ടബോധമോ ആയിരിക്കാം ഈ നോവലിന് കാരണമായത്. പൂനയിൽ ശിക്ഷാസ്ഥലം മാറ്റവുമായി എത്തുമ്പോൾ ശാസ്ത്രജ്ഞനെന്ന ജോലി കഴുത്തിൽ കുരുക്കും തൊണ്ടയിലെ മുള്ളും ആയി മാറിയെന്ന് അദ്ദേഹം ഓർക്കുന്നു. അദ്ദേഹത്തെ അവിടെ മരണത്തിൽ നിന്ന് രക്ഷിച്ചത്,പ്രധാന ഉദ്യോഗസ്ഥയായിരുന്ന അന്ന മാണി ആണത്രേ.
ഈ നോവലിലും നമുക്ക് ആ അന്നാ മാണിയുടെ സ്പർശം കാണാം. മുൻപേ പറക്കുന്ന പക്ഷികളുടെ മുൻപേ പറന്ന പക്ഷിയായി സ്പന്ദമാപിനികളെ നമുക്ക് ഇപ്പോൾ വിലയിരുത്താം. ശാസ്ത്രബോധം തീണ്ടിയിട്ടില്ലാത്ത ശാസ്ത്രജ്ഞന്മാരെ ഉന്മൂലനം ചെയ്തു ലോകം ശരിയായ ശാസ്ത്രത്തിൻറെതു മാത്രമാക്കി,  ഒരു പുതു ലോകത്തെ വാർത്തെടുക്കാൻ ഒന്നായിച്ചേർന്ന കുറച്ചു മനുഷ്യരുടെ കഥയാണ് സ്പന്ദമാപിനികളേ നന്ദി കാട്ടിത്തരുന്നത് .ശാസ്ത്ര നോവലായും സാമൂഹ്യ നോവലായും അപസർപ്പക നോവലായും  ഈ ഒരേ നോവൽ തന്നെ വേഷം മാറുന്നുണ്ട് .പ്രപഞ്ചത്തിലെ അവിരത സ്പന്ദനമാണ് ഈ നോവലിലും നാം കാണുന്നത് .സ്പന്ദിച്ചു കൊണ്ടേയിരിക്കുന്ന ചില മനുഷ്യ ഹൃദയങ്ങൾ, അവയുടെ സംത്രാസമാണ് ഈ നോവലിൻറെ സ്പന്ദനം . ഭൂകമ്പം അളക്കാനുള്ള സ്പന്ദമാപിനികൾ അതിന് നിമിത്തമാകുന്നുവെന്നുമാത്രം .സമൂഹത്തെ മാറ്റിയെടുക്കാൻ അക്രമമാർഗ്ഗമാവാം എന്നു വിചാരിക്കുന്ന ഒരു ന്യൂനപക്ഷത്തിന് എന്തൊക്കെ പ്രവർത്തിക്കാനാകും എന്ന അന്വേഷണമാണ് നോവലിൻറെ ഒന്നാം ഭാഗം. ഒരു രഹസ്യ ഗ്രൂപ്പ്- പരസ്പരം അറിയാത്ത അംഗങ്ങൾ- അവർ സ്ഫോടന പരമ്പരകളിലൂടെ ശാസ്ത്രലോകത്തിലെ ദുഷ്പ്രവണതകളുടെ തലതൊട്ടപ്പൻമാരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു . ശാസ്ത്രത്തിൻറെ ഒരു പുതുലോകം സൃഷ്ടിക്കാൻ ശ്രമിക്കുന്നു .വളരെ ഉദ്വേഗ ഭരിതമായട്ടാണ് ആ രംഗം വർണിച്ചു പോകുന്നത്. പിന്നീട് ഗ്രൂപ്പിലുള്ള ചിലർ സമാധാനത്തിന് പാതയാണ് ശരിയെന്ന് തീരുമാനിക്കുകയും മുഴുവൻ ഗ്രൂപ്പിനെയും അവരുടെ വഴിയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു .ഇന്നുമാത്രം സംഗതമാവുന്ന ചില സംഗതികൾ അന്നേ രാധാകൃഷ്ണൻ പറഞ്ഞുവച്ചിരിക്കുന്നത് തെല്ലൊരു ഒരു അതിശയത്തോടെ നാം വായിക്കുന്നു. മതരാഷ്ട്രീയം എങ്ങനെ ഒരു തത്ത്വചിന്താപദ്ധതി ആകുന്നു എന്ന് ഈ നോവൽ പറഞ്ഞുവയ്ക്കുന്നുണ്ട്.

     ഹൈ-ടെക് ബുക്സ് എന്ന സങ്കൽപത്തിലേക്ക് തന്നെ നയിച്ചത് തൻറെ തന്നെ പുസ്തകങ്ങൾ ഓരോ പ്രിൻറ് കഴിയുമ്പോഴും തെറ്റുകൾ കലർന്ന് കലർന്ന് ഒടുവിൽ തെറ്റിന്റെ കൂമ്പാരമാവുന്നത് തടയാൻ വേണ്ടിയാണ് .നല്ല ഉദ്യമം. നല്ല പേപ്പറിൽ വൃത്തിയുള്ള അക്ഷരങ്ങളിൽ ഹൈ-ടെക് ബുക്സ് നമ്മുടെ മുമ്പിലേക്ക് പുസ്തകവുമായി വരുന്നു. കൗതുകകരമായ ഒരു കാര്യം ,ഈ പുസ്തകത്തിലും ഒരേ പേജിൽ ഒരേ വാക്ക് രണ്ടിടത്ത് രണ്ടുതരത്തിൽ അച്ചടിച്ചിട്ടുണ്ട് എന്നതാണ്. ഒരിടത്ത് തെറ്റ് തിരുത്തിയപ്പോൾ മറ്റുള്ളിടത്ത് അത് കാണാതെ പോയതാവും!

📚📚📚📚📚
രതീഷ് കുമാർ