06-05-19b


📚📚📚📚📚
കന്യാവനങ്ങൾ 
പുനത്തിൽ കുഞ്ഞബ്ദുള്ള
ഡിസി ബുക്സ്
പേജ് 150
     അറേബ്യൻപശ്ചാത്തലമുള്ള മലയാളത്തിലെ ആദ്യ നോവലാണ് കന്യാവനങ്ങൾ .കുറച്ചുകാലം മരുഭൂമിയിൽ ജോലിചെയ്തിട്ടുള്ള കുഞ്ഞബ്ദുള്ളയ്ക്ക് തികച്ചും അപരിചിതമല്ല അറേബ്യൻ മണലാരണ്യം .എങ്കിലും മുഹമ്മദ് ആസദിന്റെ പ്രസിദ്ധമായ യാത്രാവിവരണ ഗ്രന്ഥ തർജ്ജമ ' മക്കയിലേക്കുള്ള പാത' യിലെ ഏതാനും വരികൾ ഈ നോവലിൽ ഉപയോഗിച്ചിട്ടുണ്ട് .കേരളം വ്യാപകമായി ചർച്ച ചെയ്തു ആദ്യ സാഹിത്യ മോഷണസംഭവം ഈ നോവലുമായി ബന്ധപ്പെട്ടതായിരിക്കണം. കലാകൗമുദിയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന കാലത്താണെന്ന് തോന്നുന്നു, ഒ കെ ജോണി ഈ നോവലിൽ ടാഗോറിന്റെ ജപ്പാൻ യാത്രയിലെ ഒരു ഭാഗം മോഷ്ടിച്ചണെന്ന് ആരോപിക്കുന്നത്. പിന്നീട് കന്യാവനങ്ങൾ മോഷണ സാഹിത്യമായി! കുഞ്ഞബ്ദുള്ള വല്ലാതെ ആക്രമിക്കപ്പെട്ടു. തനിക്ക് അപരിചിതമായ കപ്പൽ യാത്രയേപ്പറ്റി ടാഗോറിന്റെ ഏതാനും വരികൾ  മാത്രമാണ്ഉപയോഗിച്ചത് എന്ന കുഞ്ഞബ്ദുള്ളയുടെ വിശദീകരണം വായനക്കാരെ തൃപ്തരാക്കി .എങ്കിലും ചിലർ കുഞ്ഞബ്ദുള്ളയുടെ മോഷണത്തെക്കുറിച്ച് പിന്നീടും സംവദിച്ചു കൊണ്ടിരുന്നു .

    മരുഭൂമിയുടെ ജൈവ കാഴ്ചകൾ മലയാളിക്ക് ആദ്യം സമ്മാനിച്ച കൃതി എന്ന വിശേഷണത്തിൽ ഒതുങ്ങുന്നതല്ല കന്യാവനങ്ങൾ .മരുഭൂ ജീവിതത്തിലെ പൊള്ളുന്ന നേർക്കാഴ്ചകൾ അവതരിപ്പിച്ച ആടുജീവിതം പോലെയുള്ള നോവലുകൾക്ക് ശേഷവും അവയെയും അതിശയിക്കുന്ന വിസ്മയമായി കന്യാവനങ്ങൾ ജീവിക്കുന്നു.ഈനോവലിന്റെ രചനയിൽ കാര്യമായി പ്രചോദിപ്പിച്ചത് ഫ്രഞ്ച് എഴുത്തുകാരനായ സാന്തക്സ്ന്റെ 'ലിറ്റിൽ പ്രിൻസ് 'എന്ന കഥാഗ്രന്ഥമാണെന്ന് കുഞ്ഞബ്ദുള്ള പറഞ്ഞിട്ടുണ്ട് .

    ഹബീബും സോമനും നടത്തുന്ന കപ്പൽ യാത്രയോടെയാണ് കന്യാവനങ്ങൾ ആരംഭിക്കുന്നത് .ഒരു രണ്ടാം സന്ദർശനത്തിന് മരുഭൂമിയിൽ എത്തുന്ന ഹബീബിന്റെ ഞെട്ടലിൽ നോവൽ അവസാനിക്കുകയും ചെയ്യുന്നു. മനുഷ്യൻ അധിവസിക്കുന്ന വയ്യാത്ത മരുഭൂമിയുടെ പ്രദേശങ്ങളെ കന്യാവനങ്ങൾ എന്ന് നോവലിൽ ഒരിടത്ത് പരാമർശിക്കുന്നുണ്ട്. എങ്കിലും നോവലിൽ നാം കാണുന്നത് കന്യകളെ അല്ല ആസക്തിയുടെ തീക്ഷ്ണതയും ദാമ്പത്യത്തിൻറെ വിഫലമാകുന്ന ആനന്ദവുമാണ്.

    എരിപൊരിക്കൊള്ളിക്കുന്ന ലൈംഗികതയുടെ ആസക്തിനാളം റസിയയെ ഉരുക്കിക്കളയുന്നു. കാമുവും അത്യാഗ്രഹവും റസൂലിനെ ഉന്മാദി ആക്കുന്നു .കഥകളിലെ ചിലന്തി ആവുന്ന റസിയയുടെ കാമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കുഞ്ഞാവ ജയിലിലെ നരക ജീവിതത്തിലേക്കും, ഒടുവിൽ മരണശിക്ഷ യിലേക്കും നടന്നു ചെല്ലുന്നു. ഹമീദയ്ക്കും മരണ ശിക്ഷ തന്നെയാണ് ലഭിക്കുന്നത്.

കൊള്ള സംഘത്തിലെത്തിയ ഹബീബിനെ രക്ഷപ്പെടുത്തുന്നത് സംഘത്തലവന്റെ മകൾ മുബീനയാണ്. ദൈവത്തോട് അങ്ങേയറ്റം അടുക്കാൻ ശ്രമിക്കുന്ന അവളോട് ഹബീബിന് അനുരാഗം തോന്നുന്നുണ്ടെങ്കിലും അത് പ്രകടിപ്പിക്കാനാവില്ലല്ലോ. 'ഞാൻ ആദ്യമാണ് ഒരു പുരുഷനെ തൊടുന്നത് .ഈ മരുന്ന് പുരട്ടി തന്ന്‌ നിങ്ങൾക്ക് സുഖം ആയാൽ എനിക്ക് ദൈവ പ്രീതി ലഭിക്കും'. എന്നുപറഞ്ഞ് തൈലം തേച്ചു കൊടുത്തു മുബീന യുമായി ഹബീബ് രഹസ്യമായി കൂട്ട പ്രാർത്ഥന നടത്തുന്നു .സ്വയം പ്രാർത്ഥിക്കുമ്പോളൊന്നും കിട്ടാത്ത ആനന്ദം അവൾക്കു നൽകി.മാസാമാസം ഉണ്ടാവുന്ന ബുദ്ധിമുട്ടുംഒഴിവാക്കി, ആ പ്രാർത്ഥന! തന്റെ ജീവൻ അപകടപ്പെടുത്തിയും അവൾ ഹബീബിനെ രക്ഷപ്പെടുത്തുന്നു .ശരിയത്ത് നിയമം കുറ്റവാളികൾ മറികടക്കുന്നതും, നിരപരാധികൾ അതിക്രൂരമായി ശിക്ഷിക്കപ്പെടുന്നതും .ഈ നോവലിൽ നാം അനുഭവിക്കും. ഒരു വ്യവസ്ഥയോടുള്ള അതിശക്തമായ കലാപമാണ് കന്യാവനങ്ങൾ .

രതീഷ് കുമാർ
🌾🌾🌾🌾