06-05-19


📚📚📚📚📚
കഥയാക്കാനാവാതെ
സുഭാഷ്ചന്ദ്രൻ 
മാതൃഭൂമി ബുക്സ്
പേജ് 146
വില 120
 എല്ലാ അനുഭവങ്ങളും കഥയാക്കാൻആകുമോ? സാധാരണക്കാരുടെ കാര്യമല്ല , ഇരുത്തം വന്ന എഴുത്തുകാരുടെ കാര്യമാണേ . അനുഭവങ്ങളെല്ലാം കഥയ്ക്ക് വഴങ്ങില്ലെന്ന് എഴുത്തുകാരനായ സുഭാഷ് ചന്ദ്രൻ ആണയിട്ട് പറയുന്നു. അങ്ങനെ എഴുതാൻ ആവാതെ പോയ അനുഭവങ്ങളെ ഒരുമിച്ചു ചേർത്തതാണ് "കഥ യാക്കാനാവാതെ"എന്ന ഓർമ്മപുസ്തകം. ചെറുപ്രായത്തിൽ കുട്ടിയും കോലും കളിക്കിടെ ഒരു കണ്ണ് നഷ്ടപ്പെട്ടത് ആരെയും അറിയിക്കാതെ ഒരു ജീവിതം ജീവിച്ചു തീർത്ത സ്വന്തം സഹോദരിയെ പറ്റിയാണ് ആദ്യ ഓർമ്മ.
 ഒരിക്കലും കവിയൂർ പൊന്നമ്മ ആവാത്ത  സ്വന്തം അമ്മയായ പൊന്നമ്മയെക്കുറിച്ചുള്ള ഓർമ്മയാണ് രണ്ടാമത്തെത് .
ഒരു സാധാരണ വായനക്കാരന് പോലും കഥ യാക്കാൻ തോന്നുന്ന ഒട്ടേറെ സന്ദർഭങ്ങൾ  ഈ പുസ്തകത്തിൽ  സുഭാഷ് ചന്ദ്രൻ പറയുന്നുണ്ട്.  അവയൊക്കെ കഥകൾ ആകാത്തത് പൂർണമായ സത്യം മാത്രം ആയതുകൊണ്ടാവും . സുഭാഷിന്റെ ആദ്യനോവലായ
 ഒരു മനുഷ്യന് ഒരു ആമുഖം ഈ ഓർമ്മക്കുറിപ്പിൽ വല്ലാതെ പരാമർശിക്കപ്പെടുന്നുണ്ട്. ആ പുസ്തകത്തിന് ആബിദ് രചിച്ച ഇരട്ട കവറും അത് ഉയർത്തിയ പ്രശ്നങ്ങളുമാണ് മരണത്തെയും ജനനത്തെയും ഒപ്പം കവർ അടക്കുമ്പോൾ എന്ന കുറിപ്പിൽ പരാമർശിക്കുന്നത്. പിന്നെയും ധാരാളം ലേഖനങ്ങളിൽ ഇതേ പുസ്തകം കടന്നുവരുന്നു. ആലുവാപ്പുഴയിൽ സംഭവിച്ച ഒരു മുങ്ങിമരണം നോവലിൻറെ അവസാന എഡിറ്റിംഗ് ആവുന്നതും ഒരു ലേഖനത്തിനു വിഷയമാണ്. അത് ഹൃദയസ്പൃക്കുമാണ്!  ഒന്നുരണ്ടു കഥകളെ കുറിച്ചേ  പരാമർശമുള്ളൂ. എഴുത്തുകാരൻ ആത്മരതി ഗുണമാണെങ്കിലും ദോഷമാണെങ്കിലും ആലുവ പുഴ പോലെ ഇതിൽ ഒഴുകുന്നു. പ്രതിഭാശാലിയായ ഒരു എഴുത്തുകാരന്റെ മാനസികവ്യാപാരം സാഹിത്യ കുതുകികളെ തീർച്ചയായും  ആകർഷിക്കും, സുഭാഷ് ചന്ദ്രൻറെ കഥ യാക്കാൻ ആവാതെ എന്നെ ആകർഷിക്കുന്നത് പോലെ.

 രതീഷ് കുമാർ
🌾🌾🌾🌾🌾