06-04-19

ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാവർക്കും സ്നേഹപൂർവ്വം സ്വാഗതം..🙏🌹🌹🌹
ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാനിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." കഴിഞ്ഞയാഴ്ചയിലെ ബാക്കി ഇപ്പോൾ വായിക്കാം..👇🏻

ഇതാണ് ഞാൻ...
ആത്മായനം
ജസീന റഹീം
വേലനെ  പടിയടച്ച് പിണ്ഡം വച്ച ശേഷം ഞങ്ങൾ പകലൊക്കെ മുറിയിൽ കയറിത്തുടങ്ങി.. പഴയ സാധനങ്ങൾ നിറച്ചിരുന്ന മുറിയെന്നതിനെക്കാൾ ഞങ്ങളുടെ തീണ്ടാരിത്തുണികൾ സൂക്ഷിക്കുന്ന പ്രത്യേക ഇടമായി അവിടം മാറി.. പെൺകുട്ടികളുടെ ആർത്തവ ദിവസങ്ങളിൽ ആ മുറിയിൽ കയറരുതെന്ന ചെല്ലമ്മയുടെ കടുംവാക്ക് ലംഘിച്ചപ്പോൾ  എന്തെന്നില്ലാത്ത ഒരു അനുഭൂതി അനുഭവിച്ചു.. വേലന്റെ ആത്മാവിനെ തീണ്ടിപ്പുറത്താക്കിയിട്ടും അഹിതമായതൊന്നും സംഭവിച്ചില്ലെന്നു മാത്രമല്ല.. ഞങ്ങളുടെ ജീവിതത്തിലെ പല നല്ല നിമിഷങ്ങൾക്കും അരങ്ങൊരുക്കി ആ വീട് ഞങ്ങളെ ചേർത്തു പിടിച്ചു..
     മഴക്കാലങ്ങളിൽ ഓടിൻവിടവിലൂടെ വെള്ളം മുറികൾക്കുള്ളിലേക്ക് മറിയുമ്പോൾ ഓലയും പ്ലാസ്റ്റിക്കും തകരവും ഓടിനിടയിൽ തിരുകിയും നീളമുള്ള വടി കൊണ്ട് ഓട് കുത്തിയടിപ്പിച്ചും ഞങ്ങളും മഴയ്ക്കൊപ്പം.. മഴ പെയ്തടങ്ങും വരെ ഉണർന്നിരുന്നു.. വീട് ഒരുപാട് താഴ്ചയിലായിരുന്നതിനാൽ റോഡിലെയും വഴികളിലെയും വെള്ളമെല്ലാം ഞങ്ങളും മുറ്റം കടന്നാണ് പോയത്.. അടുക്കളയുടെ ഒരു വശം അരഭിത്തിയും ബാക്കി തടിയഴികളുമായതിനാൽ തൂവാനമടിച്ച് നനഞ്ഞ അടുക്കളയിൽ നിന്നും ചോറും കറികളും ഞങ്ങളുടെ കിടപ്പുമുറിയിലേക്കായിരുന്നു മാറ്റി വച്ചിരുന്നത്.. ഏറ്റവുമധികം ഭയപ്പെടുത്തിയത് പഴക്കമേറിയ വയറിംഗ് മൂലം ..മഴ പെയ്താലുടൻ ഭിത്തിയിൽ നനവു പടരുന്നിടത്തെല്ലാം കറന്റ് വ്യാപിക്കുന്ന.. ഭിത്തിയിൽ തൊട്ടാലുടൻ ഷോക്കടിക്കുന്ന അവസ്ഥയായിരുന്നു.. അപ്പോഴൊക്കെ ധാരാളം സൗകര്യങ്ങൾ ഉണ്ടായിരുന്ന വിളക്കുടിയിലെ വീട് സങ്കടത്തോടെ  ഓർത്തു പോയി.. എന്നാൽ വിളക്കുടിയിലെ വീട്ടിലെ കിണറിന്റെ അടിഭാഗം നിറയെ പാറയായതിനാൽ ജലക്ഷാമം രൂക്ഷമായിരുന്നു.. മഴക്കൊപ്പം വരികയും മഴ തീരുമ്പോൾ ഒപ്പം പോവുകയും ചെയ്തിരുന്ന കിണറിലെ വെള്ളം .. മഴക്കാലമൊഴിച്ചാൽ ബാക്കി സമയങ്ങളിൽ അയൽപക്കത്തെ കിണറുകളിൽ വെള്ളം കോരി ചുമന്ന് കൊണ്ട് വരണമായിരുന്നു.. കുണ്ടറയിലെ വീടിന്റെ ഏറ്റവും വലിയ അനുഗ്രഹം നിറയെ വെള്ളമുള്ള ഒരിക്കലും വറ്റാത്ത കിണറായിരുന്നു.. മഴക്കാലങ്ങളിൽ കൈ നീട്ടി തൊടാൻ പാകത്തിന് വെള്ളമുയർന്നിരുന്നു..
    തൊണ്ണൂറുകളുടെ തുടക്കത്തിൽ ആദ്യമായി ഞങ്ങൾ ടെലിവിഷൻ കണ്ടു.. തൊട്ട് മുകളിലെ ബദറു മാമാടെ  വീട്ടിലായിരുന്നു ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ടി.വി ആദ്യമായി പ്രത്യക്ഷപ്പെട്ടത്.. ചിത്ര ഗീതവും സിനിമയുമുള്ള ദിവസങ്ങളിൽ  ബദർ മാമ ടി.വി നീക്കി പുറത്തേക്കു വച്ച് നാട്ടുകാർക്കെല്ലാം കാണാൻ അവസരമൊരുക്കി.. ജാതി മത വർണ്ണ വിവേചനങ്ങൾ കൂടാതെ നാട്ടുകാരെല്ലാം ഒത്തുകൂടിയിരുന്ന നാട്ടിൻപുറ നന്മകൾ.. പിന്നീട് അടുത്തുള്ള ചില വീടുകളിൽ കളർ.ടി.വി വന്നപ്പോൾ ഞായറാഴ്ചകളിലെ മഹാഭാരതവും രാമായണവും വർണ മിഴിവോടെ കാണാൻ ബദർ മാമാടെ ബ്ലാക്ക് ആന്റ് വൈറ്റ് വിട്ട്  കളർ തേടി പോയി ഞങ്ങൾ...
************
സാന്ധ്യരാഗം
സുനിത ഗണേഷ്
പൊൻചീളുകൾ ചന്തത്തിൽ
നിരനിരെ.. നിറ നിറെ...
മുഖപ്രതലത്തിലരുണിമ
തുടുതുടെ... നിറ നിറെ..
എന്നിട്ടുമെന്തേ സന്ധ്യാംബരം
മൂകമായിങ്ങനെ...ചാരെ..
വിങ്ങുന്നതെന്തിനോയുള്ളിൽ
തേങ്ങുന്നതെന്തിനോ ...
കണ്ണുകൾ നിറയുന്നതെന്തിനോ?
മാനത്തെ വർണവില്ലുകൾ
പൊഴിയുവതെന്തിനോ?
നേരംതെറ്റിയിരുളുമിന്നു
നേരത്തേ കാഴ്ച
മറക്കുവതെന്തിനോ?
ഏകനായി കാറ്റുമിന്നു
കാട്ടിൽ അലയുവതെന്തിനോ?
പതിയെ...
ദൂരേക്കക്കകലുവതെന്തിനോ?
മണ്ണിൻ മനവും
നീറിപ്പിടയുവതെന്തിനോ?
സാന്ധ്യരാഗം മറന്നീപ്പക്ഷിയും
കൂട്ടിൻ ചില്ലയിൽ
മുഖം മറയ്ക്കുവതെന്തിനോ?
************
പ്രണയം
ദിവ്യ. സി.ആർ
നമ്മൾ യാത്ര ചൊല്ലിപ്പിരിഞ്ഞ നിരത്തിലാണ് ഞാനെൻെറ പ്രണയത്തെ ഉപേക്ഷിച്ചത്.
അന്നു കൊഴിഞ്ഞുവീണ
പീത പുഷ്പങ്ങളെ ഞെരിച്ചമർത്തി നടന്നകലവേ
നിൻെറ മരണം ഞാനാശിച്ചിരുന്നു.
തളം കെട്ടിയ ഓരോ ഓർമ്മകളിൽ
നിന്നുണരുമ്പോൾ
ഞാനീ വീഥിയിലിന്നേകയാണ്.
കൈയെത്തും ദൂരത്തു നീയില്ലെന്ന സത്യമെന്നെ തളർത്തുന്നു.
നീയേറെ പ്രണയിച്ച ജെണ്ടുമല്ലി പൂക്കളെവിടെ അർപ്പിക്കുമെന്നറിയാതെ
അഴലുകയാണിന്നു ഞാൻ !
നീ മണ്ണായീ പുൽകിയ
ശ്മശാന ഭൂവിനെ ചുംബിച്ചിടാത്ത
പ്രണയപുഷ്പങ്ങളെ , ഹൃദയതാളം
നിലച്ചൊരെൻ ആത്മാവിനോടൊന്നു ചേർക്കട്ടെ ഞാൻ 
************
പ്രൊഫൈൽ ചിത്രം
ഷെഹ്റസാദ്
കൺമുന്നിൽ
പുതുതായി പ്രദർശനത്തിനെത്തിയ
'പ്രൊഫൈൽ' ചിത്രങ്ങളുടെ
ബഹളം മൂത്തപ്പോൾ
'പഴഞ്ചൻ - ഹാഷ്ടാഗ്' പേറി
കാലാതിശായിയായി നിൽക്കുന്ന
സ്വന്തം മുഖചിത്രം പുതുക്കുവാൻ
വിരലുകൾ 'ഗാലറി'യിൽ പരതി.
ചവറ്റു കുട്ടയിൽ തട്ടാനുള്ള മടി മൂലം
'മെമ്മറി'യിൽ തുടരുന്ന
മറ്റു മുഖങ്ങൾ ഈർഷ്യയോടെ തട്ടിമാറ്റി
വിരലുകൾ സ്വന്തം മുഖം തിരയവേ ...
അറിവില്ലാ പ്രായത്തിൽ
ആരെല്ലാമോ 
പകർത്തിയവ
ചായം പുരട്ടാത്ത ചിരികൾ
കൗതുകം വറ്റാത്ത കണ്ണുകൾ...
വിരൽ മുന്നോട്ടു പോയി .
ഒറ്റയ്ക്കു നിൽക്കാൻ പഠിക്കാത്ത കാലത്തേത് - 'ഗ്രൂപ്പ് 'ചിത്രങ്ങൾ
ശല്യം! എത്ര 'ക്രോപ്' ചെയ്തിട്ടും
തോളിൽ ചുറ്റിപ്പിടിച്ച കൈ
എടുത്തു മാറ്റാത്ത സ്ത്രീ ആരാണ്?
ഒറ്റയ്ക്കു നിർത്താതെ ഒപ്പം ചേർത്തു പിടിച്ചവരോടൊത്ത് - കുറച്ചു മാത്രം.
മറക്കില്ലെന്നു വാക്കു നൽകി സൗകര്യപൂർവം മറന്നവർ
വിരൽ വേഗം തട്ടിമാറ്റി.
ബാക്കി വന്ന
എണ്ണമറ്റ
സ്വന്തം മുഖങ്ങളിലൊന്ന്
തെരഞ്ഞെടുത്ത് വിരലുകൾ
മിനുക്കു പണികൾ തുടങ്ങി.
അരികുകൾ വെട്ടിയൊതുക്കി,  നിറംചേർത്ത്,
തിളക്കം നൽകി, 
'പ്രിവ്യൂ 'കണ്ടു നോക്കി
കൊള്ളാം! വേരുകളോ ശാഖകളോ ഇല്ല. 
ഒത്ത തടിക്കഷ്ണം മാത്രം!
വക്കുകളിൽ കിനിയുന്ന ചോര
നിറം മാറ്റി വെളുപ്പിക്കാവുന്നതേയുള്ളൂ
അതും കഴിഞ്ഞാൽ,  
ആഹാ! മനോഹരം!
പ്രദർശനത്തിനെത്തിച്ച പുതു ചിത്രത്തിന്
കാണികളെത്തുന്നതും കാത്തിരിക്കേ
കുടുസ്സുമുറിയിലെ നരച്ച ചുമരുകൾ നെടുവീർപ്പയച്ച് ഇടുങ്ങി നിന്നു.
************
രാജൻ മാഷ് പടിയിറങ്ങുമ്പോൾ....
അഷ്റഫ്.കെ
രാജൻ മാഷ് പടിയിറങ്ങുകയാണ്.
സ്കൂളിന്റെ ഗെയ്റ്റ് കടന്നതും മാഷ് ഒന്നുകൂടി തിരിഞ്ഞു നോക്കി.
എന്തോ ഒന്ന് മറന്ന് വെച്ചത് പോലെ.
നെഞ്ചിലൊരു ശൂന്യത; ഒരു നീറ്റൽ.
അപ്പോഴാണ്, ആ സത്യം മാഷ് തിരിച്ചറിഞ്ഞത്;
ഹൃദയം ഇവിടെയെവിടെയോ വെച്ചിട്ടാണ് പോകുന്നത്!
പത്തൻപത് വർഷങ്ങൾക്കിടയിൽ, ഹൃദയത്തിന്റെ അദൃശ്യ വേരുകൾ ഇവിടമാകെ പടർന്ന് പിടിച്ചുറച്ചിരിക്കുന്നു! അവ പിഴുതെടുക്കുക അത്ര എളുപ്പമല്ല.
'പോകുന്നെങ്കിലെന്ത്....? ഹൃദയമിവിടെയുണ്ടല്ലോ
മാഷ് സമാധാനത്തോടെ മുന്നോട്ട് നടന്നു.
************
കലാശക്കൊട്ട്
നരേന്ദ്രൻ.എ.എൻ
അവസാനത്തെ ബെല്ലടിച്ചപ്പോൾ
പുസ്തകം വലിച്ചെറിഞ്ഞ് 
ആരവമുയർത്തി
കളർപ്പൊടിയിൽ കുളിച്ച്
സ്കൂൾ ഗെയ്റ്റ് തള്ളിത്തുറന്നു
പുറത്തുവന്ന കുട്ടികൾക്ക്
അഭിവാദ്യങ്ങൾ.
ഇനിയും എത്രയെത്ര ജയിലറകൾ 
നിങ്ങൾക്കു ഭേദിക്കാനുണ്ട്!
പലരും നിങ്ങളോടു പറഞ്ഞിട്ടുണ്ടാവും.
കളർ പൂശരുത്.
ആർത്തുല്ലസിക്കരുത്.
നൃത്തം ചവിട്ടരുത്...
വർണ്ണങ്ങൾ കാണാൻ കഴിയാത്ത
ശബ്ദങ്ങൾ കേൾക്കാൻ കഴിയാത്ത
ആഹ്ളാദിക്കുന്നവരെ
സഹിക്കാൻ പോലുമാവാത്ത
വാർദ്ധക്യം ബാധിച്ച ഒരു സമൂഹമായി മലയാളികൾ മാറിക്കഴിഞ്ഞു.
അത് നിങ്ങളുടെ കുറ്റമല്ല.
എന്റെ മകനോട് ഞാൻ പറഞ്ഞത്
ഇത്ര മാത്രമാണ്.
കളർപ്പൊടിയെറിയുമ്പോൾ
കണ്ണിലാവാതെ നോക്കണം.കാരണം, ഇനിയുമെത്രയോ മഴവില്ലുകൾ
നിനക്കു കാണാനുള്ളതാണ്.
ഇരുട്ടാവുന്നതിനു മുമ്പ് 
അവൻ മടങ്ങിയെത്തിയിട്ടുണ്ട്.
ചായത്തിൽ കുളിച്ച യൂനിഫോം കുപ്പായം അവനൊരു ഹാംഗറിൽ തൂക്കിയിട്ടിട്ടുണ്ട്. സന്തോഷം നിറഞ്ഞ
ഒരു ദിവസത്തിന്റെ ഓർമ്മക്ക്.
മകനേ,നിന്റെ ജീവിതം,
നിന്റെ കൂട്ടുകാരുടെ ജീവിതം വർണ്ണാഭമായിരിക്കട്ടെ.
നാദഭരിതമായിരിക്കട്ടെ.
അതിനു വേണ്ടിയാണ്
നിന്റെ അച്ഛനും കൂട്ടുകാരും 
പണിയെടുത്തുകൊണ്ടേയിരിക്കുന്നത്.
ഏറെ നിശ്ശബ്ദരായിട്ടാണെങ്കിലും.
************
മുഴുക്കാപ്പ്
ശ്രീല അനിൽ
മനസാം 
ശ്രീകോവിലിൽ
കണ്ണാ,,,,
നിൻ രൂപം,,,,
കമനീയം,,,
ഭക്തിതൻ ചന്ദനം ഹൃദയമിടിപ്പിനാൽ
ഞാൻ
അരച്ചിടാം...... 
മുഴുക്കാപ്പായ്
അണിയിക്കാം.... 
ഓരോരോ ഭാവങ്ങളിൽ
നിൻ രൂപം എന്നിൽ 
ജീവൻ വയ്ക്കും...... 
ഇന്നെന്റെ മനസ്സിൽ നീ വെണ്ണ കട്ടുണ്ണുമുണ്ണി
നാളെ നീ കൗമാരത്തിൽ
രാധ തൻ
ഹൃദയേശ്വരൻ..... 
ചിലപ്പോഴോ
സ്നേഹനിധിയാം
ലക്ഷ്മീകാന്തൻ..... 
പിന്നെയോ
ചക്രപാണി,
ധർമ്മസംസ്ഥാപകൻ
ഏതൊക്കെ
ഭാവങ്ങളിൽ
നിന്നെ
ഞാൻ വരയ്ക്കേണ്ടൂ,,,,
പറയൂ ദേവാ,,,,,,
എൻ പ്രണയാർദ്രനാം
സഖേ,,,
ഞാൻ നൽകും ചന്ദനച്ചാർത്തല്ലേ
നിൻ മുഖബിംബത്തിൽ
ശോഭയായ്
മാറുന്നതെന്നോർക്കണം കള്ളകണ്ണാ......... 
വാദ്യമേളങ്ങളാൽ,
പുലരിയിലുണർത്തി
 വാകച്ചാർത്തണിയിച്ച്
പട്ടിഞ്ച തേച്ച്
നീരിൽ
കുളിപ്പിച്ച്..... 
പാലിൽ... 
തേനിൽ.... 
പിന്നെ
നിന്നിഷ്ടം പോലഭിഷേചിച്ച്,,,
നിർമ്മാല്യ ചൈതന്യത്താൽ
എന്നുള്ളം
കുളിർപ്പിക്കും
കണ്ണാ നീ
കള്ളനെന്നെങ്ങിനെ
ചൊല്ലും, ഞാൻ...... 
എൻ കൗമാരത്തിൽ,
ശ്രീകോവിലിലിരിക്കും
നീയെപ്പോഴാണ് അവിടുന്നെഴുന്നേറ്റെന്നുള്ളിൽ,,,
വന്നണഞ്ഞതെന്നറിഞ്ഞില്ല...... 
പക്ഷേ, 
ഇന്നു നിൻ
നിർമ്മാല്യവും മുഴുക്കാപ്പും
പൂജാദികൾ സർവ്വതും
ഇവിടെ
എൻ മനസ്സിൽ,,,, 
നടക്കുന്നെന്നതാണൊരേ സത്യം
************
കുടിവെപ്പ്
ടി.ടി.വാസുദേവൻ
നാട്ടിൽത്താൻ കുടിവെച്ച്
പാർക്കുന്നെന്നറിഞ്ഞപ്പോൾ
പണ്ടത്തെ കളിക്കൂട്ടുകാരൊക്കെ
ചുറ്റും കൂടി.
വയൽവക്കിലെ കാക്കപ്പൂവുകൾക്കാഹ്ലാദമായ്
വരുന്നുണ്ടല്ലേ വീണ്ടും!
നമുക്കൊന്നടിച്ച് പൊളിക്കണം.
അറിയാമെനിക്കെല്ലാമറിയാ-
മെന്നല്ലയോ ചേമ്പില
തലയാട്ടി കിന്നാരം പറയുന്നു.
തുമ്പയ്ക്കു പരിഭവം
മക്കളെക്കാട്ടിക്കൊടുത്തില്ല
പോൽ ഞാനിന്നോളം .
അവളും വരുന്നില്ലേ
നിന്നൊപ്പം കുടികൂടാൻ,
പഞ്ചാരമാവിൻ ചോദ്യം
കേൾക്കവേ മൂകനായ് ഞാൻ.
അവളല്ലൊന്നിച്ചുള്ളതെന്നെങ്ങനെ പറയും ഞാൻ!!
************