ആത്മഹത്യ - ജീവിതം കൊണ്ട് മുറിവേറ്റവന്റെ വാക്ക്.
എഡി:- ഷാനവാസ് എം എ & എന്‍ പി സജീഷ്.
പ്രസാധനം - പ്രണത ബുക്സ് കൊച്ചി
വില - 200
ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍ എത്രയോ ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചിട്ടുണ്ടാവും
അതിലും എത്രയോ ദിവസങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്നതിനാല്‍
മരിച്ച ഒരാള്‍ക്കാണല്ലോ ഭക്ഷണം വിളമ്പിയതെന്ന് മരിച്ച ഒരാളുടെ കൂടെയാണല്ലോ യാത്ര ചെയ്തതെന്ന് മരിച്ച ഒരാളാണല്ലോ ജീവനുള്ള ഒരാളായിചിരിച്ചും കരഞ്ഞും അഭിനയിച്ചതെന്ന്
കാലം വിസ്മയിക്കും
അയാളുടെ യത്രയും കനമുള്ള ജീവിതം ജീവിച്ചിരിക്കുന്നവര്‍ക്കില്ല
താങ്ങിത്താങ്ങി തളരുമ്പോൾ മാറ്റിപ്പിടിക്കാനാളില്ലാതെ കുഴഞ്ഞു പോവുന്നതല്ലേ സത്യമായും അയഞ്ഞുപോവുന്നതല്ലേ
അല്ലാതെ ആരെങ്കിലും ഇഷ്ടത്തോടെ......!!
ജിനേഷ് മടപ്പള്ളി
ഓരോ പുസ്തകവും ഓരോ വായനയും എനിക്ക് സമ്മാനിച്ചിട്ടുള്ളത് എനിക്ക് ചുറ്റുമുള്ള എന്നാല്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ലോകങ്ങളിലൂടെയുള്ള സഞ്ചാരമായിരുന്നു.എന്നാല്‍ ആത്മഹത്യ- ജീവിതം കൊണ്ട് മുറിവേറ്റവന്റെ വാക്ക് വായിച്ചുകഴിഞ്ഞപ്പോള്‍ കുറേ ദിവസങ്ങളോളം മനസ്സ് നിറയേ ശൂന്യതയായിരുന്നു.സാധാരണ ഒരു പുസ്തകം വായിച്ച് കഴിഞ്ഞാല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അതിന്‍റെ കുറിപ്പ് തയ്യാറാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാല്‍ ഈ പുസ്തകം വായിച്ച് കഴിഞ്ഞപ്പോള്‍ കുറേ ദിവസങ്ങളോളം ഒന്നും എഴുതാനാവാത്ത അവസ്ഥയായിരുന്നു.നമുക്കു ചുറ്റും സാധാരണ കേള്‍ക്കുന്ന ആത്മഹത്യകളെപ്പറ്റിയല്ല. പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ജീവിതമവസാനിപ്പിച്ച
ജീവിതകാമനയേക്കാളേറെ മരണകാമനയുള്ള
സാഹിത്യ പ്രതിഭകളെപ്പറ്റിയാണ് ഈ പുസ്തകം പങ്ക് വച്ചത്.''ആത്മഹത്യ മുറിവേറ്റവന്‍റെ വാക്ക്'' എന്‍റെ കൈവശമെത്തിയിട്ട് കാലമേറെയായിരുന്നങ്കിലും ഒന്ന് രണ്ട് അധ്യായം മാത്രം വായിച്ച് അത് ഷെല്‍ഫില്‍ വയ്ക്കുകയായിരുന്നു.എന്നാല്‍ യുവ കവി ജിനേഷ് മാടപ്പള്ളിയുടെ ആത്മഹത്യയാണ് ഈ പുസ്തകം എന്നേ തുടര്‍വായനയ്ക്കായി പ്രേരിപ്പിച്ചത്..
അധികാരത്തിന്റെ അല്ലെങ്കില്‍ എഴുത്തിന്‍റെ
അതുമല്ലെങ്കില്‍ സര്‍ഗ്ഗാത്മകതയുടെ കൊടുമുടിയില്‍ നിൽക്കുമ്പോൾ
സ്വയം സൃഷ്ടിച്ച ഏകാന്തതയുടെ തടവറയില്‍ നിന്ന്
ജീവിതത്തെയും അതിന്റെ കാപട്യങ്ങളെയും ഉപേക്ഷിച്ചു പോയ പ്രസിദ്ധരായ അല്ലെങ്കിൽ കുപ്രസിദ്ധരായ മനുഷ്യരെയാണ് ''ആത്മഹത്യ മുറിവറ്റവന്‍റെ വാക്ക് എന്ന ഈ പുസ്തകത്തിലൂടെ എന്‍പി സജീഷും ഷാനവാസ് എം എ യും നമ്മെ പരിചയപ്പെടുത്തുന്നത്.ഉള്ളില്‍ തിളച്ചുമറിയുന്ന വിവിധങ്ങളായ സംഘര്‍ഷങ്ങളുടെ കെട്ടുപാടുകളില്‍ തകരുകയും തളരുകയും ചെയ്ത് ഒടുവില്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയും ആ ആത്മഹത്യയിലൂടെ പോലും വിചിത്രമായ ഭാവനാവിലാസങ്ങളാല്‍ നമ്മേ അദ്ഭുതപ്പെടുത്തിയ
രാജലക്ഷ്മി മുതല്‍ സില്‍വിയ പ്ലാത്ത് വരെയുള്ളവരെയുള്ളവരെ.
മലയാള സാഹിത്യം വളരെ പ്രതീക്ഷയോടെ ഉറ്റു നോക്കിയ രാജലക്ഷ്മി ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ എന്ന പേരില്‍ കഥ പോലുമെഴുതിയ രാജലക്ഷ്മിക്ക് ആത്മഹത്യ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന അഭിപ്രായമാണുണ്ടായിരുന്നത്. പക്ഷേ ഏവരെയും ഞെട്ടിച്ചു കൊണ്ട് അവരും മരണത്തിന്‍റെ ശാന്തതയ്ക്ക് സ്വയം കീഴടങ്ങി.ചെറുപ്പത്തിന്‍റെ തീച്ചൂളയില്‍ കവയത്രി നന്ദിത തെരഞ്ഞെടുത്ത വഴിയും മറ്റൊന്നല്ല. കടുത്ത മരണാഭിവാഞ്ച ഇവര്‍ പ്രകടിപ്പിച്ചിരുന്നു. അവരുടെ കവിതകളില്‍ മരണാസക്തി വ്യക്തമായി കോറിയിരിക്കുന്നു. വിചിത്രമായ ഇഷ്ടാനിഷ്ടങ്ങളും ഏകാന്തതയും അവരുടെ കൂടപ്പിറപ്പായിരുന്നു. ഹോസ്റ്റല്‍ മുറിയിലെ തറയുടെ തണുപ്പ് മരണത്തിന്‍റെ തണുപ്പായി എഴുതാനുള്ള ഭാവന അവര്‍ക്കു മാത്രം സ്വന്തം. പ്രണയനൈരാശ്യം ബാധിച്ച് ഇടപ്പള്ളി രാഘവന്‍ പിള്ള മരണത്തിലേക്ക് സ്വയം അലിഞ്ഞപ്പോള്‍ മലയാളികള്‍ക്ക് നഷ്ടമായത് ഉജ്ജ്വലനായ ഒരു കവിയെയാണ്. ആ ജീവിതം പിന്നീട് ‘രമണന്‍’ എന്ന കൃതിയിലൂടെ ഇടപ്പള്ളിയുടെ സുഹൃത്ത് ചങ്ങമ്പുഴ അനശ്വരമാക്കി.
മലയാള സാഹിത്യത്തില്‍ മാത്രമല്ല ലോകസാഹിത്യത്തിലും എഴുത്തുകാര്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. ഇവരില്‍ കൂടുതലും സ്ത്രീകളാണെന്നത് യാദൃശ്ചികമാകാം. ബിറ്റുവീന്‍ ദി ആക്ട്സ്’ എന്ന നോവല്‍ പൂര്‍ത്തിയാക്കിയതിനു ശേഷം കടുത്ത നിരാശയിലേക്ക് കൂപ്പുകുത്തിയ വെര്‍ജീനിയ വൂള്‍ഫ് രക്ഷപ്പെടാന്‍ ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും കണ്ടില്ല. കടുത്ത വിഷാദരോഗത്തിന് അടിമയായ വൂള്‍ഫ് ഡയറിക്കുറിപ്പുകളില്‍ തന്‍റെ രോഗം മാറില്ലെന്ന് എഴുതിയിരുന്നു. ഓവര്‍കോട്ടില്‍ പാറകഷ്ണങ്ങള്‍ നിറച്ച് ഊസ് നദിയിലേക്കെടുത്തു ചാടിയാണ് വൂള്‍ഫ് മരണത്തിലേക്ക് ഊളിയിട്ടത്.ഏണസ്റ്റ് ഹെമിംഗ്‌വേയും മരണം സ്വയം കല്‍പ്പിക്കുകയായിരുന്നു. കടുത്ത മദ്യപാനത്തിനടിമയായ അദ്ദേഹം വായില്‍ നിറയൊഴിച്ചാണ് മരിച്ചത്. ഓരോ പുസ്തകങ്ങളും പൂര്‍ത്തിയാക്കുന്നത് കടുത്ത മാനസിക സംഘര്‍ഷത്തോടെയാണെന്നത് എഴുത്തുകാരല്ലാം അംഗീകരിക്കുന്ന വസ്തുതയാണല്ലോ.സില്‍വിയാ പ്ലാത്ത് മരണത്തെ പുല്‍കിയത് തീര്‍ത്തും ഭ്രാന്തമായ രീതിയിലായിരുന്നു. കടുത്ത വിഷാദരോഗം അവരെ ബാധിച്ചിരുന്നു. വിവാഹബന്ധത്തിലെ താളപ്പിഴകളും അവരെ അലട്ടിയിരുന്നു. സ്വന്തം ഫ്ലാറ്റിലെ അടുക്കളയാണ് മരണത്തിനായി അവര്‍ തെരഞ്ഞെടുത്തത്. ഓവന്‍ തുറന്ന് അതിനുള്ളില്‍ തലകയറ്റിയ ശേഷം സ്വിച്ച് ഓണ്‍ ചെയ്യുകയായിരുന്നു. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് അവര്‍ക്ക് മരണം സംഭവിച്ചത്.കാബാത്ത,മിഷിമ,ഹിറ്റ്ലര്‍,വാന്‍ഗോഗ്,സുബ്രമണ്യദാസ്,സില്‍ക്കഃ അങ്ങനെ നീളുന്നു ഈ പട്ടിക.
സാധാരണ മനുഷ്യരുടെ ചിന്തകള്‍ക്കപ്പുറത്തുള്ള കാര്യങ്ങളെപ്പറ്റി ആശങ്കയും വിഹ്വലതയും അനുഭവിക്കുന്ന എഴുത്തുകാരും പ്രതിഭകളും മരണത്തേക്കുറിച്ച്, അതിന്‍റെ നിഗൂഡ സൗന്ദര്യത്തേക്കുറിച്ച്, അതിനപ്പുറം എന്തെന്ന ആഹ്ലാദകരമായ അന്വേഷണത്തെക്കുറിച്ച് ഒക്കെ ചിന്തിക്കുന്നത് സ്വാഭാവികം. ആത്മഹത്യ എന്ന പരീക്ഷണത്തിലൂടെ മരണത്തെ നിര്‍വചിക്കാനുള്ള ശ്രമങ്ങള്‍. അവര്‍ സൃഷ്ടിച്ച ഏതൊരു കൃതിയെയുംക്കാള്‍ വരകളെക്കാള്‍ അധികാരത്തേക്കാള്‍ അവരുടെ മരണം നമ്മോടു സംസാരിക്കുകയും ചെയ്യുന്നു.
രാജലക്ഷ്മി അവസാനമെഴുതിയ `ആത്മഹത്യ'യുടെ നലുവരികളോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
'ആത്മഹത്യ ഭീരുത്വത്തിന്‍റെ ലക്ഷണമാണ്.കൊള്ളരുതായ്മയുടേയും ഭീരുത്വത്തിന്‍റെയും. എന്നാല്‍ ‘ഭീരുത്വം എന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. ഓടുന്ന തീവണ്ടിയുടെ മുമ്പില്‍ തല വെയ്ക്കുന്നത് ഭീരുത്വമാണത്രെ; ഭീരുത്വം. അല്ല ധീരതയാണ്. അവരവര്‍ വിചാരിച്ച പോലെയെല്ലാം നടക്കാതെ വരുമ്പോള്‍ ഉടനെ പോയങ്ങു മരിക്കുക. Revence face ചെയ്യനുള്ള ധൈര്യമില്ലാതെ ഒളിച്ചോടിപ്പോകുക എന്നുവെച്ചാല്‍ ഭീരുത്വം എന്നു തന്നെ പറയും ഞാന്‍’
പുസ്തകം - ആത്മഹത്യ- ജീവിതം കൊണ്ട് മുറിവേറ്റവന്റെ വാക്ക്..
എഡി:- ഷാനവാസ് എം എ & എന്‍ പി സജീഷ്.
പ്രസാധനം - പ്രണത ബുക്സ് കൊച്ചി
വില - 200
ജോയിഷ് ജോസ്
പുസ്തകത്തെക്കുറിച്ച് ശ്രീ ഷാനവാസ് എം.എ. ഇപ്പോൾ സംസാരിക്കുന്നു.
https://drive.google.com/file/d/1VA2m0pJKhFDtAh1thAWnC7Od0J5U1hYg