05-11-18

റഷ്യ
എം.മുകുന്ദൻ

വരികൾ കൊണ്ടു മലയാള സാഹിത്യത്തിൽ വസന്തങ്ങൾ വിരിയിച്ച അത്ഭുതമാണ്. മയ്യഴിയുടെ കുളിര് ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലുമുള്ള മലയാളികളിലേക്കു എത്തിക്കാൻ മുകുന്ദൻ മാഷിന് കഴിഞ്ഞിട്ടുണ്ട്
മുകുന്ദൻ മാഷിന്റെ മൂന്നു ലഘുനോവലുകളുടെ സമാഹാരമാണ് റഷ്യ.
അതിൽ ഒന്നാമത്തേത് ആശങ്കകൾ..അപ്പുണ്ണി നായരുടെ ജീവിതത്തിലൂടെ മനുഷ്യജന്മത്തിന്റെ മൂന്നു അസ്തിത്വങ്ങളെ കുറിച്ചു വിശദീകരിക്കുന്നു..പൊലീസുകരിൽ നിന്നും രക്ഷപെടാൻ പാടുപെടുന്ന അപ്പുണ്ണിയെന്ന കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയെ ആണ് ആദ്യം പരിചയപ്പെടുന്നത്..സോഷ്യലിസം എന്ന വലിയ സ്വപ്നത്തിനു മുന്നിൽ സ്വന്തം അച്ഛന്റെ സ്വപ്നങ്ങൾ പണയപ്പെടുത്തിയ അപ്പുണ്ണി..പിന്നീട് വർഷങ്ങൾക്കു ശേഷം അവധി ആഘോഷിക്കാൻ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തിയ ധനാഢ്യനായ മധ്യവയസ്കനായാണ അപ്പുണ്ണിയെ കാണുന്നത്..പഴയ ആദര്ഷാധിഷ്ഠിത വിപ്ലവകാരിയിൽ നിന്നും പ്രായോഗിക ജീവിതതത്വങ്ങൾ സ്വായത്തമാക്കിയ ഒരു സാധാരണക്കാരൻ...ഈ രൂപമാറ്റം  ഇന്നത്തെ പരിതസ്ഥിതിയിലെ ഒരു സാമൂഹിക ആക്ഷേപഹാസ്യം പോലെ തോന്നും..അതിലും രസകരമായത് അപ്പുണ്ണിയുടെ മൂന്നാമത്തെ മുഖമാണ്..ജീവിത സായാഹ്നത്തിൽ ഇഹലോക ചിന്തകൾ പരിത്യജിച്ചു കാശിയിലെ തെരുവിൽ സന്യാസത്തിന്റെ ലോകത്തു ശാന്തമായി ജീവിക്കുന്ന അപ്പുണ്ണി...ജീവിതത്തിന്റെ  പലത്തിരിച്ചറിവുകളിലേക്കും  വെളിച്ചം വീശുന്നു ആശങ്കകൾ എന്ന ആദ്യഭാഗം...
രണ്ടാമത്തേത് കൃഷ്ണേട്ടന്റെ കുടുംബം..ഈ നോവലിൽ കൃഷ്ണേട്ടനെന്ന ഒരു കമ്മ്യുണിസ്റുകരന്റെ ജീവിതവും കുടുംബവും ആണ് കഥാതന്തു...കമ്മ്യൂണിസ്റുകാരനായ കൃഷ്ണനും അധീവ ദൈവ ഭക്തയായ ഭാര്യയും..രണ്ടു വിരുദ്ധധ്രുവങ്ങളുടെ സംഗമം...പക്ഷെ ഒരു യഥാർത്ഥ കമ്മ്യുണിസ്റുകാരനായിരുന്ന കൃഷ്ണൻ, ഭാര്യ യുടെ ദൈവവി ശ്വാസത്തെ മനസ്സിലാക്കാനും ആശയങ്ങൾ കൊണ്ട് പതിയെ പതിയെ പിന്തിരിപ്പിക്കാനും ശ്രമിച്ചു കൊണ്ടിരുന്നു..പക്ഷെ കൃഷ്ണന്റെ കാലശേഷവും അവരിലെദൈവഭക്തി അതേപടി നിലകൊണ്ടു..കൃഷ്ണന്റെ കാലശേഷം മകനും അച്ഛനെപോലെ ആയിരുന്നു...താത്വിക ചിന്തകളിൽ വിരാജിക്കുന്ന  എഴുത്തുകാരൻ..അമ്മയുടെ ദൈവങ്ങലോട് മകനും
 താൽപര്യമില്ലായിരുന്നു...രണ്ടു തലമുറകളുടെ വിപ്ലവചിന്തകളിൽ സ്വത്വം നഷ്ടമായ അമ്മയുടെ ചിത്രം ഈ നോവലിലൂടെ മുകുന്ദൻ വരച്ചു വെക്കുന്നു..ലോകം വാഴ്ത്തുന്ന ഏതൊരു നേതാവിന്റെയും പിന്നാമ്പുറങ്ങളിൽ ഒരമ്മയുടെ കണ്ണുനീരിന്റെ നനവുണ്ടാകുമെന്നു ഇതു ഓർമിപ്പിക്കുന്നു...
മൂന്നാം ഭാഗം റഷ്യ : അല്പം ഫിലോസോഫിക്കൽ തീം...
കമ്മ്യൂണിസ്റുകാരാണെന്നു സ്വയം വിലയിരുത്തുന്ന ബുജിഗണങ്ങൾക്കുള്ള ഒരു ചാട്ടുളി..യൗവനകാലത്തു വാക്കും പ്രവർത്തിയും വിരുദ്ധ ദിശയിൽ കൊണ്ടുപോയ ഒരാളുടെ വര്ധക്യത്തിലേ വേവലാതികൾ....ഒരു വ്യാഴവട്ടം സഖിയായി കൂടെ നടന്ന റൂസി എന്ന പെണ്കുട്ടിയെ ജീവിതസഖിയാക്കാൻ പോലും  ശ്രമിക്കാതിരുന്ന കഥാനായകൻ അവസാനം ആശരണരായ അന്തേവാസികളുടെ കൂട്ടത്തിൽ നിന്നും റൂസിയുടെ വിറങ്ങലിച്ചകൈകൾ നെഞ്ചോടു ചേർത്തു കൂടെ കൊണ്ടു പോകുമ്പോൾ ജീവിതത്തിൽ ചെയ്ത പല തെറ്റുകൾക്കും പ്രായശ്ചിത്തമായി മാറുന്നു..
മുകുന്ദന്റെ എല്ലാ രചനകൾപോലെ ഒറ്റ ഇരിപിന് വായിച്ചു തീർക്കാൻ തോന്നുന്ന മറ്റൊരു പുസ്തകം.....

പിൻകുറിപ്പ്:റഷ്യ എന്ന പേരിനു കാരണം റൂസിയെന്ന കഥാപാത്രമാണെന്നു മുകുന്ദൻ മാഷ് പറയുന്നുണ്ട്.റഷ്യയ്ക്ക് പല ഭാഷകളിലും റൂസി എന്നു പറയാറുണ്ടത്രേ.....
*************
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ
എം.മുകുന്ദൻ
ആമുഖം

പെണ്ണിന്റെ ആത്മബലവും കരുത്തും അലസനായ ആണിനെ അടുക്കളയിലേക്ക് വലിച്ചെറിഞ്ഞ കഥ.

പെണ്ണ് കഞ്ഞിയും കറിയും വെച്ച് ആണിനെ ഊട്ടി തൃപ്തിപ്പെടുത്തേണ്ടവൾ എന്ന ധാരണ മാറി വരുന്നു. പെണ്ണ് കരുത്താർജ്ജിച്ചാൽ ആണ് ചുരുണ്ടു മടങ്ങിപ്പോകും. ആധുനിക ലോകം പെണ്ണിനുള്ളതാണ് അവൾ അത് തിരിച്ചറിയണമെന്നു മാത്രം!

കഥയിലൂടെ ......

മുപ്പതു വയസ്സു കഴിഞ്ഞ മീത്തലെ പ്പുരയിൽ സജീവൻ പെണ്ണുകാണാൻ ഏച്ചിയേയും കാരണവർ മടിക്കുന്നേമ്മൽ ഗോപാലനോടും ഒന്നിച്ച് സ്വന്തം ഓട്ടോറിക്ഷയിൽ പുറപ്പെട്ടു. നെടുമ്പ്രയിൽ ബാലന്റെ ഇരുപത്തിയാറു വയസ്സുള്ള മകൾ രാധികയാണ് വധു.

ഇടതു വശത്തൂടെ മാത്രം ഓടിച്ച് ഓവർ ടേക്കു ചെയ്യുന്ന സജീവൻ ലോണെടുത്ത് വാങ്ങിയതാണ് ആ ഓട്ടോറിക്ഷ. പെൺ വീട്ടുകാർ ഓട്ടോയെ കാര്യമായി വീക്ഷിച്ചെങ്കിലും സജീവനെ ഗൗനിച്ചതേയില്ല!
നെയ്യപ്പവും ചായയും ആസ്വദിച്ചു കഴിച്ച സജീവൻ പെണ്ണിന്റെ മൊഞ്ചുകണ്ട് പരവശനായി. ഇപ്പോൾ ചുട്ടെടുത്ത നെയ്യപ്പം പോലുള്ള പെണ്ണിനെ കറു മുറാ കടിച്ചു തിന്നാൻ തോന്നി.
പെണ്ണിനെ കണ്ണു നിറയെ കാണാൻ ചെന്ന വരനോട്
മാസം അടവ് എത്രണ്ട്" എന്നു ചോദിച്ചവളാണ് രാധിക !
ഓട്ടോയിൽ ഗുരുവായൂരു പോകണ്ട, ലുലു മാളിൽ പോയാൽ മതി എന്ന് തുറന്നടിച്ചവൾ രാധിക ! തനിക്ക് മൂന്നു മാസത്തിൽ ഒരിക്കൽ ചുരിദാറുവാങ്ങിത്തന്നില്ലെങ്കിൽ വക്കീലിനെ കാണാനും കോടതി കയറിയിറങ്ങാനും നടക്കേണ്ടി വരും എന്ന് ആദ്യമേ കരാറുറപ്പിച്ചവൾ!

താലികെട്ടിയ മാത്രയിൽ താലിമാലയുടെ നൂലുവണ്ണം ശ്രദ്ധിച്ചവൾ! കല്യാണ ചെലവിന് പിടിച്ച ചിട്ടി, ലോണെടുത്ത ഓട്ടോ, കടങ്ങൾ സജീവന് ഭാരമേയല്ല; നാട്ടുകാരുടെ കൈയ്യിൽ കാശുണ്ടെങ്കിൽ അമേരിക്കയെ പോലെ കഴിഞ്ഞു പോകാമെന്ന് സജീവനറിയാം. പെണ്ണുടലിൽ ആർത്തി പെരുത്ത സജീവനെ ആദ്യരാത്രിയിൽ തന്നെ തളയ്ക്കാൻ രാധികയ്ക്കു കഴിഞ്ഞു.
ഓട്ടോ ഓടിച്ചു കിട്ടുന്ന കാശു മുഴുവൻ തനിക്കു കിട്ടണം
അഫ്സലിന്റെ മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങിയ നിരോധ് ഭർത്താവിനു നേരേ നീട്ടി തന്നെ ഓട്ടോറിക്ഷ ഓടിക്കാൻ പഠിപ്പിച്ചാലേ കുട്ടികൾ ഉണ്ടാകാൻ സമ്മതിക്കൂ എന്നും അവൾ അവനോടു പറയുന്നു .

അലസനായ സജീവൻ ഉറങ്ങിയും വിശ്രമിച്ചും ഒരു കൊല്ലം ഓടിച്ചിട്ടും ലോൺ അടഞ്ഞില്ല: കടം വീടിയില്ല;തീവണ്ടിയാ ഫീസിൽ വൈകിയെത്തുന്ന ഉച്ചയുറക്കം ഉപേക്ഷിക്കാത്ത ഓവർ ടേക്ക് ചെയ്യാൻ താല്പര്യം ഉള്ള പട്ടിയേയും ബൻസിനേയും പിന്നിലാക്കുന്ന സജീവന് ഓട്ടം കിട്ടാത്തതിൽ അത്ഭുതമില്ല!

രാധിക ഷാൾ ഇടയ്ക്കു കെട്ടി അരയും തലയും മുറുക്കി ഓട്ടോ ഓടിക്കാൻ രംഗത്തിറങ്ങി. ഒറ്റ ഓട്ടത്തിന് 235 രൂപ അവൾ നേടി! ഒരു ദിവസം മുഴുവൻ ഓടിയാൽ സജീവന് 70 രൂപ കിട്ടിയാലായി. സഹപ്രവർത്തകരിൽ നിന്ന് സജീവനെ അറിഞ്ഞ രാധിക സജീവന് അടുക്കള ചുമതല നൽകി ഓട്ടോപൂർണ്ണമായി ഏറ്റെടുത്തു. നന്നായി ഓട്ടോ ഓടിച്ച് ലോണും കടങ്ങളും വീട്ടിമൂന്നു പവന്റെ താലിമാല വാങ്ങി അതിൽ അവനിട്ട ആലിലകൃഷ്ണന്റെ ലോക്കറ്റുമിട്ട് ഭർത്താവിനെ കൊണ്ട് തന്നെ കഴുത്തിൽ കെട്ടിച്ചിട്ട് ദിവ്യമോൾക്ക് ജന്മം നൽകാൻ ഭർത്താവിനെ കൈ പിടിച്ച് കിടപ്പറയിലേക്ക് ആനയിയ്ക്കുകയാണ് രാധിക !

സമകാലീന പ്രസക്തി

രാധികയെ കണ്ട് സദാചാര വാദികൾ നെറ്റി ചുളിച്ചേക്കാം. ഇന്ന് നമ്മുടെ ആൺകുട്ടികൾ അമ്മമാരുടെ അമിത വാത്സല്യത്തിൽ അലസരായി, എല്ലാം സുഖങ്ങളിലും അഭിരമിച്ച് സ്വയംപര്യാപ്തരല്ലാതെ നാളുകൾ പോക്കുന്നു മൊബൈലും ലാപ്പുമൊക്കെ അവരുടെ മേഖലകൾ .പെണ്ണ് വെച്ചുവിളമ്പി അവരെ ഊട്ടി കഴിയുന്നു.
അവൾ ബോധവതിയും ഉത്തരവാദിത്വബോധവും അധ്വാനശീലയുമായപ്പോൾ അവൻ അടുക്കളയിലേക്ക് ചുരുളേണ്ടിവരുന്ന കാഴ്ച വിദൂരമല്ല.

സ്ത്രീയുടെ ഉടലിനോടുള്ള ആർത്തിയെ പുച്ഛിച്ച് വീര്യം കെടുത്തി അവനെ ചവിട്ടിത്താഴ്ത്താൻ കഴിഞ്ഞാൽ അതാണ് സ്ത്രീയുടെ കരുത്ത്!

പിൻകുറിപ്പ്

ഇത് എല്ലാ പുരുഷൻമാർക്കും ബാധകമല്ലേ!


ശ്രീല.കെ.ആർ