05-10-19

********
ആത്മായനം
ജസീന റഹീം

യാത്രകൾ ഒരുപാടിഷ്ടമായിരുന്നു.. ആദ്യമൊക്കെ തനിച്ചും.. പിന്നെ പ്രിയപ്പെട്ടവരോടൊപ്പവുമുള്ള യാത്രകളോടുമായിരുന്നു പ്രിയം.. ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്കും ..തിരിച്ചും.. തനിച്ച് ഒരു വർഷത്തോളം യാത്ര ചെയ്തു.. തിരുവനന്തപുരത്തേക്കുള്ള യാത്രകൾ കൂടാതെ തമിഴ്നാട് -കേരള അതിർത്തിയിലെ പുളിയറയിലേക്കും പിന്നെ ചവറയിലെ മാമാടെ വീട്ടിലേക്കുമായി എന്റെ യാത്രകൾ മിതപ്പെട്ടെങ്കിലും ഒരിക്കലും ഒടുങ്ങാത്ത യാത്രകൾ എന്നും സ്വപ്നം കാണുകയും അതെക്കാലവും സ്വപ്നങ്ങൾ മാത്രമായി മാറുകയും ചെയ്തു.. ജാസിന്റെ കല്യാണം കഴിഞ്ഞ് പലപ്പോഴും വാപ്പായോടൊപ്പം  ലോറിയിൽ കയറി പുളിയറയിലേക്ക് യാത്ര ചെയ്തു... ആദ്യമൊക്കെ ലോറിയിൽ കയറാൻ നാണിച്ചെങ്കിലും .. മുന്തിരിത്തോപ്പിലെ സോഫിയയ്ക്കും സ്ഫടികത്തിലെ തുളസിയ്ക്കും ലോറിയിൽ കയറാമെങ്കിൽ പിന്നെ എനിക്കുമാവാമെന്ന ചിന്ത നാണത്തെ കുടഞ്ഞെറിഞ്ഞു..
ചിലപ്പോഴൊക്കെ ജാസിന്റെ മോൻ അപ്പുവിനെയും കൊണ്ടായിരുന്നു ലോറി യാത്ര..
ഞാൻ ബി.എഡിനു പഠിക്കുമ്പോൾ അവന്  മൂന്നു
വയസ്സായിരുന്നു.. ജാസിന് രണ്ടാമത് ഒരാൺകുട്ടി കൂടി ജനിച്ചതോടെ അപ്പുവിനെ ആദ്യമൊക്കെ വല്ലപ്പോഴും ..പിന്നെ സ്ഥിരമായും ഞങ്ങൾക്കൊപ്പം ജാസ് നിർത്തി.അവനാണെങ്കിൽ അവരെയൊന്നും പിരിഞ്ഞിരിക്കുന്നതിൽ സങ്കടവുമില്ലായിരുന്നു... ആൺമക്കളെ വളർത്താൻ കൊതിച്ചിരുന്ന ഉമ്മ.. മൂത്ത മോൾടെ മൂത്ത മോനെ കൊഞ്ചിച്ചും ലാളിച്ചും വളർത്തി.. അവനാകട്ടെ അവനെക്കൊണ്ടാവും വിധം കരുത്തക്കേടുകൾ സദാ ഒപ്പിച്ച് ഉമ്മുമ്മാടെ സമനില തെറ്റിച്ച് കൊണ്ടുമിരുന്നു.. ഓരോ തവണ ഞാൻ ഹോസ്റ്റലിൽ നിന്ന് വരുമ്പോഴും പുതിയ മുറിവുകളും അടയാളങ്ങളുമായി അവൻ ഒരു കള്ളച്ചിരിയോടെ  നിന്നു..
അവനെന്നെ 'ചിന്നന്ന ' എന്നും പിന്നീട് "ചിന്ന' എന്നും വിളിച്ചു..
മൂന്ന് വയസായപ്പോൾ ഉമ്മ അവനെ ഇളമ്പള്ളൂർ കെ.ജി.വി സ്കൂളിലെ നഴ്സറി ക്ലാസ്സിൽ ചേർത്തു.. നഴ്സറിയിൽ പോകാൻ മടി പിടിച്ച് വലിയ വായിൽ നിലവിളിക്കുന്ന ചെറുമകനെ ഉമ്മുമ്മ ബലമായി പിടികൂടി പല്ലുതേപ്പിക്കുകയും കുളിപ്പിക്കുകയും ഭക്ഷണം തീറ്റിക്കുകയും വീട് മുതൽ സ്കൂള് വരെ എടുത്തു കൊണ്ട് പോവുകയും ചെയ്തു.. അവന്റെ ശാഠ്യങ്ങളെല്ലാം സാധിച്ചു കൊടുക്കുന്നത് ഉമ്മായെ സംബന്ധിച്ച് ഒരു ഹരമായി മാറി.. ഒരിക്കൽ രാവിലെ സ്കൂളിൽ പോകാറായിട്ടും ചെറുമകനെ കാണാതെ ഉമ്മ ആകെ വിഷമിച്ച് തേടി നടന്നു.. ഒടുവിൽ ഉറക്കെ നിലവിളിയായപ്പോൾ  അയയിൽ തൂക്കിയിട്ടിരുന്ന തുണികൾക്കിടയിൽ നിന്ന് അവനിറങ്ങി വന്നു.. ഇടയ്ക്കിടെ കുഞ്ഞു സഞ്ചിയിൽ സാധനങ്ങൾ കുത്തിനിറച്ച് തമിഴ്നാട്ടിലേക്ക് അത്ത.. അമ്മ.. തമ്പിമാരെ കാണാൻ ലോറിയിൽ കയറി ഉപ്പുപ്പാക്കൊപ്പം അവൻ പോയി.. ഒരു ലോറി യാത്രയിൽ വാപ്പാടെ ഒരു സഡൻ ബ്രേക്കിൽ സീറ്റിൽ ഉറങ്ങിക്കിടന്നവൻ തെറിച്ച് താഴെ വീണതോടെ ലോറി കാണുമ്പോഴേ അലറി വിളിക്കാൻ തുടങ്ങി.. ഉമ്മാടെ കൂടെ നിന്നാൽ ഉമ്മ അവനെ കൊഞ്ചിച്ചു വഷളാക്കുമെന്നും പേടിത്തൊണ്ടനായി മാറുമെന്നും ജാസ് ഭയന്നു..
 അതോടെ അപ്പുവിനെ തിരികെ തമിഴ്നാട്ടിലേക്ക് തന്നെ ജാസ് കൊണ്ടു പോവുകയും ചെങ്കോട്ടയിലെ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർക്കുകയും ചെയ്തു.. പിന്നീട് അവധിക്കാലങ്ങളിൽ മാത്രമായി കുണ്ടറയിലേക്കുള്ള അവന്റെ വരവ്..
കുണ്ടറയിൽ നിന്നും പോയി ഒന്നു രണ്ടു വർഷം കഴിഞ്ഞൊരു ദിവസമാണ് അപ്പുവിന് ഉമ്മുമ്മയോർമ്മകൾ വന്നു ഭവിച്ചതും ആരോടും ഒന്നും പറയാതെ അവൻ മെല്ലെ നടന്ന് ഭഗവതിപുരം റെയിൽവേ സ്റ്റേഷനിൽ ചെന്ന് ചേരുകയും അവിടെ വന്നു നിന്ന ട്രെയിനിൽ കയറി യാത്ര തിരിച്ചതും.. ട്രെയിൻ വിട്ടതോടെ പേടിച്ചരണ്ട്.. അടുത്ത സ്റ്റോപ്പായ ആര്യങ്കാവിലിറങ്ങി.. തിരികെ ഭഗവതിപുരത്തെത്താൻ വേണ്ടി ആര്യങ്കാവിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ട്രെയിനിൽ കയറി.. എന്നാൽ ട്രെയിന്  ഭഗവതിപുരത്തു സ്റ്റോപ്പുണ്ടായിരുന്നില്ല.. ഭഗവതിപുരം സ്റ്റേഷനിൽ ട്രെയിൻ നിർത്തുന്നില്ലെന്നു കണ്ട അവൻ  ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് എടുത്തു ചാടി,.. ഓടുന്ന ട്രെയിനിൽ നിന്ന് എന്തോ പുറത്തേക്ക് തെറിച്ചു വീഴുന്നത് കണ്ട് ഓടിച്ചെന്ന സ്റ്റേഷൻ മാസ്റ്ററാണ് ചോര പുരണ്ട നിലയിൽ അവനെ കണ്ടതും .. അവനിൽ നിന്ന് കിട്ടിയ പുളിയറയിലെ കടയിലെ നമ്പറിലേക്ക് സ്റ്റേഷൻ മാസ്റ്റർ വിളിച്ച് അറിയിച്ചപ്പോൾ ജാസും മച്ചായും ഓടിയെത്തി.. "നീ. .എവിടെ പോകാനാ ട്രെയിനിൽ കയറിയത് .. .?"എന്ന ചോദ്യത്തിന് അവനൊറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ...
ഉമ്മുമ്മായെ കാണാൻ !!
********

കുപ്പായം
ഷബാന ബീഗം

മരിച്ചവരുടെ കുപ്പായങ്ങൾ
അയലിൽ തൂങ്ങി
നമ്മെ വിഭ്രമിപ്പിക്കും
സങ്കടപ്പെടുത്തുന്ന
സ്വേദഗന്ധമുതിർക്കും
ഉള്ളിന്റെയുള്ളിൽ
ഉയർന്നുതാഴുന്നൊരു
നെഞ്ചിൻകൂടുണ്ടായിരുന്നു -
വെന്ന് ഓർമിപ്പിക്കും.
അതിനുമകത്തു
പ്രിയമോലുന്നൊരു
ഹൃദയമുണ്ടായിരുന്നെന്നു
പറയാതെ പറയും
ജീവന്റെ ചൂടു പേറി
നമ്മളെ നോവിക്കും !
മറന്നേക്കല്ലേയെന്ന് കാറ്റിലാടും,
പ്രാർത്ഥനയിൽ കൂട്ടണേ -
യെന്നു നെടുവീർപ്പിടും,
മേലെ മൺകൂനയുയർന്നതോർത്തു
മെല്ലെ നിശ്ചലമാവും !
********

അഭിനയം
രമ.ജി.വി

അഭിനയം ഒരു കലയാണ്.
അഭിനയിപ്പിക്കലോ ...!??
ശരീരചലനങ്ങളെ
ആവാഹിച്ചെടുത്ത്
ചായം പൂശി
പേക്കോലമാക്കി
പൊടിപ്പും തൊങ്ങലും
വെച്ചു കെട്ടി
ഇരുളും വെളിച്ചവും
പൊതിഞ്ഞുവെച്ച്
മഴനീരിൽ
കോർത്തെടുത്ത്
അരങ്ങിലെത്തിയാൽ
ആടിത്തിമിർക്കും
പച്ചയും ചുവപ്പും കത്തിയും
കാലം തിരിഞ്ഞിരുന്നു ചിരിക്കും
നിലാവു വാർന്നൊഴുകും
സമയരഥങ്ങളിലേറി...
********

പെൺകുട്ടികളും ,വീടുകളും...
ശ്രുതി.വി.എസ്. വൈലത്തൂർ

പെൺകുട്ടിക്ക്
രണ്ടു വീടുകളാണത്രേ.....
തുറിച്ച ,കണ്ണിലെ
നോട്ടവും
പിന്നാമ്പുറ ചിന്തയും
ചേർന്ന
ഇരുനില
വീടുകൾ.....
Il
എന്റെ കൂട്ടുകാരൻ
ഇന്നലെ ചോദിച്ചു
പെണ്ണിനേതാ
വീടെന്ന്,
പെറ്റമ്മയുള്ള വീട്ടിൽ
നിന്നല്ലേ
നീ വല്ലയിടത്തും
കയറി ചെല്ലേണ്ടവളെന്ന്
കൂടുതൽ
കേട്ടു വളർന്നിട്ടുള്ളതെന്ന്
III
വല്ല വിധേനെയും
കണ്ടോന്റെ വീട്ടിൽ കയറി
അവൻ ദൈവമാണെന്നും
രക്ഷകനാണെന്നും കരുതി
അവഗണനയിലും
തുണിയഴിച്ചും ,മുറുക്കി കുത്തിയും
തേച്ചലക്കി കഴിയുമ്പോഴും
അടുക്കള വാതിൽക്കൽ
പറയുന്നത് നീ കേട്ടിട്ടില്ലേ
വല്ല വീട്ടിൽ നിന്നും
വന്ന പെണ്ണല്ലേ എന്ന്
l V
വിരിയുടെ സ്ഥാനം തെറ്റിയാൽ
കറികളുടെ നിര തെറ്റിയാൽ
രാത്രിയെങ്ങാനും തേങ്ങിയാൽ
നീ ,പറ്റില്ലെങ്കിൽ
ഇറങ്ങിക്കോ എന്നു പറയുന്നവന്റെ
കൂടെ
തിരിഞ്ഞ് കുട്ടികളെ
നോക്കി, ഉറങ്ങുന്ന
പെണ്ണിന്
വീട് ,ഒരു
വിദൂര സ്വപ്നമാണ്
ചെന്നു കയറിയ വീട്ടിൽ
എങ്ങനെയെങ്കിലും
ഒതുങ്ങിക്കഴിയണമെന്നമ്മ
പഠിപ്പിച്ച വാക്കാണ്
V
സത്യത്തിൽ ഓരോ -
പെൺകുട്ടിക്കും
എത്ര വീടുകളാണ്....
VI
എന്റെ കൂട്ടുകാരനോട്
ഇന്ന് ഞാൻ
ഉത്തരം
പറഞ്ഞു
പെൺകുട്ടികൾക്ക്
വീടുകളേയില്ലെന്ന് ,
VII
ആത്മാവിൽ വീടുക-
ളന്വേഷിക്കാൻ
അവരെ ശീലിപ്പിക്കുകയാണെന്ന്
********

മഴ നനയാൻ മോഹിച്ച പെൺകുട്ടി
സ്വപ്ന അലക്സിസ്

ഒരിത്തൊരിടത്ത് ഒരു ഗ്രാമത്തിൽ ഒരു പെൺകുട്ടിയുണ്ടായിരുന്നു. ഒരുപാട് അംഗങ്ങളുള്ള ഒരു വീട്ടിൽ ഒറ്റയ്ക്ക് താമസിച്ച ഒരു പെൺകുട്ടി. ഒറ്റക്ക് ആണെങ്കിലും കുട്ടിക്ക്‌ സംസാരിക്കാൻ കൂട്ടായി കാറ്റിൽ അനങ്ങുന്ന ജനാലശ്ശീല പോലും മതിയായിരുന്നു. നൃത്തം വെയ്ക്കാൻ കൂട്ടായി ഓരോ ആഴ്ചയും പുതിയ പുതിയ നിറമുള്ള കുപ്പായങ്ങൾ മാറിമാറി ഇടുന്ന തലയിണകൾ പോലും മതിയായിരുന്നു..
കിലുക്കാംപെട്ടി പോലെ കുട്ടി നിർത്താതെ സംസാരിച്ചു....
വർണ്ണപ്പൂക്കൾക്ക് മേൽ പൂമ്പാറ്റകളുമായി മത്സരിച്ചു പാറി നടന്ന കുസൃതിക്കുടുക്കയെ എല്ലാവരും തുമ്പി എന്നു വിളിച്ചു.
തുമ്പിയെ ഓമനിച്ച് ആരെങ്കിലും ചോദിക്കും..
"തുമ്പീ, നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താ?"
കുലുങ്ങിക്കുലുങ്ങി ചിരിച്ചുകൊണ്ട് തുമ്പി മറുപടി പറയും...
"തുമ്പിക്ക് മഴ നനയണം. പക്ഷേ തല്ലു കൊള്ളാൻ പാടില്ല"
പതിമൂന്ന് കിലോമീറ്ററോളം ദൂരെയുള്ള പട്ടണത്തിലെ സ്കൂളിലേക്കാണ് തുമ്പിയുടെ ഡാഡി അവളെ പഠിക്കാൻ വിട്ടത്. സത്യത്തിൽ തുമ്പിയുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന ഒരു തീരുമാനമായിരിക്കും അത് എന്ന് തുമ്പിക്കോ ഡാഡിക്കോ അന്ന് അറിയുമായിരുന്നില്ല. ആ കഥ തുമ്പി തന്നെ പറയും. വരട്ടെ. അതും കേൾക്കാം..
ഏകദേശം നാൽപ്പത് മിനിറ്റ് വരേണ്ട യാത്ര സ്കൂൾ ബസ്, ലോകമായ ലോകവും, വഴിയായ വഴിയുമെല്ലാം ചുറ്റി സ്കൂളിൽ എത്തുമ്പോഴേക്കും രണ്ട് മണിക്കൂറിന് അടുത്തായിട്ടുണ്ടാവും. ബസ്സിൽ കയറിയ ശേഷമുള്ള ചർദ്ദിയും മറ്റു കലാപരിപാടികളും കഴിഞ്ഞ ശേഷം സ്കൂളിൽ എത്തുംവരെ മറ്റൊന്നും ചെയ്യാനില്ലാത്ത തുമ്പിയും കൂട്ടുകാരും ആദ്യമായി കണ്ടുപിടിച്ച കളി ഇതായിരുന്നു.
"സ്റ്റെഡി ലൈക്ക് എ വടി."
ചെന്നീർക്കര എന്നായിരുന്നു തുമ്പിയുടെ ഗ്രാമത്തിന്റെ പേര്.. അവിടെനിന്നും ടൗണിലേക്കുള്ള വഴിയിൽ ഗട്ടറുകൾ എണ്ണുക എന്നത് അന്ന് രസമുള്ള ഒരു കളിയായിരുന്നു. മാസങ്ങളോളം അതേ നിലയിൽ തന്നെ കിടക്കുന്ന ഗട്ടറുകൾ എത്തുമ്പോൾ അവയിൽ സ്കൂൾ ബസ് കയറിയിറങ്ങും മുൻപേ എഴുന്നേറ്റു ബലം പിടിച്ച് നിൽക്കും കുട്ടികൾ. ഗട്ടറിൽ കയറിയിറങ്ങിയാലും സീറ്റിലേക്ക് വീണുപോകാതെ അതേപടി നിൽക്കുന്നവരാണ് വിജയികൾ. അതിനോടൊപ്പം തന്നെ കുട്ടികൾ ആർത്തു വിളിക്കും
"സ്റ്റെഡി ലൈക്ക് എ വടി."
ഓരോ ഗട്ടറുകൾ കഴിയുമ്പോഴും വീണു പോകുന്നവരും വീഴാത്തവരും ഒക്കെ ഒരുപാട് ഒരുപാട് ചിരിക്കും.
കളികൾ പലതും മടുത്തു തുടങ്ങിയ കാലത്താണ് ചിലർ സിനിമാക്കഥകൾ പറഞ്ഞു തുടങ്ങുന്നത്. അന്ന് തുമ്പിയുടെ നാട്ടിൽ കേബിൾ എത്തിത്തുടങ്ങുന്നതേ ഉള്ളൂ. ഞായറാഴ്ച വൈകിട്ടത്തെ മലയാളം സിനിമയും വെള്ളിയും ശനിയും കാണുന്ന ഹിന്ദി സിനിമകളുമാണ് ചർച്ചാവിഷയങ്ങൾ. തുമ്പിയുടെ ഏട്ടനും എല്ലാ സിനിമകളും വിടാതെ കാണും. ഭാഷ അറിയില്ലെങ്കിലും തുമ്പി ഹിന്ദി സിനിമകൾ ഏറെ ആസ്വദിച്ചിരുന്നു. സ്ക്രീനിലെ ദൃശ്യങ്ങളും ഏട്ടന്റെ മുഖത്തെ ഭാവഭേദങ്ങളും മാറിമാറി ശ്രദ്ധിച്ചാണ് തുമ്പി ഹിന്ദി മനസ്സിലാക്കിയിരുന്നത്.
അങ്ങനെയാണ് തുമ്പിയും ഈ ചർച്ചയിൽ സജീവമായി പങ്കെടുത്തു തുടങ്ങിയത്. സിനിമകൾ ആഴ്ചയിൽ ഒന്നോ രണ്ടോ മാത്രമല്ലേ ഉള്ളൂ? മാത്രമല്ല, പല സിനിമകളും വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നു. ഒരാൾ പറഞ്ഞ സിനിമയുടെ കഥ വീണ്ടും മറ്റൊരാൾക്ക് പറയാൻ പറ്റില്ല.
തുമ്പിക്ക് കഥകൾ ഏറെ ഇഷ്ടമായിരുന്നു. എന്നാൽ തുമ്പിയുടെ കൂട്ടുകാർ ആഗ്രഹിച്ചത് അവൾ പറയുന്ന കഥകൾ കേൾക്കാനായിരുന്നു. അതുകൊണ്ട് ഒരിക്കൽ തുമ്പി കഥകൾ പറഞ്ഞു തുടങ്ങി. തുമ്പി പറയുന്ന കഥകളിലെ സത്യവും മിഥ്യയും വേർതിരിച്ചെടുക്കാൻ നിൽക്കാതെ കൂട്ടുകാർ അവയ്ക്കൊപ്പം ഒഴുകിയൊഴുകി സഞ്ചരിച്ചു.
അങ്ങനെ ഒരിക്കൽ തുമ്പി പുതുമയുള്ള ഒരു സിനിമയുടെ കഥ പറഞ്ഞ് തുടങ്ങി. അതൊരു പ്രേത സിനിമയായിരുന്നു. ഒരിക്കലും മറ്റൊരാളും ആ സിനിമയുടെ കഥപറയില്ലെന്ന് തുമ്പിക്ക് ഉറപ്പായിരുന്നു. കാരണം ആ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എല്ലാം തുമ്പി തന്നെയായിരുന്നു.
ഒരു ദിവസം സ്കൂൾ വിട്ട് തിരികെ വരുന്ന വഴിയിലാണ് തുമ്പി ചിത്രം റിലീസ് ചെയ്തത്. തുമ്പിയുടെ പ്രിയപ്പെട്ട പ്രണയജോഡികൾ ആയിരുന്ന അനിൽ കപൂറിനെയും ശ്രീദേവിയും തന്നെ തുമ്പി ആ ചിത്രത്തിൽ നായികാ നായകന്മാരാക്കി. ആദ്യത്തെ ദിവസം പകുതിയോളം ഇത്തരത്തിൽ കഥ കൊണ്ടുപോയെങ്കിലും ആകാംക്ഷയോടെ കേട്ടിരിക്കുന്ന കൂട്ടുകാരുടെ മുഖങ്ങൾ കണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട് തുമ്പി തുറന്നുപറഞ്ഞു അത് തന്റെ മാത്രം കഥയാണ് എന്ന്. കൂട്ടുകാർക്ക് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല.
"എന്നിട്ട് എന്തായി തുമ്പീ? പറയൂ വേഗം പറയൂ.."
അവർ ആവശ്യപ്പെട്ടു. തുമ്പി ആവേശത്തോടെ തുടർന്നു:
"അങ്ങനെ മഴ നനഞ്ഞു കിടന്ന ആ വഴിയിലൂടെ പൊടി പറത്തിക്കൊണ്ട് ഒരു കാർ വേഗം പാഞ്ഞുവന്ന് പടിപ്പുരയ്ക്കൽ നിന്നു."
"മഴ നനഞ്ഞു കിടക്കുന്ന വഴിയിൽ പൊടി പറക്കുമോ?"
ചോദ്യം തങ്കച്ചായന്റേതായിരുന്നു. തുമ്പിയുടെ സ്കൂൾ ബസിന്റെ കിളിയാണ് തങ്കച്ചായൻ. കഥയുടെ രസച്ചരട് മുറിഞ്ഞ അസ്വസ്ഥതയോടെ എല്ലാവരും തങ്കച്ചായനെ തിരിഞ്ഞു നോക്കി. ചിരിച്ചുകൊണ്ട് തലയാട്ടി "തുടർന്നോളൂ" എന്ന് രണ്ടു കൈകളും ഉയർത്തി ആൾ ആംഗ്യം കാണിച്ചു.
തുമ്പി തുടർന്നു..
"ആ കാറിൽ നിന്നും ആദ്യം പുറത്തേക്കു വന്നത് ഒരു കാലാണ്. പച്ചക്കല്ലുകൾ പതിച്ച സ്വർണ്ണ ചെരുപ്പ് അണിഞ്ഞ ഒരു കാൽ. ഹായ് എന്ത് ഭംഗിയായിരുന്നെന്നോ ആ കാല് കാണാൻ!"
മനസ്സിൽ 'നിഗാഹേ' എന്ന ശ്രീദേവിച്ചിത്രം ഓർമ്മിച്ചുകൊണ്ട് അവൾ തുടർന്നു.
"ആ കാല് നിലത്തമർന്നതും പെട്ടെന്ന് ആകാശത്തുകൂടി ഒരു കിളി വികൃതമായ ഒച്ചയിൽ കരഞ്ഞുകൊണ്ട് ദൂരേക്ക് പറന്നു പോയി."
തുമ്പി കണ്ണുകൾ ഉരുട്ടി വിരലുകൾ മുന്നോട്ട് വളച്ച് പിടിച്ചു.
"പക്ഷേ, അവളുടെ വരവ് ആഘോഷിക്കുവല്ലേ വീട്ടുകാർ? അവര് അതൊന്നും അറിഞ്ഞില്ല കേട്ടോ. അപ്പോ അവൾ‌ പതിയെ കാറിൽ നിന്നും ഇറങ്ങി നിവർന്നു എല്ലാവരെയും നോക്കി പുഞ്ചിരിച്ചു."
ഒന്ന് നിർത്തി തുമ്പി ചുറ്റിനും ഉള്ളവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
"എന്നിട്ടവൾ പതിയെ നടന്ന് ആ ബംഗ്ലാവിന്റെ പടികൾ ഓരോന്നായി കയറി വാതിൽക്കലെത്തി, അകത്തേക്ക് വലത്തേക്കാലെടുത്തു വച്ചു. ആ നിമിഷം അവളുടെ പിറകെ അവളുടെ ബാഗും ചുമന്നുകൊണ്ട് വന്ന രാവുണ്ണ്യാരാണ് വിചിത്രമായ ആ കാഴ്ച കണ്ടത്. അകത്തെ മുറിയിൽ തടിയിൽ കടഞ്ഞെടുത്ത ക്ലോക്കിൽ സൂചികൾ പിറകോട്ട് പിറകോട്ട് ഓട്വാ അങ്ങനെ!"
തുമ്പി ചൂണ്ടുവിരൽ കുത്തനെ നിർത്തി പിറകിലേക്ക് തിരിച്ചു. എല്ലാ കണ്ണുകളും ആ വിരലിൽ തറഞ്ഞു നിൽക്കുന്നത് കണ്ട് മനസ്സിൽ ചിരിച്ചു കൊണ്ട് അവൾ തുടർന്നു..
"അയാൾ ഏതാനും നിമിഷങ്ങൾ അവിടെ തന്നെ നോക്കി നിന്നു. പിന്നെ തലകുലുക്കി ബാഗുമായി അകത്തേക്ക് കയറുമ്പോൾ പിറുപിറുത്തു
'ബാറ്ററിക്ക് എന്തെങ്കിലും സംഭവിച്ചതാകും. വൈകിട്ട് ശരിയാക്കണം.' എല്ലാവരും  അവളോടൊപ്പം ഉള്ളിലേക്ക് നടന്നു. അപ്പോ എന്താ ഉണ്ടയേന്നറിയോ?" അവൾ ഒച്ച താഴ്ത്തി ഒരു രഹസ്യം പോലെ മന്ത്രിച്ചു. ചുറ്റുമുള്ള കണ്ണുകളിൽ പേടിയും ആകാംക്ഷയും മാറിമാറിത്തെളിഞ്ഞു. അത് കണ്ട് ബോധിച്ച തുമ്പി ഗൗരവത്തിൽ തുടർന്നു. "പെട്ടെന്ന് കാറ്റുപിടിച്ച പട്ടം പോലെ വാതിൽക്കൽ അലങ്കാരത്തിനായി തൂക്കിയിരുന്ന ചിപ്പികൾ കൊരുത്ത നൂലുകൾ ഭ്രാന്ത് പിടിച്ച പോലെ ഉലയാനും തമ്മിൽ കൂട്ടുമുട്ടാനും തുടങ്ങി. ഒടുവിൽ നടുഭാഗത്ത് ഉള്ള രണ്ടു നൂലുകൾ കൂടിപ്പിണഞ്ഞ് പൊട്ടിച്ചിതറി, ചിപ്പികളും കക്കകളും താഴേക്ക് ഊർന്നു വീണതും.. പതിയെ ഉമ്മറവാതിൽ ക്ർർർർ എന്ന ഒച്ചയോടെ അടഞ്ഞു." കഥയ്‌ക്കൊപ്പം അവളുടെ വിരലുകളും കൈപ്പത്തികളും കണ്ണുകളും പുരികങ്ങളും ചലിച്ചുകൊണ്ടിരുന്നു. " ഇതിനൊപ്പം
 ആരും കാണാത്ത മറ്റു ചില സംഭവങ്ങൾ അപ്പോൾ ആ വീടിനു ചുറ്റും നടക്കുന്നുണ്ടായിരുന്നു."
തുമ്പി കണ്ണുകൾ തുറിപ്പിച്ചു മുഖം മുന്നോട്ട് നീട്ടിക്കൊണ്ട് വിസ്തരിച്ചു..
"ആരും കാണാത്തത് എന്ന് പറഞ്ഞുകൂടാ. കേട്ടോ? വലതുവശത്തെ പഴയ മുറിയുടെ ജനലഴികൾക്കിടയിലൂടെ രണ്ട് കണ്ണുകൾ ഈ സമയം പുറത്തേക്ക് നീണ്ടു വന്നു.. ആ കണ്ണുകൾ, വീടിന് പുറത്ത്, കാവിനടുത്തായി സ്ഥാപിച്ചിരുന്ന അസ്ഥിത്തറയിലെ കെടാവിളക്കിന്റെ തിരിയിലേക്ക്‌ തിരിഞ്ഞു. അടുത്ത നിമിഷം അവിടെ കണ്ട കാഴ്ച ആ കണ്ണുകളെ നിശ്ചലമാക്കി."
"സ്സ്‌ സ്"
അടുത്തിരുന്ന ആരോ രസം പിടിച്ച് കാറ്റ് ഉള്ളിലേക്ക് വലിക്കുന്ന ഒച്ച കേട്ട് തുമ്പി ഒന്ന് നിർത്തി. പിന്നെ, ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ബാഗ് തുറന്നു..
"എനിക്ക് വിശക്കുന്നു. മമ്മി വൈകിട്ടത്തേക്ക് എന്താണ് പാക്ക് ചെയ്തിരിക്കുന്നത് എന്ന് നോക്കട്ടെ."
അപ്രതീക്ഷിതമായി കഥ നിന്നതോടെ ചുറ്റുമിരുന്ന് കൂട്ടുകാർ നിലവിളിച്ചു...
"അയ്യോ! എന്താ അവിടെ ഉണ്ടായത്? പറ തുമ്പീ, അതും കൂടി പറഞ്ഞിട്ട് പോ.."
"എനിക്ക് വിശക്കണുന്ന് പറഞ്ഞില്ലേ?"
തുമ്പി വേഗം ബാഗ് തുറന്നു കയ്യിൽ കിട്ടിയ പാത്രത്തിന്റെ അടപ്പു തുറന്നു മിക്സ്ചർ വാരി കഴിച്ചുതുടങ്ങി. ഒരുപിടി മിക്സ്ചർ എടുത്ത് അവൾ കൂട്ടുകാർക്ക് നേരെ നീട്ടി.
"ഇന്നാ. തിന്നോ."
അപ്പോഴേക്കും ബസ്സിന്റെ പുറകിലെ സീറ്റിൽ നിന്ന് മുന്നിലേക്ക് വന്ന് ലിനു കണ്ണുകളിൽ അപേക്ഷ നിറച്ച് തുമ്പിയെ നോക്കി പറഞ്ഞു..
"ഇപ്പോ ഞാൻ ഇറങ്ങും. ഞാൻ പോയ ശേഷം കഥയുടെ ബാക്കി പറയരുത്."
കഥ കേൾക്കുന്നവർക്കുള്ളത്ര രസമൊന്നും പറയുന്നതിൽ കിട്ടാത്ത തുമ്പി ചവച്ചു കൊണ്ട് തന്നെ അത് തലകുലുക്കി സമ്മതിക്കുന്നത് നോക്കി നിരാശയോടെ മറ്റു കൂട്ടുകാർ ചുറ്റും നിശബ്ദരായിരുന്നു.
ലിനു ഇറങ്ങിയ ശേഷം മധുരച്ചുരുട്ടും ഉപ്പേരിയും മിഠായികളുമായി മറ്റുള്ളവർ തുമ്പിക്ക്‌ ചുറ്റുംകൂടി.
"തുമ്പിക്ക് ചക്ക ഉപ്പേരി വലിയ ഇഷ്ടമല്ലേ? ഇന്നാ"
ഷാലു അവളുടെ ടിഫിൻ തുമ്പിക്ക്‌ നേരെ നീട്ടിക്കൊണ്ട് തുടർന്നു
"ബാക്കീം കൂടി പറ. നാളെ തുമ്പി ബസ്സിൽ കയറും മുൻപ് ലിനു കയറുമല്ലോ. അത്രയും കഥ ഞങ്ങൾ അവൾക്ക് പറഞ്ഞു കൊടുത്തോളാം."
റെനീറ്റയും വരദേച്ചിയും തലകുലുക്കി അത് തങ്ങൾക്കും സമ്മതമാണെന്ന് അറിയിച്ചു. തുമ്പി അൽപനേരം ആലോചിച്ചു, എന്നിട്ട് പറഞ്ഞു..
"അതുവേണ്ട. നിങ്ങളാരും പറഞ്ഞാൽ ശരിയാവില്ല. നിങ്ങൾക്കൊന്നും എന്റെ അത്ര നന്നായി കഥ പറയാൻ അറിയില്ല. ഞാൻ നേരിട്ട് പറയുന്നതാണ് നല്ലത്. ഇനിയാണ് ശരിക്കുള്ള കഥ തുടങ്ങുന്നത്. ഭീകരമായ രംഗങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. എന്റെ സ്റ്റോപ്പ് എത്താറായി. നാളെ കാണാം."
ഒഴിഞ്ഞ ഉപ്പേരി പാത്രം ഷാലുവിന് തിരികെ നൽകി പാവാട തട്ടിക്കുടഞ്ഞു ബാഗ് തോളിൽ തൂക്കി തുമ്പി എഴുന്നേറ്റ് നടന്നു,
തിരിഞ്ഞുനോക്കാതെ.
ഇന്നായിരുന്നെങ്കിൽ തുമ്പി തിരിഞ്ഞു നോക്കുമായിരുന്നില്ലേ? നിഷ്കളങ്കമായ പിഞ്ചു മനസ്സ് തനിക്കു നീട്ടിയ ഉപ്പേരിത്തുണ്ടുകളിൽ ഒളിച്ചുവച്ച നിർദോഷകരമായ ആഗ്രഹത്തിന്റെ രുചി ഇന്നാണെങ്കിലവൾക്ക് വേർതിരിച്ചറിയാൻ കഴിയുമായിരുന്നില്ലേ? വീണ്ടും ഒറ്റപ്പെടലിന്റെ ലോകത്തേക്ക് മടങ്ങുമ്പോൾ തന്റെ വരവും കാത്തിരിക്കാൻ കുറച്ചു പേർ ഈ സൗഹൃദത്തിന്റെ ലോകത്ത് ബാക്കിയുണ്ടെന്ന് ഉറപ്പുവരുത്താൻ അന്നേ അവൾക്കറിയാമായിരുന്നോ?
********

ഭയം
നരേന്ദ്രൻ

നിന്റെ നീല ഞരമ്പുകളിൽ
ഭയം വിഷം പോലെ പടരുന്നു.
നിനക്ക് ചുറ്റും
കല്ലുകൾ ഓരോന്നായി വച്ച്
ഒരു തടവറ ഉയരുന്നു.
നിനക്കു മാത്രമുള്ള തടവറ.
അവസാനത്തെ
കല്ലു വക്കുമ്പോൾ
കാഴ്ച മറയുകയാണ്,
ശ്വാസം നിലയ്ക്കുകയാണ്.
രാത്രിയിൽ വേരുകളാഴ്ത്തി
ഒരു വിഷവൃക്ഷം
നാമറിയാതെ വളരുന്നുണ്ട്.
മൂന്നു യാമം കൊണ്ട് അത്
അനന്തമായ ആകാശത്തെ
കീഴടക്കും.
ഇരുളിൽ,
ഇരുണ്ട സമുദ്രത്തിന്നടിയിൽ
മഹാമത്സ്യത്തിന്റെ ഉദരത്തിൽ
ശിരസ്സു കുനിച്ചിരിക്കുമ്പോൾ
നീ അറിയുന്നുണ്ടാവും,
എവിടെ നിന്നാണ്
ഒരു കൈ നീളുക എന്ന്?
ഈ ഭൂമി
നമ്മെയും വഹിച്ചുകൊണ്ട്
എവിടെയ്ക്കാണ്
ഒളിച്ചോടുന്നത് എന്ന്?
********

കാണരുതാത്തത്...
ബഹിയ

ഭയം നിങ്ങളുടെ ഹൃദയമിടിപ്പിന്റെ
താളമായി കഴിഞ്ഞിരിക്കുന്നെന്നും
നിങ്ങൾ തോറ്റ ജനതയാണെന്നും
എത്ര സുന്ദരമായാണ് ഓരോ കേൾവികളും
നമ്മോടു പിരിശപ്പെടുന്നത്!
അപ്പോഴും നമ്മൾ
ആ വാർത്തകളെ ചുരുട്ടി
ഉണങ്ങിയ മാവിലകളാക്കി
മുറ്റത്തെ കാറ്റിൽ പറത്തുന്നു.
അവയ്ക്ക് കൂട്ടുപോവാൻ
മണ്ണാങ്കട്ടകളെ തിരയുന്നു.
നാടേതെന്ന ചോദ്യത്തിന് മുന്നിൽ
'സ്വന്തം നാട്...' എന്ന്
പറഞ്ഞു തുടങ്ങുന്ന പെണ്ണിനോട്
'അപ്പോൾ സ്വന്തമല്ലാത്ത നാടോ...' എന്ന്
തമാശപ്പെടാറുള്ള മാതിരി
നാടില്ലാതായവനെ എളുപ്പമാക്കുന്നു.
പറയാനൊരു നാടുപോലുമില്ലാതാകുന്നവരുടെ നോവിനെ,
'നിന്റപ്പന്റെ വകയാണോടീ ഇത്..'
എന്ന പകൽ പരിഹാസം മറന്ന്
രാത്രിയിൽ ഭോഗിച്ചുറങ്ങുന്നവർക്കും
'ഇന്നെങ്കിലും വായിൽ വെക്കാൻ കൊള്ളുന്ന
വല്ലതും വെച്ചൂടേ...'
എന്നു ചോദിച്ച്
വയർ നിറച്ചുണ്ണുന്നവർക്കും,
എങ്ങിനെ തിരിയാനാണ്.
അടർന്നു വീണ പാറകളിലേക്കല്ല,
മുറിച്ചു മാറ്റിയ
നാടുകളിലേക്കുമല്ല,
അവയ്ക്കു താഴെയുള്ള
പത്തു ശതമാനം വിലക്കുറവുള്ള
അക്ഷരങ്ങൾ പെറുക്കി,
ശീതീകരിച്ച ജീവിതത്തിൽ നിന്ന്
പഴയ വിശറികളെ വലിച്ചെറിഞ്ഞ്
നമ്മുക്കൊരു ഗ്ലാസ്
തണുത്ത കോഫി നുണയാം.
********

മാമാങ്കത്തിന്റെ ഓർമയിൽ..
അബ്ദുൽ മജീദ്.കെ.ടി

നാടുവാഴികളെ തിരഞ്ഞെടുക്കുന്നതിനും വാണിജ്യ മേല്‍ക്കോയ്മ സ്ഥിപിക്കുന്നതിന് വേണ്ടിയും പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ തിരുനാവായ നിളാമണപ്പുറത്ത് ഇരുപത്തെട്ട് ദിവസം നീണ്ടു നിന്നിരുന്ന മഹോത്സവമായിരുന്നു മാമാങ്കം.
തിരുന്നാവായില്‍ നിന്നും കേവലം നാലു കിലോമീറ്റര്‍ ദൂരെ മംഗലത്ത് താമസിക്കുന്ന ഞാന്‍ തിരുനാവായിലൂടെ കടന്നുപോവുമ്പോള്‍ മാമാങ്കത്തെക്കുറിച്ച് ഭാവനയിലൊന്ന് ഒാര്‍ത്ത് നോക്കും.
നിളാതീരത്തെ  ആഘോഷത്തിമിർപ്പിനേക്കാളും അവിടെ കഴുത്തറ്റും മാറ് പിളര്‍ന്നും ജീവത്യാഗം ചെയ്ത ആയിരങ്ങളായ ചാവേറുകളുടെ നിലവിളികളാണെന്നെ നൊമ്പരപ്പെടുത്തിയത്.
പന്ത്രണ്ട് വര്‍ഷം മാത്രം രാജ്യം ഭരിച്ച പെരുമാള്‍ രാജാക്കന്‍മാര്‍ പുതിയ രാജാവിന് കിരീടം ഒഴിഞ്ഞു കൊടുക്കണമായിരുന്നു.
അതിനായ് അവര്‍ സ്വയം കഴുത്തറുത്തോ അല്ലെങ്കില്‍ കൊല ചെയ്യപ്പെടുകയോ ചെയ്തിരുന്നു. പുതിയ രാജാവിനെ കണ്ടെത്തുന്ന ആഘോഷമായിട്ടായിരുന്നു മാമാങ്കത്തിന്റെ തുടക്കം.
മാമാങ്കത്തിന്റെ  രക്ഷാധികാരി ആയിരിക്കുക എന്നത് ഒരു ഉന്നത പദവി ആയിരുന്നു. കൊച്ചി രാജാവില്‍ നിന്നും രക്ഷാധികാര പദവി കിട്ടിയ കോഴിക്കോട് സാമൂതിരിയാണ് വര്‍ഷങ്ങളോളം മാമാങ്കത്തിന്റെ രക്ഷാധികാരിയായിരുന്നത്.
മാമാങ്കത്തിന്റെ പഴയ രക്ഷാധികാരി യായിരുന്ന വള്ളുവക്കോനാതിരി അത് സാമൂതിരിയില്‍ നിന്നും തിരിച്ചു പിടിക്കാന്‍ എല്ലാ മാമാങ്കങ്ങള്‍ക്കും ചാവേറുകളെ അയച്ചു. ഈ പദവിക്ക് വേണ്ടി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിലുള്ള ഏറ്റ് മുട്ടലുകളാണ് പിന്നീടുള്ള മാമാങ്കങ്ങളില്‍ അരങ്ങേറിയത്.
ഒരോ മാമാങ്കത്തിലും  വള്ളുവക്കോനാതിരിയുടെ ചാവേറുകള്‍ തിരുമന്ധാംകുന്ന് ക്ഷേത്രത്തില്‍ നിന്നും തൊഴുത് തിരുനാവായിലേക്ക് പുറപ്പെടും.
ബീരാന്‍ ചിറയിലെത്തി ക്യാമ്പ് ചെയ്ത് വൃതാനുഷ്ടാനത്തോടെ നിലപാട് തറയിലേക്ക് പാഞ്ഞടുക്കും. നിലപാട് തറയില്‍ മാമാങ്കത്തിന്റെ രക്ഷാപുരുഷനായ സാമൂതിരി ഉടവാള്‍ പിടിച്ച് നില്‍ക്കുന്നുണ്ടാകും. പതിനായിരക്കണക്കിന്  സുരക്ഷാ സൈന്യങ്ങളുള്ള സാമൂതിരിയെ  വധിക്കാനുള്ള ശ്രമത്തില്‍ ചാവേറുകള്‍ കൊല്ലപ്പെടുകയോ സാരമായി മുറിവേല്‍ക്കപ്പെടുകയോ ചെയ്തിരുന്നൂ.
മരണം നിശ്ചയമാണെന്നറിയാമായിന്നിട്ടും നാടിന്റെ മാനം കാക്കാന്‍ ചാവേറുകള്‍  തിരുന്നാവായിലേക്ക് കുതിച്ചു.
കൊല്ലപ്പെട്ടവരെ മണിക്കിണറില്‍ കൂട്ടത്തോടെ സംസ്ക്കരിച്ചു. ചാവേറുകളെ കിണറ്റില്‍ ചവിട്ടിത്താഴ്ത്താന്‍ ആനകളെ ഉപയോഗിച്ചിരുന്നു. ചരിത്രമറിയാവുന്നവന്  പുരാവസ്തു സംരക്ഷണത്തിലുള്ള മണിക്കിണറിന് സമീപം നിന്നാല്‍ മനസ്സൊന്ന് തേങ്ങും. പരിക്ക് പറ്റിയവരെ പട്ടിണിത്തറയിലിട്ട് പട്ടിണി കിടത്തി കൊല്ലും.
പരിക്കുപറ്റിയ സാമൂതിരിയുടെ സെെന്യത്തെ ചികിത്സിച്ചിരുന്ന ചങ്ങമ്പള്ളി കളരി, വെടിമരുന്ന് സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന മരുന്നറ, റാണിക്കും തോഴിമാര്‍ക്കും മാമാങ്കം കാണാന്‍ ഉപയോഗിച്ചിരുന്ന പഴുക്ക മണ്ഡപം എന്നിവ ഇപ്പോഴും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
ചിത്രങ്ങളിലുള്ളത് അവയെല്ലാമാണ്. മമ്മൂട്ടി നായകനാവുന്ന'' മാമാങ്കം'' എന്ന സിനിമ ഇറങ്ങുന്നതോട് കൂടി ഇവിടെ സന്ദര്‍ശകരുടെ എണ്ണം വർദ്ധിക്കാം.
1695 ല്‍ ചന്ത്രത്തില്‍ ചന്തുണ്ണി എന്ന ചാവേര്‍ സമൂതിരിയുടെ അടുത്ത് വരെ എത്തുകയും   ചന്തുണ്ണിയുടെ വാള്‍മുനയില്‍ നിന്നും സാമൂതിരി കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. അതിനുശേഷം ചാവേറുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സമൂതിരി നിലപാട് തറയുടെയുടെ സമീപത്ത് നിന്നും ഒരു വലിയ തുരങ്കം നിര്‍മ്മിച്ചു. ആ തുരങ്കം ഇപ്പോഴും ഭൂമിക്കടിയിലുണ്ട്. ഒരു പക്ഷെ ആ തുരങ്കമാകാം അടുത്തിടെ കണ്ടെത്തിയത്.
അന്ന് ഞാനും തുരങ്കം കാണാന്‍ പോയിട്ടുണ്ട്. കൊടക്കല്‍ ഒാട് ഫാക്റ്ററിയില്‍ നിന്നും ഒാടുകള്‍ പുഴയിലേക്കെത്തിക്കാന്‍ ബ്രീട്ടീഷുകാര്‍ ഈ തുരങ്കമുപയോഗിച്ചതായി പറയപ്പെടുന്നു. ഇപ്പോള്‍ തുരങ്ക കവാടം മണ്ണിട്ട് മൂടിയിരിക്കയാണ്.
ടിപ്പുവിന്റെ പടയോട്ടത്തോടുകൂടി  സമൂതിരിക്കും വള്ളുവക്കോനാതിരിക്കും അധികാരം നഷ്ടമായി. അതോടെ മാമാങ്കവും അവസാനിച്ചു. 1766ലായിരുന്നു അവസാന മാമാങ്കം നടന്നെതെന്ന് പറയപ്പെടുന്നു. ********

ഫിറമോൺ
വിനോദ്.കെ.ടി

ഒരിത്തിരി
ഫിറമോൺ വട്ടത്തിലിരുന്ന്
ഉറുമ്പുകൾ
എത്ര പ്രണയിക്കുന്നുവല്ലേ..
തിരക്കിട്ട സഞ്ചാരവേഗങ്ങളിൽ
ഒന്നു നിന്ന്, ഉമ്മ നൽകി
യാത്ര  തുടരുന്നുവല്ലേ.....
ചത്തുപോയ  പ്രാണിയെ
മേശവലിപ്പിൽ നിന്നും
താക്കോൽ ദ്വാരത്തിലൂടെ
പുറത്തെത്തിച്ചും
ഇത്തിരിയിറ്റുകളെ
വട്ടത്തിൽ, ഒരുമയോടെ  നിന്ന്
പങ്കിട്ടെടുത്തും,
മുങ്ങിപ്പോയ  കൂട്ടുകാരനെ
കാൽവിടാതെ
സ്വയം  ദ്വീപായ്
കരക്കെത്തിച്ചും......
എത്ര  ഭാഷയുണ്ടായിട്ടും
ഇത്ര  ശബ്ദമുണ്ടായിട്ടും
അത്ര  വേഗമുണ്ടായിട്ടും
ഒരു  ഫിറമോണടുപ്പത്തിൽ
ഉറുമ്പാകാതിരിക്കാൻ മാത്രം
ഏത്  ഹോർമോണുണ്ട്
എന്റെയും  നിന്റെയും
ബന്ധത്തിന്.....?
********

രാജ്യ ദ്രോഹം
ജോസ് സ്കറിയ. ടി.എസ്

രാവിലെ മുറ്റത്തെ ചപ്പും ഇലയും അടിച്ചു വാരുകയായിരുന്ന ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.
രാജ്യദ്രോഹമാണ് കേസ്.
മുറ്റത്ത് അഴുക്കാണെന്ന് നാട്ടുകാരെ അറിയിച്ച് അവമതിപ്പ് ഉണ്ടാക്കി പോല്‍..
ഒന്നായി പരന്നുകിടന്ന മണലിന്‍റെ അഖണ്ഡതയെ കുറ്റിച്ചൂലിന് കിള്ളിയിളക്കി ശിഥിലപ്പെടുത്തിയെന്ന് രണ്ടാമതൊരു കേസുമുണ്ട്.
നാട്ടിലെ നാറുന്ന വേസ്റ്റെല്ലാം കൊത്തി നാട്ടാരുടെ കിണറുകളിലും മുറ്റത്തും നിരത്തുന്ന കാക്കയാണത്രേ പരാതിക്കാരി.
നാളെ എന്നെയും കൊണ്ടുപോകും എന്നൊരു പ്രതീക്ഷയേ ഇനിയുള്ളൂ...
********