05-08-19Y

അരുന്ധക്കനി
ഷബിത

ഡി.സി. ബുക്സ്
പേജ് 110
വില 110

ഒരു നോവലിൻറെ വായനാനുഭവം എപ്പോഴെങ്കിലും നിങ്ങളെ ചുട്ടുപൊള്ളിച്ചിട്ടുണ്ടോ?കടലാസിൽ തുടിക്കുന്നത് പച്ചജീവിതമെന്നതിരിച്ചറിവിൽ അറപ്പുളവാക്കുന്നമനസ്സിനോട് കലമ്പേണ്ടിവന്നിട്ടുണ്ടോ? എന്നിൽ ഈവികാരങ്ങൾ ജനിപ്പിച്ച നോവലിനെക്കുറിച്ചാണ് പറയുന്നത്; വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെകണ്ണീർപ്പെയ്ത്ത് നോവലുരുവമാർന്ന അരുന്ധക്കനിയേക്കുറിച്ച്.

ഡി.സി.ബുക്സ് കോഴിക്കോട്ട് ഒരുക്കിയ പുസ്തകപ്രകാശനച്ചടങ്ങിൽ ഷബിത അനുസ്മരിച്ച ഒരനുഭവം പങ്കിടാം.'മൂന്നാം ക്ളാസിൽ പഠിക്കുമ്പോൾ-ഒമ്പത് വയസ്സിൽ- കണ്ട ഒരനുഭവം.കൂട്ടുകാരിയോടൊപ്പം വഴിനടക്കവേ മുൻപിൽ ഒരാൾ ഉടുതുണി ഉയർത്തി സ്വന്തംലിംഗം നുണയാൻ തുടങ്ങി."വിശന്നിട്ടായിരിക്കും"കൂട്ടുകാരി സഹതപിച്ചു. ആ കാഴ്ചയുടെ ആകായ്ക തന്നോടൊപ്പം വളരുകയായിരുന്നത്രേ'.ഈ നോവലിൽ ഉഴുതുമറിക്കുന്ന വിമതലൈംഗികാമനകൾ ജനിച്ചതിനുപിന്നിൽ അത്തരമനുഭങ്ങളുടെപങ്ക് വായനക്കാർക്ക് അനുഭവവേദ്യമാണ്.

. ഡിസ്‌ലെക്സിയ (അക്ഷരം എഴുതാനും വായിക്കാനും കഴിയാത്ത അവസ്ഥ) എന്ന രോഗം ബാധിച്ച അരുന്ധയും അനുജത്തി കനിയും ചേർന്നാൽ അരുന്ധക്കനിയായി. നാട്ടിലെ പ്രധാന ധനികനായ സേതു ഗൗഡരുടെ സഹോദരി ഗൗതമീദേവി ഭർത്താവ് ധ്യാനേന്ദ്ര ഗൗഡരുടെ ഭാര്യ പദവി വലിച്ചെറിഞ്ഞ് സ്വന്തം നാട്ടിൽ ഒരു വിദ്യാലയം സ്ഥാപിച്ചതോടെ ആണ് ,എരന്ത അനിരുദ്ധനും പിന്നീട് അരുന്ധയും ആയിത്തീർന്നത്. വയറ്റിൽ എന്തെങ്കിലും ചെന്നാൽ ഉടനെ തൂറി പോകുന്ന അരുന്ധയുടെ വേവലാതി അമ്മയ്ക്ക് എന്ത് തിന്നാൻ കൊടുക്കും എന്നതാണ്.

സേതു ഗൗഡയുടെ അനുജൻ ശ്രീ പാർഥിപ ഗൗഡയുടെ രസത്തിനായി , യാക്കോബ് പാപ്പൻ വെള്ളിയെ ബലാൽസംഗം ചെയ്തത് മുട്ടുരണ്ടും പച്ചിരുമ്പ് വടിക്ക് തല്ലിയൊടിച്ചിട്ടാണ്. പത്തുമാസം ആ കിടപ്പിൽ കിടന്ന് അവൾ പ്രസവിച്ചു. അധികം കഴിയുന്നതിനുമുമ്പ് മുമ്പ് പുഴുത്തുചത്തു .അച്ഛൻ വെളുക്കനെ അവന് ഓടിക്കേണ്ടി വന്നു . മുമ്പ് ഇളയപ്പൻ മുത്തു ഓടിയത് അനന്തൻ നായർക്ക് പശുവിൽ കയറാൻ പിടിച്ചു കൊടുക്കുന്നത് നാട്ടുകാർ കണ്ടിട്ടാണ് .അരുന്ധയുടെ കിനാവിൽ കുടിവെച്ച അനിത ഇലക്ഷന് നിന്ന കുറ്റത്തിന് യാക്കോബ് പാപ്പൻ ഇരുമ്പുകമ്പി കടത്തി ശിക്ഷിച്ചതിനുശേഷം സ്വന്തം ഗർഭപാത്രം വീണുപോകാതെ ശ്രദ്ധിക്കാനാണവൾ എപ്പോഴും വേദനിച്ചത്

അതിസുന്ദരിയായി വളർന്ന കനിയുടെ കഥയിലൂടെ ആദിവാസി ഗോത്ര ജീവിതത്തിലെ മാറ്റപ്പുര പോലെയുള്ള ചില ആചാരങ്ങളെയും;കാടു നാടാക്കാൻ വന്ന കൂട്ടരിലൂടെ വയനാട് അനുഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെയും ഈ നോവൽ വിശദീകരിക്കുന്നുണ്ട് .

രസകരമായ രചനാരീതിയാണ് നോവലിന്റെ ഏറ്റവും വലിയ പ്രത്യേകത .ആദ്യം ചില സൂചനകൾ, പിന്നീട് വരുന്ന അദ്ധ്യായങ്ങളിൽ വിശദീകരണം; ആദിവാസി ഭാഷയുടെ സമർഥമായ ഉപയോഗം ,വിപുലമായ കഥാപാത്രനിര, വളരെ ഒതുക്കി കഥപറയുന്ന രീതി എന്നിവയൊക്കെ രസനീയതയുടെ ഘടകങ്ങളാണ്.

വയനാട്ടിലെ ഗോത്ര സമൂഹം ഇത്രമേൽ അടിമത്തം അനുഭവിക്കുന്നുണ്ടെന്ന്/ അനുഭവിച്ചിട്ടുണ്ടെന്ന് ആലോചിക്കാൻ പോലും കഴിയുന്നില്ല . അല്ലെങ്കിലും നാട്ടുകാർക്ക് കാട്ടു രാജാക്കളുടെ വർത്തമാനം ആരായേണ്ടതൊന്നുമല്ലല്ലോ_പണ്ടും,ഇന്നും.

രതീഷ്കുമാർ