05-06-19


🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋

മാപ്പിള മലയാളം പഠനങ്ങൾ
••••••••••••••••••••••••••••••••••••
   മലപ്പുറം ജില്ലയിലെ മാപ്പിളമാരുടെ വാമൊഴിയെക്കുറിച്ച് നടന്ന ശ്രദ്ധേയമായ പഠനങ്ങളിലൊന്നാണ് ജമീൽ അഹമ്മദി ന്റെ  മതാത്മക ചിഹ്നങ്ങൾ വാമൊഴിയിൽ.മാപ്പിളമാരുടെ ഭാഷ, വേഷം, ഭക്ഷണം, തൊഴിൽ, കുടുംബ സംവിധാനം, മനുഷ്യ ബന്ധങ്ങൾ തുടങ്ങിയ എല്ലാ സംസ്കാരചിഹ്നങ്ങളെയും ഇസ്ലാം മതത്തിലെ വിശ്വാസ-ആചാര-ആരാധനാക്രമങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്നുണ്ട്. മാപ്പിളമാരുടെ വാമൊഴിയിൽ ഇസ്ലാമിക ചിഹ്നങ്ങൾ വളരെയധികമുണ്ട്. ഈണം, പദതലം, പ്രയോഗം, ശൈലി, പഴഞ്ചൊല്ല് എന്നിവയുടെ ഭാഷാഘടനയിലും അർത്ഥതലത്തിലും മതപരമായ ഒട്ടേറെ സവിശേഷതകൾ ഗവേഷകൻ കണ്ടെത്തുന്നു. ആരാധനാവസരങ്ങളിലെ മന്ത്രോച്ചാരണങ്ങൾക്കുള്ള ഭാഷ അറബിയാണെങ്കിലും ആരാധനകളുടെ പേരും അനുഷ്ഠാനസംബന്ധിയായ വാക്കുകളും മലയാളത്തിൽ തന്നെയാണെന്ന് ഗവേഷകൻ നിരീക്ഷിക്കുന്നു. മതവിശ്വാസത്തിൽ അല്ലാഹുവിലുള്ള വിശ്വാസവും ആരാധനകളിൽ നമസ്കാരവും ആചാര കാര്യങ്ങളിൽ മരണാനന്തര ആചാരങ്ങളുമാണ് വാമൊഴിയിൽ ഏറ്റവും പ്രകടമാകുന്ന മതചിഹ്നങ്ങളെന്ന് ഗവേഷകൻ കണ്ടെത്തുന്നു.

    മാപ്പിളമലയാളത്തെ മാനക മലയാളത്തിൽ നിന്നു വേർതിരിച്ചു നിർത്തുന്ന ഘടകം അറബി ഭാഷാ സമ്പർക്കവും സ്വാധീനവുമാണെന്ന പൊതു ധാരണയെ തിരുത്തിയെഴുതാനാണ് ഡോ.പി.എ.അബൂബക്കർ ശ്രമിക്കുന്നത്. അവ൪ണപാരമ്പര്യത്തിന്റെ കൈവഴികളായ ദലിത്-ബൌദ്ധ-കീഴാള പാരമ്പര്യം ഉൾക്കൊള്ളുന്നവരാണ് ഭൂരിപക്ഷം മാപ്പിളമാരുമെന്ന് അദ്ദേഹം ഉറപ്പിക്കുന്നു. ഗോത്രപരമായി മാപ്പിളമലയാളത്തിന് ആദി ദ്രാവിഡ ഭാഷയോടുള്ള ചാ൪ച്ചയ്ക്ക് അടിവരയിടാൻ അദ്ദേഹം നിരവധി ഉദാഹരണങ്ങൾ നിരത്തുന്നു. പദാദിയിൽ കൂട്ടക്ഷരം അഥവാ സംയുക്ത സ്വനിമത്തിന്റെ അഭാവം, സംയുക്ത സ്വനിമത്തെ സ്വരങ്ങൾ ചേർത്ത് കൂട്ടക്ഷരഭേദനം നടത്തുന്ന രീതി, മൃദുക്കൾ സ്വര മധ്യത്തിലും ഖരങ്ങൾ അവയല്ലാത്ത സ്ഥാനങ്ങളിലും മാത്രമേ വരുകയുള്ളൂ എന്ന തത്വം പാലിക്കൽ, ദ്രാവിഡ സ്വനിമമല്ലാത്ത'ഹ'കാരത്തെ ലോപിക്കുവാനോ 'ക'കാരമായി ഉച്ചരിക്കുവാനോ ഉള്ള പ്രവണത എന്നിവയാണ്. മലയാളത്തിലില്ലാത്തതും അറബിയിലുള്ളതുമായ ചില സ്വനിമങ്ങൾ നിത്യ ഭാഷണത്തിൽ കടന്നു വരുന്ന അറബി വാക്കുകളിലൂടെ കൃത്യമായി ഉച്ചരിക്കുവാൻ മാപ്പിളമാർക്ക് കഴിയുന്നു.
   മാപ്പിള മലയാളത്തെ ഒരു ഭാഷാമിശ്രമെന്ന നിലയിൽ വിലയിരുത്താനുള്ള ശ്രമമാണ് കെ.ഒ.ഷംസുദ്ദീൻ രചിച്ച 'മാപ്പിള മലയാളം'എന്ന കൃതി. മാപ്പിളമാരുടെ പ്രയോഗത്തിലൂടെ രൂപമാറ്റം വന്ന മാനകമലയാളപദങ്ങൾക്ക് നിരവധി ഉദാഹരണങ്ങൾ നിരത്തുന്നു അദ്ദേഹം. മാപ്പിള മലയാളത്തിലെ രൂപ പ്രക്രിയ, വാക്യ ഘടന, അ൪ഥവിചാരം എന്നിവയിലേക്ക് കൂടി അദ്ദേത്തിന്റെ പഠനം നീളുന്നു.

ഡോ.ഉണ്ണി ആമപ്പാറയ്ക്കലിന്റെ മലപ്പുറത്തിന്റെ മലയാളം എന്ന ഹ്രസ്വ ലേഖനം മലപ്പുറം ഭാഷയുടെ പ്രത്യേകതകൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നു ണ്ട്. ഉച്ചാരണ സവിശേഷതകൾക്കു പുറമെ തനതു പദങ്ങളും പ്രയോഗങ്ങളും ഈ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. അന്യ നാട്ടുകാർക്ക് വിചിത്രങ്ങളെന്നു തോന്നിപ്പിക്കുന്ന സ൪വ്വനാമരൂപങ്ങൾ മലപ്പുറം മലയാളത്തിന്റെ പ്രത്യേകതയായി അദ്ദേഹം അവതരിപ്പിക്കുന്നു. (ഇയ്ക്ക്, ഇന്നെ, ഞമ്മള്, ഇമ്മക്ക്, ഞമ്മക്ക്, അന്നെ, അനക്ക്, ജ്ജ്, ങ്ങള്) ഴ -കാരങ്ങളെ ജ-കാരങ്ങളായി ഉച്ചരിക്കുന്ന രീതിവിശേഷത്തിന് അദ്ദേഹം ധാരാളം ഉദാഹരണങ്ങൾ നിരത്തുന്നു. സാധാരണ ഭാഷാഭേദങ്ങൾ ഉണ്ടാകുന്നത് പ്രദേശത്തിന്റെ അടിസ്ഥാനത്തിലോ സമൂഹത്തിന്റെ അടിസ്ഥാനത്തിലോ ആയിരിക്കാമെങ്കിലും മലപ്പുറം ഭാഷാഭേദം ഇതിന്റെ രണ്ടിന്റെയും ചേരുവയാണെന്ന് ലേഖകൻ വാദിക്കുന്നു. മുസ്ലിം സമുദായത്തിലെ ആളുകളുടെ ഭാഷ പോലെ  തന്നെ മറ്റു സമുദായത്തിലെ ആളുകളുടെയും ഭാഷയാണെന്ന്  മലപ്പുറത്തു കാരനായ ലേഖകൻ വാദിക്കുന്നു.
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

അറബി-മലയാളത്തെക്കുറിച്ചുള്ള പഠനങ്ങൾ: 
**************
   അറബി മലയാളത്തെയും അവയ്ക്ക് മാപ്പിള വാമൊഴിയിലുള്ള സ്വാധീനത്തെയും വിശകലന വിധേയമാക്കുന്ന പഠനങ്ങളെ രണ്ടു വിഭാഗത്തിൽ പെടുത്താം. അറബി-മലയാളം, മാപ്പിള പാട്ട് എന്നിവയെക്കുറിച്ചുള്ള സവിശേഷ പഠനമാണ് ആദ്യത്തേത്. മലയാള സാഹിത്യ ചരിത്രം പ്രതിപാദിക്കുന്നതിനിടയിൽ അറബി മലയാളത്തെക്കുറിച്ച് പരാമ൪ശിക്കുക മാത്രം ചെയ്ത കൃതികളാണ് രണ്ടാമത്തേത്.
   അറബി മലയാള സാഹിത്യ ചരിത്രം (1970) എന്ന കൃതിയിൽ ഒ. അബു അറബി മലയാളത്തിന്റെ ഭാഷാ സവിശേഷതകളെ ശൈലിയുടേയും പദ പ്രയോഗത്തിന്റെയും വ്യാകരണ സവിശേഷതകളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തുന്നു.
  മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം (1978) എന്ന പേരിൽ സി. എൻ. അഹമ്മദ് മൌലവിയും കെ. കെ. അബ്ദുൾ കരീമും ചേർന്നെഴുതിയ ഗ്രന്ഥത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത് മാപ്പിളമാരുടെ രാഷ്ട്രീയ-സാമൂഹികജീവിതം വികസിച്ചു വന്നതെങ്ങനെയെന്നും ഇസ്ലാം മതം കേരളത്തിൽ വിശിഷ്യാ മലബാറിൽ വരുത്തിയ സ്വാധീനം എന്തെല്ലാമായിരുന്നുവെന്നുമെന്നാണ്.
   കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിച്ച സമാഗമം (1979) എന്ന ഗ്രന്ഥം മാപ്പിള ഭാഷ, മാപ്പിള കലകൾ എന്നിവയെക്കുറിച്ച് സാമാന്യ പരിചയം നൽകുന്ന ഏഴു ഉപന്യാസങ്ങളുടെ സമാഹാരമാണ്. കൂട്ടത്തിൽ ചില ലേഖനങ്ങൾ മലപ്പുറത്തെ മാപ്പിള വാമൊഴിയെക്കുറിച്ച് വിശകലനം ചെയ്യുന്നുണ്ട്.
    തൃശ്ശൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പ്രസിദ്ധീകരിച്ച അറബി മലയാളം എന്ന ലേഖന സമാഹാരം അറബി മലയാളത്തിന്റെ ഉദ്ഭവവും വളർച്ചയും, ഭാഷാശൈലി, മാപ്പിള മലയാള നിഘണ്ടു എന്നിങ്ങനെ വിവിധ മേഖലകളെ സ്പർശിക്കുന്നു. കെ. എൻ. എഴുത്തച്ഛൻ, ബി. സി. ബാലകൃഷ്ണൻ, കെ. ഒ. ഷംസുദ്ദീൻ, സീ. കെ. കരീം, ജോസഫ് കൊളങ്ങാടൻ തുടങ്ങിയവരുടെ ലേഖനങ്ങളാണ് കൃതിയിലുള്ളത്.
    മഹാകവി മോയിൻകുട്ടി വൈദ്യ൪ സ്മാരക സമിതി പ്രസിദ്ധീകരിച്ച മോയിൻകുട്ടി വൈദ്യ൪ പഠനങ്ങൾ (2006) എന്ന പുസ്തകം മോയിൻകുട്ടി വൈദ്യരുടെ സംഭാവന കളിലാണ് ഊന്നുന്നതെങ്കിലും അറബി-മലയാളത്തിന്റെയും മാപ്പിള വാമൊഴിയുടെയൂം സാമാന്യ സ്വഭാവം വിശദീകരിക്കുന്നുണ്ട്.
  ' മാപ്പിളപ്പാട്ടുകളുടെ സാഹിത്യ സാംസ്കാരിക മൂല്യങ്ങൾ: മോയിൻകുട്ടി വൈദ്യരുടെ കൃതികളെ ആധാരമാക്കി ഒരു പഠനം' എന്ന മുഹയിദ്ദീന്റെ (1992) അപ്രകാശിത ഗവേഷണ പ്രബന്ധത്തിലും മാപ്പിളപ്പാട്ടുകളിലെ സാഹിത്യാനുഭവം, രചനാസങ്കേതങ്ങൾ എന്നിവ ആഴത്തിൽ ചർച്ച ചെയ്തിട്ടുണ്ട്. ഒ. എം. കരുവാരക്കുണ്ട് എഡിറ്റ് ചെയ്ത മാപ്പിള കലകൾ (1995) എന്ന ഗ്രന്ഥം മാപ്പിള കലാരൂപങ്ങളെയും മോയിൻകുട്ടി വൈദ്യരുടെ കൃതികളുടെ സവിശേഷത യേയും പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ മാപ്പിള വാമൊഴിയുടെ പ്രത്യേകത കൾ കൂടി പരാമർശിക്കുന്നു.
   ബാലകൃഷ്ണൻ വള്ളിക്കുന്ന് രചിച്ച 'മാപ്പിളപ്പാട്ട് ഒരാമുഖപഠനം' എന്ന പുസ്തകത്തിൽ (1995) മാപ്പിള പ് പാട്ടുകളുടെ കാവ്യഭാഷയെക്കുറിച്ച് പറയുന്നതോടൊപ്പം വാമൊഴി യെക്കുറിച്ചും പറയുന്നുണ്ട്. 'മാപ്പിള സംസ്കാരത്തിന്റെ കാണാപ്പുറങ്ങൾ (2000) എന്ന കൃതിയിൽ 'ബാലകൃഷ്ണൻ വള്ളിക്കുന്ന്' മാപ്പിളപ്പാട്ടിലെയും മാപ്പിള കലകളിലെയും വംശീയമായ സവിശേഷതകൾ പരിശോധിക്കുന്നു. വി. എം. കുട്ടി രചിച്ച 'മാപ്പിളപ്പാട്ടിന്റെ ലോകം' (2000) എന്ന കൃതി ഒപ്പനപ്പാട്ടിനൊപ്പം മാപ്പിള വാമൊഴി യെക്കുറിച്ചും സംസാരിക്കുന്നു.
  മഹാകവി മോയിൻകുട്ടി വൈദ്യ൪ സ്മാരക സമിതി പുറത്തിറക്കിയ 'മാപ്പിള ജീവിതം' (2000) എന്ന ലേഖന സമാഹാരത്തിലും അറബി മലയാളവും മാപ്പിള വാമൊഴിയും പരാമർശിക്കുന്നുണ്ട്. മോയിൻകുട്ടി വൈദ്യരുടെ സമ്പൂർണ്ണ കൃതികൾ (കരീം &അബൂബക്കർ: 2005) എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ മാപ്പിള വാമൊഴിയുടെ പ്രാക് ദ്രാവിഡ സ്വഭാവത്തെക്കുറിച്ചും അതിൽ മലയാള ഭാഷാ ചരിത്രം രൂപപ്പെടുത്തുന്നതിലുള്ള പ്രധാന്യത്തെക്കുറിച്ചും പൊതുവായി പ്രതിപാദിക്കുന്നുണ്ട്.
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

മലയാളം നാട്ടുഭാഷാപഠനം
••••••••••••••••••••••••••••••••••••
മലബാറിലെ നാട്ടു പദങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ഇത്തരം പഠനങ്ങൾ ഭാഷാഭേദത്തിന്റെ സമഗ്ര ചിത്രം നൽകുന്നില്ല.
    എം. വി. വിഷ്ണു നമ്പൂതിരി നടത്തിയ പഠനമാണ് നാട്ടറിവിലെ അ൪ത്ഥപ്പൊലിമഎന്ന ഗ്രന്ഥത്തിലൂടെ പുറത്തു വന്നത്. സംസ്കാര ചിഹ്നങ്ങളുടെയും സാമൂഹ്യ വ്യവസ്ഥകളുടെയും ഉച്ചനീചത്വസങ്കൽപങ്ങളുടെയും പ്രതിഫലിപ്പിക്കുന്ന സവിശേഷമായ ഭാഷാ പ്രയോഗങ്ങളെക്കുറിച്ചുള്ള അറിവ് പകരാൻ ഈ പഠനം ഉതകുന്നു.
  മുരളീധരൻ തഴക്കര യുടെ നാട്ടുനന്മൊഴികൾ എന്ന പഠനം അന്യംനിന്നു പോകുന്ന നാട്ടുപദങ്ങൾ രേഖപ്പെടുത്താൻ ശ്രമിക്കുന്നു. മാനകഭാഷയിലേക്കുള്ള ചുവടുമാറ്റവും കാർഷിക സംസ്കൃതിയെ കൈവിടുന്നതും മൂലം വിസ്തൃതമായിത്തീരുന്ന ഗ്രാമ്യപദങ്ങൾക്കാണ് ഈ പഠനത്തിൽ ഊന്നൽ നൽകിയിരിക്കുന്നത്.
   ഡോ.സി.ആർ.രാജഗോപാലൻ എഡിറ്റ് ചെയ്ത നാട്ടുചന്തകൾ എന്ന ഗ്രന്ഥത്തിലെ ലേഖനങ്ങൾ കച്ചവട സാഹചര്യത്തിൽ പ്രയോഗിച്ചുവന്നിരുന്ന പദങ്ങളുടെ പ്രത്യേകതകൾ ചർച്ച ചെയ്യുന്നു. അന്യംനിന്നു കൊണ്ടിരിക്കുന്ന ഇത്തരം പദങ്ങളിൽ വലിയൊരുഭാഗം മലപ്പുറം ഭാഷാഭേദത്തിലും പ്രയോഗത്തിലുണ്ടായിരുന്നവയാണ്.