05-02-19


🌌🌌🌌🌌🌌🌌🌌🌌🌌🌌🌌
പ്രിയ ചങ്ങാതിമാരേ...  ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏
🌌🌌🌌🌌🌌🌌🌌🌌🌌🌌🌌
ഡൊമനിക്കോസ് തിയോടോക്കോ പൗലോസ് എന്ന പേര് കലാലോകത്ത് അത്രയേറെ പരിചിതമല്ല.എന്നാൽ എൽഗ്രിക്കോ എന്ന പേര് കേട്ടാലോ...അതെ പ്രിയരേ നമുക്കിന്ന് അടുത്തറിയാൻ ശ്രമിക്കാം
ഡൊമനിക്കോസ് തിയോടോക്കോ പൗലോസ് എന്ന എൽഗ്രിക്കോയെ...എക്സ്പ്രഷനിസം,ക്യൂബിസം എന്നീ ചിത്രകലാപ്രസ്ഥാനങ്ങളുടെ പൂർവഗാമിയെ...

എൽഗ്രിക്കോ
ഇന്ന് നമ്മളോട് എൽഗ്രിക്കോയെ കുറിച്ച് സംവദിക്കാനെത്തുന്നത് കേരളത്തിലെ സാഹിത്യ_സാംസ്ക്കാരിക വേദികളിലെ നിറ സാന്നിധ്യമായ ശ്രീ.സജയ് മാഷാണ്.മടപ്പള്ളി ഗവ.കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനും ചിത്രകലാ നിരൂപകനുമായ സജയ് മാഷ് നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കൂടിയാണ്.
സജയ് മാഷ്

ഇനി എൽഗ്രിക്കോയെ കുറിച്ചുള്ള വിശദവിവരങ്ങളിലേക്ക്...
1541_1614 ഏപ്രിൽ7 കാലഘട്ടത്തിൽ ജീവിച്ചിരുന്ന സ്പാനിഷ് നവോത്ഥാനയുഗത്തിലെ ചിത്രകാരനും വാസ്തുശില്പിയുമായിരുന്നു എൽഗ്രിക്കോ.തന്റെ ദേശീയതയും ജീവിതപശ്ചാത്തലവും സൂചിപ്പിക്കുന്ന ഗ്രീക്കുകാരൻ(The Greek) എന്ന അർത്ഥത്തിൽ എൽഗ്രിക്കോ എന്ന പേര് തന്റെ പേരായി സ്വീകരിച്ചു. പക്ഷെ, തന്റെ സൃഷ്ടികളിൽ മുഴുവൻ പേരുമെഴുതി ഒപ്പിടുമായിരുന്നത്രേ..ചിലപ്പോൾ ക്രീറ്റുകാരൻ എന്നും കൂടി ഒപ്പിൽ ചേർത്തിരുന്നു.ക്രീറ്റുകാരൻ എന്നു പറഞ്ഞാൽ എന്തെന്ന് അറിയേണ്ടേ...നോക്കാം...
എൽഗ്രിക്കോയുടെ ഒപ്പ്
ഇസ്ലാം മതാധിവേശത്തെത്തുടർന്ന് കോൺസ്റ്റാന്റിനോപ്പിളിൽ നിന്നും പലായനം ചെയ്ത് ക്രീറ്റിൽ എത്തിയവരായിരുന്നു എൽഗ്രിക്കോയുടെ പൂർവികർ.എൽഗ്രിക്കോയുടെ ജനനത്തെക്കുറിച്ച് വ്യക്തമായ ധാരണ ആർക്കുമില്ല. റിപ്പബ്ലിക്ക് ഓഫ് വെനീസിലെ ഒരു ഭാഗവും ബെെസാന്തിയാനന്തരകാലത്തെ കലയുടെ കേന്ദ്രവുമായിരുന്നു ക്രീറ്റ്.അപ്പോ പിന്നെ അവിടെ ജനിച്ചു വളർന്ന കുട്ടി കലാകാരനാകാതിരിക്കുന്നതെങ്ങനെ?... ക്രീറ്റുകാരൻ ആകാതിരിക്കുന്നതെങ്ങനെ?...

എൽഗ്രിക്കോ_ജീവിതരേഖ ചുരുക്കത്തിൽ...👇👇
1541ൽ ജോർജിയസ് തിയോടോക്കോ പൗലോസിന്റെ മകനായാണ് എൽഗ്രിക്കോ ജനിച്ചത്.നികുതിപിരിവുകാരനും വ്യാപാരിയുമായിരുന്നു ജോർജിയസ്.അമ്മ ആരെന്നതിനെക്കുറിച്ച് വ്യക്തമായ അറിയില്ല.ചിത്രകലയിലെ പ്രാഥമിക പഠനം ക്രീറ്റൻ സ്ക്കൂളിൽ വെച്ചുതന്നെയായിരുന്നു.നല്ലൊരു വായനക്കാരനുമായിരൂന്നു എൽഗ്രിക്കോ എന്ന് വസാരി രേഖപ്പെടുത്തിയിട്ടുണ്ട്.22ാം വയസ്സിൽത്തന്നെ എൽഗ്രിക്കോ ചിത്രകലയിൽ അഗ്രഗണ്യനായി പേരെടുക്കാൻ തുടങ്ങിയിരുന്നുവത്രെ.26ാം വയസിൽ വെനീസിലേക്ക് പോയി.അവിടെ ടിഷാൻ എന്ന അദ്ധ്യാപകന്റെ കീഴിൽ ചിത്രകല പഠിക്കാൻ തുടങ്ങി.1570 ൽ റോമിലേക്ക് തിരിച്ചു.അപ്പോഴേക്കും റോമിൽ മെെക്കലാഞ്ജലോ, റാഫേൽ എന്നിവർ മരണപ്പെട്ടിരുന്നു.എങ്കിലും അവരുടെ ചിത്രങ്ങൾ ജനമനസ് കീഴടക്കിക്കൊണ്ടേയിരിക്കുകയായിരുന്നു.ആ സമയത്താണ് നമ്മുടെ എൽഗ്രിക്കോ ഒരു പ്രശ്നത്തിൽ ചെന്നുപെടുന്നത്. അതെന്താണെന്നറിയേണ്ടേ??

മെെക്കലാഞ്ജലോയുടെ അന്ത്യവിധി എന്ന ചിത്രത്തെക്കുറിച്ച് എൽഗ്രിക്കോ നടത്തിയ അഭിപ്രായപ്രകടനം എൽഗ്രിക്കോയെ റോമാജനത വെറുക്കപ്പെടുന്നയാളാക്കിമാറ്റി.മെെക്കലാഞ്ജലോയുടെ ചിത്രത്തേക്കാൾ മിഴിവോടെ...നഗ്നത കുറച്ച്...വസ്ത്രത്തോടെ..തനിക്ക് വരയ്ക്കാൻ കഴിയുമെന്ന എൽഗ്രിക്കോയുടെ പ്രഖ്യാപനം ഒരു വരവാദമായി മാത്രം റോമാജനത കരുതി.ഈ അഭിപ്രായത്തോടെ അദ്ദേഹം റോമിൽ അനഭിമതനായി മാറി.

1570 ൽ എൽഗ്രിക്കോ സ്പെയിനിന്റെ സാംസ്ക്കാരിക തലസ്ഥിനമായ ടോലെഡോ  യിലേക്ക് പോയി.ഒരുപാടൊരുപാട് ചിത്രങ്ങൾ ഇക്കാലത്ത് കമ്മീഷൻ ചെയ്തു.ഒരു കമ്മീഷൻ വരച്ചുകൊണ്ടിരിക്കെയായിരുന്നു രോഗബാധിതനായി എൽഗ്രിക്കോ മരണപ്പെട്ടത്.

ചിത്രകലയുടെ ലോകത്ത് എൽഗ്രിക്കോയ്ക്ക് ഇന്നുള്ള യശ്ശസ്സ് പിൽക്കാലങ്ങളിൽ രൂപപ്പെട്ടതാണ്. എൽ ഗ്രെക്കോയുടെ നാടകീയത നിറഞ്ഞ 'എക്പ്രഷനിസ്റ്റ്' ശൈലി സമകാലീനരെ അമ്പരപ്പിക്കുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തു. മരിച്ച് ഏതാണ്ട് രണ്ടു നൂറ്റാണ്ടോളം കാലം അദ്ദേഹം മിക്കവാറും വിസ്മരിക്കപ്പെട്ടു. എന്നാൽ കാലക്രമേണ അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിയപ്പെട്ടു. പതിനെട്ടം നൂറ്റാണ്ടിൽ വാൻഗോഗും പോൾ ഗൊഗാനും അദ്ദേഹത്തോടുള്ള കടപ്പാട് ഏറ്റുപറഞ്ഞു.

ഇനി ചിത്രങ്ങളിലേക്ക്....
യേശുവിന്റെ വിവസ്ത്രീകരണം _ ഈ ചിത്രത്തിൽ യേശുവിന്റെ വസ്ത്രത്തിന് ചുകപ്പുനിറം കുറച്ചധികമാണ് എന്നായിരുന്നു ചിത്രത്തെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട പഠനസംഘത്തിന്റെ അഭിപ്രായം.മാത്രമല്ല ചിത്രത്തിലെ മൂന്ന് മരിയമാർ അവിടെ വേണോ എന്ന സംശയവും ഉണ്ടായിരുന്നു. (ഈ മൂന്ന് മരിയമാരിൽ ഒരാൾക്ക് ചിത്രകാരൻ നൽകിയത് ദീർഘകാലം തന്റെ കാമുകിയായിരുന്ന ഡോണ ജെറോമിന ഡിലാസ് സുവാസിന്റെ മുഖമായിരുന്നു!) ഒട്ടേറെ കുറവുകൾ ആരോപിക്കപ്പെടുമ്പോഴും ലോകം ഇതിനെ അസാമാന്യ മികവുള്ള ചിത്രമായിത്തന്നെയാണ് വിലയിരുത്തുന്നത്.
എൽഗ്രിക്കോ വരച്ച ടൊലെഡോ നഗരം..
എൽഗ്രിക്കോ വരച്ച ടൊലെഡോ നഗരത്തിന്റെ ഇപ്പോഴത്തെ ഫോട്ടോ.അദ്ദേഹം വരച്ച അതേ കോണിൽ നിന്നും എടുത്തത്

ഇനി ഈ ടോലഡോ നഗരക്കാഴ്ചയുടെ വിശദീകരണം..👇👇👇
എൽ ഗ്രെക്കോയെ വലുതാക്കിയ ടൊലൈദോ നഗരത്തെ ടേഗസ് നദിയ്ക്കപ്പുറത്തുള്ള മലഞ്ചെരിവിൽ നിന്നും നോക്കിക്കാണുകയാണ് ചിത്രകാരൻ. സ്പാനിഷ് സാമ്രാജ്യത്വത്തിന്‍റെ ആദ്യകാലതലസ്ഥാനവും ഇസ്ലാമിക് മൂറുകൾക്കെതിരെ നേടിയ വിജയത്തിന്‍റെ വിജയ ബിംബവുമായിരുന്നല്ലോ പുരാതന ടൊലൈദോ നഗരം.

ഒറ്റനോട്ടത്തിൽ, ആകാശവും നഗരവും പച്ചപ്പും  പിന്നെ, കുന്നിൻപൊക്കവും പുഴയാഴവും കാണിക്കുന്ന ഒരു ലാൻഡ്സ്കേപ്പ്  ചിത്രം. പക്ഷെ, ഇവിടെ ഒരു നാടകീയതയുണ്ട്. ആകാശമൊന്നു നോക്കൂ. കാർമേഘങ്ങൾ ഒരു ദുർലക്ഷണമെന്നോണം ഉരുണ്ടുകൂടി നിൽക്കുന്നു. തികഞ്ഞ അന്ധകാരത്തിലേക്കും  കോരിച്ചൊരിഞ്ഞേക്കാവുന്ന പേമാരിയിലേക്കും ഏതു നിമിഷവും കാര്യങ്ങൾ മാറിമറഞ്ഞേക്കാം. ഹൃദയത്തിനകത്ത് അറിയാതൊരു കിടുകിടുപ്പ്. നഗരം ഏകാന്തമാണ്. ഇരുട്ടും പച്ചയും പുതച്ച ഭൂമി മുകളിലേക്ക് കുതിക്കുന്നപോലെ. ടൊലൈദോയുടെ ഭൂപ്രകൃതിയുടെ പ്രത്യേകതയാണത്. മലയോരപാതകൾ ചുറ്റിക്കറങ്ങി, കൂടിച്ചേർന്ന്, പിന്നേയും പിരിഞ്ഞ് എവിടെയോ പോയി ഒളിക്കുന്നു.ആകെക്കൂടി ഒരു പ്രേതഭൂമിയുടെ ഛായ. ഇരുൾനീലിമയാർന്ന ടേഗസ് നദി എന്തൊക്കെയോ മറച്ചുവെയ്ക്കുന്നുണ്ടോ? സൂക്ഷിച്ചുനോക്കിയാൽ നദിയിലിറങ്ങി നിൽക്കുന്ന ചില നഗരവാസികളെ കാണാം. നദിയ്ക്കു കുറുകെയുള്ള അൽകന്ദരപ്പാലമാകട്ടെ ഒഴിഞ്ഞുകിടക്കുന്നു. ആകാശക്കറുപ്പ് കെട്ടിടങ്ങളെ പൊതിഞ്ഞിരിക്കുകയാണ്. അക്കൂട്ടത്തിൽ ടൊലൈദോ കോട്ടയും പള്ളിഗോപുരവും ഒരു ഡ്രാക്കുളക്കോട്ടയെ ഓർമ്മിപ്പിക്കുന്നു. അവിടെയാണ്  അന്ധകാരം ഏറ്റവും ചൂഴ്ന്നുനിൽക്കുന്നത്. അതിലൊരു പ്രതീകാത്മകതയുണ്ട്. മതാധികാരത്തേയും  രാഷ്ട്രീയാധികാരത്തേയും അടയാളപ്പെടുന്ന ബിംബങ്ങളാണാ കെട്ടിടങ്ങളെന്നോർക്കണം.  ആ അധികാരക്കൈയ്യാളലിനോടുള്ള ദൈവത്തിന്‍റെ അല്ലെങ്കിൽ പ്രകൃതിയുടെ അസഹനീയതയാണോ എൽ ഗ്രെക്കോ ഇവിടെ പകർത്താൻ ശ്രമിച്ചത്? അക്കാലത്തെ ടൊലൈദോയുടെ യഥാര്‍ത്ഥചിത്രം നമ്മുടെ കൈയ്യിലില്ല. എങ്കിലും നഗരത്തിന്‍റെ ഇപ്പോഴത്തെ ചിത്രം ഇതിനോടുകൂടി ചേര്‍ത്തുവെയ്ക്കുന്നത് കൌതുകം തരുമായിരിക്കും. അതിനാല്‍  എല്‍ ഗ്രെക്കോ വരച്ച ഏതാണ്ടതേ കോണില്‍നിന്നും എടുത്ത  ഒരു
ടൊലൈദോ ചിത്രം ഇവിടെ വെയ്ക്കുന്നു.
(കടപ്പാട്_ഡോ.ബി ഹരികൃഷ്ണൻ)

ഇനിയിതാ വേറൊരു ചിത്രം_രോമക്കുപ്പായമണിഞ്ഞ വനിത...ഇതുവരെ ഈ ചിത്രം വരച്ചത് എൽഗ്രിക്കോ ആണെന്നു തന്നെയാണ് പറഞ്ഞിരുന്നത്..പക്ഷേ...ചിലർക്ക് എന്തോ ഒരു സംശയം...കാലവും ശാസ്ത്രവും സംശയം തീർക്കുമെന്ന് കരുതാം...👇👇👇
രോമക്കുപ്പായമണിഞ്ഞ വനിത
ഇരുണ്ട പശ്ചാത്തലത്തിൽ നമുക്കു നേരെ നോക്കുന്ന ഈ കുലീനയുവതി കട്ടിയുള്ള രോമക്കുപ്പായം കൊണ്ട് സ്വയം മൂടിയിരിക്കുകയാണ്. മുറുക്കിയുടുത്തിരിക്കുന്ന ശിരോവസ്ത്രം തീർച്ചയായും ഇവൾ ഉന്നതകുലജാത തന്നേയെന്ന സൂചനകൾ തരുന്നു. അതിന്‍റെ  സുതാര്യമായ പാളിയിലൂടെ കണ്ഠാഭരണം പോലെയെന്തോ ഒന്നു കാണാനുമുണ്ട്. ഇരട്ടമോതിരങ്ങളണിഞ്ഞ ആ കൈവിരലുകളിലാകട്ടെ പ്രസരിപ്പും, ഒരു പക്ഷെ, അധികാരവും തെളിയുന്നതുപോലെ. നിസ്സംശയം പറയാം,അതിമനോഹരമായ ഒരു ചിത്രം തന്നെയിത്. ഈ ലാവണ്യവതിയുടെ കണ്ണുകളിലെ ചോദ്യഭാവവും, വടിവൊത്ത നാസികയും, ജീവനും പ്രണയവും ഒരുപോലെ തുടിക്കുന്ന അധരങ്ങളും, ഏതോ ഒരു പേടമാൻചാട്ടം അവശേഷിപ്പിച്ച മനോരേഖയെന്നോണമുള്ള പുരികങ്ങളുമെല്ലാം ഇവളെ വേറിട്ടുനിർത്തുന്നു. ആ രോമക്കുപ്പായം ചാർത്തിക്കൊടുക്കുന്ന പ്രൗഢിയും ചുറുചുറുക്കുമാകട്ടെ എത്ര ഗംഭീരമായാണ് ചിത്രകാരൻ പകർത്തിയിരിക്കുന്നത്. ഓരോ നനുത്ത രോമങ്ങളിലും അദ്ദേഹത്തിന്‍റെ ശ്രദ്ധ പതിഞ്ഞിട്ടുണ്ടെന്നു വേണം കരുതാൻ. എൽ ഗ്രെക്കോയുടെ സ്പാനിഷ് പങ്കാളിയായിരുന്ന ഹെരൊനിമയാണ് ഈ തരുണീമണി എന്നു വിശ്വസിക്കാനാണ് പലർക്കുമിഷ്ടം. നമ്മള്‍ നേരെത്തെ പരിചയപ്പെട്ട ഒര്‍ഗാസ് പ്രഭുവിന്‍റെ ശവസംസ്കാരചിത്രത്തിലെ എല്‍ ഗ്രെക്കൊയുടെ പ്രിയപുത്രന്‍ ഇമ്മാനുവേലിന്‍റെ അമ്മയായ ഹെരൊനിമ!

പൊതുവെ ഇരുണ്ട ചിത്രങ്ങളാണ് എൽ ഗ്രെക്കോ വരയ്ക്കാറ്. അതിൽത്തന്നെ സ്ത്രീകൾ തീരെ കുറവ്. ഇനി വരച്ചിട്ടുള്ള വിശുദ്ധകന്യകളാകട്ടെ ചോരത്തുടിപ്പില്ലാത്തവരും. പക്ഷെ, ഈ ചിത്രത്തിലെ സുന്ദരിയോ, അങ്ങേയറ്റം ജീവസ്സുറ്റതും. അരുണശോണിമ നിറഞ്ഞ ആ കവിളുകൾ എൽ ഗ്രെക്കോ വരച്ചതാണെന്ന് വിശ്വസിക്കാനേ ആവില്ല.  ചുണ്ടുകളുടെ കാര്യം പിന്നെ പറയുകയും വേണ്ട. അതിലൊരു മാന്ത്രികതയും പ്രണയാതുരതയുമുണ്ട്. എൽ ഗ്രെക്കോ…? ആവില്ല! സാധ്യമല്ല തന്നെ. എങ്കിലും അറിയാതെ ഉള്ളറയിൽ നിന്നെവിടുന്നോ ഒരാഗ്രഹം മുളപൊട്ടിപ്പോകും. ഇതെന്‍റെ പ്രിയപ്പെട്ട ചിത്രകാരനായ ഗ്രീക്കുകാരന്‍റെ, ഹെരൊനിമ തന്നെയായിരുന്നെങ്കിൽ എന്ന്. നമ്മെ ശാന്തമായി, കുസൃതിയോടെ മാടിവിളിക്കുന്ന, ഇവളുടെ നോട്ടത്തിന് മോണലിസയുടെ പുഞ്ചിരിയോളം മാന്ത്രികത അനുഭവപ്പെട്ടാൽ കുറ്റം പറയാനാവില്ല… ഹാ! പ്രിയപ്പെട്ട ഹെരൊനിമ!

എന്തായാലും നമുക്ക് ഉടനടി ഉത്തരം കിട്ടിയേക്കും. ഇൻഫ്രാറെഡ് രശ്മികളും എക്സ്റേ റേഡിയോഗ്രാഫിയും  മറ്റു നൂതനസങ്കേതങ്ങളുപയോഗിച്ച് ഈ ചിത്രത്തിലെ അടരുകളൊക്കെ സമഗ്രമായി പഠിച്ച്, അക്കാലത്തെ മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്ത്, വിശദമായി അപഗ്രഥിച്ച് ഒരു ഉത്തരം നമുക്കു മുന്നിൽ വൈകാതെ എത്തിയേക്കും. അതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് ഏറെ നാളുകളായി. ഏതു നിമിഷവും തീരുമാനം വന്നേക്കാം. അത് എൽ ഗ്രെക്കോ തന്നെയോ? ഇതിൽ വരച്ചിട്ടിരിക്കുന്ന യുവതി അദ്ദേഹത്തിന്‍റെ പ്രേയസി തന്നെയോ.. പ്രാരംഭതെളിവുകള്‍ അങ്ങനെത്തന്നെ പറയുന്നു. എന്തായാലും കാത്തിരിക്കുക, ആ പ്രഖ്യാപനത്തിനുവേണ്ടി. അധികനാളുകളതിന് ശേഷിക്കുന്നില്ല…
(കടപ്പാട് ഡോ.ബി ഹരികൃഷ്ണൻ)

ഇനിയിതാ വേറൊരു ചിത്രം_ഓർഗാസോ പ്രഭുവിന്റെ ശവസംസ്ക്കാരം👇👇
ഓർഗാസോ പ്രഭുവിന്റെ ശവസംസ്ക്കാരം
വളരെ വലിയൊരു കാന്‍വാസാണ് എല്‍ ഗ്രെക്കോ ഈ അള്‍ത്താരച്ചിത്രത്തിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. എതാണ്ടൊരു ചുമര്‍പ്പൊക്കം തന്നെ. ഈ ചിത്രം കാണുന്നതിനു മുമ്പ്, ഇതിനെ ചുറ്റിപ്പറ്റിയുള്ള ഒരു ഐതിഹ്യം നാം മനസ്സിലാക്കേണ്ടതുണ്ട്. പതിമൂന്നാം നൂറ്റാണ്ടിന്‍റെ ഒടുവിലും പതിനാലിന്‍റെ ആരംഭത്തിലുമായി അന്നത്തെ കാസ്റ്റീല്‍ രാജ്യത്തിന്‍റെ  തലസ്ഥാനമായിരുന്ന ടൊലൈദോയില്‍ ഒര്‍ഗാസ് എന്ന പേരിലൊരു പ്രഭു ജീവിച്ചിരുന്നു. അത്ഭുതങ്ങളൊന്നും തന്നെ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നില്ല. പക്ഷെ, അങ്ങേയറ്റം സത്യസന്ധനും, പരോപകാരിയും, കടുത്ത ഈശ്വരഭക്തനുമായിരുന്നു . മാത്രവുമല്ല, സാന്‍റോ തോമേ പള്ളിയുടെ പുനരുദ്ധാരണത്തിനു കൈയ്യഴിച്ചു സഹായം ചെയ്യുകയും ചെയ്തു. 1312-ല്‍ പ്രഭു മരിച്ചു. അദ്ദേഹത്തിന്‍റെ ശവസംസ്കാരസമയത്ത് വലിയൊരു അത്ഭുതം സംഭവിച്ചത്രേ. പുണ്യാളന്മാരായിരുന്ന സെയ്ന്‍റ് അഗസ്റ്റിനും സെയ്ന്‍റ് സ്റ്റീഫനും സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന് ആ മരണാനന്തരചടങ്ങുകള്‍ക്ക് നേരിട്ടു മേല്‍നോട്ടം വഹിച്ചതായിരുന്നു  അത്. ഈ രണ്ടു വിശുദ്ധാത്മാക്കളും ചേര്‍ന്നായിരുന്നു നല്ലവനായ പ്രഭുവിന്‍റെ ഭൌതികശരീരം കല്ലറയിലേക്കെടുത്തുവെച്ചത്. ഒര്‍ഗാസ് പ്രഭുവിന്‍റെ സദ്‌പ്രവൃത്തികള്‍ക്കുള്ള ഒരു പ്രത്യുപകാരം കൂടിയായിരുന്നു അത്.  ഭക്തജനങ്ങളാകട്ടെ ഈ കഥയെല്ലാം ഉറച്ചു വിശ്വസിക്കുകയും ചെയ്തുപോന്നു. അങ്ങനെ അക്കാലത്ത് കാസ്റ്റീല്‍ രാജ്യത്ത് (പഴയകാല സ്പെയിനിന്‍റെ ഒരു ഭാഗം) പ്രചുരപ്രചാരത്തിലിരുന്ന ഒരു കഥയാണ് എല്‍ ഗ്രെക്കോ തന്‍റെ ചിത്രവിഷയമാക്കിയത്. പ്രസ്തുത സംഭവത്തിനു രണ്ടര നൂറ്റാണ്ടുകള്‍ക്കു ശേഷം.

രണ്ടുവര്‍ഷം വേണ്ടിവന്നു എല്‍ ഗ്രെക്കൊവിനു തന്‍റെ ഏറ്റവും പ്രധാനപ്പെട്ട ചിത്രം പൂര്‍ത്തിയാക്കാന്‍. ഒറ്റ നോട്ടത്തില്‍ ഈ ചിത്രത്തില്‍ രണ്ടു തട്ടുകള്‍ കാണാം. ഇഹലോകവും പരലോകവുമെന്നോ, ഭൌതികവും ആത്മീയവുമെന്നോ ഒക്കെ പറയാം  ഈ വേര്‍തിരിവിനെ. ചിത്രത്തിന്‍റെ മുകള്‍ഭാഗത്ത് സ്വര്‍ഗ്ഗീയമായ പരികല്പനകളാണ്. താഴെയാണ് ശവസംസ്കാരം നടക്കുന്നത്. അവിടെ ചേതനയറ്റ ഒര്‍ഗാസ് പ്രഭുവിന്‍റെ അല്പം നീലിമ കലര്‍ന്നു, കരുവാളിച്ച മൃതദേഹം കാണാം. ജീവിച്ചിരുന്നകാലത്ത് ഉപയോഗിച്ചിരുന്ന തിളങ്ങുന്ന പടച്ചട്ടയും വേഷവിധാനങ്ങളുമാണ് പ്രഭുവിനെ ഉടുപ്പിച്ചിരിക്കുന്നത്. സെയ്ന്‍റ് സ്റ്റീഫന്‍ ആ ശരീരത്തെ അല്പം കുനിഞ്ഞുകൊണ്ട് എടുക്കുകയാണ്. വൃദ്ധനായ സെയ്ന്‍റ് അഗസ്റ്റിനാണ് പ്രഭുവിന്‍റെ ഊര്‍ദ്ധ്വഭാഗത്ത്. വര്‍ണ്ണശബളമാണു വിശുദ്ധരുടെ ഉടയാടകള്‍. ഇരുവരുടേയും മുഖങ്ങളിലാകട്ടെ ശോകവും ആര്‍ദ്രതയും തളംകെട്ടിനില്ക്കുന്നു. സെയ്ന്‍റ് സ്റ്റീഫന് തൊട്ടായി ഒരു കൊച്ചുപയ്യനെ കാണാം. അത് എല്‍ ഗ്രെക്കൊയ്ക്ക് ഒരു അവിഹിതബന്ധത്തിലുണ്ടായ പുത്രന്‍ ഇമ്മാനുവേല്‍ ആണത്രേ. അവന്‍റെ കൈയ്യിലെ തൂവ്വാലയിലൂടെയാണ് എല്‍ ഗ്രെക്കോ ആ രഹസ്യം തുറക്കുന്നത്. അവിടെ മുദ്രണം ചെയ്തിട്ടിരിക്കുന്നത്  ഒരു  തീയതിയാണ് . തന്‍റെ പ്രിയപുത്രന്‍റെ ജനനത്തീയതി. ഇമ്മാനുവേല്‍ നമ്മളെത്തന്നെയാണ് നോക്കുന്നത്. ആ നോട്ടത്തിലൂടെ കാഴ്ചക്കാരെ അവന്‍ ക്ഷണിക്കുകയാണ്, എല്‍ ഗ്രെക്കോ വിരിച്ചിട്ടിരിക്കുന്ന ഈ മഹാമായികാലോകത്തിലേക്ക് കടന്നുചെല്ലാനായി.

തന്‍റെ സമകാലീനരായിരുന്ന പല പ്രശസ്തരെയും ഈ ചടങ്ങില്‍ സംബന്ധിക്കുന്നതായെന്നോണം എല്‍ ഗ്രെക്കൊ ഇവിടെ വരച്ചുചേര്‍ത്തിട്ടുണ്ട്. അങ്ങനെ, തീര്‍ച്ചയായും വിശാലമായ ഒരു പോട്രെയ്റ്റ് ഗാലറിയാണ് ഈയൊരൊറ്റച്ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. സൂക്ഷിച്ചുനോക്കിയാല്‍ എല്‍ ഗ്രെക്കോയെ വരെ കാണാം. ഈ ഗംഭീര ചിത്രത്തിന്‍റെ  കാവല്‍ക്കാരന്‍ വളരെ ആവേശത്തോടെയാണ് കാണികളെ ഉറ്റുനോക്കുന്ന ചിത്രകാരനെ ആ ചിത്രത്തിനുള്ളില്‍ എനിക്ക് കാണിച്ചുതന്നത്. അപൂര്‍വ്വമാണ് ഇത്തരം കാഴ്ചകള്‍. തന്‍റെ മഹാസൃഷ്ടിയില്‍ തന്നെത്തന്നെ അവതരിപ്പിക്കുന്ന മായാജാലം ആരെയാണ് രസിപ്പിക്കാതിരിക്കുക.

ദു:ഖാകുലരായ ജനങ്ങള്‍ക്ക്‌ മീതെയുള്ള ആകാശദൃശ്യമാകട്ടെ ഭാവനാസമൃദ്ധം. അക്കൂട്ടത്തില്‍ സ്വര്‍ണ്ണമുടിക്കാരിയായ ഒരു മാലാഖ, പരേതന്‍റെ ആത്മാവിനെയായിരിക്കണം, വഴികാട്ടുന്നതു കാണാം. ആ വഴി നീളുന്നത് സാക്ഷാല്‍ യേശുക്രിസ്തുവിനടുത്തേയ്ക്കാണ്. അവിടെ ദൈവപുത്രന് സമീപം കന്യാമറിയവും വിശുദ്ധപത്രോസും സ്നാപകയോഹന്നാനുമുണ്ട്. സ്വര്‍ഗ്ഗത്തിലെ സംഗീതജ്ഞര്‍ അവിടെ പശ്ചാത്തല സ്വരമാധുരിയൊരുക്കുന്നു. മാലാഖമാര്‍ ചിലര്‍ നിദ്രയിലാണ്. മറ്റു ചിലര്‍ ആനന്ദലഹരിയിലും. വേറെയുമുണ്ട് അനേകം പുണ്യാത്മാക്കളിതില്‍. വ്യക്തമായ രൂപങ്ങളിലൂടെ അമൂര്‍ത്തമായൊരു  അമൃതലഹരി സൃഷ്ടിച്ചെടുക്കുന്നതില്‍ ചിത്രകാരന്‍ ഇവിടെ വിജയിച്ചിട്ടുണ്ടെന്നു നിസ്സംശയം പറയാം. അക്കൂട്ടത്തില്‍ സ്പെയിനിലെ രാജാവ് ഫിലിപ്പ് രണ്ടാമനും എല്‍ ഗ്രെക്കോ സ്ഥാനം നല്‍കിയത് ഏറെ രസാവഹമായി തോന്നി. ഈ ചിത്രം വരച്ചുതീര്‍ന്നു പിന്നെയും പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് ഫിലിപ്പ് രണ്ടാമന്‍ ദിവംഗതനാകുന്നത്. അപ്പോള്‍ അമരതുല്യനായി രാജാവിനെ പ്രതിഷ്ഠിക്കുക വഴി നൃപപ്രീതിയായിരിക്കും ചിത്രകാരന്‍ ലക്ഷ്യമിട്ടതെന്നു കരുതുക തന്നെ.

തികച്ചും ദാര്‍ശനികമായ ഒരനുഭവമായിരുന്നു ആ ചിത്രക്കാഴ്ച. നമുക്കറിയുന്നതും  വെളിപ്പെടുന്നതുമായ കാര്യങ്ങളെ ആത്മീയമായ ഒരു ഭാവനയിലൂടെ കാണുകയാണ് ചിത്രകാരന്‍. ഉന്നതമായ ഒരു ചിത്രദര്‍ശനത്തിലേക്കുള്ള എല്‍ ഗ്രെക്കൊയുടെ കുതിച്ചുചാട്ടമായിരുന്നു അത്. ഈ ചിത്രത്തിലാകമാനം നിലനിര്‍ത്തിയിരിക്കുന്ന അലൌകികത്വത്തിനു താരതമ്യങ്ങളില്ല. അതിനു ചേരും വിധമാണ് മേഘപാളികളെയും രജതധൂമാവൃതമായ സ്വര്‍ഗ്ഗപശ്ചാത്തലത്തേയും അണിയിച്ചൊരുക്കിയിരിക്കുന്നത്. നിറങ്ങളെല്ലാം വളരെ മനോഹരമായി ഇഴുകിച്ചേര്‍ന്നുനില്ക്കുന്നു. അവ സൃഷ്ടിക്കുന്ന ഏകതാനതയും  വൈപുല്യവും  ഏറെ ദീപ്തമായിത്തന്നെ നമുക്കനുഭവപ്പെടും.

ആദ്യമായി ഈ ചിത്രം കണ്ടപ്പോള്‍ ഇതിന്‍റെ മാന്ത്രികതയില്‍ വശംവദനായി സല്‍വാദോര്‍ ദലിയ്ക്ക് മോഹാലസ്യം വന്നുവെന്ന്‍ കേട്ടിട്ടുണ്ട്. അതുപോലെ പാബ്ലോ പിക്കാസോയാകട്ടെ ഈ ചിത്രദര്‍ശനത്തില്‍ അനുഭവപ്പെട്ട ലാവണ്യാഘാതത്തില്‍ താന്‍ നടുങ്ങിപ്പോയെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഒര്‍ഗാസ് പ്രഭുവിന്‍റെ ശവസംസ്കാരം എന്ന ഈ ചിത്രം പകര്‍ന്നുതരുന്ന അനുഭവവും ആഴവും ഒന്ന് വേറെത്തന്നെ. അതില്‍ ചരിത്രമുണ്ട്, ഐതിഹ്യമുണ്ട്, എന്തിന് തത്വചിന്തയും ആത്മീയതയുമുണ്ട്, പിന്നെ പറഞ്ഞറിയിക്കാനാവാത്ത വൈകാരികതയുമുണ്ട്.
(കടപ്പാട്_ഡോ.ഹരികൃഷ്ണൻ)





അങ്കർ എഴുതിയ പിക്കാസോയുടെ ഈ ജീവചരിത്രകൃതിയിൽ എൽഗ്രിക്കോയെ കുറിച്ച് കുറച്ചു ഭാഗങ്ങളുണ്ട്..അത് ഇതാണ്_ "സൗന്ദര്യബോധാധിഷ്ഠിതമായിരുന്ന പിക്കാസോയുടെ കലാസൃഷ്ടികളുടെ പിതൃത്വം ആരുടെയെങ്കിലും നേർക്ക് ആരോപിക്കാമെങ്കിൽ അത് എൽഗ്രിക്കോ എന്ന വിശ്വവിഖ്യാതചിത്രകാരനിലായിരിക്കും ചെന്നെത്തുക.എൽഗ്രിക്കോ ആയിരുന്നു പിക്കാസോയെ ഗാഢമായി സ്വാധീനിച്ച...പ്രചോദിപ്പിച്ച ചിത്രകാരൻ









ഇതിലെ ചില ചിത്രങ്ങൾ ശ്രദ്ധിച്ചോ..എല്‍ ഗ്രെക്കൊയുടെ അവസാനനാളുകളില്‍ അദ്ദേഹം വളരെയേറെ വഴിമാറിച്ചവിട്ടി. പിന്നീടുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ നവോത്ഥാനചിത്രങ്ങളില്‍ നിന്നൊക്കെ അകലം പാലിച്ചു. യഥാതഥമായ ചിത്രീകരണത്തേക്കാള്‍ , മാനവികവും   ഭാവനാപരവുമായ ആവിഷ്കാരങ്ങളാണ് നമുക്കവിടെ കാണാന്‍ കഴിയുക. അതിലെ മനുഷ്യരൂപങ്ങളെത്തന്നെ നീളം കൂട്ടിയും കൂര്‍മ്പിച്ചുമൊക്കെയാണ് വരച്ചിരുന്നത്. തന്‍റെ ചിത്രങ്ങളിലൂടെ ധിഷണയുടേയും ആത്മീയതയുടേയും ഉയര്‍ന്ന തലങ്ങള്‍ സൃഷ്ടിച്ചെടുക്കുകയായിരുന്നു എല്‍ ഗ്രെക്കോ.

https://youtu.be/gSXzPd8RX0Q
https://youtu.be/5hT2zHFDBSI
https://youtu.be/8daGqy3Jles
https://youtu.be/ZrMjG3Hd24c
https://youtu.be/A8sD9elNvRY

രണ്ടു കാര്യം പറയണംന്ന് കരുതീത് വിട്ടുപോയി

1) റംബ്രാന്റ്, കരവാജിയോ എന്നിവരെപ്പോലെ ഇരുളും വെളിച്ചവും ഇടകലർന്ന ചിത്രകലാരീതി അവലംബിച്ച ചിത്രകാരനായിരുന്നു എൽഗ്രിക്കോ

2)ബാൽക്കൺസ് എന്ന സ്ഥലത്ത് ശാസ്ത്രജ്ഞൻമാർ 72 ലക്ഷം വർഷം പഴക്കമുള്ള മനുഷ്യ തലയോട്ടി 2017 ൽ കണ്ടെത്തിയത്രേ...അതിലെ കീഴ്ത്താടിയെല്ലിന് അവരിട്ട പേര് എന്താണെന്നറിയുമോ..?__എൽഗ്രിക്കോ എന്ന്

പ്രിയരേ...ഈ വെെകിയ വേളയിലും ചിത്രസാഗരം ആസ്വദിച്ച എല്ലാ ചങ്ങാതിമാർക്കും നന്ദി... 🙏🙏 അതോടൊപ്പം എൽഗ്രിക്കോയെ കുറിച്ചുള്ള വിവരങ്ങൾ ഒരു ബുദ്ധിമുട്ടും പറയാതെ തിരൂർമലയാളം ഗ്രൂപ്പിനായി പങ്കുവെച്ച സജയ് മാഷിനും മനസ്സുനിറഞ്ഞ നന്ദി🙏🙏