05-01-2019


ഒടിയൻ
ഇരുട്ട്  പരത്തുകയെന്നത്
ഒടിയന്റെ ചോദനയാണ്...
മതം പേറുന്ന
പെണ്ണിന്റെ  ഗർഭപാത്രം
ചുരന്ന്
അടുത്ത തെരഞ്ഞെടുപ്പിന്
മരുന്നുണ്ടാക്കുന്ന
ഒടിയൻ...
പശുവായും
പോത്തായും
കുഞ്ഞാടായും
ജാതി തിരിച്ച്
വിധി വരുന്നിടത്തും
കാശ് വീശുന്നിടത്തും
ഒരേ ഒടിയൻ....
സാക്ഷരത പൊട്ടിച്ച്
തീ പടർത്തി,
കറുത്ത ടയർ പുകച്ച്
തെരുവുകളിൽ
" പരകൊടി പ്രവേശം "
നടത്തുന്ന ഒടിയൻ....
വിയർപ്പും നെടുവീർപ്പും
മാത്രമുള്ളവനെ
എവിടെയും വീഴ്ത്താൻ
അതേ ഒടിയൻ....
അതെ,
ഇരുട്ട് പരത്തുകയെന്നത്
ഒടിയന്റെ ചോദനയാണ്...
വിനോദ്.കെ.ടി
****************************

പുതുവർഷം
കാലം ഒരു തണൽമരം പോലെയാണ്,,,,
സ്വന്തം നിഴലിനു കീഴിൽ
എല്ലാറ്റിനെയും അതണച്ചു നിർത്തും,,,,
നോവുകളെ,,,,
വേവുകളെ,,,,,
ആഹ്ലാദങ്ങളെ,,,, പൊട്ടിച്ചിരികളെ,,,, പേടികളെ,,,,,സന്ത്രാസങ്ങളെ,,,,
സന്ദേഹങ്ങളെ,,,,,
പ്രതീക്ഷകളെ,,,,,
കൊച്ചു കുശുമ്പുകളെ,,,
കള്ളത്തരങ്ങളെ,,,,
പരിഹാസങ്ങളെ,,,,
വിപത്തുകളെ,,,,
അങ്ങനെ,,, സകലതിനേയും
ആ തണൽ കീഴിൽ ഒളിക്കയാണ്,,,,,
പറന്നകലുന്ന ഓരോ നിമിഷവും
പുതിയ സമയങ്ങൾക്കായി വഴിമാറിയകലുന്ന നിമിഷങ്ങൾ,,,,
നമുക്ക് ഓർമ്മയുടെ അറകളിലലിയുന്നു എന്ന് മാത്രം
അനന്ത ഗാമിയായ കാലത്തിനിടയിലെല്ലാം,,,,,,,,
നാമോരോ കോമകളിട്ടു,,,,
പേരുമിട്ടു,,,,
ദിവസങ്ങളെന്ന്
ആഴ്ചകളെന്ന്,,,,
അവ വളർന്ന് മാസങ്ങളായി,,,,
ഋതുപരിണാമങ്ങൾക്കൊപ്പം,,, വർഷങ്ങളും
പുതുവർഷങ്ങൾ എന്നു നാം ഘോഷിക്കുമ്പോൾ,,,,
കാലം ചിരിക്കില്ലേ?
അടുത്ത നിമിഷം ,,,,പുതു നിമിഷം എന്നൊരു വാക്കാണ് കാലത്തിനുണ്ടാവുക,,,
മനുഷ്യന്റെ ഭാവനയ്ക്കല്ലേ,,,, എപ്പോഴും
പുതുമ?
ശ്രീല അനിൽ
****************************

ദലമർമരങ്ങൾ 
വിടർന്നൊരാ
ദലങ്ങൾതൻ
മർമരങ്ങൾ
ഋതുചക്രവേഗങ്ങളിലലിയവേ.....
ഇലപൊഴിക്കേണ്ട
കാലമണഞ്ഞുവോ?
ഏതിലകൊഴിക്കണം
എല്ലാമേ നിന്നിഷ്ടഗന്ധപ്പച്ചപ്പുകൾ,
തളിരായ്
വിടർന്നവകൾ
തെന്നൽ മൊഴിഞ്ഞുവോ
മൂകമാതരുശാഖിതൻ
ഹൃത്തിലായ്
ഋതുവിനകലണം
ഇലപൊഴിക്കണം
ജന്മതീരങ്ങളിൽ
ചെറുമുളകളായ്,
നിമിഷസ്വപ്നങ്ങളായ്,
പടർന്നുവോ
നവശാഖിയാം
കനവുതീരങ്ങളിൽ
തണുവാർത്തപുലരികൾ,
വെയിൽകുടിച്ചുച്ചകൾ,
തൈത്തെന്നൽത്താരാട്ടായ്
പ്പലവർണ്ണസന്ധ്യകൾ
പ്രകൃതിതൻ
ഹൃത്തടമേറി
വളർന്നതും
വൃക്ഷഹൃദന്തത്തിലൊരു
പേറ്റുനോവായ്
ആർത്തലച്ചതും
പച്ചത്തളിരു
മുളക്കുമിടംവരെ
ദലമർമരങ്ങളായ്
കൊഴിയാതെ
കൊഴിയുന്നു
അടരാതെ
തുടരുന്നു....
അനാമിക
****************************

മറ്റൊരാൾ
ഒറ്റവാക്കിൽ
നാം അപരിചിതരാകും.
ഇഷ്ടമില്ലാത്തൊരു വാക്ക്
നമ്മെ നടുവെ മുറിച്ചു കളയും!
ഒന്നിൽ നിന്ന് മുറിഞ്ഞുള്ള
രണ്ടായിത്തീരൽ.
നീ പുതിയ രാജ്യവും
ഞാൻ അയൽ രാജ്യവുമായി
സ്വാതന്ത്ര്യം പ്രഖ്യാപിക്കും!
സന്ധികളില്ലാത്ത നിരന്തര യുദ്ധം
നമുക്കിടയിലുള്ളതെല്ലാം വെടിവെച്ചിടും
നമ്മുടെ മനസ്സിലെ നടപ്പാത
കമ്പിവേലി കെട്ടിത്തിരിക്കും
അതിർത്തികൾക്കപ്പുറവുമിപ്പുറവും
നാമുറങ്ങാതെ കാവലിരിക്കും
എന്റെ ചെറു ചലനങ്ങളെപ്പോലും
നീയൊപ്പിയെടുക്കും!
എന്റെ നിഴലിനെപ്പോലും
തിരിച്ചറിഞ്ഞാക്രമിക്കാൻ
വേട്ടപ്പട്ടികൾക്ക് പരിശീലനം നൽകി
നീ രാപ്പകൽ കാത്തിരിക്കുന്നതെന്തിന്?
നീ തൊടുത്തു വിടുന്ന  ആയുധങ്ങൾക്ക്
നിന്റെ വാക്കിന്റെയത്ര മൂർച്ചയുണ്ടാവില്ലല്ലോ!
നീയുടച്ചു കഷണങ്ങളാക്കിയതിനാൽ
എന്റെ മനസ്സിനു മുന്നിൽ അവയെല്ലാം
നിസ്സഹായരായ് നിലംപതിച്ചേക്കും!
ആയുധം വെച്ചൊരിക്കലും
എനിക്ക് കീഴടങ്ങാനാവില്ല
എന്നേ നിരായുധനായിത്തീർന്നതിനാൽ!
യൂസഫ് നടുവണ്ണൂർ
****************************

വൈദ്യശാസ്ത്ര വിദ്യാർത്ഥിയോട്
ഞാൻ മരിക്കുമ്പോൾ ശവം നിനക്കു തരും
എന്റെ മസ്തിഷ്‌കം നീ പരിശോധിക്കും
ഉന്മാദത്തിന്റെ ഉറവിടം കണ്ടെത്താനാവില്ല
എന്റെ കണ്ണുകൾ നീ തുരന്നു നോക്കും
ഞാൻ കണ്ട ലോകരൂപം അവയിലുണ്ടാവില്ല
എന്റെ തൊണ്ട നീ മുറിച്ചു നോക്കും
എന്റെ ഗാനം വെളിപ്പെടുകയില്ല
എന്റെ ഹൃദയം നീ കുത്തിത്തുറക്കും
അപ്പോഴേക്കും ഇടിമിന്നലുകൾ താമസം മാറ്റിയിരിക്കും
എന്റെ അരക്കെട്ടു നീ വെട്ടിപ്പൊളിക്കും
അതറിഞ്ഞ മഹോത്സവങ്ങളോ ആവർത്തിക്കപ്പെടുകയില്ല......
ബാലചന്ദ്രൻ ചുള്ളിക്കാട്
****************************

അമാവാസി
ഇരുൾ പരത്തുന്ന
രാവിൻ കൊലുസിട്ടു
മുടിയിൽ താപത്തിൻ
ദീർഘ നിശ്വാസത്തെ
കോർത്തടക്കും
നവോഡയെപ്പോലവൾ.
ഇരുളിൻ ശീൽക്കാരമുള്ളിൽ
കലമ്പുന്ന,
വ്രണിത രാഗമുരുക്കഴിച്ചീടുവോൾ.
അവണുർത്തുന്നൊരീറ്റു നോവിൻ വ്യഥാ _
പരിമളത്തോളമില്ലൊരാലിംഗനം.
അവളമാവാസി
യാർദ്രയെക്കാളുമെ_
ന്നുയിരുതൊട്ടതാം കാവ്യപ്രഹേളിക.
അവൾ പകർന്നതാം ജീവചൈതന്യമെൻ
മിഴി തൊടുമ്പൊള
തിന്ദ്രിയ ജ്ഞാനത്തിൻ
ചാരുതാംബരം
പുൽകിത്തകർന്നു ഞാൻ
അവളിലേയ്ക്കു പൊഴിഞ്ഞുണർന്നീടട്ടെ.
മഞ്ജുള
****************************

മൗനം
മൗനം എന്റെ മരണമാണെന്ന്
നീ പറഞ്ഞുതന്നത്
എത്ര മുമ്പാണ്,കൂട്ടുകാരാ...!
അന്ന് നമ്മുടെ വാക്കുകൾക്ക് തോക്കുകളേക്കാൾ ഉയരത്തിൽപ്പറക്കാൻ കഴിയുമായിരുന്നല്ലോ...!
പിന്നീടെപ്പോഴോ തൊണ്ടയിടറി,
വാക്കുകൾ കനത്ത്
നമ്മൾ നിശ്ശബ്ദരായി...
ഉണർന്നിരിക്കുന്നവർ
പറയുന്നുണ്ട് കൂട്ടുകാരാ,
രാത്രി ഒടുങ്ങാറായെന്ന്...
ഒരു വിളക്കു തെളിയുന്നുണ്ടെന്ന്,
ഒരു കരച്ചിൽ കൂടി കേൾക്കുന്നുണ്ടെന്ന്,
ഒരു കുഞ്ഞു കൂടി
പിറന്നു വീണിട്ടുണ്ടെന്ന്...!
നരേന്ദ്രൻ
****************************

പീലി
''പീലി നീ ചൂടിവന്നെൻ
മനസ്സിൽ,പീലിതൻ
കാടായി ചേർന്നുനിന്നോ?
കാലമാം ഒാർമകൾക്കൊക്കെയും
നിൻ നിറം ചാർത്തി നീ
പീലിയായിയാടി നിന്നോ?
കണ്ണാ നിന്നെ ഞാൻ കണ്ടതില്ല,
കണ്ടതോ നീ ചൂടി
ലോകരെയാകവെ
മയക്കുമീ
പീലിയതൊന്നുമാത്രം!
പണ്ടുതൊട്ടിന്നോളം
കാൺമാൻ കൊതിച്ചതോ,
പൂർണശ്രീയാം നിൻ മേനിയല്ലോ?
നിൻ അമരസാന്നിധ്യമായി
എന്നിലമർന്നതോ,
ഈ മയിൽപ്പീലി-
യതൊന്നുമാത്രം!
ഇനിയുള്ള-
കാലങ്ങളൊക്കെയും
നിന്നെ ഞാൻ
ഒാർത്തോർത്ത് മാറോട്
ചേർത്തണയ്ക്കും...
കാളിന്ദി തുല്ല്യമാം
എൻ ജീവനിൽ വന്നു
കാളിമയൊക്കെയും
നീക്കണേ നീ...
നിൻ നൃത്തചുവടുകൾ
അനുകരിക്കും,
വെറുമൊരു
'മയില'ല്ലോ
നിസ്വനാം ഈ ഞാനും...
നീങ്ങുമീകാലത്തിൽ
ഓർത്തിടാൻ
നീമതി!
എങ്കിലുമെന്നിലെ
പീലിയാം
ആത്മാവിതെന്നാണ്
നിൻ തിരുമുടിയിൽ
ചൂടിടും നീ...
അതുമാത്രം
ചിന്തിച്ചുചിന്തിച്ചു ,
നീയായിത്തീരുവാനാണുമോഹം..''
സിദ്ദീഖ് സുബൈർ
****************************

ചുവന്ന സന്ധ്യ
ശാന്തി ദൂതയാം  സായംസന്ധ്യ
വിടവാങ്ങുന്നു വീണ്ടും
അകലുന്ന ബന്ധത്തിൻ
കണ്ണികൾ മുറിയുന്നു
സാഗരത്തിൻ മാറിലുലയുന്ന
ശ്യാമയാം കുഞ്ഞോളങ്ങൾ
അരുണ വർണ്ണനു കുടയേകും
 മാനത്തെ വെള്ളിമേഘങ്ങൾ
 കടൽത്തീരത്തു പതിയുന്ന
 കാൽപാദങ്ങൾ
 ജീവിതത്തീരത്തു പതിയുന്ന
 ഉറച്ച കാൽവെപ്പുകൾ
  ജീവിതയാത്രയിൽ പതിയാത്ത
 തേങ്ങലുകൾ
കാറ്റിന്റെ താരാട്ടിലുറങ്ങുന്ന
കുഞ്ഞു തിരമാലകൾക്കെ-
ങ്ങേകുവാൻ സാന്ത്വനം
നിറമണിയാത്ത ചിത്രങ്ങൾ
വരക്കുമീ കടൽത്തീരത്തു
നിന്നെങ്ങനെ വേർപെടുത്താൻ
പാപത്തിൻ കറപുരളാത്ത
കാൽപ്പാടുകൾ
സന്ധ്യ വഴിമാറുന്നു രാവിന്നായ്
തിരിയുന്നു കാലചക്രം വീണ്ടും
പുതു സന്ധ്യ ക്കായി കാതോർക്കുന്നു...
അഷിബ ഗിരീഷ്
****************************

പുഴ അന്ന്, ഇന്ന്
അന്ന്,
വേരുകൾ അവളുടെ
മൃദുലതയെ പൊതിഞ്ഞിരുന്നു..
അവൾ,ഓരോ
കല്ലിനേയും
പുൽക്കൊടിയേയും
തഴുകി,തലോടി...
അവയോരോന്നും കുളിരിൽ
ആലസ്യമാണ്ടു..
ഇന്ന്,
കല്ലോ
മണ്ണോ
ഒരു പുൽക്കൊടിപോലുമോയില്ലാതെ
അവൾ ഏകയാണ്,
അനാഥയാണ്,
അവളുടെ മൃദുലതയിൽ
വേരുകളിനി വിഹരിക്കില്ല.....
ഗസ്ന ഗഫൂർ
****************************

നിനക്കായി
കരളുരുകുന്ന  തണുപ്പിന്റെ
മഞ്ഞുപുതച്ച പടവുകളിലൂടെ
ഞാൻ തിരിച്ചിറങ്ങുകയാണ്
അതിനുമുൻപ്
സ്വീകരിക്കുക എന്റെയീ
ചുമൽസഞ്ചിയിലെ അവശേഷിപ്പ്
അത് നിന്ക്കുള്ളതാണ്
വർണാഭമായ കനപ്പെട്ട പെട്ടികൾ
ഏറെ ശ്വാസംമുട്ടിച്ച്
വികൃതമാക്കിയെങ്കിലും
എന്റെ സ്വപ്നങ്ങളുടെ
വർണത്തരികളും
പ്രതീക്ഷകളുടെ മഴവിൽപ്പൊട്ടുകളും
ഉരുക്കിയൊഴിച്ചു
നിനക്കായി മാത്രം
കാത്തുവച്ചത്
നീ ഏറ്റുവാങ്ങിയാലും .....
ദേവി.കെ.എസ്
****************************

വൈറൽ
 മരണ വേഗത്തിൽ പാഞ്ഞു വന്ന വണ്ടിയിടിച്ചാണ് പാലത്തിൻ മുകളിൽ നിന്നും ആ പെൺകുട്ടി ആറ്റിലേക്ക് തെറിച്ച് വീണത്.. .........
അത് കണ്ട വഴിയാത്രക്കാരൻ അവളെ രക്ഷിക്കാനായിരുന്നു ആറ്റിലേക്ക് ചാടിയത്.....
പക്ഷേ ... അപ്പോഴേക്കും
'കമിതാക്കൾ ആത്മഹത്യ ചെയ്തു' എന്ന വാർത്ത വൈറലായിക്കഴിഞ്ഞിരുന്നു...!!
ജയശ്രീ പി.പി
****************************

മാപ്പ്...
കരളിൽ തിങ്ങും വേനൽച്ചൂടിൽ,
സമയത്തിന്റെ ചതുരംഗപ്പലകയിൽ,
വാക്കുകൾ കൊണ്ട് കളം വരച്ച് ഞാൻ ..
'മൈക്കലാഞ്ജലോ മാപ്പെ'ന്ന
ത്യോന്ന്യാക്ഷരങ്ങൾ പകരുമ്പോൾ
'നിർത്തുക കാട്ടാളാ'യെന്ന്
നിൻ 'ഐശ്വര്യം' തുളുമ്പും മിഴികളും
കള്ളച്ചിരി വിടരും പനിനീർ ദലങ്ങളും
കഥിക്കവേ, ഇറ്റു വീഴും സമയത്തിന്റെ
വ്യഥയിൽ നൊന്ത് ഒച്ചുപോൽ ഞാനിഴയവേ...
പോയ കാലത്തിന്നാഹ്ലാദങ്ങളുള്ളിൽ
പുഴയായ്,സാന്ദ്രമായൊഴുകുന്നു ..
മണി മുഴക്കത്തിന്നാരവത്തിനൊപ്പം
പുഴ വെള്ളം പോലെയാഹ്ലാദം
ബാഗുമായ് പുറത്തേക്കൊഴുകവേ...
ശൂന്യമായ ക്ലാസ് മുറിയിൽ
ഞാനും പൊട്ടിയ ചോക്കും
നരച്ച ഡസ്റ്ററും ഇരുട്ടും മാത്രം
മാപ്പ്,മാപ്പെന്നുരുവിട്ട്
ബാക്കിയാവുന്നു.....
പുതുകാലത്തിൻ, ക്ഷമയറ്റ ജീവിതം നോവായി,നീറ്റലായ്
ഹൃദയത്തിൽ നിറയുന്നു..
എന്റെ കൊന്നപ്പൂക്കൾ
നിറം കെട്ട് കരിഞ്ഞുണങ്ങിയതറിയുന്നു ഞാൻ....
വെട്ടം ഗഫൂർ
****************************

ഒച്ചകളുടെ രാജ്യം
ശബ്ദങ്ങളെ പൂട്ടിയിട്ട
തടവു മുറികളുണ്ട്
ചിലപ്പോഴൊക്കെ,
കുറ്റവും ശിക്ഷയും
കാത്തു കിടക്കുന്നവരുടെ
തൊണ്ടയനക്കങ്ങൾ
പാട്ടുകളായി
പുറത്തേക്കൊഴുകും
 കേട്ടു കഴിഞ്ഞ്
മടക്കിവെക്കുന്നവർ
നിശബ്ദതയുടെ ക്യൂവിൽ നിന്ന്
പിരിഞ്ഞു പോകണമെന്നില്ല
 എന്നാൽ
കേൾപ്പിക്കാനാവുന്നവർ
വിളിച്ചുപറയാവുന്നത്ര ഉച്ഛത്തിൽ
ഒച്ചകളുടെ ചങ്ങലയിലെ കണ്ണിയാകും
''കേൾക്കുന്നില്ലേ....''
ശബ്ദ വാഹക സംഘങ്ങൾ
തൊണ്ടയിൽ നിന്നിറങ്ങി വന്ന്
നിങ്ങൾക്കു വേണ്ടി പാടുന്നത്
ഒച്ചകളുടെ രാജ്യം
കാത് പൊട്ടിച്ച് ഒഴുകി പരക്കുന്നത് .
മുനീർ. കെ.ഏഴൂർ
****************************

മറുക്
ജന്മനായുളള
മറുകിനേക്കാൾ
ഞാനുണ്ടാക്കിയ
മുറിവുകളാണ്
എന്റെ അടയാളങ്ങൾ .
കാലമേറെ വിയർത്തിട്ടും
മായ്ക്കാൻ കഴിയാത്തവ .
ചില മുറിവടയാളങ്ങൾ
തൊടുമ്പോൾ
മഞ്ഞിനെ പുണരുന്നത് പോലെ,
മഴവില്ലിന്റെ ഏഴഴക് തോന്നും
ചിലതിന് .
ചിലത് പൊള്ളുന്നുണ്ട്
തീ കോരിയിട്ടതു പോലെ.
മുറിവടയാളങ്ങളുടെ
മ്യൂസിയമാണോ താനെന്ന്
കൂട്ടുകാരൻ ചോദിക്കാറുണ്ട് .
പെരുവിരൽ എകലവ്യൻ
ഗുരുവിന് ദക്ഷിണയാക്കിയെങ്കിൽ .
നടുവിരൽ ഏട്ടനായ്
വാതു വെച്ചു
തോറ്റു കൊടുത്തു ഞാൻ .
നെഞ്ചിൽ പ്രണയക്കടന്നൽ
കുത്തേറ്റ മുറിവുകൾ .
വിരലിൽ പുറപ്പെട്ടു പോയ
അക്ഷരങ്ങൾ വീഴ്ത്തിയ
മുറിവുകൾ
ചുണ്ടിൽ പാടാൻ മറന്ന
കവിത വീഴ്ത്തിയ മുറിവുകൾ .
ഗഫൂർ കരുവണ്ണൂർ
****************************

ആദിമധ്യാന്തം
മരിച്ചവന്റെ
കാൽപ്പെരുവിരലുകൾ ചോദിച്ചു.
നുകം വെച്ച കാളകളെപ്പോലെ
എന്തിനാണൊരുതുണ്ട് തുണിക്കയറിനാൽ
കൊരുത്തുകളഞ്ഞത്?
ഗർഭച്ചുവരിൽ കാലിട്ടടിച്ചമ്മയ്ക്ക്
കിനാവുകൾ നൽകിയും
പിച്ചവച് വീണ്
ജീവിതപാത താണ്ടിയും
ഞങ്ങളൊന്നിച്ച്
ആരാണ് ദീർഘവൃത്തത്തിൽ
താടിയെല്ലുകൾ ചേർത്തുകെട്ടിയത്?
മാറിടം പരതിയമ്മിഞ്ഞ നുണഞ്ഞതും
പാൽപ്പല്ല് കാട്ടി ചിരിച്ചതും ഒന്നിച്ച്
ഇനി വായ തുറക്കരുതെന്ന്
ആരുടെയോ ദുശ്ശാഠ്യം.
ഭൂമി തൊട്ട മാത്രയിൽ
കരഞ്ഞാണ് ശ്വാസമെടുത്തത്.
ആരാണ്
പഞ്ഞിക്കെട്ടുകൾത്തിരുകിക്കയറ്റി
ശ്വാസദ്വാരങ്ങൾ  അടച്ചത്
സ്നേഹ മന്ത്രണം
കാതോർത്ത ചെവികൾ
തുണി വച്ചടച്ചു കിടക്കുന്നു
ഒച്ചയേതുമില്ലാതെ
പ്രാണൻ വിടചൊല്ലവേ
മിഴിച്ച കണ്ണുകൾ വലിച്ചടച്ച്
ഇരുട്ടാക്കിയതെന്തിന്?
ചുടലയിലെത്തും മുമ്പേ
ഒടുങ്ങി പോയിട്ടുണ്ട് എല്ലാം എല്ലാം..
മുജീബ് റഹ്മാൻ മംഗലം
****************************

കവിത തേടി..
ഒരു കവിത
എനിക്കു ചുറ്റും
പറന്നു നടപ്പുണ്ട്,
അപ്പൂപ്പൻ താടി പോലെ,
ഒരിക്കലും പിടി തരാതെ.
നീയിറങ്ങിപ്പോയ
വീട്ടിൽ നിന്ന്
ഇനി ഏതു
ശബ്ദമാണുയരുക!
അറുത്തുമാറ്റിയ
ചങ്ങലക്കണ്ണികൾ
എവിടെയാണ്
നീയൊളിപ്പിച്ചു വച്ചത്?
എന്റെ ജാലകപ്പാളിയിൽ
ഇപ്പോൾ
കാറ്റ് തട്ടിവിളിക്കാറില്ല.
മഴത്തുള്ളികൾ
എന്റെ മുറ്റം
തേടി വരാറില്ല.
ഒരിക്കലും
എഴുതപ്പെടാത്ത
അവസാന വരി തേടി
അലഞ്ഞു തിരിയുന്ന
ഒരു കവിതയെ
നീ
എവിടെയെങ്കിലും കണ്ടുമുട്ടുമോ?
സ്വപ്നാ റാണി
****************************