04-05-19


കഥ പറയുന്നവർ
രമ.ജി.വി
വേദനയുടെ
മുൾമുനകൾക്ക്
കിടക്കാനൊരിടം
ഓർത്തോ 'വാർഡ് നമ്പർ -രണ്ട്
മണൽക്കിഴികൾക്കു ബെഡ്
ഇരുന്നും നിന്നും കിടന്നും
വായ് നോട്ടം നടത്തുന്ന
മണൽക്കിഴികൾ....
നഴ്സുമാർക്കില്ലാത്ത
തലക്കനം
രോഗികളുടെ
വലതുകൈകൾക്ക് ....
വാടിപ്പഴുത്ത
റോബസ്റ്റുകളുടെ
ഉള്ളിലും
നിറഞ്ഞു നിൽക്കുന്നു
നൊമ്പരത്തിന്റെ
മഷിത്തൂമ്പ്..
കിതച്ചു നിന്ന
മരുന്നുകൾക്കിടയിൽ
തലകുത്തിമറിയുന്ന
ഗ്ലൂക്കോസു കുപ്പികൾ
ചുവപ്പുമേലങ്കിയണിഞ്ഞ
ടെസ്റ്റ്യൂബുകൾ....:
തിക്കിത്തിരിയുന്ന
വെള്ള സ്റ്റാൻഡുകൾ
പകലന്തിയോളം
ഒറ്റക്കിടപ്പിൽ
കിടന്നുറങ്ങാൻ
വിധിക്കപ്പെട്ട കട്ടിലുകളിൽ
നിവർന്നുയരുന്ന
കൂക്കിവിളികളുടെ
ആർപ്പുകൾ.....
രാത്രിയുടെ
നിശ്ശബ്ദതയിൽ
ആടിയുലഞ്ഞ്'.......
*******************

പെൺമരങ്ങൾ
ബഹിയ
നീയെന്റെ ശാഖയിൽ
വെയിൽ പൂത്ത ചില്ലയിൽ
ഒറ്റച്ചിറകുമായ് വന്നിരുന്നു...
ക്ഷീണിച്ചു വീഴാതെ
താങ്ങു ഞാൻ തന്നിട്ടും
എന്നെ നീ
കൊത്തിപ്പറിച്ചു തിന്നു...
നീയെന്റെ പ്രാണനിൽ
കൂർത്ത നഖമാഴ്ത്തി
കക്കും കരളും
പറിച്ചെടുത്തു...
പശിയടങ്ങീട്ടും
നീയെന്റെജീവനെ
ചപ്പി ചവച്ചു
വലിച്ചെറിഞ്ഞു...
ഒടുവിൽ അമേധ്യമായ്
നീയെന്നെ വാനിന്റെ
അതിരറ്റ മാറിൽ തമസ്കരിച്ചു...
താഴെ കരിമ്പാറ
കെട്ടിന്റെ നെഞ്ചത്ത്
ഒരു തുള്ളി കാഷ്ടം
തെറിച്ചു വീണു...
പാതിമാത്രം ചത്ത
ജീവന്റെ രേതസ്സിൽ
നിന്നൊരു വൻമര-
കാടുണർന്നു...
പൂക്കളും പുഴകളും
കായ്കളും കിളികളും
ഒരു മഴപ്പാട്ടും
ഉയിർത്തെണീറ്റു...
തളർന്നു നീ എത്തുമ്പോൾ
ഇനിയും നിനക്കെന്റെ
തുഞ്ചത്തെ കൊമ്പിലിടം
തരും ഞാൻ...
പെണ്ണിവളെത്ര നീ
കോരിക്കുടിച്ചാലും
വറ്റാ ഉറവിൻ
മഹാസമുദ്രം...
*******************

നിശാഗന്ധി 
നസീറ നൗഷാദ്
നിശാഗന്ധീ...
ദിനരാത്രങ്ങളെത്ര
കാത്തിരുന്നൂ നിൻ
കൊടുംതപസ്സിൽ
നിന്നൊന്നുണരുവാൻ...
ധരിത്രി പോലും
ഗാഡനിദ്രയെ പുൽകി-
യൊരീ നീലരാവിൽ
നിൻ മുഗ്ധ സൗന്ദര്യം
വിടർന്നത്
പ്രണയാർദ്രനാം
പൂർണേന്ദുവിനായ് മാത്രമോ...
പനിമതി ഉദിച്ചുയരുമോരോ
ദിനവും നിന്നെ-
കാത്തിരിക്കുവാൻ
മാത്രമോ...
വെൺചന്ദ്രിക തൻ
പാലൊളിയിൽ
മുങ്ങി നീയിന്നൊ-
രപ്സരസ്സായ്...
എന്തേ തിടുക്കം
കൂട്ടുന്നു നീ
കൊഴിഞ്ഞടർന്നു
വിടയോതുവാൻ
നിന്നിൽ വിരിഞ്ഞൊരാ
തൂമന്ദഹാസം
വെറുമൊരു നാട്യമോ
ചൊല്ലൂ നീ മോഹിനീ...
നീലരാവിൻ
വിരുന്നുകാരീ
വിടചൊല്ലും മുമ്പേ-
യെൻ യാത്രാ
മംഗളങ്ങൾ...
*******************

ഒരു മാർക്ക്
ദേവി.കെ.എസ് 
 സ്ലേറ്റും പിടിച്ച് മിനി വിഷണ്ണയായി ഇരുന്നു.പരീക്ഷ കഴിഞ്ഞ് സ്വാതന്ത്ര്യം കിട്ടിയ ആരവങ്ങളോടെ കുട്ടികൾ ക്ലാസ് മുറികളിൽ നിന്നും ഗ്രൗണ്ടിലേക്ക് ഇറങ്ങിയോടുന്ന കാഴ്ചയിലൊന്നും അവളുടെ മനസ്സ് ഉറച്ചുനിന്നില്ല. ഇന്നും 49 മാർക്കേ കിട്ടിയുള്ളു. താനെല്ലാ ചോദ്യങ്ങൾക്കും ശരിയായ ഉത്തരം എഴുതിയതാണ്. എന്നിട്ടും ആ ടീച്ചർ മുൻ ദിവസങ്ങളിലേതുപോലെ 49 വരച്ചു.50 ൽ 50 കിട്ടിയ സലീമും ഷാജുവും ജലജയും പ്രദീപും അഭിമാനത്തോടെ ഞെളിഞ്ഞിരിക്കുന്നു. താൻ മാത്രം!  അവൾക്ക് സങ്കടം സഹിക്കാനായില്ല. അമ്മയാണ് തന്റെ ക്ലാസ്സ്ടീച്ചർ.പരീക്ഷ ആവുമ്പോൾ ഒന്നാം ക്ലാസ്സ് രണ്ടെണ്ണം വീതം ഒന്നാക്കും ,അപ്പോഴാണ് ഈ ടീച്ചർ വരുന്നത്. ഒരിക്കലും അമ്മ തനിക്ക് മാർക്കിടാറില്ല. അമ്മയായിരുന്നു തനിക്ക് മാർക്കിട്ടിരുന്നതെങ്കിൽ ......!
ഓർത്തപ്പോൾ അവൾക്ക് കണ്ണീരൂറി.
കുട്ടികൾ നമസ്തെ പറഞ്ഞു ചാടിയെഴുന്നേറ്റപ്പോഴാണ് ശ്രദ്ധിച്ചത്. പുരുഷോത്തമൻ മാഷുടെ വരവാണ്. ഹോ ഇനി ഈ മാഷ് എന്തൊക്കെ പറയുമോ ആവോ.മാഷ് അടുത്തുവന്ന് ഓരോരുത്തരുടേയും സ്ലേറ്റ് പരിശോധിക്കുന്നതും 50 മാർക്ക് കിട്ടിയവരെ മിടുക്കൻ, മിടുക്കി എന്നൊക്കെ പുറത്തു തട്ടി അഭിനന്ദിക്കുന്നതും മിനി നോക്കിയിരുന്നു. ഒരു മാർക്കല്ലെ കുറവുള്ളു എന്ന അഭിമാനത്തോടെ മിനി സ്ലേറ്റ് മാഷ്ക്ക് നീട്ടി. അയ്യേ ഇതെന്താ നാൽപ്പത്തൊമ്പതോ'... ഇതു കൊണ്ട് എന്തു കാര്യം, അമ്പതിൽ അമ്പതു വാങ്ങിയാൽ മാത്രമേ മിടുക്കരാവൂ' മാഷിന്റെ അഭിപ്രായം കേട്ട് അമ്പതു മാർക്കുകാർ പൊട്ടിച്ചിരിച്ച് അഭിമാനത്തോടെ മുഖമുയർത്തിയപ്പോൾ നഷ്ടപ്പെട്ട ഒരു മാർക്കിനായി മിനി അപമാനിതയായി തല താഴ്ത്തി. എല്ലാ പരീക്ഷകളിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മാർക്കിനെയോർത്ത് അവൾ വിങ്ങിപ്പൊട്ടി. കണ്ണീരിന്റെ പുഴയിൽ സ്ലേറ്റിലെ 49 ന് രൂപാന്തരം സംഭവിക്കുന്നത് മിനി നിറകണ്ണുകളിലൂടെ അവ്യക്തമായി കണ്ടു :...
*******************

കരയാതിരിക്കാനാവില്ല.....
ഷീല ബൈജു
വീട് ഓരോർമ്മയും
വീട്ടുകാർ വെറും
കഥാപാത്രങ്ങളുമായി
ഒരു ഗുഹയ്ക്കുളളിൽ
കയറിയിരുന്ന്
വായ് കീറി
കരയണമെന്നുണ്ടെനിക്ക്.
സങ്കടം മറച്ചു വയ്ക്കാൻ
കഥകൾ പറഞ്ഞു
കൊണ്ടിരുന്നു ഞാൻ.
ഭ്രമാത്മകതയുടെ ശലഭ കാഴ്ചകൾ
ചേർത്ത
ജീവിത കഥകൾ .
ഓരോ കഥയും
പൊട്ടക്കഥയെന്നവർ
ആർത്തുവിളിച്ചു.
ഓരോരുത്തരായി
പിരിഞ്ഞു പോയി.
ജീവിത കഥകളിയിതാർക്കുവേണം.
കേൾവിക്കാരില്ലാതായിട്ടും
പറയാതിരിക്കാനെനിക്കാവില്ലല്ലോ
ഒടുവിൽ
ഒറ്റയ്ക്കിരുന്നു ഞാൻ പിറുപിറുത്തു
ഭ്രാന്തിയെന്നെന്നെ
മുദ്ര വച്ചെങ്കിലും
തിളച്ചുപൊന്തിയ
കരച്ചിൽ
ഞാൻ ഒഴുക്കിവിട്ടു ....
*******************

 മണ്ണ് 
കൃഷ്ണദാസ്.കെ.
കല്ലും
സിമൻറും
ടൈലും കൊണ്ട് എന്നെ
ശ്വാസം മുട്ടിച്ച് കൊല്ലുമ്പോൾ !!
ആര് ഓർക്കും !!
അല്പമെങ്കിലും ജീവൻ ബാക്കി വെച്ചില്ലെങ്കിൽ ?
എല്ലാ ആടയാഭരണങ്ങളും
 അഴിച്ച് വെച്ച്
 തിരിച്ചെത്തുമ്പോൾ
ആറടിയ്ക്കെങ്കിലും
*******************

ഉഷ്ണകാലത്തെ  പ്രണയം...
വിനോദ് ആലത്തിയൂർ
പ്രണയത്തിന്റെ
അതിലോലമായ അവസ്ഥകളിലേയ്ക്ക്
ആരാണ് ശൈത്യകാലത്തെ മാത്രം
തൊടുത്തുവിട്ടത്  ?.....
ഉഷ്ണകാലത്തും
നമ്മൾ തോളോടുതോൾ ചേർന്ന്
ഒരേ കുടയിൽ
നടന്നു നീങ്ങുമ്പോൾ
നിഴലുകൾ  ആഴത്തിൽ
പ്രണയപ്പെട്ടതോർമ്മയില്ലേ   ?.....
വിയർത്തൊലിച്ച്
ശരീരോഷ്മാവു കൊണ്ട്
നമ്മൾ ഹൃദയങ്ങളെ
വിളക്കിച്ചേർത്തതോർമ്മയില്ലേ  ?....
ചുണ്ടിൽ നിന്ന്
ദാഹജലത്തോടൊപ്പം
ആ  ചുംബനവും
ഒലിച്ചിറങ്ങുന്നത്
കൊതിയോടെ  പരസ്പരം
നോക്കി നിന്നിട്ടില്ലേ   ?.....
അടുത്ത വേനലിൽ
ഉണരേണ്ട  ഉയിരിനെക്കുറിച്ച്
വാ തോരാതെ സംസാരിച്ചിട്ടില്ലേ  ?.....
പിന്നെന്താണ്  ആരുമാരും
ഉഷ്ണകാലത്തെ പ്രണയത്തെക്കുറിച്ച്
ഒന്നുമൊന്നും
പറയാത്തത് .....!!?
*******************

ഇനിയീ തെരഞ്ഞെടുപ്പ് കാലത്ത് ഒരു പേര് പുരാണമായാലോ....👇🏻
പേരു പുരാണം
നരേന്ദ്രൻ.എ എൻ
അല്പം അതിശയോക്തി കലർന്നിട്ടുണ്ട്. പക്ഷേ സത്യമാണ്.എന്റെ അനുഭവമാണ്.
സംശയ നിവാരണത്തിനായി പ്രിസൈഡിങ് ഓഫീസർ ചോദിച്ചു.വോട്ടിങ് കമ്പാർട്ടുമെന്റിനകത്തുള്ളത് ആരാണ്? അതു കദീജയാണ്.പോളിങ് ഏജൻറുമാർ ഒന്നിച്ചു പറഞ്ഞു.അപ്പോൾ വോട്ടേഴ്സ് സ്ലിപ്പുമായി നിൽക്കുന്നതോ?അതു കദീജ.ഒപ്പിടുന്നത്? അത്...അതും കദീജ! അങ്ങനെയോ?ഞാൻ അടുത്ത ആളുടെ സ്ലിപ്പുവാങ്ങി വായിച്ചു. കദീജാ...!
ചില പേരുകൾ അങ്ങനെയാണ്...
ക്യൂവിൽ ഇനിയും കദീജമാരുണ്ടാവും.ഖദീജ മാരും കദിയ്യമാരും കദിയാമുമാരും കുഞ്ഞിക്കദിയമാരും കദീസമാരും ഉണ്ടാവും. കൈജയും കൈസുവും കൈസയും ഉണ്ടാവും.
ആപ് കൈസാ ഹൈ?
ജി,മേം കൈസാ ഹൂം.മുഴുവൻ പേര് ഖദീജാബീഗം!
ഒന്നാം ക്ലാസിൽ എന്റെ ക്ലാസ് ടീച്ചറുടെ പേര് ഖദീജ എന്നായിരുന്നു.അവർ ഇന്ന് എവിടെയാണോ ആവോ?ക്ലാസിൽ ഒരു ഖദീജത്തുൽ ഖുബ്റയുണ്ടായിരുന്നു.എന്റെ അയൽവാസി.ഹൈസ്കൂളിൽ ഒപ്പം ഒരു കദീജയുണ്ടായിരുന്നു.അവൾ ഇപ്പോൾ ടീച്ചറാണ്. പടപ്പറമ്പ് സ്കൂളിൽ ചേർന്നപ്പോൾ സഹപ്രവർത്തകയായി ഒരു അറബി ടീച്ചറുണ്ടായിരുന്നു,കദീജ.DPEP ക്കാലത്ത് റിസോഴ്സ് പേഴ്സണായിരുന്നപ്പോഴാണ് BRC കോഡിനേറ്റർ ഖദീജ ടീച്ചറെ പരിചയപ്പെടുന്നത്. മങ്കടക്കാരി.പിന്നെ,KSTA യുടെ കരുത്തയായ നേതാവ് സഖാവ് PM കദീജ...
റഷ്യയിൽ പോയി ഇവാനെ തിരയുക എന്നൊരു ചൊല്ലുണ്ട്. വലിയ പ്രയാസമാണ് നാലു പേർ കൂടിയാൽ മൂന്നുപേരും ഇവാൻ ആവും.നാലാമൻ ഇവാനോവിച്ച് ആവാനും മതി. ഇവാൻ ദ ടെറിബിൾ തൊട്ട് ഇവാൻ ഇലിച്ച് വരെ...
നമ്മുടെ നാട്ടിൽ വന്ന് കദീജയെ തിരഞ്ഞാൽ അങ്ങനെയാണ്.ഒന്ന് ഉറക്കെ മയമ്മാക്കാ എന്നോ പാത്ത്വാത്താ എന്നോ വിളിച്ചാൽ പ്രതിധ്വനി പോലെ ചുറ്റും മറുപടി മുഴങ്ങും. എന്ത്യേടാ?ചില പേരുകൾ അങ്ങനെയാണ്. സംസ്കൃതികളുടെ വേരുകളിലേക്ക് ഇറങ്ങുന്നവ.
പേരുകൾ മാറിവരികയാണ്.മെയ്തീനും പോക്കരും കുഞ്ഞാച്ചുവും പാത്തുവും പോവുകയാണ്.മുഹ്യുദ്ദീനും ബക്കറും അയിഷയും ഫാത്തിമയും വരികയാണ്.
എന്തു പേരിടണമെന്ന് പറയാൻ ഞാൻ ആളല്ല.പക്ഷേ,ആ മലയാളം പേരുകൾക്ക് ഒരു തനിമയുണ്ടായിരുന്നു.ഒരു മഹത്തായ സംസ്കാരത്തെ കേരളക്കര എങ്ങനെയാണ് സ്വീകരിച്ചതെന്നതിന്റെ ദൃഷ്ടാന്തമാണ് ആ പേരുകൾ.അത് കേരളക്കരയിൽ എത്ര ആഴത്തിലാണ് അലിഞ്ഞുചേർന്നത് എന്നതിന്റെയും...
പടപ്പറമ്പിൽ പഠിപ്പിക്കുമ്പോൾ ചെറിയ ക്ലാസ്സിൽ ഒരു പാത്തുവുണ്ടായിരുന്നു.തൊണ്ണു കാട്ടിച്ചിരിക്കുന്ന ഒരു ചുള്ളിക്കോട്ടുകാരി.
അവളുടെ ശരിക്കുള്ള പേര് ഓർമ്മയില്ല. കുട്ടികൾ വിളിക്കുന്നതു കേട്ട് ഞാനും അങ്ങനെത്തന്നെ വിളിച്ചു. പാത്ത്വോ... എന്നു വിളിക്കുമ്പോൾ അതേ ഈണത്തിൽ അവൾ തിരിച്ചുവിളിക്കും.മാസ്റ്റേ...
പാവം, ഇപ്പോൾ വലിയ കുട്ടികളുള്ള ഉത്തരവാദിത്ത്വങ്ങളുള്ള ഒരു വീട്ടമ്മയായിട്ടുണ്ടാവും അവൾ.
മയമ്മദുമാർക്കും കദീസമാർക്കും അവരുടെ മക്കളായ പാത്തുമ്മമാർക്കും... സ്നേഹത്തോടെ...
*******************

മേഘത്തോട്
ഷീജ രമേഷ് ബാബു
വിശുദ്ധയാമീ കന്യയാളുടെ
ഹൃത്തടം ദാഹനീരിനായ് കേഴവേ
കനിവിൻ നിറകുംഭമായ്
മേഘമേ നീ പെയ്തിറങ്ങിയാലും ...
ഓമലാൾ തന്നരുണകപോലങ്ങൾ 
നാണത്താൽ തുടുക്കട്ടെ ...
മിഴികളിൽ സ്വപ്‌നങ്ങൾ പൂത്തുലയട്ടെ ...
നിൻ ചാരത്തിരുന്നവൾ
കഥകളനേകം ചൊല്ലിത്തളിർക്കട്ടെ.....
പുഞ്ചിരിക്കും പുഴയുടെ ....
തീരത്തെ പുൽകിയുറങ്ങും കടലിന്റെ ....
തന്നിലൂടുരുവം കൊണ്ട നാഗരികതയുടെ....
അനാദിയാം പരംപൊരുളിന്റെ  ....
ചുരുളഴിയാപ്രപഞ്ചരഹസ്യത്തിന്റെ ...
നഷ്ടപ്പെടുന്ന വിശുദ്ധിയുടെ ....
മുകിലേ ....കുളിരായവളെ പൊതിയൂ ...
ആർദ്രയായ് കേഴുമീയവനിയിൽ
കുളിർ മേലാപ്പുചാർത്തി
നിൽക്കും വനഹൃദന്തത്തിലൂടെ നീ
പെയ്തിറങ്ങൂ  ...
പ്രണയാർദ്രമാം മിഴികളിൽ,
സീമന്തരേഖയിൽ, അരുമയായ് നിൻ
സ്നേഹമുദ്രണം ചാർത്തൂ ...
മോക്ഷപ്രദായിനിയാം
തണ്ണീർത്തടമായവൾ പുനർജ്ജനിക്കട്ടെ ....
അരുവിയായ് പുഴയായ്‌
തൂമന്ദഹാസമായൊഴുകട്ടെ .....
തപ്ത മാനസങ്ങളതിലാറാടട്ടേ....നിറയട്ടേ പ്രാണികുലത്തിനാധാരമാം
സ്നേഹം നിറതിങ്കളായ് നിന്നിലൂടെ ....
*******************

ഋതുഭേദം
ശ്രീല അനിൽ
ഋതുക്കളെ എത്ര ഹർഷത്തോടെയാണ് പ്രകൃതി വരവേൽക്കുന്നത്
അവന്റെ ഓരോ തലോടലും അവൾ മരങ്ങളുടെ
പൂക്കളുടെ
ചിരികൾ കൊണ്ടു വരവേൽക്കും
പൂവില്ലാത്തവ തളിർ കൈകളാൽ,,,
പച്ചപ്പിന്റെ ഉത്സവത്താൽ
മനസ്സു നീട്ടി വിളിച്ചു വരുത്തും
കൊടുംവേനലിനോട് ചേർന്നല്ലേ നമ്മുടെ മാവുകൾ മാമ്പഴക്കാലമൊരുക്കുന്നത്,,,
ചക്കപ്പഴക്കൊതിയിൽ
വരിക്കയും കൂഴയും
മണമായ്
രുചിയായ്
നിറയുന്നതും,,
ഞാവൽപ്പഴങ്ങൾ നാന്തുമ്പിൽ
നിറച്ചാർത്തു ചേർക്കുന്നതുമൊക്കെ വേനലിനു പകിട്ടേകാൻ
നമ്മൾ മനുഷ്യരാണ്
 വേനൽച്ചൂടിൽ വെന്തു നീറുന്നത്
വർഷമേഘങ്ങളോട്
പെയ്ത്തു മതിയാക്കാൻ പറയുന്നത്
മഞ്ഞിൽ' കുളിരിൽ
തീ കാഞ്ഞിരിക്കുന്നത്
പ്രകൃതീ,ഞാൻ നിന്നേപ്പോലെയാണ്
അവന്റെ ഋതുഭേദങ്ങളെല്ലാം
വസന്തമായാണ്
എന്നിൽ നിറയുന്നത്
*******************

അറിയിപ്പ്
പ്രിയ നവസാഹിതി ആസ്വാദകരേ...
ഗൾഫിൽ നിന്നും ഏതാനും ദിവസത്തെ ലീവിന് നാട്ടിൽ വന്ന ജസീന റഹീമിന്റെ പ്രിയതമൻ നാളെ മടങ്ങുകയാണ്.. ആയതിനാൽ അനിവാര്യമായ ചില തിരക്കുകൾ കാരണം  തുടർ പംക്തിയായ ഇതാണ് ഞാൻ... ആത്മായനം ഈയാഴ്ചക്കുള്ളത് തയ്യാറാക്കാനായിട്ടില്ലെന്ന് ഖേദത്തോടെ അറിയിക്കട്ടെ... വായനക്കാർ ഒട്ടും നിരാശരാവേണ്ടതില്ല .. കൂടുതൽ തീക്ഷ്ണതയോടെ അടുത്തയാഴ്ച മുതൽ പംക്തി തുടർന്ന് വായിക്കാം... 
                              ഇന്നലെ കൂട്ടിച്ചേർത്ത നജീത്തയുടെ വിവാഹബന്ധം ഇന്നത്തേക്ക് മുറിയ്ക്കപ്പെട്ടു.. പിന്നെ എന്തുണ്ടായി എന്നറിയാൻ അടുത്ത ശനിവരെ നമുക്ക് കാത്തിരിക്കാം..
   ക്ഷമാപണത്തോടെ....
ജസീന ടീച്ചർക്കു വേണ്ടി
           ഗഫൂർ മാഷ്...
*******************

കസായിപ്പുരയിലെ ആട്ടിൻകുട്ടികൾ
ബഹിയ
നേരം വെളുക്കുന്നേയുള്ളൂ,
നിരത്തുകളിൽ
തിരക്കുകൾ തുടങ്ങുന്നു,
അന്നം തേടിയും
അഗ്നി തേടിയും ....

വഴിവക്കിലെ
കസായിപ്പുരയിൽ
കട്ടുറുമ്പുകളരിച്ച
വലിയ മരമുട്ടി!
തൂക്കിയിട്ട ചകിരിക്കയർ !
വായ്തല രാകിയ
പലവിധ കത്തികൾ !

അരികിലെ ഇരുമ്പുതൂണിൽ
പാൽമണം മാറാത്ത
കുഞ്ഞാട് !
കണ്ടാലറിയാം
ആരോ ഓമനിച്ചു
വളര്‍ത്തിയതെന്ന്....

ആരുടേയോ മാംസക്കൊതി തീർക്കാൻ
തോലുരിക്കപ്പെട്ട്
നഗ്നയായി
കെട്ടിത്തൂക്കപ്പെടേണ്ടവളെന്ന്
തിരിച്ചറിയാത്ത പോലെ,
കൗതുക കണ്ണാൽ
നിരത്തിലെ
തിരക്കിലേക്ക് നോക്കി
വാടിയ ഇലകള്‍
കടിക്കുന്നു
പാവം ആട്ടിൻകുട്ടി !