04-03-19c

ക്രിയാശേഷം 
ടിപി രാജീവൻ
ഡിസി ബുക്സ്
230 രൂപ
  എം സുകുമാരൻെറ ശേഷക്രിയയുടെ തുടർച്ചയായ നോവലാണ് ക്രിയാശേഷം .പാർട്ടിയെ ധിക്കരിക്കാനോ കടന്നു നടക്കാനോ ആവതില്ലാതിരുന്ന കുഞ്ഞയ്യപ്പൻെറ ആത്മഹത്യക്ക് ശേഷം മകൻ കൊച്ചു നാണു എങ്ങനെ ജീവിച്ചു ,എന്തായി തീർന്നു ,എന്ന ആലോചനയാണ് ഈ നോവലെന്ന് ടിപി രാജീവൻ പറയുന്നു. സുകുമാരൻെറ സമ്മതത്തോടെയാണ് ഈ നോവൽ എഴുതിയത്. മാധ്യമത്തിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുമ്പോൾ "എന്തെങ്കിലും അബദ്ധം പിണയുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ ഹൃദ്യമായ ഒരു ചിരിയായിരുന്നു പലപ്പോഴും മറുപടി ".'കാലംകുഴമറിയുന്നു' എന്നേ സന്ദേഹപ്പെട്ടിട്ടുള്ളൂ

  ഒരേസമയം മൂന്ന് തലത്തിൽ നിന്നുകൊണ്ടാണ് ടിപി രാജീവൻ കഥ പറയുന്നത്. പാർട്ടി പൊതുജനങ്ങളിൽനിന്ന് മാററി താമസിപ്പിക്കുന്ന കൊച്ചു നാണുവിന്റെ കഥ പറയുന്ന ഒരു തലം. എം സുകുമാരൻ കഥ അവസാനിപ്പിച്ചിടത്തുനിന്ന് പറഞ്ഞുതുടങ്ങുന്ന ഒരു തലം .കൊച്ചുനാണുവിൻെറ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ കോർത്തിണക്കിയ മറ്റൊരു തലം. ഈ മൂന്ന് തലവും സമാന്തരമായി സഞ്ചരിക്കുന്നത് സുഖകരമായ ഒരു രചനാ സങ്കേതമായി അനുഭവപ്പെടുന്നുണ്ട്.

എം സുകുമാരൻ ഒരു സാധാരണ കമ്യൂണിസ്റ്റുകാരന്റെ ജീവിതം മാത്രമാണ് കണ്ടതെങ്കിൽ, സ്വത്വരാഷ്ട്രീയത്തിന്റെ തലംകൂടി ടിപി രാജീവൻ കണ്ടെത്തുന്നുണ്ട്. സംഘടനാ സ്വാതന്ത്ര്യം ഇല്ലാത്ത ഐടി ലോകത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിലാളി സംഘടന രൂപീകരിക്കാൻ അത്യാവശ്യം വേണ്ട രക്തസാക്ഷിയെ പാർട്ടി വളർത്തിയെടുത്ത കൊച്ചു നാണുവിൽ പാർട്ടി കണ്ടെത്തുകയും അതനുസരിച്ച് തൊഴിലാളി സംഘടനയുടെ രൂപീകരണവും, രക്തസാക്ഷി ആക്കലും ചിട്ടപ്പെടുത്തുകയും ചെയ്യുന്നു .രക്തസാക്ഷി ആവാനുള്ള കൊച്ചുനാണുവിന്റെ യോഗ്യതകളും ശ്രദ്ധേയമാണ്. "നിഷ്കളങ്കമായ മുഖം, അധികം കൊഴുപ്പില്ലാത്ത ശരീരം ,ദരിദ്രമായ ബാല്യം, അനാഥത്വം സ്പഷ്ടമാക്കുന്ന ശരീരഭാഷ, അധസ്ഥിത വിഭാഗത്തിലെ ജനനം,..." ഇതൊക്കെയാണ് ആ ഗുണങ്ങൾ 'രക്തസാക്ഷികളാണ് നമ്മുടെ പാർട്ടിയുടെ ഇന്ധനം. എല്ലാമേഖലയിലും നമുക്ക് രക്തസാക്ഷികൾ ഉണ്ട് .വിദ്യാർഥി പ്രസ്ഥാനത്തിൽ ആയാലും യുവജനപ്രസ്ഥാനത്തിലിയാലും കർഷക ത്തൊഴിലാളികൾക്കിടയിൽ ആയാലും ,ഇനി അതല്ല, പാർട്ടിയുടെ പ്രധാന സംഘടനയിൽ ആയാലും, രക്തസാക്ഷികളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. വെടിയുണ്ടകൾക്കു മുന്നിൽ വിരിമാറ് കാണിച്ചു കൊണ്ടുള്ള അവരുടെ നിൽപ്പ് ,വെട്ടേറ്റു നിലത്തു വീണിട്ടും വിപ്ലവ ആവേശം  വാർന്ന് പോകാതെയുള്ള അവരുടെ പിടയൽ, അവരെ സ്നേഹിക്കുന്നവരുടെ അലമുറയിടലും. പാർട്ടിയുടെ ഭാവിക്ക് വേണ്ടിയുള്ള മുതൽക്കൂട്ടാണ് ആ ത്യാഗങ്ങൾ".

    കഥപറയൻറെ ആശാവഹമായ തന്ത്രം ഈ നോവലിനെ ശ്രദ്ധേയമാക്കുന്നുണ്ട്. മലയാളത്തിൽ അതീവ ശ്രദ്ധാകേന്ദ്രമായിരുന്നു ഒരു നോവലിന്റെ രണ്ടാം ഭാഗമെന്ന നിലയിൽ ആളുകളുടെ സവിശേഷശ്രദ്ധ ഈ നോവലിന് ലഭിക്കുകയും. ചെയ്യും പക്ഷേ പറയാനുദ്ദേശിച്ചത് അതിനെ മുഴുവൻ ശക്തിയോടെയും പറഞ്ഞുതീർത്തു എന്ന് ടി പി രാജീവന് ആശ്വസിക്കാൻ ആവില്ല. മഹാത്മാ ഗാന്ധി കോളനി മഹാത്മാ അംബേദ്കർ കോളനി ആവുന്നതും അംബേദ്കർ നഗർ ആവുന്നതും കാലത്തിനൊപ്പം നടന്നു കാണുന്നതുതന്നെ. എന്നാൽ അവിടുത്തെ കഥാപാത്രങ്ങളിൽ പലരും കേവലമൊരു ക്ലീഷേ മാത്രമാവുന്നു. ഹരിജനങ്ങൾ മാത്രം താമസിക്കുന്നിടത്ത് ഭർത്താവ് ഉണ്ടെങ്കിലും ഒറ്റയ്ക്ക് താമസിക്കുന്ന മുന്നോക്ക യുവതി കഥാഗതിയെ തിരിഞ്ഞു കുത്തുന്നു .കുഞ്ഞയ്യപ്പന്റെ ഉദകക്രിയ ചെയ്യാൻ അമ്മയും മകനും കൂടി പോകുന്ന ചിത്രവും  മോശം ക്ലീഷേയാണ് .നായിക സ്ഥാനത്തുനില്ക്കുന്ന ബ്രാഹ്മണ പെൺകുട്ടി ഭദ്രയുടെ ചിത്രം കാല്പ്പനികം എങ്കിലും അസുന്ദരം എന്ന് പറയാതെ തരമില്ല .താൻ പറയാൻ ഉദ്ദേശിച്ചത് പറയാതെ പോവാൻ പ്രധാന കാരണമായത് ഇത്തരം ചില കഥാപാത്രങ്ങളും കൂടിയാണ് .

രതീഷ് കുമാർ