04-03-19


ശ്രീമതി വിമലകുമാരിയുടെ ഓർമ്മക്കുറിപ്പുകൾ വായനയിൽ ബാല്യത്തിൻ്റെ ഗന്ധം നിറയ്ക്കുന്നവയാണ്.
ഒരു വ്യക്തിയുടെ ബാല്യകാല സ്മരണകളിലൂടെ ഒരു സ്ഥലത്തേയും വ്യക്തികളേയും അടയാളപ്പെടുത്തുകയാണ് 'ഓർമ്മയിൽ മുളയ്ക്കുന്ന വിത്തുകൾ' എന്ന പുസ്തകം.
ബാല്യമുണ്ടാക്കുന്ന കൗതുകങ്ങൾ, കല്ലുമാലയോടുള്ള ആരാധന, ബാല്യകാല സുഹൃത്തുക്കൾ, കമലാസനൻ വൈദ്യരെപ്പോലെ നാട്ടിലെ വ്യത്യസ്തർ, സ്വന്തം അച്ഛനടക്കമുള്ള അധ്യാപകർ തുടങ്ങി ഒരു നാടിൻ്റെ, ജീവിതത്തിൻ്റെ ആവിഷ്ക്കാരം കൊണ്ട് ഈ എഴുത്ത് വേറിട്ടു നിൽക്കുന്നു. അവതാരികയിൽ പറയും പോലെ" പോയ കാലത്തെ വലിയ കാര്യങ്ങളൊന്നും പറഞ്ഞു വയ്ക്കുന്നില്ലെങ്കിലും ഈ ഓർമ്മക്കുറിപ്പുകൾക്ക് മാലിന്യം കലരാത്ത നീരൊഴുക്കുകളുടെ നൈർമ്മല്യവും കുളിരുമുണ്ട്.
അതു കൊണ്ടു തന്നെ അടി  കാണാവുന്ന തെളിനീരിലൂടെ
തെളിഞ്ഞു കിട്ടുന്നത് വെറും വെള്ളാരങ്കല്ലുകളല്ല, നിറപ്പകിട്ടുള്ള മുളകൾ തന്നെ" എന്നത് ഈ പുസ്തകത്തെ സംബന്ധിച്ചിടത്തോളം യാഥാർത്ഥ്യമാണ്.
നാട്ടുഭാഷയിലുള്ള എഴുത്ത്  ഈ ഓർമ്മക്കുറിപ്പുകളുടെ വായനാസുഖം വർദ്ധിപ്പിക്കുന്നുണ്ട്...
പല വഴികളായിക്കിടക്കുന്ന ഓർമ്മകളെ കൂട്ടിയിണക്കിക്കൊണ്ടുള്ള ഈ കൂട്ടിക്കെട്ടൽ ഏതൊരു വ്യക്തിയേയും ഓർമ്മകളിലേയ്ക്കു തിരിച്ചു വിളിക്കാൻ പര്യാപ്തമാണ്..
അതു കൊണ്ടു കൂടിയാണ് ചില ഓർമ്മകളിൽ തങ്ങി നിന്ന് ..ഈ പുസ്തകം ഒരു പുനർവായന നടത്താൻ തോന്നിപ്പോകുന്നത്.