04-02-19b

ശേഷക്രിയ 
എം സുകുമാരൻ

തൻറെ സാഹിത്യരചനകളെ കുറിച്ച് ഒന്നും പറയാറില്ലാത്ത എം സുകുമാരൻ തൂക്കുമരങ്ങൾ ഞങ്ങൾക്ക് എന്ന കഥയെക്കുറിച്ച് വാചാലനായിട്ടുണ്ട്.
കഥയിലെ നായകൻ ചെയ്ത കുറ്റങ്ങൾ മൂന്നാണ്.
  ഒന്നാമത്തേത് ഗ്രാമത്തിലെ കുടിലിൽ സ്ത്രീയുമായി രമിച്ചു കൊണ്ടിരുന്ന പുരുഷനെ പിടിച്ചുമാറ്റി (ബലാൽസംഗത്തിന് ഇരയായ) സ്ത്രീ തന്നോട് ചെയ്തത് ക്രൂരതയാണെന്ന് സാക്ഷ്യപ്പെടുത്താൻ അവിടെയുണ്ട് .ശിക്ഷ വലതുകരം വെട്ടിമാറ്റുക. രണ്ടാമത്തെ കുറ്റം അധ്വാനിക്കുന്നവരെ ഇളനീർ കൊടുത്തു മയക്കി ആലസ്യത്തിലേക്ക് തള്ളിവിട്ടു. ശിക്ഷ ഇടതു കരം വെട്ടിമാറ്റുക. മൂന്നാമത്തെ കുറ്റം വിതയ്ക്കാത്തവരുടെ മുറ്റത്ത് ധാന്യങ്ങൾ എത്തുമെന്ന് കരുതി വിതച്ചവരെക്കൊണ്ട് ധാന്യങ്ങൾ കൊയ്യിച്ചു. ശിക്ഷ കൺപോളകൾ കുതിരവാൽ കൊണ്ട് കൂട്ടിത്തുന്നുക. ഇനി ഇവൻ ഒന്നും കാണരുത് .
ഒരു ശിക്ഷ കൂടിയുണ്ട്, ജീവിച്ചിരുന്നാൽ ചെയ്തേക്കാവുന്ന കുറ്റങ്ങൾക്ക് വേണ്ടി കടൽക്കരയിലെ തൂക്കുമരത്തിൽ മരിക്കുന്നതുവരെ തൂക്കിയിടുക.വ്യവസ്ഥിതിയോട് പോരടിക്കുന്ന ഇക്കഥയിൽ സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തെയും വെറുതെ വിടുന്നില്ല.

അടിയന്തരാവസ്ഥക്കാലത്ത് പലരുടെയും പേടിസ്വപ്നമായിരുന്ന ജയറാം പടിക്കൽ, സുകുമാരനെ ചോദ്യംചെയ്യാൻ പോലീസ് ക്യാമ്പിൽ വിളിച്ചുവരുത്തി. അതിന് കാരണം 'ഉദയം കാണാൻ ഉറക്കമൊഴിച്ചവർ' എന്ന കഥയായിരുന്നു .സഖാവ് പി എൽ എന്ന കഥാനായകൻ രാഷ്ട്രീയപ്രവർത്തനത്തിന്റെപേരിൽ പോലീസിന് നോട്ടപ്പുള്ളി ആവുകയും, ഒടുവിൽ ആശ്രയത്തിന് ഒരാളും ഇല്ലാതെ ഒരു പൊലീസുകാരന്റെ വീട്ടിലെത്തി തന്നെ ഉപദ്രവിക്കരുതെന്ന് യാചിക്കുന്ന കഥ .ഈ സഖാവ് ആരായിരുന്നു എന്നാണ് ജയറാംപടിക്കലിന് അറിയേണ്ടിയിരുന്നത്.ഈ കഥകളിലെല്ലാം പരാമർശിക്കപ്പെടുന്ന വ്യക്തി, അതു താൻ തന്നെയാണെന്ന് ആരോട് പറയാൻ .

ജോലി നഷ്ടപ്പെട്ട തെരുവിലേക്ക് ഇറങ്ങിയപ്പോൾ അമ്മ എഴുതി ചോദിച്ചു "എന്തിനാ മോനേ മുന്നിൽ നിൽക്കാൻ പോയത്".മകൻ അമ്മയ്ക്ക് എഴുതി "അമ്മയുടെ മകൻ പിന്നിലാണ് നിന്നത്' മുമ്പിലുണ്ടായിരുന്നവർ പിന്നിലായപ്പോഴാണ് ഞാൻ മുന്നിലെത്തിയത്".

      ഇത്രയും ആമുഖമായി പറഞ്ഞത് ശേഷക്രിയ എന്ന നോവലിനെക്കുറിച്ച് പറയാൻ വേണ്ടിയാണ് മാർക്സിസ്റ്റ് പാർട്ടിയിൽ നന്ന് സുകുമാരൻ പുറത്താകാൻ കാരണമായത് ഈ നോവലാണ്. അന്നത്തെപ്പോലെ ഇന്നും പാർട്ടിയെയും, പാർട്ടിയെ സ്നേഹിക്കുന്നവരെയും ശല്യപ്പെടുത്തുന്ന ഒരു നോവലാണ് ശേഷക്രിയ. അവർണ്ണനായ സഖാവിൻറെ കഥ. താൻ ചെറുതാണ് .ഭാര്യ ചെറുതാണ് . മകനും ചെറുതായിരിക്കണം എന്ന് വിചാരിച്ച/കുഞ്ഞയ്യപ്പൻെറ കഥ. എം സുകുമാരൻ കുറേക്കാലം ഒരു ഷുഗർ ഫാക്ടറിയിൽ ജീവനക്കാരനായിരുന്നു പിന്നെ ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തിൽ പ്രൈമറി ടീച്ചർ ആയി സേവനമനുഷ്ഠിച്ചു. പിന്നീടാണ് തിരുവനന്തപുരത്തെത്തിയതും അക്കൗണ്ട് ജനറൽ ഓഫീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചതും.
           കൊച്ചയ്യപ്പൻ നാല് ജോലിയിൽനിന്ന് തന്റേതല്ലാത്ത കുറ്റത്തിന് പിരിച്ചുവിടപ്പെട്ട അതിനുശേഷമാണ് ,പാർട്ടി പത്രത്തിൽ ജോലിയിൽ പ്രവേശിക്കുന്നത് .അവിടെ നിന്ന്  പിരിച്ചുവിടൽ നോട്ടീസ് കിട്ടുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്. അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ നോട്ടീസ് കൈപ്പറ്റുകയും ,സ്വന്തം ഏരിയയിൽ വിഷയം ചർച്ച ചെയ്തു പത്രാധിപരുടെ നടപടി തെറ്റാണെന്ന് മേൽ ഘടകത്തിന് റിപ്പോർട്ട് എഴുതിക്കുകയും ചെയ്യുന്നു. സംസ്ഥാന ഘടകവും കേന്ദ്രകമ്മിറ്റിയും പത്രാധിപരാണ് ശരിയെന്ന് തീരുമാനിക്കുമ്പോൾ കഥ അവസാനിക്കുകയും ചെയ്യുന്നു .പത്രത്തിന് നിലനിൽക്കാൻ വേണ്ട സാമ്പത്തികം ഉണ്ടാക്കുന്നതും ജീവനക്കാരെ തീറ്റിപ്പോറ്റുന്നതും പത്രാധിപരാണെന്ന് കേന്ദ്രകമ്മിറ്റിയും അറിയുമായിരുന്നു. പത്രാധിപരുടെ ഭാര്യവീട്ടിലെ പണമാണ് ഇതിന് ഉപയോഗിക്കുന്നതെന്ന് കൊച്ചയ്യപ്പന് അറിയാം .മറ്റു ചിലതുകൂടി കൊച്ചയ്യപ്പനു മുമ്പ് ആ സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിടപ്പെട്ടവർ കൊച്ചയ്യപ്പനെ അറിയിക്കുന്നു. വീട്ടിലെ വേലക്കാരി അവിഹിത ഗർഭം ധരിച്ചതും ,ഗർഭഛിദ്ര ശ്രമത്തിനിടെ മരിച്ചു പോയതും ,സംസ്ഥാന കമ്മറ്റി പണം ആവശ്യപ്പെടുമ്പോൾ യഥേഷ്ടം കൊടുക്കുന്നതും, പുറത്തുനിന്നും വരുന്ന ഫണ്ടുകൾ സ്വന്തം കണക്കിൽ അക്കൗണ്ടിൽ ആക്കുന്നതും, പത്രത്തിന് വരവ് ചിലവ് കണക്ക് രണ്ടുതരത്തിൽ രേഖപ്പെടുത്തുന്നതും മറ്റുമായ ആരോപണങ്ങളെല്ലാം കൊച്ചയ്യപ്പൻ തള്ളിക്കളയുകയും ,ഈ ഉപജാപകരെ പാർട്ടിയിൽനിന്ന് പുറത്താക്കിയത് വളരെ നന്നായെന്ന് വിചാരിക്കുകയും ചെയ്യുന്നു, പാർട്ടിക്കുവേണ്ടി സ്വന്തം തലച്ചോറ് പോലും പണയം വച്ച് അടിമ എന്നാണ് കൊച്ചയ്യപ്പനെ അവർ ആക്ഷേപിച്ചത് .കൊച്ചയ്യപ്പനെ പത്രത്തിൽ നിന്ന് പിരിച്ചു വിട്ടതിനു ശേഷം മരമില്ലിൽ അഞ്ചു തൊഴിലാളികളെ പിരിച്ചുവിട്ടപ്പോൾ ആ തൊഴിൽ ശാലയിൽ പെട്ടന്ന് തൊഴിലാളി സംഘടന ഉണ്ടാക്കി സമരം ചെയ്ത് അഞ്ചിൽ നാലുപേരെയും തിരിച്ചെടു പ്പിക്കാൻ കൊച്ചയ്യപ്പന് കഴിഞ്ഞു അവർ യൂണിയൻറെ നേതാവായി കൊച്ചയ്യപ്പനെ നിശ്ചയിച്ചെങ്കിലും പാർട്ടി പ്രസിഡണ്ട് തൻറെ ബന്ധുവായ ഗോപാല പിള്ളയെ ആ ചുമതല ഏൽപ്പിക്കാൻ നിർദ്ദേശിക്കുന്നു ."കുഞ്ഞയ്യപ്പൻ ഉള്ളിൽ ഓർത്തു ചിരിച്ചു .പാർട്ടിക്കകത്തെ ഈഴവ മേധാവിത്വത്തെ പൊളിക്കാൻ നായർ സഖാക്കൾ, നായർ പ്രമാണിത്തം ഒതുക്കാനായി ഇപ്പുറത്ത് ഈഴവ സഖാക്കൾ ,യഥാർത്ഥ വർഗ്ഗസമരം ". ഇതിനിടയിൽ അയാൾക്ക് വാടക വീട് നഷ്ടപ്പെട്ടിരുന്നു . കുഞ്ഞോമനയ്ക്ക് പട്ടിണി ശീലമായി .മകൻ കൊച്ചുനാണു ഡോക്ടറുടെയും കന്യാസ്ത്രീയായ നഴ്സിന്റെ യുമൊക്കെ കാരുണ്യം കൊണ്ട് ആശുപത്രിയിൽനിന്ന് ചികിൽസ നേടി പുറത്തുവന്നു .തന്നെ പിരിച്ചുവിട്ടനടപടി ശരിവെച്ചുകൊണ്ട് കേന്ദ്രകമ്മിറ്റിയുടെ കത്ത് കിട്ടിയപ്പോഴും അയാൾ പാർട്ടിയെ തള്ളിപ്പറഞ്ഞില്ല ."അച്ചടക്കത്തെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു പാർട്ടി മെമ്പർ എന്ന നിലയിൽ കേന്ദ്രകമ്മിറ്റിയുടെ അന്തിമതീരുമാനം പൂർണമനസോടെ അംഗീകരിക്കുകയും കമ്മറ്റി തീരുമാനിച്ചതു പ്രകാരം ഒരു റൊമാൻറിക് റവല്യൂഷണറി യായി അധപതിച്ച"തായി അംഗീകരിക്കുകയും ചെയ്തു.
"ഒരു പാർട്ടി വിരുദ്ധൻ ആവുക എന്നുവച്ചാൽ ഒരു ഭ്രാന്തൻ ആവുക എന്നാണ് അർത്ഥം പാർട്ടി ബ്രാഞ്ചിൽ താൻ ഒഴികെ എല്ലാവരും പാർട്ടി വിട്ടിരിക്കുന്നു താൻ പക്ഷേ ഇപ്പോഴും പാർട്ടിയിൽ ഉറച്ചുനിൽക്കുകയാണ്".
 ഇനിയുള്ള കുറിപ്പ് അതു വായിച്ചാൽ സ്വഭാവികമായും പാർട്ടി അടിമുടി മാറേണ്ടിവരും. അതിനേക്കാൾ എളുപ്പം സുകുമാരനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയാണ്. അധികാരത്തോടുള്ള കൊതിയും സമ്പന്ന നോടുള്ള ബഹുമാനവും അഴിമതിയോടുള്ള മൃദുസമീപനവും പാർട്ടിയെ വല്ലാതെ ബാധിച്ചിരിക്കുന്നു എന്ന വിളിച്ചുപറയുന്ന നോവൽ പാർട്ടിയെ അസ്വസ്ഥപ്പെടുത്തി അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.
     ഒരു നോവൽ ശിൽപം എന്നനിലയിൽ ഒരു ഉദാത്ത കൃതിയായി ഇതിനെ കരുതുകവയ്യ. സംഭാഷണം ഏറെ കൃത്രിമത്വമുള്ളതാണ്. കൊച്ചയ്യപ്പൻെറ പത്താം ക്ലാസ് വരെപഠിച്ച, അത്രമേൽ ധിഷണാശാലി അല്ലാത്ത ഭാര്യ .പാർട്ടി സ്റ്റഡി ക്ലാസ്സുകളിലെ നേതാവിൻെറ ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത് .ഒരു സാധാരണക്കാരിയുടെ വായിൽനിന്ന് ഒരിക്കലും വരാത്ത വാക്കുകൾ. മറ്റു ചില കഥാപാത്രങ്ങളും ഇതേപോലെ സംസാരിക്കുന്നുണ്ട്. എങ്കിലും വായനയിൽ അനുവാചകന് നടുക്കം തരുന്ന ,പാരായണ ക്ഷമമായ ഒരു ചെറു നോവലാണ് ശേഷക്രിയ. പാർട്ടിയിൽ കഥാകാരൻെറ ശേഷക്രിയക്ക് കാരണമായ നോവൽ എന്ന നിലയിൽ മാത്രമല്ല ഇതിന് സാംഗത്യം ഉള്ളത് എന്ന് സാരം.
 രതീഷ് കുമാർ
🌾🌾🌾🌾🌾🌾