03-11-18



"ഞാൻ പുതിയ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു,
മുമ്പത്തെ പോലെ അത്ര ആയാസരഹിതമല്ലായിരുന്നു'
അഞ്ചുവയസിന് താഴെയുള്ള കുഞ്ഞുങ്ങളുടെ പ്രാർത്ഥനകൾ
ഡീകോഡ് ചെയ്തു ദൈവത്തിനു
എത്തിച്ചു കൊടുക്കുക എന്നതായിരുന്നു
പുതിയ ജോലി
എനിക്ക് യൂണിഫോമും,നക്ഷത്ര വടിയും,
ബർഗണ്ടി ചിറകും, മാജിക് ചെറുപ്പുകളും ഉണ്ടായിരുന്നു
അതിൽ കയറി സർവകുഞ്ഞുങ്ങളുടെയും
തലക്കുമുകളിൽ പറന്നു നടന്നു,
പ്രാർത്ഥനകൾ വട്ടം പിടിച്ചു മഞ്ഞ ചാക്കിലാക്കി തരം തിരിച്ചു ദൈവത്തിനു
കൈമാറി.
അങ്ങേരത് വേണ്ടും പോലെയോ വേണ്ടാത്ത
പോലെയോ
മറുപടി നൽകി.
എത്രയെത്ര പ്രാർത്ഥനകൾ!
പൂക്കൂടയുള്ള സൈക്കിൾ..
ചുവന്ന നിറത്തിലുള്ള പപ്പി..
ബാർബിയുടെ വലത്തെ കാലിലെ
കാണാതപോയ ഷൂ..
മിൽക്ക് ചോക്ലേറ്റ് വീട്..
മഞ്ഞ ഫ്രിൽ ഉടുപ്പ്..
കളിക്കൂട്ടുകാരൻ..
"ഉയ്യോന്റമ്മോ! കടുപ്പം
എല്ലാം കൃത്യമായി എത്തിച്ചു കൊടുത്തു കൊണ്ടിരുന്നപ്പോഴാണ് അതു കേട്ടത്,
ആർസിസിയിൽ നിന്നു നാലുവയസുകരിയുടെ ചങ്ക് പൊട്ടുന്ന
പ്രാർത്ഥന
'ഇനി വേദനിപ്പിക്കല്ലേയെന്നു'
മൂന്നാമത്തെ വട്ടവും ഞാനത് കേട്ടപ്പോൾ
ദൈവത്തിന്റെ മേൽവിലാസത്തിൽ
കൊടുക്കാതെ,സാത്താന്റെ വീട്ടിൽ കൊടുത്തു
അവനാണ് അതിനു മിടുക്കൻ
അല്ലെങ്കിലും മരണം അനുഭവിക്കുന്നവർക്ക്
വേദന തരില്ലന്നു അറിയാത്ത ബൂർഷ ആണ്
ദൈവമെന്നു ആർക്കാണ് അറിയാത്തത്..
ഇതിനാണ് എന്നെ പിരിച്ചു വിട്ടത്
ചിഞ്ചു സോർബ്ബ റോസ
********************

ജനാലതുറന്നാൽ പിന്നെ
കണ്ണ് നിറയെ കാഴ്ചകളുണ്ട്
ജീവശ്വാസം പോലുള്ള
കാഴ്ചകൾക്ക്
നിന്റെ നിറവുമുണ്ട്
കൊഴിഞ്ഞ ഇലകൾവന്ന്
മൂടിയെങ്കിലും നമ്മുടെമുറ്റത്ത് ഇപ്പോഴും നിന്റെകുഞ്ഞു കാൽപ്പാടുകൾ ഞാൻ
കാണുന്നുണ്ട്.
നീ വെട്ടിമാറ്റിയെങ്കിലും അന്ന് മാവിൽ നിനക്കായ് കെട്ടിയ
ഊഞ്ഞാലിപ്പോഴും ആടികൊണ്ടിരിക്കുന്നുണ്ട്
കൊഴിഞ്ഞ് വീണചാമ്പയും
ഞാവലും പറയ്ക്കുവാൻ
വള്ളി നിക്കറിട്ട
നിന്റെ കൂട്ടുകാർ എന്നും ഇവിടെ വരുന്നുമുണ്ട്
തലവെട്ടിമാറ്റിയെങ്കിലും
ഒരിക്കൽ നിന്റെ കൂട്ടുകാരി അംബികക്ക്
വേണ്ടിമാത്രം പുഷ്പിച്ചിരുന്ന
നമ്മുടെ ചുവന്നചെമ്പകം
എപ്പോഴും മതിൽകെട്ടിനപ്പുറത്തെ അയാളുടെ പറമ്പിൽനിന്നും എന്നെനോക്കി ചിരിക്കാറുണ്ട്
അന്ന് നീയൊരുക്കിയ കുഞ്ഞു പൂക്കളങ്ങൾ
കുട്ടാ ,നമ്മുടെ മുറ്റത്ത്
ഇപ്പോഴുമുണ്ട്
അപ്പോഴൊക്കെ നീ സ്നേഹിച്ചൂട്ടിയ നിന്റെ
പ്രിയപ്പെട്ട കിളികളിപ്പോഴും ഈമുറ്റത്ത്  വന്നിരിക്കുന്നുണ്ട്
നിന്റെ കളിപ്പാട്ടങ്ങൾ
ഗോലിക്കായകൾ
കുട്ടിസൈക്കിൾ
നീപിടിച്ച കുഴിയാനകൾ
എല്ലാം ഉരുണ്ടും നടന്നും ഓടിയും മുറ്റം നിറഞ്ഞ്
നിൽക്കുന്നുണ്ട്
നിന്നെ തല്ലാനുള്ള ഈർക്കിൽതുമ്പുമായ്
ഒരു കുഞ്ഞിതെങ്ങ്
വളരാതെ ആകുഴിപ്പൊക്കത്തിൽ
നിന്ന് ചിരിക്കാറുണ്ട്
നിന്റെ സ്ലേറ്റിൽ ചേർന്നില്ലാതാവാൻ കൊതിച്ച് കള്ളിച്ചെടികൾ  ഇന്നുംവളർന്ന് മുറ്റത്ത്
നിൽക്കുന്നുണ്ട്
ഇപ്പോൾ നീയില്ലാതെ
മറ്റാരുമില്ലാതെ
നമ്മുടെ വീട്ടിലെ
അടച്ച്പൂട്ടിയ കുഞ്ഞുമുറിയിലാണ് അമ്മയെങ്കിലും
കിളിവാതിൽ തുറന്നാൽ
നിറയെ കാഴ്ചകളുണ്ട്
നീനിറഞ്ഞ്നിൽക്കുന്ന
 കാഴ്ചകൾക്ക്
നിന്റെ ഗന്ധവുമുണ്ട്
അതിനാൽ ഈ കാഴ്ചകളിൽ നിന്നകറ്റി
അമ്മയെ എങ്ങും കൊണ്ടാക്കാതിരിക്കുക
ഈ കാഴ്ചകൾ നിറയെ
അമ്മയുടെ ജീവശ്വാസങ്ങളുണ്ട്.
റെജില ഷെറിൻ
********************

ചോദ്യങ്ങളുടെ അവകാശികള്‍.
കാലങ്ങളായി,
മൂര്‍ച്ചചോര്‍ന്നുപോകാത്ത
ആയുധമുനപോലെ
(കുന്തമുനയെന്ന് പറയാത്തത്
മന:പ്പൂര്‍വ്വമാണ്.
കുന്തമല്ലാത്തവ
മുനപോയആയുധങ്ങളാണോയെന്ന
തിരിപ്പുണ്ടാക്കരുതല്ലോ.)
നില്ക്കുന്ന
ചോദ്യചിഹ്നമാണത്.
ആരാണ്
ചോദ്യങ്ങളുടെ അവകാശികള്‍.?!
പുസ്തകക്കെട്ടില്‍
അടയിരിക്കുന്ന
കുട്ടികളാണോ
കുട്ടിത്തം
എന്നൊന്നില്ലാതെ
പോയവരുമാണോ?
വാക്കില്‍
വൈര്യം നിറക്കുന്ന
വാചകത്തൊഴിലാളിയാണോ?!
വയറ്റുപ്പിഴപ്പിന്
വഴിയില്ലാതെ
ഉടുതുണിഅഴിച്ച്
തുടയ്ക്കടിച്ച്
പെരുപ്പിക്കാത്ത
പെണ്ണാശപോയ
പെണ്ണാണോ?!
മണ്ണില്‍ നിന്നടര്‍ത്തിമാറ്റപ്പെട്ട,
മണ്ണ് മാത്രം
തിന്നാന്‍  വിധിക്കപ്പെട്ട്
കാലുറപ്പിക്കേണ്ട
ആറടിമണ്ണ് തേടുന്ന
അപ്പൂപ്പന്‍ താടികളാണോ.
പറന്നുയരേണ്ട ആകാശം
ആരുടെ കീഴിലാണെന്നറിയാതെ
ചിറകുകള്‍ കാലിനൊപ്പം
പകുത്തെടുക്കപ്പെട്ട
പക്ഷികളോ?.
രമേശന്‍  പുന്നത്തിരിയന്‍
********************

🍀🍀🍀🍀🍀🍀🍀🍀🍀🍀
അവൾ മരിച്ചതിൽപ്പിന്നെ
ആ മരത്തിനു ചുവട്ടിലെ
ഉണക്കിലകൾ
എന്നെ ഭയപ്പെടുത്താൻ തുടങ്ങി
മലിന പുഷ്പങ്ങൾ
വേട്ടയാടുന്ന നശിച്ച
പാചകശാലയിൽ നിന്ന്
പുറത്താക്കപ്പെട്ട്
വിശന്ന് വിശന്ന്
ഒറ്റ വഴിയിലൂടെ
ഞാനോടിപ്പോയി
ഒരുതരത്തിലും
വേദനിക്കപ്പെടാതെ
നായാട്ടിനിറങ്ങിയ
കിഴവന്റെ
വിറക്കുന്ന വിരൽ മോഹങ്ങൾ
ഉന്നം തെറ്റിയ അന്ധതകളിൽ
വസന്തം
അധിനിവേശം നടത്തി
ആക്ഷേപിച്ചപ്പോൾ
പൊട്ടിയ
കുടിനീർക്കുഴലുകൾ
നിത്യതയിലേക്ക്
ജലശൃംഗമുയർത്തി
എന്നെ ആനന്ദിപ്പിച്ചു
കണ്ണാടിയിൽ കണ്ട
നിന്റെ കണ്ണുകൾ
ജന്മാന്തര
സൗരയൂധങ്ങൾക്കപ്പുറത്തേക്ക് നീളുന്ന
ദൂരദർശിനികൾ
 പ്രകാശവർഷങ്ങൾ താണ്ടിയെത്തുന്ന
സന്ദേശങ്ങൾക്കുവേണ്ടിമാത്രം
മഴയും വെയിലുമേറ്റ്
സഞ്ചരിക്കുകയായിരുന്നു
മരവിച്ചു പോയ തടാകങ്ങൾ
ഇനിയൊരു സന്ദേശവും
ഉൾച്ചേർക്കുകയില്ല
 ഇനിയൊരു ഹിമശൃംഗവും
നക്ഷത്രശോഭയിൽ
നിവർന്നുണരില്ല
രഹസ്യ ലിപികൾക്കുമേൽ
കാർമുകിൽ തേൻ കുടങ്ങൾ
ഉടഞ്ഞു വീഴുന്നേരമുണരാതിരിക്കുമോ
ഇരമ്പിയെത്തുന്നൊരാ
ഭാഷതൻ നീർക്കാറ്റിനൊത്തിരച്ചു പെയ്യാനല്ലാ
തെന്തിനാവുമെൻ പ്രിയേ ...
റെജി കവളങ്ങാട്
********************

പോസ്റ്റ്മോട്ടം
 ഭൂതകാലത്തെ
 അഴിച്ചുകളഞ്ഞ്
 പകലിന്റെ ഉച്ചിയിലേക്ക്
 ഞാൻ നിന്റെ
 വർത്തമാനകാലത്തെ
 പിടിച്ചുനിർത്തുന്നു
 ഒരിക്കൽകൂടി കാണുമെന്ന്
 ഉറപ്പിക്കുന്നു
 നിനക്കപ്പുറം
 കരുതലോടെ
 പച്ചകുത്തിയ
 കാക്കപ്പുള്ളി,
 പേടികൊണ്ട്
 അതിർത്തിവരച്ച
 കള്ളങ്ങൾ,
 പിണക്കത്തിന്റെ കിതപ്പ്,
 വേറിടാനാവാത്തൊരു
 വീര്‍പ്പുമുട്ടലിൽ
 നിറംവറ്റിയ രാത്രി,
 നീയാണന്നറിഞ്ഞ്
 വീശിയ കാറ്റ്
 നമ്മുക്കിടയിലേക്ക്
 സൂക്ഷിച്ചു നോക്കുന്നു
 അവകാശികളില്ലാത്ത
 ഓർമ്മകൾ
 നിന്റെ ചൂണ്ടുവിരൽ
 തൊട്ടുനോക്കുന്നു
 അസാധുവായ
 പ്രണയത്തിന്റെ
 വിയർപ്പ്
 തൊലിയാഴത്തിൽ
 പോസ്റ്റ്മോട്ടം ചെയ്യുന്നു
ഷനിൽ
********************

ഇത്തിക്കുട്ടിച്ചേട്ടന്റെ ഗൾഫുവാസം
തീ പോലൊള്ള വെയിലത്തേ
ഒരിരുമ്പു കമ്പീം പൊക്കിപ്പിടിച്ച്
ആകാശത്തിന്റ തുഞ്ചത്തിരുന്നപ്പഴാണേ
ഇത്തിക്കുട്ടിച്ചേട്ടനു നാടോർമ്മ വന്നേ !
തീച്ചൂട് മേലാകെ വാരിയിട്ടു
ഏഴു കടലു കടന്നു
മണൽക്കാട്ടീന്നു പച്ചപ്പിലേക്കെത്തിയതും
ഇത്തിക്കുട്ടിയൊന്നു ശ്വാസം വിട്ടു
മണ്ണു മണത്തു
പുറം തേക്കാത്ത വീടു കണ്ടു
പിള്ളേരെയൊക്കെ വിളിച്ചു
മുഠായിപ്പൊതീം
ഈന്തപ്പഴോം പുത്തനുടുപ്പും
സ്നേഹം പൊതിഞ്ഞങ്ങു നിലത്തു വെച്ചു
കെട്ട്യോളൊരുത്തിയെ ഇറുമ്പടക്കം പിടിച്ചു
അവൾക്കാണേലോ കണ്ണീരുണ്ടായി
കാണുമ്പോഴൊള്ള കണ്ണീര്
സന്തോഷക്കണ്ണീര്
ഇറങ്ങുമ്പോഴൊള്ള കണ്ണീര്
വിഷമിച്ചൊള്ള കണ്ണീര് !
മിണ്ടുമ്പോഴൊക്കെയും പൂങ്കണ്ണീര്
പിന്നേ ഇത്തിരി പരിഭവക്കണ്ണീര്
കണ്ണീരൊക്കെയും പുഴയായി
ഇത്തിക്കുട്ടി വിയർത്തു നനഞ്ഞു
ചണച്ചാക്കു നനച്ചു പൊതിഞ്ഞ വെള്ളം കുടിച്ചു
ഇരുമ്പേലു മുറുക്കെ തല്ലി......
ഇവിടോ മണലാകാശം
ചൂളേലെന്ന പോലെ ചൂട്
ബസിലൊക്കെ നിറയുന്ന വിയർപ്പു ചൂര്
അടുക്കളേല് അടുപ്പിനു പോര്
വിയർത്തതെല്ലാം നനക്കാൻ വരിനിൽപ്പ്
ഇരുനിലക്കട്ടിലിനു മുകളിലത്തെ വീട്
വെള്ളിയാഴ്ച്ചത്തെ മടി
വെള്ളിയാഴ്ച്ചത്തെ അധിക പണി !!
ഇത്തിക്കുട്ടിച്ചേട്ടനെന്നിട്ടും ചിരിയുണ്ടായി
അവളെക്കാണുമ്പോഴൊള്ള ചിരി
പൊകുമ്പോഴൊരു പുഴേ ഉള്ളിലിട്ടൊള്ള ചിരി
എടീയേ!!സുഖവാന്നേനൊള്ള കള്ളച്ചിരി
ഇത്തിക്കുട്ടിച്ചേട്ടൻ ..
പഴുത്തിരുമ്പിനെ ചുറ്റികക്കടിച്ചു
വെയിലു മൂത്തു
സൂര്യൻ ഇത്തിക്കുട്ടിച്ചേട്ടനേം
ഏഴാം കടലിനപ്പുറോം ഒരു പോലെ കണ്ടു
തീക്കട്ട പോലെ ചോന്ന്
മനസ്സലിവില്ലാത്തൊരു അറബാബായി
ഇരുമ്പു കമ്പീടെ നെറമൊള്ള
ഇത്തിക്കുട്ടിച്ചേനങ്ങനെ ....
മണലു വിരിച്ച നെലത്തു വീണു
ചൂടാദ്യം കൂട്ടു വന്നു
നിലത്തു പടർന്ന ചോരേം ഊറ്റി
പിന്നേ അങ്ങനെ തണുത്തു..!
തണുപ്പൊള്ള ബസീന്നു
തണുപ്പൊള്ള മുറീന്നു
തണുപ്പൊള്ള പെട്ടീൽ കിടന്നു....!
ഒടുക്കത്തെ പെട്ടി തുറക്കുമ്പഴേ
ആരോ പറഞ്ഞത്രേ...
അതിയാന്റ ചുണ്ടത്തിപ്പഴും
ഒരു ചിരിയൊണ്ടെന്നു.......!
ശലഭം നിരണക്കാരൻ
********************

കാലം പറയുന്നത്
വിയർക്കുന്നവനും വിശക്കുന്നവനും വേണ്ടി ജീവിച്ചവരേ,
എന്നെയൊന്ന് വായിച്ചാലും.
കണ്ണീരൊപ്പാൻ
കയ്യുയർത്തിയവരേ,
ജാതിക്കുമപ്പുറത്ത് മനുഷ്യരെ നെഞ്ചോട് ചേർത്തവരേ,
എന്നെയൊന്ന് കേട്ടിട്ട് പോവുക.
അവർണ്ണ സവർണ്ണത്വം ആട്ടിയകറ്റിയോർ,
സമത്വം മോഹിച്ചവർ
അവരുടെ തലമുറയിലെ കണ്ണിയാണ് ഞാൻ.
കണ്ണടച്ചിരുട്ടാക്കുന്നവരോട്
എനിക്കും ചിലത് പറയാനുണ്ട്.
ഭരണചക്രം തൊട്ട് ആഴ്ചവട്ടം തിരിയും മുമ്പേ
കുടിയിറക്കിനെതിരെ പാസായ നിയമം,
അശരണനായി ആദ്യനിയമം,
വിയർക്കുന്നവന് സ്വന്തം ഭൂമിയെന്ന സ്വപനത്തിന്റെ ചിറകുകൾ വിടർന്ന ഭൂപരിഷ്കരണാരംഭം.
അഭിമാനമുയർത്തിയ
വിദ്യാഭ്യാസ ബില്ല്,
നിരന്തരമായിമാനവികതയെ
ഉയർത്തുന്ന
ഭരണ പരിഷ്കാരങ്ങൾ.
വിടർത്തി പിടിച്ച കൈകളോടെ
വിയർക്കുന്നവരെ പുണരുകയായിരുന്നു.
വിശക്കുന്നവർക്ക് അന്നമായ്തീരുകയായിരുന്നു.
മിനിമം കൂലികൾ
ക്ഷേമ പെൻഷനുകൾ
ലക്ഷം വീടുകൾ
മിച്ചഭൂമി വിതരണം
പ്രസവാനുകൂല്യങ്ങൾ
തൊഴിൽ സ്ഥിരത .
അതിലുപരി
തൊഴിലാളിയുടെ നേരെ
ഉയർന്നു കൊണ്ടിരുന്ന
നിമപാലകന്റെ കൈകൾക്ക്
ഉരുക്കു പൂട്ട്.
ആത്മാഭിമാനത്തിലേക്ക്
മലയാളദേശം മറുദ്ദേശങ്ങളെ വിട്ട് പറന്നുയരുകയായിരുന്നു.
ലോകം വിസ്മയത്തോടെ
ചർച്ച ചെയ്ത പരിഷ്കാരങ്ങൾ
മുഷ്ടി ചുരുട്ടിയുയർന്ന
കൈകൾ കണ്ട് ഭയന്ന
ലോക രാഷ്ട്രങ്ങൾ
തകർക്കാൻ തക്കംപാത്ത മുതലാളിത്വചാരസംഘടനകൾ .
സുവർണ്ണലിപിയിൽ
കുറിക്കപെട്ട നാളുകൾ ,
സ്വർഗ വിൽപ്പനക്കാരും
ചാരകൈക്കൂലികാരും
കമ്പ്രാന്തൽ പ്രേമികളും
ചേർന്ന് വീഴ്ത്തിയ
മനുഷ്യസ്നേഹത്തിന്റെ
മധുര ഫലങ്ങൾ
നിറഞ്ഞ വൻമരം.
ഉണങ്ങിയില്ലത്
വിശക്കുന്നവന്റെ കണ്ണീർ
മണ്ണിൽ വീഴും കാലം വരെ
ഉണങ്ങുകയുമില്ലത്.
ഇല്ലാതെയാക്കുവാൻ
അലറിയടുക്കുമ്പോൾ
ഓർക്കുക,
നീയും ഞാനും ഉണ്ടുറങ്ങന്നത്
അവർക്ക് നഷ്ടപ്പെട്ട ജീവിതങ്ങളിൽ,
അവരുടെ മക്കളുടെ
വിതുമ്പിയമർന്ന നിലവിളികളിൽ,
ഭാരതഖണ്ഡത്തിനും മുകളിൽ ഉയർന്ന ശിരസ് അവർ ഉയർത്തി പിടിച്ചത്.
ഓർക്കണം
ഇല്ലാതാക്കാൻ ശ്രമിക്കുന്നത്
മനുഷ്യ സ്നേഹം ചാർത്തിയ
ആത്മാഭിമാനത്തെ.
പകരം ഉണർന്നെണീക്കുന്ന
വർഗീയതയിൽ നമുക്ക് ജീവിക്കാം
അരയിൽ മുണ്ട് കെട്ടി
കുനിഞ്ഞ് നിന്ന്
കൈ വായ് പൊത്തി
അടിമയായി
തീണ്ട പാടകലെ നിന്ന്
ആജ്ഞകൾ കേട്ട്
നമുക്ക് ജീവിക്കാം
ഉത്തരേന്ത്യയിലെന്ന പോലെ.
കടലിന്റെ മക്കൾ അടിമാനത്തോടെ ഏറ്റു വാങ്ങിയ വീടുകളിൽ
ഇരുന്നു വായിക്കണം
എന്റെ വരികൾ
അപ്പോൾ നിങ്ങൾക്ക് അനുഭവിക്കാനാവും
വീണു പോയിട്ടും ഉണങ്ങാതിരുന്ന ആദ്യത്തെ വൻമരത്തിലെ ഫലങ്ങൾ
ഇപ്പോഴും മധുരിക്കുന്നത്.
കൃഷ്ണൻ കൃഷ്ണൻ
********************

യാത്ര
ഒത്തിരി വഴികളുണ്ടായിരുന്നിട്ടു
മൊടുവിൽ ഞാൻ
യെത്തിയതീ ചെറ്റ
ക്കുടിലിനരികിൽ.
മുട്ടുവാനാവാതെ
മുറ്റത്തൊറ്റയ്ക്കുനിൽക്കേ
കാട്ടാളനെഞ്ചകമുച്ചത്തിൽ
പെരുമ്പറകൊട്ടുന്നു.
വെട്ടമുണ്ടായിരുന്നില്ലെൻ
ഹൃദ്ത്തട്ടിലെ വിളക്കിൽ
കെട്ടുപോയ്‌ കാലപ്രവാഹ
ക്കയങ്ങളിൽ.
അർത്ഥമില്ലാതെ ഞാനെത്ര
നാളലഞ്ഞാലുമൊടുവിൽ
ആർത്തനായെത്തുന്നു
ദുർഗ്ഗമമീകുടിലിൽ.
പട്ടിണി പറകൊട്ടിയലറുന്ന
കഷ്ടങ്ങൾക്കൊപ്പം
കെട്ടവിഷാദകെട്ടുകളിറക്കാതെ
ഞാൻ നിൽക്കേ,
കെട്ടുകൾ കൊണ്ടെന്നെ
കെട്ടിവരിഞ്ഞൊരമ്മതൻ
പൂട്ടാത്ത സാന്ത്വന
മുറിയ്ക്കരികിലെത്തുന്നു ഞാൻ.
ഒറ്റുകാരെത്തുമ്പോളെന്നെ
രക്ഷിച്ചുറക്കിയോൾ
ഒറ്റസ്വരം കൊണ്ടു
തെറ്റാതെ വളർത്തിയോൾ
കണ്ണുനീർതുടലുകൊണ്ടു
ജന്മപാശത്തിൽ കുടുക്കി
മണ്ണിന്റെ മടിയിലേക്കുതന്നെ
ക്ഷണിക്കുന്നു വീണ്ടും.
വെള്ളിമൺ ഡെമാസ്റ്റൻ
********************