03-08-19

ഇതാണ് ഞാൻ...
ആത്മായനം
ജസീന റഹീം

ഡിഗ്രി ഫൈനലിയറിന്റെ ആദ്യ നാളുകൾ.. ക്ലാസ്സിലെ കൂട്ടുകാരുമായി കൂടുതൽ അടുത്തു.. ചില അറുബോറൻ ക്ലാസുകളിൽ അറിയാതെ ഉറങ്ങിയ നാൻസിയ്ക്ക് സ്ലീപിംഗ് ബ്യൂട്ടിയെന്ന് ആൺകുട്ടികൾ പേരിട്ടു.. ഒരു പച്ചപ്പരിഷ്ക്കാരിയായ അവൾ മുടിയൊക്കെ ഷാംപൂ ചെയ്ത് ചുണ്ടിൽ ലിപ്സ്റ്റിക്കുമിട്ട് ഒരുങ്ങി വന്ന് ക്ലാസ്സിൽ കിടന്നുറങ്ങുകയും വെളുത്ത വസ്ത്രം ധരിച്ചവരെ കണ്ടാൽ ചാടിപ്പിരണ്ടെണീറ്റ് നോക്കിയിരിക്കുകയും ചെയ്തു.. ഞാൻ ബോറടി മാറ്റാൻ ബുക്ക് നിറയെ കുത്തിവരച്ച് ഉറക്കം കളഞ്ഞു.. ഒന്നാം വർഷം കോളേജിൽ പോകുന്നതേ മടിയായിരുന്ന ഞാൻ മൂന്നാംവർഷമായപ്പോൾ ക്ലാസ്സ് അവസാനിയ്ക്കല്ലേയെന്ന് പ്രാർഥിച്ചു..
അങ്ങനെ ദിവസങ്ങൾ പോകവെ..ഒരിക്കൽ ഒരിടവേള നേരം എവിടെയൊക്കെയോ കറങ്ങി നടന്ന ഞങ്ങൾ _ഞാനും നാൻസിയും സുജയും ഷാർലറ്റും ഭാരത രാജ്ഞി ചർച്ചിനരികിൽ.. വഴിയോരത്ത് അവനെ കണ്ടു മുട്ടി..വിശേഷങ്ങൾ പറഞ്ഞു നിൽക്കുന്നതിനിടയിൽ സുജ ഒട്ടുംപ്രതീക്ഷിക്കാതെ അവന്റെ മുഖത്ത് നോക്കി ഒറ്റപ്പറച്ചിൽ.. "ടാ.. ഇവൾക്ക് നിന്നെ ഭയങ്കര ഇഷ്ടമാ..."
പ്രചണ്ഡമായ ഒരഗ്നിഗോളമെനിക്ക് ചുറ്റും വലം വെക്കാൻ തുടങ്ങി..ഭൂമി പിളർന്നു താഴ്ന്നു പോയെങ്കിൽ എന്നാഗ്രഹിച്ചു.. അവിടെ നിന്ന് എങ്ങോട്ട് ഓടിപോകണമെന്നറിയാതെ ഞാൻ നിന്നുരുകവെ എല്ലാമറിയുന്നവന്റെ ചോദ്യം എന്നോടായി.. "നീയെന്താ .. എന്നോട് നേരത്തേ പറയാഞ്ഞത്..?
ഒരു വലിയ മൗനത്തിലെന്നെയൊളിപ്പിച്ച് ഞാൻ മുഖം താഴ്ത്തി.. പിന്നെ അവൻ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല..
നേരത്തേ .. എന്തു പറയാനായിരുന്നു ഞാൻ..? ക്യാമ്പസിന്റെ വലിയ ലോകം ഒരിക്കലുമെന്നെ ഭ്രമിപ്പിച്ചിരുന്നില്ല.. കോളേജ് വിട്ട് ചെന്നാൽ ട്യൂഷൻ പഠിക്കാൻ കാത്തിരിക്കുന്ന കുട്ടികളും,വീട്ടിലെ പ്രാരാബ്ധങ്ങൾക്കുമിടയിൽ എന്ത് പ്രണയമായിരുന്നു തുറന്ന് കാട്ടേണ്ടിയിരുന്നത്..?എങ്കിലുമവനെ കാണാത്ത ദിവസങ്ങളിൽ എന്നെ ബാധിച്ച  നിരാശ അത്ര ചെറുതായിരുന്നില്ല..
തുറന്ന് പറച്ചിലിന്റെ അങ്കലാപ്പൊഴിഞ്ഞ ദിവസത്തിനു ശേഷം മനസിലെ ഭാരമെല്ലാമൊഴിഞ്ഞ് .. ഒരു തൂവൽ പോലെ മനസാകെ പാറി നടന്നു.. കൂട്ടുകാരോടൊപ്പം കളിച്ച് ചിരിച്ച് നടക്കുമ്പോഴും എന്നെ ചൂഴ്ന്ന് നിന്ന വിഷാദം അവൻ കണ്ടെത്തി..
"നീയെന്തിനാണെപ്പോഴും വിഷമിച്ച് നടക്കുന്നത്..? എന്നവൻ ചോദിച്ചപ്പോഴും മൗനം മാത്രം മറുപടിയായി  കൊടുത്തു..
എന്നെ കാണുമ്പോൾ ഒരു പാട് സ്വാതന്ത്ര്യത്തോടെ അവൻ ഓടി അടുത്തെത്താൻ തുടങ്ങി.. എന്നാൽ ഒന്നോ രണ്ടോ ദിവസമേ ആ സന്തോഷം നീണ്ടു നിന്നുള്ളൂ..ഒരു ദിവസം കോളേജ് വിട്ട് വീട്ടിലെത്തിയ എന്നോട് തൊട്ടടുത്ത ദിവസം കൊട്ടാരക്കര നിന്നൊരു  ചെറുക്കൻ എന്നെ കാണാൻ വരുന്ന വിവരമാണ് ഉമ്മ പറഞ്ഞത്.. ഉമ്മായുടെ ബന്ധത്തിലുള്ളയാൾ..പിറ്റേന്ന് കോളേജിലെത്തിയ ഞാൻ ആധിപിടിച്ച് അവനെ ഒന്ന് കാണാനും വിവരം പറയാനുമായി നോക്കിയിരുന്നു.. നേരിൽ പറയാൻ ധൈര്യമില്ലാത്തതിനാൽ സങ്കടമത്രയും കടലാസിൽ പകർത്തി കൈയിൽ കൊടുത്തിട്ട് മടങ്ങി..
പിറ്റേന്ന് ട്യൂഷൻ ക്ലാസിൽ അവൻ വന്നില്ല.. സുനിയോട് തിരക്കിയപ്പോൾ തലേന്ന് വൈകിട്ട് അവർ ഒരു പാട് നേരം ഒന്നിച്ചായിരുന്നുവെന്ന് പറഞ്ഞു..ഒപ്പം സുനി പറഞ്ഞ വാക്കുകൾ എന്റെ നെഞ്ചു പിളർത്തുന്നതായിരുന്നു.. "ജസീ.. നിന്നെ അവന് ഒരു പാടിഷ്ടമാണ്.. അവൻ ഒത്തിരി സങ്കടത്തോടെയാ പോയത്.."ഉറച്ച മനസ്സോടെയാണ് അന്ന് ഞാൻ വീട്ടിൽ തിരിച്ചെത്തിയത്.. എന്നെ അത്ര ഇഷ്ടമാണെങ്കിൽ ഈ ചെക്കന് വേണ്ടി കാത്തിരിയ്ക്കാമെന്ന് ഞാൻ ഉറപ്പിച്ചു. പഠിത്തം കഴിയാതെ കല്യാണമേ വേണ്ട എന്ന് ശക്തമായി  നിന്നു.. ഭാഗ്യത്തിന് കാണാൻ വരുമെന്ന് പറഞ്ഞയാൾ വന്നില്ല..ജാസിന്റെ കല്യാണം കഴിഞ്ഞപ്പോൾ മുതൽ ഒട്ടും സുന്ദരിയല്ലാത്ത വല്ലാതെ മെലിഞ്ഞ എന്നെ തേടി ആലോചനകളും വരാൻ തുടങ്ങി.. അതോടെ എന്റെ സമാധാനം തകർന്നു..
രണ്ടാമത്തെ ആലോചന വീടിന്റെ അടുത്തു  നിന്നായിരുന്നു.. പൊക്കമുള്ള പെണ്ണിനെ കാണാൻ വന്ന ചെറുക്കൻ എന്റെ തോളൊപ്പമേ ഉണ്ടായിരുന്നുള്ളൂ.. അയാൾ പോയ ശേഷം കരച്ചിൽ,നിരാഹാരം,വാക്പയറ്റ് തുടങ്ങിയ സകല ആയുധവും ഞാൻ പുറത്തെടുത്തു..എന്നെ  കണ്ടു മടങ്ങിയ അയാേളോട് അയൽക്കാരാരോ എന്റെ താല്പര്യമില്ലായ്മ അറിയിച്ചതോടെ ആ പാവം ആലോചനയിൽ നിന്ന് പിന്മാറി..
എങ്കിലും കോളേജിൽ എന്റെ കൂട്ടുകാരൻ ചില യാഥാർത്ഥ്യങ്ങൾ എന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു..
"നിന്നെ വീട്ടുകാർ ഉടൻ കെട്ടിച്ച് വിടും.. എനിക്ക് വേണ്ടി കാത്തിരുന്നാൽ ഒരുപാട് വർഷങ്ങൾ നിനക്ക് നഷ്ടമാകും.."
നഷ്ടമാകുന്ന വർഷങ്ങളായിരുന്നില്ല .. അവന്റെ ഇഷ്ടമായിരുന്നു എന്റെ ജീവൻ..
എന്നാൽ പിന്നെയും വിധി ഞങ്ങൾക്കിടയിൽ പലതും കാത്തു വച്ചിരുന്നു..

കള്ളക്കർക്കിടകം...,
ജലീൽ കൽപ്പകഞ്ചേരി

കനവ് നിറച്ചെത്തും
കനൽ കോരിയിട്ടകലും
കള്ളക്കർക്കിടകമെന്നു
പേര് ചൊല്ലും,
വാനം നിറച്ചു
വാരി വിതറും
തുള്ളിക്കൊരു കുടമായ്
മണ്ണുനനക്കും,
ഈ മഴമേഘത്തുള്ളികൾ,
കണ്ണു നിറക്കും
വറുതിയിൽ,
കനവ് തകർക്കും
കെടുതിയിൽ,
പകലന്തി മഴയിൽ,
കുളിരു പെയ്യുമ്പോഴും
പരിതപിക്കും,
പണമുണ്ടെങ്കിലും
പട്ടിണി പകർച്ചവ്യാധികൾ,
ചോർന്നൊലിക്കും കൂരകൾ
ചോര നീരാക്കിപ്പണിതവർ,
അടുപ്പു പുകക്കാനിടമില്ലാതെ
അരവയറുണ്ണാൻ തരമില്ലാതെ
അകലേക്ക് നോക്കിയിരിക്കും,
പഞ്ഞമാസം വന്നെന്നറിഞ്ഞാൽ
നെടുനിശ്വാസങ്ങള്‍ നെഞ്ചിലുണരും,
നിസ്സഹായതയുടെ നീലിച്ചമുഖങ്ങളിൽ,
മൗനങ്ങൾ കള്ളക്കർക്കിടകക്കഥയെഴുതും...!.

റൺ ഓവർ
സുരേഷ് കുമാർ.ജി

വാക്കിലേയ്ക്കർത്ഥം
തിരഞ്ഞു പോയിട്ടൊരാൾ
മാറിക്കയറാൻ
മടിച്ച തീവണ്ടിയിൽ
ആരോ ,തല വെ-
ച്ചിരിക്കുന്നു ,രാത്രിയിൽ,
ചോരയിറ്റിപ്പൂ
കിഴക്കിൻ  റെയിലുകൾ ..!
ഭാഷ തന്നേതോ
വളവുകൾക്കപ്പുറം
ശാസ്ത്ര സിദ്ധാന്ത
ക്കുരുക്കുകൾക്കപ്പുറം
വ്യാകരണത്തിന്റെ
മൂർച്ചകൾക്കപ്പുറം
രാവിൻ വിജനമാം
പാതകൾക്കപ്പുറം
സാന്ദ്രമൗനങ്ങളാൽ
തീർത്ത പാളങ്ങളിൽ
ആരോ ചെവിയോർ -
ത്തിരുന്നതായീടുമോ ...?
പ്രാണനിലുന്മാദ
നൃത്തം ചവിട്ടിയും
പാനപാത്രം കയ്പു
നീരാലൊരുക്കിയും
താൾ തീർന്നു പോകും
സ്മരണികകൾ കൊണ്ടു
ഗൂഢമാമജ്ഞാത
ദേശങ്ങൾ താണ്ടിയും
പാഞ്ഞു പോകുന്നൊരീ
വണ്ടികൾ പിന്നെയും
ബാക്കിയാക്കീടുന്ന -
തേതൊക്കെ ഭൂമിക ....?
ഏതു ശാപത്തിനാ-
 ലാണുയിരർപ്പിച്ചു
കാത്തു നിൽക്കുന്നൊരാൾ
വാക്കിൻ തീവണ്ടികൾ ..?
ഏതാഭിചാരത്തിൻ
രാത്രിസത്രങ്ങളിൽ
ജ്ഞാനസ്നാനപ്പെട്ടു
പോകുകയാണയാൾ.....?
നേരം വെളുത്തടു-
ത്തെത്തി നോക്കുമ്പൊഴോ
രാത്രി തൻ ദീർഘ
നിശ്വാസങ്ങളെന്ന പോൽ
കാറ്റൊന്നു ചുറ്റി-
ത്തിരിയുന്നു ,പിന്നെയും
ചോരച്ചുവപ്പാർന്നു
പൂമരച്ചില്ലകൾ ............ !
(* തീവണ്ടി കേറിയുള്ള മരണത്തിനു പറയുന്ന പേര്.)

നിങ്ങളോർക്കുന്നുണ്ടോ....
പ്രീതി രാജേഷ്

കുറ്റിക്കാട്ടിൽ ചത്തു മലച്ച
കുഞ്ഞി പെണ്ണിനെ
നിങ്ങളോർക്കുന്നുണ്ടോ  ?
വിയർപ്പൊട്ടി, വിളറിപിടിച്ചു
കുപ്പിയിലുള്ളത് മുഴുവൻ
ചെരിച്ചു കുടിച്ച്
കനത്ത നിശബ്ദതയിലാണ് 
അവൾക്കുള്ളിലേക്ക്
അയാളന്നു , പടർന്നു കയറിയത്  
ഉലഞ്ഞ  പത്തി വിടർത്തി
ഇഴഞ്ഞു നീങ്ങി ചുറ്റിവരിഞ്ഞ
കറുത്ത വിഷപാമ്പ്
ഇഴഞ്ഞിഴഞ്ഞു
നക്കി തുടച്ചു  ചോരയും നീരും
വലിച്ചൂറ്റിയും
കടിച്ചും നോവിച്ച
ഇളം ഉടലിന്റെ
എല്ലു നുറുങ്ങിയും
തൊണ്ട വരണ്ടും
മനം പിരട്ടിയും
വയറു കാളിച്ചും
ഒലിച്ചിറങ്ങിയ കട്ടരക്തത്തിൽ
അലറി വിളികളൊക്കെയും
ശൂന്യതയിൽ അമർന്നു
അലിഞ്ഞലിഞ്ഞു
മരണം കൊണ്ടോയ 
കുഞ്ഞിപെണ്ണിനെ
നിങ്ങളോർക്കുന്നുണ്ടോ 
കാട്ടുചേനപ്പുറത്തിട്ടു
ഉരച്ചു കഴുകേണ്ട
അവന്റെ ഉടലിനെ
കല്ലെറിഞ്ഞും
കാർക്കിച്ചു തുപ്പിയും
അന്ന് ജയിലേക്കയച്ചതാ
ഞാനും നിങ്ങളും
എന്നിട്ടും മുഴുത്തു തടിച്ചവൻ
തിരിച്ചെത്തുമ്പോഴേക്കും
കുഞ്ഞിപ്പെണ്ണിനെ നിങ്ങൾ
പാടെ മറന്നു കഴിഞ്ഞിരുന്നു
കുറ്റിക്കാട്ടിൽ
രക്തം നാറുന്ന
കുട്ടി കുപ്പായത്തിലൊട്ടിയ
ചോര നക്കി കുടിക്കാൻ
പതുങ്ങിയിരിക്കുന്നു ചില  ചെന്നായ്ക്കളപ്പോഴും...

ഭാഗ്യം
ശ്രീലാ അനിൽ

പെൺകുട്ടി.....
ആരാലുമറിയപ്പെടാത്ത
ഒരു സ്ഥലനാമമായ്
ഒരു കണ്ണീർ മഴയായ്
അപമാനമായ്
നീ പരിണമിക്കുന്നതെപ്പോൾ?.....
അല്ലെങ്കിൽ തന്നെ
അതുമൊരു ഭാഗ്യം.......
ആയിരക്കണക്കിന്
പെൺശരീരങ്ങൾ
നിന്നെപ്പോലെ
വെറും ഇറച്ചിക്കഷണങ്ങളായ്
ചോര വാർന്ന്
പിടഞ്ഞു
ആരാലും അറിയപ്പെടാതെ
വലിച്ചെറിയപ്പെട്ടപ്പോൾ........
കുറച്ചു നാളുകൾ
വളരെ കുറച്ച്
നിമിഷങ്ങൾ
വാർത്തകളിൽ
കറുത്ത ബിന്ദുവായ്  നീ......
തെരുവുകൾ
ആയിരം
മെഴുതിരി നാളങ്ങളാൽ
നിരർഥകമശ്രുപൂജ,,,,.....
നിന്റെ തീഷ്ണനോവുകൾ....
പ്രാണസങ്കടങ്ങൾ....
പിടച്ചിലുകൾ......
ചിലർക്കാഘോഷങ്ങൾ
അമ്മയും
മകളും
സഹോദരിയും മുത്തശ്ശിയും
ഇവിടെ
ഇങ്ങനെ
അഭിമാന രക്ഷിതരായ്
ഇരിക്കുന്നതെന്തുകൊണ്ടാവാം?
വെറും
യാദൃശ്ചികം.....
അഥവാ
ഭാഗ്യം......
ഭാഗ്യങ്ങൾ നിനക്ക്
കവചമാകട്ടെ,,,,,

തഴമ്പ്........
അബ്ബാസ്.ഒ.എം.

തെങ്ങുകയറ്റക്കാരൻ കണാരേട്ടന്റെ രണ്ടു കാൽപാദങ്ങളിലും രണ്ടു കൈകളിലും കൂടാതെ തെങ്ങുമ്മവെക്കുന്ന എല്ലാ ഭാഗങ്ങളിലും കാണാം തടിച്ചു നിക്കുന്ന കുറെ തഴമ്പുകൾ..കാലങ്ങളായുള്ള അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനത്തിന്റെ അടയാളങ്ങൾ..
ഹാജിയാരുടെ പറമ്പിലിടുന്ന തേങ്ങ വലിച്ചു കൂട്ടാൻ സഹായിക്കാനായി പോയിരുന്ന ഞാൻ കണാരേട്ടനെ ചുറ്റിപറ്റി നിന്നിരുന്നത് ഇളനീർ കിട്ടാൻ വേണ്ടി മാത്രമല്ല അദ്ദേഹം കൊണ്ട് നടക്കുന്ന ഏതെങ്കിലും ഒരു തഴമ്പിലെങ്കിലും ഒന്ന് തൊടാനും കൂടി വേണ്ടിയായിരുന്നു.പക്ഷെ അതിനും  മാത്രം ധൈര്യം എനിക്കില്ലായിരുന്നു.
ഒരിക്കൽ  ഉയരമുള്ളൊരു തെങ്ങ് കണാരേട്ടനെ ചതിച്ചു. തെങ്ങാണോ അതോ  അദ്ദേഹത്തിന്റെ തളപ്പാണോ ചതിച്ചതെന്നെനിക്കറിയില്ല.തേങ്ങ പെറുക്കി കൂട്ടികൊണ്ട് നിന്ന ഞാൻ ഒരു ചക്ക വീണ ശബ്ദം കേട്ടാണ് അങ്ങോട്ടോടി ചെന്നത്.വീണത്‌ ചക്കയല്ല.കണാരേട്ടനായിരുന്നു.
ആരോ ഹാജിയാരുടെ വീട്ടിലേക്കോടി ..പറമ്പിൽ മറ്റു പണികളിൽ ഏർപ്പെട്ടിരുന്നവരെല്ലാം കൂടി കണാരേട്ടനെ എടുത്തു പറമ്പിന്റെ ഒഴിഞ്ഞ കോണിലുള്ള ആൾതാമസമില്ലാത്ത പുരയിടത്തിലേക്ക് കിടത്തി..
ആളുകൾ അഭിപ്രായ  പ്രകടനങ്ങൾ തുടങ്ങി...."കണാരേട്ടൻ ബീണിലെ ..ഇഞ്ഞ്പ്പം നമ്മളോട്ത്തൊക്കെ തെങ്ങ്മ്മേ ആര് കേറും? ഓനൊരു ചെക്കനുള്ളത് ബല്ല്യ  പടിത്തക്കാരൻ സുജായി അല്ലെ.ഓനെപ്പം അയ്നോക്കെ കിട്ടോ?
ആളൊന്നു കുത്തിരിക്കണ കോലായാൽ നമ്മക്ക് നല്ല നാടൻ വാറ്റു കിട്ടുംട്ടോ..
പാവം ഓന്റെ കെട്ട്യോൾ ..ഇപ്പളും നല്ല ചെർപ്പാ!! "
പണിക്കാർക്ക് കഞ്ഞി വെക്കുന്ന വലിയ ചെമ്പിന്റെ മൂടികൊണ്ട് കാണാരേട്ടന്  മെല്ലെ വീശി കൊടുക്കുന്ന ഞാൻ ആരും ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോൾ കുറച്ചു നേരത്തേക്ക് വീശൽനിറുത്തി.എല്ലാവരുടെയും ശ്രദ്ധ ഹാജിയാരുടെ ജീപ്പ് വരുന്നുണ്ടോ എന്നറിയാനായി റോഡിലെക്കാണ് ..
ഒറ്റമുണ്ടിൽ ബോധമില്ലാതെ കിടക്കുന്ന കണാരേട്ടന്റെ ഇടത്തെ പുറം കാലിലെ തഴമ്പിൽ ഞാൻ മെല്ലെയൊന്നു ഞെക്കി നോക്കി.അനങ്ങുന്നില്ല.കരിമ്പാറ പോലെ..ഒന്നൂടെ ഞെക്കി.എൽക്കുന്നില്ല..പിന്നെ ഞാൻ ഞെക്കിയില്ല.കണാരേട്ടനെങ്ങാനും ബോധം വന്നാലോ..
ചെമ്മണ്‍   പാതയിലൂടെ പൊടി പറത്തികൊണ്ട് ഹാജിയാരുടെ ജീപ്പ് വന്നു.നെറ്റിയിൽ വലിയ നിസ്കാര തഴമ്പുള്ള ഹാജിയാർ ആദ്യമിറങ്ങി,കുഞ്ഞു നാളിലെ ഹാജിയാരുടെ ജീപ്പ് ഓടിച്ചു തുടങ്ങിയ കാരണം ഉള്ളം കൈകളിൽ സാമാന്യം നല്ല കട്ടിയിൽ തഴമ്പുള്ള ഡ്രൈവർ സുഗുണൻ ചേട്ടനാണ് പിന്നെ ഇറങ്ങിയത്‌..
എല്ലാവരും കൂടെ കണാരേട്ടനെ എടുത്തു ജീപ്പിലേക്കു കിടത്തി.നെറുകയിൽ ഒരുപാട് വെട്ടുകൊണ്ടു തഴമ്പ് വന്ന വെളിച്ചപ്പാട് ഒരഭിപ്രായം പറഞ്ഞു 'തല ആ വശത്തേക്ക് വെക്കൂ'എന്നോ മറ്റോ.....
 കൈകോട്ടു  പിടിച്ചു തഴമ്പിച്ച കൈകളുള്ള അബ്ദുക്ക വെളിച്ചപ്പാടിനെ കളിയാക്കി..ഇന്റെ വെളിച്ചപ്പാടെ  ഓൻ മയ്യത്തായിട്ടില്ല. തല കെയക്കും പടിഞ്ഞാറും നോക്കി ബെക്കാൻ......അതുകേട്ടു വെറ്റില മുറുക്കി മുറുക്കി വായേൽ തഴമ്പ് വീണ ദേവുവേടത്തി മാത്രം ചിരിച്ചു..
എല്ലാവരും പോയി കഴിഞ്ഞപ്പോൾ പണിക്കാർക്ക് കഞ്ഞിവെക്കാനായി വരുന്ന ശാന്തേടത്തി ന്നോട് പറഞ്ഞു "ഡാ ചെക്കാ ആ ചെമ്പിന്റെ മൂടി ഇങ്ങോട്ട് കൊണ്ടന്നു വെക്ക് ..നിക്ക് നാളേം പണിക്കാർക്ക് കഞ്ഞി വെക്കാനുള്ളതാ.. "
നാട്ടുകാരുടെ മൊത്തം കണ്ണിലുണ്ണിയായ ശാന്തേടത്തിക്ക് എവിടെയൊക്കെയോ തഴമ്പായിട്ടുണ്ടെന്നു ആരൊക്കെയോ പറയാറുണ്ട്.എന്തായാലും എനിക്കതൊന്നും കാണാനുള്ള പ്രായായിട്ടില്ലല്ലോ..
നല്ലൊരു കൂലിപ്പണിക്കാരനായ എന്റെ ഉപ്പാന്റെ കയ്യിലും നല്ല ഉറപ്പുള്ള തഴമ്പ് ഉണ്ടായിരുന്നു.അതോണ്ട്  തന്നെ ഞങ്ങൾ വികൃതി കുട്ടികളെ ഉപ്പ കൈകൊണ്ടു തല്ലാറില്ല. പകരം പച്ച തെങ്ങോലയിൽ നിന്നും മൂന്നാലു ഈർക്കിളി ചീന്തി എടുത്തു ഒരുമിച്ചു പിടിച്ചു തല്ലും.ആ തല്ലു വാങ്ങി വാങ്ങി ചന്തിക്ക് തഴമ്പ് വരാനായപ്പോഴേക്കും ഞാൻ കൊണ്ടോട്ടിയിലേക്ക് പോയതോണ്ട് ചന്തിയിൽ മുളച്ചു വന്ന തഴമ്പിന്റെ കൂമ്പ് വാടിപ്പോയി.. 
ജീവിതത്തിൽ ഒരിക്കലും ചെരിപ്പ് ഉപയോഗിച്ചിട്ടില്ലാത്ത അപ്പുവേട്ടന്റെ കാലിനടിയിലെ തഴമ്പ് ഉറച്ചതും തേയ്മാനം സംഭവിക്കാത്തതുമായിരുന്നു  . അദ്ദേഹത്തിന്റെ കാലിൽ കുത്തുന്ന മുള്ളിന്റെയൊക്കെ മുന ഒടിഞ്ഞു പോകുമെന്നല്ലാതെ കാലിനു ഒന്നും പറ്റാറില്ലായിരുന്നു..
വിറകു വെട്ടാൻ വരുന്ന അണ്ണാച്ചിയുടെ കൈ രേഖയൊന്നും ഒരാൾക്കും കാണാൻ കഴിയില്ല.കാരണം അയാളുടെ  ഉള്ളം കയ്യിൽ ഒറ്റ രേഖയേ ഉണ്ടായിരുന്നുള്ളൂ..ദാരിദ്ര്യ രേഖ.അതിങ്ങനെ രണ്ടിഞ്ചു കനത്തിൽ ഉള്ളം കയ്യിലൊരു തഴമ്പായി   പരന്നു കിടക്കും ..
അങ്ങാടിയിൽ സർബത്ത് കച്ചോടം ചെയ്തിരുന്ന നാസർക്കാന്റെ വലത്തെ കയ്യിലെ മൂന്നു   വിരലുകളിലായിരുന്നു തഴമ്പ്..നാരങ്ങ പിഴിഞ്ഞുണ്ടായ തഴമ്പ്..അശോക്‌ ലൈലന്റ് ഓടിച്ചിരുന്ന ഉമ്മർക്കാന്റെ കയ്യിൽ എല്ലാ ഡ്രൈവർമാരെയുംപോലെ തന്നെ സ്റ്റിയറിങ്ങ് പിടിച്ച തഴമ്പുണ്ടായിരുന്നു.
"അച്ഛൻ ആനപ്പുറത്തിരുന്നു എന്ന് കരുതി മകന്റെ ചന്തിയിൽ തഴമ്പുണ്ടാകില്ലാ" എന്ന ചൊല്ല് ശരിയാണോന്നറിയാൻ ഞങ്ങൾ ഒരിക്കൽ ആനക്കാരൻ വാസുവേട്ടന്റെ മകന്റെ മുണ്ട് പൊക്കി നോക്കിയത് നാട്ടിൽ ചെറിയൊരു വർഗീയ ലഹളക്ക് വരെ വഴിമരുന്നിട്ടു..
കോളേജ് പഠന കാലത്ത് ഒഴിവു സമയങ്ങളിൽ അടുത്തുള്ള കൊപ്ര കളത്തിൽ തേങ്ങ പൊളിക്കാൻ പോയിരുന്നതിന്റെ ഫലമായി എന്റെ കൈ വെള്ളയിൽ മുളച്ചു വന്നിരുന്ന തഴമ്പ് എന്റെ അപകർഷതാബോധം കൊണ്ടായിരിക്കാം കൂട്ടുകാരിൽ നിന്നും ഒളിപ്പിക്കാൻ അന്നൊക്കെ കുറെ കഷ്ടപ്പെട്ടിരുന്നു.
'തഴമ്പ് ' ഒരു വിഷയമായി വന്നത് കഴിഞ്ഞ ആഴ്ച ഷമീർ ഭായിന്റെ വീട്ടിൽ കൂടിയപ്പോൾ ഷാനുവുമായി നടത്തിയ സംസാരത്തിൽ നിന്നുമാണ്.. പണ്ട് ഒമാനിൽ കഷ്ടപെട്ട കാര്യങ്ങൾ പറയുന്നതിനിടക്ക് അവൻ  തന്റെ കയ്യിലെ തഴമ്പ്  കാണിച്ചു തന്നിട്ട് പറഞ്ഞു ഒമാനിൽ ഗ്യാസ് കട്ടർ പിടിച്ചു ജോലി ചെയ്തതിന്റെ തഴമ്പാണിതെന്ന് .
ഞങ്ങൾ പറഞ്ഞു 'നുണ പറയല്ലെടാ ഇത് നീ ചോറ് കുഴച്ചുണ്ടാക്കിയ തഴമ്പാണെന്ന്.'
കഷ്ട്ടപ്പെട്ട ഒരു പണിയും എടുക്കേണ്ടി വന്നിട്ടില്ലാത്തതിനാൽ പ്രവാസിയായതിൽ പിന്നെ ഒരൊറ്റ തഴമ്പും എനിക്കുണ്ടായിട്ടില്ല  പക്ഷെ നീണ്ട പതിനാലു വർഷത്തെ പ്രവാസം കൊണ്ട് ഹൃദയ ഭിത്തികളിൽ നല്ല കനത്തിൽ തന്നെ വലിയൊരു തഴമ്പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയം ഉണ്ട്. ..
നാട്ടിൽ ആര് മരിച്ചാലും ആർക്കു കുഞ്ഞു ജനിച്ചാലും ആര് ആശുപത്രിയിലായാലും,ആര് തിരഞ്ഞെടുപ്പിൽ ജയിച്ചാലും ആര് തോറ്റാലും, ഓണം വന്നാലും,പെരുന്നാള് വന്നാലും  എന്തൊക്കെ സംഭവിച്ചാലും മനസ്സിനൊരു നിർവികാരത മാത്രം.. ഒന്നും അങ്ങോട്ട്‌ ഹൃദയത്തിലേക്കെത്തുന്നില്ല..
പ്രവാസം തന്നെയാണ് ഏറ്റവും വലിയ തഴമ്പെന്നു തോന്നുന്നു....കാലത്തിനു പോലും മായിച്ചു കളയാൻ കഴിയാത്ത തഴമ്പ്!!!

ഋതുഭേദങ്ങൾ
റബീഹ ഷബീർ

പൂക്കാൻ കൊതിച്ച വസന്തങ്ങളിറുത്ത്
ശിശിരമെന്നെന്തേ നീ പറഞ്ഞു.
നിശബ്‌ദമാം ശബ്ദവീചികൾ കൊണ്ടെന്റെ നെഞ്ചകം കൊത്തിപ്പിളർത്തതെന്തേ..
നോവിന്റെ മിന്നൽവേരിനാൽ പൊള്ളുന്നുവെന്റെയാകാശ സീമകൾ.
ഈ രാവിനുമക്കരെ ഞാനൊരു
ശരത്കാല മേഘശകലമാകുന്നു..
ഇനിയൊരു പകലിനുമപ്പുറം
ഹേമന്തരാജികൾ വിരിയുന്നു.
വരും കാലമെപ്പോഴോ കത്തുന്ന
ഗ്രീഷ്മമായ്, പൊഴിക്കാതെയോരോ
ദളങ്ങളും കാലമേ..
മൗനമായ് തേങ്ങുമെൻ പ്രണയമേ
പോകാതെ പോകാതെ.. പിരിയാതെ നീ.
ഞെട്ടറ്റുവീണയിലകളായ് മോഹങ്ങൾ
കരിയിലയെന്നു മൊഴിഞ്ഞതെന്തേ..
വേരറ്റുപോകുന്ന കാടുകൾ നാമീ വാക്കുകൾ കൊണ്ട് മുറിയുന്ന പൂവുകൾ..!

പൂവുകൾ പറയാൻ കൊതിക്കുന്നത്...
ദിവ്യ.സി.ആർ

വിടരും മുൻപേ വിതുമ്പുന്ന
ചുണ്ടുകളിലുതിരുന്നു,
ചുടുകണ്ണുനീരുപ്പു ചാലുകൾ...
പൊട്ടിച്ചിതറുന്ന ബന്ധങ്ങൾ
കാണുന്ന കുഞ്ഞു കൺപോളകൾ
തേടുന്നൂ സ്നേഹവായ്പ്പിനായി..
കേഴുന്നു; പിണക്കങ്ങൾ
മറന്ന് കൂടുമ്പോളിമ്പമാർന്ന
കുടുംബബന്ധങ്ങൾക്കായി..
തല്ലിക്കൊഴിച്ചു പിണങ്ങിപ്പിരിഞ്ഞൊര-
ച്ഛനുമമ്മയും ഒരിക്കലും
ചേരാത്ത രണ്ടു നേർരേഖയായ് ..
പേടിച്ചലറി കരയുന്ന
പൂവുകൾ പറയാൻ കൊതിക്കുന്നു..
"സ്നേഹത്താൽ  വിടരുന്ന നാളുകൾ അന്യമോ.....!!"