03-07-19

🎙🎙🎙🎙🎙🎙🎙🎙🎙🎙🎙🎙🎙🎙
മലയാളം സർവ്വകലാശാല
പ്രസിദ്ധീകരിച്ച
ഭാഷാഭേദപഠനം: മലപ്പുറം
എന്ന പുസ്തകത്തെ ആധാരമാക്കി തയ്യാറാക്കിയ കുറിപ്പുകളുടെ
പത്താം ഭാഗമാണ്
ഈ ലക്കം.
🕹🕹🕹🕹🕹🕹🕹🕹🕹🕹🕹🕹🕹🕹
💎💎💎💎💎💎💎💎💎💎💎💎💎💎
മലപ്പുറം ജില്ലയിലെ ഭാഷാ പ്രവണതകൾ
എന്ന ഭാഗത്തിലെ
വസ്ത്രം, ഇരട്ടമൊഴിത്തം
എന്നിവയോടൊപ്പം പഠനത്തിന്റെ ഭാഗമായി തയ്യാറാക്കിയ മലപ്പുറം മലയാള നിഘണ്ടു വിന്റെ
മൂന്നാം ഭാഗവും ഈ ലക്കത്തോടൊപ്പം ചേർത്തിട്ടുണ്ട്.
💎💎💎💎💎💎💎💎💎💎💎💎💎💎
മലപ്പുറം ജില്ലയിലെ ഭാഷാ പ്രവണതകൾ
(കഴിഞ്ഞ ലക്കങ്ങളിൽ അവതരിപ്പിച്ച ഭാഗങ്ങളുടെ തുട൪ച്ച)
വസ്ത്രം
പ്രാദേശികമായ വ്യതിരിക്തത വസ്ത്ര നാമങ്ങളിൽ കാണാനാവും. ഇസ്ലാം അനുശാസിക്കുന്ന വസ്ത്രധാരണനിയമങ്ങൾ പാലിക്കുമ്പോഴും പ്രാദേശികമായ വസ്ത്രധാരണ സംസ്കാരത്തെ നിലനിർത്തിപ്പോന്ന പ്രവണത കാണാനാവും. പരമ്പരാഗത വസ്ത്രങ്ങളുമായി ബന്ധപ്പെട്ട നാമങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. പുരുഷൻമാരുടെ വസ്ത്രധാരണം പൂർണമായും പ്രാദേശികമാണ്. 'മുണ്ട്'എന്നത് തോ൪ത്തുമുണ്ടും, ' തുണി' എന്നത് ഉടുമുണ്ടുമാണ്. സ്ത്രീകളുടെ വസ്ത്രങ്ങളുടെ പേരുകൾ വ്യത്യസ്തമാണ്. ഉദാഹരണത്തിന് വെള്ളക്കാച്ചി, തട്ടം, സൂപ്പ് (പച്ചത്തുണി, കറുപ്പ് കര), മൊക്കന, സുരിതുണി (കസവുള്ളത്) ,കുപ്പായം (പെങ്കുപ്പായം) എന്നിങ്ങനെയാണ് സ്ത്രീകളുടെ വസ്ത്രങ്ങൾ. ഗൾഫ് കുടിയേറ്റത്തിന്റെതായി രൂപം കൊണ്ട പുതിയ വസ്ത്രധാരണ രീതി സമകാലികമായേ കാണാനാവൂ.

മലപ്പുറം മലയാള നിഘണ്ടു (തുടരുന്നു)
ഏഞ്ഞ് പോകുക    - ഇഴഞ്ഞു പോകുക, സാവധാനം പോവുക
ഏണ്              -അരിക്
ഏന്തിനോക്ക്അ   - എത്തി നോക്കുക
ഏപ്പ്                   - ഏച്ചുകൂട്ടിയ ഭാഗം
ഏപ്പുകൂട്ടുക      - രണ്ടു കഷ്ണം യോജിപ്പിക്കുക
ഏമ്പളം വിടുക   - ഏമ്പക്കം വിടുക
ഏയ്            - ഏഴ് 7⃣
ഏര്/ഏരി      - ഉഴുവാനുള്ള ഒരു ജോടി കാളകൾ, ഒരേരിയുടെ പൂട്ട്, രണ്ടേരിയുടെ പൂട്ട് എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ.
ഏൽപ്പന        - ഏൽപ്പിച്ച ചുമതല
ഏല്            - സൌകര്യം, ഏർപ്പാട്
ഏലാക്കി      - ദല്ലാൾ
ഏലും മാലും ആക്കുക  - ഏ൪പ്പാടാക്കുക, സൌകര്യപ്പെടുത്തുക
ഏലം കെട്ടൽ      - തെങ്ങോല ഒരു പ്രത്യേക രീതിയിൽ തെങ്ങിൽ കെട്ടി വെള്ളം ശേഖരിക്കൽ
ഏളമ്പം         - അന്ത: സാരശൂന്യമായ സംസാരമോ പ്രവൃത്തിയോ
ഏ൪ളാടൻ/ഏ൪ളാടി-   പ്രാപ്പിടിയൻ
ഏറ്റം        - ഏറ്റവും, അധികം
ഏറ്റ്ക      - ചുമക്കുക
ഏർപ്പാട്    - കച്ചവടം, ജോലി
ഏ൪ത്ത് വലിച്ച് അ - പ്രയാസപ്പെട്ട് വഹിച്ചു കൊണ്ടുപോവുക
ഐക്കല്ല്   - മന്ത്രിച്ച് ഊതിയ തകിട് കയ്യിലോ കഴുത്തിലോ കെട്ടുന്നത്, ഏലസ്സ്.
ഐക്കാരം  - ആവുമായിരിക്കാം
ഐലെ         - അതിലെ/ അതിലൂടെ/ഇതു വഴി
ഐലേക്ക്       - അതിലേക്ക്
ഐലൂടെ         - അതിലൂടെ
ഒക്കാണി        - ഇടുപ്പെല്ല്
ഒഖ്ത്ത്            - സമയം
ഒച്ചപ്പാടുണ്ടാക്കുക - ഒച്ചയുണ്ടാക്കുക
ഒജീനം             - ഭക്ഷണം
ഒടനീളം            - ഉടനീളം
ഒടപ്പിറപ്പ്           - സഹോദരൻ/സഹോദരി
ഒടിച്ച്അ            - ഒടിക്കുക
ഒടു                    - അവസാനം
ഒടൂല്ള്ളത്        -അവസാനത്തേത്
ഒണക്ക               - ഉണങ്ങിയ
ഒതുക               - ഉപകാരപ്പെടുക (ഉതകുക എന്നതിന്റെ ലോപിച്ച രൂപമാകാം)
ഒത്താച്ചി         - വയറ്റാട്ടി
ഒത്തും           - ഒന്നും
ഒത്തുംല്യ       - ഒന്നും ല്ല്യ
ഒക്കെയും എളുക (എളകുക) - ദേഷ്യം പിടിച്ചു നേരെ വരുക, കലിതുള്ളുക
ഒന്നരാടൻ     - ഒന്നിടവിട്ട ദിവസങ്ങളിൽ
ഒന്നരംപടിയാക്കുക  - വൃത്തികേടാക്കുക, കേടുവരുത്തുക, താറുമാറാക്കുക, നശിപ്പിക്കുക
ഒപ്പന            - വിവാഹാവസരങ്ങളിൽ സ്ത്രീകൾ വട്ടത്തിൽ ചുവടുവെച്ച് കൈകൊട്ടി പാടുന്ന ഒരു കലാരൂപം
ഒപ്പരം          - ഒപ്പം
ഒപ്പരം പോവ്ആ    - കൂടെ പോകുക
ഒപ്പിക്യാ     . ...... - അനുകരിക്കുക
ഒബാന്റെ ദീനം      -.കോളറ
ഒയിക്കുക         - ഒഴിവാക്കുക
ഒയിച്ച്              - ഒഴികെ
ഒയുക്അ      - ഒഴുകുക
ഒരമുള്ള         - പരുക്കനായ
ഒരസ്അ       - ഉരസുക
ഒരല്           .. -ഉരൽ
ഒരസിപ്പലക   - തേപ്പുപലക
ഒരിമ്പിരി/ഇമ്പിരി  - ഇത്തിരി
ഒരു പയ           - നാലുപുറമുള്ള ഒറ്റക്കടലാസ്
ഒരുക്കൂട്ട്അ       - ശേഖരിക്കുക
ഒരുത്തുടീല്       - ഒരിടത്ത്
ഒരുമ്പെട്ടോള്     - തന്റേടി
ഒരുന്തി     ....        - ഇത്തിരി (നെല്ലിക്കാവലിപ്പത്തിൽ) വാളൻപുളി
ഒരെസ്തനും കൊള്ളാത്ത - പ്രയോജനമില്ലാത്ത
ഒരം                     - മൂ൪ച്ച
ഒരംപോക്ക്ആ   - മിനുസപ്പെടുത്തുക
ഒൽക്ക               - ഉലയ്ക്ക
ഒലിവ്              - ഒഴുക്ക്
ഒല്ലി               - ജാറം മൂടാനുള്ള തുണി
ഒല്മ്പുക         - വസ്ത്രം കഴുകുക, അപമാനിക്കുക
ഒസാത്തി     - മുസ്ലിം ക്ഷുരക കുടുംബത്തിലെ സ്ത്രീ
ഒസാൻ            - മുസ്ലിം ക്ഷുരകൻ
ഒസ്തും           - ഒന്നും
ഒസ്തുംല്ല്യ      - ഒരു വസ്തുവും ഇല്ല (ശൂന്യമായി)
ഒസ്യത്ത്           -ശുപാർശ/മരണപത്രം/വിൽപത്രം
ഒളിച്ചോളി     .. - ഒളിച്ചു കളി
ഒളു          .      - അംഗശുദ്ധി
ഒളുയത്ത്     -  ബലിക൪മം
ഒറ                 - ഉറ
ഒറപ്പ് വരുക   - ധൈര്യം വരുക
ഒറു, ഒറുക്     - ഉറവ
ഒറ്റക്കൂ൪ക്കൻ  - ഒറ്റയാൻ (കൂട്ടു കൂടാതെ ഒറ്റയ്ക്കിരിക്കുന്നവൻ)
ഒറ്റ്കാരൻ/കൊളത്തി  - ചാരൻ
ഒഴിയെ  ....            - ഒഴികെ
ഓക്ക്               - അവൾക്ക്
ഓഗാലം/ഓവ്പാലം - കലുങ്ക്
ഓടാമ്പില           - സാക്ഷ
ഓടിച്ച്അ           - ഓടിക്കുക
ഓടെ                   - അവിടെ
ഓട്ട ആക്ക്ആ   - തുളക്കുക
ഓട്ടട                   - കുത്തപ്പം (ജില്ലയിലെ മാപ്പിള ഭക്ഷണ വിഭവങ്ങളിൽ ഒന്ന്)
ഓട്ടോ൪ഷ    ...... - ഓട്ടോറിക്ഷ
ഓതുക            - പറയുക, ചൊല്ലുക
ഓത്തി             - ഓട, അഴുക്ക്ചാൽ
ഓത്ത്               - ഖു൪-ആൻ പാരായണം
ഓന്/ഓൻക്ക്    - അവന്
ഓമക്കായ         - പപ്പായ
ഓരി              - ഓഹരി/ഭാഗം
ഓരിക്ക്     - അവ൪ക്ക്
ഓരിവെക്കുക - പങ്ക് വെക്കുക
ഓര്            . - അവര്
ഓരെ/ഓലെ         - അവരുടെ
ഓൽക്ക്       - അവ൪ക്ക്
ഓലക്കണ്ണി   - ഓലക്കൊടി
ഓലക്കിളി     - ഓലഞ്ഞാലി
ഓശ    .....      - ഒച്ച
ഓശ കേട്ട് വെടിവെക്കുക  - കേട്ടുകേൾവിക്കനുസരിച്ച് പ്രവ൪ത്തിക്കുക
ഓശാരം      - സൌജന്യം
ഓൾക്ക്         - അവൾക്ക്
ഓളി             - കേട്ടുകേൾവി
ഓളെ            - അവളുടെ
ഓ൪ക്കാപ്പുളി  - ഇരുമ്പൻ പുളി
ഓന്റെ              - അവന്റെ
ഓ൪മകെടുക   - ബോധം കെടുക
ഔങ്ങൽ           - ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറൽ, ഏൽപ്പിച്ച ജോലി ചെയ്യാതിരിക്കൽ
ഔത്തർച്ചി  ....  - കരൾ
ഔധി                 - അവധി
ഔലിയാക്കൾ   - പുണ്യാളന്മാർ
ഔശേനി           - ഔചിത്യം
ഔസ്മാരം        - അപസ്മാരം

ഇരട്ടിമൊഴിത്തം
    വീട്ടിലും സുഹൃത്തുക്കൾക്കിടയിലും മറ്റു അനൌപചാരിക സന്ദർഭങ്ങളിലുമൊക്കെ ഉപയോഗിക്കുന്നത് വാമൊഴി മലയാളമാണ്. മലപ്പുറത്ത് പ്രാദേശികമായ സംഭാഷണ വേളകളിൽ കൂടുതൽ ശക്തമായി കാണാനാവുന്നത് പ്രാദേശികഭാഷാഭേദമാണ്. മാപ്പിള സമുദായം മറ്റുള്ളവരോട് സംസാരിക്കുമ്പോൾ പ്രാദേശിക ഭേദമാണ് കൂടുതലും ഉപയോഗിക്കുന്നത്. അല്ലാതുള്ള സന്ദർഭങ്ങളിൽ മുഖ്യ ഭാഷാഭേദം തെരഞ്ഞെടുക്കുന്നു. ഇത്തരത്തിൽ പരിശോധിച്ചാൽ മലപ്പുറം ജില്ലയിലെ ഇരട്ടമൊഴിത്തം വ്യക്തമായി കാണാനാവും. മൃതശരീരത്തെ 'മയ്യത്ത്' എന്നു മാപ്പിളമാർ പറയുമ്പോൾ മറ്റുള്ളവരുടെ മൃതശരീരത്തെ സൂചിപ്പിക്കാൻ അവ൪ 'ശവം' എന്ന പദം ഉപയോഗിക്കുന്നു. ഇത്തരത്തിൽ അനൌപചാരികവും ഔപചാരികവുമായ ഭാഷാസന്ദർഭങ്ങൾക്കനുസരിച്ച് ഭാഷ ഉപയോഗത്തിൽ വ്യത്യസ്തത കാണാം. പഴയ തലമുറയിൽ സമുദായത്തിനകത്തും, സമുദായത്തിന് പുറത്തും എന്ന വേർതിരിവേ ഉണ്ടായിരുന്നുള്ളൂ. അത് പലപ്പോഴും മാപ്പിള ഭാഷാഭേദവും പ്രാദേശിക ഭാഷാഭേദവും എന്ന തരത്തിലായിരുന്നു. പുതിയ തലമുറയിൽ ഇത് പ്രാദേശികഭേദവും മാനകരൂപവും എന്ന രീതിയിൽ മാറുന്നു. മലയാളത്തിന്റെ പൊതു സ്വഭാവമായ ഇരട്ടമൊഴിത്തത്തിന്റെ ഘടന തദ്ദേശീയമായി മലപ്പുറത്തും കാണാനാവും. കോഡ്മാറ്റവും കോഡ്മിശ്രണവും സംഭവിക്കുന്ന ഒട്ടേറെ സന്ദർഭങ്ങൾ മലപ്പുറം മലയാളത്തിന്റെ വിനിമയ വൈവിധ്യം വെളിപ്പെടുത്തുന്നു.

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം
എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്.
പുസ്തകം തയ്യാറാക്കിയ
ഗവേഷകരോടുള്ള
 കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏